കോവിഡ് രോഗബാധക്കുശേഷം രോഗികളില്‍ ഗൗരവേറിയ ഒരു തരം പൂപ്പല്‍ അണുബാധ (ഫംഗസ് ഇന്‍ഫെക്ഷന്‍) ഉണ്ടാവുന്നതായി കണ്ടെത്തിയിരുന്നു. മ്യൂക്കര്‍ മൈസെറ്റ്സ് എന്ന വിഭാഗത്തില്‍പെട്ട ഒരുതരം പൂപ്പലുകളാണ് അതിലെ വില്ലന്‍. ഈ പൂപ്പലുകള്‍ മണ്ണിലും ചീഞ്ഞളിയുന്ന വസ്തുക്കളിലും (കമ്പോസ്റ്റ്, ചീഞ്ഞളിഞ്ഞ ഇലകള്‍, ദ്രവിച്ച മരങ്ങള്‍ തുടങ്ങിയവ) സാധാരണ കാണാറുണ്ട്. ഇവയുടെ ബീജകോശങ്ങളുമായി ഇടപഴകേണ്ടി വരുമ്പോഴാണ് മനുഷ്യര്‍ക്ക് രോഗമുണ്ടാകുന്നത്. ബീജകോശം ശ്വസിക്കേണ്ടി വരുമ്പോള്‍ മൂക്കിനുള്ളിലോ സൈനസ്സുകളിലോ ശ്വാസകോശങ്ങളിലോ അണുബാധയുണ്ടാകുന്നു. ചര്‍മത്തിലുണ്ടാകുന്ന മുറിവ്, ചതവ്, പൊള്ളല്‍ എന്നിവ വഴി പൂപ്പല്‍ ചര്‍മത്തിനുള്ളില്‍ പ്രവേശിച്ചാല്‍ ചര്‍മത്തിലും മ്യൂക്കര്‍ മൈക്കോസിസ് ഉണ്ടാവാം. പൊതുവേ മറ്റു രോഗങ്ങളുള്ളവരിലും രോഗപ്രതിരോധശക്തി കുറക്കാനിടയുള്ള മരുന്നുകള്‍ കഴിക്കുന്നവരിലുമാണ് ഈ ഫംഗസ് കാണപ്പെടുന്നത്. സാധാരണ ഒരാളില്‍നിന്നു മറ്റൊരാളിലേക്കും മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കും പകരാനിടയില്ല.
റൈനോ സെറിബ്രല്‍ മ്യൂക്കോര്‍മൈക്കോസിസ്
ഇത് മൂക്കിലൂടെ സൈനസ്സുകളെ ബാധിച്ച് പിന്നീട് തലച്ചോറിലേക്കും വ്യാപിക്കാനിടയുണ്ട്. നിയന്ത്രിക്കപ്പെടാത്ത പ്രമേഹരോഗമുള്ളവരിലും വൃക്ക മാറ്റിവെക്കപ്പെട്ട രോഗികളിലും രോഗസാധ്യത കൂടുന്നു.
പള്‍മണറി മ്യൂക്കോര്‍മൈക്കോസിസ്
ഇത് ശ്വാസകോശങ്ങളെ ബാധിക്കുന്നു. അര്‍ബുദ രോഗികള്‍, രക്തത്തില്‍ ശ്വേത രക്താണുക്കള്‍ കുറഞ്ഞവര്‍, അവയവം മാറ്റിവെക്കപ്പെട്ടവര്‍, സ്റ്റെം സെല്‍ മാറ്റിവെക്കപ്പെട്ടവര്‍ എന്നിവരിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്.
ഗാസ്ട്രോ ഇന്റസ്റ്റൈനല്‍ മ്യൂക്കോര്‍മൈക്കോസിസ്
പോഷണം കുറഞ്ഞവരിലും ചെറിയ കുട്ടികളിലും കൂടുതലായി കാണപ്പെടുന്നു. ജനിക്കുമ്പോള്‍ തൂക്കം കുറഞ്ഞ കുട്ടികള്‍ മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍ ഒരു മാസത്തില്‍ കുറവു പ്രായമുള്ള കുഞ്ഞുങ്ങള്‍, ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികള്‍ ആന്റിബയോട്ടിക് മരുന്നുകള്‍, രോഗപ്രതിരോധശക്തി കുറക്കാനിടയുള്ള മരുന്നുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്ന കുട്ടികള്‍ എന്നിവരിലാണ് അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഈ രോഗസാധ്യത കൂടുതല്‍.
ക്യൂട്ടേനിയസ് മ്യൂക്കോര്‍മൈക്കോസിസ്
ചര്‍മത്തിലുണ്ടാകുന്ന മുറിവ്, ചതവ്, പൊള്ളല്‍ എന്നിവ വഴി പൂപ്പല്‍ ചര്‍മത്തില്‍ പ്രവേശിക്കുമ്പോള്‍ ഈ രോഗമുണ്ടാവുന്നു. പൂപ്പല്‍ രക്തപ്രവാഹത്തിലൂടെ ചര്‍മത്തിലെത്തുമ്പോഴും ചര്‍മരോഗമുണ്ടാവാം.
ഡിസ്സെമിനേറ്റഡ് മ്യൂക്കോര്‍മൈക്കോസിസ്
പൂപ്പല്‍ അണുബാധ രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിച്ചേക്കാം. തലച്ചോറിനെയാണ് കൂടുതല്‍ ബാധിക്കാന്‍ സാധ്യത. ഹൃദയം, പ്ലീഹ, ചര്‍മം എന്നിവയെയും ബാധിക്കാം. മറ്റു രോഗങ്ങളുള്ളവരിലാണ് ഇതിനും കൂടുതല്‍ സാധ്യത.