കാരുണ്യതീരത്ത്

ഹൈദറലി ശാന്തപുരം
ഒക്‌ടോബര്‍ 2019

ഇസ്‌ലാം കാരുണ്യത്തിന്റെ മതമാണ്. കാരുണ്യത്തിന് 'റഹ്മ്' എന്നാണ് പറയുക. 'റഹ്മത്ത്' എന്ന ധാതുവില്‍നിന്ന് ഉത്ഭൂതമാകുന്ന വിവിധ പദങ്ങള്‍ ഖുര്‍ആനില്‍ 330 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. 'അര്‍റഹ്മാന്‍' എന്ന പദം ഖുര്‍ആനിലെ 63 സ്ഥലത്തും 'അര്‍റഹീം' എന്ന പദം 114 സ്ഥലത്തും വന്നിട്ടുണ്ട്. 113 അധ്യായങ്ങളുടെ ആരംഭത്തില്‍ പാരായണം ചെയ്യപ്പെടുന്ന 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' എന്നതില്‍ ആവര്‍ത്തിച്ചു വന്നിട്ടുള്ള വാക്കുകള്‍ക്ക് പുറമെയാണിത്.
ഈ ആവര്‍ത്തനങ്ങളെല്ലാം കുറിക്കുന്നത് അല്ലാഹുവിന് അവന്റെ ദാസന്മാരോടുള്ള കാരുണ്യത്തിന്റെ വലുപ്പവും കാരുണ്യം ഇസ്‌ലാമിന്റെ സവിശേഷ ഇനമാണ് എന്ന വസ്തുതയുമാണ്.
പ്രപഞ്ചത്തിലെ സൃഷ്ടിജാലങ്ങളുടെ സൃഷ്ടിപ്പിലും പ്രാപഞ്ചിക പ്രതിഭാസങ്ങളിലുമെല്ലാം അല്ലാഹുവിന്റെ കാരുണ്യം കളിയാടുന്നതായി കാണാം. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പ്രതീകമായ മഴക്കു മുന്നോടിയായി അടിച്ചു വീശുന്ന ശീതക്കാറ്റിനെക്കുറിച്ചും മഴ വര്‍ഷിപ്പിക്കുന്നതിനെക്കുറിച്ചും അല്ലാഹു പറയുന്നു:
''തന്റെ കാരുണ്യത്തിന് മുന്നോടിയായി കാറ്റുകളെ സന്തോഷവാര്‍ത്തയായി അയച്ചവന്‍ അവനാണ്. പിന്നെ ആകാശത്തുനിന്ന് നാം മഴ വര്‍ഷിപ്പിക്കുന്നു'' (അല്‍ഫുര്‍ഖാന്‍: 48).
മഴ വര്‍ഷിക്കുക വഴി മൃതപ്രായമായി കിടക്കുന്ന ഭൂമിയെ ജീവസ്സുറ്റതാക്കുന്നത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അടയാളമാണെന്നും അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നു:
''അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അടയാളങ്ങള്‍ നോക്കുക. മരിച്ചുകിടക്കുന്ന ഭൂമിയെ എവ്വിധം സജീവമാക്കുന്നു. നിശ്ചയം അവന്‍ മരിച്ചവര്‍ക്ക് ജീവന്‍ നല്‍കുന്നവന്‍ തന്നെ. അവന്‍ സകല സംഗതികള്‍ക്കും കഴിവുള്ളവനാണ്'' (അര്‍റൂം: 50).
രാവും പകലും മാറിമാറി വരുന്ന സംവിധാനമൊരുക്കിയതിലൂടെ മനുഷ്യര്‍ക്ക്  വിശ്രമിക്കാനും അന്നം തേടാനുമുള്ള സൗകര്യം ലഭ്യമാക്കിയെന്നത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാകുന്നു. ''അല്ലാഹു നിങ്ങള്‍ക്ക് രാവും പകലുമുണ്ടാക്കി എന്നത് അവന്റെ കാരുണ്യമാണ്. (രാവില്‍) നിങ്ങള്‍ വിശ്രമിക്കാനും (പകലില്‍) അവന്റെ അനുഗ്രഹം തേടാനും വേണ്ടി. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടിയും കൂടിയാണിത്'' (അല്‍ ഖസ്വസ്വ് 73).
