ദിവ്യവെളിച്ചം തെളിയിച്ചു കാണിക്കുക

ശൈഖ് മുഹമ്മദ് കാരകുന്ന് No image

പാലക്കാട് സൗഹൃദവേദിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. പരിപാടി തുടങ്ങുന്നതിനുമുമ്പ് സദസ്സിലെ മുന്‍നിരയിലാണ് ഇരുന്നിരുന്നത്. യോഗത്തിലേക്ക് വന്നുകൊണ്ടിരുന്ന പരിചയക്കാര്‍ സലാം ചൊല്ലിക്കൊണ്ടിരുന്നു. അടുത്തിരുന്ന ഒരാള്‍ ഇത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. പിന്നീട് സൗഹൃദ വേദി സെക്രട്ടറി തോമസ് മാത്യു കടന്നു വന്നപ്പോള്‍ അയാള്‍ അദ്ദേഹത്തോട് പരുഷമായ ശൈലിയില്‍ ചോദിച്ചു: 'എന്തിനാണ് മുസ്‌ലിംകള്‍ എപ്പോഴും ഇസ്‌ലാം മാത്രമാണ് ശരി എന്നു വിളിച്ചു പറയുന്നത്?'
ഇതു കേട്ട് അമ്പരന്ന തോമസ് മാത്യു ചോദിച്ചു: 'ഇവിടെ ആരെങ്കിലും അങ്ങനെ പറഞ്ഞോ?'
'ഒരാളല്ല, ഒരു പാട് പേര്‍ പറഞ്ഞു.'
'എന്താണ് പറഞ്ഞത്?' മാത്യു അന്വേഷിച്ചു.
'അസ്സലാമു അലൈകും. എന്ന് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നു.'
'അതിന്റെ അര്‍ഥം ഇസ്‌ലാം മാത്രമാണ് ശരി എന്നല്ലല്ലോ. നിങ്ങള്‍ക്ക് ദൈവത്തിന്റെ സമാധാനമുണ്ടാകട്ടെ എന്നാണല്ലോ' - തോമസ് മാത്യു വിശദീകരിച്ചു. പറഞ്ഞത് തോമസ് മാത്യു ആയതുകൊണ്ട് അദ്ദേഹം കൂടുതലൊന്നും പറഞ്ഞില്ല.
അപ്പറഞ്ഞത്  അധ്യാപകനാണെന്നറിഞ്ഞപ്പോള്‍ എന്നേക്കാള്‍ അത്ഭുതം തോന്നിയത് തോമസ് മാത്യുവിനാണ്.
'അസ്സലാമു അലൈകും' എന്നതിന്റെ അര്‍ഥം അറിയുന്ന അമുസ്‌ലിംകള്‍ കുറവായിരിക്കും. എന്നാലും ഇത്ര ഗുരുതരമായ തെറ്റിദ്ധാരണ വെച്ചുപുലര്‍ത്തുന്നവര്‍ കേരളത്തില്‍ ഉണ്ടെന്നത് എന്നെ സംബന്ധിച്ചേടത്തോളം പുതിയ അറിവും അനുഭവവുമായിരുന്നു. എന്നാല്‍ പിന്നീടൊരിക്കല്‍ കേള്‍ക്കേണ്ടിവന്നത് അതിനേക്കാള്‍ വിചിത്രമായ പ്രസ്താവമായിരുന്നു.
മുഹമ്മദ് നബി പ്രായപൂര്‍ത്തിയാവാത്ത സ്വന്തം മകള്‍ ആഇശയെ വിവാഹം കഴിച്ച വിചിത്ര മനുഷ്യനാണെന്നതായിരുന്നു അത്.
 തൃശൂര്‍ കലക്ടറായിരുന്ന വിദ്യാസമ്പന്നനായ വ്യക്തി മുസ്‌ലിംകളെ പ്രശംസിച്ച് പറഞ്ഞത് 'അവര്‍ക്ക് ഒരിക്കലും വര്‍ഗീയവാദികള്‍ ആകാന്‍ സാധ്യമല്ല. കാരണം എല്ലാ ദിവസവും അഞ്ച് നേരം ഇന്ത്യയിലെ ഏറ്റവും വലിയ മതേതരവാദിയായിരുന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ പേര് പള്ളിയില്‍നിന്ന് വിളിച്ചു പറയുന്നവരാണ് മുസ്‌ലിംകള്‍' എന്നാണ്.
ഈയിടെ അന്തരിച്ച ഡോക്ടര്‍ ബാബുപോളിന്റെ വീട്ടില്‍ എന്‍.എം അബ്ദുര്‍റഹ്മാനോടൊന്നിച്ച് സന്ദര്‍ശനത്തിനെത്തിയത് വിധിവശാല്‍ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു. കുശലാന്വേഷണങ്ങള്‍ക്കു ശേഷം അദ്ദേഹം ചോദിച്ചു: 'നിങ്ങള്‍ മുസ്‌ലിംകള്‍ മരണശേഷമുള്ള ജീവിതത്തില്‍ വിശ്വസിക്കുന്നുണ്ടോ?'
ഞങ്ങള്‍ പരലോകത്തെയും സ്വര്‍ഗ-നരകങ്ങളെയും സംബന്ധിച്ച് വിശദീകരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു: 'അപ്പോള്‍ നിങ്ങള്‍ മുസ്‌ലിംകളും ഞങ്ങള്‍ ക്രിസ്ത്യാനികളെ പോലെ മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നവരാണല്ലേ?'
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ പ്രോ-വൈസ് ചാന്‍സലറായിരുന്ന ജയചന്ദ്രന്‍ ഒരിക്കല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു: 'മുസ്‌ലിംകള്‍ ഭൂമിയില്‍ വച്ച് ചെയ്യുന്ന കര്‍മങ്ങള്‍ക്ക് മരണശേഷം പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്നവരാണെന്ന് അടുത്തിടെ അറിയാന്‍ കഴിഞ്ഞു. അത് നല്ലൊരു വിശ്വാസമാണെന്ന് തോന്നുന്നു. മനുഷ്യരെ തെറ്റില്‍നിന്ന് തടയാന്‍ സഹായകമായേക്കാം.'
ഇസ്‌ലാമിനെ സംബന്ധിച്ച് സഹോദര സമുദായാംഗങ്ങള്‍ വെച്ചുപുലര്‍ത്തുന്ന അജ്ഞതയുടെയും തെറ്റിദ്ധാരണകളുടെയും ആഴം എത്ര മാത്രമാണെന്ന് മനസ്സിലാക്കാന്‍ സഹായകമായ ചില സംഭവങ്ങള്‍ മാത്രമാണിത്.

