തലശ്ശേരി പാനൂരിലെ മുഹമ്മദ്ക്ക! പാനൂരിനടുത്ത പാറാട് നിവാസികള്‍ക്ക് അദ്ദേഹത്തെ നന്നായി അറിയാം. പ്രാദേശിക നാട്ടുചരിത്രത്തിന്
തലശ്ശേരി പാനൂരിലെ മുഹമ്മദ്ക്ക! പാനൂരിനടുത്ത പാറാട് നിവാസികള്‍ക്ക് അദ്ദേഹത്തെ നന്നായി അറിയാം. പ്രാദേശിക നാട്ടുചരിത്രത്തിന് വലിയ പ്രാധാന്യമുള്ള ഇക്കാലത്ത് പാറാടിന്റെ എന്‍സൈക്ലോപീഡിയ എന്നുതന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഒരു വടിയും പിടിച്ച്, ഭാണ്ഡവും പേറി സദാ നടന്നുകൊണ്ടിരിക്കുന്നയാളാണ് മുഹമ്മദ്ക്ക. ജടപിടിച്ച താടിയും മുടിയും. കുളിക്കാത്തതുകൊണ്ടാവാം അടുത്തുനില്‍ക്കുമ്പോള്‍ തന്നെ വല്ലാത്തൊരു ദുര്‍ഗന്ധം അനുഭവിക്കേണ്ടിവരും. ഭേദപ്പെട്ട വീടും കുടുംബവും ഉപേക്ഷിച്ച് ഒരു ഒറ്റമുറി ഷെഡിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ഉമ്മയുടെ നാടായ കടവത്തൂരില്‍നിന്നും പന്ത്രണ്ടാം വയസ്സില്‍ ഉപ്പയുടെ നാടായ പാറാട്ടേക്കു വന്നതുമുതല്‍ ഇവിടത്തെ ഓരോ ഇലയനക്കവും സസൂക്ഷ്മം കണ്ടറിഞ്ഞ് ജീവിച്ചുവരുന്ന പച്ചയായ മനുഷ്യന്‍. കുടുംബങ്ങളെയും വ്യക്തികളെയും പറ്റി, വ്യക്തികളുടെ രാഷ്ട്രീയ ബന്ധങ്ങളെയും ആശയങ്ങളെയും സംബന്ധിച്ച് ആരോടും അന്വേഷിക്കാതെ തന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. നാട്ടിലെയും പുറംനാട്ടിലെയും മിക്ക കാര്യങ്ങളെക്കുറിച്ചും അവഗാഹമുണ്ടായിരുന്ന മുഹമ്മദ്ക്കയുടെ ഓര്‍മക്ക് മുന്നില്‍ നാം അത്ഭുതപ്പെട്ടുനിന്നു പോകും. ഇത്തരം ചില മനുഷ്യരെ നാട്ടിന്‍പുറങ്ങളില്‍ പലയിടത്തും കാണാറുണ്ടായിരുന്നു. അറിവും അനുഭവവും ഉള്ളവര്‍, ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍. എന്നാല്‍ നന്മയുള്ള മനുഷ്യരായിരിക്കും ഏറെപ്പേരും.
