'ആച്ചുട്ടിത്താളം' മലയാള നോവലിലെ വേറിട്ട ഒരു നകാരനാദം

ഡോ. ജമീല്‍ അഹ്മദ് No image

പടിഞ്ഞാറേ ചക്രവാളത്തില്‍ തങ്കമേഘങ്ങള്‍. ഇളംമഞ്ഞ വെയിലില്‍ മുങ്ങിയ വൃക്ഷങ്ങളും വീടും മുറ്റവും പൂന്തോട്ടവും. സഹോദരികള്‍ രണ്ടും മുഖം വെളിയിലേക്ക് കാണിച്ചുകൊണ്ട് വാതില്‍ മറവില്‍. ബാപ്പാ ഭിത്തി ചാരി വരാന്തയില്‍, ഉമ്മ മുറ്റത്ത്. 
നിറഞ്ഞ നയനങ്ങളോടെ ചെമ്പരത്തിയില്‍ പിടിച്ചുകൊണ്ട് പൂന്തോട്ടത്തില്‍ സുഹറ. പറയാന്‍ തുടങ്ങിയത് അപ്പോളും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം.
എന്തായിരുന്നു അന്ന് ഒടുവിലായി സുഹറാ പറയാന്‍ തുടങ്ങിയത്?
(ബാല്യകാലസഖി: അവസാന ഖണ്ഡം)

മുസ്‌ലിം പെണ്ണിന്റെ ജീവിതമാണ് ഇന്നോളം കേളിപ്പെട്ട മലയാള നോവലുകളില്‍ മുസ്‌ലിം സാമൂഹികജീവിതത്തിന്റെ പ്രധാന അടയാളമായി പരിചരിക്കപ്പെട്ടത്. 'മുസ്‌ലിം പെണ്ണ്' എക്കാലത്തും ആഗോളതലത്തില്‍ തന്നെ ഇസ്‌ലാമിക വിമര്‍ശകരുടെയും മുഖ്യവിഷയമായിരുന്നു. അവളുടെ വേഷം, വിവാഹം, വിദ്യാഭ്യാസം, കുടുംബപദവി, സാമ്പത്തിക വിനിമയശേഷി, പൊതുജീവിതം എന്നിവയൊക്കെയും അങ്ങേയറ്റം അപരസ്ഥാനത്തു വെച്ചാണ് വായിക്കപ്പെട്ടത്. ഇസ്‌ലാം സ്വതേതന്നെ സ്ത്രീവിരുദ്ധമാണ് എന്ന കാഴ്ചപ്പാട് ഇടത് മതേതര മണ്ഡലവും വലതുപക്ഷവും ഒരുപോലെ പ്രചരിപ്പിച്ചു. അതുകൊണ്ടുതന്നെ മുസ്‌ലിം പുരുഷനാല്‍ 'പീഡിപ്പിക്കപ്പെടുന്ന' പെണ്ണിന്റെ ഓരോ ശബ്ദവും ഇരയുടെ നിലവിളികളായി അനുവാചകര്‍ ഏറ്റെടുത്തു. ആഗോളതലത്തില്‍ കോടിക്കണക്കിന് രൂപയുടെ പുസ്തകങ്ങളും സിനിമകളും അപ്പേരില്‍തന്നെ വിറ്റഴിക്കാനും അതുകൊണ്ട് കഴിഞ്ഞു. ബി.എം സുഹ്‌റ, ഖദീജ മുംതാസ്, സഹീറ തങ്ങള്‍ എന്നിവരുടെ നോവലുകള്‍ മലയാളത്തില്‍ ഏറെ ശ്രദ്ധനേടിയതിനു പിന്നിലും ഈ കാരണങ്ങള്‍ ഉണ്ടായിരുന്നു. 
എന്നാല്‍ മലയാളത്തിലെ നോവല്‍ ചരിത്രത്തിലാകട്ടെ, മുസ്‌ലിം പെണ്ണ് നിരന്നത് ഇരയുടെ തട്ടമിട്ട് മാത്രമല്ല എന്ന വസ്തുത ശ്രദ്ധേയമാണ്. 'ഉമ്മാച്ചു' തൊട്ടുള്ള ഉറൂബിന്റെ നോവലുകള്‍, ബഷീറിന്റെ സ്ത്രീകഥാപാത്രങ്ങള്‍, എം.ടി യുടെ നോവലുകളിലെ വ്യക്തിത്വമുള്ള മുസ്‌ലിം പെണ്ണുങ്ങള്‍, എന്‍.പി മുഹമ്മദിന്റെ നോവലുകളില്‍ പ്രത്യക്ഷപ്പെടുന്ന മുസ്‌ലിം സ്ത്രീകള്‍, കെ.പി രാമനുണ്ണിയുടെ നോവലുകളിലെ നായികമാര്‍ തുടങ്ങി കര്‍തൃപരമായി സ്വന്തം ഇടങ്ങളില്‍ സ്ഥാനപ്പെട്ട മുസ്‌ലിം പെണ്‍കഥാപാത്രങ്ങളെ ധാരാളമായി മലയാള നോവലില്‍ കാണാനാകും. ആ നോവലുകളുടെ ധാരയില്‍ വ്യത്യസ്തമായ ഒരടയാളമാണ് സീനത്ത് ചെറുകോടിന്റെ 'ആച്ചുട്ടിത്താളം'. എന്താണ് ആ വ്യത്യസ്തത എന്ന് സൂചിപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ പ്രധാന ഉത്തരവാദിത്തം എന്നതിനാല്‍ നേരത്തേ പറഞ്ഞ നോവലുകളിലെ മുസ്‌ലിം സ്ത്രീകഥാപാത്രങ്ങളുടെ പൊതുസ്വഭാവങ്ങള്‍ ഒന്ന് പതിയെ വിശകലനം ചെയ്‌തേ തീരൂ. 
മലയാള നോവലില്‍ ആവിഷ്‌കരിക്കപ്പെട്ട മുസ്‌ലിം സ്ത്രീയുടെ ചിത്രങ്ങളെ പൊതുവായ നാലു കളങ്ങളിലേക്ക് ചുരുക്കിവെക്കാനാകും. ഈ വിഭജനം പരസ്പരം ചേരാത്ത മതിലുള്ളതല്ല. മറിച്ച്, പരസ്പരം ഇഴചേര്‍ന്നു നില്‍ക്കുന്ന വായനാനുഭവങ്ങളാണ്.

1) തന്റേടക്കാരി 
മാപ്പിളപ്പെണ്ണുങ്ങളെക്കുറിച്ച് കേരളത്തിന്റെ പൊതുബോധത്തിലുള്ള പലതരം ചിത്രങ്ങളിലൊന്ന് അവര്‍ക്ക് കര്‍മകുശലതയും വാഗ്‌സാമര്‍ഥ്യവും തന്റേടവും കൂടുതലാണ് എന്നാണ്. ഈ ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത് പലപ്പോഴും വായനയിലും സിനിമയിലുമുണ്ടായ മുസ്‌ലിം വാര്‍പ്പുമാതൃകകളെ ആശ്രയിച്ചാണ് എന്നതില്‍ സംശയമില്ല. അപരിഷ്‌കൃതവും കുലസ്ത്രീയുടെ വിപരീതവുമായ പെണ്‍ജീവിതത്തിന്റെ മാതൃകയാണ് അത്. നാണമില്ലാത്തവള്‍, അഴിഞ്ഞാട്ടക്കാരി, തന്റേടി, ആണത്തമുള്ളവള്‍, ഒരുമ്പെട്ടവള്‍ തുടങ്ങിയവയൊക്കെ ഭാരതസ്ത്രീയുടെ ഭാവശുദ്ധിക്ക് എതിരായ വിശേഷണങ്ങളാണ്. അതുകൊണ്ടുതന്നെ മാപ്പിളപ്പെണ്ണുങ്ങളുടെ കുലീനത സൂചിപ്പിക്കാന്‍ കൂടി ഈ തന്റേടത്തെ അബോധതലത്തിലെങ്കിലും ഉപയോഗിക്കുന്നുണ്ട്. മലയാള സിനിമയിലെ ദലിത്, മുസ്‌ലിം വിഭാഗങ്ങളില്‍പെട്ട അപരിഷ്‌കൃതരും വിദ്യാസമ്പന്നരുമല്ലാത്ത ഗ്രാമീണ കഥാപാത്രങ്ങളെ ചിത്രീകരിച്ചത് ഈ അമിതനിറങ്ങള്‍ ചാര്‍ത്തിയാണ് എന്ന് കുളപ്പുള്ളി ലീല, ബിന്ദുപണിക്കര്‍ തുടങ്ങിയ നടിമാര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ നിരീക്ഷിച്ചാലറിയാം. സമാന ഛായയുള്ള മുസ്‌ലിംസ്ത്രീ കഥാപാത്രങ്ങളുടെ റാണി ഉമ്മാച്ചു തന്നെയാണ്. എന്തുംചെയ്യാന്‍ പോന്ന തന്റേടം പ്രകടിപ്പിക്കുന്ന മുസ്‌ലിം സ്ത്രീയാണ് അവള്‍. എന്‍.പി മുഹമ്മദിന്റെ 'എണ്ണപ്പാടം' എന്ന നോവലില്‍ ഇങ്ങനെ ഒരുമ്പെട്ടിറങ്ങിയ മുസ്‌ലിം സ്ത്രീകളുടെ നീണ്ട നിര കാണാം. പി.എ മുഹമ്മദ് കോയയുടെ 'സുല്‍ത്താന്‍ വീട്ടി'ലെ ഹജ്ജ് ബീത്താത്തയുടെ മകള്‍ കൗജേയിത്താത്ത ഒരു രാജ്യത്തെപ്പോലെ സുല്‍ത്താന്‍ വീട് മുഴുവന്‍ അടക്കിവാഴുന്നു. 

2) ലൈംഗികാഭിനിവേശക്കാരികള്‍
മുസ്‌ലിം സ്ത്രീയുടെ ലൈംഗികോല്‍ക്കര്‍ഷം മലയാള നോവലുകളുടെ മറ്റൊരു വിഭവമായിരുന്നു. മുസ്‌ലിം പുരുഷന്റെ അമിത കാമാസക്തിയുടെ ഇരയോ മുസ്‌ലിം പെണ്ണിന്റെ അമര്‍ത്തിവെച്ച കാമാസക്തിയുടെ പ്രകടനങ്ങളോ ആയിരുന്നു അത്തരം കഥാപാത്രങ്ങള്‍. 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ മൈമൂനയെപ്പോലെ പുരുഷനെ പച്ചക്ക് തിന്നുകളയാന്‍ തുളുമ്പുന്ന അവളുടെ ശരീരം പര്‍ദക്കുള്ളില്‍ വെന്തുനീറുന്ന സങ്കടം കേരളത്തിലെ സാമാന്യ മതേതര ആണ്‍മനസ്സുകളെയൊക്കെ തളര്‍ത്തിക്കളഞ്ഞിട്ടുണ്ട്. മുസ്‌ലിം ജീവിതം ചിത്രീകരിച്ച മുസ്‌ലിംകളല്ലാത്ത നോവലിസ്റ്റുകളുടെ കൃതികളിലാണ് ഈ അമിതവര്‍ണത്തിലുള്ള സ്ത്രീശരീരത്തിന്റെയും പെണ്‍കാമനകളുടെയും ചിത്രം കൂടുതല്‍ തെളിഞ്ഞുകണ്ടത് എന്ന വസ്തുത മറ്റുചില ആലോചനകളിലേക്ക് നയിക്കേണ്ടതുണ്ട്. എം.ടി, ഉറൂബ്, എസ.്‌കെ പൊറ്റക്കാട്, കെ.പി രാമനുണ്ണി എന്നിവരുടെ നോവലുകളിലേക്ക് തേടിച്ചെന്നാണ് ഈ അഭിപ്രായം ഉറപ്പിക്കേണ്ടത്.

