ഈദുല്‍ ഫിത്വ്ര്‍ മിതത്വത്തിന്റെയും സന്തുലിതത്വത്തിന്റെയും ആഘോഷം

സെബ്രീന ലെയ്
ജൂണ്‍ 2019
ജീവിതത്തിന്റെ രണ്ട് തലങ്ങളെ യാതൊരു പൊരുത്തക്കേടുമില്ലാതെ വിളക്കിച്ചേര്‍ക്കുന്നു എന്നതാണ് ഇസ്‌ലാമിക തത്ത്വചിന്തയുടെ സവിശേഷത.

ജീവിതത്തിന്റെ രണ്ട് തലങ്ങളെ യാതൊരു പൊരുത്തക്കേടുമില്ലാതെ വിളക്കിച്ചേര്‍ക്കുന്നു എന്നതാണ് ഇസ്‌ലാമിക തത്ത്വചിന്തയുടെ സവിശേഷത. അതിന്റെ ഒന്നാമത്തെ തലം നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ജീവിതം തന്നെയാണ്. അതിനെയാണ് 'ദുന്‍യാ' ജീവിതം എന്നു പറയുന്നത്. അത് നമ്മോട് ചേര്‍ന്നുനില്‍ക്കുന്ന, നമുക്ക് ദൃശ്യമായ സത്വര ജീവിതമാണ്. രണ്ടാമത്തെ തലം വളരെയേറെ ആഴമുള്ളതാണ്. അതിനെയാണ് പിന്നീടുള്ള (ആഖിറ) ജീവിതം എന്ന് വിളിക്കുന്നത്. വാക്ക് സൂചിപ്പിക്കുന്നത് പോലെ ജീവിതത്തിന്റെ അന്ത്യഭാഗത്തെ പ്രതിനിധീകരിക്കുന്നു അത്. ഈ രണ്ട് ലോകവും പരസ്പരം അന്യമല്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവ രണ്ടും ചേര്‍ന്നുനില്‍ക്കുന്നതും പരസ്പര പൂരകവുമാണ്. ഈയൊരു വിശ്വാസബലത്തിലാണ് ഇസ്‌ലാമിന് ഇരുലോകങ്ങളെയും ഇണക്കിച്ചേര്‍ക്കാന്‍ കഴിയുന്നത്. അങ്ങനെ ശരീരത്തിന്റെയും ആത്മാവിന്റെയും ആവശ്യങ്ങളെ ഒരേസമയം പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ അതിന് കഴിയുന്നു. ശരീരത്തെയും ആത്മാവിനെയും വേണ്ട അളവില്‍ അഭിസംബോധന ചെയ്യുന്നുണ്ട് ഇസ്‌ലാമിലെ എല്ലാ അനുഷ്ഠാനങ്ങളും എന്നും നമുക്ക് കണ്ടെത്താനാവും.
റമദാനില്‍ നാം എന്താണ് ചെയ്തത്? പകല്‍ നേരങ്ങളില്‍ നാം നമ്മുടെ ശരീരത്തിന്റെ ആവശ്യങ്ങളെ വെല്ലുവിളിച്ചു. ആ ജീവിതം നമ്മുടെ ഇന്ദ്രിയങ്ങളെ മൂര്‍ച്ചയുള്ളതാക്കി. സ്വയം നിയന്ത്രണത്തിലൂടെ നമ്മുടെ ആത്മീയതക്ക് പുതുജീവന്‍ നല്‍കി. നോമ്പ് മുറിക്കുന്ന വേളയില്‍ നാം ഭക്ഷണം കഴിച്ച് ശരീരത്തിന് പോഷണം നല്‍കുന്നു. ഒപ്പം തന്നെ ഹൃദയമറിഞ്ഞ പ്രാര്‍ഥനകളിലൂടെ രക്ഷിതാവിന്റെ അനുഗ്രഹങ്ങള്‍ തേടുകയും ചെയ്യുന്നു. ഒരാളുടെ ഇഹലോക-പരലോക തേട്ടങ്ങളെ എങ്ങനെ ഇണക്കിച്ചേര്‍ക്കാമെന്നും മനോഹരമായി ബാലന്‍സ് ചെയ്യിക്കാമെന്നുമാണ് റമദാന്‍ നമുക്ക് കാട്ടിത്തന്നത്. റമദാന്‍ കഴിഞ്ഞുള്ള പെരുന്നാളിലും ഭൗതികതയുടെയും ആത്മീയതയുടെയും തലങ്ങളെ തീര്‍ത്തും അന്യാദൃശമായ രീതിയില്‍ സമന്വയിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. രണ്ടിന്റെയും രീതി വ്യത്യസ്തമാണെന്ന് മാത്രം.
