അന്നത്തെ വൈകുന്നേരം അത്രയും ശ്രദ്ധ കിട്ടേണ്ട ഒരാളാണു ഞാനെന്ന പോലെ എന്റെ രണ്ടുമ്മമാരും എന്റെ ഇരുവശത്തുമായി ഇരുന്നിരുന്നു. ദിവസങ്ങള്‍ മൂന്നോ നാലോ ഒക്കെ കഴിഞ്ഞുപോയി.
ഞങ്ങളുടെ ആ ഇരിപ്പല്ലാതെ ചുറ്റുമുള്ളതൊക്കെ എത്രവേഗത്തിലാണ് പൂര്‍വസ്ഥിതി പ്രാപിക്കുന്നതെന്ന് ഞാന്‍ നോക്കിക്കണ്ടു. അധികം കണ്ടുകൂടാ. കട്ടിയുള്ള ഒരു വിരിക്കപ്പുറത്താണ് വീട്. വിരിക്കപ്പുറം ഞങ്ങള്‍ മൂന്നു സ്ത്രീകളും മാറിമാറി കൈയിലെടുക്കുന്ന മുസ്വ്ഹഫുകള്‍. സമയത്തിനെനിക്കെത്തുന്ന ഭക്ഷണം. വിരിക്കപ്പുറത്തെ നിഴലനക്കങ്ങള്‍ കണ്ണില്‍ പെടുമ്പോഴേക്കും അകത്തേക്കെത്തുന്ന കനം തൂങ്ങിയ മുഖങ്ങള്‍. മണവാട്ടിയാക്കി എന്നെ ഈ കട്ടിലില്‍ കൊണ്ടിരുത്തിയപ്പോഴെന്ന പോലെ എന്റെ മാത്രം മുഖം ശ്രദ്ധിക്കാനെത്തുന്ന അനേകം കണ്ണുകള്‍.
ചിലര്‍ ഭാവിയെക്കുറിച്ച് വ്യാകുലപ്പെടുന്നു.
ചിലര്‍ വര്‍ത്തമാനത്തെ അതിജീവിക്കാന്‍ പഠിപ്പിക്കുന്നു.
ചിലരാകട്ടെ ഇനിയും പരിഹാരമുണ്ടെന്ന മട്ടില്‍ 'എന്തു സംഭവിച്ചു' എന്ന ഭൂതത്തെയിങ്ങനെ ചികഞ്ഞെടുക്കുന്നു. ഉണര്‍ത്തിയപ്പോള്‍ ഉണര്‍ന്നില്ല എന്നോ മറ്റോ ഉമ്മ പറയുമ്പോള്‍ എന്റെ നിര്‍വികാരത അവരെ അസ്വസ്ഥരാക്കുന്നു.
എല്ലാവരും പോയി തനിച്ചാകുമ്പോള്‍ ഹാംഗറില്‍ ഞാനൊരു ഐഡി കാര്‍ഡ് തൂങ്ങുന്നതു കാണുന്നു. ജോലിസമയം കഴിഞ്ഞെടുത്ത അതിലെ ഫോട്ടോയില്‍ മുഖത്തു കടുത്ത ക്ഷീണം തോന്നിക്കുന്നു. അപ്പോള്‍ പതിവിനെതിരായ കനമില്ലാത്തൊരു മന്ദഹാസം മുറിയിലേക്ക് കടന്നുവരുന്നു. എനിക്കെതിരെ ഇരുന്നപ്പോള്‍ അവളുടെ കറുപ്പു മൂടിയ കണ്‍തടങ്ങള്‍ കാണുന്നു. അവയെക്കുറിച്ചവളെന്നോട് പറയാറുണ്ടായിരുന്നു. അവളുടെ വിവാഹക്കാര്യം ഞങ്ങളെപ്പോഴും ചര്‍ച്ച ചെയ്യാറുമുണ്ടായിരുന്നു. ഒരൊറ്റ രാത്രി ഇരുട്ടി വെളുത്തപ്പോള്‍ അവളെപ്പോലെത്തന്നെയായിരിക്കുന്നു ഞാനും. അവള്‍ പോകുവോളം ആ ചിന്തയില്‍ ഞാന്‍ വേവുന്നു. ഇപ്പോഴത്തെ എന്നോട് അവള്‍ക്കെന്താണ് പറയാനുള്ളതെന്ന് എനിക്ക് കേള്‍ക്കാനാകുന്നില്ല. ഷാളിന്റെ മറയില്‍ കണ്ട അറ്റം ചുവപ്പിച്ച വിരലുകള്‍ മാത്രം ഞാന്‍ ഓര്‍ത്തിരിക്കുന്നു.
