ഖത്തര്‍ മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തില്‍

സഈദ മന്‍ഹാം No image

ദോഹയിലെ 'ശൈഖ് ഹമദ് അവാര്‍ഡ് ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്റ് ഇന്റര്‍നാഷ്‌നല്‍ അണ്ടര്‍സ്റ്റാന്റിംഗി'ന്റെ പ്രചരണാര്‍ഥം കേരളം സന്ദര്‍ശിച്ച ഖത്തര്‍ യൂനിവേഴ്‌സിറ്റി പ്രഫസര്‍മാരായ ഡോ. ഹനാന്‍ അല്‍ഫയ്യാദ്, ഡോ. ഇംതിനാന്‍ അസ്സ്വമാദീ എന്നിവരുമായി കോഴിക്കോട് വെച്ച് ഒരു കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചപ്പോള്‍ പരിചയപ്പെടുത്തുകയുണ്ടായി. വനിതകള്‍ക്കു വേണ്ടി വനിതകളാല്‍ നടത്തപ്പെടുന്ന പ്രസിദ്ധമായ മാസികയാണെന്നും അറബിയിലെ ബുസ്താന്‍, ഹദീഖ, റൗദ തുടങ്ങിയ പദങ്ങളുടെ മലയാളമാണ് 'ആരാമം' എന്നും വിവരിച്ചുകൊടുത്തപ്പോള്‍ ആരാമത്തിനു വേണ്ടി തങ്ങളുടെ കാഴ്ചപ്പാടുകളും സാമൂഹിക വളര്‍ച്ചയും സംഭാവനകളും പങ്കുവെക്കാന്‍ അവര്‍ അതീവതാല്‍പര്യം കാണിച്ചു.
അവാര്‍ഡ് കമ്മിറ്റിയുടെ മീഡിയാ ടീം അധ്യക്ഷയും വക്താവുമാണ് ഡോ. ഹനാന്‍; ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ അറബി ഭാഷാ പ്രഫസറും. ഡോ. ഇംതിനാന്‍ അതേ യൂനിവേഴ്‌സിറ്റിയില്‍ സാഹിത്യവിഭാഗം പ്രഫസറും അവാര്‍ഡ് മീഡിയാ ടീം അംഗവുമാണ്.

ഡോ. ഹനാന്‍ ആണ് ആദ്യം സംസാരിച്ചത്. റേഡിയോ, ടി.വി മുതലായവയില്‍ താങ്കള്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ടല്ലോ, അതിനെക്കുറിച്ച് വിവരിക്കാമോ?
ഞാന്‍ യൂനിവേഴ്‌സിറ്റി പ്രഫസറാണ്. അതോടൊപ്പം ഏഴ് വര്‍ഷത്തോളമായി റയ്യാന്‍ ടി.വിയില്‍ ഒരു പ്രോഗ്രാം അവതരിപ്പിച്ചു വരുന്നുണ്ട്. ഖത്തര്‍ വനിതയുടെ പദവി, സമൂഹ വളര്‍ച്ചയില്‍ അവളുടെ പങ്കും സംഭാവനയും അതിന്റെ നേട്ടങ്ങളും വിജയങ്ങളും ചിന്തയും കാഴ്ചപ്പാടും അഭിലാഷങ്ങളും സ്വപ്‌നങ്ങളും മുതലായവ കേന്ദ്രീകരിച്ചാണ് ഈ പ്രോഗ്രാം. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ പരിപാടിയിലൂടെ ഖത്തര്‍ വനിതയുടെ ശോഭന ചിത്രം ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അവള്‍ മറ്റെവിടത്തെയും പോലെ കഠിനാധ്വാനിയാണ്. ഖത്തര്‍ വനിതകള്‍ എണ്ണത്തില്‍ കുറവാണ്. അതിനാല്‍ അവരുടെ ചുമതലകള്‍ മറ്റു രാജ്യങ്ങളുടേതിനേക്കാളെല്ലാം വളരെ കൂടുതലാണ്. ഞങ്ങള്‍ക്ക് കൂടുതല്‍ അധ്വാനിക്കേണ്ടതുണ്ട്, ഞങ്ങളല്ലാതെ മറ്റാരും അത് നിര്‍വഹിക്കുകയില്ല. ഞങ്ങളുടെ ജീവിത സൗകര്യങ്ങള്‍, സുരക്ഷിതത്വം, സന്തോഷം മുതലായവ ഉറപ്പുവരുത്തുന്നതിന് കാരണക്കാരായ ഭരണനേതൃത്വത്തിനുള്ള പ്രത്യുപകാരം മാത്രമാണത്.