ഞാന്‍ ഇസ്‌ലാമിക വിശ്വാസത്തില്‍ എത്തിച്ചേര്‍ന്ന ഒരാളാണ്. ഇരു ലോകങ്ങളെയും ചേര്‍ത്തുനിര്‍ത്താനുള്ള ഇസ്‌ലാമിന്റെ ശേഷി വലിയൊരു ആകര്‍ഷണം തന്നെയാണ്. അനുഷ്ഠാനങ്ങളിലൊക്കെയും അതുണ്ട്. അങ്ങനെ പതിനാല് വര്‍ഷം മുമ്പ് ഞാന്‍ കണ്ടെത്തിയത് ഇസ്‌ലാമിന്റെ അത്ഭുതപ്പെടുത്തുന്ന ഈ മാനവിക മുഖമായിരുന്നു.
തുടര്‍ച്ചയായി മൂന്ന് റമദാന്‍ മാസങ്ങളില്‍ മുസ്‌ലിമാവാതെ തന്നെ ഞാന്‍ വ്രതം അനുഷ്ഠിച്ചിരുന്നു. ഈദ് പ്രാര്‍ഥനകള്‍ക്ക് സാക്ഷിയാവുകയും ചെയ്തിരുന്നു. ഈദ് പ്രാര്‍ഥനകള്‍ കഴിയുന്നത് വരെ ഞാന്‍ മസ്ജിദിന് പുറത്ത് കാത്തിരിക്കും. അല്ലെങ്കില്‍ ഈദ് പ്രാര്‍ഥനയോ ജുമുഅ പ്രസംഗമോ നടക്കുന്ന വേളയില്‍ മസ്ജിദിലെ ഏറ്റവും പിന്നിലെ അണിയില്‍ പോയി നില്‍ക്കും; എല്ലാം വീക്ഷിച്ചുകൊണ്ട്. അത് വല്ലാത്തൊരു അനുഭവവും അനുഭൂതിയുമായിരുന്നു. വിശ്വാസികളെല്ലാം ഒന്നിച്ച് അണിനിരക്കുന്നു, കുമ്പിടുന്നു, സാഷ്ടാംഗം നമിക്കുന്നു, ഇമാമിന്റെ പ്രഭാഷണം സശ്രദ്ധം ശ്രവിക്കുന്നു, പിന്നെ വളരെ നല്ല മനസ്സോടെ പരസ്പരം അഭിവാദ്യം ചെയ്യുന്നു. അപ്പോള്‍തന്നെ എനിക്ക് തോന്നിയിരുന്നു, പെരുന്നാള്‍ നമസ്‌കാരത്തെയും മറ്റു സമൂഹ പ്രാര്‍ഥനകളെയും കേവലം മതകീയ അനുഷ്ഠാനങ്ങളായി ചുരുക്കിക്കാണാന്‍ കഴിയില്ല. സാമൂഹിക ഉള്ളടക്കത്തില്‍നിന്ന് അവയെയൊന്നും പറിച്ചു മാറ്റാനും കഴിയില്ല.
അങ്ങനെ പത്ത് വര്‍ഷം മുമ്പ് എന്റെ മൂന്നാം റമദാന്‍ വ്രതാചരണകാലത്താണ് സര്‍വലോക രക്ഷിതാവ് അവന്റെ സന്മാര്‍ഗം നല്‍കി എന്നെ അനുഗ്രഹിച്ചത്. ആ റമദാന്‍ കഴിഞ്ഞുള്ള പെരുന്നാള്‍ പ്രാര്‍ഥനകളില്‍ ഞാനും പങ്കാളിയായി; ഒരു വിശ്വാസിനിയായിക്കൊണ്ട്. എന്റെ ആഹ്ലാദത്തിന് അതിരുകളുണ്ടായിരുന്നില്ല. ഇസ്‌ലാമിനെ പ്രതിനിധീകരിച്ച് ബൗദ്ധിക പൊതുമണ്ഡലങ്ങളില്‍ നിലകൊള്ളുമ്പോഴും മതസംവാദങ്ങളില്‍ ഭാഗമാക്കാവുമ്പോഴും കമ്യൂണിറ്റി ലീഡറായി പ്രവര്‍ത്തിക്കുമ്പോഴുമൊക്കെ ഇന്നും ആ ആഹ്ലാദം എന്റെ മനസ്സിലുണ്ട്.
