കെ.എ.എസ് കേവലം ജോലിയല്ല, സമൂഹത്തിനു ഉതകുന്ന രീതിയില്‍ ജീവിക്കാനും പ്രവര്‍ത്തിക്കാനും മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാതൃകയാവാനും ലഭിക്കുന്ന അവസരമാണ്.
സംസ്ഥാന ഭരണ സര്‍വീസില്‍ ഉന്നതപദവി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ അല്‍പമൊന്ന് പരിശ്രമിച്ചാല്‍ എത്തിപ്പിടിക്കാനാവുന്ന മത്സര പരീക്ഷയാണ് കെ.എ.എസ്. അഥവാ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്. ലഭിച്ചാല്‍ ഐ.എ.എസ് എന്ന ഉന്നതപദവിയില്‍ എത്താന്‍ എട്ടു വര്‍ഷത്തെ സേവനം കൂടി മതിയാകും. എത്രയോ കാലമായി കേരളത്തിലെ ഉദ്യോഗാര്‍ഥികളുടെയും വിദ്യാസമ്പന്നരുടെയും മുറവിളിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. ഒന്നാമത്തെ ബാച്ച് നിലവില്‍ വന്നു കഴിഞ്ഞു. മൂന്നു കാറ്റഗറികളില്‍നിന്ന് 100 പേരെയാണ് ഒന്നാമത്തെ ഘട്ടത്തില്‍ തെരഞ്ഞെടുക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയുടെ മാതൃകയില്‍ തന്നെയാണ് കെ.എ.എസ് പരീക്ഷ നടത്തുന്നതും. പ്രാഥമിക, മുഖ്യ പരീക്ഷ, അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ കടന്നുപോകേണ്ടത്.
പ്രാഥമിക പരീക്ഷ
ഒന്നാം ഘട്ടം പ്രാഥമിക പരീക്ഷയാണ്. നൂറ് മാര്‍ക്ക് വീതമുള്ള ഒബ്ജക്റ്റീവ് രീതിയിലുള്ള രണ്ട് പേപ്പറുകളാണ് പ്രാഥമിക പരീക്ഷക്കുള്ളത്. ഓരോ പേപ്പറിനും പ്രത്യേക യോഗ്യതാ മാര്‍ക്ക് ഇല്ല. സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രണ്ടു പേപ്പറുകളും ഒന്നിച്ചു വെച്ചാണ് കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കുന്നത്.
മുഖ്യ പരീക്ഷ
പ്രാഥമിക പരീക്ഷ കടന്നുകയറിയാല്‍ രണ്ടാമത്തെ ഘട്ടം മുഖ്യ പരീക്ഷയാണ്. പ്രാഥമിക പരീക്ഷ ഒബ്ജക്റ്റീവ് ടൈപ്പ് ആണെങ്കില്‍ മുഖ്യപരീക്ഷ വിവരണാത്മക മാണ്. 300 മാര്‍ക്കിനുള്ള ചോദ്യങ്ങളില്‍ നൂറുമാര്‍ക്ക് വീതമുള്ള മൂന്നു പേപ്പറുകളാണ് ഉണ്ടാവുക. ഒരു ചോദ്യത്തെ നിങ്ങള്‍ എങ്ങനെയാണ് സമീപിക്കുന്നത് എന്ന് അപഗ്രഥിക്കാന്‍ കൂടിയാണ് ഈ പരീക്ഷ എന്ന് ഉത്തരം എഴുതുമ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്. കൃത്യമായ തുടക്കം, ഉള്ളടക്കം, കണക്കുകള്‍, ഉദാഹരണങ്ങള്‍, വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊളളിക്കുന്ന സമഗ്രവും സമ്പൂര്‍ണവുമായ രീതിയില്‍ ഉള്ളടക്കം ഉണ്ടാവണം. നിങ്ങളുടേതായ ഒരു സമാപ്തി ഖണ്ഡികയും എല്ലാ ഉത്തരത്തോടൊപ്പവും ഉണ്ടാവണം. എന്തെഴുതുന്നു എന്നതിനപ്പുറം എങ്ങനെ എഴുതുന്നു, ഒരു വിഷയത്തിലുള്ള നിങ്ങളുടെ അറിവ്, കഴിവ്, മനോഭാവം എന്നിവ എത്രത്തോളമുണ്ട് എന്നത് പരിശോധിക്കുക കൂടിയാണ് ഇത്തരം പരീക്ഷകള്‍ എന്ന ധാരണ വേണം.