ഒന്നു രണ്ടു ദിവസങ്ങള്‍ വീടു വീണ്ടും നിശ്ശബ്ദമാകുന്നു. സമയം നീണ്ടു നിവര്‍ന്ന് മുന്നില്‍ കിടക്കുന്നു. എന്തെങ്കിലും വായിക്കാനോ ഒന്നു വെറുതെയിരിക്കാനോ മോഹിച്ച സാധാരണ ദിവസങ്ങള്‍ എന്നെ കൊഞ്ഞനം കുത്തുന്നു.
സന്ദേഹങ്ങള്‍ തീരാത്ത ഭര്‍ത്താവുള്ളൊരുവള്‍ മക്കള്‍ മുതിര്‍ന്നു പോകയാല്‍, തനിച്ചു എന്നെ കാണാന്‍ വരുന്നു. അയാളുടെ മറവിയില്‍ പെട്ടുപോകയാല്‍ എവിടെയും പോകാന്‍ അവകാശം സിദ്ധിച്ചവള്‍. പണ്ട് അയാളുടെ കാര്‍ക്കശ്യങ്ങളെ പറ്റി അവള്‍ അഭിമാനത്തോടെ പറയുമായിരുന്നു. ഇപ്പോള്‍ രക്ഷിക്കാനാകാത്തവന് ശിക്ഷിക്കാനും അവകാശമില്ല എന്ന സിദ്ധാന്തം അവളെ രക്ഷിച്ചെടുത്തിരിക്കുന്നത് ഞാന്‍ കാണുന്നു. എവിടെയും എത്ര നേരവുമിരിക്കാം. കൊണ്ടിരുന്ന തണല്‍ ചായ്കയാല്‍ നിറവെയില്‍ കൊള്ളുന്നതിന്റെയും ഉള്ളറിഞ്ഞുറങ്ങാത്തതിന്റെയും വ്യഥ മുഖത്തുറഞ്ഞിരിക്കുമെന്നു മാത്രം. ഓര്‍ക്കാപ്പുറത്തൊരു വെട്ടിന് ഒക്കെയും പകുക്കപ്പെടും. മുമ്പെന്നപോലെ ഇപ്പോഴുമയാള്‍ മറുനാട്ടിലായിരുന്നെങ്കില്‍ ഇതിലും നന്നായുറങ്ങുമവള്‍. നാട്ടിലെ വെയിലിലും മഴയിലുമയാള്‍ ഉണ്ടെന്നും തന്നെപ്പോലെ തനിച്ചല്ലെന്നുമുള്ള തീവിരഹം പക്ഷേ, അവളുടെ രാവിനെ വിഴുങ്ങിക്കളയും.
മരിച്ചുപോയിരുന്നെങ്കില്‍ സ്‌നേഹം മരിക്കില്ലായിരുന്നു എന്നു മാത്രമേ അവള്‍ പറഞ്ഞുള്ളൂ. അതെന്നെ ഒരു പെരുങ്കടലില്‍ തള്ളിയിടുന്നു. അന്നത്തെ ദിവസം എന്നെയിവിടെ കുടിയിരുത്തുന്നതിനു മുമ്പായി എല്ലാം നനച്ചുകുളിച്ചതെന്തിനെന്ന് ഞാന്‍ പെട്ടെന്നോര്‍ക്കുന്നു. കുറച്ചു ദിവസങ്ങള്‍ കൂടി കുറുമുടികള്‍ പൊഴിഞ്ഞ തലയിണയില്‍, അവസാന നിമിഷത്തിലെ വിയര്‍പ്പില്‍ നനഞ്ഞ വിരിപ്പില്‍ എനിക്കു കിടക്കാമായിരുന്നു. ഒരുപക്ഷേ, ഞാനതാകും അതിജീവിക്കാതിരിക്കുകയെന്ന് ആ ഐഡിയിലെ തീക്ഷ്ണമായ നോട്ടം എന്നെ ഓര്‍മിപ്പിക്കുന്നു.