ഈ പരിപാടി തയാറാക്കുന്നതിന് ഡോ. ഇംതിനാന്‍ ഞങ്ങളോടൊപ്പം സഹകരിക്കുന്നുണ്ട്.

ഖത്തര്‍ വനിതകളുടെ സാമൂഹികാവസ്ഥ എന്താണ്? 
ശൈഖ് ഹമദ് ബിന്‍ ഖലീഫാ ആല്‍താനിയുടെ കാലം മുതല്‍ ഖത്തര്‍ വനിതകള്‍ അവരുടെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കഴിഞ്ഞുകൂടുന്നത്. ഉദ്യോഗങ്ങള്‍ കൈവരിക്കുന്നതില്‍ സ്ത്രീയും പുരുഷനും തമ്മില്‍ ഒരു വിവേചനവുമില്ല. എന്നല്ല ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ പലപ്പോഴും പുരുഷന്മരേക്കാള്‍ സ്ത്രീകള്‍ മികവ് പുലര്‍ത്തുന്നതായി കാണുന്നുണ്ട്. യോഗ്യത മാത്രമാണ് മാനദണ്ഡം. യോഗ്യതയാണ് പദവികളും സ്ഥാനമാനങ്ങളും നിര്‍ണയിക്കുന്നത്. വൈജ്ഞാനിക രംഗത്തും ഖത്തരീ വനിതകള്‍ മികച്ചുനില്‍ക്കുന്നുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ഥിനികള്‍ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്നു. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതില്‍ അവര്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു. അതുപോലെ ധാരാളം വിദ്യാര്‍ഥിനികള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനായി- അതും അപൂര്‍വ വിജ്ഞാന ശാഖകളില്‍- വിദേശ യൂനിവേഴ്‌സിറ്റികളില്‍ ചേരുന്നുണ്ട്. എന്റെ 'ദാന' എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ തെക്കന്‍ കൊറിയയില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു ഖത്തരീ വനിതയുമായി അഭിമുഖം നടത്തുകയുണ്ടായി. എനിക്കതിശയമായി, എന്തിനാണ് ഒരു ഖത്തരീ വനിത കൊറിയയില്‍ പഠിക്കാന്‍ പോയത്! അമേരിക്ക, ബ്രിട്ടന്‍ മുതലായ രാജ്യങ്ങളിലേക്ക് പോകുന്നത് സാധാരണമാണ്. അവള്‍ പഠിക്കാന്‍ പോയത് ആറ്റമിക് എനര്‍ജിയില്‍ ഉപരിപഠനത്തിനായിരുന്നു.
അതോടൊപ്പം തന്നെ ഖത്തരീ വനിത എല്ലാ മേഖലകളിലേക്കും കടന്നുചെല്ലുന്നുണ്ട്. എന്റെ സഹോദരി തന്നെ ഉദാഹരണം, അവള്‍ പോലീസ് സേനയില്‍ ഫസ്റ്റ് ലഫ്റ്റനന്റ് റാങ്കില്‍ ജോലി ചെയ്യുകയാണ്. ഏഴു മാസത്തെ സൈനിക പരിശീലനം കഴിഞ്ഞാണ് അവള്‍ ഉദ്യോഗം നേടിയത്. ഖത്തറില്‍ പോലീസ് പരിശീലനം വളരെ കടുത്തതാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അവളെന്തിന് സൈനിക പദവി നേടി? അവളുടെ ബിരുദമാകട്ടെ ഫൈന്‍ ആര്‍ട്‌സിലാണുതാനും. പോലീസ് സേവനത്തിലൂടെ രാഷ്ട്രത്തെ കൂടുതല്‍ സേവിക്കാന്‍ കഴിയുമെന്ന് അവള്‍ മനസ്സിലാക്കുന്നു.