പരിഹാരമെന്ത്?
ഇസ്‌ലാം  അല്ലാഹുവിന്റെ ജീവിതവ്യവസ്ഥയാണ്. മുഴുവന്‍ മനുഷ്യരും അതില്‍ സമാവകാശികളാണ്. എന്നാല്‍ മഹാഭൂരിപക്ഷവും അതേക്കുറിച്ച് തീര്‍ത്തും അജ്ഞരാണ്. ഗുരുതരമായ തെറ്റിദ്ധാരണ വെച്ചുപുലര്‍ത്തുന്നവരാണ്. നമ്മുടെ രാജ്യത്തു തന്നെ എണ്‍പത് ശതമാനത്തിലേറെ പേരും ഇസ്‌ലാമിനെക്കുറിച്ച് ഒന്നുമറിയാത്തവരാണ്. എന്നല്ല അതിഗുരുതരമായ അബദ്ധധാരണകള്‍ക്കടിപ്പെട്ടവരാണ്.
വായുവും വെള്ളവും വെളിച്ചവും പോലെ മുഴുവന്‍ മനുഷ്യര്‍ക്കും ഒന്നുപോലെ അവകാശപ്പെട്ട അല്ലാഹുവിന്റെ അനുഗ്രഹമാണ് ഇസ്‌ലാം. അതിലാര്‍ക്കും പ്രത്യേകാവകാശമില്ല. എന്നിട്ടും മഹാ ഭൂരിപക്ഷം ആളുകളും ദൈവത്തിന്റെ ഈ വിശിഷ്ടമായ വരദാനത്തെക്കുറിച്ച്  നേരിയ ധാരണ പോലും ഇല്ലാത്തവരാണ്. ആരാണ് ഇതിനുത്തരവാദികള്‍?. പ്രധാനമായും മുസ്‌ലിംകള്‍ തന്നെ. അവര്‍ തങ്ങളില്‍ അര്‍പ്പിതമായ ബാധ്യത യഥാവിധി നിര്‍വഹിക്കാത്തതിനാല്‍ സഹോദര സമുദായാംഗങ്ങള്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശം ലഭിക്കാതെ പോവുകയാണുണ്ടായത്.
നന്മ കല്‍പ്പിച്ചും തിന്മ വിരോധിച്ചും ഇസ്‌ലാമിനെ ശരിയാംവിധം പ്രതിനിധീകരിക്കുമ്പോള്‍ മാത്രമേ അവര്‍ ഉത്തമ സമൂഹമാവുകയുള്ളൂ.
അല്ലാഹു പറയുന്നു: 'മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമാണ് നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പ്പിക്കുന്നു, തിന്മ തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു' (ഖുര്‍ആന്‍ 3:110).
സത്യസന്ദേശം ലഭിച്ചവര്‍ അത് ലഭിക്കാത്തവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ബാധ്യസ്ഥരാണ്. അല്ലാഹു കല്‍പ്പിക്കുന്നു: 'നിനക്ക് അവതരിച്ചുകിട്ടിയതിനെ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക' (5:67).
സത്യം സ്വീകരിക്കാന്‍ പരസ്പരം ഉപദേശിക്കുകയും അതിന്റെ പേരില്‍ അനുഭവപ്പെടുന്ന എല്ലാ പ്രയാസങ്ങളും പീഡനങ്ങളും ക്ഷമിക്കാനും സഹിക്കാനും അന്യോന്യം ആവശ്യപ്പെടുകയും ചെയ്യുന്നവര്‍ മാത്രമാണ് നഷ്ടം പറ്റാത്തവരെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു:
'കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരെല്ലാം നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരം ഉപദേശിച്ചവരുമൊഴികെ' (103:13).
സന്മാര്‍ഗം സ്വീകരിക്കുന്നവര്‍ക്ക് സ്വര്‍ഗത്തെ സംബന്ധിച്ച് ശുഭവാര്‍ത്ത അറിയിക്കുകയും സത്യ നിഷേധികള്‍ക്ക് നരകശിക്ഷ ഉണ്ടെന്ന് താക്കീത് നല്‍കുകയും ചെയ്യേണ്ട ഉത്തരവാദിത്തമാണ് പ്രവാചകന്മാരില്‍ അര്‍പ്പിതമായിരുന്നത്. അവര്‍ നിര്‍വഹിച്ചതും അതുതന്നെ.
'ഇവരൊക്കെയും ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായ ദൈവദൂതന്മാരായിരുന്നു. അവരുടെ നിയോഗശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരെ ഒരു ന്യായവും പറയാന്‍ ഇല്ലാതിരിക്കാനാണിത്' (4:165).
അന്ത്യപ്രവാചകനു ശേഷം ഈ ഉത്തരവാദിത്തം  ഇസ്‌ലാമിക സമൂഹത്തിനാണ്. അതിനാല്‍ ഈ രാജ്യത്തെ എല്ലാ മനുഷ്യര്‍ക്കും സത്യസന്ദേശമെത്തിക്കുകയും സ്വീകരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത അറിയിക്കുകയും നിഷേധിക്കുന്നവരെ കഠിനമായ ശിക്ഷയെക്കുറിച്ച് താക്കീത് നല്‍കുകയും ചെയ്യേണ്ട ബാധ്യത ഇസ്‌ലാമിക സമൂഹത്തിനാണ്.
 
