''ജനങ്ങളേ, നിശ്ചയമായും ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു. പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടി നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു...'' (ഖുര്‍ആന്‍ 49:13).
പരസ്പര സഹായ സഹകരണത്തിനും മനുഷ്യരില്‍ ശക്തികൂടിയ വിഭാഗം ശക്തി കുറഞ്ഞ വിഭാഗത്തെ അതിക്രമിച്ച് കീഴടക്കാതിരിക്കാനും വര്‍ണ, വര്‍ഗ വിവേചനമില്ലാതെ മനുഷ്യരുടെ പരസ്പര ഐക്യത്തിന് വിഘാതം ഉണ്ടാക്കാത്തതുമായ പെരുമാറ്റ രീതി മാത്രം ശീലമാക്കാനും സ്രഷ്ടാവായ അല്ലാഹു കല്‍പിക്കുന്നു.
ജാതി, മത, വര്‍ഗ വിവേചനമില്ലാതെ ചുറ്റുമുള്ള സഹജീവികളായ മനുഷ്യരോട് ഏറ്റവും മാന്യമായി പെരുമാറണം എന്നാണ് വിശ്വാസികളോട് അല്ലാഹു കല്‍പിച്ചിട്ടുള്ളത് (ഖുര്‍ആന്‍ 24:22).
മനുഷ്യരുടെ ഭിന്നിപ്പിനും ആക്രമണ മനോഭാവത്തിനും കാരണമാകാന്‍ സാധ്യതയുള്ള പെരുമാറ്റ വൈകല്യങ്ങളെ സ്വയം തിരിച്ചറിഞ്ഞ് അത്തരം സ്വഭാവദൂഷ്യങ്ങളില്‍നിന്ന് ആജീവനാന്തം വിട്ടുനില്‍ക്കണം എന്നും വിശ്വാസികളോട് അല്ലാഹു കല്‍പിക്കുന്നു. അഹങ്കരിക്കുക, പരിഹസിക്കുക, ചീത്തപ്പേര് വിളിക്കുക, കുത്തുവാക്കുകള്‍ പറയുക, ഏഷണി, പരദൂഷണം എന്നിവ നടത്തുക, ചാരപ്രവര്‍ത്തനങ്ങള്‍ ചെയ്യുക, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയ തെറ്റായ പ്രവര്‍ത്തനങ്ങളെ ഉപേക്ഷിക്കാനുള്ള പ്രചോദനമാണ് ഇത്തരം ആയത്തുകളിലൂടെ വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നത്. മരണശേഷം മനുഷ്യര്‍ക്ക് ഒരു ജീവിതമുണ്ട് എന്നും അനന്തമായ കാലഘട്ടങ്ങളോളം ജീവിക്കാന്‍ ശാശ്വതമായ ഒരിടം അല്ലാഹു മനുഷ്യര്‍ക്കായി ഒരുക്കിവെച്ചിട്ടുണ്ട് എന്ന മുന്നറിയിപ്പോടുകൂടി ഏറ്റവും സൂക്ഷ്മത പാലിച്ച് ജീവിക്കണം എന്ന് മനുഷ്യരെ അല്ലാഹു ഉപദേശിക്കുന്നു.
ജീവിതത്തില്‍ സൂക്ഷ്മത പാലിക്കാത്തവര്‍ വല്ല വാര്‍ത്തയും കൊണ്ടുവന്നാല്‍ അതിന്റെ സത്യാവസ്ഥ അറിഞ്ഞ ശേഷമേ അതിനോട് പ്രതികരിക്കാവൂ എന്നുള്ള ഒരു പ്രാഥമിക പാഠവും വിശുദ്ധ ഖുര്‍ആനിലൂടെ ഉള്‍ക്കൊള്ളാന്‍ സാധിക്കും (49:6).
ഹൃദയത്തില്‍ ഭയഭക്തി ഇല്ലാത്തവര്‍ക്ക് സൂക്ഷ്മത ഉണ്ടാവില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരെ ഓര്‍മപ്പെടുത്തുന്നതും മറ്റൊന്ന് കൊണ്ടും അല്ല. സൂക്ഷ്മത(തഖ്‌വ)യില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുന്നവര്‍ മാത്രമാണ് ഉന്നത സ്വഭാവത്തിന്റെ ഉടമകള്‍ എന്നും അല്ലാഹു വ്യക്തമാക്കുന്നു.
അസൂയ, പരദൂഷണം
മനുഷ്യര്‍ക്കിടയില്‍ പകര്‍ച്ചവ്യാധി പോലെ പിടിപെടുന്ന സ്വഭാവദൂഷ്യങ്ങളാണ് അസൂയയും പരദൂഷണവും. തനിക്കുള്ളതില്‍ തൃപ്തി വരാതിരിക്കുമ്പോഴാണ് ഏതൊരാള്‍ക്കും മറ്റൊരാളോട് അസൂയ പിടിപെടുക.
ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുമ്പോഴാണ് മനുഷ്യമനസ്സ് വികസിക്കുക. മറ്റുള്ളവരില്‍ തന്നെ ആകര്‍ഷിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്ന പലതും ഉണ്ടെങ്കില്‍ അത് അവന് നല്‍കിയത് അല്ലാഹുവാണെന്നും എനിക്ക് അല്ലാഹു നല്‍കിയതില്‍ ഞാന്‍ തൃപ്തിപ്പെട്ട് കൊണ്ട് ജീവിക്കണമെന്നുമുള്ള ചിന്തയാണ് ഒരു വിശ്വാസിക്കുണ്ടാവേണ്ടത്. മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോള്‍, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നതിലേക്കും അതുവഴി മനുഷ്യത്വം നിലനിര്‍ത്തുന്നതിലേക്കും എത്താനാകും.
മറ്റുള്ളവരെ കുറ്റപ്പെടുത്താനോ അപമാനിക്കാനോ പാടില്ല എന്ന് ഇസ്‌ലാം വിശ്വാസികളെ ഉണര്‍ത്തുന്നു. സാമൂഹിക കുടുംബ ഇടപാടുകളില്‍ തെറ്റുകുറ്റങ്ങള്‍ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ സംഭവിച്ചുപോകുന്ന തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും അല്ലാഹുവിങ്കല്‍ പാപമോചനം തേടാനുമാണ് വിശ്വാസി ശ്രദ്ധിക്കേണ്ടത്.
മനുഷ്യര്‍ പരസ്പരം നടത്തുന്ന സംസാരത്തിലും പരാമര്‍ശങ്ങളിലും അതീവ ശ്രദ്ധയും മര്യാദകളും പാലിക്കേണ്ടതാണ്. ജീവിതത്തില്‍ സൂക്ഷ്മത പാലിക്കാത്തവര്‍ക്ക് ദൈവിക വിധിവിലക്കുകളെ മാനിക്കാനാവില്ല. അച്ചടക്കത്തോടും ബഹുമാനത്തോടും കൂടി പെരുമാറേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഖുര്‍ആന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുന്നു്.
പൂര്‍ണ സ്വാതന്ത്ര്യവും സര്‍വവിധ അധികാരങ്ങളും അല്ലാഹുവില്‍നിന്നും ലഭിച്ച മനുഷ്യന്‍ പ്രപഞ്ച നാഥനായ അല്ലാഹുവിനോട് കാണിക്കുന്ന കടുത്ത അനീതിയും അക്രമവും ആണ് സഹജീവികളോട് കാണിക്കുന്ന ദുഷ്‌വിചാരങ്ങള്‍.
ശരിയായ കാരണങ്ങളറിയാതെ, ഒരാളെക്കുറിച്ചും തെറ്റായി ധരിക്കാന്‍ പാടില്ല. ഊഹത്തില്‍ മിക്കതും മനുഷ്യരെ കുഴപ്പത്തിലേക്കും നാശത്തിലേക്കും ആണ് എത്തിക്കുന്നതെന്നാണ് വിശുദ്ധ ഖുര്‍ആന്‍ താക്കീത് ചെയ്യുന്നത്. മറ്റുള്ളവരുടെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും കൂടുതല്‍ പ്രാധാന്യം കൊടുത്ത് അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ചാരവൃത്തി നടത്തലും വലിയ കുറ്റകൃത്യമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു.
നബി(സ) അനുചരരെ പഠിപ്പിച്ചത് അതിന്റെ ഗൗരവം ബോധ്യപ്പെടുത്തിത്തരുന്നു. ''നിന്റെ സഹോദരനെക്കുറിച്ച് അവന്‍ വെറുക്കുന്ന കാര്യം നീ പറയലാകുന്നു പരദൂഷണം.'' സ്വഹാബാക്കളില്‍ ഒരാള്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ ഞാന്‍ പറയുന്നത് എന്റെ സഹോദരനില്‍ ഉണ്ടെങ്കിലോ?'' അവിടുന്ന് പറഞ്ഞു: ''നീ പറയുന്നത് അവനില്‍ ഉണ്ടെങ്കില്‍ നീ അവനെ പരദൂഷണം പറഞ്ഞു: നീ പറയുന്നത് അവനില്‍ ഇല്ലെങ്കില്‍ നീ അവനെക്കുറിച്ച് കളവ് കെട്ടിച്ചമച്ച് പറഞ്ഞു'' (മുസ്‌ലിം). ഒരാളുടെ അഭാവത്തില്‍ എന്ന പോലെ സാന്നിധ്യത്തിലും അയാളെക്കുറിച്ച് പറയുന്നത് തന്നെയാണ് പരദൂഷണം (ഗീബത്ത്).
