പ്രവാചകന്‍ വളര്‍ത്തിയ മാതൃകാ വനിതകള്‍

എ. ജമീല ടീച്ചര്‍ എടവണ്ണ No image

ജീവിക്കാന്‍ അര്‍ഹതയില്ലാത്തവളെ ജീവിക്കാന്‍ പഠിപ്പിച്ചതും സമൂഹത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നവളാക്കി മാറ്റിയതും പ്രവാചകന്‍(സ) ആണ്.
ജാഹിലിയ്യാ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു യുദ്ധവും സംഘട്ടനവും. പ്രധാന തൊഴില്‍ കാലി മേക്കലും വ്യാപാരവും. ഈ മൂന്ന് കാര്യങ്ങളിലും കാര്യമായ പങ്ക് സ്ത്രീകള്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പെണ്‍ജന്മം ശാപമായി അവര്‍ മനസ്സിലാക്കി.  അവസാനം കുഞ്ഞിനെ ജീവനോടെ കുഴിച്ച് മൂടാന്‍ തന്നെയായിരിക്കും അവന്റെ തീരുമാനം. 'ഖഅ്ദ്' എന്നായിരുന്നു ഈ നീചകൃത്യം അറിയപ്പെട്ടിരുന്നത്. ജാഹിലിയ്യത്തിലെ ഈ നിഷ്ഠൂര പ്രവൃത്തിയെ അപലപിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് ജീവിക്കാനവസരം നല്‍കിയത് ഇസ്‌ലാമായിരുന്നു. 
ഇസ്‌ലാം അതിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഖഅ്ദ് നിരോധിച്ചു. പെണ്‍കുട്ടികളെ പോറ്റി വളര്‍ത്തുന്നതിനെ പ്രത്യേകം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രവാചകന്‍ പ്രസ്താവിച്ചതായി ആഇശ(റ) ഇപ്രകാരം പറയുന്നു: ''വല്ലവനും പെണ്‍കുട്ടികളാല്‍ പരീക്ഷിക്കപ്പെടുകയും അവരെ നല്ലരീതിയില്‍ വളര്‍ത്തുകയും ചെയ്താല്‍ അവര്‍ അവന് നരകത്തില്‍നിന്ന് മറയായിത്തീരുന്നു.''

പ്രവാചകന്‍ പെണ്ണിന് 
നല്‍കിയ സ്ഥാനം
എക്കാലത്തും ഇസ്‌ലാമോഫോബിയക്കാരുടെ വിഷയമാണ് മുസ്‌ലിം സ്ത്രീകള്‍. ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയോ, അല്ലെങ്കില്‍ അന്ധമായ ഇസ്‌ലാം വിരോധമോ ആണ് വിമര്‍ശനത്തിന് കാരണം. സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും സര്‍ഗാത്മകതയെയും ഇസ്‌ലാം ഒരിക്കലും തിരസ്‌കരിക്കുന്നില്ല. കുത്തഴിഞ്ഞ ലൈംഗിക അരാജകത്വത്തിന്റെ സ്ത്രീ ആവിഷ്‌കാരവും ഇസ്‌ലാമിലില്ല. സ്വാതന്ത്ര്യത്തിന്റെയും സദാചാരത്തിന്റെയും മധ്യത്തില്‍നിന്നുകൊണ്ടാണ് ഇസ്‌ലാം സ്ത്രീയോട് സംസാരിക്കുന്നത്. വേഷത്തിലും നോട്ടത്തിലും ഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം ദിവ്യമായ അതിരുകളില്‍നിന്നുകൊണ്ട് സ്ത്രീക്ക് സ്വന്തം സ്വത്വം എങ്ങനെ ഉയര്‍ത്തിപ്പിടിക്കാം എന്നതിലേക്കാണ് ഇസ്‌ലാമിന്റെ നോട്ടം. ഇത്തരം കാഴ്ചപ്പാടിലൂടെ വേണം മുസ്‌ലിം സ്ത്രീ മുന്നേറ്റത്തെ വിലയിരുത്താന്‍. 
