മുസ്‌ലിം ലോകത്തെ വനിതാ പണ്ഡിതര്‍
ഹിറാ പുത്തലത്ത്
ഓക്ടോബര്‍2021
പ്രവാചക കാലഘട്ടത്തില്‍ സ്ത്രീകളും ഖുര്‍ആന്‍ മനഃപഠമാക്കാന്‍ ശ്രമിക്കുകയും പ്രവാചകന്റെ വാക്കുകളും കര്‍മങ്ങളും പിന്‍തലമുറക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തു
ഇസ്‌ലാമിക സമൂഹത്തേക്കാള്‍ മതകീയമായൊരു സമൂഹം ലോകത്തില്ലെന്നും ഒരു സമൂഹം കൂടുതല്‍ മതാധിഷ്ഠിതമാകുമ്പോള്‍ അവിടെയുള്ള സ്ത്രീകള്‍ അവരുടെ കര്‍തൃത്വത്തില്‍ പരിധികളും പരിമിതികളും നേരിടേണ്ടി വരുമെന്നുമാണ് ഇസ്‌ലാമിനെ കുറിച്ച പാശ്ചാത്യ സങ്കല്‍പം. മതം മനുഷ്യനിര്‍മിതമാണെന്നും പുരുഷാധിപത്യപരമാണെന്നുമുള്ള അബദ്ധ വിചാരമാണ് ഈ സങ്കല്‍പത്തിനു പിന്നില്‍. ഇസ്‌ലാമിക സമൂഹത്തിലെ സ്ത്രീകള്‍ പണ്ഡിതകളും അറിവിന്റെ വാഹകരുമാകുന്നത് അവരെ അത്ഭുതപ്പെടുത്തുന്നു.
ഇസ്‌ലാമിനു മുമ്പുള്ള സ്ത്രീകളുടെ ജീവിത സാഹചര്യവും വിദ്യാഭ്യാസ നിലവാരവും വളരെ മോശമായിരുന്നു. പരമ്പരാഗത ഗാര്‍ഹിക വൈദഗ്ധ്യം ഒഴിച്ചുനിര്‍ത്തിയാല്‍ സ്ത്രീകളുടെ വിദ്യാഭ്യാസം മിക്കവാറും വാമൊഴിയായിട്ടായിരുന്നു. കവിതയിലും കുതിരസവാരിയിലും അത് പരിമിതമാക്കപ്പെടുകയും ചെയ്തു. ഇസ്‌ലാമിന്റെ ആഗമനത്തോടെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും മികവ് പുലര്‍ത്തുന്നവരായി. ഖുര്‍ആന്‍ മനഃപാഠമാക്കാനും അതിന്റെ പാരായണരീതികളും ഹദീസും സുന്നത്തും പഠിക്കാനും അവര്‍ മുന്നോട്ടു വന്നു. ദീനീവിഷയങ്ങളില്‍ നിപുണരായ അര്‍പ്പണബോധമുള്ള നിയമജ്ഞരും പണ്ഡിതകളുമായി എഴുത്തിലും പ്രഭാഷണത്തിലും അവര്‍ പരിശീലനം നേടി. സ്ത്രീകളോടുള്ള സമൂഹത്തിന്റെ പൊതുമനോഭാവം മാറ്റുന്നതില്‍ ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഇസ്‌ലാമിന്റെ തുടക്കത്തില്‍ തന്നെ സ്ത്രീകള്‍ ദീനിന്റെ മേഖലയില്‍ വൈജ്ഞാനികമായ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രവാചക പത്നി ഉമ്മുസലമ ഒരിക്കല്‍ പ്രവാചകനോട് ചോദിച്ചു: 'എന്തുകൊണ്ട് ഖുര്‍ആനില്‍ പുരുഷന്മാരെ പരാമര്‍ശിക്കുന്നതുപോലെ സ്ത്രീകളെക്കുറിച്ച് പറയുന്നില്ല?' ഈ ചോദ്യത്തിനു ശേഷമാണ് സൂറത്തുല്‍ അഹ്സാബിലെ 35-ാം സൂക്തം അവതരിച്ചത്. അതിങ്ങനെയാണ്:
''അല്ലാഹുവിലുള്ള സമര്‍പ്പണം, സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്.''
