'എനിക്കുള്ളത് പടച്ചവന്‍ തരും' എന്ന് പറഞ്ഞു കൊണ്ട് ഓണക്കാലത്തു വില്‍പനക്കായി സ്റ്റോക്ക് ചെയ്തിരുന്ന കടയിലെ വസ്ത്രങ്ങള്‍ മുഴുവനും പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് വസ്ത്രങ്ങള്‍ തേടിയെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് എടുത്തു കൊടുത്ത മാലിപ്പുറം സ്വദേശി നൗഷാദിക്കയുടെ നന്മ മണിക്കൂറുകള്‍ കൊണ്ട് കേരളത്തില്‍ തരംഗം സൃഷ്ടിച്ചു. പെരുന്നാളിന്റെ തലേന്നായിരുന്നു ഈ സംഭവം.
നൂറുകണക്കിനു ലോഡ് സാധനങ്ങള്‍ പ്രളയം ദുരിതം വിതച്ച മലബാറിലേക്ക് ഒഴുകി.
നൗഷാദിക്ക കേരളത്തിന്റെ നന്മയുടെ പ്രതീകമായി. ഭാര്യയും രണ്ടു മക്കളുമായി സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചിരുന്ന നൗഷാദിക്കയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പെരുന്നായിരുന്നു ഇത്തവണത്തേത്.
''കൈ അയച്ചു' സഹായിക്കാന്‍ ഒരു കുടുംബനാഥന് കഴിയണമെങ്കില്‍ അതിന്റെ പിന്നില്‍ മനകരുത്തുള്ള ഒരു ഇണയുടെ പിന്തുണ വേണമെന്നുള്ള അന്വേഷണം ചെന്നെത്തുന്നത് എറണാകുളം വൈപ്പില്‍ മാലിപ്പുറം വളപ്പിലുള്ള വീട്ടിലായിരുന്നു. കേരളത്തിന്റെ നന്മയായി മാറിയ നൗഷാദിക്കയുടെ നല്ലപാതി നിസ നൗഷാദ് അവിടെയുണ്ട്.
നൗഷാദിക്കയുടെ നന്മ പെട്ടന്നൊരു ദിവസം ചെയ്യുന്ന പോലെ തോന്നിയില്ല. ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് 26 കൊല്ലമായി. എനിക്കിതില്‍ പുതുമയില്ല. ആരെങ്കിലും ചോദിച്ചാല്‍ കൈയില്‍ ഇല്ലെങ്കില്‍ വേറെ ആരുടെ അടുത്തുനിന്നെങ്കിലും വാങ്ങിച്ചു കൊടുക്കുന്നു സ്വഭാവക്കാരനാണ്. 100 കിട്ടിയാല്‍ 10 കൊടുക്കണം എന്നാണ് പുള്ളിക്കാരന്റെ മൈന്‍ഡ്. ഉമ്മാടെ കൈയിന്നു പോലും വാങ്ങി കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ തവണയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊടുത്തിരുന്നു. ഇത് ഒരു സിനിമാക്കാരന്‍ ലൈവ് ഇട്ടതുകൊണ്ട് എല്ലാരും അറിഞ്ഞന്നു മാത്രം. നിസ നൗഷാദിന്റെ ആദ്യ പ്രതികരണം ഇങ്ങനെയാണ്. പിന്നെയും നിസ പറഞ്ഞുകൊണ്ടിരുന്നു.
''പെരുന്നാളിന്റെ തലേന്നായിരുന്നല്ലോ അവര്‍ വന്നു ചോദിച്ചതും ഇക്ക സാധനങ്ങള്‍ കൊടുത്തതും. ഫേസ്ബുക്കില്‍ കണ്ടിട്ട് പലരും വിളിച്ചു. രാത്രി 11 ഒക്കെ ആയി ആള്‍ ഇവിടെ എത്തിയപ്പോ. പ്രത്യേകിച്ച് എന്തെങ്കിലും ചെയ്തതായി പുള്ളിക്ക് ഇല്ലായിരുന്നു. ഒരുപാട് പേര് വിളിക്കാനും തുടങ്ങി. ചാനലുകാരും വന്നു. ആള്‍ക്കങ്ങാനേ വലുതായിട്ട് വര്‍ത്താനം പറയാനൊന്നും അറിയാന്‍ പാടില്ല. ബാക്കിയൊക്കെ എല്ലാര്‍ക്കും അറിയാലോ. ഇപ്പ ആളെ തീരെ കിട്ടാനില്ല. ആളുകള്‍ ഓരോ പരിപാടിക്കൊക്കെ വിളിക്കുന്നുണ്ട്. എല്ലാത്തിനും പോകും. ആരേം മുഷിപ്പിക്കാന്‍ അറിയില്ല.''