ആത്മീയത നിലനിര്‍ത്തുമ്പോള്‍ തന്നെ ശരീരത്തിന്റെ ആഗ്രഹങ്ങളെയും പരിഗണിക്കണമെന്ന സന്ദേശം പ്രവാചകന്‍ തന്നെ നല്‍കുമ്പോള്‍ ആഹ്ലാദം പിന്നെയും വര്‍ധിക്കുന്നു. ശരീരത്തിന്റെ ഇഛകളെ ഉച്ചാടനം ചെയ്ത് സന്യാസി ജീവിതം നയിക്കണമെന്ന് എവിടെയും പറയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ പറയാന്‍ പോകുന്ന സംഭവം ഒരു ഈദ് ആഘോഷദിനത്തില്‍ നടന്നതാണ്. രണ്ട് ഈദുകള്‍ എന്ന അധ്യായത്തില്‍ ഇമാം ബുഖാരി ആ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. അബൂബക്ര്‍ സിദ്ദീഖ് തന്റെ മകളും പ്രവാചക പത്‌നിയുമായ ആഇശയുടെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍, രണ്ട് പെണ്‍കുട്ടികള്‍ അവിടെയിരുന്ന് പാടുന്നുണ്ട്. തൊട്ടപ്പുറത്ത് പ്രവാചകന്‍ വിശ്രമിക്കുകയാണ്. ഇതൊരു പൈശാചിക പ്രവൃത്തിയല്ലേ എന്ന് അദ്ദേഹം ക്ഷോഭിച്ചു. പാട്ട് നിര്‍ത്തിക്കാനും അദ്ദേഹം ഒരുങ്ങി. ഇത് കേട്ടുവന്ന പ്രവാചകന്‍, പെണ്‍കുട്ടികള്‍ പാടട്ടെ എന്ന് അനുമതി കൊടുക്കുകയാണ് ചെയ്തത്. എല്ലാ സമൂഹങ്ങള്‍ക്കും ആഘോഷമുണ്ട്, ഇന്ന് നമ്മുടെ ആഘോഷമാണ്, ഈദാണ് എന്ന് റസൂല്‍ ഓര്‍മിപ്പിക്കുകയും ചെയ്തു.
പാട്ട് പാടാനുള്ള അനുമതി മാത്രമായി ഇതിനെ കാണേണ്ടതില്ല. ജീവിതം സുന്ദരമാക്കുന്ന അത്തരം കാര്യങ്ങളോടുള്ള ഇസ്‌ലാമിന്റെ സമീപനമാണ് ഈ സംഭവം വിളിച്ചോതുന്നത്. അല്ലാഹുവിനെ ഓര്‍ക്കാനും അവനോട് പ്രാര്‍ഥനകള്‍ നടത്താനുമുള്ള അവസരം തന്നെയാണ് ഈദ്. പക്ഷേ അതോടൊപ്പം തന്നെ മനസ്സിനെയും ശരീരത്തെയും സന്തോഷിപ്പിക്കാനുള്ള അവസരവും കൂടി അത് ഒരുക്കുന്നുണ്ട്. നമുക്ക് ആശ്വാസവും നിര്‍വൃതിയും ഉണ്ടാവണം. എങ്കിലേ തന്റെ മതപരവും വ്യക്തിപരവുമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുള്ള ഊര്‍ജം ഒരാള്‍ക്ക് ലഭിക്കുകയുള്ളൂ. ജീവിതത്തിന്റെ സൗന്ദര്യങ്ങളെ അപ്പാടെ നിരാകരിക്കുന്ന സന്യാസത്തിന് ഇസ്‌ലാമില്‍ സ്ഥാനമില്ലെന്ന് ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയതുമാണല്ലോ. ''േചാദിക്കുക: അല്ലാഹു തെന്റ ദാസന്മാര്‍ക്കായുണ്ടാക്കിയ അലങ്കാരങ്ങളും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ െഎഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍െത്തഴുേന്നല്‍പു നാൡേലാ അവര്‍ക്കു മാ്രതവും. കാര്യം ്രഗഹിക്കുന്നവര്‍ക്കായി നാം ഇവ്വിധം െതൡവുകള്‍ വിശദീകരിക്കുന്നു'' (അല്‍ അഅ്‌റാഫ് 32).
