ദുരിതപ്പെയ്ത്തിലെ നന്മമരങ്ങള്‍

ഷമീമ സക്കീര്‍ No image

നട്ടതും നനച്ചതും മാത്രമല്ല ചേര്‍ത്തുനിര്‍ത്തിയവരെപ്പോലും നഷ്ടപ്പെടുത്തിക്കളഞ്ഞ മഹാദുരിതത്തിന്റെ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാകും മുന്നേ വീണ്ടുമൊരു മഹാദുരന്തം നമ്മളാരും പ്രതീക്ഷിച്ചതേയില്ല.
ആഗസ്റ്റ് വരെ ശാന്തമായിരുന്ന മഴക്കാലം പെരുമഴയായി തിമിര്‍ത്തപ്പോള്‍ മലമുകളില്‍നിന്ന് മണ്ണിറങ്ങി ചെറുതും വലുതുമായ എണ്‍പതോളം ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടിയൊഴുകി വന്ന മണ്ണും പാറയും മരങ്ങളും ജനവാസ മേഖലകളെ ശ്മശാനഭൂമിയാക്കി മാറ്റിയത് നാം കണ്ടു. പുഴകള്‍ ദിശമാറി അങ്ങാടികളിലുടെയും വീടുകളിലുടെയും ഒഴുകാന്‍ തുടങ്ങി. ഏറ്റവും ഉരുള്‍പൊട്ടലുണ്ടായ മലബാര്‍ മേഖല ഒന്നടങ്കം വെള്ളത്തിലായി. ഓരോ പ്രദേശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ട് ഓരോ തുരുത്തുകളായി. വയനാട്ടിലെ മേപ്പാടിയും മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും ഈ മഴക്കാലത്തെ തീരാവേദനായാക്കിത്തീര്‍ത്തതു കാണാനാകാതെ കേരള ജനത വിറങ്ങലിച്ചു. മേപ്പാടിയില്‍ ജനവാസ മേഖലയിലെ രണ്ടു പാടികളാണ് അടര്‍ന്നൊലിച്ചുപോയത്. ചാലിയാര്‍ കരകവിഞ്ഞൊഴുകിയപ്പോള്‍ നിലമ്പൂര്‍ മുതല്‍ കോഴിക്കോട് ജില്ലയിലെ മുക്കം, കൊടിയത്തുര്‍ പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. 
പൊട്ടിയടര്‍ന്ന പാറക്കൂട്ടത്തിനും മണ്ണിനുമിടയില്‍  ഇന്നും പുറത്തെടുക്കാന്‍ കഴിയാതെ മണ്ണിനടിയില്‍ കിടക്കുന്നുണ്ട് നിരവധി ശരീരങ്ങള്‍... ഒന്നു തിരിഞ്ഞുനോക്കുന്നതിനിടയില്‍ എല്ലാം നഷ്ടപ്പെട്ടതിന്റെ നടുക്കം വിട്ടൊഴിയാത്തവര്‍... വര്‍ഷങ്ങളുടെ മനമുരുകി പ്രാര്‍ഥനയില്‍ പിറന്ന പൊന്നോമനയെ അവസാന ചുംബനം നല്‍കി നെഞ്ചോടു ചേര്‍ത്തുറക്കിയ മേപ്പാടിയിലെ ഉമ്മ... കുത്തിയൊലിച്ചിറങ്ങിയ മണ്ണിനു വിട്ടുകൊടുക്കാന്‍ മനസ്സില്ലാതെ കൈപ്പിടിച്ചിട്ടും അമ്മയെയും ഭാര്യയെയും മകനെയും നഷ്ടപ്പെട്ട കോട്ടക്കുന്നിലെ യുവാവ്... ഇങ്ങനെ ഉദാഹരണങ്ങളില്‍ പറയാന്‍ കഴിയാത്ത എത്രയോ ജീവിതങ്ങളാണ് ഉണങ്ങാത്ത നനവുകളുമായി ബാക്കിയായത്! എന്നാലും കുത്തിയൊലിച്ച മണ്‍കൂനക്കൊപ്പം ഒലിച്ചു
പോകാത്ത മറ്റൊന്നു കൂടി കേരളം വീും കു. എല്ലാം നഷ്ടപ്പെട്ട് ഉറ്റവരുടെ ഉടലിനു വേണ്ടി ദുരന്തഭൂമിയിലെ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം തിരച്ചിലിലേര്‍പ്പെട്ടവര്‍...നന്മകള്‍ മരിച്ചിട്ടില്ലാത്ത ലോകത്തിന്റെ പ്രതീക്ഷകളാണിവര്‍.
