പാട്ടിന്റെയും പരിചരണത്തിന്റെയും ആള്‍രൂപം

ബിശാറ മുജീബ്
ജൂണ്‍ 2019
കൊണ്ടോട്ടിയിലെ ഒരു കടയുടെ മുകളില്‍ നിന്ന് ഹാര്‍മോണിയത്തിന്റെ ശബ്ദം കേള്‍ക്കുന്നു. പതുക്കെ കോണി കയറി മുകളിലെത്തി ശബ്ദം കേട്ടിടത്തേക്ക് അനിയത്തിയും ഞാനും എത്തിനോക്കി.

കൊണ്ടോട്ടിയിലെ ഒരു കടയുടെ മുകളില്‍ നിന്ന് ഹാര്‍മോണിയത്തിന്റെ ശബ്ദം കേള്‍ക്കുന്നു. പതുക്കെ കോണി കയറി മുകളിലെത്തി ശബ്ദം കേട്ടിടത്തേക്ക് അനിയത്തിയും ഞാനും എത്തിനോക്കി. വെളുത്ത ജുബ്ബയിട്ട ഒരാള്‍ ഹാര്‍മോണിയം വായിച്ച് നന്നായി പാടുന്നു. പാടിക്കഴിയുവോളം അവിടെനിന്ന ഞങ്ങളെ അയാള്‍ അടുത്തേക്ക് വിളിച്ചു. പാട്ടിഷ്ടപ്പെട്ട് വന്നതാണെന്നറിഞ്ഞ് ഇരിക്കാന്‍ പറഞ്ഞു. 1968-ല്‍ 8-ാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണിത്. ഒന്നു രണ്ട് പാട്ടുകള്‍ അയാള്‍ ആവശ്യപ്പെട്ട പ്രകാരം പാടി. ലളിതഗാനമോ സിനിമാപ്പാട്ടോ ആയിരുന്നു പാടിയത്. നാച്വറല്‍ മ്യൂസിക് ക്ലബ്ബിലെ കെ.എസ് മുഹമ്മദ് കുട്ടിയായിരുന്നു അന്ന് എന്റെയും അനിയത്തി ഇന്ദിരയുടെയും പാട്ടുകേട്ട ആള്‍. പാട്ട് ഇഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹം അഛനെ വന്നുകണ്ട് ഗാനമേളകളില്‍ പാടാന്‍ ഞങ്ങളെ വിട്ടുതരണമെന്ന് പറഞ്ഞു. ആ ക്ഷണം അഛനെ സന്തോഷിപ്പിച്ചു. 1971-ല്‍ ആദ്യമായി അവരോടൊപ്പം ചേര്‍ന്ന് ഗാനമേളയില്‍ പാടി. ചന്ദനച്ചോലയിലെ 'ബിന്ദു നീ ആനന്ദ ബിന്ദു' ആണ് വേദിയിലെ എന്റെ ആദ്യത്തെ പാട്ട്. കെ.എസിന്റെ ഓര്‍ക്കസ്ട്ര ഗ്രൂപ്പില്‍ പ്രധാനമായും മാപ്പിളപ്പാട്ടുകളായിരുന്നു പാടിയിരുന്നത്. ബദര്‍പാട്ടുകളും കല്യാണപ്പാട്ടുകളും പെരുത്ത് ഇഷ്ടമാകുന്നത് അന്നുമുതലാണ്. ഹുസ്‌നുല്‍ ജമാലും മലപ്പുറം കിസ്സയും പാടിത്തഴമ്പിച്ച ആ സംഘം ഒരു കുടുംബം തന്നെയായിരുന്നു. കെ.എസ് മുഹമ്മദ് കുട്ടിയുടെ ഭാര്യ കെ.യു ഖദീജ, മക്കള്‍ മുംതാസ്, ബേബി സുഹ്‌റ, ഭാര്യാ സഹോദരന്‍ അബ്ദുല്ലത്തീഫ് എന്നിവരോടൊപ്പമായിരുന്നു എന്റെയും ഇന്ദിരയുടെയും അരങ്ങേറ്റം. തിരൂര് നിന്നുളള രമണിയും കൂടെ പാടിയതോര്‍ക്കുന്നു.