പരിശുദ്ധ ഖുര്‍ആന്‍ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങള്‍ക്കുള്ളതല്ല. ഖുര്‍ആനിലും സുന്നത്തിലും താല്‍പര്യമുള്ള ആര്‍ക്കും അതില്‍ അവഗാഹം നേടാം. അവഗാഹം നേടിയ ഏത് സ്ത്രീക്കും പുരുഷനും, ഖുര്‍ആനിലും സുന്നത്തിലും ആധികാരികമായി സംസാരിക്കാം. നിവേദകരുടെ അറിവിന്റെ അനുപാതത്തില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും അതൊരിക്കലും ലിംഗാധിഷ്ഠിതമായിരുന്നില്ല.
പ്രവാചക കാലഘട്ടത്തില്‍ സ്ത്രീകളും ഖുര്‍ആന്‍ മനഃപഠമാക്കാന്‍ ശ്രമിക്കുകയും പ്രവാചകന്റെ വാക്കുകളും കര്‍മങ്ങളും പിന്‍തലമുറക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തു. അബ്സീനിയയിലേക്കുള്ള ആദ്യ ഹിജ്റ, അഖബാ ഉടമ്പടി, ജറൂസലമില്‍നിന്ന് മക്കയിലേക്ക് ഇസ്‌ലാമിന്റെ ദിശ മാറ്റിയ സന്ദര്‍ഭം, ഹുദൈബിയ സന്ധി തുടങ്ങി വിധിനിര്‍ണായക നിമിഷങ്ങളിലെല്ലാം സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇബ്നു അബ്ദില്‍ബര്‍റ് ഹുദൈബിയ സന്ധിയില്‍ പങ്കെടുത്ത റുബയ്യിഅ് ബിന്‍ത് മുഅവ്വിദിനെ കുറിച്ച് പറയുന്നത്, അവര്‍ പ്രവാചകന്റെ സഹചാരി ആയിരുന്നുവെന്നും അദ്ദേഹത്തില്‍നിന്ന് ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ടെന്നും മദീനയിലെ ആളുകള്‍ അവരില്‍നിന്ന് ഉദ്ധരിക്കുകയും ചെയ്തിരുന്നു എന്നാണ്. ഉമ്മുല്‍ മുന്‍ദിര്‍ എന്നറിയപ്പെടുന്ന സല്‍മ ബിന്‍ത് ഖയ്സ് പ്രവാചകന്റെ മാതൃസഹോദരിയാണ്. അവര്‍ ഖിബ്‌ല മാറ്റത്തിന് സാക്ഷിയാണ്. അവര്‍ പ്രവാചകന് ബൈഅത്ത് ചെയ്തിരുന്നെന്നും ചരിത്രരേഖകളില്‍ കാണാം.
ഹദീസിലും ഖുര്‍ആനിലുമുള്ള പ്രാവീണ്യം പല വിഷയങ്ങളിലും അഭിപ്രായങ്ങള്‍ പറയാനും കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാനും റദ്ദാക്കാനും പ്രവാചക കാലഘട്ടത്തിലെ സ്ത്രീകളെ പ്രാപ്തരാക്കിയിരുന്നു. അല്ലാഹുവില്‍നിന്നുള്ള വഹ്‌യ് പ്രവാചകനില്‍നിന്ന് ആദ്യമായി കേട്ട് വിശ്വസിച്ചത് ഖദീജ ബീവിയാണെന്നും പരിശുദ്ധ ഖുര്‍ആന്‍ മുസ്വ്ഹഫ് രൂപത്തിലാക്കിയപ്പോള്‍ സുരക്ഷിതമായി അത് സൂക്ഷിക്കാന്‍ ചുമതലപ്പെടുത്തിയത് പ്രവാചകപത്നി ഹഫ്സ(റ)യെയാണെന്നതും സ്ത്രീയുടെ ആധികാരികതക്കുള്ള തെളിവുകളാണ്. ഇസ്‌ലാമിന്റെ ഏത് ആഖ്യാനത്തിലും സ്ത്രീപുരുഷ വ്യത്യാസമില്ല. ഹദീസ് സ്വീകരിക്കാനും കൈമാറാനും രണ്ടു പേര്‍ക്കും ഒരേ അവകാശമാണ് എന്ന് പണ്ഡിതന്മാര്‍ സമ്മതിക്കുന്നു. ഖുര്‍ആനിന്റെ മാര്‍ഗനിര്‍ദേശം മനസ്സിലാക്കാനും അത് വ്യക്തിജീവിതത്തിലും സമൂഹത്തിലും നടപ്പിലാക്കാനും ഹദീസ് പഠനം ഉപാധിയായതിനാല്‍ ഇതില്‍ അതിശയിക്കാനില്ല. ഹദീസുകളുടെ സ്വീകാര്യതയെക്കുറിച്ച ചര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം ആഖ്യാതാക്കളുടെ വ്യക്തിപരമായ ഗുണങ്ങളും ആഖ്യാന ശൃംഖലയിലെ വ്യക്തികള്‍ തമ്മിലുള്ള ബന്ധം എത്രത്തോളമാണെന്നതുമാണ്. ആഇശ(റ)യില്‍നിന്നുള്ള പരമ്പര ഏറ്റവും മികച്ചതാണെന്ന് ഖത്വീബുല്‍ ബഗ്ദാദിയുള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉമ്മുസലമ(റ)യില്‍നിന്നുള്ള ആഖ്യാന ശൃംഖലകളുടെ കരുത്തിനെയും പല ഹദീസ് വിദഗ്ധരും പ്രശംസിച്ചിട്ടുണ്ട്.
ഹദീസ് പഠന സദസ്സുകളില്‍ സ്ത്രീകള്‍ നിറസാന്നിധ്യമായിരുന്നു. ഉമ്മു ദര്‍ദാഅ്(റ) ഒരിക്കല്‍ പറഞ്ഞു: ''ഞാന്‍ എല്ലാ കാര്യവും ആരാധനയായി കണ്ടിരുന്നു. പണ്ഡിതന്മാരോടൊപ്പം ഇരിക്കുന്നതിനേക്കാളും അവരോടൊപ്പം അറിവ് കൈമാറുന്നതിനേക്കാളും എനിക്ക് ആശ്വാസം നല്‍കുന്ന മറ്റൊന്നും ഇല്ല.''
പണ്ഡിതരായ പിതാക്കള്‍ തങ്ങളുടെ പെണ്‍മക്കളെ ഹദീസും മറ്റ് വിഷയങ്ങളും പഠിപ്പിച്ചു. സ്വഹാബികളും താബിഉകളും ഇതില്‍ മാതൃകയായിരുന്നു. സൈദുബ്നുല്‍ മുസയ്യബ് തനിക്കറിയുന്ന എല്ലാ ഹദീസുകളും തന്റെ മകളെ പഠിപ്പിച്ചിരുന്നു. ഇമാം അബൂഹനീഫയും അഹ്മദുബ്നു ഹമ്പലുമെല്ലാം അവരുടെ മക്കളുടെ വിദ്യാഭ്യാസത്തില്‍ വളരെ ശ്രദ്ധിക്കുകയുായി. ഹദീസ് പണ്ഡിത അമതുസ്സലാം ഉമ്മുല്‍ ഫത്ഹ് തന്റെ പിതാവിന്റെ സംരക്ഷണത്തില്‍ മുഹമ്മദ് ഇബ്നു ഇസ്മാഈല്‍ ബസ്‌ലാനിയില്‍നിന്നും മുഹമ്മദ് ഇബ്നു ഹുസൈന്‍ അര്‍റബീഇല്‍നിന്നും ഹദീസുകള്‍ പഠിച്ചതായി തെളിവുകളുണ്ട്. ശൈഖുല്‍ ഇസ്‌ലാം അബുല്‍ അബ്ബാസ് അല്‍ഫാസി തന്റെ മകളെ ഖുര്‍ആനിന്റെ ഏഴ് പാരായണ രീതികളും ബുഖാരിയുടെയും മുസ്‌ലിമിന്റെയും സ്വഹീഹുകളും മറ്റ് ഹദീസ് ഗ്രന്ഥങ്ങളും പഠിപ്പിച്ചിരുന്നു.