കഴിഞ്ഞ പ്രളയത്തിനു ശേഷം സഹവര്‍ത്തിത്വത്തിന്റെ അതിജീവന കരുത്ത് കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചവര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു നമ്മുടെ നാടിനെ. അതേ കരുത്തും പ്രാര്‍ഥനയും ചേര്‍ത്താണ് ഈ പ്രളയകാലവും നമ്മള്‍ തുഴഞ്ഞു നീങ്ങുന്നത്. സ്ത്രീ-പുരുഷ ഭേദമില്ലാതെ കുറേ മനുഷ്യരുടെ അര്‍പ്പണബോധത്തിന്റേയും കഠിനാധ്വാനത്തിന്റെയും ഫലം കൊണ്ടു തന്നെയാണ് നമുക്ക് കരകയറാന്‍ കഴിയുന്നത്. അവിടെ നമ്മെ വിസ്മയിപ്പിച്ച കുറേ പെണ്‍മുഖങ്ങളുണ്ടായിരുന്നു. അവരുടെ പെരുന്നാളും അറഫയുമെല്ലാം  ദുരന്തഭൂമിയിലെ ദൗത്യമായിരുന്നു. നാഥന്‍ നമ്മെ കുറേ പേരെ ഇങ്ങനെ സുരക്ഷിതരാക്കി അവശേഷിപ്പിച്ചതാണ് നമുക്കുള്ള വലിയ പരീക്ഷണം. ഭൂമിയിലുള്ളവരോട് കരുണ കാണിക്കുന്നവര്‍ക്ക് ആകാശത്തുള്ളവന്റെ കാരുണ്യം ഉണ്ടാകുമെന്ന അചഞ്ചലമായ വിശ്വാസമാണ് ആ ദുരന്തഭൂമിയിലേക്ക് അവരെ പാഞ്ഞടുപ്പിച്ചത്.
കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടി സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും അവസാനിപ്പിക്കുന്നതു വരെ രാപ്പകലുകളില്ലാതെ മഴയും ചെളിയും വകവെക്കാതെ ഒരു റെഡ് അലര്‍ട്ടിലും സ്വയം ജാഗ്രതപ്പെടാതെ ഇനിയുമൊരൊഴുക്കുണ്ടായാല്‍ പൊട്ടിവീഴാന്‍ കാത്തു നില്‍ക്കുന്ന മലയടിവാരത്തില്‍ ദിവസങ്ങളോളം തന്റെ ജീവിത ചുറ്റുപാടുകളൊന്നുമില്ലാതെ, കാമറകള്‍ക്കൊന്നും മുഖം നല്‍കാതെ അവര്‍ നിലയുറപ്പിച്ചു. അതിജീവന കേരളത്തിന്റെ ഉറപ്പ് നീല കുപ്പായം കൊണ്ട് വരച്ചിട്ട കുറേ മനുഷ്യപ്പറ്റുള്ള കൂട്ടങ്ങള്‍.  
കവളപ്പാറയില്‍ ഐ.ആര്‍.ഡബ്ല്യൂവിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി ക്യാമ്പവസാനിക്കുന്നതു വരെ തുടര്‍ച്ചയായ 18 ദിവസം പോത്തുകല്ല് പള്ളിയോട് ചേര്‍ന്ന് അടുക്കള കെട്ടി രാവും പകലുമില്ലാതെ അവിടെ വെച്ചും വിളമ്പിയുമിരുന്നത് പ്രദേശവാസി ആമിനതാത്തയും സംഘവുമായിരുന്നു. അവര്‍ പറയുന്നു: ''പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറുന്നു എന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ ഭര്‍ത്താവിനോടൊപ്പം അങ്ങോട്ടോടി. ശാരീരിക അവശതകള്‍ ഒരുപാടുണ്ടായിട്ടും അരയോളം എത്തിയ വെള്ളത്തില്‍ ഇറങ്ങി കഴിയുന്നവരെയെല്ലാം രക്ഷപ്പെടുത്തിക്കൊണ്ടിരുന്നു. രക്ഷപ്പെട്ട് ഓടിക്കയറിയ ഇടങ്ങളിലെല്ലാം വെള്ളം കയറാന്‍ തുടങ്ങി. പിന്നീട് എവിടെയെല്ലാമാണോ വഴികളുള്ളത് അതിലൂടെയെല്ലാം ഓടുകയാണ്. പ്രസവിച്ച് കിടക്കുന്ന സ്ത്രീകള്‍, പ്രായമായവര്‍, കുട്ടികള്‍, അവശരായ രോഗികള്‍ എല്ലാവരും ഓടുന്നു. നിമിഷങ്ങള്‍ക്കകം ലോകം അവസാനിക്കുകയാണെന്ന് തോന്നിപ്പോയി. ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെയും വലിച്ച് പള്ളിയിലേക്ക് ഓടിക്കയറിയത് മറക്കാന്‍ കഴിയില്ല. കുറച്ചു ദിവസം പള്ളിയില്‍ കിടത്തി ശുശ്രുഷിച്ചു.'' ജിവിതത്തിലാദ്യമായി ജുമുഅ ഖുത്വ്ബ കേട്ട അവര്‍ പൊട്ടിക്കരഞ്ഞത്രെ. തുടയെല്ല് പൊട്ടി ചികിത്സയിലായിരുന്ന ഒരു സ്ത്രീ ആ കാലും വെച്ചാണത്രെ വീട്ടില്‍നിന്നിറങ്ങി ഓടിയത്. നിമിഷങ്ങള്‍ക്കകം ആ വീട് നിലംപൊത്തി. അവരെയും രക്ഷപ്പെടുത്തി ഓടുന്നതിനിടയിലാണ് സ്വന്തം വീട്ടില്‍ വെള്ളം കയറിയതറിയുന്നത്. 80 വയസ്സായ ഉമ്മയും മരുമകളും ഉള്ള വീട്ടില്‍ പോയി കിട്ടിയ സാധനങ്ങളുമെടുത്ത് അവരെയും കൂട്ടി രക്ഷപ്പെട്ടു. പിന്നീട് പോലീസിന്റെയും രക്ഷാപ്രവര്‍ത്തകരുടെയും കൂടെ ഐ.ആര്‍.ഡബ്ല്യൂവിന്റെ വലിയ ഒരു ടീം എത്തിയ ശേഷമാണ് പോത്തുകല്ല് പള്ളിയോട് ചേര്‍ന്ന് ദുരന്തബാധിതര്‍ക്ക് അന്നമൊരുക്കുന്നതിനായി ആമിനത്തയും  റശീദത്തയും ചേര്‍ന്ന് അടുപ്പ് കൂട്ടുന്നത്. സര്‍വശക്തന്‍ തങ്ങള്‍ക്കു നല്‍കിയ വലിയൊരവസരമായിട്ടവര്‍ ആ ദിനങ്ങളെ ഓര്‍ക്കുന്നു. പിന്നിട് അവരോടൊപ്പം ചേരാന്‍ പ്രദേശത്തെ വനിതാ പ്രവര്‍ത്തകരെല്ലാം എത്തി. ജമീല, വസീല അങ്ങനെ കുറേ പേര്‍. അവിടേക്കുള്ള വഴികളിലെ വെള്ളം ഇറങ്ങിയ ശേഷം പരിസരപ്രദേശങ്ങളില്‍നിന്നും മറ്റു ഏരിയകളില്‍നിന്നുമെല്ലാം വനിതകള്‍ അവരുടെ സഹായത്തിനെത്തി. 25 കിലോ മുതല്‍ ഒരു ക്വിന്റല്‍ അരി കൊണ്ട്‌വരെ അവര്‍ ഭക്ഷണമുണ്ടാക്കി. രാവിലെ 3 മണിക്ക് തീ കത്താന്‍ തുടങ്ങുന്ന അടുപ്പ് പിന്നെ അണയുന്നത് രാത്രിയിലാണ്. അതുവരെ വെക്കലും വിളമ്പലും തന്നെ. രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, വെള്ളം ഇറങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വന്നിരുന്ന നൂറു കണക്കിനാളുകള്‍ക്കാണ് ആ പെണ്‍കൂട്ടം നീണ്ട പതിനെട്ടു ദിവസം അന്നമൊരുക്കിയത്; ക്ഷീണമില്ലാതെ, ഉറക്കമില്ലാതെ.
ടീം വെല്‍ഫെയറിന്റെ കീഴില്‍ ദിവസങ്ങളോളം നീണ്ടുനിന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് നസീറ ബാനുവും റംല മമ്പാടുമല്ലാം ഉള്‍പ്പെടുന്ന ഒരു വലിയ സംഘം. അഴുക്കും ചെളിയും കല്ലും ഇഴജന്തുക്കളും ജീവികളുടെ അഴുകിയ ശരീരങ്ങളും ചേര്‍ന്ന് കുഴമ്പായ, വീടേത്, പുഴയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഇടങ്ങളില്‍ അവര്‍ പണിയെടുത്തു. എല്ലാം നഷ്ടപ്പെട്ട് തകര്‍ന്നു നില്‍ക്കുന്നവരെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കാനും അവര്‍ക്ക് ധൈര്യം നല്‍കാനും കഴിയുക സ്ത്രീകള്‍ക്കു തന്നെയാണ് എന്ന് ഉറപ്പുള്ളവരായിരുന്നു അവര്‍. ഇനി നമ്മള്‍ തുടച്ചെടുക്കേണ്ടത് ഇവരുടെ ദുരിതങ്ങള്‍ കൂടിയാണ് എന്നവര്‍ ഉറപ്പിച്ചു പറയുന്നു.
