പ്രവാചകനാണ് വഴികാട്ടി
മുഹമ്മദ് നബി (സ)യുടെ ജീവിത മാതൃകകളെ അതേപോലെ പിന്തുടരുകയും ആ പാഠങ്ങളെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് നമ്മുടെ ബാധ്യത
പ്രവാചകനാണ് വഴികാട്ടിപ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും ഇടയിലാണ് ലോകമിന്ന്. മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും മാത്രമല്ല, അകന്നുപോയ മനസ്സും വെറുപ്പും പകയും വംശീയ-വര്‍ഗീയതകളും കൊലപാതകങ്ങളും ലോകത്തിന്റെ ഉറക്കം കെടുത്തുകയാണ്. ഇതിനിടയില്‍ സമാധാനത്തിനും സ്വസ്ഥതക്കും വേണ്ടിയാണ് മനുഷ്യന്റെ ആലോചന. അപ്പോള്‍ ചില മാതൃകളെ നാം അന്വേഷിക്കും. ഉദാഹരണങ്ങളെ കണ്ടെത്തും. ചില ജീവിത രീതികളെ അനുകരിക്കാന്‍ ശ്രമിക്കും. നന്മയിലേക്ക് വഴിനടത്തുന്ന മാതൃകകളെ ചൂണ്ടിക്കാണിക്കാനില്ല എന്ന വേവലാതിയും ചിലേടത്തുനിന്നെങ്കിലും കേള്‍ക്കാറുമുണ്ട്.
മനുഷ്യനെ സൃഷ്ടിച്ച ദൈവം തന്നെ മാതൃകയാക്കേണ്ടവരെ നമ്മിലേക്ക് അയച്ചിട്ടുണ്ട്. കാലദേശമില്ലാതെ മുന്നറിയിപ്പുകാരനെ നല്‍കാത്ത ഒരു സമുദായവും ഉണ്ടായിട്ടില്ല. നാം ജീവിക്കുന്ന കാലത്തേക്കും ഇനി വരാനിരിക്കുന്നിടത്തേക്കും ആ ദൗത്യവുമായി മുന്നറിയിപ്പുകാരന്‍ അയക്കപ്പെട്ടിട്ടുണ്ട്. സത്യാസത്യധര്മങ്ങളെക്കുറിച്ച മനുഷ്യന്റെ അന്വേഷണത്തിനുള്ള അവസാനത്തെ ഉത്തരമായിരുന്നു പ്രവാചകന് മുഹമ്മദ് (സ). എല്ലാത്തിലുമുള്ള മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കുടുംബത്തില്‍, കൂട്ടൂകാരോട്, മുതിര്‍ന്നവരോട്, ചെറിയവരോട്, ഇണകളോട്, മാതാപിതാക്കളോട് എങ്ങനെയാണ് വര്‍ത്തിക്കേണ്ടതെന്ന വലിയ പാഠം ജീവിതത്തിലൂടെ പകര്‍ന്നു നല്കി അദ്ദേഹം. ഭരണാധികാരിയും ന്യായാധിപനും കുടുംബനാഥനും രാഷ്ട്രീയക്കാരനുമായി വിവാദങ്ങള്‍ക്കു ഇടം കൊടുക്കാതെ, വിവേചനങ്ങള്‍ക്കു കാരണമാകാതെ ഇരുപത്തിമൂന്ന് വര്‍ഷം അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു. പകര്‍ന്നു നല്കിയ ആ പാഠങ്ങളും ജീവിച്ചുതീര്‍ത്ത മാതൃകകളും വരുംതലമുറകള്‍ക്കായി സൂക്ഷ്മതയോടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത് പിന്തുടരുക എന്നതാണ് സമാധാനമാഗ്രഹിക്കുന്നവന്റെ വഴി.
പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഏറെ വിധേയമാകേണ്ടി വരുന്നവരാണ് മുസ്ലിം സ്ത്രീകള്‍. വസ്തുതകള്വളച്ചൊടിച്ച സംസാരമാണ് കേള്‍ക്കുന്നതൊക്കെയും. മുസ്ലിം സ്ത്രീയെക്കുറിച്ചുള്ള നിലപാടുകളും അനുകരണീയ മാതൃകകളും യഥാര്‍ഥത്തില്‍ അന്വേഷിക്കേണ്ടത് പ്രവാചകനിലാണ്. പ്രവാചക കുടുംബത്തിലെയും അക്കാലത്തെയും അനുകരണീയ സ്ത്രീ മാതൃകകള്‍ നമ്മുടെ മുമ്പിലുണ്ട്. വിജ്ഞാനരംഗത്ത്, സാമൂഹിക -സേവനരംഗത്ത്, രാഷ്ട്രീയരംഗത്ത്, നയതീരുമനങ്ങളെടുക്കുന്നിടത്ത്... ഇങ്ങനെ എല്ലാ ജീവിതവ്യവഹാരങ്ങളിലും നിറവാര്‍ന്ന സാന്നിധ്യമായിരുന്നു സ്ത്രീയുടേത്. മുഹമ്മദ് നബി (സ)യുടെ ജീവിത മാതൃകകളെ അതേപോലെ പിന്തുടരുകയും ആ പാഠങ്ങളെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് നമ്മുടെ ബാധ്യത. വൈവിധ്യമാര്‍ന്ന ആ ജീവിതത്തെ മുന്‍നിര്‍ത്തിയായിരിക്കണം നമ്മുടെ ജീവിതം. ഏതെങ്കിലും പ്രത്യേക ദിനത്തിലോ മാസത്തിലോ ഒതുക്കേണ്ടതുമല്ല ആ മാതൃക. റബീഉല്‍ അവ്വല്‍ മാസം നമ്മിലേക്കു വരുമ്പോള്‍ ആചരണങ്ങള്ക്കപ്പുറമുള്ള ഇത്തരം ആലോചനയാണ് എല്ലാ മേഖലകളിലും നമ്മില്‍ നിന്നുണ്ടാവേണ്ടത്. ആ നിലക്കുള്ള ഓര്മപ്പെടുത്തലുകള് നടത്തുന്ന രചനകളുമായാണ് ആരാമം ഓക്ടോബര്‍ ലക്കം നിങ്ങളിലേക്കെത്തുന്നത്.