അഭിമുഖം
എഴുത്തു പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് അഭിമുഖത്തിന് ഹാജരാകാം. അന്‍പതു മാര്‍ക്കിന്റെ അഭിമുഖ പരീക്ഷയാണ്. മൊത്തം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിനുശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവിലേക്കായിരിക്കും നിയമനം.
പരിശീലനം
നിയമനം ലഭിച്ചു കഴിഞ്ഞാല്‍ 18 മാസത്തെ പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ക്ക് ഉന്നത ഭരണച്ചുമതല ഏറ്റെടുക്കാനുള്ള നല്ല അവസരമാണ് കെ.എ.എസ് വഴി കൈവന്നിരിക്കുന്നത്. 2021-ലെ നിയമന റാങ്ക് ലിസ്റ്റ് പരിശോധിച്ചാല്‍ എത്ര പെണ്‍കുട്ടികളാണ് കെ.എ.എസ് നേടിയത് എന്ന് മനസ്സിലാക്കാം.
ഒരുക്കങ്ങള്‍
കേവലം പരീക്ഷ എന്ന രീതിയില്‍ മത്സരപ്പരീക്ഷകളെ കാണരുത്. കൃത്യമായ ആസൂത്രണം, തയ്യാറെടുപ്പ്, കഠിനാധ്വാനം, പ്രയത്നം എന്നിവ ആവശ്യമാണ്. ഒരു വര്‍ഷം മുമ്പെങ്കിലും ചുരുങ്ങിയത് മുന്നില്‍ കാണണം. അടുത്ത വിജ്ഞാപനം 2022-ല്‍ ആയിരിക്കും. ഉയര്‍ന്ന നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതുകൊണ്ടുതന്നെ പരന്ന വായന ആവശ്യമാണ്. പൊതുവിജ്ഞാന ഗൈഡുകള്‍ മാത്രം ഇതിന് മതിയാവില്ല. കൃത്യമായ പത്രവായനയോടൊപ്പം ആനുകാലികങ്ങളും സാമൂഹ്യ ബോധവല്‍ക്കരണം നല്‍കുന്ന പുസ്തകങ്ങളും വായിക്കാന്‍ തെരഞ്ഞെടുക്കാം. പൊതുവിജ്ഞാനം ഒറ്റയടിക്കുണ്ടാക്കാവുന്നതല്ല. രാഷ്ട്രീയം, സംസ്‌കാരം, ചരിത്രം, ഭൂമിശാസ്ത്രം, പരിസ്ഥിതി, സയന്‍സ്, ഭാഷ, നിയമം തുടങ്ങിയ മേഖലകളിലൊക്കെ പൊതുവായ ധാരണ ഉണ്ടാക്കിയെടുക്കണം. വിദ്യാഭ്യാസ മനശാസ്ത്രം, സാങ്കേതിക മേഖല എന്നിവയും അതിലുള്ള മാറ്റങ്ങളും അറിഞ്ഞിരിക്കണം. മുഖ്യധാരാ മാധ്യമങ്ങളുടെ ഇയര്‍ ബുക്കുകള്‍, എഡിറ്റോറിയലുകള്‍, സംക്ഷിപ്തമാക്കിയ പുസ്തകങ്ങള്‍ എന്നിവ വായിക്കാന്‍ നേരത്തെ തുടങ്ങണം. പൊതുവിജ്ഞാനത്തില്‍ ഉറച്ച അടിത്തറ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക. ആനുകാലിക സംഭവങ്ങളില്‍ നല്ല ധാരണ വേണം. അടിസ്ഥാന ഗണിതം, ലോജിക് അടിസ്ഥാന ബോധനം എന്നിവയും മനസ്സിരുത്തി പഠിക്കുക. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും മൗലിക അവകാശങ്ങളെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടാക്കുക. പ്രാഥമിക പരീക്ഷ നല്ല രീതിയില്‍ പാസാവാന്‍ ഇത്തരം തയാറെടുപ്പുകള്‍ സഹായിക്കും. മുഖ്യപരീക്ഷ വിവരണാത്മകമായ രീതിയിലാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ പരന്ന വായന വേണം. കൃത്യമായി നോട്ടുകള്‍ തയ്യാറാക്കണം. വായനക്ക് ഓരോ ദിവസവും അഞ്ച് മണിക്കൂറെങ്കിലും ചുരുങ്ങിയത് ഒരു വര്‍ഷം വിനിയോഗിക്കണം. അഭിമുഖ പരീക്ഷയില്‍ അറിവിനേക്കാള്‍ ആവിഷ്‌കാരമാണ് പ്രധാനം. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായും വ്യക്തമായും, മനസ്സാന്നിധ്യത്തോടെ ഉത്തരം പറയാന്‍ കഴിയണം. മോക്ക് ഇന്റര്‍വ്യൂകളില്‍ പങ്കെടുത്ത് പരിശീലനം നേടാം. ഭാഷയുടെ പ്രയോഗം, ലളിതവും സരസവുമായ അവതരണം എന്നിവ അഭിമുഖത്തിന് ഉന്നത സ്‌കോര്‍ ലഭിക്കാന്‍ സഹായിക്കും. അഭിമുഖത്തിന് ക്ഷണിച്ചു കഴിഞ്ഞാല്‍ കൃത്യമായ ധാരണയോടെ, ഉറച്ച മനസ്സോടെ, ആത്മവിശ്വാസത്തോടെ അഭിമുഖത്തിന് പങ്കെടുക്കണം. നിങ്ങളെ കുറിച്ച് ഒരു ചെറു വിവരണം നല്‍കേി വന്നേക്കും. ഒരു പ്രശ്നം ഉന്നയിച്ചു കഴിഞ്ഞാല്‍ അതിന് നിങ്ങള്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗങ്ങള്‍ അവലംബിച്ചുള്ള ഉത്തരങ്ങളാണ് നല്‍കേണ്ടത്. മാന്യമായ വസ്ത്രധാരണം, ചലനം, പെരുമാറ്റം, ആംഗ്യ വിക്ഷേപങ്ങള്‍ എന്നിവ പരിശീലിക്കാവുന്നതാണ്. ഭരണരംഗം മെച്ചപ്പെടുത്താനുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ അല്ലെങ്കില്‍ പരിസ്ഥിതി വികസനം എന്നിവയില്‍ നിങ്ങളുടെ ചിന്താഗതികള്‍, അതുപോലുള്ള പൊതു വിഷയത്തില്‍ നിങ്ങളുടെ സമീപനങ്ങള്‍ കൃത്യമായി അവതരിപ്പിച്ചാല്‍ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത ഉണ്ടാകും.
അവസരങ്ങള്‍
ഗസറ്റഡ് തസ്തികയില്‍ നേരിട്ടുള്ള നിയമനം ലഭിക്കാന്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നു. സെക്രട്ടറിയേറ്റ്, ഫിനാന്‍സ്, വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ വകുപ്പുകളില്‍ രണ്ടാം ഗസറ്റഡ് തസ്തിക മുതല്‍ ഡെപ്യൂട്ടി കലക്ടര്‍ വരെ നേരിട്ട് നിയമനം ലഭിക്കും. മാത്രമല്ല സിവില്‍ സര്‍വീസിലേക്ക് ഉള്ള കയറ്റവും അതുപോലെയുള്ള ഒട്ടേറെ അവസരങ്ങളും വിജയികള്‍ക്ക് ഉണ്ടാകും.
യോഗ്യത
ബിരുദമാണ് അടിസ്ഥാന യോഗ്യത. നേരിട്ടുള്ള നിയമനത്തിന് 32 വയസ്സും തസ്തിക മാറ്റത്തിന് നാല്‍പ്പതു വയസ്സും സര്‍ക്കാര്‍ സര്‍വീസിലുള്ള തസ്തികയില്‍ 50 വയസ്സാണ് പ്രായപരിധി.
കെ.എ.എസ് കേവലം ജോലിയല്ല, സമൂഹത്തിനു ഉതകുന്ന രീതിയില്‍ ജീവിക്കാനും പ്രവര്‍ത്തിക്കാനും മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാതൃകയാവാനും ലഭിക്കുന്ന അവസരമാണ്. പൊതു ഭരണസംവിധാനം മെച്ചപ്പെടുത്താനും സ്ത്രീ ശാക്തീകരണത്തിന് ഉണര്‍വ് പകരാ
നും സേവന വിതരണ മേഖല സുതാര്യവും അഴിമതിരഹിതവുമാകാനും ഇത്തരം ഉയര്‍ന്ന തസ്തികകളില്‍ നമ്മുടെ പെണ്‍കുട്ടികള്‍ കൂടി കടന്നു വരേണ്ടതുണ്ട്.