വിരിയനക്കങ്ങള്‍ തീരെ കുറഞ്ഞ് സാധാരണത്വത്തിലേക്ക് മടങ്ങുകയാണ് വീടെന്നു ഞാന്‍ പതുക്കെയുള്‍ക്കൊള്ളുന്നു. എത്രമേല്‍ സാധാരണം എന്ന ചോദ്യം ഉള്ളു പൊള്ളിക്കുന്നു. ഉപ്പമാരുടെ കണ്ണുനീര്‍ ഘനീഭവിച്ച പരാധീനതകളിലേക്ക് ഉമ്മമാരെ ഇടക്കിടെ പറിച്ചു നടുന്നു. മൂത്തമകള്‍ വീട്ടു ഭരണമേല്‍ക്കുന്നു. വിരിപ്പുറത്തേക്ക് ഞാന്‍ തന്നെ ഇറങ്ങേണ്ട ചില നേരങ്ങളുത്ഭവിക്കുന്നു.
ജീവിതം ഇപ്പോള്‍ ഒരു 'എക്‌സൈറ്റഡ് സ്‌റ്റേറ്റി'ല്‍ ആണെന്നും ഇവിടെ ഞാന്‍ 'സ്‌റ്റേബ്ള്‍' അല്ല എന്നുമൊരു കള്ളത്തര ചിന്തയില്‍ സ്ഥിതി ചെയ്യവെ ഇടക്കാരോ സന്ദര്‍ശകര്‍ സത്യം വലിച്ചു പുറത്തിട്ടു കൊണ്ടെത്തുന്നു. ഒറ്റ രാത്രിയില്‍ ജീവിതത്തിന്റെ മുഴുവന്‍ വസന്തവും കൊടിയിറങ്ങിയവള്‍ എന്നോര്‍മിപ്പിച്ച് തിരിച്ചുപോകുന്നു. ചിലപ്പോള്‍ സംഭവബഹുലങ്ങളായ കഥകള്‍, അല്ല കഥകളോളം അവിശ്വസനീയമായ സംഭവങ്ങള്‍ കേള്‍ക്കാന്‍ വലിയ ഇഷ്ടമായിരുന്ന ഞാനങ്ങനെ കഥകള്‍ക്കു നടുവില്‍ ഇരിക്കുന്നു. ഒറ്റപ്പെട്ട ഓരോ സ്ത്രീയും ആളുകള്‍ക്ക് ഓരോ അപസര്‍പ്പക കഥയാണ് എന്നവര്‍ എന്നെ മാത്രം കാണാനായി വന്നിരിക്കുന്ന ഇപ്പോള്‍ ഞാനറിയുന്നു. ഞാനുമൊരു കഥയായി മാറിയിരിക്കുന്നു.
രണ്ടു മക്കളുമായി എന്റെ വിധിവഴിയില്‍ മുമ്പേ നടന്നോരുത്തി അടുത്തുവന്നിരിക്കുന്നു. അവളുടെ ഇരു കുടുംബങ്ങളുടെയും ഭാഷയില്‍ 'വേലി ചാടാനൊരുങ്ങുന്ന പശു.' വേലിക്കപ്പുറത്ത് അവളുടെ വിഭാര്യനായ സുഹൃത്ത്. ആശ്രയമില്ലാതെ ജീവിച്ചു ശീലിച്ചിട്ടില്ലാത്തതിന്റെ ശിക്ഷ അനുഭവിച്ചു തീര്‍ക്കുന്നവള്‍. ചില നേരങ്ങളില്‍ പ്രണയം കാല്‍പനികമല്ല, പ്രായോഗികം മാത്രമാണെന്ന് ബോധിപ്പിക്കാനുള്ള അവളുടെ ഹൃദയം ഒരു മറയത്താണ്. ആരുമതു കാണുന്നില്ല. ഒറ്റക്കു ഞാനിനി ജീവിതം ജീവിച്ചു തീര്‍ക്കണ്ടേ; മരിക്കാന്‍ പറ്റില്ലല്ലോ എന്നായിരുന്നു അവളുടെ ആദ്യ ദിവസത്തെ വിലാപമെന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നു. അങ്ങനെയൊരു മറവിയില്‍ ഞാനുമൊരിക്കല്‍ ചെന്നു ചേര്‍ന്നേക്കാമെന്നൊരു തോന്നല്‍ വന്നു ശ്വാസം മുട്ടിക്കുന്നു.