മൂന്നിനം പ്രവാചകന്മാര്‍
പ്രവാചകന്മാര്‍ മൂന്നിനമാണ്. തീര്‍ത്തും അമുസ്ലിംകളായ സമൂഹത്തിലേക്ക് നിയോഗിതരായവര്‍. നൂഹ്, ഹൂദ്, സ്വാലിഹ്, ശുഐബ്, ഇബ്‌റാഹീം(അ) പോലുള്ളവരും മുഹമ്മദ് നബി തിരുമേനിയും ഈ ഗണത്തില്‍പെടുന്നു. പാരമ്പര്യ മുസ്ലിം സമൂഹത്തിലേക്ക് നിയോഗിതരായവരാണ് മറ്റൊരു വിഭാഗം. യഹ്‌യാ, സകരിയ്യാ, ദാവൂദ്, സുലൈമാന്‍(അ) തുടങ്ങിയവരാണ് ഇതിനുദാഹരണം. പാരമ്പര്യ മുസ്‌ലിംകളും അമുസ്‌ലിംകളും ഉള്‍ക്കൊള്ളുന്ന പ്രവാചകന്മാരാണ് മൂന്നാമത്തെ വിഭാഗം. ഇതില്‍ മൂസാ നബി(അ)യുടെ പ്രബോധന ചരിത്രവും ജീവിതാനുഭവങ്ങളുമാണ് വിശുദ്ധ ഖുര്‍ആന്‍ വിശദമായി പരാമര്‍ശിച്ചത്.
ദൈവിക ജീവിതവ്യവസ്ഥയായ ഇസ്‌ലാമിനെ സമൂഹത്തിന് പരിചയപ്പെടുത്തുക, അതിന്റെ പ്രായോഗിക മാതൃക സ്വന്തം ജീവിതത്തിലൂടെ സമര്‍പ്പിക്കുക, അതിലേക്ക് ജനങ്ങളെ ക്ഷണിക്കുക, സ്വീകരിക്കുന്നവരെ സംഘടിപ്പിക്കുക, അവരെ സംസ്‌കരിച്ചും ശുദ്ധീകരിച്ചും അവരുടെ നിത്യജീവിതം ഇസ്‌ലാമികമാക്കി മാറ്റുക - ഇതൊക്കെയായിരുന്നു അവര്‍ നിര്‍വഹിച്ചിരുന്നത്. അങ്ങനെ ജനങ്ങളെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുകയെന്ന മഹത്തായ ഉത്തരവാദിത്തമാണ് പ്രവാചകന്മാര്‍ നിര്‍വഹിച്ചത്.
അതുകൊണ്ടുതന്നെ പ്രവാചകന്മാരുടെ പാത പിന്തുടരാന്‍ ബാധ്യസ്ഥമായ മുസ്‌ലിംകള്‍ നിര്‍വഹിക്കേണ്ട പ്രഥമ ബാധ്യത ഇസ്‌ലാമിക പ്രബോധനമത്രെ.
ഇവ്വിധം വാക്കു കൊണ്ടും ജീവിതംകൊണ്ടും സത്യത്തിന് സാക്ഷ്യം വഹിക്കുമ്പോഴാണ് മുസ്‌ലിംകള്‍ മധ്യമ സമൂഹവും മാതൃകാ സമൂഹവുമാവുക. 
'ഇവ്വിധം നിങ്ങളെ നാം ഒരു മിത സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ലോകജനതക്ക് സാക്ഷികളാകാന്‍. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനും' (2:143).
'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതേണ്ടവിധം പൊരുതുക. അവന്‍ നിങ്ങളെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ ഒരു വിഷമവും അവന്‍ നിങ്ങള്‍ക്ക് ഉണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ പാത പിന്തുടരുക. പണ്ടേ തന്നെ അല്ലാഹു നിങ്ങളെ മുസ്‌ലിംകളെന്ന് വിളിച്ചിരിക്കുന്നു. ഈ ഖുര്‍ആനിലും അതുതന്നെയാണ് നിങ്ങളുടെ വിളിപ്പേര്. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനാണിത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകാനും' (22:78).
അപ്പോള്‍ ഇസ്‌ലാമിക സമൂഹത്തിന്റെ നിലനില്‍പ്പിന് ന്യായീകരണം ഏതു സാഹചര്യത്തിലും അവര്‍ സത്യത്തിന്റെയും സന്മാര്‍ഗത്തിന്റെയും നന്മയുടെയും നീതിയുടെയും പക്ഷത്ത് നിലയുറപ്പിക്കുമെന്ന് മാത്രമല്ല, അവയുടെ സംസ്ഥാപനത്തിനായി സദാ നിലകൊള്ളും എന്നതു കൂടിയാണ്. അവരെന്നും സത്യ മാര്‍ഗത്തെ പ്രതിനിധീകരിക്കുന്നവരും അതിന്റെ പ്രയോക്താക്കളുമായിരിക്കും. അതിനാലാണ് അവര്‍ ഉത്തമ സമുദായം എന്ന് വിശേഷിപ്പിക്കപ്പെട്ടത്.

