മൂന്ന് പൊട്ടിപ്രാണികള്‍

സി. രാധാകൃഷ്ണന്‍
ജൂണ്‍ 2019

എനിക്കു താഴെ മൂന്നു പെങ്ങന്മാരുണ്ട്. ഏറ്റവും അവസാനം ഒരു അനിയന്‍ കൂടി പിറന്നു. ഞങ്ങള്‍ രണ്ട് ആണ്‍പിറകള്‍ 'ഉലക്കയുടെ ചിറ്റുകള്‍ പോലെ' എന്നാണ് അമ്മ പറയുക. ഇടയിലെ മരത്തടിക്കു കേടു പറ്റാതിരിക്കാനാണല്ലോ അറ്റങ്ങളില്‍ ലോഹചുറ്റുകള്‍.
അല്ലറ ചില്ലറ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. എന്നാലും മൂവരും സുഖമായി ഇരിക്കുന്നു. അമ്മമാരും മുത്തശ്ശിമാരുമായി. ഒരാള്‍ക്കു മാത്രമേ വൈധവ്യ ദുഃഖം ഉണ്ടായിട്ടുള്ളൂ.
മൂന്നു പേരും മൂന്നിടത്താണ്. ഭര്‍ത്താവ് ഇന്ത്യന്‍ റെയില്‍വെയുടെ മദിരാശിയിലെ കേന്ദ്ര വര്‍ക്‌ഷോപ്പില്‍ ജോലിക്കാരനായതിനാല്‍ കൂട്ടത്തില്‍ മുതിര്‍ന്നവള്‍ വിജയലക്ഷ്മി അവിടെ വീട് വെച്ചു കഴിയുന്നു. മൂന്നു മക്കളുണ്ട്. ഒരാണും രണ്ടു പെണ്ണും. മൂത്തത് മകളാണ്. അവള്‍ കോള്‍ ഇന്ത്യയിലും മകന്‍ ഐ.ടിക്കാരന്‍ ആ മേഖലയിലും പണിയെടുക്കുന്നു. ഈ പേരമകന്റെ കൊച്ചുമകള്‍ക്ക് പത്ത് വയസ്സ് കഴിഞ്ഞു. മകന്റെ മകള്‍ മെഡിസിനും ഇളയ മകളുടെ മകന്‍ ഐ.ഐ.ടിയും പൂര്‍ത്തിയാക്കി.
നടുവനിയത്തി വിശാലാക്ഷി അമേരിക്കയിലാണ്, മകന്റെ കൂടെ. അവളുടെ രണ്ട് ആണ്‍മക്കളും പ്രഫഷണലുകളാണ്. ട്രാന്‍സ്പ്ലാന്റ് നെഫ്രോളജിസ്റ്റായ മൂത്തവന്‍ എന്റെ അനിയന്റെ മകളെയാണ് വിവാഹം കഴിച്ചത്. നിയമബിരുദക്കാരനായ രണ്ടാമന്‍ ബിസിനസ്സ് മാനേജ്‌മെന്റിലാണ്. ഇരുവര്‍ക്കും കുട്ടികളായി. ഡോക്ടര്‍ക്ക് രണ്ടും വക്കീലിന് ഒന്നും.
ഒടുവനിയത്തി ശകുന്തളയും ഭര്‍ത്താവും ഏറെകാലം കല്‍ക്കത്തയിലായിരുന്നു. അതില്‍പ്പിന്നെ രണ്ട് പതിറ്റാണ്ടുകള്‍ ഗള്‍ഫിലും. കമ്പനി സെക്രട്ടറിയാണ്. ഒറ്റമകന്‍ അബൂദബിയില്‍. അയാള്‍ക്കൊരു മകനുണ്ട്. മക്കളെ അവിടെ പ്രതിഷ്ഠിച്ച് ഇവളും ഭര്‍ത്താവും നാട്ടില്‍ വിശ്രമജീവിതത്തില്‍. ഇവളാണ് 'അഗ്നി' എന്ന സിനിമയിലെ പാട്ടുകളെഴുതിയത്. അതിനു മുമ്പോ അതില്‍പിന്നെയോ ഒന്നും എഴുതിയതായി അറിവില്ല.
മരുമക്കത്തായം മരണക്കിടക്കയിലായ കാലമാണ് എന്റെ കുട്ടിക്കാലം. പകരം മക്കത്തായം വരുന്നു. ഒന്നു പോയിട്ടും മറ്റേതു വന്നില്ല എന്ന സ്ഥിതി. പല വീടുകളിലും രണ്ടും കെട്ട സ്ഥിതി.