നബി (സ)യുടെ കാലത്ത് ദിവ്യോല്‍ബോധനത്തിന്റെ പൊരുളറിഞ്ഞ് ജീവിച്ച ഒരു പറ്റം സ്ത്രീകളെ ഇസ്‌ലാമിക ചരിത്രത്തില്‍ പരിചയപ്പെടാനാവും. 
മക്കാ വിജയത്തിന്റെ അനര്‍ഘ നിമിഷങ്ങള്‍. ഇസ്‌ലാമിനെ അന്നോളം നഖശിഖാന്തം എതിര്‍ത്ത ചില ഖുറൈശീ വനിതകള്‍ തിരുമേനിയുടെ മുമ്പില്‍ വന്നിരിക്കയാണ്. നബി(സ)യുടെ മുമ്പാകെ ഇസ്‌ലാം സ്വീകരിച്ചുകൊണ്ട് പ്രതിജ്ഞയെടുക്കലാണ് ഉദ്ദേശ്യം. കൂട്ടത്തില്‍ മുഖമറ ധരിച്ച ഒരു സ്ത്രീയുമുണ്ട്. 'അല്ലാഹുവിനോട് ഒന്നിനെയും പങ്ക് ചേര്‍ക്കുകയില്ലെന്ന് നിങ്ങള്‍ എന്നോട് പ്രതിജ്ഞ ചൊല്ലുക' തിരുമേനി(സ) അവരോട് പറഞ്ഞു: 'അല്ലാഹുവിനോടൊപ്പം ദൈവമുണ്ടെങ്കില്‍ ആ ദൈവത്തിന്റെ കഴിവ് ഞങ്ങള്‍ കാണേണ്ടിയിരുന്നു' മുഖമറക്കാരിയുടെ മറുപടി. 'നിങ്ങള്‍ മോഷ്ടിക്കരുത്' നബി(സ) വീണ്ടും കല്‍പിച്ചു. 'സ്വതന്ത്ര സ്ത്രീ മോഷ്ടിക്കുമോ. പക്ഷേ, അല്ലാഹുവിന്റെ റസൂലേ, അബൂസുഫ്‌യാന്‍ പിശുക്കനാണ്. അദ്ദേഹത്തിന്റെ ധനത്തില്‍നിന്ന് അദ്ദേഹത്തിന്റെ മക്കളുടെ ആവശ്യത്തിലേക്ക് ഞാന്‍ എടുക്കാറുണ്ട്.' മുഖമറക്കാരി വീണ്ടും പറഞ്ഞു. 'നിനക്കും കുട്ടികള്‍ക്കും മര്യാദപ്രകാരം ചെലവിനുള്ളത് നീ എടുത്തുകൊള്ളുക.' നബി(സ)യുടെ പ്രതികരണം അങ്ങനെയായിരുന്നു. അപ്പോഴാണ് തന്റെ മുമ്പിലിരിക്കുന്നത് അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദാണ് എന്ന് നബി(സ) മനസ്സിലാക്കുന്നത്.
'നീ ഹിന്ദ് അല്ലയോ.' അല്ലാഹുവിന്റെ റസൂല്‍ ചോദിച്ചു: 'അതെ ഞാന്‍ ഹിന്ദ് തന്നെയാണ്.' അവള്‍ മുഖമറ നീക്കി. കണ്ണില്‍നിന്നും കണ്ണീര്‍ ചാലിട്ടൊഴുകി. കൊച്ചുകുട്ടിയെപ്പോലെ അവള്‍ വിതുമ്പി. 'അല്ലാഹുവിന്റെ റസൂലേ എനിക്ക് മാപ്പ് തന്നാലും. അങ്ങ് അല്ലാഹുവിന്റെ ദൂതന്‍ തന്നെയാണ്.'
'നിനക്ക് അല്ലാഹു മാപ്പ് തരട്ടെ' നബി(സ) പ്രതികരിച്ചു. ബദ്റ് യുദ്ധത്തില്‍ അവളുടെ സഹോദരന്മാര്‍ ഉത്ബത്തും ശൈബത്തും മുസ്‌ലിം യോദ്ധാക്കളാല്‍ വധിക്കപ്പെട്ടിരുന്നു. അതിന്റെ പ്രതികാരം തീര്‍ക്കാനായി ഉഹ്ദില്‍വെച്ച് ഹിന്ദ് ഹംസ(റ)യുടെ കരള്‍ പറിച്ചെടുത്ത് ചവച്ച് തുപ്പി നൃത്തം ചെയ്തു. ഇസ്‌ലാം അവരുടെ മനസ്സില്‍ പ്രകാശം പരത്തി. ചെയ്തുപോയ തെറ്റുകള്‍ക്ക് അവള്‍ അല്ലാഹുവിനോട് ഖേദിച്ച് മടങ്ങി. പിന്നീടുണ്ടായ യുദ്ധങ്ങളിലെല്ലാം അവര്‍ ഇസ്‌ലാമിന്റെ പക്ഷം ചേര്‍ന്ന് അടര്‍ക്കളത്തില്‍ സഹായിയായി.
വൈജ്ഞാനിക രംഗത്ത്
വൈജ്ഞാനിക രംഗത്ത് പുരുഷന്മാരേക്കാള്‍ തിളങ്ങി നിന്നിരുന്ന വ്യക്തിത്വമായിരുന്നു പ്രവാചക പത്നി ആഇശ(റ). ഒരു ദിവസം അമീര്‍ മുആവിയ തന്റെ ദര്‍ബാറിലെ അംഗത്തോട് ചോദിച്ചു: 'ആരാണ് ജനങ്ങളില്‍ ഏറ്റവും പാണ്ഡിത്യമുള്ള ആള്‍?' 'താങ്കള്‍.' അയാള്‍ മറുപടി പറഞ്ഞു. 'അല്ല ഞാനല്ല. ദൈവംസാക്ഷി നിങ്ങള്‍ സത്യം പറയൂ' മുആവിയ വീണ്ടും ആവശ്യപ്പെട്ടു. 'എന്നാല്‍ ആഇശ(റ).' അയാള്‍ മറുപടി പറഞ്ഞു.
ഈ രംഗത്ത് ആഇശ(റ)യോട് കിടപിടിക്കുന്നവര്‍ പുരുഷന്മാരില്‍ തന്നെ വളരെ വിരളമായിരുന്നു. ഇമാം തിര്‍മിദിയില്‍ അബൂമൂസല്‍ അശ്അരി പറയുന്നു. 'സ്വഹാബിമാരായ ഞങ്ങള്‍ക്ക് ഒരു വിഷയത്തെപ്പറ്റി സംശയം ഉണ്ടായി ആഇശ(റ)യെ സമീപിച്ചാല്‍ അവരില്‍നിന്ന് എന്തെങ്കിലും വിവരം കിട്ടാതെ പോകാറില്ലായിരുന്നു.' ഇമാം സുഹ്‌രി(റ) അവരെക്കുറിച്ച് പറഞ്ഞതിപ്രകാരമാണ് 'ആഇശ(റ) ജനങ്ങളില്‍ ഏറ്റവും അറിവുള്ള ആളായിരുന്നു. ഖുര്‍ആന്‍, അനന്തരാവകാശനിയമങ്ങള്‍, ഹലാല്‍, കര്‍മശാസ്ത്രം, കവിത, വൈദ്യം, അറബികളുടെ പുരാതന വൃത്താന്തങ്ങള്‍, ഗോത്രചരിതം എന്നിവയില്‍ ആഇശ(റ)യേക്കാള്‍ അറിവുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല.' എന്ന് നബി(സ)യുടെ സന്തതസഹചാരിയായ സുബൈറിന്റെ മകന്‍ ഉര്‍വ പറയുകയുണ്ടായി. പ്രവാചകന്‍(സ)യില്‍നിന്ന് 2216 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹതിയാണ് ആഇശ(റ). തികഞ്ഞ ഇസ്‌ലാമിക പ്രബോധകയും അധ്യാപികയുമായിരുന്നു. വിജ്ഞാനം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുക, ആത്മീയ സംസ്‌കരണവും സാമൂഹിക പരിഷ്‌കരണവും നടത്തുക എന്നത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. ആഇശ(റ) ആ ബാധ്യത ശരിക്കു നിര്‍വഹിച്ചു. മദീനയിലെ അന്നത്തെ ബൃഹത്തായ വിദ്യാലയം മസ്ജിദുന്നബവിയുടെ തൊട്ടടുത്തുണ്ടായിരുന്ന ആഇശ(റ)യുടെ വീടായിരുന്നു. ഹജ്ജ് കാലങ്ങളില്‍ സൗറ് മലയുടെ അടിവാരത്തില്‍ ആഇശ(റ) തമ്പടിച്ച് താമസിക്കും. സ്ത്രീകളും കുട്ടികളും അവര്‍ക്ക് മുമ്പിലിരിക്കും. പര്‍ദ ആചരിക്കേണ്ട പുരുഷന്മാര്‍ പുറത്ത് മറഞ്ഞിരിക്കും. ആഇശ(റ) അവര്‍ക്കെല്ലാം ഖുര്‍ആനും ഹദീസും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കും. ഈ നിലക്ക് ആഇശ(റ)യില്‍നിന്ന് വിജ്ഞാനം കരസ്ഥമാക്കിയ ഒരുപാട് ഉന്നതരായ സ്വഹാബത്ത് അന്ന് ജീവിച്ചിരുന്നു. പ്രവാചക പത്നിമാര്‍ ഉമ്മുഹബീബ(റ) ഉമ്മുസലമ(റ) എന്നിവരും ഹദീസ് രിവായത്ത് ചെയ്യുന്നവരില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. പ്രവാചകന്‍ വളര്‍ത്തിയെടുത്ത  വൈജ്ഞാനിക രംഗത്തെ മാതൃകാ മഹിളകളായിരുന്നു അവരെല്ലാം.
രാഷ്ട്രീയ രംഗത്ത്
തികച്ചും അന്യായമായി മൂന്നാം ഖലീഫ ഉസ്മാന്‍(റ) വധിക്കപ്പെട്ടു. ആഇശ(റ) ഒട്ടകപ്പുറത്ത് കയറി ബസറയിലെത്തി. നിര്‍ഭാഗ്യവശാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഒട്ടകപ്പുറത്തിരുന്ന് യുദ്ധത്തിന് ഒരു വശത്ത് നേതൃത്വം നല്‍കിയത് പ്രവാചക പത്നി ആഇശ(റ). ഈ സന്ദര്‍ഭത്തില്‍ ആഇശ(റ) നടത്തിയ ദീര്‍ഘമായ ഒരു പ്രസംഗം ചരിത്രത്തില്‍ കാണാം. 'ജനങ്ങളേ, നിങ്ങളുടെ രക്തം ദുഷിച്ചിരിക്കുന്നു. നിങ്ങളുടെ നാട് ദുഷിച്ചിരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തോളം ഉസ്മാന്‍ നല്ലവനായിരിക്കുന്നു'...... അതുകേട്ട് ആവേശഭരിതരായ ജനക്കൂട്ടം ഇപ്രകാരം പാടി: 'ഞങ്ങള്‍ ഇബ്രയുടെ മക്കള്‍. ഒട്ടകത്തെ സംരക്ഷിക്കുന്നവര്‍. മരണം ഞങ്ങള്‍ക്ക് തേനിനേക്കാള്‍ മധുരം. മരണം ഇറങ്ങിവരുമ്പോള്‍ ഞങ്ങള്‍ മൃത്യുപുത്രന്മാരാകുന്നു' പ്രവാചകനെ അറിഞ്ഞ മുസ് ലിം സ്ത്രീക്ക് രാഷ്ട്രീയരംഗം അന്യമല്ല എന്നതിന്റെ തെളിവാണിത്.