ഐഛിക ജീവിതത്തിനാവശ്യമായ മാര്‍ഗദര്‍ശനം നല്‍കി എന്നതിനു പുറമെ വിശ്വാസികളായ ജനങ്ങള്‍ക്ക് വിധിവിലക്കുകള്‍ നിര്‍ണയിച്ചുകൊടുക്കുന്നതില്‍ ഒരു പ്രയാസവും ഞെരുക്കവുമുണ്ടാക്കിയില്ല എന്നത് അവന്റെ കാരുണ്യത്തിന്റെ മറ്റൊരു ദാഹരണമാണ്. ''അല്ലാഹു ഒരാളെയും അവന്റെ കഴിവിനതീതമായ ഒരു ചുമതലാഭാരവും വഹിപ്പിക്കുകയില്ല'' (അല്‍ ബഖറ: 286).
''അവന്‍ (അല്ലാഹു) നിങ്ങളുടെ മേല്‍ ദീനില്‍ ഒരു ഞെരുക്കവും ഉണ്ടാക്കിയിട്ടില്ല'' (അല്‍ ഹജ്ജ് 78).
അല്ലാഹു പരമകാരുണികനും കാരുണ്യവാനുമായതുപോലെ തന്നെ പ്രവാചകനും കാരുണ്യത്തിന്റെ ഉത്തമ മാതൃകയായിരുന്നുവെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു:
''നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍നിന്നുതന്നെ ഒരു ദൈവദൂതന്‍ ഇതാ ആഗതനായിരിക്കുന്നു. നിങ്ങള്‍ വിഷമിക്കുന്നത് അദ്ദേഹത്തിന് അസഹ്യമാണ്. നിങ്ങളുടെ വിജയത്തില്‍ അതീവ തല്‍പരനാണദ്ദേഹം. സത്യവിശ്വാസികളോട് അലിവും കാരുണ്യവുമുള്ളവനുമാകുന്നു'' (അത്തൗബ: 128).
പ്രവാചകന്‍ സത്യവിശ്വാസികള്‍ക്കു മാത്രമല്ല ലോകര്‍ക്കാകമാനം കാരുണ്യമാണ് എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു.
നബി(സ) തന്റെ ജീവിതത്തിലുടനീളം മനുഷ്യര്‍ക്ക് മാത്രമല്ല ജീവജാലങ്ങള്‍ക്കും കാരുണ്യമായിരുന്നുവെന്ന് കുറിക്കുന്ന ധാരാളം സംഭവങ്ങളുണ്ട്. ഉറുമ്പിന്‍കൂട്ടത്തിനരികെ തീകത്തിച്ച ആളോട് അവയുടെ രക്ഷക്കുവേണ്ടി തീ കെടുത്താന്‍ കല്‍പിച്ചതും പക്ഷിക്കുഞ്ഞുങ്ങളെ എടുത്തുകൊണ്ടു വന്ന വ്യക്തിയോട് അവയുടെ തള്ളക്ക് അവയെ തിരിച്ചേല്‍പിക്കാന്‍ നിര്‍ദേശിച്ചതും ക്ഷീണിച്ച ഒട്ടകപ്പുറത്ത് ഭാരങ്ങള്‍ കയറ്റരുതെന്ന് അതിന്റെ ഉടമയോട് ആജ്ഞാപിച്ചതുമെല്ലാം പ്രസിദ്ധമാണ്.