1976-ല്‍ പി.എസ്.എം.ഒ കോളേജില്‍ കേസറ്റ്‌സ് അവാര്‍ഡ് സെക്ഷനില്‍ പങ്കെടുത്തിരുന്നു. അന്ന് പങ്കെടുത്ത ആറ് ഗാനമേളാ ടീമുകളില്‍ എ.വി മുഹമ്മദിന്റെ ടീമും ഉണ്ടായിരുന്നു. അതിനുശേഷം കുറച്ചുകാലം വേദികളില്‍നിന്നെല്ലാം വിട്ടുനിന്നു. ആയിടക്ക് എ.വി മുഹമ്മദ് എന്നെ അന്വേഷിച്ച് വീട്ടില്‍ വന്നു. അന്നത്തെ കൂടിക്കാഴ്ച എനിക്കും അനിയത്തിക്കും അവരുടെ കൂടെ കുറേ പാടിനടക്കാനുളള അവസരമുണ്ടാക്കി.

സേവന വഴിയില്‍
ഞാനെന്നും രാവിലെ നാലുമണിക്കെണീറ്റ് പെട്ടെന്ന് തന്നെ വീട്ടിലെ പണികളെല്ലാം തീര്‍ത്ത് ഒരുങ്ങി നില്‍ക്കും, ആരെങ്കിലും എന്തെങ്കിലും സഹായത്തിന് വിളിച്ചാല്‍ ഓടിപ്പോവാനായി. വീടിനടുത്തുളള ഹെല്‍ത്ത് സെന്ററും ലൈല സിസ്റ്ററും എന്റെ കൂടി ഹൃദയമിടിപ്പാണ്. ചുറ്റുപാടും പരിചരണവും പാട്ടും പ്രതീക്ഷിച്ചിരിക്കുന്ന ഒരുപാടാളുകളുണ്ട്. അവരുടെ ആവശ്യങ്ങള്‍ ചോദിച്ചും പറഞ്ഞും അറിഞ്ഞ് നിവര്‍ത്തിച്ചുകൊടുക്കുന്ന തിരക്കിലാണ് ഇപ്പോള്‍. അതിനായി ഹോം കെയര്‍ എന്ന ഒരു യൂനിറ്റ് തന്നെയുണ്ട്. സിസ്റ്ററാണ് എന്നെ അതിലേക്ക് ക്ഷണിച്ചത്. കൗതുകത്തിന് അവരോടൊപ്പം ഒന്ന് ചെന്നു നോക്കിയതാണ്. പിന്നെ ഉറക്കവും ഭക്ഷണവും ഒന്നും വേണ്ടാത്ത അസ്വസ്ഥതകളുടെ മാത്രം ദിവസങ്ങളായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ എന്നെ കാണുമ്പോഴേക്ക് ചേച്ചി വന്നു എന്നു പറഞ്ഞ് ഓരോ പാട്ടുകള്‍ പാടാന്‍ നിര്‍ബന്ധിക്കും. അവര്‍ക്കുവേണ്ടി അവരിലൊരാളായി മതിമറന്ന് പാടിക്കൊണ്ടിരിക്കുമ്പോള്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ സദസ്സിനേക്കാള്‍ വലിയ അനുഭൂതിയാണ്. 