ഞങ്ങള്‍ ഒരു കുടുംബ ഡയറക്ടറി പുറത്തിറക്കാന്‍ തീരുമാനിച്ചപ്പോള്‍ മുഹമ്മദ്ക്കയുടെ അറിവുകളാണ് ഏറെ സഹായകമായത്. ബര്‍മയിലായിരുന്ന ഞങ്ങളുടെ ഉപ്പ നാട്ടിലെത്തിയപ്പോള്‍ ഉപ്പയുടെ കൂടെ മദ്രാസില്‍ അദ്ദേഹം കുറേകാലം തട്ടുകട നടത്തിയിരുന്നു, കൂടെ ഒരു സഹോദരനുമുണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സഹോദരി മാത്രമേ ജീവിച്ചിരിപ്പുള്ളൂ. മുപ്പത്തിയഞ്ചാം വയസ്സില്‍ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം മുന്നോട്ടുപോയില്ല. പക്ഷേ, ഇതൊന്നും തന്നെ മുഹമ്മദ്ക്കയുടെ വിജ്ഞാനലഹരിക്ക് ഒരു പോറലുമേല്‍പ്പിച്ചില്ല. ഒറ്റയ്‌ക്കൊരു ജീവിതം തുടങ്ങിയിട്ട് കാലം കുറേയായി. തെരുവില്‍ അലഞ്ഞുതിരിയുമ്പോഴും ഏതെങ്കിലും കല്യാണവീടുകളിലോ, മറ്റു പരിപാടികളിലോ അദ്ദേഹത്തെ കാണാറില്ലായിരുന്നു. ഇദ്ദേഹത്തെ കുളിപ്പിച്ച്, ജടപിടിച്ച താടിയും മുടിയും മുറിച്ച്, വൃത്തിയുള്ള വസ്ത്രം ധരിച്ച് കാണാന്‍ വല്ലാതെ കൊതിച്ചിരുന്നു. കുടുംബവീട്ടിലോ മറ്റേതെങ്കിലും വീട്ടിലോ വന്ന് താമസിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല.
ചോര്‍ന്നൊലിക്കുന്ന ചെറിയ ഒരു ഷെഡില്‍ യാതൊരു പരിഭവവുമില്ലാതെ മുഹമ്മദ്ക്ക ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് കാലിലെ മുറിവ് വ്രണമായി മാറുന്നത്. അദ്ദേഹത്തിന്റെ ജീവിതം പ്രയാസകരമായിത്തുടങ്ങിയിരുന്നു. ഒന്നര വര്‍ഷം മുമ്പ് മുഹമ്മദ്ക്ക അവശനായി കിടക്കുന്നുവെന്ന് ഫോണ്‍ സന്ദേശം കിട്ടി. സുഹൃത്തുക്കളോടൊപ്പം അദ്ദേഹത്തെ സന്ദര്‍ശിച്ചു. ചോര്‍ന്നൊലിക്കുന്ന ഒരു ഷെഡില്‍ കാലില്‍ ഒരു വ്രണവും കാഴ്ച മങ്ങിയ കണ്ണുകളുമായി ഒരു മരബെഞ്ചില്‍ കിടക്കുന്ന അദ്ദേഹം വല്ലാത്തൊരു അവസ്ഥയിലായിരുന്നു. എങ്കിലും മനസ്സിലൊരു സമാധാനമുണ്ടായിരുന്നു; അദ്ദേഹത്തെ സുരക്ഷിതമായി താമസിപ്പിക്കാന്‍ ഇപ്പോള്‍ ഒരു ഇടമുണ്ട് എന്നതായിരുന്നു ആ സമാധാനത്തിന്റെ അടിസ്ഥാനം; പീസ് വില്ലേജ്. ആരോരുമില്ലാത്തവര്‍ക്ക് പലരും ഉണ്ടായിത്തീരുന്ന സ്‌നേഹവീടാണ്. 'നിങ്ങളെ പീസ് വില്ലേജിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വന്നതാണെ'ന്ന് അറിയിച്ചപ്പോള്‍ അദ്ദേഹം ആദ്യം സന്നദ്ധനായില്ല. 