അന്ത്യപ്രവാചകന്റെ അന്ത്യോപദേശം

പൂര്‍വ പ്രവാചകന്മാരെപ്പോലെത്തന്നെ അന്ത്യദൂതനായ മുഹമ്മദ് നബി തിരുമേനിയിലും അര്‍പ്പിതമായ ചുമതല സത്യപ്രബോധനമായിരുന്നു. അല്ലാഹു അദ്ദേഹത്തെ അഭിസംബോധന ചെയ്ത് ഇങ്ങനെ വ്യക്തമാക്കുന്നു:
'നബിയെ നിശ്ചയമായും നാം നിന്നെ സാക്ഷിയും ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായി അയച്ചിരിക്കുന്നു. അല്ലാഹുവിന്റെ അനുമതിപ്രകാരം അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം പരത്തുന്ന വിളക്കുമായാണ്  നിന്നെ അയച്ചത്' (33: 45,46).
പ്രവാചകന്‍ തന്റെ ദൗത്യം പൂര്‍ത്തീകരിച്ച ശേഷം നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ അനുയായികളോട് ചോദിച്ചു: 'ഞാന്‍ സത്യസന്ദേശം നിങ്ങള്‍ക്ക് എത്തിച്ചുതന്നില്ലയോ?'
അവര്‍ ഏകസ്വരത്തില്‍ 'അതേ'യെന്ന് പറഞ്ഞപ്പോള്‍ പ്രവാചകന്‍ മൂന്നു തവണ അതിന് അല്ലാഹുവെ സാക്ഷിനിര്‍ത്തി. തുടര്‍ന്ന് അവിടെ കൂടിയ പതിനായിരങ്ങളോട് പറഞ്ഞു: 'അറിയുക ഈ സന്ദേശം ലഭിച്ചവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ' (ബുഖാരി).
പ്രവാചകനില്‍നിന്ന് ഇസ്‌ലാമിക പ്രബോധനത്തിനുള്ള കല്‍പ്പന ഏറ്റുവാങ്ങിയ ഒരു ലക്ഷത്തിലേറെ വരുന്ന അനുചരന്മാരില്‍ വളരെ കുറച്ച് പേര്‍ മാത്രമേ ജന്മനാട്ടില്‍ ജീവിച്ചു മരിച്ചിട്ടുള്ളു. ബാക്കിയുള്ളവരെല്ലാം സത്യപ്രബോധനാര്‍ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പരന്നൊഴുകുകയായിരുന്നു. അങ്ങനെയാണ് ഇസ്‌ലാമിന്റെ സന്ദേശം ലോകമെങ്ങും അതിവേഗം പ്രചരിച്ചത്. അതിനാല്‍ പ്രവാചകന്റെ ഈ വസ്വിയ്യത്ത് സ്വീകരിച്ച് സത്യപ്രബോധനം നടത്താന്‍ മുഴുവന്‍ സത്യവിശ്വാസികളും ബാധ്യസ്ഥരാണ്.