വേദനയുടെ ഈണങ്ങള്‍
മനസ്സ് നീറുന്ന ഒരുപാട് ഓര്‍മകള്‍ ഈ വഴികള്‍ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. കൊണ്ടോട്ടി നീറാട് ഒരു ഉമ്മ ഉണ്ടായിരുന്നു. പള്ളിയുമ്മ. ചുവന്ന് തുടുത്ത മുഖമുള്ള അതീവ സുന്ദരി. സംസാരിക്കില്ല. ശോധനയില്ല. അനക്കം ഒട്ടുമില്ല. ഒരു ജീവനുളള മയ്യിത്ത് എന്നു തോന്നിപ്പോവും. ഒരു ദിവസം അവരെ കാണാന്‍ ചെന്നപ്പോള്‍ മുഖവും ശരീരവും പൂര്‍ണമായി പപ്പടം പോലെ പൊള്ളി നില്‍ക്കുന്നു. നീറുന്ന വേദന പറയാനോ പ്രകടിപ്പിക്കാനോ കഴിയാതെയുളള അവരുടെ കിടപ്പ് കണ്ടിട്ട് മനസ്സ് വല്ലാതെ പ്രയാസപ്പെട്ടു. തിരിച്ചു പോരുമ്പോള്‍ സിസ്റ്ററുടെ കൈ പിടിച്ച് പറഞ്ഞുപോയി; ''നാളെ അവര്‍ മരിച്ചെന്ന് കേള്‍ക്കണം'' ഉറക്കമില്ലാതെ കിടന്ന ആ രാത്രിയില്‍ തന്നെ സിസ്റ്റര്‍ വിളിച്ചു; ''പള്ളിയുമ്മക്കിനി വേദന ഉണ്ടാവില്ല. മരണം അവരെ രക്ഷിച്ചു.''
ആക്‌സിഡന്റില്‍ ശരീരമാകെ മുറിവു പറ്റി നീരൊലിക്കുന്ന ചൂലന്‍; സിസ്റ്ററും ഡ്രൈവറും ഞാനുമെത്തി ദിവസവും പരിചരണവും പാട്ടും കൂടിച്ചേരുന്നതുവരെ അങ്കലാപ്പിലായിരിക്കും. ലൈല സിസ്റ്ററെ പോലുളളവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ സമൂഹം അവരെ അങ്ങേയറ്റം ആദരിച്ചേ മതിയാവൂ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഭൂമിയിലെ മാലാഖ എന്നോടൊപ്പമാണെന്ന് അവരുടെ കൂടെ നടക്കുമ്പോള്‍ തോന്നും. 
മുഴുകുടിയന്മാരായ രണ്ട് ആണ്‍മക്കളെയും കൊണ്ട് ഉണ്ണാനും ഉടുക്കാനും വകയൊന്നുമില്ലാതെ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ കരഞ്ഞു ദിവസം നീക്കുന്ന അമ്മ എന്നും വേദനയാണ്. മേലങ്ങാടിയിലെ നാല് വലിയ പെണ്‍മക്കളുളള വീട്ടില്‍ അടുപ്പ് തണുത്തിരിക്കുന്നത് കണ്ട് ചോദിച്ചപ്പോഴാണ് ഒരു മണി അരി പോലും അടുപ്പത്ത് വെക്കാനില്ല എന്ന് പറഞ്ഞ് ഒരുമ്മ കരഞ്ഞുപോയത്. തിരിച്ചുവന്ന് ചുറ്റുപാടുനിന്നും പരിചയക്കാരില്‍നിന്നും കുറച്ച് കാശും അവിടെയുണ്ടായിരുന്ന അരിയുമെല്ലാം പെറുക്കിയെടുത്ത് അവരുടെ അടുത്തേക്ക് ഓടിച്ചെന്നപ്പോഴാണ് കുറച്ചെങ്കിലും സമാധാനമായത്. മാനസികനില തെറ്റിയ ഒരുമ്മ ഭാര്യ ഉപേക്ഷിച്ചുപോയ കിഡ്‌നി രോഗിയായ മകനുള്‍പ്പെടുന്ന കുടുംബത്തിന് അങ്ങാടിയിലെ കടകളില്‍ചെന്ന് കൈ നീട്ടി കിട്ടിയ കടലക്കറിയും ഭക്ഷണപദാര്‍ഥങ്ങളും കൊടുത്ത് പശിയടക്കുന്നത് നേരില്‍ കണ്ടപ്പോള്‍ അവര്‍ക്ക് പാടിക്കൊടുക്കാന്‍ മനസ്സില്‍ കരുതിവെച്ച പാട്ട് മറന്നുപോവുകയായിരുന്നു.