3) മുസ്‌ലിം ആണിന്റെയും ഇസ്‌ലാം മതത്തിന്റെയും ഇര 
പ്രമേയതലത്തില്‍ മുസ്‌ലിം സാമുദായിക ജീവിതം അംഗിയായോ അംഗമായോ ആവിഷ്‌കരിച്ച നോവലുകളില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംപെണ്ണിനെ വരച്ചുവെച്ചത് മുസ്‌ലിം ആണിന്റെയും ഇസ്‌ലാം മതത്തിന്റെയും ഇര എന്ന മട്ടിലാണ്. മൊയ്തു പടിയത്ത് ഒട്ടേറെ നോവലുകളില്‍ ഈ വിഷയം ചര്‍ച്ചചെയ്തിട്ടുണ്ട്.  ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിക്കപ്പെട്ട 'ഉണ്ണികൗസു' (രചന: ബഷീര്‍ ചുങ്കത്തറ, ചിന്ത പബ്ലിഷേഴ്‌സ്) എന്ന നോവലിലെ ആഖ്യാനതലത്തില്‍ മുഴുവന്‍ ഈ ഛായ കാണാം. പെണ്‍കുട്ടികള്‍ക്ക് പഠനം നിഷേധിക്കുന്നതിനെയും ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങളെയും ഭര്‍ത്താവിന്റെ മരണാനന്തരം ഭാര്യ അനുഷ്ഠിക്കുന്ന ഇദ്ദയെയും മുത്ത്വലാഖിനെയും വിവാഹമോചനത്തിനുശേഷം അതേ പെണ്ണിനെ തിരിച്ചെടുക്കാനുള്ള ചടങ്ങുകല്യാണത്തെയും 'സ്ത്രീവിരുദ്ധത' എന്ന ഒരേ ചട്ടിയിലിട്ടാണ് നോവലിസ്റ്റ് വറുത്തെടുക്കുന്നത്. ഇസ്‌ലാമിക നിയമത്തിലെ ആചാരമേത്, മുസ്‌ലിം ജീവിതത്തിലെ അനാചാരമേത് എന്ന് വേര്‍തിരിച്ചറിയാതെയും അതിനെ വേര്‍തിരിച്ച് വിശകലനം ചെയ്യാതെയും വിവരിച്ച് ഇസ്‌ലാംപേടി വളര്‍ത്തിയെടുക്കുന്ന ഈ ആഭിചാരം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും ഇന്ത്യയിലെ വലതുപക്ഷ സവര്‍ണസംഘങ്ങളും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ മാറ്റൊലിയാണ് ഈ നോവലും മുഴക്കുന്നത്. ഖദീജ മുംതാസിന്റെ ബര്‍സ മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് ഒരു ആഖ്യായിക എന്ന നിലക്കുള്ള അതിന്റെ ശില്‍പസൗന്ദര്യമോ മലയാള നോവല്‍ സാഹിത്യത്തിലെ പ്രതിനിധാനപരമായ ഭാവുകത്വപരിണാമോ പ്രദര്‍ശിപ്പിച്ചതു കൊണ്ടായിരുന്നില്ല, മറിച്ച് അതിലെ ഇസ്‌ലാംമത വിമര്‍ശനത്തെ പുരസ്‌കരിച്ചായിരുന്നു എന്നും ഓര്‍ക്കണം. 