ഏറ്റവും നല്ല വര്‍ത്തമാനം

നാം ഓരോരുത്തരും ദിനേന അസംഖ്യം വാക്കുകള്‍ ഉച്ചരിക്കാറുണ്ട്. എന്നാല്‍ ഏതൊരു മനുഷ്യനും ഉരുവിടുന്ന ഏതൊരു വാക്കിനേക്കാളും ഉത്തമവും മഹത്തരവും പുണ്യകരവുമാണ് അല്ലാഹുവിലേക്കുള്ള ക്ഷണം. 
അല്ലാഹു ചോദിക്കുന്നു: 'അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ഞാന്‍ മുസ്‌ലിംകളില്‍പെട്ടവനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ നല്ല വചനം മൊഴിഞ്ഞ ആരുണ്ട്?' (41:33).
നാം ആയിരം തവണ ഐഛിക നമസ്‌കാരം നിര്‍വഹിച്ചാല്‍ അതിന്റെ പ്രതിഫലമാണ് നമുക്ക് ലഭിക്കുക. നൂറ് ദിവസം ഐഛിക വ്രതമനുഷ്ഠിച്ചാല്‍ അതിന്റെ പ്രതിഫലം ലഭിക്കും. എന്നാല്‍ നമ്മിലൂടെ ആരെങ്കിലും നേര്‍വഴിയിലായാല്‍ അവരുടെയും അവരിലൂടെ ആരെല്ലാം നേര്‍വഴി പ്രാപിക്കുന്നുവോ അവരുടെയൊക്കെയും സുകൃതങ്ങളുടെ ഒരംശം അവര്‍ക്ക് നഷ്ടമാവാതെ തന്നെ നമുക്ക് ലഭിക്കും.
അല്ലാഹു പറയുന്നു: 'നിശ്ചയമായും നാം മരിച്ചവരെ ജീവിപ്പിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതും അവയുടെ അനന്തരഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളും വ്യക്തമായ ഒരു രേഖയില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു' (36:12).
അതിനാലാണ് നബിതിരുമേനി അലി(റ)യോട് ഇങ്ങനെ പറഞ്ഞത്; 'താങ്കള്‍ വഴി അല്ലാഹു ഒരാളെ നേര്‍വഴിയിലാക്കുന്നതാണ് ഈ ലോകവും അതിലുള്ളതൊക്കെയും സ്വന്തമാക്കുന്നതിനേക്കാള്‍ നിനക്കുത്തമം' (ത്വബറാനി).
സത്യപ്രബോധനം സത്യവിശ്വാസികളുടെ ഉത്തരവാദിത്തമായി അല്ലാഹു നിശ്ചയിക്കാനുള്ള കാരണവും മറ്റൊന്നല്ല. ഖുര്‍ആന്‍ പറയുന്നു: 'അതിനാല്‍ യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുക. നിശ്ചയമായും നിന്റെ നാഥന്‍ തന്റെ നേര്‍വഴി വിട്ട് പിഴച്ചുപോയവരെ സംബന്ധിച്ച് നന്നായി അറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണവന്‍' (16:125).