'ഞാനെങ്ങോട്ടുമില്ല, എനിക്ക് ഇവിടെക്കിടന്നു തന്നെ മരിക്കണം' എന്ന് വാശിപിടിച്ചു. കാലിലെ വ്രണം ആശുപത്രിയില്‍ കാണിച്ച് ചികിത്സിച്ച് തിരിച്ചുവരാമെന്നൊക്കെ പറഞ്ഞ് സ്‌നേഹത്തോടെ സംസാരിച്ചപ്പോള്‍ അദ്ദേഹം സന്നദ്ധനായി. അങ്ങനെ, പീസ് വില്ലേജിന്റെ സംരക്ഷണത്തില്‍ വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ മുഹമ്മദ്ക്കയെ കൊണ്ടുപോയി ചികിത്സിച്ചു. അസുഖം ഭേദമായതോടെ അദ്ദേഹം പീസ് വില്ലേജ് കുടുംബത്തിലെ അംഗമായി. അത്തരമൊരു സ്‌നേഹസംരക്ഷണമില്ലാതെ മുന്നോട്ടു പോകാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരുന്നു അദ്ദേഹം. ഇത് ഏതാണ്ടെല്ലാ മനുഷ്യരുടെയും അവസ്ഥയാണ്. യൗവനത്തിന്റെ ചോരത്തിളപ്പും മധ്യവയസ്സിന്റെ ഊര്‍ജസ്വലതയുമൊക്കെ കഴിയുമ്പോഴോ, ചിലപ്പോള്‍ അതിനിടയില്‍തന്നെയോ ഞെട്ടറ്റു വീണ ഇല പോലെ മനുഷ്യന്‍ വാടിത്തളര്‍ന്നു വീഴാം. പരാശ്രയമില്ലാതെ ഒന്ന് എഴുന്നേറ്റു നില്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിവിശേഷം ജീവിതത്തെ വിഴുങ്ങാം! അതോര്‍ത്തല്ല പലരും ജീവിക്കാറുള്ളത് എന്നതാണ് സങ്കടകരം.
ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യരെ, യാത്രകള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കും മറ്റുമിടയില്‍ പലപ്പോഴായി കണ്ടിട്ടുണ്ട്. ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയവര്‍ മാത്രമല്ല, എല്ലാവരും ഉണ്ടായിട്ടും ഒറ്റക്കായിപ്പോയവരും നമുക്ക് ചുറ്റുമുണ്ട്. ബാംഗ്ലൂര്‍ നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍, റോഡരികില്‍ മരിച്ചു കിടക്കുന്ന ഒരാളെ ഹോട്ടലില്‍ താമസിക്കുമ്പോള്‍ കണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംഭവം. ഒരു രാത്രി മുഴുവന്‍ ആ മൃതദേഹം റോഡരികില്‍ കിടന്നു. ആരോ പുതപ്പിച്ച ഒരു തുണി ഇടക്കിടെ അയാളുടെ മുഖത്തു നിന്ന് മാറിപ്പോകുന്നത് ഇപ്പോഴും ഓര്‍ക്കുന്നു. അന്നുതൊട്ടേ ഇത്തരം മനുഷ്യര്‍ മനസ്സിന്റെ നൊമ്പരമായി പുകയുന്നുണ്ടായിരുന്നു. പിന്നീടെപ്പോഴോ യാത്രകള്‍ക്കിടയില്‍തന്നെ സുഹൃത്തുക്കളുമായുള്ള ചര്‍ച്ചയിലാണ് പീസ് വില്ലേജ് എന്ന ആശയം രൂപപ്പെട്ടുവന്നത്. നമ്മുടെ നാട്ടില്‍ അഗതികേന്ദ്രങ്ങള്‍ പലതുമുണ്ടെങ്കിലും വ്യത്യസ്തമായൊരു സ്‌നേഹഭവനം എന്നതായിരുന്നു ഞങ്ങളുടെ സ്വപ്‌നം. അത് ഏറക്കുറെ സാക്ഷാത്കരിച്ചുകൊണ്ടാണ് പീസ് വില്ലേജ് മുന്നോട്ടു പോകുന്നത്.
