സ്വഹാബി വനിത ഉമൈമ ബിന്‍ത് റഖീഖ(റ)യുടെ മാതാവ് റഖീഖ തിരുമേനിയുടെ പത്‌നി ഖദീജയുടെ സഹോദരിയാണ്. പിതാവിന്റെ വഴിക്ക് അവരുടെ പരമ്പര അബൂബക്‌റി(റ)ന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. ഇബ്‌നു അബീ ഖുശൈമ പറയുന്നു: ഉമൈമയെ മുഹദ്ദിസുകള്‍ മാതാവിലേക്ക് ചേര്‍ത്താണ് അനുസ്മരിച്ചിട്ടുള്ളത്.
മക്കയില്‍ ഇസ്‌ലാം ഉദയം ചെയ്ത ഉടനെ തന്നെ ഉമൈമ ഇസ്‌ലാം ആശ്ലേഷിച്ചു. ആദ്യകാല വിശ്വാസികളില്‍ ഇവര്‍ ഉള്‍പ്പെടുന്നു. ഇസ്‌ലാം സ്വീകരിച്ചതോടെ ശത്രുസമൂഹങ്ങള്‍ മര്‍ദന മുറകള്‍ അഴിച്ചുവിട്ടു. അന്ന് ആര് ഇസ്‌ലാം സ്വീകരിച്ചാലും തീവ്ര നിഷേധി സംഘങ്ങള്‍ ആള്‍ക്കൂട്ട കൊലകള്‍ നടത്തിയും ആള്‍ക്കൂട്ടാക്രമണങ്ങള്‍ അഴിച്ചുവിട്ടും പീഡിപ്പിച്ചിരുന്നു. ചില വിശ്വാസികള്‍ പക്ഷേ, ഈ പീഡനങ്ങളെ അതിജയിച്ചു. ഉമൈമ ബിന്‍ത് റഖീഖ (റ) ആള്‍ക്കൂട്ടാക്രമണങ്ങളെ നേര്‍ക്കുനേര്‍ നേരിട്ടു.
ചരിത്രപ്രസിദ്ധമായ ബൈഅത്ത് വേളയില്‍ അവര്‍ ഹാജരുണ്ടായിരുന്നു. പലായനം ചെയ്‌തെത്തിയ വിശ്വാസിനികളെ അല്ലാഹു പരീക്ഷിച്ചതായി ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്.
''അല്ലയോ, നബീ! അല്ലാഹുവോട് യാതൊന്നിനെയും പങ്കു ചേര്‍ക്കുകയില്ലെന്നും മോഷ്ടിക്കുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വ്യാജവാദം കെട്ടിച്ചമച്ച് കൊണ്ടു വരികയില്ലെന്നും യാതൊരു നല്ല കാര്യത്തിലും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും നിന്നോട് പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസിനികള്‍ നിന്റെ അടുത്തു വന്നാല്‍ നീ അവരുടെ പ്രതിജ്ഞ സ്വീകരിക്കുകയും അവര്‍ക്കു വേണ്ടി അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (അല്‍ മുംതഹന: 12).
ഈ നിബന്ധന പൂര്‍ത്തീകരിച്ച വനിതകളില്‍നിന്ന് താങ്കള്‍ താങ്കളുടെ വാക്കാല്‍ ബൈഅത്ത് വാങ്ങുക. ഞാന്‍ നിങ്ങളുടെ ബൈഅത്ത് സ്വീകരിച്ചു എന്ന് മാത്രം പറയുകയാണ് നബി ചെയ്തത്. അല്ലാതെ കൈ പിടിച്ച് ബൈഅത്ത് ചെയ്യുകയല്ല ഉണ്ടായത് (ബുഖാരി, ഇബ്‌നുമാജ).
ഹ. ഉമൈമ(റ) തന്റെ ബൈഅത്ത് വേളയിലെ രംഗം ഇങ്ങനെ വിവരിച്ചു: ഞാന്‍ ബൈഅത്ത് സ്വീകരിക്കാനായി തിരുമേനി(സ)യുടെ മുമ്പിലെത്തി: ''ഞാന്‍ താങ്കളുമായി ഉടമ്പടി ചെയ്യാനായി വന്നതാണ്'' ഞാന്‍ പറഞ്ഞു. അവര്‍ തുടര്‍ന്നു; ''ഞങ്ങള്‍ അല്ലാഹുവിനോടൊപ്പം ആരെയും പങ്കു ചേര്‍ക്കുകയില്ല. ഞങ്ങള്‍ കളവ് നടത്തുകയില്ല. വ്യഭിചരിക്കുകയില്ല, ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ വധിക്കുകയില്ല. ഞങ്ങള്‍ ആരോപണം ഉന്നയിക്കുകയില്ല. ഒരു നന്മയിലും താങ്കളോട് എതിര്‍ നില്‍ക്കുന്നതുമല്ല.''
അപ്പോള്‍ തിരുമേനി (സ) 'ആവുന്നത്ര, സാധിക്കുന്നത്ര' എന്ന് കൂട്ടിച്ചേര്‍ത്തു.
അല്ലാഹുവും റസൂലും ഞങ്ങളോട് ഞങ്ങളേക്കാള്‍ കാരുണ്യവും ആര്‍ദ്രതയും കാണിച്ചല്ലോ എന്ന് ഞങ്ങള്‍ പ്രതികരിച്ചു.