കാണാന്‍ വരവുകള്‍ തീരെ കുറഞ്ഞുവരുന്നു. വരുന്നവര്‍ കൈയില്‍ ചില ഔദാര്യങ്ങള്‍ ചുരുട്ടിയേല്‍പിച്ചു തുടങ്ങുന്നു. അഭിമാനിയായ ഒരു പുരുഷന്റെ കണ്ണുകള്‍ എന്നെ വിലക്കുന്നു. ഇനിമേലെന്നേക്കുമായി ഞാനും ആ കണ്ണുകള്‍ക്കൊപ്പം നിസ്സഹായമായി ഭൂമിയിലേക്ക് താഴ്ന്നുപോകുന്നു.
മറ ഒരു വിചാരണത്തടവാകുന്നു. കഴിഞ്ഞകാല വിചാരങ്ങളുടെ, മഴയുടെ, തണലിന്റെ, വെയിലിന്റെ ഉപ്പുരസമുള്ള കണക്കെടുപ്പ്. ആ ദിവസം പുലര്‍ന്നത്, അതിനു മുമ്പത്തെ ആയിരക്കണക്കിനു പുലര്‍ച്ചകള്‍ പോലെ, ഒരു സാധാരണ ദിവസത്തിലേക്കായിരുന്നെങ്കില്‍ ഇതിനകം എന്തൊക്കെ സംഭവിച്ചുകാണുമെന്നോര്‍ത്തുപോകുന്നു.
ഓര്‍മയില്‍നിന്നെന്നപോലൊരുവള്‍ ഉമ്മയോടൊപ്പം അകത്തെത്തുന്നു. തീരെ ചെറുപ്പത്തില്‍ ഒറ്റയാകുന്നവള്‍ക്കുള്ള ഏറ്റവും നല്ല അനന്തരം കുഞ്ഞുങ്ങളില്ലാത്തതാണെന്ന് പറയാറുള്ള ഉമ്മ പോലും ഒരു കുട്ടിയുണ്ടായിരുന്നെങ്കില്‍ എന്നു സഹതപിക്കുന്നൊരുവള്‍. അവളുടെ ഭര്‍ത്താവ് മരിച്ചതല്ല, മരണക്കുറി കിട്ടിയിട്ടേയുള്ളൂ. വിവാഹത്തിനു രണ്ടുമാസം ശേഷം അവന്‍ പിടിക്കപ്പെടുമ്പോഴേക്കും ഗര്‍ഭിണി ആയിരുന്നെങ്കില്‍ അവളുടെ ഏഴെട്ടു വര്‍ഷങ്ങള്‍ വിലമതിക്കപ്പെട്ടേനെ എന്നു ഞാനും ഒരിക്കല്‍ കരുതിയിരുന്നു. ഇപ്പോള്‍ വിലക്കിന്റെ മറക്ക് അപ്പുറമിപ്പുറം എണ്ണപ്പെടുന്ന മിനിറ്റുകളില്‍ പരസ്പരം കണ്ടുതീര്‍ത്ത് കുഞ്ഞിനെക്കൂടി വലിച്ചെടുത്തോടേണ്ടതില്ലവള്‍ക്ക്. രണ്ടു നിസ്സഹായര്‍ മാത്രം. മൂന്നെണ്ണമില്ല. അത്ര തന്നെ.
എന്നോടൊപ്പം ഇരുന്നപ്പോള്‍ അവളെന്താണ് പറഞ്ഞത് എന്ന് ഓര്‍ത്തെടുക്കേണ്ടിയിരിക്കുന്നു. 'എട്ടു കൊല്ലം' എന്ന ഉമ്മയുടെ നെടുവീര്‍പ്പിന് ഇനി ഇപ്പോള്‍ എട്ടില്‍ ചുരുങ്ങില്ലെന്നു മാത്രമേയുറപ്പുള്ളൂ എന്ന മറുപടി. നാളെ വക്കീലിനെ കാണാന്‍ പോകുന്നുണ്ട് എന്ന പുഞ്ചിരി.