4)  ആധുനിക മുസ്‌ലിം പെണ്ണ് 
കേരളമുസ്‌ലിം സ്ത്രീയെ വാര്‍പ്പുമാതൃകകളില്‍നിന്ന് വേറിട്ടു കാണാന്‍ ശ്രമിച്ച എഴുത്തുകാര്‍ സൃഷ്ടിച്ചെടുത്ത പാത്രസ്വഭാവമാണ് ഇത്. ആധുനികതയോടും സമകാലിക ജീവിതത്തോടും ഏറക്കുറെ സത്യസന്ധമായി പ്രതികരിക്കുന്നതാണ് ഈ പെണ്‍മാതൃക. അതിന്റെ ആദ്യത്തെ ഉദാഹരണം (1951) ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നോവലിലെ ആയിഷയും ആധുനികാനന്തര മാതൃക(2006) 'ജീവിതത്തിന്റെ പുസ്തക'ത്തിലെ സുബൈദയുമാണ്. 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്ന ബഷീര്‍കഥയിലെ കുഞ്ഞുതാച്ചുമ്മ, കുഞ്ഞുപാത്തുമ്മ, ആയിഷ എന്നീ മൂന്നു കഥാപാത്രങ്ങളും വ്യത്യസ്തമായ മുസ്‌ലിം പെണ്ണിനെ പ്രതിനിധീകരിക്കുന്നുണ്ട്. കുഞ്ഞുതാച്ചുമ്മ പൂര്‍വാചാരങ്ങളില്‍ ബന്ധിതയായ അപരിഷ്‌കൃത ഭൂതകാലവും കുഞ്ഞുപാത്തുമ്മ പരിഷ്‌കാരത്തിലേക്ക് മാറാന്‍ നിര്‍ബന്ധിക്കപ്പെട്ട പുരോഗമന വര്‍ത്തമാനകാലവും ആയിഷ ആധുനികത നിര്‍ദേശിക്കുന്ന ഭാവിയിലെ മുസ്‌ലിംസ്ത്രീയുമാണ്. ഭൂതകാലത്തെക്കുറിച്ച പാരമ്പര്യഭാവനകളെ അവ വെറും 'കുഴിയാന'യായിരുന്നു എന്ന ആധുനിക ബോധംകൊണ്ട് ധ്വംസിക്കുന്ന മൂന്ന് സ്ത്രീകഥാപാത്രങ്ങളാണ് ഈ ലഘുനോവലിന്റെ കേന്ദ്രം. ആ തകര്‍ക്കല്‍ നടത്തുന്നത് കുഞ്ഞുപാത്തുമ്മയും അതിന് പശ്ചാത്തലമൊരുക്കുന്നത് നിസാര്‍ അഹമ്മദിന്റെ പെങ്ങള്‍ ആയിഷയുമാണ്. ബഷീറിന്റെ ആയിഷയുടെ അരനൂറ്റാണ്ടിനു ശേഷമുള്ള പുനരാഗമനമാണ് കെ.പി രാമനുണ്ണിയുടെ 'ജീവിതത്തിന്റെ പുസ്തക'ത്തിലെ സുബൈദ. ആധുനികതയെ ക്രിയാത്മകമായി നേരിടുന്ന ഈ മുസ്‌ലിം സ്ത്രീ സാരിയും അടിവസ്ത്രവും അണിയുകയും ഉച്ചാരണ ശുദ്ധിയോടെ അച്ചടിമലയാളം വേണ്ടത്ര ഇംഗ്ലീഷ് കലര്‍ത്തി സംസാരിക്കുകയും വിദ്യാഭ്യാസവും അറിവും സമ്പാദിച്ച് നിവര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. 
ഇത്രയും ആഖ്യാനങ്ങള്‍ക്കിടയില്‍ 'ആച്ചുട്ടിത്താളം' എന്ന നോവല്‍ എങ്ങനെ വേറിട്ടുനില്‍ക്കുന്നു എന്ന വിശകലനമാണ് ഇനി പ്രസക്തമായത്. മുസ്‌ലിം സ്ത്രീ എന്ന ഭാവത്തെ സത്യസന്ധമായി പുനര്‍നിര്‍ണയിക്കാനുള്ള മലയാള സാഹിത്യത്തിലെ ഏറ്റവും സര്‍ഗാത്മകമായ ആദ്യത്തെ ശ്രമമാണ് 'ആച്ചുട്ടിത്താളം' എന്ന പരികല്‍പന ഇവിടെ അവതരിപ്പിക്കട്ടെ. ആ പരികല്‍പനയെ സാധൂകരിക്കുന്ന ചില നിര്‍ദേശങ്ങള്‍ വിവരിക്കുന്നതിനുമുമ്പ് നോവലിസ്റ്റിനെയും നോവലിനെയും സാമാന്യമായി പരിചയപ്പെടുത്തുക എന്നുണ്ടല്ലോ.
മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്തുള്ള ചെറുകോട് എന്ന ഗ്രാമത്തിലെ അധ്യാപികയാണ് സീനത്ത് ചെറുകോട്. വണ്ടൂര്‍ മലയാളസാഹിത്യത്തില്‍ മുമ്പേ അടയാളപ്പെടുത്തിയ ദേശനാമമാണ്. മാപ്പിളക്കവിതകളുടെ ഭാവുകത്വപരിണാമം നിര്‍വഹിച്ച പുലിക്കോട്ടില്‍ ഹൈദറിന്റെയും മലയാള കാഴ്ചയുടെ ലോകത്ത് ചെറു പ്രതലത്തിന്റെ സാമൂഹിക സാധ്യതകളെ പുനര്‍നിര്‍വചിച്ച സലാം കൊടിയത്തൂരും ഈ നാടിന്റെ സാംസ്‌കാരികധാരയുടെ ഭാഗമാണ്. സീനത്തിന്റെ ആദ്യ നോവലാണ് ഇത്. ഒരു വ്യക്തിയുടെ ആലോചനകളിലൂടെ വികസിക്കുന്ന ആഖ്യാനതന്ത്രം എന്ന 'ബോധധാരാ നോവലി'ന്റെ ഘടന ആദ്യാവസാനം കണ്ണിപൊട്ടാതെ നിലനിര്‍ത്താന്‍ കഴിഞ്ഞതിനാല്‍ ഇനിയും നോവലെഴുതാനുള്ള ത്രാണി തനിക്കുണ്ട് എന്ന് ആദ്യനോവലില്‍തന്നെ സീനത്ത് തെളിയിച്ചിരിക്കുന്നു. ഫസ്റ്റ് പേഴ്‌സണിലാണ് കഥാഖ്യാനം നിര്‍വഹിക്കുന്നത് എന്നതിനാല്‍ ആത്മകഥയുടെ ഛായയും ഇതിനുണ്ട്. ഫസ്റ്റ് പേഴ്‌സണ്‍ എന്ന സര്‍വനാമത്തിന് മലയാളത്തില്‍ നല്‍കിയ പേര് 'ഉത്തമ പുരുഷ'നെന്നാണ്. ഈ നോവലാകട്ടെ അടിമുടി ഒരു പെണ്ണിന്റെ പറച്ചിലാണല്ലോ. പിന്നെങ്ങനെ അത് ഉത്തമ'പുരുഷ'നാകും? ഭാഷയുടെ ഈ ആണ്‍ഭാവം മറികടക്കാനുള്ള മലയാളത്തിലെ പെണ്ണെഴുത്തിന്റെ സവിശേഷമായ ഒരു ഘട്ടമാണ് 'ആച്ചുട്ടിത്താളം.'
