ഫെയ്‌സ് ബുക്കടച്ചു വെക്കണം
വാട്ട്‌സ്ആപ്പില്‍നിന്നും
ലെഫ്റ്റടിക്കണം
മൊബൈലില്‍നിന്നെന്നേക്കുമായ്
പുറത്തു കടക്കണം.
മുപ്പതു വര്‍ഷങ്ങള്‍ക്ക്
പിറകിലെയൊരു ഗ്രാമത്തിലേക്ക്
കാലങ്ങളുടെ പടവുകളിറങ്ങണം.
ലോകമേയറിയാത്തൊരു
കൗമാരക്കാരിയായ്
ഇനിയൊന്നുകൂടി പിറക്കണം.
കൂറമിഠായ് ഗന്ധമുള്ള
ട്രങ്ക് പെട്ടിയില്‍നിന്നൊരു
കസവുപാവാടയും ബ്ലൗസു
മെടുത്തുടുക്കണം
നീളന്‍മുടി രണ്ടായിപ്പകുത്ത്-
മെടഞ്ഞു കെട്ടണം.
കളങ്കമേശാത്ത കണ്‍കളില്‍
കിനാവിന്റെ മഷിയെഴുതണം.
വയല്‍വരമ്പിലോ
വഴിവക്കിലോ
പുഴക്കരയിലോ
കുളക്കടവിലോ വെച്ച്
മിന്നായം പോലൊരുമാത്ര-
യുടക്കാറുള്ളൊരു
പ്രണയനോട്ടത്തെ...
പകലന്തിയോളം പുറത്തെടുക്കാതെ
നെഞ്ചിടിപ്പിന്‍ പെരുക്കത്തോടെ
യൊളിപ്പിച്ചു വെക്കണം.
വീടും ഉമ്മയുമുറക്കമായാല്‍
ധ്യാനിച്ചു ധ്യാനിച്ചാ
മനോഹര രൂപത്തെ
മനക്കണ്‍മുന്നില്‍
പ്രത്യക്ഷപ്പെടുത്തണം
പലതും....!
പറഞ്ഞടക്കിച്ചിരിക്കണം.
ഉറുമാലൊന്നിലാ പേരുകൊണ്ടൊരു
ചുവന്ന റോസാപ്പൂ തുന്നണം.
അതിലവന്റെ സുഗന്ധം പുരട്ടി
കിടക്കക്കടിയിലെവിടെയോ...
മടക്കിവെച്ചേക്കണം.
ആരും കാണാതിടക്കിടേ
യെടുത്തു മുഖത്തോടു ചേര്‍ക്കണം
കണ്ണുനീരൊപ്പണം
ചുടുവീര്‍പ്പയക്കണം.
പതിവില്ലാത്ത വണ്ണം,
'ഓത്തുപള്ളീലന്നു നമ്മളും,
അന്നു നിന്നേ കണ്ടതില്‍ പിന്നെയും'
പതിവായ് മൂളിക്കൊണ്ട്
പണിയെല്ലാം തീര്‍ക്കുന്നത് കണ്ട്
ഉമ്മയുടെ പൂച്ചക്കണ്ണില്‍
സംശയം കൂര്‍ക്കണം.
ഒറ്റയൊരിക്കല്‍ മാത്രം
വിറച്ചുവാങ്ങിയ
കത്തിലെ വരികള്‍
ഒറ്റയും വിട്ടുപോവാതെ
ഓര്‍മയില്‍ പൂക്കണം
പലവട്ടം ഹൃദയത്തില്‍
തൊട്ടെഴുതിയ
മറുപടിക്കത്തുകള്‍
ഒരിക്കലും കൈമാറാനാവാതെ
പുസ്തകത്തിനുള്ളില്‍
കാലാകാലം കരഞ്ഞുറങ്ങണം.
പേക്കിനാവിനാല്‍
ഞെട്ടിയുണരണം.
പൊടുന്നനെയൊരു നാള്‍...
'നിന്നേയിന്ന് പെണ്ണുകാണാന്‍
വരുന്നുണ്ടെ'ന്ന
പരുക്കന്‍ വാക്കിന്റെയൂക്കിലെന്റെ
ദിവാസ്വപ്‌നപാളിയപ്പാടെ തകരണം.
എതിര്‍വാക്ക് പതിവില്ലാത്ത
'വലിയവരുടെ' ലോകത്ത്
സങ്കടത്തിന്റെ
ഏഴു സമുദ്രങ്ങളടക്കി,
'ന്റെ കരളില് ബേദന'യെ*
ന്നുള്ളില്‍ മാത്രം പറയണം.
ഭ്രാന്തെടുത്തു
വലിയ വായില്‍
നിലവിളിച്ചോടണം
'മോന്തിക്കുമന്തിക്കും....
കെനാവ് കണ്ട് നടക്ക്വല്ലേ
ഓള്‍ക്കെന്തോ കൂടി'
യെന്നതിന്
ഉറുക്കും നൂലുമുലുവാനുമായ് വന്ന
ഉസ്താദിനെ...
തല്ലിച്ചതച്ച്,
താടിപറിച്ച്,
കൈക്കു കടിച്ച്
സര്‍വരോടുമുള്ള
പകയെ പടികടത്തണം.
പിന്നെയൊരു പാവം
മണവാട്ടിപ്പെണ്ണായ്
ചമഞ്ഞൊരുങ്ങണം.
*ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്* നോവലില്‍ കുഞ്ഞുപാത്തുമ്മ പറയുന്നത്.