മാനവിക ബാധ്യത

കണ്ണു കാണാത്ത ഒരാള്‍ പൊട്ടക്കിണറ്റിലേക്ക് വീഴാന്‍ പോകുന്നു. ഇത് കണ്ടുകൊണ്ടിരിക്കുന്ന അല്‍പമെങ്കിലും മനുഷ്യത്വമുള്ള ഏതൊരാളും അയാളെ തടഞ്ഞുനിര്‍ത്തി രക്ഷിക്കാന്‍ ശ്രമിക്കും. അല്ലെങ്കില്‍ എട്ടും പൊട്ടും തിരിയാത്ത  കൊച്ചുകുട്ടി തീക്കനല്‍ വാരാന്‍ പോകുന്നു. ഇത് ശ്രദ്ധയില്‍പെടുന്ന ആരും അവനെ കോരിയെടുത്ത് രക്ഷിക്കാതിരിക്കില്ല. ഇപ്രകാരം തന്നെ അന്ധവിശ്വാസത്തിനും അവിശ്വാസത്തിനും അടിപ്പെട്ട് അനാചാരങ്ങളിലും അക്രമങ്ങളിലും അധര്‍മത്തിലും അനീതിയിലും അശ്ലീലതയിലും അരാജകത്വത്തിലും അകപ്പെട്ട് ഇരുലോക ജീവിതവും നഷ്ടപ്പെടുന്ന നിസ്സഹായരായ മനുഷ്യരെ കാണുമ്പോള്‍ അവരെ രക്ഷിക്കാന്‍ ശ്രമിക്കാത്തവര്‍ കൊടും ക്രൂരന്മാരും ഒട്ടും മനുഷ്യത്വമില്ലാത്തവരുമാണ്.
സമൂഹം ഘനാന്ധകാരത്തിലാണ്. ദിവ്യഗ്രന്ഥത്തിനാണ് അവരെ വെളിച്ചത്തിലേക്ക് നയിക്കാന്‍ കഴിയുക. അതിന്റെ പ്രയോഗവല്‍ക്കരണം വിശ്വാസി സമൂഹത്തിലൂടെയാണ് സാധ്യമാവുക.
'ഇത് നാം നിനക്ക് ഇറക്കിയ വേദപുസ്തകമാണ്. ജനങ്ങളെ അവരുടെ നാഥന്റെ അനുമതിയോടെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍. പ്രതാപിയും സ്തുത്യര്‍ഹനുമായവന്റെ മാര്‍ഗത്തിലേക്ക്' (14:1). 
സത്യപ്രബോധനം പരലോകത്ത് മഹത്തായ പ്രതിഫലത്തിന് അര്‍ഹമാക്കുന്നതോടൊപ്പം ഐഹികജീവിതത്തില്‍ അതിരറ്റ ആഹ്ലാദവും ആത്മസംതൃപ്തിയും നല്‍കുന്നു.
അതിനാല്‍ ദൈവിക സന്മാര്‍ഗം സിദ്ധിച്ചവര്‍ക്ക് അടങ്ങിയൊതുങ്ങി കഴിയുക സാധ്യമല്ല. അവന്റെ അകം, അന്ധകാരത്തില്‍ അകപ്പെട്ടവരെ സംബന്ധിച്ച ആലോചനകളില്‍, അവരെ നേര്‍വഴിയിലേക്ക് നയിക്കുന്നതിനെ കുറിച്ച ചിന്തകളില്‍ വ്യാപൃതമായിരിക്കും. സഹജീവികളോട് സ്‌നേഹവും കാരുണ്യവുമുള്ള ആര്‍ക്കും അവര്‍ നാശത്തിലകപ്പെടുന്നത് നിസ്സംഗമായി നോക്കിനില്‍ക്കാനാവില്ല. അവരുടെ അവസ്ഥയോര്‍ത്തുള്ള വ്യാകുലതയും അവരെ രക്ഷിച്ചെടുക്കാനുള്ള ഉത്കടമായ വ്യഗ്രതയും അവരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കും. നബിതിരുമേനിയുടെ ഈ മാനസികാവസ്ഥ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു: 'അവര്‍ ഈ സന്ദേശത്തില്‍ വിശ്വസിക്കാത്ത പക്ഷം നീ ദുഃഖാര്‍ത്തനായി അവരെ പിന്തുടര്‍ന്നു നിന്റെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തുമായിരിക്കും'(18:6).

കൊലയാളിയോടും പ്രബോധനം

സത്യവിശ്വാസിയുടെ സകല ഇടപാടുകളും സത്യപ്രബോധനപരമായിരിക്കും, ആയിരിക്കണം. ഭൂമിയിലെ ആദ്യത്തെ കൊല നടന്നപ്പോള്‍ കൊലയാളിയായ ഖാബീലും കൊല്ലപ്പെട്ട ഹാബീലും തമ്മില്‍ നടന്ന സംഭാഷണം ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. വധിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും  കൊലയാളിയായ  ഖാബീലിനെ മരണാനന്തര ജീവിതത്തിലെ ശിക്ഷയെ സംബന്ധിച്ച് ഉണര്‍ത്തിക്കൊണ്ട് തന്റെ പ്രബോധന ദൗത്യം നിര്‍വഹിക്കുകയാണ് ഹാബീല്‍ ചെയ്യുന്നത്.
''അവരിരുവരും ബലി നടത്തിയപ്പോള്‍ ഒരാളുടെ ബലി സ്വീകാര്യമായി. അപരന്റേത്  സ്വീകരിക്കപ്പെട്ടില്ല. അതിനാല്‍ അവന്‍ പറഞ്ഞു: 'നിന്നെ ഞാന്‍ കൊല്ലുക തന്നെ ചെയ്യും.' അപരന്‍ പറഞ്ഞു: ഭക്തന്മാരുടെ ബലി മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. എന്നെ കൊല്ലാന്‍ നീ എന്റെ നേരെ കൈ നീട്ടിയാലും ഞാന്‍ നിന്റെ നേരെ കൈ നീട്ടുകയില്ല. തീര്‍ച്ചയായും ഞാന്‍ പ്രപഞ്ചനാഥനായ അല്ലാഹുവെ ഭയപ്പെടുന്നു. നിന്റെ പാപവും എന്റെ പാപവും നീ തന്നെ പേറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നീ നരകാവകാശിയായിത്തീരണമെന്നും. അക്രമികള്‍ക്കുള്ള പ്രതിഫലം അതാണല്ലോ'' (5:27-29).

