പതിനൊന്ന് ലൈസന്‍സുകള്‍ സ്വന്തമാക്കി ഡ്രൈവറമ്മ
പ്രായം ഡ്രൈവിങ് പഠിക്കാന്‍ തടസ്സമല്ല. ഓടിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ റോഡിലിറക്കാനുള്ള പേടി മാറുകയുള്ളൂ.ഏറ്റവും അവസാനം എടുത്തത് ടൂവീലര്‍ ലൈസന്‍സാണ്.
അധികകാലമൊന്നുമായിട്ടില്ല പെണ്‍കുട്ടികള്‍ വാഹനമോടിച്ചു നിരത്തിലൂടെ പോകാന്‍ തുടങ്ങിയിട്ട്. ഇന്നും ബുള്ളറ്റ് ഓടിച്ചുപോകുന്ന പെണ്‍ പിള്ളേരെ കണ്ടാല്‍ ആരുമൊന്ന് അല്‍ഭുതത്തോടെ നോക്കും. എന്നാല്‍ ആരെയും വിസ്മയിപ്പിച്ച് 71-ാം വയസില്‍ കാറും ജീപ്പും ബസ്സും കണ്ടെയ്‌നര്‍ ലോറിയും ജെ.സി.ബിയും റോഡ് റോളറും പുഷ്പം പോലെ ഓടിക്കുന്ന ഒരമ്മയുണ്ട് എറണാകുളത്ത്. ഈ പ്രായത്തില്‍ പതിനൊന്ന് ലൈസന്‍സുകള്‍ സ്വന്തമായുണ്ട് ഈ സീനിയര്‍ ഡ്രൈവര്‍ക്ക്. ഇന്ത്യയില്‍ മറ്റൊരു സ്ത്രീക്കും അവകാശപ്പെടാനാവാത്ത നേട്ടമാണ് രാധാമണി എന്ന മണിയമ്മയുടെ പേരിലുള്ളത്. ഏറ്റവും കൂടുതല്‍ ലൈസന്‍സുകള്‍ നേടി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും മണിയമ്മ ഇടംപിടിച്ചു. പെട്രോളിയം മേഖലകളില്‍ ഉപയോഗിക്കുന്ന ഹസാഡസ് വണ്ടി ഓടിക്കുന്ന ലൈസന്‍സാണ് അവസാനമായി എടുത്തത്. പേര് രാധാമണി എന്നാണെങ്കിലും എല്ലാവരും മണിയമ്മയെന്നാണ് സ്‌നേഹത്തോടെ വിളിക്കുന്നത്.
പതിനാറാം വയസ്സില്‍ വയസില്‍ തോപ്പുംപടിയിലേക്ക്
അരൂക്കുറ്റിയാണ് മണിയമ്മയുടെ സ്വദേശം. പതിനാറാം വയസില്‍ ലാലിന്റെ ജീവിതപങ്കാളിയായി തോപ്പുംപടിയിലെത്തിയതാണ് രാധാമണി. അവിടെയെത്തിയ ശേഷമാണ് പത്താം ക്ലാസ് പരീക്ഷയുടെ ഫലമറിഞ്ഞത്. പാസായെങ്കിലും തുടര്‍ന്നു പഠിക്കാന്‍ കഴിഞ്ഞില്ല. മുറ്റം നിറയെ വണ്ടിയുള്ള വീടായിരുന്നു തോപ്പുംപടിയിലേത്. ലാലന്‍ ഐ.ടി.ഐ കഴിഞ്ഞതാണ്. വലിയ വണ്ടിക്കമ്പക്കാരനും. അന്ന് ഇന്നത്തെ പോലെയല്ല. ഹെവി ലൈസന്‍സ് എടുക്കാന്‍ മംഗലാ
പുരത്ത് പോയി ടെസ്റ്റ് എഴുതണം. ലേണേഴസ് എടുത്ത് 41 ദിവസം കഴിഞ്ഞുവേണം ടെസ്റ്റ് എഴുതാന്‍. ചെലവും കൂടുതല്‍. ഈ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമെന്നോണമാണ് ലാലന്‍ എ ടു ഇസെഡ് എന്ന പേരില്‍ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയത്. മണിയമ്മയുടെ പേരിലായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ട്. അതിനു ശേഷം എല്ലാ വാഹനങ്ങളും പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ വന്നു. ഇന്ന് എറണാകുളം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലായി പതിനൊന്ന് ശാഖകളുണ്ട്. എ ടു ഇസെഡിന്. മക്കളായ മിലനും മിനിയും മിജു ലാലും മരുമക്കളായ ദീപയും ശിവപ്രസാദും രാധികയും പേരമക്കളുമെല്ലാം ഈ രംഗത്തുണ്ട്.