അതെങ്ങനെ എന്നു നോക്കാം. സാറാ ജോസഫിന്റെ നോവലുകളാണ് ഈ പെണ്‍ഭാഷയുടെ അനുകൂലനം ആദ്യമായി മലയാള നോവലില്‍ രാഷ്ട്രീയപരമായി അടയാളപ്പെടുത്തിയത്. അതിന് മുസ്‌ലിം പെണ്ണിന്റെ ഭാഗത്തുനിന്നുള്ള തുടര്‍ച്ച വായനക്കാര്‍ പ്രതീക്ഷിച്ചത് ബി.എം സുഹ്‌റയിലും ഖദീജ മുംതാസിലും സഹീറാ തങ്ങളിലുമാണ്. ആ ശ്രേണിയില്‍ പ്രകടമായ ആഖ്യാനവൈചിത്ര്യത്തോടെ കയറിനില്‍ക്കുന്നു സീനത്ത് ചെറുകോട്. നോവലിലെങ്ങും നായികയുടെ പേരില്ല എന്നതാണ് വായനക്കാരെ പിടികൂടുന്ന ആദ്യത്തെ അത്ഭുതം. 'ഞാന്‍' ആണ് നായിക. മലപ്പുറം ജില്ലയിലെ ഒരു ഗ്രാമാന്തരീക്ഷത്തില്‍നിന്ന് ജീവിതമെന്ന സര്‍ഗാത്മകാനുഭൂതിയുടെ പുതിയ തലങ്ങളിലെത്തിയ ഏതൊരു മുസ്‌ലിം പെണ്ണിനും ആ 'ഞാന്‍' എന്ന സര്‍വനാമത്തില്‍ സുഖമായി പാര്‍പ്പുറപ്പിക്കാനാകും. മലയാള ഭാഷയുടെ ലിംഗഘടനയെ തകര്‍ക്കുന്ന ഈ 'ഉത്തമസ്ത്രീ സര്‍വനാമം' നോവലിന്റെ ആഖ്യാനഭാഷയിലും ഘടനയിലും പലയളവുകളില്‍ കണ്ടെത്താനാകും.  
ഒരു പെണ്‍കുട്ടിയുടെ ജീവിതകഥയാണ് 'ആച്ചുട്ടിത്താള'ത്തിലെ പ്രമേയതലം. ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും കുടുംബ, സാമൂഹിക ഘടനയില്‍നിന്ന് സ്വപ്രയത്‌നത്തിലൂടെ സ്വന്തം കുടുംബത്തെയും സമൂഹത്തെയും വീണ്ടെടുക്കുന്ന ആണ്‍കുട്ടികളുടെ ജീവിതകഥകള്‍ മലയാളം കുറേ കേട്ടതാണല്ലോ. എം. ടി വാസുദേവന്‍ നായരുടെ 'നാലുകെട്ടാ'ണ് അതിന്റെ ക്ലാസ്സിക്കല്‍ ഉദാഹരണം. എന്നാല്‍ 'ആച്ചുട്ടിത്താളം' ഈ പെണ്‍കുട്ടിയുടെ വ്യക്തിജീവിതത്തേക്കാളേറെ അവള്‍ക്കു ചുറ്റുമുള്ള സമൂഹത്തെക്കൂടി കാണിച്ചുതരുന്നു. അവിടെ ഒരു പെണ്‍കുട്ടി പരത്തുന്ന പ്രകാശം തന്നെ ചൂഴ്ന്നുനില്‍ക്കുന്ന വ്യക്തികളിലേക്കുകൂടി പ്രസരിക്കുകയും അതേ തെളിമയോടെ അവരുടെ ജീവിതംകൂടി നമുക്ക് വായിക്കാനാവുകയും ചെയ്യുന്നു. മുസ്‌ലിം പെണ്ണിന്റെ വിമോചനം നിര്‍ണയിക്കുന്ന പുരുഷന്മാര്‍ ഈ നോവലിലുമുണ്ട്. 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്' നോവലിലെ നിസാര്‍ അഹമ്മദിനെപ്പോലെ മജീദ് മാഷും പ്രഫസറും അതില്‍ ചിലരാണ്. പക്ഷേ, നിസാര്‍ അഹമ്മദ് ചൂണ്ടിക്കാണിക്കുന്ന ആധുനിക നവോത്ഥാനത്തിന്റെ വഴിയും മജീദ് മാഷും പ്രഫസറും ചൂണ്ടിക്കാണിക്കുന്ന ജീവിതാവബോധത്തിന്റെ വഴികളും തുലോം