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''സത്യവിശ്വാസികളേ, ഊഹങ്ങളില്‍ മിക്കതും നിങ്ങള്‍ വര്‍ജിക്കുക. കാരണം നിശ്ചയമായും ഊഹങ്ങളില്‍ ചിലത് കുറ്റകരമാണ്. നിങ്ങള്‍ ചാരവൃത്തി നടത്തുകയോ ചിലര്‍ ചിലരെ പരദൂഷണം പറയുകയോ അരുത്. തന്റെ സഹോദരന്‍ മരിച്ച സ്ഥിതിയില്‍ അവന്റെ മാംസം തിന്നുന്നത് നിങ്ങളില്‍ ഒരാള്‍ ഇഷ്ടപ്പെടുമോ? എന്നാല്‍ അത് നിങ്ങള്‍ വെറുക്കുന്നു. നിശ്ചയമായും അല്ലാഹു ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യത്തിന്റെ അധിപനും ആകുന്നു'' (49:12).
മുന്‍കാലങ്ങളില്‍ സംസാരത്തിലൂടെ മാത്രം സംഭവിച്ചുപോകുമായിരുന്ന സര്‍വകുറ്റകൃത്യങ്ങളും ഇന്ന് ടെക്‌നോളജി ഏറ്റെടുത്തു. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തു കൂട്ടുന്നതിന് മനുഷ്യര്‍ക്ക് സമയം, സാവകാശം, കാത്തിരിപ്പ് ഒന്നും ഇന്നാവശ്യമില്ല.
''ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. മലിനമാക്കിയവന്‍ പരാജയപ്പെട്ടു'' (അശ്ശംസ് 9,10). ഈ ഖുര്‍ആനിക ആയത്തുകളെ അര്‍ഥവത്താക്കിക്കൊണ്ട് ജീവിതം മനുഷ്യകുലത്തിന് സമര്‍പ്പിച്ചു മികച്ച നേട്ടം കൈവരിച്ചവരെയാണ് ഇസ്‌ലാമിന്റെ ആദ്യഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ കാണാനാവുക. വിശുദ്ധ ഖുര്‍ആനും പ്രവാചക ചരിത്രവും പഠനവിഷയമാക്കുമ്പോള്‍ സ്വഭാവ സംസ്‌കരണത്തിലൂടെ മനുഷ്യരെ സംസ്‌കരിച്ചെടുക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാകും.
സ്വശരീരാവയവങ്ങളെ പോലും നിയന്ത്രണവിധേയമാക്കുക എന്നത് ഏറെ ശ്രമകരമാണ്. മനസ്സിന്റെ കടിഞ്ഞാണില്ലാത്ത സഞ്ചാരം അവയവങ്ങളെ ദുഷ്ട ചിന്തകള്‍ക്ക് പ്രേരിപ്പിക്കും. ചിന്തകള്‍ തിന്മക്ക് കീഴടങ്ങുമ്പോള്‍ അവയവങ്ങള്‍ പരദൂഷണം, ഏഷണി, പക, വിദ്വേഷം എന്നീ ദുഃസ്വഭാവങ്ങള്‍ ചെയ്യുന്നതിന് സാധ്യത ഏറുകയാണ്. ജീവിതത്തില്‍ ദുരിതങ്ങളും നഷ്ടങ്ങളും അനുഭവിക്കുന്നവരെ ഒന്നിനും കൊള്ളാത്ത വിഡ്ഢികളായും നിര്‍ഭാഗ്യവാന്മാരായും ജനം കരുതുന്നു. ഇത്തരത്തില്‍ സൗഭാഗ്യവാന്മാര്‍, ദൗര്‍ഭാഗ്യവാന്മാര്‍, ശക്തര്‍, അശക്തര്‍ എന്ന രീതിയില്‍ മനുഷ്യരെ തന്നെ തരംതിരിക്കുന്നു.
ഇത്തരത്തില്‍ തരംതിരിക്കപ്പെടുന്ന ഇരുവിഭാഗവും രഹസ്യമായും പരസ്യമായും അപരന്റെ വീഴ്ചകളും പരാജയങ്ങളും മറ്റുള്ളവര്‍ക്കു മുമ്പില്‍ ധൈര്യസമേതം അവതരിപ്പിക്കുന്നു. വാര്‍ത്താ മാധ്യമങ്ങളിലൂടെയും വ്യക്തി കുടുംബ സാംസ്‌കാരിക രാഷ്ട്രീയ തലങ്ങളിലും ഇത് വ്യാപകമായതോടെ നിസ്സാരമായി കരുതിയ പരദൂഷണം സമൂഹത്തിന് മൊത്തം നാശമായി ഭവിക്കുന്നു. നന്മയും തിന്മയും വേര്‍തിരിക്കാന്‍ സാധ്യമാകാത്ത വിധം പരദൂഷണത്തിന് എല്ലാവിധ സ്വീകാര്യതയും ലഭിച്ചതിനാല്‍ അതിന്റെ ദൂഷ്യഫലങ്ങളും ജനം അനുഭവിക്കുകയാണ്.
