കമഴ്ത്തിവെച്ച പിരമിഡിന്റെ ആകൃതിയുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. കുറേയേറെ ചെറുഗ്രന്ഥികളുടെ സമുച്ചയമാണ് പ്രോസ്റ്റേറ്റ് എന്ന് പറയാം. പുരുഷന്മാരില് മൂത്രസഞ്ചിക്കു തൊട്ടുതാഴെ മൂത്രനാളിയെ പൊതിഞ്ഞ് ഒരു കൊഴുപ്പ് പാളിക്കുള്ളിലായാണ് പ്രോസ്റ്റേറ്റിന്റെ സ്ഥാനം. ലൈംഗിക പ്രവൃത്തികളിലും മൂത്ര പ്രവൃത്തികളിലും പ്രോസ്റ്റേറ്റ് നിര്‍ണായക പങ്കുവഹിക്കാറുണ്ട്. ദീര്‍ഘനാള്‍ സൗമ്യമായി പ്രവര്‍ത്തിക്കുമെങ്കിലും മധ്യവയസ്സ് പിന്നിടുമ്പോഴാണ് മൂത്രമൊഴിക്കുന്നതിലെ ബുദ്ധിമുട്ടുകളുമായി ഗ്രന്ഥി പ്രശ്നക്കാരനായി മാറുന്നത്
ഗര്‍ഭസ്ഥശിശുവില്‍ ഒമ്പതാമത്തെ ആഴ്ച മുതല്‍ പ്രത്യുല്‍പ്പാദന വ്യവസ്ഥയുടെ ഭാഗമായി പ്രോസ്റ്റേറ്റ് വികസിച്ചുതുടങ്ങും. സ്ത്രീകളില്‍ 'സ്കെയിന്‍സ്'എന്ന പേരില്‍ പ്രോസ്റ്റേറ്റിന് സമാനമായൊരു ഗ്രന്ഥിയാണുള്ളത്.
ധര്‍മങ്ങള്‍
ശുക്ലോല്പ്പാദനവും സ്ഖലന നിയന്ത്രണവുമാണ് പ്രോസ്റ്റേറ്റിന്റെ പ്രധാന ധര്‍മങ്ങള്‍. ശുക്ലത്തിന്റെ 10-30 ശതമാനവും പ്രോസ്റ്റേറ്റിലാണ് ഉണ്ടാകുന്നത്. മൂത്രനാളിയും ശുക്ലനാളിയും കൂടിച്ചേരുന്നത് പ്രോസ്റ്റേറ്റിനുള്ളിലാണ്. ശുക്ലവും മൂത്രവും കൂടിക്കലരാതെ ഇവ രണ്ടിന്റെയും ഗതി നിയന്ത്രിക്കുന്നതില്‍ പ്രോസ്റ്റേറ്റിന്റെ പങ്ക് വളരെ വലുതാണ്. മൂത്രത്തിന്റെ ആസിഡ് സ്വഭാവം ബീജങ്ങളുടെ ശേഷി കുറയ്ക്കുകയോ അവയെ നശിപ്പിക്കുകയോ ചെയ്യും. ഇതൊഴിവാക്കാന്‍ ബീജങ്ങള്‍ മൂത്രനാളിയിലൂടെ കടന്നുപോകുന്നതിനു മുമ്പ് തന്നെ അവയെ സംരക്ഷിക്കാന്‍ പ്രോസ്റ്റേറ്റ് ഒരു ക്ഷാരസ്രവം നിര്‍മിക്കുന്നു. ബീജങ്ങള്‍ക്ക് പോഷകം നല്‍കുന്നതോടൊപ്പം അണുബാധ ചെറുക്കാനും സ്രവങ്ങള്‍ക്കാകും.