റസൂലിന്റെ(സ) വിയോഗാനന്തരം അബൂബക്കര്‍ സിദ്ദീഖും(റ) ഉമറും(റ) പ്രവാചകന് ഏറെ പ്രിയപ്പെട്ട ഉമ്മു അയ്മനെ സന്ദര്‍ശിക്കാന്‍ പോയി. അവരവിടെ എത്തിയപ്പോള്‍ ഉമ്മു അയ്മന്‍ കരഞ്ഞു. എന്തിനാണ് കരയുന്നത്, റസൂലിന് ഉത്തമം അല്ലാഹുവിന്റെ സമക്ഷമല്ലേ എന്നു ചോദിച്ചപ്പോള്‍ ഉമ്മു അയ്മന്‍ പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലിന് ഉത്തമം അതാണെന്ന് അറിയാതെയല്ല ഞാന്‍ കരഞ്ഞത്. ആകാശത്തുനിന്നുമുള്ള വഹ്‌യ് നിലച്ചുവല്ലോ എന്നോര്‍ത്താണ് ഞാന്‍ കരഞ്ഞത്.''
പ്രവാചകന്റെ കാലത്തെ സ്ത്രീകളും അദ്ദേഹത്തിന്റെ പിന്മുറക്കാരായ സ്ത്രീകളും അറിവിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. ഇമാം മാലികി(റ)ന്റെ മകള്‍ അദ്ദേഹത്തിന്റെ മുവത്വ മുഴുവന്‍ മനഃപാഠമാക്കുകയും ആരെങ്കിലും അതില്‍ പിഴവ് വരുത്തിയാല്‍ തിരുത്തിക്കൊടുക്കുകയും ചെയ്യുമായിരുന്നു. ഇമാം മാലികി(റ)ല്‍നിന്നും ഹദീസ് പഠിച്ച മറ്റൊരു പണ്ഡിതയാണ് ആബിദ അല്‍ മദനിയ്യ. ദമസ്‌കസില്‍ മാത്രം സ്വഹീഹുല്‍ ബുഖാരി മനഃപാഠമാക്കിയ 35-ഓളം വനിതകളുണ്ട്. ഹദീസ് പണ്ഡിതന്‍ നൂറുദ്ദീന്‍ ഇസ്റിന്റെ കീഴിലായിരുന്നു അവരുടെ പഠനം. ഹദീസ് പണ്ഡിതരില്‍ പ്രമുഖയാണ് കരീമ ബിന്‍ത് അഹ്മദ് അല്‍ മര്‍വസിയ്യ. മക്കയില്‍ അവരെ സന്ദര്‍ശിക്കാന്‍ ധാരാളം ആളുകള്‍ വരാറുണ്ടായിരുന്നു. ഹദീസ്‌വിഷയത്തില്‍ കര്‍ക്കശക്കാരിയായിരുന്നു അവര്‍. തന്റെ പക്കലുള്ള മൂലഗ്രന്ഥവുമായി ഒത്തുനോക്കാതെ ആരെയും ഹദീസ് പകര്‍ത്താന്‍ അവര്‍ സമ്മതിച്ചിരുന്നില്ല. കരീമ മര്‍മസിയ്യ എഴുതിയ സ്വഹീഹുല്‍ ബുഖാരിയുടെ പകര്‍പ്പിനെ ആധാരമാക്കിയാണ് ഇബ്നു ഹജര്‍ സ്വഹീഹുല്‍ ബുഖാരിക്ക് വ്യാഖ്യാനം എഴുതിയത്.