ജയിലിലും പ്രബോധനം

യൂസുഫ് നബി (അ) അന്യായമായി ജയിലിലടക്കപ്പെട്ടു. അവിടെ അദ്ദേഹത്തോടൊപ്പം രണ്ട് ജയില്‍ കൂട്ടുകാരുണ്ടായിരുന്നു. അവരിരുവരും ഓരോ സ്വപ്‌നം കണ്ടു. അതിന് വ്യാഖ്യാനം ആവശ്യപ്പെട്ടുകൊണ്ട് അവരിലൊരാള്‍ പറഞ്ഞു: 'ഞാന്‍ മദ്യം പിഴിഞ്ഞെടുക്കുന്നതായി സ്വപ്‌നം കണ്ടിരിക്കുന്നു.' മറ്റേയാള്‍ പറഞ്ഞു: 'ഞാന്‍ എന്റെ തലയില്‍ റൊട്ടി ചുമന്നു നില്‍ക്കുന്നതായും അതില്‍നിന്ന് പക്ഷികള്‍ തിന്നുന്നതായും സ്വപ്‌നം കണ്ടിരിക്കുന്നു. ഞങ്ങള്‍ക്ക് ഇതിന്റെ വ്യഖ്യാനം പറഞ്ഞുതരിക. താങ്കളെ നല്ല ഒരാളായാണ് ഞങ്ങള്‍ കാണുന്നത്.'
അപ്പോള്‍ യൂസുഫ് അവരോട് പറഞ്ഞു: 'നിങ്ങള്‍ക്ക് തിന്നാനുള്ള അന്നം വന്നെത്തും മുമ്പു തന്നെ ഞാന്‍ അതിന്റെ വ്യാഖ്യാനം നിങ്ങള്‍ക്ക് പറഞ്ഞു തരാതിരിക്കില്ല. എന്റെ നാഥന്‍ എന്നെ പഠിപ്പിച്ച അറിവുകളില്‍പെട്ടതാണത്. അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായ ഈ ജനതയുടെ  മാര്‍ഗം ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. അങ്ങനെ എന്റെ പിതാക്കന്മാരായ ഇബ്‌റാഹീമിന്റെയും ഇസ്ഹാഖിന്റെയും യഅ്ഖൂബിന്റെയും മാര്‍ഗമാണ് ഞാന്‍ പിന്‍പറ്റിയിരിക്കുന്നത്. അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കാന്‍ നമുക്കവകാശമില്ല. ഇത് അല്ലാഹു നമുക്കും മറ്റ് മുഴുവന്‍ മനുഷ്യര്‍ക്കും നല്‍കിയ അനുഗ്രഹങ്ങളില്‍പെട്ടതാണ്. പക്ഷേ അധികമാളുകളും നന്ദി കാണിക്കുന്നില്ല.'
'എന്റെ ജയില്‍ കൂട്ടുകാരേ, വ്യത്യസ്തങ്ങളായ പല പല ദൈവങ്ങളാണോ ഉത്തമം? അതോ സര്‍വാധിനാഥനും എല്ലാറ്റിനെയും അതിജയിക്കുന്നവനും ഏകനുമായ അല്ലാഹുവോ?'
'അവനെക്കൂടാതെ നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയൊക്കെയും നിങ്ങളും നിങ്ങളുടെ പൂര്‍വ പിതാക്കളും വ്യാജമായി പടച്ചുണ്ടാക്കിയ ചില പേരുകള്‍ അല്ലാതൊന്നുമല്ല. അല്ലാഹു അതിനൊന്നിനും ഒരു പ്രമാണവും ഇറക്കിത്തന്നിട്ടില്ല. വിധിക്ക് അധികാരം അല്ലാഹുവിന് മാത്രമാണ്. അവനെയല്ലാതെ യാതൊന്നിനെയും നിങ്ങള്‍ വഴിപ്പെടരുതെന്ന് അവന്‍ കല്‍പ്പിച്ചിരുന്നു. ഏറ്റവും ശരിയായ ജീവിതക്രമം അതാണ്. എങ്കിലും ഏറെ മനുഷ്യരും അതറിയുന്നില്ല' (12:36-40).
കിട്ടുന്ന ഒരവസരവും സത്യപ്രബോധനത്തിന് ഉപയോഗിക്കാതെ പാഴാക്കരുതെന്നാണ് ജയിലില്‍ വെച്ച് ലഭിച്ച ആദ്യസന്ദര്‍ഭം ഉപയോഗിച്ച് യൂസുഫ് നബി നടത്തിയ ഈ പ്രബോധനപ്രവര്‍ത്തനം നമ്മെ പഠിപ്പിക്കുന്നത്.