നിരപരാധികളെ കുറിച്ച് തെളിവുകളില്ലാതെ കുറ്റമാരോപിക്കുന്നത് ഇസ്‌ലാമിക വിധിപ്രകാരം ശിക്ഷാര്‍ഹമാണ്. ആരോപിക്കുന്ന കുറ്റത്തിന്റെ കാഠിന്യവും നീചസ്ഥിതിയും ആരോപിക്കപ്പെടുന്ന വ്യക്തിയുടെ നിരപരാധിത്വം അനുസരിച്ച് ശിക്ഷയുടെ കാഠിന്യവും വര്‍ധിക്കും. കള്ളവാര്‍ത്ത, നുണ, പരദൂഷണം എന്നെല്ലാം അര്‍ഥം വരുന്ന പദങ്ങളാണ് വിശുദ്ധ ഖുര്‍ആനില്‍ അത്തരം ദുഃസ്വഭാവത്തെ അവതരിപ്പിക്കാന്‍ പ്രയോഗിച്ചിരിക്കുന്നത്.
ഒരാളില്‍ ഉള്ളതായാലും ഇല്ലാത്തതായാലും അവന്റെ അഭാവത്തില്‍ പറയുകയാണെങ്കില്‍ അത് പരദൂഷണം തന്നെയാണ്. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: ''ശിക്ഷ നല്‍കപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ട് ഖബ്‌റുകള്‍ക്കരികിലൂടെ ഒരിക്കല്‍ നബി(സ) നടന്നുപോയി. തദവസരത്തില്‍ നബി(സ) പറഞ്ഞു: ഇവരിരുവരും ശിക്ഷിക്കപ്പെടുന്നത് വലിയ കുറ്റത്തിനൊന്നുമല്ല. എന്നാലും അത് വലിയ പാപം തന്നെയാണ്. ഒരാള്‍ ഏഷണിയുമായി ചുറ്റി നടന്നവനാണ്. മറ്റേയാള്‍ വിസര്‍ജന അവയവങ്ങള്‍ ശുദ്ധിയാക്കുന്നതില്‍ സൂക്ഷ്മത ഇല്ലാത്തവനുമാണ്.''
ഹുദൈഫ(റ) നിവേദനം ചെയ്യുന്നു: ''നബി(സ) പറഞ്ഞു: ഏഷണിക്കാരന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല'' (ബുഖാരി, മുസ്‌ലിം).
മനുഷ്യരിലും ജിന്നുകളിലും പെട്ട സൃഷ്ടിജാലങ്ങള്‍ മനുഷ്യഹൃദയങ്ങളില്‍ ഇളക്കിവിടുന്ന ദുഷ്ചിന്തകള്‍ക്കെതിരെ ജാഗ്രത പാലിക്കാനും അതില്‍നിന്ന് സ്രഷ്ടാവും ആരാധ്യനുമായിട്ടുള്ള അല്ലാഹുവിങ്കല്‍ രക്ഷതേടാനുമാണ് ഖുര്‍ആന്‍ കല്‍പിക്കുന്നത് (114).
മനുഷ്യശരീരത്തില്‍ രക്തസഞ്ചാരമുള്ളിടത്തെല്ലാം പിശാച് സഞ്ചരിക്കും എന്ന് നബി(സ) പറഞ്ഞതായി ബുഖാരി, മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസ് വ്യക്തമാക്കുന്നു.
ഭൂമിയില്‍ അഹങ്കരിച്ചു നടക്കുന്നവരെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ മനസ്സിലാക്കുന്നതില്‍നിന്ന് തടയുന്നതാണ് എന്നും എല്ലാ അഹങ്കാരികളുടെയും അക്രമികളുടെയും ഹൃദയത്തിന് മുദ്രവെക്കും എന്നും അല്ലാഹു വ്യക്തമാക്കുന്നു (7:146).
കോപം, അത്യാഗ്രഹം, കളവ് പറയല്‍, പിശുക്ക്, ദുരാഗ്രഹം, ചതി, പരദൂഷണം, ഏഷണി, മുഖസ്തുതി എന്നിങ്ങനെയുള്ള എല്ലാ ദുഃസ്വഭാവങ്ങളും അഹങ്കാരത്തില്‍നിന്നാണ് ഉടലെടുക്കുന്നത്.
അബൂബക്ര്‍ സിദ്ദീഖ് (റ) നിവേദനം ചെയ്ത ഒരു ഹദീസ്, നബി (സ) പറഞ്ഞു: 'ഒരു മുസ്‌ലിമിനെയും താഴ്ന്നവനായി കരുതാന്‍ പാടില്ല. താഴ്ന്ന പദവിയിലുള്ള മുസ്‌ലിമും അല്ലാഹുവിന്റെ മുമ്പില്‍ മഹത്വമുള്ളവനാണ്.'
അഹങ്കാരികള്‍ക്ക് ഇസ്‌ലാമില്‍ ഇഹലോകത്ത് ചികിത്സ ഇല്ല എന്ന് അല്ലാഹു വ്യക്തമാക്കുന്നു. പരലോകത്ത് രക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത അഹങ്കാരം പോലുള്ള ഗുരുതരമായ പാപകര്‍മം എറിഞ്ഞ് കൊല്ലാന്‍ ഇസ്‌ലാം കല്‍പിച്ച കുറ്റകൃത്യത്തേക്കാള്‍ അതികഠിനമായ ശിക്ഷ അര്‍ഹിക്കുന്നതാണ്. അഹങ്കാരത്തിന് സാധ്യതയുള്ള എല്ലാ ദുഃസ്വഭാവങ്ങളും തുടക്കത്തിലേ നശിപ്പിക്കേണ്ടതുണ്ട്.