പ്രവാചകന്‍ തന്റെ കുടുംബത്തോട് ഏറെ കരുണയുള്ളവനായിരുന്നു. അനസ്(റ) പറയുന്നു: ''നബി(സ)യേക്കാള്‍ കുടുംബത്തോട് കരുണയുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല'' (മുസ്‌ലിം).
നബി(സ) കുട്ടികളോട് അതിരറ്റ വാത്സല്യം പ്രകടിപ്പിക്കുകയും അവരെയെടുത്ത് ഉമ്മ വെക്കുകയും ചെയ്യാറുണ്ടായിരുന്നു. അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''നബി(സ) (പൗത്രന്‍) ഹസനെ ഉമ്മ വെക്കുന്നതായി അഖ്‌റഉ ബ്‌നു ഹാബിസ് കണ്ടപ്പോള്‍ പറഞ്ഞു: 'എനിക്ക് പത്ത് മക്കളുണ്ട്. ഞാന്‍ അവരില്‍ ഒരാളെയും ഉമ്മവെച്ചിട്ടില്ല.' അപ്പോള്‍ നബി(സ) പറഞ്ഞു: കരുണ കാണിക്കാത്തവന് കരുണ ലഭിക്കുകയില്ല'' (മുസ്‌ലിം).
അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വൈപുല്യത്തെ സംബന്ധിച്ച് നബി(സ) പ്രസ്താവിച്ചു: ''അല്ലാഹുവിങ്കല്‍ നൂറ് കാരുണ്യമുണ്ട്. അതില്‍നിന്ന് ഒരു കാരുണ്യം ജിന്നുകള്‍ക്കും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മറ്റു ജീവികള്‍ക്കുമിടയില്‍ അവന്‍ ഇറക്കിയിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ പരസ്പരം ദയ കാണിക്കുന്നതും കരുണ കാണിക്കുന്നതും. അതിന്റെ അടിസ്ഥാനത്തില്‍തന്നെയാണ് കാട്ടുമൃഗങ്ങള്‍ അവയുടെ കുട്ടികളോട് വാത്സല്യം കാണിക്കുന്നത്. അല്ലാഹു തൊണ്ണൂറ്റി ഒമ്പത് കാരുണ്യത്തെ പിന്തിച്ചിട്ടിരിക്കുകയാണ്, പുനരുത്ഥാന നാളില്‍ തന്റെ ദാസന്മാരോട് അതിന്റെ അടിസ്ഥാനത്തില്‍ കരുണ കാണിക്കാന്‍'' (മുസ്‌ലിം).
ഇസ്‌ലാമിക സമൂഹങ്ങള്‍ക്കിടയിലുണ്ടാവേണ്ട  പരസ്പര സ്‌നേഹകാരുണ്യത്തിന്റെ പ്രാധാന്യം വിവരിക്കുന്ന ധാരാളം പ്രവാചക വചനങ്ങള്‍ കാണാവുന്നതാണ്:
''മുസ്‌ലിം മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ അവനെ അക്രമിക്കുകയോ അവനെ (ശത്രുക്കള്‍ക്ക്) ഏല്‍പിച്ചുകൊടുക്കുകയോ ചെയ്യുകയില്ല. ആര്‍ തന്റെ സഹോദരന്റെ ആവശ്യനിര്‍വഹണത്തില്‍ ശ്രദ്ധിക്കുന്നുവോ അവന്റെ ആവശ്യ നിര്‍വഹണത്തില്‍ അല്ലാഹുവും ശ്രദ്ധിക്കുന്നതാണ്. ആര്‍ ഒരു മുസ്‌ലിമില്‍നിന്ന് അവന്റെ ഒരു ദുരിതം നീക്കിക്കൊടുക്കുന്നുവോ അല്ലാഹു പുനരുത്ഥാന നാളിലെ ദുരിതങ്ങളില്‍നിന്ന് അവന്റെ ഒരു ദുരിതവും നീക്കിക്കൊടുക്കും. ആര്‍ ഒരു മുസ്‌ലിമിനെ (അവന്റെ ന്യൂനതകളെ) മറച്ചുവെക്കുന്നുവോ അല്ലാഹു അവനെയും (അവന്റെ ന്യൂനതകളെയും) മറച്ചുവെക്കുന്നതാണ്'' (മുസ്‌ലിം).