ശില്‍പകല, ചിത്രകല, ഫോട്ടോഗ്രഫി തുടങ്ങി എല്ലാ മേഖലകളിലേക്കും ഖത്തരീ വനിത ചെന്നെത്തിയിട്ടുണ്ട്. മൂദീ അല്‍ഹാജിരി ഒരു ഫോട്ടോഗ്രാഫറാണ്. യമന്‍ സംഭവത്തിന് മുമ്പേ അവിടേക്ക് കുടിയേറിയതാണവര്‍. വളരെ സുന്ദരമായ പല ഡോക്യുമെന്റേഷനുകളും അവളുടെ വകയായുണ്ട്. മലകളിലൂടെയും മലകള്‍ക്കപ്പുറത്തും താഴ്‌വരകളിലൂടെയും കടന്ന് ചെന്ന് അവള്‍ ചിത്രീകരണം നടത്തുന്നു.
ഒരു കാര്യം ഉണര്‍ത്താന്‍ ഞാനാഗ്രഹിക്കുന്നു. ഖത്തരീ വനിത പൂര്‍ണമായും പുരുഷന്റെ പിന്തുണ ലഭിക്കുന്നവളാണ്. പുരുഷന്‍ ഒരു വിധത്തിലും അവള്‍ക്ക് വെല്ലുവിളിയാകുന്നില്ല; നേരെമറിച്ചാണ്. എന്റെ ദാന പ്രോഗ്രാമില്‍ ഞാന്‍ അഭിമുഖം നടത്തിയ പ്രമുഖ വനിതകളധികവും പുരുഷന്മാരുടെ സമ്പൂര്‍ണ പിന്തുണ ലഭിക്കുന്നവരാണ്. ഒന്നുകില്‍ സഹോദരന്‍, അതല്ലെങ്കില്‍ പിതാവ്, അതുമല്ലെങ്കില്‍ ഭര്‍ത്താവ്. ഈ വസ്തുത എല്ലാ വേദികളിലും ഞാന്‍ ഊന്നിപ്പറയാറുണ്ട്. അപവാദങ്ങളുണ്ടായേക്കാം. പൊതുപ്രവണത മേല്‍പറഞ്ഞതാണ്. ഞാന്‍ വിദ്യാര്‍ഥിനിയായിരുന്നപ്പോള്‍ വിവാഹിതരായ എന്റെ സഹപാഠികള്‍ ക്ലാസിലേക്ക് വന്നിരുന്നത് അവരുടെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പമായിരുന്നു. ഗേറ്റില്‍ കൊണ്ട് വിട്ട് അവിടെ കാത്തിരിക്കും.
ഭരണ നേതൃത്വത്തില്‍നിന്ന് സ്ത്രീകള്‍ക്ക് വളരെയധികം പിന്തുണ ലഭിക്കുന്നുണ്ട്. മതിയായ സൗകര്യങ്ങളൊരുക്കി തരികയും സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ശൈഖ മോസ ഈ വസ്തുത ഊന്നിപ്പറഞ്ഞിട്ടുണ്ട്. പ്രഥമ പ്രചോദനമാണവര്‍. സുവര്‍ണ ഫ്രെയിമിനുള്ളിലാക്കി എല്ലായിടത്തും പ്രദര്‍ശിപ്പിക്കേണ്ട ഒരുന്നത വ്യക്തിത്വമാണ് യഥാര്‍ഥത്തിലവര്‍. വിജ്ഞാനത്തിനും സംസ്‌കാരത്തിനും വമ്പിച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവരുടെ പ്രയത്‌നങ്ങള്‍ വളരെ വിജയകരമായിരുന്നു. അതേ രീതിയാണ് ഞങ്ങളും പിന്തുടരുന്നത്.