ഒരുപാട് ശാരീരിക പ്രയാസങ്ങള്‍ പിന്നിട്ട് വേണം നോമ്പുകാരന് റമദാനിലൂടെ കടന്നുപോകാന്‍. ആയതിനാല്‍ നോമ്പുകഴിഞ്ഞുള്ള പിറ്റേ ദിനം ആഹ്ലാദിക്കാനുള്ളതാണ്. ലോക രക്ഷിതാവ് തന്റെ കാരുണ്യകടാക്ഷത്താല്‍ അങ്ങനെയൊരു ദിനം നമുക്ക് നിശ്ചയിച്ചു നല്‍കുകയാണ്. ആ ദിനം നോമ്പെടുക്കുന്നത് നിരോധിക്കുക കൂടി ചെയ്തിരിക്കുന്നു. തിന്നാനും കുടിക്കാനും അനുവദനീയമായ ആഹ്ലാദങ്ങളിലൊക്കെ ഏര്‍പ്പെടാനുമുള്ള പ്രേരണയാണ് നല്‍കുന്നത്. ഒപ്പം ദൈവസ്മരണയും നിറഞ്ഞു നില്‍ക്കുന്നു. ശാരീരിക, ആത്മീയ തലങ്ങളെ എത്ര സമഞ്ജസമായാണ് സമ്മേളിപ്പിച്ചിരിക്കുന്നതെന്ന് നോക്കൂ.
പണവും പ്രതാപവുമുള്ളവര്‍ക്ക് മാത്രം ആഹ്ലാദിക്കാനുള്ളതല്ല ഈദ്. വിശക്കുന്ന ഒരാളും ഈദ് ദിനത്തില്‍ ഉണ്ടാവരുത്. ഇവിടെയാണ് ഈദുല്‍ ഫിത്വ്‌റിന്റെ സാമൂഹിക തലം. അതേ സുഭിക്ഷത കൈവരുത്താന്‍ വേണ്ടിയാണ് സകാത്തുല്‍ ഫിത്വ്ര്‍ എന്ന ദാനധര്‍മം. അന്നത്തെ ചെലവ് കഴിച്ച് മിച്ചം വരുന്ന ഓരോ മുസ്‌ലിമും അത് നല്‍കിയിരിക്കണമെന്നാണ് സ്യവസ്ഥ. ഈദ് പ്രാര്‍ഥനക്കായി ഒരുമിച്ച് കൂടുന്നതിനു മുമ്പായി തന്നെ അത് നല്‍കണം. എങ്കിലേ പാവപ്പെട്ടവര്‍ക്ക് ആ ദിനം സുഭിക്ഷമായി കഴിയാനൊക്കൂ. ചെറുപ്പ വലിപ്പ വ്യത്യാസമില്ലാതെ, ആണ്‍ പെണ്‍ ഭേദമില്ലാതെ ഓരോ മുസ്‌ലിമും നല്‍കേണ്ട ദാനം. സകാത്തിന്റെ അതേ സാമൂഹികത തന്നെയാണ് ഇവിടെയും തെളിഞ്ഞു വരുന്നത്. വ്യക്തികള്‍ക്ക് ഒറ്റക്കൊറ്റക്ക് നടത്തുന്ന കേവലം അനുഷ്ഠാനങ്ങളല്ല ഇസ്‌ലാമിലുള്ളത്. അവക്ക് എപ്പോഴും ഒരു സാമൂഹിക സന്ദേശം കൂടി നല്‍കാനുണ്ടാവും. അത് തീര്‍ച്ചയായും സാമൂഹിക നീതിയുടെ സന്ദേശമാണ്. നമ്മള്‍ ലോക സ്രഷ്ടാവിന് മാത്രമായി ചെയ്യുന്ന ആധ്യാത്മിക അനുഷ്ഠാനങ്ങളുടെയെല്ലാം അന്തര്‍ധാരയായി ഈ മനുഷ്യ സ്‌നേഹം പതിഞ്ഞു കിടപ്പുണ്ടാവും. ഖുര്‍ആന്‍ തന്നെ പറഞ്ഞുവല്ലോ: ''നിങ്ങള്‍ കിഴേക്കാേട്ടാ പടിഞ്ഞാ
േറാേട്ടാ മുഖംതിരിക്കുന്നതല്ല പുണ്യം. പിെന്നേയാ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകൡലും േവദ്രഗന്ഥത്തിലും ്രപവാചകന്മാരിലും വിശ്വസിക്കുക; സമ്പത്തിേനാട് ഏെറ ്രപിയമുണ്ടായിരിെക്ക അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാ്രതക്കാര്‍ക്കും േചാദിച്ചുവരുന്നവര്‍ക്കും അടിമ േമാചനത്തിനും നല്‍കുക; നമസ്‌കാരം നിഷ്ഠേയാെട നിര്‍വഹിക്കുക; സകാത്ത് നല്‍കുക; കരാറുകൡേലര്‍െപ്പട്ടാലവ പാലിക്കുക; ്രപതിസന്ധികൡലും വിപദ്ഘട്ടങ്ങൡലും യുദ്ധേവളയിലും ക്ഷമ പാലിക്കുക; ഇങ്ങെന െചയ്യുന്നവരാണ് പുണ്യവാന്മാര്‍. അവരാണ് സത്യം പാലിച്ചവര്‍. സൂക്ഷ്മത പുലര്‍ത്തുന്നവരും അവര്‍ തെന്ന'' (അല്‍ബഖറ 177).