ദുഃസ്വഭാവ ലക്ഷണങ്ങള്‍
മനുഷ്യരുടെ നല്ല ബുദ്ധി നശിപ്പിക്കുന്ന ദുഃസ്വഭാവികളുടെ ചില ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക: 1) സ്വന്തം അഭിപ്രായങ്ങള്‍ക്കും വിശ്വാസത്തിനും മുന്‍തൂക്കം കൊടുത്ത് സത്യം കേള്‍ക്കുന്നതും സത്യം സ്വീകരിക്കുന്നതും പുഛമായി തോന്നുക. 2) മറ്റുള്ളവരുടെ ഗുണങ്ങള്‍ നിസ്സാരവല്‍ക്കരിക്കുക. വിലയിടിച്ച് കാണുക. 3) മറ്റുള്ളവരുടെ കുറ്റവും കുറവും സ്വയം പറയുകയും പറയുന്നത് കാതോര്‍ത്ത് കേള്‍ക്കുകയും ചെയ്യുക. 4) ഞാന്‍ പരദൂഷണം പറയില്ല എന്ന് പറയുകയും പറയുന്നവരെ ചീത്ത വിളിക്കുകയും ഹൃദയംകൊണ്ട് പരദൂഷണം പറയുകയും ചെയ്യുക. 5) വിനയം ഉള്ള ആളാണ് എന്ന് പറഞ്ഞു കേള്‍ക്കാന്‍ വേണ്ടി വിനയം കാണിക്കുക. 6) തന്റെ പേരും പ്രശസ്തിയും പെരുമയും പറഞ്ഞ് നടക്കുകയും സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുക. 7) മതം നിര്‍ബന്ധമാക്കിയ വിഷയങ്ങളില്‍ സര്‍വത്ര അലസതയും പ്രാധാന്യമില്ലാത്ത വിഷയങ്ങളില്‍ തര്‍ക്കിക്കുകയും ചര്‍ച്ചാ വിഷയമാക്കുകയും ചെയ്യുക. (ഉദാഹരണം വിഭാഗീയത, നേതൃത്വ മത്സരങ്ങള്‍) 8) അധികരിച്ച സുന്നത്ത് എടുക്കുന്നവരുടെ നടപടി ക്രമങ്ങള്‍ വസ്ത്രധാരണം, ഭക്ഷണം, ദീനീപ്രബോധനം എല്ലാം ശ്രദ്ധയോടെ വീക്ഷിക്കുകയും കളിയാക്കുകയും ചെയ്യുക. 9) മറ്റുള്ളവരേക്കാള്‍ വിശിഷ്യാ തിന്മ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടത്തില്‍ താനാണ് ഭേദപ്പെട്ട ആള്‍ എന്ന് ചിന്തിക്കുക. 10) അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്ന് പറയാനുള്ള ചങ്കൂറ്റമില്ലായ്മ. 11) എല്ലാം അറിയാം എന്ന ഭാവവും പെരുമാറ്റവും സംസാരവും. 12) അടയാളങ്ങളിലൂടെയും ചലനങ്ങളിലൂടെയും മറ്റുള്ളവര്‍ക്ക് എന്തോ ചില ദുഃസ്വഭാവങ്ങള്‍ ഉണ്ട് എന്ന് ചിന്തിക്കലും അപവാദങ്ങള്‍ പറഞ്ഞുണ്ടാക്കലും അതീവ ഗുരുതരമാണ്.
സമൂഹത്തിലെ ഏതു നിലക്കുള്ളവരെക്കുറിച്ചും അറിഞ്ഞും അറിയാതെയും കണ്ടതും കേട്ടതും കുറച്ച് പറയലും കൂട്ടിപറയലും പരിഹാസ പേരുകള്‍ വിളിക്കലും തെളിവില്ലാതെ സംശയിക്കലും ഇസ്‌ലാമികദൃഷ്ട്യാ നിഷിദ്ധമാണ്.
അനസ്(റ) നിവേദനം ചെയ്യുന്നു: ''നബി(സ) പറഞ്ഞു: അല്ലാഹു എന്നെ ആകാശത്തിലേക്ക് ആരോഹണം ചെയ്യിച്ചപ്പോള്‍ ചെമ്പിന്റെ നഖംകൊണ്ട് മുഖവും നെഞ്ചും മാന്തിപ്പിളര്‍ന്ന ഒരു സമൂഹത്തിനരികെ ഞാന്‍ നടന്നുപോയി. ഞാന്‍ ജിബ്‌രീലി(അ)നോട് ചോദിച്ചു; ജിബ്‌രീലേ ആരാണിവര്‍? അദ്ദേഹം മറുപടി പറഞ്ഞു; ജനങ്ങളുടെ മാംസം ഭക്ഷിക്കുകയും അവരുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്നവരുമാണ്'' (അബൂദാവൂദ്).