ഡ്രൈവിംഗിന്റെ ഹരിശ്രീ
ഭര്‍ത്താവില്‍ നിന്നാണ് മണിയമ്മ ഡ്രൈവിംഗിന്റെ ബാല
പാഠങ്ങള്‍ പഠിച്ചത്. ആദ്യം വലിയ താല്‍പര്യമില്ലായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് 23-ാം വയസില്‍ വണ്ടി പഠിക്കാനൊരുങ്ങിയത്. മനസില്‍ നല്ല പേടിയുമുണ്ട്. അന്ന് സ്ത്രീകള്‍ വണ്ടിയോടിക്കുന്നതും കുറവായിരുന്നു. ആദ്യം കാറാണ് പഠിപ്പിച്ചത്. അംബാസഡര്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് പേടിയോടെ വളയം തിരിക്കുമ്പോള്‍, ചൂരലുമായി നില്‍ക്കുന്ന ആശാനെ പോലെ ലാലന്‍ തൊട്ടടുത്തിരിക്കും. മൂന്നാലു മാസമെടുത്തു പഠനം കഴിയാന്‍. ഇന്നത്തെ പോലെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന വണ്ടിയില്‍ പ്രത്യേകം ക്ലച്ചും ബ്രേക്കുമൊന്നുമില്ല. കൈയീന്നു പോയാല്‍ പെട്ടതു തന്നെ. തട്ടീം മുട്ടീം ഡ്രൈവിംഗിന്റെ ആദ്യ പരീക്ഷ പാസായി. അങ്ങനെ 1981-ല്‍ കാര്‍ ലൈസന്‍സ് സ്വന്തമാക്കി. മൂന്നുവര്‍ഷം കഴിഞ്ഞ് ഹെവി ലൈസന്‍സും എടുത്തു. പിന്നീട് ഓരോ വര്‍ഷങ്ങളിലും വിവിധ തരം ലൈസന്‍സുകള്‍ കൈപ്പിടിയിലാക്കി. ഇപ്പോഴത് 11-ലെത്തി നില്‍ക്കുന്നു. 71-ലും സ്‌കൂട്ടറിലാണ് മണിയമ്മയുടെ സഞ്ചാരം. എവിടെയും സഞ്ചരിക്കാം എന്ന സൗകര്യവും സ്‌കൂട്ടറിനാണെന്ന് മണിയമ്മ പറയും.
അതിനാല്‍ സ്ത്രീകള്‍ സ്‌കൂട്ടറെങ്കിലും അറിഞ്ഞിരിക്കണമെന്ന ഉപദേശം നല്‍കാനും മറന്നില്ല. പ്രായം ഡ്രൈവിങ് പഠിക്കാന്‍ തടസ്സമല്ലെന്നും അവര്‍ ഓര്‍മപ്പെടുത്തി. ഓടിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ റോഡിലിറക്കാനുള്ള പേടി മാറുകയുള്ളൂ. ടൂവീലര്‍ പഠിക്കുമ്പോള്‍ ഒന്നുവീണു എന്നല്ലാതെ ഒരുവിധ അപകടങ്ങളും വണ്ടിയോടിക്കുമ്പാള്‍ ഉണ്ടായിട്ടില്ല. ഏറ്റവും അവസാനം എടുത്തത് ടൂവീലര്‍ ലൈസന്‍സാണ്. തല്ലിപ്പഠിപ്പിക്കുന്ന പോെലയാണ് ഭര്‍ത്താവ് അന്ന് പഠിപ്പിച്ചത്. വണ്ടികള്‍ ഓടിക്കാനുള്ള ലൈസന്‍സ് മാത്രമല്ല, പഠിപ്പിക്കാനുള്ള ലൈസന്‍സും സ്വന്തമാക്കി. വിമാനവും തീവണ്ടിയും ഓടിക്കാനുള്ള ലൈസന്‍സ് മാത്രമേ ഇനിയെടുക്കാനുള്ളൂ. ചെറുചിരിയോടെ മണിയമ്മ കൂട്ടിച്ചേര്‍ത്തു. ടവര്‍ ക്രെയിനില്‍ കയറണമെന്ന ആഗ്രഹം ഇനി ബാക്കിയുണ്ട്.
ആവശ്യം കണ്ടുപിടിത്തങ്ങളുടെ മാതാവ്
2004-ല്‍ ഭര്‍ത്താവിന്റെ മരണത്തോടെയാണ് വാഹന മേഖലയില്‍ മണിയമ്മ സജീവമായത്. അദ്ദേഹം മരിച്ച്് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഡ്രൈവിംഗ് സ്‌കൂളിന്റെ ചുമതല ഏറ്റെടുത്തു.
''മക്കള്‍ക്കു വേണ്ടി ഡ്രൈവിംഗ് സ്‌കൂള്‍ വരെ തുടങ്ങി വെച്ചാണ് അദ്ദേഹം പോയത്. പ്രഭാതനടത്തത്തിനിടെ ഓട്ടോയിടിച്ചാണ് മരണം. നല്ല സ്പീഡിലാണ് ആള്‍ നടക്കുക. ഒപ്പമെത്താന്‍ നമ്മള്‍ പ്രയാസപ്പെടും. പുള്ളി നടന്നു
പോയി ഒരിടത്ത് കാത്തിരിക്കും. എന്റെ കണ്‍മുന്നില്‍ വെച്ചാണ് അപകടം നടന്നത്. സഹായത്തിന് ആരും വന്നില്ല. ഇടിച്ച ഓട്ടോയില്‍ കിടത്തി ഞാനാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ മോട്ടോഴ്‌സ് സംരംഭങ്ങള്‍ നല്ല നിലയില്‍ നോക്കി നടത്താന്‍ കഴിഞ്ഞുവെന്നാണ് കരുതുന്നത്.''
എഴുപത്തൊന്നാം വയസ്സിലും ജീവിതത്തില്‍ പകച്ചുനില്‍ക്കാതെ വാഹന വളയം പിടിച്ച് റോഡിലേക്കിറങ്ങുന്ന മണിയമ്മ പറഞ്ഞു നിര്‍ത്തി.