രണ്ടു മക്കള്‍, ഫഹദും ഫര്‍സാനയും മോള്‍ടെ കല്യാണം കഴിഞ്ഞു, മോന്‍ പ്ലസ് ടുവിനു പഠിക്കുന്നു. റിയാദിലെ ഫ്രൂട്‌സ് മാര്‍ക്കറ്റില്‍ സെയില്‍സ് മാന്‍ ആയിരുന്നു ഒന്‍പത് കൊല്ലത്തോളം നൗഷാദ്. നിതാഖാത്തിന്റെ തുടക്കത്തില്‍ തന്നെ നാട്ടില്‍ എത്തി പല ജോലികളും ചെയ്തിട്ടുണ്ട്. നാളിതുവരെ ഒരു കുറവും അറിയിക്കാതെയാണ് ഞങ്ങളെ നോക്കുന്നത്.
ഒരുപാട് പേര് സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി കണ്ടിരുന്നു. ഒരു പാട് പേര് വിളിച്ചു. കുറെ പേര് പൈസ അയച്ചു. അതൊക്കെ അവര്‍ക്കു തന്നെ തിരികെ അയച്ചു കൊടുത്തു. എനിക്കൊന്നും വേണ്ട, എനിക്ക് തരാന്‍ വിചാരിച്ചത് നിങ്ങളുടെ നാട്ടിലെ പാവപെട്ടവര്‍ക്കോ രോഗികള്‍ക്കോ കൊടുക്കാനാണ് അവരോടൊക്കെ പുള്ളി പറഞ്ഞത്.
നമുക്കുള്ളത് പടച്ചോന്‍ തരൂലോ. ഒരു പാര്‍ട്ടി ഒരു ലക്ഷം രൂപ തന്നു. അത് അവരെയും കൂട്ടി പോയി കളക്ടറെ ഏല്‍പിച്ചു. പുതിയ കട തുടങ്ങാന്‍ കുറെ പേര് സഹായിക്കാമെന്ന് പറഞ്ഞിരുന്നു. മരിക്കണ കാലം വരെ ഫൂട്ട് പാത്ത് കച്ചോടം മതീന്നാണ് പുള്ളിടെ ആഗ്രഹം. രാഷ്ട്രീയ പക്ഷഭേദങ്ങളില്ലാതെ മതജാതി ചിന്തയില്ലാതെ തങ്ങള്‍ക്കിടയില്‍ വന്‍മരമായി നില്‍ക്കുന്ന നൗഷാദിക്കയെ കുറിച്ചു നിസ നിര്‍ത്താതെ പറയുകയാണ്.
''അങ്ങനെ ഒരു പാര്‍ട്ടീടേം ആളല്ല. ബ്രോഡ്വേലെ ഫൂട്ട്
പാത്ത് കച്ചോടക്കാരുടെ ഇടയില്‍ ആകെ ഒരു യൂനിയനാണ് ഉള്ളത്. അതില്‍ ഉണ്ട്. അത്രേ ഉള്ളൂ.''
കഴിഞ്ഞ പ്രളയ കാലത്ത് താനൂരിലെ ജൈസല്‍ ആയിരുന്നു കേരളത്തിന്റെ ഹീറോ. ഇത്തവണ നൗഷാദ് ഇക്കയും; എന്തു തോന്നുന്നു എന്ന ചോദ്യത്തിനു ഈ പബ്ലിസിറ്റി ഒക്കെ ഒരു പരീക്ഷണം ആണെന്നാണ് പുള്ളി പറഞ്ഞത്. നമ്മക്ക് ചെയ്യാന്‍ പറ്റണത് ചെയ്തു പോണം. അത്രേ ഉള്ളൂ. നൗഷാദിന്റെ വാക്കുകള്‍ ആവര്‍ത്തിക്കുക മാത്രം ചെയ്യുന്നു നിസ.
ആണുങ്ങക്ക് അവരുടെ പണിക്കിടയിലും കുറെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. അതിനു നമ്മള്‍ വീട്ടുകാര്‍ പിന്തുണക്കണം. അപ്പോഴാണ് അവര്‍ക്കു ഒരു ഉറപ്പ് കിട്ടുള്ളൂ എന്നാണ് പെണ്ണുങ്ങളോടായി അവര്‍ക്ക് പറയാനുള്ളത്.