യുദ്ധരംഗത്ത്
സ്ത്രീകളുടെ നേതൃഗുണത്തെയും ആത്മവിശ്വാസത്തെയും എപ്രകാരമാണ് സമൂഹത്തിന് സാധ്യമാക്കിയത് എന്നതിന്റെ ഉദാഹരണമായി ഒട്ടേറെ സ്ത്രീകളെ യുദ്ധമുഖത്ത് കാണാനാകും. നബി(സ)യോട് അഖബയില്‍വെച്ച് രഹസ്യമായി ഉടമ്പടി ചെയ്തിരുന്നവരുടെ കൂട്ടത്തില്‍ രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. ഉമ്മു അമ്മാറ എന്ന പേരില്‍ അറിയപ്പെടുന്ന നസീബ ബിന്‍ത് കഅ്ബും ഉമ്മു മതീഅ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അസ്മാഅ് ബിന്‍ത് അംറുബ്നു അദിയ്യും. യുദ്ധത്തിന്റെ ഘട്ടങ്ങളിലും പ്രവാചക വസതിക്ക് മുമ്പില്‍ സ്ത്രീകളുടെ നീണ്ട വരികളുണ്ടായിരിക്കും. യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ചുകൊണ്ട് എത്തുന്നവരാണവര്‍. 'നിങ്ങള്‍ക്ക് എന്താണ് ചെയ്യാനാവുക' എന്ന് നബി(സ) അവരോട് ചോദിക്കും. 'അല്ലാഹുവിന്റെ റസൂലേ, യുദ്ധത്തില്‍ മുറിവേല്‍ക്കുന്ന ഭടന്മാരെ ശുശ്രൂഷിക്കുവാനും വെള്ളം കൊടുക്കാനും മറ്റും ഞങ്ങള്‍ പ്രാപ്തരാണ്.' എന്ന് അവര്‍ മറുപടി കൊടുക്കും. ഇങ്ങനെ ഓരോ യുദ്ധ യാത്രയിലും പുരുഷന്മാരോടൊപ്പം സ്ത്രീകളും പങ്കെടുത്തിരുന്നു.
ഉഹ്ദ് യുദ്ധത്തില്‍ പുരുഷന്മാരെ സഹായിക്കാന്‍ ആഇശ(റ) പുത്രി ഫാത്വിമ(റ) ഉമ്മു അമ്മാറ, ഉമ്മുസുലൈം തുടങ്ങിയവരും പുറപ്പെട്ടിരുന്നു. യുദ്ധം കൊടുമ്പിരിക്കൊണ്ടു. ആദ്യത്തില്‍ മുസ്‌ലിംപക്ഷത്തായിരുന്നു ജയം. പക്ഷേ, തക്കം നോക്കി ശത്രുക്കള്‍ രണാങ്കണത്തിലേക്ക് കുതിച്ചു. തിരുമേനി(സ)യെ വധിക്കലായിരുന്നു ലക്ഷ്യം. ഈ സമയത്ത് നബി(സ)യുടെ രക്ഷക്കു വേണ്ടി അടര്‍ക്കളത്തില്‍ പതറാതെ നിന്നിരുന്നത് ഉമ്മു അമ്മാറയായിരുന്നു. നബി(സ)ക്ക് നേരെ ശത്രുക്കള്‍ എയ്ത് വിടുന്ന അമ്പുകള്‍ അവര്‍ വിരിമാറുകൊണ്ട് തടുത്തു. യുദ്ധം കഴിഞ്ഞപ്പോള്‍ അവരുടെ ശരീരത്തില്‍ 80-ലധികം മുറിവുകളുണ്ടായിരുന്നു. നബി(സ) അവരെക്കുറിച്ച് പലപ്പോഴും ഇങ്ങനെ പുകഴ്ത്തിപ്പറഞ്ഞു. 'ഉഹ്ദില്‍ ഞാന്‍ വലത്തോട്ടും ഇടത്തോട്ടും നോക്കുമ്പോഴെല്ലാം ഉമ്മു അമ്മാറയെയല്ലാതെ കണ്ടിരുന്നില്ല.''
യര്‍മൂക്ക് യുദ്ധത്തില്‍ താമസിക്കുന്ന തമ്പിന്റെ കുറ്റിയും പറിച്ച് അടര്‍ക്കളത്തില്‍ അടരാടിയിരുന്ന  വനിതയാണ് ഉമ്മുസുലൈം(റ). ആ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് വിജയം നേടാനുള്ള കാരണം തക്ക സമയത്തുള്ള ഉമ്മുസുലൈമിന്റെ രണശൂരത്വമായിരുന്നു. 
ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷി
ഇസ്‌ലാമിനുവേണ്ടി ആദ്യമായി രക്തസാക്ഷിത്വം വഹിച്ച സ്ത്രീയാണ് സുമയ്യ(റ). അവര്‍ ജനിച്ചത് തന്നെ അബൂഹുദൈഫയുടെ അടിമയായിട്ടാണ്. എക്കാലത്തും യജമാനന് ദാസ്യവേല ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ടവള്‍. ഇസ്‌ലാം മതവിശ്വാസം അവളെ ധൈര്യവതിയാക്കി. 'ഞങ്ങളുടെ വിശ്വാസ കാര്യത്തില്‍ താങ്കളിടപെടേണ്ടതില്ല. അത് ഞങ്ങള്‍ നോക്കിക്കൊള്ളും. താങ്കള്‍ക്ക് ദാസ്യവേല ചെയ്യുന്നതില്‍ കുറവുണ്ടെങ്കില്‍ പറഞ്ഞേക്കൂ' അബൂഹുദൈഫയുടെ മുഖത്ത് നോക്കി സുമയ്യ(റ) പ്രഖ്യാപിച്ചു. ഇസ്‌ലാമില്‍നിന്ന് പിന്തിരിപ്പിക്കാന്‍ യജമാനന്‍ പഠിച്ച പണി പയറ്റിനോക്കി. ക്രൂരമായി അടിച്ചുപരിക്കേല്‍പിച്ചു. പായയില്‍ ചുരുട്ടി തീകൊളുത്തി. അവസാനം അബൂജഹലിന്റെ കൂര്‍ത്ത് മൂര്‍ത്ത കുന്തം അവരുടെ ശരീരത്തില്‍ തുളച്ചുകയറി. 'ലാഇലാഹഇല്ലല്ലാഹ്' എന്ന് ശഹാദത്ത് കലിമ ഉച്ചരിച്ചുകൊണ്ട് അവര്‍ വീരമൃത്യു വരിച്ചു. ഇസ് ലാമിലെ ഒന്നാമത്തെ ശഹീദത്താവുകയും ചെയ്തു.
ആദ്യത്തെ വിശ്വാസി
'പ്രിയപ്പെട്ടവനേ, സന്തോഷിച്ച് കൊള്ളുക. ദൃഢചിത്തനാവുക. എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം അങ്ങ് ഈ സമുദായത്തിന്റെ പ്രവാചകനായിത്തീരുമെന്ന് തീര്‍ച്ചയായും ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലാഹു ഒരിക്കലും അങ്ങയെ കൈവെടിയുകയില്ല' ഹിറാഗുഹയില്‍നിന്ന് ദിവ്യബോധനവുമായി തിരിച്ചെത്തിയ പ്രവാചക(സ)നെ ഭാര്യ ഖദീജ(റ) സമാശ്വസിപ്പിച്ചത് ഇങ്ങനെയായിരുന്നു. ആദ്യമായി ഇസ്‌ലാമില്‍ വിശ്വസിച്ചതും അവര്‍തന്നെ. പിന്നീട് ഇസ്‌ലാമിനുവേണ്ടി ഒരുപാട് ത്യാഗങ്ങള്‍ അവര്‍ സഹിക്കേണ്ടിവന്നു. അപ്പോഴെല്ലാം അവര്‍ പതറാതെ ഭര്‍ത്താവിന് താങ്ങും തണലുമായി നിലകൊണ്ടു. അവര്‍ മരിച്ച വര്‍ഷത്തിന് ദുഖവര്‍ഷം എന്ന് നബി(സ) പേര് നല്‍കി. ഇസ്‌ലാമിലെ ആദ്യകാല വീരാംഗനകള്‍ ഇനിയും ഒരുപാടുണ്ട്. ഹജ്ജിലെ സാന്നിധ്യമായ ഹാജറ(റ), ഹിജ്റയില്‍ പ്രവാചക(സ)ന് ഭക്ഷണമെത്തിച്ചുകൊടുത്തിരുന്ന അസ്മാ ബിന്‍ത് അബീബക്കര്‍(റ). ഇവരെല്ലാം ചരിത്രത്താളുകളില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്നുണ്ട്.