പാട്ടുജീവിതം
എന്റെ ജീവിതത്തിന്റെ താളം പാട്ടാണ്. പണ്ടു മുതലേ പാട്ടുകള്‍ വൃത്തിയായി എഴുതി സൂക്ഷിക്കും. അടുത്തിടെ കെ.എസ് മുഹമ്മദ് കുട്ടി വീട്ടിലെത്തി അദ്ദേഹത്തോടൊപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് പാടിയ പാട്ടുകള്‍ ശേഖരിച്ചിരുന്നു. അവാര്‍ഡുകളും ആദരവുകളും കിട്ടിയിട്ടുണ്ട്. അവയെല്ലൊം ഡയറിപോലെ എഴുതിവെച്ചിട്ടുണ്ട്. ജ്യോതി അയല്‍കൂട്ടത്തിന്റെ ആരോഗ്യവിഭാഗം എന്റെ ചുമതലയിലാണ്. മിനിട്ട്‌സും റിപ്പോര്‍ട്ടുകളും വൃത്തിയായി എഴുതി സൂക്ഷിച്ചതിന് പലരും പ്രശംസിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ തുടക്കം മുതലേ പങ്കാളിയാണ്. ഏറ്റവും കൂടുതല്‍ പണിയെടുത്തതിന് ആദരവും കിട്ടിയിട്ടുണ്ട്. മണ്ണ് കോരുമ്പോഴും കുട്ട മാറുമ്പോഴും പാട്ടുവരുന്നതിനാല്‍ അതേറ്റുപാടി രംഗം ആവേശമാക്കിയായിരുന്നു ഞങ്ങളുടെ പണികള്‍. തൊഴിലുറപ്പ് കുടുംബശ്രീ പാട്ടെഴുതിയത് യൂട്യൂബിലുണ്ട്. 
മാപ്പിളപ്പാട്ട് ഇഷ്ടപ്പെട്ടപോലെ അറബി ഭാഷയും എനിക്ക് പിരിശപ്പെട്ടതാണ്. ഞങ്ങളുടെ വടക്കേകുളം തറവാട് വീടിനടുത്തുള്ള ബീയ്യക്കുട്ടി ഉമ്മയില്‍നിന്നാണ് അറബി ഉച്ചാരണത്തിന്റെ ബാലപാഠം മനസ്സിലാക്കിയത്. ഉമ്മ വുദൂ എടുക്കുന്നതും പ്രാര്‍ഥിക്കുന്നതും എപ്പോഴും നോക്കിനില്‍ക്കുന്നതിനാല്‍ അതെല്ലാം എന്നെയും പഠിപ്പിച്ചു. ഉമ്മയോടൊപ്പം നോമ്പ് നോല്‍ക്കുന്നതും പതിവാക്കി. അതിനൊരു കാരണവുമുണ്ട്. ഖദീജ എന്ന അയല്‍വാസി നോമ്പുനോറ്റ് വയ്യ വയ്യ എന്ന് പറയുന്നതുകേട്ട് ഒന്നു നോറ്റു നോക്കിയാലോ എന്ന് വിചാരിച്ചതാണ്. ആ വര്‍ഷം 27 നോമ്പെടുത്തു. ആ ദിവസങ്ങളിലെല്ലാം അയല്‍വാസികള്‍ എന്നെ നോമ്പു തുറപ്പിക്കാന്‍ മത്സരമായിരുന്നു.