വിമോചന സമരത്തിനിടയിലും

മര്‍ദിതരായ ഇസ്രാഈലീ സമൂഹത്തിന്റെ വിമോചനം മൂസാ നബി(അ)യുടെ മുഖ്യ നിയോഗലക്ഷ്യങ്ങളിലൊന്നായിരുന്നു. എന്നാല്‍ ആ വിമോചന പോരാട്ടത്തിനിടയില്‍പോലും ഇസ്രാഈല്യരെ അടിച്ചമര്‍ത്തുകയും അടിമകളാക്കുകയും ചെയ്ത ഫറവോന്റെ രക്ഷ കാംക്ഷിക്കുകയും അദ്ദേഹത്തോട് അതിനായി സത്യപ്രബോധനം നടത്തുകയും ചെയ്യുന്ന പ്രവാചകനെയാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്:
''അതിനാല്‍ നിങ്ങളിരുവരും ഫറവോന്റെ അടുത്ത് ചെന്ന് പറയുക: 'തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ നാഥന്റെ ദൂതന്മാരാണ്. അതിനാല്‍ ഇസ്രാഈല്‍ മക്കളെ നീ ഞങ്ങളോടൊപ്പമയക്കുക. അവരെ പീഡിപ്പിക്കരുത്. നിന്റെ അടുത്ത് ഞങ്ങള്‍ വന്നത് നിന്റെ നാഥനില്‍നിന്നുള്ള വ്യക്തമായ തെളിവുകളുമായാണ്. നേര്‍വഴിയില്‍ നടക്കുന്നവര്‍ക്കാണ് സമാധാനമുണ്ടാവുക. സത്യത്തെ തള്ളിപ്പറയുകയും അതില്‍നിന്ന് പിന്തിരിഞ്ഞുപോവുകയും ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയാണുണ്ടാവുകയെന്ന്  തീര്‍ച്ചയായും ഞങ്ങള്‍ക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നു.'
ഫറവോന്‍ ചോദിച്ചു: 'മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ ഈ രക്ഷിതാവ്?'
മൂസാ പറഞ്ഞു: 'എല്ലാ ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും പിന്നെ അവക്ക് വഴികാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്.'
അയാള്‍ ചോദിച്ചു: 'അപ്പോള്‍ നേരത്തേ കഴിഞ്ഞുപോയ തലമുറകളുടെ സ്ഥിതിയോ?' മൂസാ പറഞ്ഞു: അതേക്കുറിച്ചുള്ള എല്ലാ വിവരവും എന്റെ നാഥന്റെ അടുക്കല്‍ ഒരു പ്രമാണത്തില്‍ ഉണ്ട്. എന്റെ നാഥന്‍ ഒട്ടും പിഴവു പറ്റാത്തവനാണ്. തീരെ മറവിയില്ലാത്തവനും'' (2047).

പോരാട്ടവും പ്രബോധനവും

ഖുര്‍ആന്‍ എല്ലാ സാമൂഹിക തിന്മകളെയും സാംസ്‌കാരിക ജീര്‍ണതകളെയും സാമ്പത്തിക കുറ്റകൃത്യങ്ങളെയും ശക്തമായി എതിര്‍ക്കുന്നു. അനാഥരുടെയും അഗതികളുടെയും അടിയാളരുടെയും അവകാശങ്ങള്‍ അംഗീകരിക്കാനും നേടിക്കൊടുക്കാനും ആഹ്വാനം ചെയ്യുന്നു. സാമൂഹികനീതി സ്ഥാപിക്കാനാവശ്യമായ നിയമനിര്‍ദേശങ്ങള്‍ നല്‍കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നു. മാതാപിതാക്കളുടെ സംരക്ഷണത്തിന് ആവശ്യമായ കുടുംബ വ്യവസ്ഥ സമര്‍പ്പിക്കുന്നു. എന്നാല്‍ ഇതൊക്കെയും പ്രബോധനപരമായാണ് നിര്‍വഹിക്കുന്നത്. എല്ലാറ്റിനെയും പരലോകവുമായി ബന്ധപ്പെടുത്തിയാണ് കൈകാര്യം ചെയ്യുന്നത്.
അടിസ്ഥാന വിശ്വാസങ്ങളുടെ അച്ചുതണ്ടില്‍ ബന്ധിക്കാതെ ഇസ്‌ലാം ഒരു വിഷയത്തിലും ഇടപെടുന്നില്ല. അതുകൊണ്ടുതന്നെ സത്യവിശ്വാസിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സത്യപ്രബോധനപരമായിത്തീരുന്നു, ആയിത്തീരണം. ഏതൊരു പ്രവര്‍ത്തനവും പൂര്‍ണാര്‍ഥത്തില്‍ ഫലപ്രദമായിത്തീരുക അപ്പോഴാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top