മിക്ക പൂരിപ്പിക്കലും ഒഴിവാക്കലാണ്.
അതിനുള്ള മാര്‍ക്ക് പണ്ടേ കിട്ടാറില്ല.
വിട്ട ഭാഗം പൂരിപ്പിക്കുമ്പോള്‍
ഉത്തരം പൂര്‍ണം,
സമസ്യാ പൂരണം.
എനിക്ക് ഒന്നും പൂരിപ്പിക്കാനാവുന്നില്ല.
മാഷ് പറഞ്ഞു,
കളിയില്‍ മിടുക്കനാണല്ലോ,
പിന്നെന്തേ പൂരിപ്പിക്കല്‍ വിട്ടുകളയുന്നത്....
രണ്ടു പലകകള്‍ ചേര്‍ത്തുവെക്കാം,
അത് വാതിലാകും.
രണ്ടു കല്ലുകള്‍ ചേര്‍ത്തുവെക്കാം,
അത് മതിലാകും.
രണ്ടു ഭാഷകള്‍ ചേരുന്നില്ല,
രണ്ടു വീടുകള്‍ ചേരുന്നില്ല.
വാക്കുകള്‍ സമംചേര്‍ത്തു പൂരിപ്പിക്കണം,
ഭാഷ അലങ്കാരമാക്കണം,
വിട്ടുപോയ ജീവിതം കൂട്ടിവായിക്കണം.
ഞാനിപ്പോള്‍
എന്റെ പഴയ സ്കൂളിന്റെ മുന്നിലാണ്.
എന്നെത്തന്നെ
വാക്യത്തില്‍ പ്രയോഗിക്കുകയാണ്.