ആരാധനാ കര്‍മങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും മറ്റു പുണ്യ പ്രവൃത്തികള്‍ക്കും പാവങ്ങളെ, അനാഥകളെ, ആവശ്യക്കാരായി ആരൊക്കെയുാേ അവരെയെല്ലാം സഹായിക്കുക എന്ന ദൗത്യം കൂടിയുണ്ട് എന്നാണ് ഈ സൂക്തങ്ങള്‍ പറഞ്ഞുവെക്കുകന്നത്. ദൈവ വിശ്വാസം, അന്ത്യനാളിലുള്ള വിശ്വാസം എന്നീ അടിസ്ഥാന പ്രമാണങ്ങളെ സാമൂഹിക നീതി സാക്ഷാത്കരിക്കാനുള്ള ദാനധര്‍മങ്ങളുമായി ചേര്‍ത്തുവെക്കുകയാണ്. ദൈവഭയത്തിന് ഒരു മാനവിക മുഖം നല്‍കുകയാണ്. ഒരാള്‍ യഥാര്‍ഥ മുസ്‌ലിമായി ജീവിക്കുന്നത് തന്നെ ഒരു ചാരിറ്റബ്ള്‍ പ്രവൃത്തിയായി മാറുമെന്നര്‍ഥം. ഫിത്വ്ര്‍ സകാത്തിനെ ഈ ആഴത്തില്‍ നാം അറിയുകയും ഉള്‍ക്കൊള്ളുകയും വേണം. നോമ്പില്‍ സംഭവിച്ചേക്കാവുന്ന പോരായ്മകള്‍ക്ക് പരിഹാരമായാണ് ഫിത്വ്ര്‍ സകാത്ത് നിയമമാക്കിയതെങ്കിലും, സാമൂഹിക നീതിയുടെ ഈ വശം കാണാതെ പോകരുത്.
ഈദുല്‍ ഫിത്വ്‌റാകട്ടെ, ഈദുല്‍ അദ്ഹയാകട്ടെ, രണ്ടും വളരെ സാമൂഹികമായ ആഘോഷങ്ങളാണ്. ആഘോഷത്തിന്റെയും പ്രാര്‍ഥനയുടെയും ഘടന പരിശോധിച്ചുനോക്കുക. പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്ന ഇമാം വിശ്വാസികള്‍ക്കും ദൈവത്തിനുമിടയിലുള്ള ഒരു മധ്യവര്‍ത്തിയല്ല. ആ ഇമാമിന് പ്രത്യേകമായ ആത്മീയ കര്‍മങ്ങളോ ശൂശ്രൂഷകളോ ചെയ്യാനില്ല. ഇമാമും മറ്റു വിശ്വാസികളെപ്പോലെ ദൈവത്തിന്റെ മുമ്പാകെ നില്‍ക്കുകയാണ്; മറ്റുള്ളവരില്‍നിന്നും ഒരു നിലക്കും വ്യത്യസ്തനാവാതെ. പ്രത്യേക ആത്മീയ പദവികളൊന്നും ഇമാമിന് നല്‍കപ്പെടുന്നില്ല. മറ്റു ചില മതങ്ങളില്‍ കാണുന്നത് പോലെ, ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ ഇടനിലക്കാരായി അവര്‍ പ്രത്യക്ഷപ്പെടുന്നില്ല.