ഇസ്‌ലാമിന്റെ തുടക്കം മുതല്‍ അറിവിന്റെ കൈമാറ്റത്തില്‍ പ്രധാന പങ്കുവഹിച്ചത് പള്ളികളായിരുന്നു. മുസ്‌ലിം ചരിത്രത്തിലെ ആദ്യത്തെ മദ്റസയാണ് മദീനയിലെ പ്രവാചകന്റെ പള്ളി. മക്ക, മദീന, കൂഫ, ബസ്വറ, ദമസ്‌കസ് എന്നിവിടങ്ങളിലെ പ്രധാന പള്ളികളിലെല്ലാം സ്വഹാബിമാര്‍ ദര്‍സുകള്‍ സംഘടിപ്പിച്ചിരുന്നു. പുരുഷന്മാരെപ്പോലെത്തന്നെ സ്ത്രീകളും അതില്‍ പങ്കെടുത്തിരുന്നു. ഹിന്ദ് ബിന്‍ത് ഉസൈദ അല്‍ അന്‍സ്വാരിയ്യ നബി (സ) നമസ്‌കാരത്തില്‍ പാരായണം ചെയ്യുന്നത് കേട്ടാണ് സൂറത്തുല്‍ ഖാഫ് മനഃപാഠമാക്കിയത്. ഉമ്മു ദര്‍ദാഅ് തന്റെ രക്ഷാധികാരിയായിരുന്ന അബൂദര്‍ദാഇന്റെ കൂടെ പള്ളിയില്‍ വന്ന് ഖുര്‍ആന്‍ പഠന സദസ്സുകളില്‍ പങ്കെടുത്തിരുന്നു. സ്ത്രീകള്‍ പതിവായി ഹദീസ് ക്ലാസുകളില്‍ പങ്കെടുക്കുന്ന പള്ളികളിലൊന്നാണ് ദമസ്‌കസിലെ ജാമിഅ് അല്‍ ഹനാബില. ദമസ്‌കസിലെ ഉമയ്യാദ് പള്ളിയാണ് മറ്റൊന്ന്. അസ്മ ബിന്‍ത് അല്‍ ഹര്‍റാനി ഇവിടെനിന്നും അബൂതാഹിര്‍ അസ്ബഹാനിയുടെ അല്‍ മജാലിസുല്‍ ഖംസ പഠിച്ചിട്ടുണ്ട്.
ഹദീസും മറ്റ് വിജ്ഞാനീയങ്ങളും പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലും പെണ്‍കുട്ടികള്‍ ചേര്‍ന്നു പഠിച്ചിരുന്നതായി അന്നത്തെ ഹാജര്‍ രജിസ്റ്ററുകളില്‍നിന്ന് മനസ്സിലാക്കാം. അത്തരം ക്ലാസുകളില്‍ ഭൂരിഭാഗവും ആണ്‍-പെണ്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ചാണ് പങ്കെടുത്തിരുന്നത്. ഹി. 557-ല്‍ ദമസ്‌കസിലെ ശൈഖ് അബു ഉമര്‍ അല്‍ മഖ്ദിസി സ്ഥാപിച്ച അല്‍ മദ്റസത്തുല്‍ ഉമരിയ്യയാണ് സ്ത്രീകള്‍ പഠിച്ചിരുന്ന പ്രശസ്ത വിദ്യാലയങ്ങളിലൊന്ന്. പ്രശസ്ത ഹദീസ് പണ്ഡിതന്‍ അബൂ ഹഫ്സ് ഉമറിന്റെ പഠന ക്ലാസില്‍ പങ്കെടുത്ത 124 വിദ്യാര്‍ഥികളില്‍ ഖദീജ ബിന്‍ത് അല്‍ ശൈഖുല്‍ മഖ്ദിസിയും മറ്റ് പെണ്‍കുട്ടികളും ഉള്‍പ്പെട്ടിരുന്നു. ദമസ്‌കസിലെ ദാറുല്‍ ഹദീസ് അന്നൂരിയ്യയിലാണ് ഉമ്മു മുഹമ്മദ് ആമിന അല്‍ വാസിത്തിയ്യ പഠിച്ചത്. പ്രമുഖ ഹദീസ് പണ്ഡിതന്‍ ഫഖ്റുദ്ദീന്‍ അലിയ്യുബ്നു അഹ്മദ് അല്‍ ബുഖാരിയുടെ ദാറുല്‍ ഹദീസിലും വിദ്യാര്‍ഥിനികള്‍ പഠിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം.
(അവലംബം: അല്‍ മുഹദ്ദിസാത്ത്, ഇസ്‌ലാമിലെ വനിതാ പണ്ഡിതകള്‍, മുഹമ്മദ് അക്‌റം നദ്‌വി).ഹിറാ പുത്തലത്ത്