പുറത്ത് അവളിറങ്ങുമ്പോള്‍ ഉമ്മ പറയുന്നു:
''ഒറ്റക്ക് ഈ നേരത്ത് പോണ്ട കുട്ട്യേ.'' എത്രയോ ദിവസത്തിനുശേഷം എനിക്കു കരച്ചില്‍ വരുന്നു. തെളിവുകളാവശ്യമില്ലാത്ത തൊണ്ടിമുതലായി അവന്‍ രൂപാന്തരപ്പെടുത്തപ്പെട്ട അത്ഭുത രാത്രി മുതല്‍ ഒറ്റയായവള്‍. അവരില്‍നിന്ന് പിടിച്ചെടുക്കപ്പെട്ട ദിവസങ്ങള്‍ മാത്രം ചേര്‍ത്തുവെച്ചാല്‍ ഒരു ജീവപര്യന്തം ശിക്ഷ പൂര്‍ത്തിയായി.
പോകാതെ പറ്റില്ല. അവളാവര്‍ത്തിക്കുന്നു. നാളെ തിങ്കളാഴ്ചയാണ് വക്കീലിനെ കാണാന്‍ പോണം.
ഞാനപ്പോള്‍ ഒരു ഇരുള്‍മറക്കുള്ളിലാകുന്നു. നീണ്ട ഒരു കടല്‍പാലത്തിന്റെ അറ്റത്ത് ഒരു തൂക്കുമരം. ചുറ്റുകടലല്ല. ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടം. തൂക്കു മരത്തിലേക്ക് വഴിനടത്തുന്ന പോലീസുകാര്‍ക്കിടയില്‍ കറുത്ത മുഖമറക്കുള്ളിലെ അവന്റെ കണ്ണുകള്‍. അവയില്‍ നിറയുന്നത് ധൈര്യം തന്നെയാണ് എന്നവള്‍ക്ക് ഉറപ്പിക്കേണ്ടിവരും. അവയ്ക്കു താഴെ ഒരു പുഞ്ചിരി അവള്‍ ആഗ്രഹിക്കും. വിലങ്ങിട്ട കൈകളിലെ പെരുവിരലുകള്‍ തന്റെ നേരെ ഉയര്‍ന്നിരുന്നത് സങ്കല്‍പിക്കും. അപ്പോള്‍ അവളുടെ മുന്നില്‍ മാത്രം ലാഭത്തോളമെത്തുന്ന എന്റെ നഷ്ടങ്ങള്‍.
മറ പിന്നെയും തുടരും. അതിനുശേഷം പ്യൂപ്പയില്‍നിന്നുയിര്‍ക്കുന്ന ഒരു വെയില്‍ശലഭമായിരിക്കും അവള്‍. നിറച്ചാര്‍ത്തണിഞ്ഞ ചിത്രശലഭമായിരുന്ന അതിപുരാതനമായ ആ രണ്ടു മാസങ്ങള്‍ അവളെ പിന്നെ വേട്ടയാടില്ല.
ഒരു കരച്ചിലെന്നെ കീഴ്‌പ്പെടുത്തുമെന്ന് ഭയന്ന് ഞാനുരുവിടുന്നു. നാളെ തിങ്കളാഴ്ചയാണ്. അവള്‍ വക്കീലിനെ കാണും. എല്ലാം ശരിയാകും.
നാളെ തിങ്കളാഴ്ചയാണ്.... അവിചാരിതമായി അതിനു ചില തുടര്‍വാചകങ്ങള്‍ എന്റെ നിരന്തര ശീലങ്ങളില്‍നിന്ന് കോപ്പിപേസ്റ്റ് ആകുന്നു.
'യൂനിഫോം അലക്കിയുണങ്ങിയതുണ്ടോ?'
'മോള്‍ ഇന്ന് കോച്ചിംഗ് ക്ലാസിനു പോയില്ലേ?'
മുറിയുടെ പൂതലിച്ച ഇരുട്ടിലേക്ക് ആരും ഇതുവരെ കടത്തിവിട്ടിട്ടില്ലാത്ത ചിലത്. വളരെ വളരെ സാധാരണമായ ചിലത്.
അപ്പോള്‍ ഒരു ഭാരക്കുറവ് എന്നെ വേഗപ്പെടുത്തുന്നു. എളുപ്പത്തില്‍ അസാധാരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയില്‍നിന്ന് അത്രയും സാധാരണമായി മരിച്ചവന്റെ ആ ഐഡിയെടുത്ത് മടക്ക കല്യാണ സാരിയുടെ ഉള്ളില്‍ വെക്കുന്നു. ഒരു ജീവനുള്ള സ്ത്രീ ഇരുന്നതിന്റെ ചൂട് എന്റെ കിടക്കയില്‍ ബാക്കിയാകുന്നു.