വ്യത്യസ്തമാണ്. കുറേക്കൂടി വിമോചനാത്മകമായ സൂക്ഷ്മരാഷ്ട്രീയം മജീദ് സാറിന്റെയും പ്രഫസറുടെയും നിര്‍ദേശങ്ങളില്‍ പ്രകടമാണ്. അത് വ്യക്തിനിഷ്ഠമല്ല, സമൂഹസംബന്ധിയാണ്. മതവിരുദ്ധമല്ല, മതാത്മകമാണ്. പെണ്ണിന്റെ ഉമ്മയെയും ഉമ്മൂമയെയും നിരാകരിക്കുന്നതല്ല, അവരെക്കൂടി ചേര്‍ത്തുനിര്‍ത്തുന്നതാണ്. അതുകൊണ്ടുതന്നെ 'ആച്ചുട്ടിത്താള'ത്തിലെ നായിക, അതിന്റെ അവസാന അധ്യായത്തില്‍, 'കുനിയരുത് ശരിക്ക് നിവര്‍ന്ന് നടന്നുപോകൂ' എന്ന നിസാര്‍ അഹമ്മദിന്റെ ഉപദേശംകേട്ട് വീട്ടിലേക്ക് പോയി മെതിയടിപ്പുറത്തു നില്‍ക്കുന്ന ഉമ്മയോട്  'കുളുകുളു... പെപ്പെപ്പേ... ലുലുലുലു...' എന്നൊന്നും പറയുന്നില്ല. ഉമ്മയുടെ പാരമ്പര്യത്തിലെ ആന കുയ്യാനയായിരുന്നു എന്ന് തിരുത്തുന്നുമില്ല. 'കുയ്യാനയും മറ്റൊരു ആനയാണ്' എന്നാണ് കേരള മുസ്‌ലിം സ്ത്രീയുടെ പുതിയ തലമുറ ഈ നോവലിലൂടെ വിളിച്ചുപറയുന്നത്.
പുരുഷന്റെ സംരക്ഷണവും വഴികാട്ടലും പുതിയ പെണ്‍നിര്‍ണയവാദികളെ സംബന്ധിച്ചേടത്തോളം അനാവശ്യമോ അവഗണിക്കേണ്ടതോ ആണ്. പെണ്ണിന്റെ കര്‍തൃത്വം എന്നത് ആണിന്റെ നിരാകരണമാണ് എന്ന ക്ലാസ്സിക്കല്‍ ഫെമിനിസ്റ്റ് കടുംപിടിത്തങ്ങളുടെ നിഴലിലാണ് അത് നില്‍ക്കുന്നത്. ഭര്‍ത്താവിനെ അനുസരിക്കുക, പിതാവ് പറയുന്നത് കേള്‍ക്കുക തുടങ്ങിയ പെണ്ണിന്റെ തെരഞ്ഞെടുപ്പ് 'അവളുടെ ഏജന്‍സി' അല്ലെന്ന് അവര്‍ വാശിപിടിക്കുന്നു. അങ്ങനെ ജീന്‍സ് പെണ്ണിന്റെ സ്വന്തം തെരഞ്ഞെടുപ്പും പര്‍ദ ആണധികാരത്തിന്റെ പെണ്‍വഴക്കവുമായി അവര്‍ വിപരീതപ്പെടുത്തുന്നു. 'ആച്ചുട്ടിത്താള'ത്തിലെ നായിക ആണിനെ എതിര്‍കള്ളിയില്‍ നിര്‍ത്തി ഇങ്ങനെ വെട്ടിക്കളയുന്നില്ല എന്നുമാത്രമല്ല, പലപ്പോഴും ആണിനെ നിര്‍ണയിക്കുന്നവിധം അവര്‍ തമ്മിലുള്ള ചേര്‍ച്ച സാധ്യമാക്കുകയും ചെയ്യുന്നു. സബൂട്ടിയും സെന്തിലും മുരുകനും ഈ കഥയില്‍ അനാഥത്വത്തിന്റെയും അടിമത്തത്തിന്റെയും വേദനകളില്‍നിന്ന് കഥാനായികയുടെ കൈകാര്യകര്‍തൃത്വത്തില്‍ രക്ഷപ്പെടുന്നവരാണ്. ആണിനു മാത്രമല്ല, പെണ്ണിനും കഴിയും എന്നും അതോടൊപ്പം നോവലിസ്റ്റ് പ്രഖ്യാപിക്കുന്നു. ഷാഹുല്‍ ഹമീദ് ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്ന ആശയത്തിനു പിന്നില്‍ കഥാനായികയുടെ തീരുമാനവും നിശ്ചയദാര്‍ഢ്യവുമുണ്ട്. 