പ്രോസ്റ്റേറ്റ് കാന്‍സര്‍
പുരുഷന്മാരില് വ്യാപകമായി കാണുന്ന അര്‍ബുദങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. മുമ്പ് 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കൂടുതലായി കണ്ടിരുന്നതെങ്കിലും ഇപ്പോള്‍ 50-60 വയസ്സ് പ്രായമുള്ളവരിലും കണ്ടുവരുന്നു. പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ സ്ഥിരോപയോഗം, ജനിതകഘടകങ്ങളിലെ മാറ്റം, വ്യായാമക്കുറവ് എന്നിവ പ്രോസ്റ്റേറ്റ് കാന്‍സറിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്.
പ്രോസ്റ്റേറ്റ് കാന്‍സറും ചികിത്സാരീതികളും
സാധാരണ 60 വയസ്സിനുശേഷം പുരുഷന്മാരില് ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാന്‍സറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. വളരെ സാവധാനത്തില്‍ വളരുന്ന സ്വഭാവമുള്ള ഈ കാന്‍സര്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ വളരെ പെട്ടെന്ന് വളരുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് മാരകമായി തീരുകയും ചെയ്യുന്നു. ഗുരുതരമായ രോഗമാണെങ്കിലും മികച്ച സംവിധാനങ്ങളുടെ സഹായത്താല്‍ ഒരു വിദഗ്ധ ഡോക്ടറിനു ചികിത്സിച്ചു നിയന്ത്രണ വിധേയമാക്കാവുന്നതാണ്. എന്നാല്‍ എല്ലാ രോഗികള്‍ക്കും ഒരുപോലെയല്ല ചികിത്സ എന്നത് മറ്റൊരു വസ്തുതയാണ്.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളില്‍നിന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ വളരുന്നത്. മറ്റു കാന്‍സറുകളെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാന്‍സറിന്റെ വളര്‍ച്ച വളരെ പതുക്കെയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് കാന്‍സര്‍ വളര്‍ച്ച വ്യാപിച്ചിട്ടില്ലെങ്കില്‍ രോഗിക്ക് അഞ്ചു വര്ഷത്തിനുമേല് ജിവിക്കാനാവും. എന്നാല്‍, പുറത്തേക്ക് വ്യാപിക്കുകയും രോഗം മൂര്‍ഛിക്കുകയും ചെയ്താല്‍ രോഗി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ മരണപ്പെടാന്‍ സാധ്യതയുണ്ട്.
Digital Rectal Examination (DRE) ടെസ്റ്റ് ഓരോ വര്‍ഷവും നടത്തണം. Prostate Specific Antigen (PSA) ടെസ്റ്റ് 50 വയസ്സ് മുതലും നടത്തേണ്ടതാണ്.
എന്തു കഴിക്കണം
കറ്റാര്‍വാഴ, മുരിങ്ങവേരിന് തൊലി, വെള്ളരിക്കുരു, മത്തന്‍കുരു, തഴുതാമ, ശതാവരിക്കിഴങ്ങ്, അമുക്കുരം, എള്ള്, കൈയ്യോന്നി, ഞെരിഞ്ഞില്‍, നെല്ലിക്ക, താര്‍താവല്‍ ഇവ പ്രോസ്റ്റേറ്റ് രോഗങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന ഔഷധികളില്‍ ചിലതാണ്.
* പൊതുവെ കൊഴുപ്പുകുറഞ്ഞ ഭക്ഷണങ്ങളാണ് പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഒഴിവാക്കാന്‍ ഉചിതം. തവിടു നീക്കാത്ത ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പ്രത്യേകിച്ച് നാരടങ്ങിയവ ശീലമാക്കണം. കുമ്പളങ്ങ, വെള്ളരിക്ക, മത്തങ്ങ, മഞ്ഞള്‍, തക്കാളി, ക്യാരറ്റ്, ബീറ്റ്റൂട്ട്, ചേന, കാച്ചില്, വാഴപ്പിണ്ടി, തണ്ണിമത്തന്, അകം ചുവന്ന പേരയ്ക്ക ഇവയുടെ മാറിമാറിയുള്ള ഉപയോഗം പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാണ്. ചെറുമത്സ്യങ്ങളും ഉപയോഗിക്കാം. എന്നാല്‍ കൊഴുപ്പടങ്ങിയ ബേക്കറി വിഭവങ്ങള്‍, കൃത്രിമനിറം ചേര്‍ത്തവ, കാപ്പി, കോള, ചുവന്ന മാംസം ഇവ ഒഴിവാക്കണം. ഇടവിട്ടുള്ള മൂത്രമൊഴിക്കല്‍ ഭയന്ന് വെള്ളം കുടിക്കുന്നത് പ്രോസ്റ്റേറ്റ് രോഗി കുറക്കരുത്. ദിവസവും ഒന്നര ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കേണ്ടതാണ്.