അവശ്യസാധനങ്ങളും വസ്ത്രങ്ങളും ആവശ്യക്കാരിലേക്കെത്തിക്കാന്‍ തുടങ്ങിയ പീപ്പ്ള്‍സ് മാര്‍ക്കറ്റിന്റെയും സൗജന്യ ടെക്‌സ്റ്റെയില്‍ ഷോറൂമിന്റെയും ഭാഗമായി ദിവസങ്ങളോളം ജോലിചെയ്ത പെണ്‍കുട്ടികളുടെ ഒരു വലിയ സംഘമുണ്ട്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നെത്തിയ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമടങ്ങുന്ന ലോഡ്കണക്കിന് സാധനസാമഗ്രികള്‍ വേര്‍തിരിച്ച് പാക്കുകളാക്കി കൃത്യമായി കണക്കുകള്‍ രേഖപ്പെടുത്തി വിതരണത്തിന് സാധ്യമാക്കുംവിധം ഷോറൂമുകളില്‍ തയാറാക്കിവെക്കാന്‍ കുറേ പെണ്‍കുട്ടികളുടെ ദിവസങ്ങളുടെ അധ്വാനമുണ്ട്. ടീം വെല്‍ഫെയറിന്റെ കീഴില്‍ ഓരോ വീടുകളിലും സര്‍വേ നടത്തി അവശ്യസാധനങ്ങളുടെ ലിസ്റ്റ് തയാറാക്കി ഓരോ കുടുംബത്തിനും സ്ലിപ്പുകള്‍ വിതരണം ചെയ്തിരുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഈ പ്രവര്‍ത്തനങ്ങളിലും വിഭവസമാഹരണ കേന്ദ്രങ്ങളിലും ഇവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. വയനാടില്‍ ഷഫ്ന, നിലമ്പൂരില്‍ സഫ, ഹബീബ, ഫസ്‌ന മിയാന്‍, അരീക്കോട്ട് ഫര്‍ഹ, ജമീലത്ത തുടങ്ങി പേരു പറഞ്ഞതും പറയാത്തതുമായ നിരവധി പെണ്‍മുഖങ്ങള്‍. ഷോറൂമുകളുടെ ഉദ്ഘാടനം തുടങ്ങി വിതരണം അവസാനിക്കുന്നതു വരെ വിവിധ പ്രദേശങ്ങളില്‍നിന്നെത്തിയ ഒരു കൂട്ടം വനിതാ പ്രവര്‍ത്തകര്‍. ഷോറൂമുകളുടെ ആസൂത്രിതമായ ഈ സംഘാടനാമികവിന് ടീം വെല്‍ഫെയര്‍ വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്നു പറഞ്ഞ നിരവധി ആളുകളുണ്ട്. അതിനേക്കാള്‍ ഹൃദയം കൊണ്ട് പ്രാര്‍ഥിച്ച എത്രയോ മനുഷ്യര്‍!
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വളന്റിയേഴ്‌സ് സ്വന്തം കാര്യങ്ങളില്‍ ജാഗ്രതയുള്ളവരാകില്ല. അവരുടെ ജാഗ്രത മുഴുവന്‍ മണ്ണാല്‍ മറക്കപ്പെട്ട തന്റെ സഹോദരങ്ങളിലായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കാലിലെ നഖം മുഴുവനായി പറിഞ്ഞുപോയ ഒരു പ്രവര്‍ത്തകന്‍ എട്ടു ദിവസം ആ കാലുകൊണ്ട് മണ്ണില്‍ സഹജീവികള്‍ക്കായി പണിയെടുക്കുകയായിരുന്നു. തന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വിശ്രമത്തിനു തയാറായതെന്ന് പറയുന്നു, മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ഫായിസ കരുവാരകുണ്ട്. ഫായിസയുടെ കൂടെ  കുറച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനികളും ഈ സംഘത്തിന്റെ ഭാഗമായി ഉായിരുന്നു.
മലപ്പുറം മൈലപ്പുറത്ത് ഒരു ക്യാമ്പിന്റെ നടത്തിപ്പ്  പൂര്‍ണമായും സബിത ബാവയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം സ്ത്രീകളിലായിരുന്നു. വെച്ചതും വിളമ്പിയതും ശുശ്രൂഷകള്‍ നടത്തിയതും എല്ലാം ഈ പെണ്‍കൂട്ടം തന്നെ.
വിവിധ ടീമുകളായി സ്ത്രീകള്‍ ഇന്നും ഉള്‍പ്രദേശങ്ങളിലും വാഹനമെത്താത്ത കോളനികളിലുമായി സര്‍വേ പ്രവര്‍ത്തനങ്ങളിലാണ്; നിരാംലംബരായി തന്റെ സഹജീവികള്‍ എവിടെയെങ്കിലും നനഞ്ഞിരിക്കുന്നുണ്ടോ എന്നറിയാന്‍.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top