ഖത്തറിനകത്തും പുറത്തും ഉയര്‍ന്ന പ്രശസ്തിനേടിയിട്ടുള്ള ധാരാളം എഴുത്തുകാരികളും സാഹിത്യകാരികളുമുണ്ട്. അവരിലൊരാളാണ് ഡോ. നൂറ ഫറജ് അല്‍ഖന്‍ജി. പ്രഫഷനലായി നോവലുകളും കഥകളുമെഴുതുന്നവരാണ് നൂറ. അവരുടെ നോവല്‍ വളരെ മനോഹരമാണ്. ചരിത്രത്തിലൂടെ സംഭവങ്ങളെ വിചാരണ ചെയ്യുകയെന്നതാണ് അതിന്റെ ഉള്ളടക്കം. സുന്ദരവും പരമ്പരാഗതവുമായ ഭാഷ ഉപയോഗിച്ച് വ്യതിരിക്തമായ ഒരു ശൈലിയാണ് അതിലവര്‍ സ്വീകരിച്ചത്. നമുക്ക് ആ ഭാഷ ഉപയോഗിക്കാന്‍ സാധിക്കുകയില്ല. അവരുടെ ഭാഷാ പരിജ്ഞാനത്തിന്റെ നിലവാരമാണത് കാണിക്കുന്നത്.
ഖത്തര്‍ വനിതയെക്കുറിച്ച് വളരെ വീറോടും അഭിമാനത്തോടും കൂടി ഞാന്‍ സംസാരിക്കും. കാരണമെന്തെന്നാല്‍, യഥാര്‍ഥത്തില്‍ ഖത്തരീ വനിത ആഢംബരജീവിതം നയിക്കുന്നവളാണ്. വേണമെങ്കില്‍ അവള്‍ വീട്ടിലിരുന്നാല്‍ മതി; എഴുതിയോ അധ്യാപനത്തിലോ യാത്രയിലോ ഒന്നും ചിന്തിക്കാതെ. എന്നാല്‍ ഇന്ത്യന്‍ വനിതയെപ്പോലെ- വാസ്തവത്തില്‍ ഇവിടത്തെ വീഥികള്‍ കാണുമ്പോള്‍ അങ്ങേയറ്റത്തെ മതിപ്പ് തോന്നുന്നു- അവരുടെ ജോലി ചെയ്യുന്നു. ജോലി ജീവസന്ധാരണത്തിന്റെ മാത്രം പ്രശ്‌നമല്ല. അത് ഒരു രാഷ്ട്ര സേവനം കൂടിയാണ്. സ്വന്തം മക്കളെ രാഷ്ട്ര സേവനത്തിന് പറഞ്ഞയച്ചാല്‍ അവര്‍ രാജ്യത്തെ സേവിക്കുകയാണ്.
സ്ത്രീ അവളുടെ വീട്ടിലെ ജോലിയില്‍ തന്നെ ചടഞ്ഞുകൂടുന്നതിനെ ഞാന്‍ അനുകൂലിക്കുന്നില്ല. അതില്‍ വീഴ്ച വരുത്തുന്നതിനെയും ഞാന്‍ പിന്തുണക്കുന്നില്ല. രണ്ടിനുമിടയില്‍ സന്തുലിതത്വം പാലിക്കേണ്ടതുണ്ട്. കുട്ടികളെ നാലു വയസ്സാകുമ്പോള്‍ മുതല്‍ സ്‌കൂളിലയച്ചാല്‍ വൈകുന്നേരം തിരിച്ചുവരുന്നതുവരെയുള്ള സമയത്തിനിടയില്‍ സാമൂഹിക സേവനത്തില്‍ അവളുടെ പങ്ക് നിര്‍വഹിക്കാന്‍ അവള്‍ക്ക് കഴിയും.