* പ്രോസ്റ്റേറ്റ് രോഗി ദീര്‍ഘദൂര യാത്ര ചെയ്യുമ്പോള്‍ ഇടക്കിടെ മൂത്രമൊഴിക്കാനുള്ള സാഹചര്യം കിട്ടുമെന്ന് ഉറപ്പാക്കണം.
* കരിക്കിന് വെള്ളത്തില്‍ ഏലത്തരി പൊടിച്ചുചേര്‍ത്ത് കുടിക്കുന്നത് പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ക്ക് നല്ല ഫലം തരും.
* ദിവസവും രണ്ടു തക്കാളി പച്ചയായോ പാകപ്പെടുത്തിയോ കഴിക്കുന്നത് പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ വരാതെ തടയാം.
* ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചേന, കാച്ചില് ഇവ ഭക്ഷണത്തില്‍ പെടുത്തുന്നതും പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.
* വ്യായാമം പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ക്ക് മികച്ച പ്രതിരോധമാണ്. നടത്തം ഉള്‍പ്പെടെയുള്ള മിതമായ വ്യായാമമാണ് ശീലമാക്കേണ്ടത്.
ലക്ഷണങ്ങള്‍
മിക്കവരിലും പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ആരംഭദശയില്‍ ലക്ഷണങ്ങളൊന്നും കാണാറില്ല. അടിക്കടിയുള്ള മൂത്രം പോക്ക്, അമിതമായി മൂത്രമൊഴിക്കാന്‍ തോന്നുക, രക്തം കലര്‍ന്ന മൂത്രവിസര്‍ജനം, മൂത്രതടസ്സം, രക്തം കലര്‍ന്ന ബീജവിസര്‍ജനം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയോടെ കാണണം. ഗ്രന്ഥിവീക്കത്തിന്റെയും പ്രോസ്റ്റേറ്റ് കാന്‍സറിന്റെയും ലക്ഷണങ്ങള്‍ പലതും ഒന്നുതന്നെയായതിനാല്‍ രോഗനിര്‍ണയം പലപ്പോഴും വൈകാറുണ്ട്. ഗ്രന്ഥിക്കകത്ത് ഒതുങ്ങി നില്ക്കുന്നവ, ഗ്രന്ഥിക്ക് ചുറ്റുമായി ഒതുങ്ങിനില്‍ക്കുന്നവ, ബാഹ്യമായി ബാധിച്ചവ എന്നിങ്ങനെ പ്രോസ്റ്റേറ്റ് കാന്‍സറിനെ മൂന്നായി തിരിച്ചിട്ടുണ്ട്. രോഗം മൂര്‍ഛിക്കുമ്പോള്‍ മറ്റ് അര്‍ബുദങ്ങള്‍പോലെതന്നെ ലിംഫ്നോഡുകള്‍, കരള്‍, തലച്ചോറ്, എല്ലുകള്‍, ശ്വാസകോശം, വന്‍കുടല്‍ എന്നീ അവയവങ്ങളെയെല്ലാം ബാധിക്കാറുണ്ട്. പ്രാരംഭദശയില്‍തന്നെ കണ്ടെത്തി മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിലൂടെ പ്രോസ്റ്റേറ്റ് കാന്‍സര്‍മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറക്കാനായിട്ടുണ്ട്.