പീസ് വില്ലേജെന്ന ആശയം നാമ്പിടുമ്പോള്‍ തന്നെ മുഹമ്മദ്ക്ക മനസ്സില്‍ കണ്ടിരുന്നു. ആ സ്വപ്‌നം യാഥാര്‍ഥ്യമായതിനു ശേഷം പലപ്പോഴായി മുഹമ്മദ്ക്കയെ ക്ഷണിക്കാറുണ്ടായിരുന്നു; 'നിങ്ങള്‍ക്ക് ഒരു ജോലി തരപ്പെടുത്തിത്തരാം, ഒരു വാച്ച്മാന്റെ ജോലി. നിങ്ങള്‍ വയനാട്ടിലേക്ക് വരണം'. അപ്പോഴൊക്കെ അദ്ദേഹം ഒഴിഞ്ഞുമാറിക്കളയും; 'അത്, എന്നെയും കൊണ്ട് നിങ്ങ? ബുദ്ധിമുട്ടും. ഞാന്‍ വരില്ല' എന്നായിരിക്കും മറുപടി. പക്ഷേ, അവസാനം അദ്ദേഹവും അവിടെയെത്തി. അദ്ദേഹത്തെ കാണാന്‍ വേണ്ടി മാത്രം പാനൂര്‍, പാറാട് പ്രദേശങ്ങളല്‍നിന്ന് ആളുകള്‍ പീസ് വില്ലേജില്‍ വരാറുണ്ട്. മൂന്ന് മാസം മുമ്പ് ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബും ശൈഖ് മുഹമ്മദ് കാരകുന്നും പീസ് വില്ലേജ് സന്ദര്‍ശിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ സംസാരം കേട്ട് അത്ഭുതപ്പെടുകയുണ്ടായി. കാരണം മാധ്യമത്തിലെ ചിലരെക്കുറിച്ചൊക്കെയാണ് മുഹമ്മദ്ക്ക സംസാരിച്ചിരുന്നത്. അങ്ങനെ പലരും പീസ് വില്ലേജിലുണ്ട്. നന്നായി വായിക്കുകയും കവിതയെഴുതുകയും ചെയ്യുന്ന ഭാരതിയമ്മ, ഗായകന്‍ പീര്‍ മുഹമ്മദിന്റെ സഹോദരനും നല്ല വായനക്കാരനുമായ റഊഫ്ക്ക മുതല്‍ ഒഡീഷക്കാരി ശാന്തി ഉള്‍പ്പെടെ എഴുപതോളം പേര്‍. അവരെ പരിചരിക്കാന്‍ ഇരുപതോളം ജീവനക്കാര്‍. പിന്നെ പീസ് വില്ലേജിനെ സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന പിണങ്ങോട് ഗ്രാമത്തിലെ സഹൃദയര്‍, സലീം ബാവയുടെ നേത്യത്വത്തിലുള്ള സപ്പോര്‍ട്ടിംഗ് കമ്മിറ്റി, പീസ് വില്ലേജിനെ നെഞ്ചേറ്റിയ വിദ്യാര്‍ഥി യുവജനങ്ങളുടെ കൂട്ടായ്മ, ഡോ. മുനീര്‍ മുഹമ്മദ് റഫീഖ് കോഡിനേറ്ററായുള്ള പീസ് യൂത്ത്- ഇവരെല്ലാം ചേരുന്നതാണ് പീസ് വില്ലേജ് കുടുംബം.
കുടുംബത്തില്‍നിന്ന്, സമൂഹത്തില്‍നിന്ന് കിട്ടേണ്ട പലതും പകര്‍ന്നുനല്‍കാനുള്ള ശ്രമമാണ് പീസ് വില്ലേജ്. അവിടെയുള്ള മനുഷ്യരെ നമ്മുടെ ശരീരത്തോട് ചേര്‍ത്തു പിടിക്കണം. അപ്പോള്‍ നമുക്ക് കിട്ടുന്ന മനസ്സമാധാനമുണ്ടല്ലോ, ആ സന്തോഷവും സമാധാനവും ഒരുപക്ഷേ ജീവിതത്തില്‍ നമുക്ക് ലഭിക്കുന്ന മറ്റെല്ലാ സൗഭാഗ്യങ്ങളേക്കാളും ഐശ്യര്യത്തേക്കാളും ഏറെ വലുതാണ്, മഹത്തരമാണ്.