അബൂബര്‍സത്തുല്‍ അസ്‌ലമി(റ) നിവേദനം ചെയ്യുന്നു: ''നബി(സ) പറഞ്ഞു: നാവുകൊണ്ട് വിശ്വസിക്കുന്നതോടൊപ്പം ഹൃദയത്തില്‍ വിശ്വാസം കടന്നു കൂടാത്ത സമൂഹമേ, നിങ്ങള്‍ മുസ്‌ലിംകളെ പരദൂഷണം പറയുകയോ അവരുടെ രഹസ്യങ്ങളെ ചുഴിഞ്ഞന്വേഷിക്കുകയോ ചെയ്യരുത്. അവരുടെ രഹസ്യങ്ങളെ പിന്തുടരുന്നവരുടെ രഹസ്യങ്ങള്‍ അല്ലാഹു പുറത്തുകൊണ്ടുവരും. അല്ലാഹു ഒരാളുടെ രഹസ്യങ്ങളെ പിന്തുടര്‍ന്നാല്‍ അവനെ സ്വഭവനത്തില്‍ വെച്ചുപോലും വഷളാക്കും'' (അബൂദാവൂദ്).
സൂക്ഷ്മതയോടുകൂടിയുള്ള ജീവിത രീതിയും ആവശ്യങ്ങളെ ലഘൂകരിച്ച് ഇസ്‌ലാമിന്റെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്നുകൊണ്ട് വിശ്വാസത്തിന്റെ (ഈമാന്റെ) ശക്തി വര്‍ധിപ്പിക്കലുമാണ് സ്വഭാവ സംസ്‌കരണത്തിനുള്ള മറ്റൊരു മാര്‍ഗം.
പരിശുദ്ധമായ വഴി തെരഞ്ഞെടുക്കുക
അല്ലാഹു പരിശുദ്ധനാണ് എന്നതിനാല്‍ അല്ലാഹുവിന്റെ അടുക്കല്‍ എത്താനുള്ള വഴികളും പരിശുദ്ധമായിരിക്കണം. ആത്മാവിനെയും അവയവങ്ങളെയും ശുദ്ധിയാക്കി, കളങ്കമേതും ഇല്ലാത്ത നിയ്യത്ത്, ദാനശീലം, വിനയം എന്നീ സദ്ഗുണങ്ങള്‍ ശീലമാക്കി, അല്ലാഹുവിന്റെ പൊരുത്തം നേടാനുള്ള വഴി കണ്ടെത്തണം. സ്വഭാവ ശുദ്ധീകരണം ഇല്ലാതെ ഇബാദത്ത് വര്‍ധിപ്പിച്ചതുകൊണ്ട് യാതൊരു കാര്യവും ഇല്ല. അല്ലാഹുവിന്റെ തൃപ്തി മാത്രം ഉദ്ദേശിച്ച് സല്‍പ്രവൃത്തികള്‍ ചെയ്യുന്ന സത്യവിശ്വാസികളുടെ എല്ലാ ശ്രമങ്ങളെയും നിഷ്ഫലമാക്കാന്‍ പിശാച് സദാ പരിശ്രമിക്കും എന്നതിനാല്‍ സദാ ജാഗ്രത പാലിക്കാനും മനുഷ്യരോട് അല്ലാഹു കല്‍പിക്കുന്നു (23:97,98).
നിരന്തരം തെറ്റുകള്‍ തിരുത്തിയും അല്ലാഹുവിങ്കല്‍ മാപ്പിന് അപേക്ഷിച്ചും വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും അനുസരിച്ച് ജീവിതം മുന്നോട്ടു നയിക്കുന്നതോടെ അവയവങ്ങളെ പൂര്‍ണമായും കീഴടക്കി ചിട്ടയായ പെരുമാറ്റ ശീലം സാധ്യമാക്കാം. അല്ലാഹുവിന്റെ പരിശുദ്ധിയെ അങ്ങേയറ്റം താഴ്മയോടും ബഹൂമാനത്തോടും കൂടി വാഴ്ത്തുകയും ആരാധനാ കര്‍മങ്ങള്‍ക്ക് ശക്തി വര്‍ധിക്കുകയും ചെയ്യുന്നതോടെ സ്വഭാവ സംസ്‌കരണവും സാധ്യമാകും.
വിശുദ്ധ ഖുര്‍ആന്‍ തഫ്‌സീറും ഹദീസ് ഗ്രന്ഥങ്ങളും നിത്യജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാനസ്രോതസ്സായാല്‍ ജീവിതവഴിയില്‍ വിശുദ്ധി പ്രാപിക്കാം.