ആധുനിക ലോകത്ത് പെണ്ണുങ്ങള്‍ പുറത്തിറങ്ങിക്കൂടാ. സാമൂഹിക സാംസ്‌കാരിക മതപ്രബോധനരംഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൂടാ. സമരങ്ങളില്‍ പങ്കെടുത്തുകൂടാ. ഇങ്ങനെയുള്ള ഫത്‌വകള്‍ ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് കേരളീയ വനിതകള്‍ക്ക് പുത്തരിയല്ല. മതസാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ എന്ന് പെണ്ണിന്റെ ശബ്ദവും സാന്നിധ്യവുമുണ്ടാകാറുണ്ടോ അന്നൊക്കെ ഇത്തരം ഹറാം ഫത്‌വകളുമായി യാഥാസ്ഥിതികരും രംഗത്തുണ്ടാകും. വേണ്ടത്ര ഫലം ചെയ്തില്ലെന്ന് കാണുമ്പോള്‍ ഫത്‌വകള്‍ കെട്ടി വെക്കുകയും ചെയ്യും. ഇസ്‌ലാമോഫോബിയക്കാര്‍ക്ക് വെള്ളവും വളവുമിട്ടുകൊടുക്കുന്നത് ഇത്തരം ഫത്‌വകളാണ്.
എന്തായാലും ആധുനിക കാലത്തെ മുസ്‌ലിം വനിതകള്‍ ഇത്തരം ഫത്‌വകളെ മുഖവിലക്കെടുക്കാറില്ല. 2019-ലുണ്ടായ പൗരത്വ ഭേദഗതി സമരത്തിനെതിരെ നടന്ന പ്രതിഷേധ സമരങ്ങളിലെ മുസ്‌ലിം സ്ത്രീ സാന്നിധ്യം ഉദാഹരണമാണ്. അവര്‍ക്കറിയാമായിരുന്നു യാഥാസ്ഥിതികരുടെ ഫത്‌വ കേട്ട് വാതിലടച്ചിരുന്നാല്‍ നാളെ ഏതെങ്കിലും ഡിറ്റക്ഷന്‍ ക്യാമ്പില്‍ പോയി കണ്ണീരുകുടിക്കേണ്ടിവരുമെന്ന്. ശാഹിന്‍ ബാഗിലെ ധീര വനിതകളും അവരോടൊപ്പം ചേര്‍ന്ന ഇന്ത്യയിലെ മുസ് ലിം സ്ത്രീകളും ഉയര്‍ത്തിയ മുദ്രാവാക്യം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുക, ഇന്ത്യയുടെ ജനാധിപത്യ മതേതരത്വത്തെ നിലനിര്‍ത്തുക, ഭരണഘടനയുടെ അന്തസ്സത്തയും അകക്കാമ്പും ചോര്‍ന്ന് പോകാതെ സംരക്ഷിക്കുക എന്നിവയായിരുന്നു. 
തങ്ങളുടെ സമരത്തിന് പിന്‍ബലമായി ഇസ്‌ലാമില്‍നിന്നുള്ള ധീരവനിതകളെ തന്നെയായിരുന്നു അവര്‍ക്ക് മാതൃകയാക്കാനുണ്ടായിരുന്നത്; ധീരയായ ഉമ്മുസുലൈമിനെയും ഉമ്മു അമ്മാറയെയും ഒക്കെ. 
മുസ്‌ലിം സ്ത്രീ സ്വത്വത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെയും യാഥാസ്ഥിതികരുടെ ഹറാം ഫത്‌വ കണക്ക് ചവറ്റ് കുട്ടയിലേക്ക് തള്ളണം. അത്രകണ്ട് കേരളീയ മുസ്‌ലിം സ്ത്രീകള്‍ ഇന്ന് സാമൂഹിക സാംസ്‌കാരിക ഭരണതലങ്ങളില്‍ തിളങ്ങി വരുന്നുണ്ട്. പ്രവാചകന്‍ പരിവര്‍ത്തിപ്പിച്ച ഒരു സ്ത്രീ മാതൃകയാണ് അവര്‍ക്ക് മുന്നിലുള്ളത്. പ്രവാചക കാലത്തെ സച്ചരിതരായ സ്ത്രീ മാതൃകകളിലേക്ക് ഉയരുക എന്നതാണ് പ്രവാചക സ്മരണയാല്‍ നമ്മില്‍ ഉണ്ടാവേണ്ട മാറ്റം.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top