മാതൃകാ വനിതകളെക്കുറിച്ച് പറയുമ്പോള്‍ എടുത്തു പറയേ നാമമാണ് നമ്മോടൊപ്പമുള്ള ഡോ. ഇംതിനാനിന്റേത്. സുന്ദരിയായ-ആന്തരിക സൗന്ദര്യമാണ് ഞാനുദ്ദേശിച്ചത്- ഒരു വനിതയാണവര്‍. അതുപോലെ ധാരാളം പേര്‍ ഇനിയും പരാമര്‍ശിക്കപ്പെടേണ്ടതായിട്ടുണ്ട്. ആഇശ അല്‍കുമാരി അവരിലൊരാളാണ്. ദാര്‍റോസ എന്ന പേരില്‍ ഖത്തറില്‍ ആദ്യമായി ഒരുന്നത പ്രസിദ്ധീകരണാലയം സ്ഥാപിച്ചത് അവരാണ്.
ഡോ. ഹനാനിന്റെ ഈ വിവരണത്തിനു ശേഷം ഡോ. ഇംതിനാന്‍ സംസാരിച്ചുതുടങ്ങി. 'ആരാമത്തിനു വേണ്ടി സംസാരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അതിലൂടെ ഗള്‍ഫ് രാജ്യങ്ങളിലെ അറേബ്യന്‍ സംസ്‌കാരത്തെ ഇന്ത്യക്കാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള അവസരം കൈവരുന്നതില്‍ ഏറെ അഭിമാനവുമുണ്ട് എന്ന മുഖവുരയോടുകൂടിയാണ് അവര്‍ സംസാരം തുടങ്ങിയത്.
ആശയവിനിമയങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അടിത്തറയില്‍നിന്നാകുമ്പോള്‍ അവിടെയൊരു സംയുക്തമായ കൂടിച്ചേരലുകളുണ്ടാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ സ്ത്രീകളുടെ സാംസ്‌കാരിക മണ്ഡലം വികസിപ്പിച്ചെടുക്കാന്‍ അതുവഴി സാധിക്കട്ടേയെന്ന് ഞാനാശംസിക്കുന്നു.
ഖത്തറിലെ ഉന്നത വിദ്യാഭ്യാസം, വൈജ്ഞാനിക ചലനങ്ങള്‍ മുതലായ രംഗങ്ങളില്‍ പ്രസ്താവ്യമായ പങ്ക് വഹിക്കുന്നുണ്ട് ഖത്തരീ വനിതകള്‍. സാഹിത്യ-സാംസ്‌കാരിക സമിതികളിലും അവര്‍ക്ക് വലിയ സാന്നിധ്യമുണ്ട്. ഖത്തറിന്റെ ഔദ്യോഗിക വക്താവായിരുന്ന ലുഅ്‌ലുഅ അല്‍ ഖാത്വിര്‍, ദേശീയ സര്‍വകലാശാലയില്‍ വര്‍ഷങ്ങളോളം ചാന്‍സലറായി ജോലിചെയ്ത ഡോ. ശൈഖ അല്‍ മിസ്‌നദ്, പണ്ഡിതകളും സാഹിത്യകാരികളുമായ ഡോ. കുല്‍സൂം ജുബൈര്‍, ഡോ. ഹുദ നഈം, ഡോ. ഹനാന്‍ മുതലായവര്‍ ഒരേസമയം ഒന്നിലധികം മേഖലകളില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ്.
ഇത്തരമൊരു കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതിന് അവര്‍ നന്ദി രേഖപ്പെടുത്തി. വീണ്ടും ഒന്നിച്ചുകാണാന്‍ അവസരമുണ്ടാവട്ടേയെന്ന് ആശംസിച്ചാണ് ഈ കൂടിക്കാഴ്ചക്ക് വിരാമമിട്ടത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top