പ്രശ്‌നങ്ങളെ ക്ഷമയോടുകൂടി നേരിടാന്‍ ശ്രമിക്കണം. തന്നെ കുറിച്ച് ആരെങ്കിലും പരദൂഷണം പറഞ്ഞത് അറിയാന്‍ ഇടവന്നാല്‍ കേട്ടപാതി, വിചാരണക്ക് പുറപ്പെടാതെ, അല്‍പം പിന്തിച്ച് ചീത്തയോട് പ്രതികരിക്കേണ്ട എന്ന അവസ്ഥാമാറ്റത്തിലേക്ക് അവയവങ്ങളെ എത്തിക്കാന്‍ കഴിയണം. തല്‍ക്കാലം മറുത്തൊന്നും പറയണ്ട എന്ന ചിന്ത കോപത്തെ അടക്കിനിര്‍ത്താനും സഹായകമാകും.
ഇഹലോക ജീവിതം വളരെ തുഛമാണെന്നും തന്റെ പ്രവൃത്തിദോഷം തന്നെ നിത്യനരകത്തിലേക്ക് തള്ളിവിടാന്‍ ഇടയാക്കുമെന്നും ഉള്ള ചിന്ത എന്ത് സംസാരവും ആരോടായാലും തുടങ്ങുന്നേടത്ത് വെച്ച് തന്നെ നിര്‍ത്തുന്നതിനും സഹായകമാവും.
മനുഷ്യവികാരങ്ങളെ ഇളക്കിവിടുന്ന എന്ത് തരം വാര്‍ത്തകളും പരദൂഷണത്തിന് ഹേതുവായേക്കാം എന്ന സ്വയം തിരിച്ചറിവ് മാത്രമാണ് ഇതില്‍നിന്നും രക്ഷപ്പെടാനുള്ള വഴി. അന്യരുടെ സ്വഭാവങ്ങളെ പറ്റി പരിധിയിലപ്പുറം ചിന്തിക്കാതിരിക്കലും നല്ലതു തന്നെ.
മനുഷ്യരുടെ നിയന്ത്രണങ്ങള്‍ക്കപ്പുറത്താണ് കാര്യങ്ങള്‍. ആവശ്യമില്ലാതെ പലതും ചിന്തിച്ചുകൂട്ടി വേവലാതിപ്പെട്ടിട്ട് കാര്യമൊന്നും ഇല്ല. സ്വയം നന്നാവുന്നതോടൊപ്പം തന്നെ പരിധിയിലപ്പുറം ഉപദേശനിര്‍ദേശങ്ങളുമായി മറ്റുള്ളവരെ കുറ്റപ്പെടുത്തിയും തിരുത്തേണ്ടുന്ന രീതികളും ശിക്ഷാവിധികളും മറ്റും പറഞ്ഞ് ആരെയും ബുദ്ധിമുട്ടിക്കാതിരിക്കലും അത്യാവശ്യമാണ് (2:256).
എന്തും സംസാരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യരെ മൃഗത്തേക്കാള്‍ നീചരാക്കും. മനുഷ്യരുള്‍പ്പെടെയുള്ള ലോകത്തെ സര്‍വതും നശിച്ചുപോകാനുള്ളതാണെന്നും അനശ്വരതയുള്ള ആത്മാവിന്റെ ശുദ്ധീകരണത്തിലൂടെ മാത്രമേ പരലോക മോക്ഷം സാധ്യമാവൂ എന്ന കാര്യം ഗൗനിക്കേണ്ടിയിരിക്കുന്നു. നശ്വര ശാരീരികാവസ്ഥയും അനശ്വര ആത്മാവിന്റെ അവസ്ഥയും വ്യത്യസ്തമാണ്. ഈ ബോധമാണ് ഒരു സത്യവിശ്വാസിക്ക് ഉണ്ടാവേണ്ടത്.
മുന്‍കരുതലുകള്‍
ആഗ്രഹങ്ങളുടെ അനിയന്ത്രിതമായ പോക്കിലാണ് പൈശാചികത നിഴലിക്കുന്നത്. ആഗ്രഹങ്ങളെ നിയന്ത്രണവിധേയമാക്കുന്നതോടുകൂടി മനുഷ്യമനസ്സിനെയും നിയന്ത്രിക്കാനാകും.
ഒരിക്കലും അടങ്ങാത്ത മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ പാറി നടക്കുന്ന കൂത്താടിയുടെ അവസ്ഥയാണ് മനുഷ്യമനസ്സിനുള്ളത്. ദുഃസ്വഭാവങ്ങളുടെ ഹേതുവും ചാഞ്ചാടുന്ന മനുഷ്യമനസ്സാണ്. ആത്മാവിന് ചേക്കേറാന്‍ മാത്രമാണ് മനുഷ്യശരീരം. എന്നാല്‍ ശരീരത്തിന്റെ ആവശ്യങ്ങളെ മാത്രം പരിഗണിച്ച് ആത്മാവിന്റെ ആവശ്യങ്ങളെ പരിഗണിക്കുന്നതില്‍ മനുഷ്യന്‍ സമയം കണ്ടെത്തിയിട്ടുമില്ല. മണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ മണ്ണിലേക്ക് ലയിച്ചു ചേരുന്ന അവസ്ഥയും ആത്മാവിന്റെ അനശ്വരതയും മനുഷ്യന്‍ തിരിച്ചറിയാതെ പോകുന്നു.