മനുഷ്യരോട് മാത്രമല്ല, ഇതര ജീവികളോടും കരുണ കാണിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഒരു ജീവിയെ കൊല്ലുകയാണെങ്കില്‍ നന്നായി കൊല്ലണമെന്നും അറുക്കുകയാണെങ്കില്‍ നന്നായി അറുക്കണമെന്നും അറുക്കുന്നത് മൂര്‍ച്ചയുള്ള കത്തികൊണ്ടായിരിക്കണമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. നബി(സ) പറഞ്ഞു:
''എല്ലാ കാര്യങ്ങളും നന്നായി ചെയ്യുകയെന്നത് അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ കൊല്ലുകയാണെങ്കില്‍ നന്നായി കൊല്ലുക. അറുക്കുകയാണെങ്കില്‍ നന്നായി അറുക്കുക. നിങ്ങളിലൊരാള്‍ അറുക്കുമ്പോള്‍ കത്തി മൂര്‍ച്ച കൂട്ടി അറുക്കുന്ന ജീവിക്ക് ആശ്വാസം നല്‍കിക്കൊള്ളട്ടെ'' (മുസ്‌ലിം).
നന്മതിന്മകളുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിവേചനം കല്‍പിച്ചുവെന്നത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ മറ്റൊരു ഉദാഹരണമാണ്. നബി(സ)  പറഞ്ഞു: ''അല്ലാഹു നന്മതിന്മകളെ രേഖപ്പെടുത്തിയിരിക്കുന്നു. എന്നിട്ടതവന്‍ വിശദീകരിച്ചു. ആരെങ്കിലും ഒരു നന്മ പ്രവര്‍ത്തിക്കാന്‍ വിചാരിക്കുകയും എന്നിട്ടത് പ്രവര്‍ത്തിക്കാതിരിക്കുകയുമാണെങ്കില്‍ അല്ലാഹു അവന്റെയടുക്കല്‍ അതൊരു പൂര്‍ണ നന്മയായി രേഖപ്പെടുത്തുന്നു. ഇനി അവനത് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുകയും അത് പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ അവനതിനെ പത്ത് നന്മ മുതല്‍ എഴുനൂറ് നന്മവരെ, അല്ലെങ്കില്‍ ധാരാളം ഇരട്ടിയായി രേഖപ്പെടുത്തും. ഇനി ഒരാള്‍ ഒരു തിന്മ ചെയ്യാന്‍ ഉദ്ദേശിക്കുകയും അത് ചെയ്യാതിരിക്കുകയുമാണെങ്കില്‍ അല്ലാഹു അതിനെ അവന്റെയടുക്കല്‍ ഒരു നന്മയായി രേഖപ്പെടുത്തും. ഇനി അവന്‍ അതിന് ഉദ്ദേശിക്കുകയും അത് പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ അല്ലാഹു ഒരു തിന്മയായി മാത്രമേ രേഖപ്പെടുത്തുകയുള്ളൂ'' (മുസ്‌ലിം).
അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉദാഹരണം ഒരു ധാന്യമണി പോലെയാണ്. അത് ഏഴ് കതിരിട്ടു. ഓരോ കതിരിലും നൂറ് മണികള്‍. അല്ലാഹു അവനിഛിക്കുന്നവര്‍ക്ക് (അവരുടെ കര്‍മങ്ങളെ) ഇരട്ടിച്ചുകൊടുക്കുന്നു. അല്ലാഹു വിശാലനും സര്‍വജ്ഞനുമാണ്'' (അല്‍ ബഖറ: 261).

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media