''ഞങ്ങള്‍ അങ്ങയുടെ കരംപിടിച്ച് ബൈഅത്ത് ചെയ്യാനുദ്ദേശിക്കുന്നു'' ഞങ്ങള്‍ നബിതിരുമേനിയോട് ആവശ്യപ്പെട്ടു.
'ഞാന്‍ സ്ത്രീകളെ മുസാഫഹ(ഷെയ്ക് ഹാന്റ്) ചെയ്യില്ല' എന്നായിരുന്നു നബിയുടെ പ്രതികരണം.
ബൈഅത്ത് കഴിഞ്ഞ് സ്ത്രീകള്‍ ജിഹാദിന്റെ വഴിയില്‍ പ്രവേശിച്ചു. ജിഹാദിലും ഉമൈമ ബിന്‍ത് റഖീഖ തന്റേതായ പങ്ക് വഹിച്ചു. ഇബ്‌നു അസാക്കിര്‍ തന്റെ ചരിത്രകൃതിയില്‍ ഹസ്രത്ത് ഉമൈമ ബിന്‍ത് റഖീഖ മുവത്വ യുദ്ധത്തില്‍ പങ്കെടുത്തതായി പ്രസ്താവിച്ചതായി കാണാം.
മദീനയില്‍ ജീവിതം കഴിച്ചുകൂട്ടിയ ഉമൈമ തിരുമേനി(സ)യുടെ ജീവിതാന്ത്യത്തിനും സാക്ഷ്യം വഹിച്ചു. തിരുമേനി(സ)യില്‍നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിതകളില്‍ ഉമൈമ ബിന്‍ത് റഖീഖയുമുള്ളതായി ഇബ്‌നു അബീശൈബ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുഹമ്മദു ബ്‌നു മുന്‍കദിര്‍ ഉമൈമയില്‍നിന്ന് ഹദീസ് ഉദ്ധരിക്കുന്നത് ഒരു പദവിയായി കാണുന്നു. സ്ത്രീകളുടെ ബൈഅത്തുമായി ബന്ധപ്പെട്ട ഹദീസുകളാണ് അവയില്‍ പ്രധാനം (ത്വബഖാത്തെ ഖലീഫ).
ഹസ്രത്ത് ഉമൈമ(റ) നബിതിരുമേനി(സ)യില്‍നിന്നും നബിപത്‌നിമാരില്‍നിന്നുമായി എട്ട് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബൈഅത്ത് സംബന്ധിച്ച നബിവചനങ്ങളാണ് ഇവയില്‍ മുഖ്യം. ഹസ്രത്ത് ഉമൈമയില്‍നിന്ന് മുഹമ്മദു ബ്‌നു മുന്‍കദിറും ഉമൈമ(റ)യുടെ പുത്രി ഹകീമ ബിന്‍ത് ഹുമൈമയും ഹദീസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഭാഗ്യം ലഭിച്ചവരാണ്.
ഹബീബു ബ്‌നു കഅബു ബ്‌നു ഉമര്‍ അന്നസഫിയാണ് ഉമൈമയുടെ ഭര്‍ത്താവ്. ഇബ്‌നു സഅദ് രേഖപ്പെടുത്തി: ഹസ്രത്ത് ഉമൈമ തന്റെ ഭര്‍ത്താവിന്റെ ദേശം വിട്ട് ദൂരെ താമസിച്ചു. അവിടെ വെച്ചാണ് അവര്‍ക്ക് മക്കളുണ്ടായത്. സച്ചരിതരായ ഖലീഫമാരുടെ കാലത്ത് ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ച വനിത കൂടിയാണിവര്‍.
കിഴക്കും പടിഞ്ഞാറും വിശ്രുതമായ ഇസ്‌ലാമിക വിജയങ്ങള്‍ കൊയ്ത പടയോട്ടങ്ങളിലും ഈ സ്വഹാബി വനിത പങ്കെടുക്കുകയുണ്ടായി. ഭരണസിരാ കേന്ദ്രം സിറിയയിലേക്ക് മാറിയപ്പോള്‍ ഉമൈമ(റ) ദമസ്‌കസിലേക്ക് മാറി താമസിച്ചു. അവിടത്തെ ഭരണാധികാരി മുആവിയബ്‌നു അബൂസുഫ്‌യാന്‍ അവര്‍ക്ക് അവിടെ നല്ലൊരു വീട് പണിതു കൊടുത്തു. അമീര്‍ മുആവിയ ദിമശ്ഖില്‍ മരണമടഞ്ഞപ്പോഴും അവരവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന് രോഗമായപ്പോള്‍ ഉമൈമ(റ) അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നതായും അവരോട് മുആവിയ(റ) പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടതായും ഇബ്‌നു അസാകിര്‍ രേഖപ്പെടുത്തുന്നു. ഈ ദുഃഖസാന്ദ്രമായ അന്തരീക്ഷത്തില്‍ ഒരു കവിതാ ശകലമാണ് ഉമൈമ ബിന്‍ത് റഖീഖയില്‍നിന്ന് പുറത്തു വന്നത്.
അലാ അബ്കീഹ്, അലാ അബ്കീഹ്
അലാ കുല്ലല്‍ ഫതാ ഫീഹി.
ഓരോ യൗവനവും മരണമുഖത്ത് വന്നു നില്‍ക്കേണ്ടതല്ലോ! അതോര്‍ക്കുമ്പോള്‍ എനിക്ക് കരച്ചിലടങ്ങുന്നില്ല, സഹോദരാ!!