അമ്മപ്പാല്‍ അമൃത്
അബ്ദുസ്സമദ് കൂട്ടിലങ്ങാടി
ഒക്ടോബര്‍ 2019
ശിശുസൗഹൃദ സംസ്ഥാനമെന്ന ഒന്നാം സ്ഥാന പദവി കേരളത്തിനു നഷ്ടമായിരിക്കുന്നു. പ്രസവിച്ച് ആറു മാസം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കുക
ശിശുസൗഹൃദ സംസ്ഥാനമെന്ന ഒന്നാം സ്ഥാന പദവി കേരളത്തിനു നഷ്ടമായിരിക്കുന്നു. പ്രസവിച്ച് ആറു മാസം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കുക എന്നതാണ് അംഗീകൃത തത്ത്വം. ദേശീയ കുടുംബാരോഗ്യ സര്‍വേ നടത്തിയ പഠനത്തിലാണ് കേരളം ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി കണ്ടെത്തിയത്. 2002-ല്‍ കേരളം ഒന്നാം സ്ഥാനത്തായിരുന്നുവെങ്കില്‍ 2019-ല്‍ ഒമ്പതാം സ്ഥാനത്താണ്. ഛത്തീസ്ഗഢ് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.
ദേശീയ കുടുംബാരോഗ്യ സര്‍വേ നടത്തിയ മറ്റൊരു പഠനത്തില്‍ കണ്ടെത്തിയത് കേവലം 46 ശതമാനം കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് പ്രസവിച്ച് ആറു മാസത്തില്‍ മുലപ്പാല്‍ മാത്രമായി ലഭിക്കുന്നത് എന്നാണ്. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ ലഭിക്കുന്നത് 45 ശതമാനം കുഞ്ഞുങ്ങള്‍ക്കു മാത്രം. നമ്മുടെ ലക്ഷ്യം അര മണിക്കൂറിനകം തന്നെ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും മുലപ്പാല്‍ ലഭിക്കണമെന്നതാണ്. ആ ലക്ഷ്യത്തിലേക്കെത്താന്‍ കാര്യമായ ബോധവല്‍ക്കരണവും പ്രവര്‍ത്തനവും ഊര്‍ജസ്വലമായി നടക്കേണ്ടതുണ്ട്.
ജനിച്ച് ആറു മാസം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കാനായാല്‍തന്നെ അവരുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കും. എന്നാല്‍ ഇത് മാതാക്കളെ ബോധ്യപ്പെടുത്തുന്നതില്‍ കേരളത്തിലെ ശിശുരോഗ വിദഗ്ധര്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന അഭിപ്രായക്കാരനാണ് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സെക്രട്ടറി ബാലചന്ദ്രന്‍.
ഇതിന്റെ തിക്തഫലമെന്നോണം കുപ്പിപ്പാല്‍ വില്‍പന കേരളത്തില്‍ ഉയരുന്നുണ്ട്. മൂന്നു പ്രമുഖ കുപ്പിപ്പാല്‍ കമ്പനികള്‍ ഏറ്റവും ചുരുങ്ങിയത് മാസാന്തം അഞ്ചു കോടിയുടെ വിറ്റുവരവ് ഉണ്ടാക്കുന്നതായി വ്യാവസായിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കുപ്പിപ്പാല്‍ വില്‍പനയില്‍ കേരളം ആറു ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. മുലപ്പാലിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ കുപ്പിപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് ഏറെ ദോഷം ചെയ്യുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.
പ്രസവത്തിനു മുമ്പും ശേഷവും മാതാക്കള്‍ക്ക് മതിയായ അവബോധം നല്‍കിയാല്‍ മാത്രമേ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കുന്ന രീതി നിലനിര്‍ത്താല്‍ സാധിക്കൂ എന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രഫസര്‍ റിയാസ് അഭിപ്രായപ്പെടുന്നത്. ഇരുപത്തിയേഴ് ശതമാനം പ്രസവം മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളെപ്പോലെത്തന്നെ സ്വകാര്യ ആശുപത്രികളിലും മുലപ്പാല്‍ നല്‍കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണ്.