ഇവിടെ എല്ലാം സുതാര്യമാണ്. ആത്മീയ ചൂഷണത്തിന്റെ ഒരു വഴിയും തുറക്കപ്പെടുന്നില്ല. ഈദാഘോഷത്തില്‍ എല്ലാം സാമൂഹികതയുടെ വിളംബരമാണ്. നമസ്‌കാര ശേഷം ഖുത്വ്ബ, സാധാരണ ജുമുഅ ഖുത്വ്ബകളില്‍നിന്ന് വ്യത്യസ്തമായിരിക്കും. പാവപ്പെട്ടവരെയും പിറകോട്ട് തള്ളപ്പെട്ടവരെയും മറക്കരുതേ എന്ന ആഹ്വാനമായിരിക്കും ഈദുല്‍ ഫിത്വ്‌റിലെ ഖുത്വ്ബയില്‍ നിരന്തരം ഉയരുക. ഒരു സാദാ മതാഘോഷത്തില്‍നിന്ന് ഈദുല്‍ ഫിത്വ്‌റിനെ ഉയര്‍ത്തിനിര്‍ത്തുന്നതും ഇതുതന്നെ. ഈദ് ദിനത്തില്‍ പിന്നെ നാം കാണുക കുടുംബ സന്ദര്‍ശങ്ങളും സുഹൃദ് സന്ദര്‍ശനങ്ങളുമാണ്. അവ സാമൂഹിക കെട്ടുറപ്പിനെ ഒന്നുകൂടി ബലപ്പെടുത്തുന്നു.
റമദാനില്‍ നാം പണിപ്പെട്ട് നേടിയെടുത്ത ഒരു ജീവിതതാളമുണ്ട്. പകലൊടുങ്ങും വരെയുള്ള നോമ്പ്, ദീര്‍ഘങ്ങളായ രാത്രി പ്രാര്‍ഥനകള്‍, എല്ലാ ഭൗതിക വ്യവഹാരങ്ങളും മാറ്റിവെച്ച് പള്ളിയില്‍ താമസിച്ച് രക്ഷിതാവിനെ മാത്രം ധ്യാനിച്ചിരിക്കല്‍ (ഇഅ്തികാഫ്)... ഇതിലൂടെ കടന്നുവന്ന ഒരു വിശ്വാസിക്ക് പെരുന്നാളിനെ ഒരിക്കലും അര്‍ഥരഹിതമായ ഒരു ആഘോഷമാക്കി മാറ്റാന്‍ കഴിയില്ല. ദൈവത്തിന് ഹിതകരമാവുന്നതേ വിശ്വാസി പെരുന്നാള്‍ ദിനവും ചെയ്യൂ. അതുകൊണ്ടാണ് വിശ്വാസിയുടെ ഒരു കര്‍മവും പാഴിലാവില്ല എന്നു പറയുന്നത്. ഉദ്ദേശ്യശുദ്ധിയോടെ എല്ലാ കര്‍മങ്ങളും വിശ്വാസിയുടെ കണക്കു പുസ്തകത്തില്‍ വരവ് വെക്കപ്പെട്ടുകൊണ്ടിരിക്കും. അപ്പോള്‍ നല്ല വസ്ത്രങ്ങള്‍ അണിയുക, ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങള്‍ ആഹരിക്കുക, സുഗന്ധം പൂശുക തുടങ്ങിയവയെല്ലാം പ്രതിഫലാര്‍ഹമായ കര്‍മങ്ങളായി മാറുന്നു. മിതമായ രീതിയില്‍ ആ ആഹ്ലാദങ്ങളൊക്കെ ആവാം, വേണ്ടതുമാണ്,. പക്ഷേ ഖുര്‍ആന്റെ ഈ താക്കീത് എപ്പോഴും ഓര്‍മ വേണം: ''ആദം സന്തതികേള, എല്ലാ ആരാധനകൡലും നിങ്ങള്‍ നിങ്ങളുെട അലങ്കാരങ്ങളണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. അമിതവ്യയം ചെയ്യുന്നവെര അല്ലാഹു ഇഷ്ടെപ്പടുന്നില്ല.''
എല്ലാറ്റിലും മിതത്വം വേണം, സന്തുലിതത്വം വേണം. അതിനാല്‍ ഈദുല്‍ ഫിത്വ്ര്‍ മിതത്വത്തിന്റെയും സന്തുലിതത്വത്തിന്റെയും ആഘോഷമാണ്.
അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍.

വിവ: അബൂസ്വാലിഹ

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media