അറബിവാക്കുകളുടെ ഉച്ചാരണം കൃത്യമായി പഠിച്ചാല്‍ മാപ്പിളപ്പാട്ടിന്റെ വഴിയിലെ എന്റെ സഞ്ചാരം എളുപ്പമാണെന്ന് അഛന്‍ മനസ്സിലാക്കി. അങ്ങനെയാണ് ഗ്രന്ഥകാരനും ചരിത്രകാരനുമായ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം മാഷിന്റെ വീട്ടില്‍ ചെന്ന് അറബി പഠിക്കാന്‍ അവസരം ലഭിച്ചത്. ബദര്‍പാട്ടുള്‍പ്പെടെ ഒരുപാട് മാപ്പിളപ്പാട്ടുകള്‍ ഉച്ചാരണശുദ്ധിയോടെ പഠിക്കാനായി.
കേരളത്തിലെ പ്രധാനികളായ ഒട്ടുമിക്ക കലാകാരന്മാരോടൊപ്പവും പാടാന്‍ സാധിച്ചിട്ടുണ്ട്. എ.വി മുഹമ്മദ്, കെ.ടി മുഹമ്മദ്, ഉമ്മര്‍ കുട്ടി, കെ.എസ് മുഹമ്മദ് കുട്ടി, പീര്‍ മുഹമ്മദ്, എരഞ്ഞോളി മൂസ, കൊല്ലക്കോട് ഹംസ, കെ.സി ചെലവൂര്‍, കെ.വി അബൂട്ടി, നിലമ്പൂര്‍ ഷാജി, എസ്.എ ജമീല്‍, കെ.ജി സത്താര്‍, സീറോ സാബു, കെ.എം.കെ വെള്ളയില്‍, അസീസ് തായിനേരി, ആയിശ ബീഗം, റംല ബീഗം, സിബല്ല സദാനന്ദന്‍, വിളയില്‍ ഫസീല, ഫിറോസ് ബാബു, പള്ളിക്കല്‍ മൊയ്തീന്‍ തുടങ്ങിയവരോടൊപ്പമെല്ലാം വേദി പങ്കിടാനായി.
35 വര്‍ഷമായി മുദ്ര കലാസാംസ്‌കാരിക വേദിയുടെ പ്രസിഡന്റാണ്. നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മുസ്‌ലിം കഥാപാത്രങ്ങളായിരുന്നു അഭിനയിച്ചതത്രയും. കഥാപ്രസംഗം പാടി അവതരിപ്പിക്കാന്‍ ഒരുപാടിഷ്ടമാണ്. ആ ആഗ്രഹം ഇതുവരെ നടന്നിട്ടില്ല. ബദറിലെ ഇശലുകള്‍ പാടി ഒരു സി.ഡി ഇറക്കണമെന്നുണ്ട്. സ്വന്തമായി അതിനു സാധിക്കില്ല എന്നതിനാല്‍ ആഗ്രഹം മനസ്സില്‍ തന്നെ ഒളിപ്പിച്ചു വെച്ചതാണ്. കുഞ്ഞാലന്‍ കിഴിശ്ശേരി, എന്‍.വി തുറക്കല്‍ ഗോപാലന്‍ തുടങ്ങിയവരോടൊപ്പം ആകാശവാണിയില്‍ വട്ടപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്. 
കോഴിക്കോട് പെരുവയല്‍ സ്വദേശിയാണ് ഭര്‍ത്താവ് രാമചന്ദ്രന്‍. തബലിസ്റ്റ് ജയറാം ആണ് ഏക മകന്‍. മരുമകള്‍ ജിംഷയും കൊച്ചുമകള്‍ ആവണിയും ഇപ്പോള്‍ പാട്ടുവഴിയിലെ കൂട്ടുകാരായി എന്നോടൊപ്പമുണ്ട്. 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media