ഒരു പെരുന്നാള്‍ ദിനത്തില്‍, ഉപ്പയില്ലാതെ കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്ന യത്തീം ബാലനെ മുഹമ്മദ് നബി കണ്ടു. ആഹ്ലാദത്തിന്റെ ലോകത്ത് അനാഥത്വം കൊണ്ട് ഒറ്റപ്പെട്ടുപോയ ആ കുരുന്നിനെ അദ്ദേഹം തോളിലെടുത്തു. അവിടെ കൂടിനില്‍ക്കുന്നവരൊക്കെ കേള്‍ക്കെ 'ലോകത്തെ എല്ലാ അനാഥകളുടെയും ഉപ്പയാണ് ഞാന്‍' എന്ന് മുഹമ്മദ് നബി ഉറക്കെ പ്രഖ്യാപിച്ചു എന്നും ചരിത്രത്തിലുണ്ട്. മുസ്‌ലിം ലോകം ഒന്നടങ്കം അനാഥാലയങ്ങളുണ്ടാക്കാനുള്ള പ്രധാന കാരണം യത്തീമുകളുടെ സംരക്ഷണത്തിന് ഇസ്‌ലാം നല്‍കുന്ന വലിയ സ്ഥാനമാണ്. ഒരു പെണ്ണ് ആ പ്രവാചകമാതൃക പിന്തുടരുന്നതെങ്ങനെ എന്ന് ഈ നോവലിലെ നായിക കാണിച്ചുതരുന്നു. പെണ്‍കര്‍തൃത്വത്തിന്റെ മറ്റൊരു മാതൃകകൂടിയാണ് അവിടെ സംഭവിക്കുന്നത്. മാതൃത്വം സാധ്യമാകുന്നത് ഗര്‍ഭപാത്രത്തിലൂടെ മാത്രമല്ല എന്ന പെണ്‍പാഠം ഈ നോവല്‍ മലയാളത്തില്‍ സവിശേഷമായി കുറിച്ചുവെക്കുന്നത് അങ്ങനെയാണ്. 
മുസ്‌ലിം പെണ്ണിന്റെ ശരീരം ലൈംഗികശരീരമാണെന്ന പൊതുബോധത്തെ ഈ നോവല്‍ നിരാകരിക്കുന്നു. അതുകൊണ്ടുതന്നെ 'ജീവിതത്തിന്റെ പുസ്തക'ത്തിലെ സുബൈദയുടെ 'മാപ്ലച്ചിസൗന്ദര്യം' (പ്രയോഗം രാമനുണ്ണിയുടേത്) തെലുങ്ക്‌നടന്‍ രാജ്കുമാര്‍ എന്ന താജുദ്ദീനുമായും ഷറഫുദ്ദീന്‍ എന്ന ഭര്‍ത്താവുമായും ഗോവിന്ദവര്‍മരാജ എന്ന കാമുകനുമായും നടത്തുന്ന കാമകേളികളുടെ ദീര്‍ഘവര്‍ണനകള്‍ ഈ നോവലില്‍ കാണില്ല. ശ്യാമള എന്ന ദലിത് കൂട്ടുകാരിപോലും നുള്ളാനും തഴുകാനും കടിക്കാനും കൊതിക്കുന്ന വെളുത്തു കൊഴുത്ത സുബൈദയുടെ സിനിമാശരീരം 'ആച്ചുട്ടിത്താള'ത്തിലെ നായികക്ക് ഇല്ല. ഈ ലേഖനത്തില്‍ സൂചിപ്പിച്ച മറ്റ് മുസ്‌ലിം എഴുത്തുകാരികളുടെ കഥകളിലും മുസ്‌ലിം പെണ്ണ് അങ്ങനെയല്ലല്ലോ? ശരിയാണ്. പക്ഷേ, അവരുടെ നോവലുകളിലെ മുസ്‌ലിം പുരുഷന്മാരോ? അവര്‍ പെണ്ണിനെ കാണുന്നത് കേവലം ശരീരമായിത്തന്നെയാണ്. 'ബര്‍സ'യിലെ സബിത സൗദി അറേബ്യയില്‍ കാണുന്ന സകല പുരുഷന്മാരും പെണ്ണിനെ ഇറച്ചിത്തുണ്ടമായി കാണുന്നവരാണെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നില്ലേ? എന്നാല്‍ 'ആച്ചുട്ടിത്താള'ത്തിലെ നായികയെ സംബന്ധിച്ച് പുരുഷനോ അതിലെ പുരുഷന്മാരെ സംബന്ധിച്ചേടത്തോളം സ്ത്രീകളോ അങ്ങനെയല്ല. എത്ര പരസ്പരബഹുമാനത്തോടെയും മാന്യമായും ആണ് റഹീം മാഷ് നായികയോട് വിവാഹാഭ്യര്‍ഥന നടത്തുന്നത് എന്ന് നോക്കൂ: ''എല്ലാ വേദനകളും ഞാനേെറ്റടുത്തോളാം, കഴിഞ്ഞുകൂടാനുള്ളതൊക്കെ വീട്ടിലുണ്ട്. ആലോചിച്ച് പറഞ്ഞാല്‍ മതി''
 എത്ര ആദരവോടെയാണ് ആ പ്രണയാഭ്യര്‍ഥന അവള്‍ നിഷേധിക്കുന്നത് എന്ന് നോക്കൂ: ''ശര്യാവൂല സാര്‍. കൂടുതലൊന്നും എന്നോട് ചോദിക്കരുത്, പ്രശ്‌നം ഒരുപാടാണ്...''
എന്നുവെച്ച് പ്രണയത്തെയൊക്കെ ഉറക്കിക്കിടത്തിയ ഒരു മരക്കൊള്ളിയാണ് നായിക എന്നു വിചാരിക്കാനും വഴിയില്ല. കാരുണ്യവും അടുപ്പവും വഴിഞ്ഞൊഴുകുന്ന സ്ത്രീ-പുരുഷപ്രണയത്തിന്റെ സുന്ദരനിമിഷങ്ങള്‍ ഈ നോവല്‍ അവസാന അധ്യായങ്ങളില്‍ വരച്ചിടുന്നുണ്ടല്ലോ. ലൈംഗികതക്കപ്പുറമുള്ള ഒരു മനുഷ്യജീവിതത്തെ അന്വേഷിക്കാനുള്ള ദാര്‍ശനികമായ ആവേശമാണ് ഈ നോവലിന്റെ അടിയുറപ്പ്. അത് ഒരു പെണ്ണിന്റെ നോട്ടപ്പാടിലൂടെയും അനുഭവങ്ങളിലൂടെയും വികസിക്കുന്നു എന്നതാണ് അതിന്റെ മേലുറപ്പ്. അവിടെ പെണ്ണിന്റെ തന്റേടത്തെ പുനര്‍നിര്‍വചിക്കുകയാണ്. ഭര്‍ത്താവിനെ കൊന്ന് കാമുകനെ വരിക്കുന്ന ഉമ്മാച്ചുവിന്റെ തന്റേടം ഇവിടെ ദുര്‍ബലമാകുന്നു. ആണ് വരച്ചുവെക്കുന്ന 'തന്റേ'ടമല്ല അവളുടെ തന്റേടം. അത് തന്റെതന്നെ വ്യതിരിക്തവും ഉറപ്പുള്ളതുമായ ഒരിടമാണ്.