1990-കളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കുന്നതില്‍ മുന്നില്‍ കേരളം തന്നെയായിരുന്നു. 1994-ല്‍ കൊച്ചി ശിശുസൗഹൃദ നഗരമായി പ്രഖ്യാപിക്കപ്പെട്ടു. കേരളത്തിലെ 99 ശതമാനം ആശുപത്രികളും അമ്മമാര്‍ക്ക് ബോധവല്‍ക്കരണം നല്‍കിയിരുന്നു. എന്നാല്‍ 2019 ആകുമ്പോഴേക്ക് ഈ പരിപാടി കടലാസില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷമായി കേരളത്തിലെ ആശുപത്രികള്‍ക്ക് 'ശിശുസൗഹൃദ സര്‍ട്ടിഫിക്കറ്റ്' ലഭിച്ചിട്ടില്ല എന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. 'ശിശുസൗഹൃദ ആശുപത്രി' എന്ന ബോര്‍ഡ് കേരളത്തിലെ ചുരുക്കം ചില ആശുപത്രികള്‍ മാത്രമേ പ്രദര്‍ശിപ്പിക്കുന്നുള്ളൂ.
മുലപ്പാല്‍ നല്‍കാന്‍ അമ്മമാര്‍ താല്‍പര്യം കാണിക്കാത്തതിന്റെ കാരണങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങളും സര്‍വേകളും ഇതിനകം നടന്നിട്ടുണ്ട്.
ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരളത്തിലെ മുഴുവന്‍ ആശുപത്രികളെയും ശിശുസൗഹൃദമാക്കാനുള്ള ത്വരിതഗതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നു.
രണ്ടു വര്‍ഷത്തെ മുലപ്പാല്‍ കുട്ടികളുടെ അവകാശമായിട്ടാണ് പരിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിക്കുന്നത്. ഏറ്റവും നല്ല ഒരു സമീകൃതാഹാരമാണത്. മുലകുടി ബന്ധത്തെപ്പോലെ ശക്തമായ മറ്റു ബന്ധങ്ങളില്ല. മുലപ്പാലിലൂടെ കുഞ്ഞിന്റെ വളര്‍ച്ചക്കാവശ്യമായ ഊര്‍ജം മാത്രമല്ല, ഊഷ്മളമായ സ്‌നേഹവും വാത്സല്യവും കൂടിയാണ് പ്രസരണം ചെയ്യുന്നത്. മാതാവ് തന്റെ ഹൃദയം കുഞ്ഞിനു നല്‍കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങള്‍ക്കാവശ്യമായ എല്ലാം മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. അത് നിഷേധിക്കുന്നത് കടുത്ത അനീതിയാണ്. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരുന്നത് തടയാന്‍ മുലയൂട്ടലിലൂടെ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. അമ്മിഞ്ഞപ്പാല്‍ നിഷേധിക്കുന്നതിലൂടെ ശിശുക്കളോടുള്ള തികഞ്ഞ അവകാശലംഘനമാണ് നടക്കുന്നത്.
നല്ല കുടുംബമാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നത്. നല്ല കുടുംബ നിര്‍മിതിക്ക് മുലപ്പാല്‍ നല്‍കുന്നതു മുതല്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവന്നെങ്കില്‍ മാത്രമേ കഴിയൂ. നമ്മുടെ യുവതികള്‍ക്കാവശ്യമായ ബോധവല്‍ക്കരണം നല്‍കേണ്ടത് മുതിര്‍ന്ന സ്ത്രീകളുടെ ഉത്തരവാദിത്തമാണ്. കുടുംബം ഛിദ്രമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതിന്റെ പ്രാധാന്യം ഏറെ പറയേണ്ടതില്ല.