സ്വഭാവ സംസ്‌കരണത്തിന് ചില മുന്‍കരുതലുകള്‍ ദൈവം നിശ്ചയിച്ചിട്ടു്: 1) കേള്‍വി. പരദൂഷണം പറയല്‍ മാത്രമല്ല മതം വിരോധിച്ചതായ എന്തും കേള്‍ക്കലും നിഷിദ്ധമാണ്. കേള്‍ക്കാതിരിക്കല്‍ ഇബാദത്തുമാണ്. മനുഷ്യരുടെ ആജീവനാന്ത പ്രവൃത്തികളെയാണ് അല്ലാഹു വിചാരണ ചെയ്യുക. മനുഷ്യാവയവങ്ങളില്‍ അപകട സാധ്യത ഏറ്റവും കൂടുതല്‍ വിളിച്ചുവരുത്തുന്ന അവയവം നാവ് തന്നെ. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും വിശ്വാസികളുടെ മേല്‍ ഇല്ലാതിരിക്കുകയും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും യുക്തിമാനും അല്ലാതിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ (നിങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു) എന്ന് ഖുര്‍ആന്‍ (33) സൂചിപ്പിച്ചത് നാവുകൊണ്ട് മനുഷ്യര്‍ ചെയ്തുകൂട്ടുന്ന അതിക്രമങ്ങളെ ഉദ്ദേശിച്ചാണ്. നാവ് കൊണ്ടുള്ള പരദൂഷണം, കള്ളവാര്‍ത്ത എല്ലാം മനുഷ്യര്‍ നിസ്സാരമായ കുറ്റകൃത്യമായി കരുതുന്നു എന്ന് അതേ സൂറത്തില്‍ 15-ാം വചനത്തിലും അല്ലാഹു വ്യക്തമാക്കുന്നു.
പരദൂഷണം പോലുള്ള കുറ്റങ്ങള്‍ സ്വയം ചെയ്യുമ്പോഴല്ല, അത് അനുഭവിക്കുമ്പോഴാണ് അതിന്റെ ഗുരുതരാവസ്ഥ ബോധ്യമാവുക. ചുറ്റുമുള്ളവരെ കൊണ്ട് എത്ര തന്നെ ദുഷിച്ചു പറഞ്ഞാലും ഒരിക്കലും അത് പറഞ്ഞു കേള്‍ക്കാന്‍ ആരും ഇഷ്ടപ്പെടില്ല. മദീനയെ ആഭ്യന്തരയുദ്ധത്തിന്റെ വക്കോളം എത്തിച്ച ഫിത്‌ന (നുണ, കള്ളവാര്‍ത്ത) പ്രചരിപ്പിച്ചതിന്റെ തീരാത്ത ഓര്‍മകളുമായി വിശ്വാസികളായ നമുക്ക് ബനു മുസ്തലിഖ് അധിനിവേശ പ്രദേശം വരെ പോകാം. അത്തരം കുറ്റകൃത്യങ്ങള്‍ എക്കാലവും മതനിയമങ്ങള്‍ ലംഘിച്ച് രഹസ്യമായും പരസ്യമായും ചെയ്യുന്ന അനേകം പേര്‍ നമുക്ക് ചുറ്റിലും ജീവിക്കുന്നുണ്ട്. അതുവഴി ആയിരങ്ങളോട് വിശുദ്ധ ഖുര്‍ആന്റെ ആശയവുമായി വെല്ലുവിളിക്കാം. കാരണം മദീനയിലെ കപടവിശ്വാസികളുടെ സംഘം (ഹൃദയങ്ങളില്‍ രോഗാതുരമായവര്‍) പ്രവാചകനെ(സ)യും പ്രിയപത്‌നി ആഇശ(റ)യെയും ആണ് കഠിനമായ അസ്വസ്ഥതയിലേക്കും മദീനയെ ആഭ്യന്തര കലാപത്തിന്റെ വക്കോളവും എത്തിച്ചത്. ആ അപവാദക്കഥയുടെ തീരാത്ത ഓര്‍മകളുമായി വിശുദ്ധ ഖുര്‍ആന്റെ ആശയത്തെ മുറുകെ പിടിക്കാം. കാരണം ആ സംഘം വേദനിപ്പിച്ചത് ഇനി വരാനിരിക്കുന്ന മുസ്‌ലിം ഉമ്മത്തുക്കളുടെ വരെ മാതാവായ ആഇശ(റ)യെയാണ്.
കള്ള വാര്‍ത്തകള്‍ക്കു പിന്നാലെ പോകുന്നവര്‍ ഖുര്‍ആനിന്റെ ചരിത്ര പശ്ചാത്തലം കൂടി ഓര്‍മിക്കണം.