ആച്ചുട്ടിയാണ് ഈ കഥയിലെ കേന്ദ്രം. ആച്ചുട്ടി ഭൂതകാലമാണ്. ബഷീറിന്റെ കുഞ്ഞുതാച്ചുമ്മയാണ് അത്. നായികയുടെ കുട്ടിക്കാലത്തിന്റെ വെയിലും മഴയുംകൊണ്ട് അലഞ്ഞുനടക്കുന്ന ഭ്രാന്തിയാണ് ആച്ചുട്ടി. ആ ഭ്രാന്തന്‍ ഭൂതകാലത്തെ വളരെ പെട്ടെന്ന് നായികക്ക് തള്ളിക്കളയാമായിരുന്നു. അവള്‍ കീഴടക്കേണ്ടത് ബോധത്തിന്റെ ഭാവികാലത്തെ ആണല്ലോ. പക്ഷേ, പുതിയ അവബോധങ്ങളുടെ വെളിച്ചത്തിലും അവളെ മുന്നോട്ട് നടത്തുന്നത് ആച്ചുട്ടിയുടെ ഇരുണ്ട നിഴലാണ്. തന്റെ ചുറ്റും പ്രസരിക്കുന്ന ബോധത്തിന്റെ വിളക്കുമായി അവള്‍ ആച്ചുട്ടിയുടെ ഇരുട്ടിലേക്ക് നടക്കുമ്പോഴൊക്കെ പുതിയ പുതിയ ഇരുള്‍പ്രദേശങ്ങളില്‍ അറിവിന്റെ വെളിച്ചമെത്തുന്നു. അതുകൊണ്ടുതന്നെ മുസ്‌ലിം പെണ്ണിന്റെ ആത്മകഥയുടെ അവസാന അധ്യായത്തില്‍ പോലും അവള്‍ വിശ്രമിക്കുന്നില്ല. ദൂരെ ഇരുട്ടില്‍നിന്ന് ആച്ചുട്ടി ചിരിക്കുന്നുണ്ട്. ആ ഇരുട്ടിലേക്കുകൂടി നടന്നെത്തണം. അവിടെയും വെളിച്ചം പരത്തണം. അതുകൊണ്ടുതന്നെ, ഒരു കാര്യം ഉറപ്പാണ്, സീനത്ത് ചെറുകോട് എന്ന നോവലിസ്റ്റിന് ഈ നോവലോടെ എഴുത്ത് നിര്‍ത്താനാവില്ല. 

പിന്‍വാതില്‍
ദൂരെ എവിടെനിന്നോ കേള്‍ക്കുന്ന നകാരയുടെ ശബ്ദത്തിലാണ് നോവല്‍ അവസാനിക്കുന്നത്. പണ്ടുകാലത്ത് പള്ളികളില്‍ പ്രാര്‍ഥനയുടെ സമയം അറിയിക്കുന്ന കൂറ്റന്‍ തുകല്‍വാദ്യമാണ് നകാര. ഇപ്പോള്‍ അത് ഏറക്കുറെ പൂര്‍ണമായും അനാവശ്യവും അപ്രത്യക്ഷവുമായിക്കഴിഞ്ഞു. പക്ഷേ, ആ ശബ്ദം സാധ്യമാണ്. സമുദായത്തെ ആലസ്യത്തില്‍നിന്ന് ഉണര്‍ത്തിയ ഒച്ചയാണത്. അതിനാല്‍തന്നെ നകാരയുടെ ഉച്ചത്തിലുള്ള ഉണര്‍ത്തുനാദം അനാവശ്യവും അപ്രത്യക്ഷവുമാകുന്നില്ല. പുതിയ കാലത്ത് പുതിയൊരു കോലത്തില്‍ ആ ശബ്ദം ഉയര്‍ന്നുകൊണ്ടിരിക്കുകതന്നെ ചെയ്യും. സുഹറയുടെ ചോദിക്കാത്ത ചോദ്യവും അതിന്റെ ഉത്തരവും ആ നകാരധ്വനിയാണ്. 1944-ലാണ് 'ബാല്യകാലസഖി' ആദ്യം പ്രസിദ്ധീകരിക്കുന്നത്. 2019-ല്‍ 'ആച്ചുട്ടിത്താള'ത്തില്‍ ധ്വനിക്കുന്ന ഉത്തമ സ്ത്രീക്കുള്ളിലെ ആയിരക്കണക്കിന് മുസ്‌ലിംപെണ്ണിന്റെ പേരുകള്‍ മുഴക്കുന്ന ഉണര്‍ത്തു ശബ്ദമാണത്. 
വായനക്കാരേ, നിങ്ങള്‍ അത് കേള്‍ക്കുന്നില്ലേ...?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top