ഈ സ്ഥിതിയിലായിരുന്നു ഞങ്ങള്‍. അഛന്‍ മരുമക്കത്തായത്തിന്റെ വികാരങ്ങളെ മുറുകെ പിടിക്കുന്ന ഒരാള്‍. അമ്മാവന്മാരോ മക്കത്തായക്കാരും. ക്ഷേമം നോക്കാന്‍ അഛനുമില്ല, അമ്മാവന്മാരുമില്ല.
പോരെങ്കില്‍ മറ്റൊന്നുകൂടി. ഉഗ്രപ്രതാപിയായ സ്വന്തം വലിയമ്മാമന്റെ മകനെയാണ് അമ്മ കല്യാണം കഴിച്ചത്. ആ വലിയമ്മാമന്റെ അമ്മായിയും അമ്മയുടെ വളര്‍ത്തമ്മയായ വലിയമ്മയും എന്നെന്നും ശീതസമരത്തിലായിരുന്നു. പ്രസവിച്ച് പതിനാറ് തികയുംമുമ്പ് വസൂരിവന്ന് മരിക്കുന്നേരം ചേച്ചിയെ ഏല്‍പിച്ചതാണ് അമ്മമ്മ 'കുട്ടി'യെ.
വലിയ കാരണവര്‍ മക്കത്തായക്കാരനായി മാറിയതിനെ തുടര്‍ന്ന് ഞങ്ങളുടെ വീട് ക്ഷയിച്ചു. നിത്യവൃത്തിക്കു കഷ്ടിയായി. ഗത്യന്തരമില്ലാതെ അമ്മയും കുട്ടികളും അഛന്റെ വീട്ടിലായി പൊറുതി. പ്രത്യക്ഷത്തില്‍ അമ്മക്ക് 'ഒന്നിനും ഒരു കുറവും' ഇല്ലായിരുന്നു. പക്ഷേ, പഴയ അമ്മായിപ്പോരിനോട് അമ്പേ അടിമപ്പെട്ട് അമ്മയുടെ ജീവിതം സ്ഥിരം കണ്ണീരിലായി. നയവും തന്ത്രവും സാമര്‍ഥ്യവുമൊന്നും ഇല്ലാത്ത ഒരാളായിരുന്നു അമ്മ.
ഇതാണ് അമ്മയെയും താഴെയുള്ളവരെയും എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന പിടിവാശി പതിനാലാം വയസ്സിലേ എന്നിലുണ്ടാവാന്‍ കാരണം. അഛനെ ധിക്കരിക്കാതെ ഇതു സാധിക്കുകയും വേണം.
പട്ടിണി കിടന്നു പഠിച്ച് ഒന്നാമനായി ജയിച്ചത് എനിക്കുവേണ്ടി ആയിരുന്നില്ല. ഒരു ജോലി കിട്ടിയപ്പോള്‍ ആദ്യം ചെയ്തത് അമ്മയെയും കുട്ടികളെയും -അഛന്‍ ഉള്‍പ്പെടെ- മൂന്നാമതൊരു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ്. മരുമക്കത്തായം വാര്‍ധക്യകാലത്ത് തനിക്ക് അനാഥത്വം ഭവിപ്പിക്കുമെന്ന് ഇതിനകം അഛന് ബോധ്യം വന്നു തുടങ്ങിയിരുന്നു.
അമ്മാവന്മാര്‍ നന്നായി കുടുംബം പരിപാലിക്കുന്ന കാലത്തും പിന്നീട് അഛന്മാര്‍ ആ ഭാരം അതിലേറെ നന്നായി നിര്‍വഹിച്ചപ്പോള്‍ പോലും പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന പതിവില്ലായിരുന്നു. ജാതകവും പതിനാറു വയസ്സും കൂട്ടി വീട്ടില്‍ ഒരു പെണ്ണും (അവിവാഹിതയായി) ഇരുന്നുകൂടാ! കുലം മുടിയും.
കഷ്ടി രണ്ടുമൂന്നു വയസ്സിന്റെ വ്യത്യാസമേ ഞങ്ങള്‍ അഞ്ചാള്‍ക്കുമിടെ ഉള്ളൂ. എനിക്ക് ഇരുപത് വയസ്സും വരുമാനവും കുടുംബകാര്യങ്ങളില്‍ സ്വാധീനവും ഉണ്ടാകുംമുമ്പ് തൊട്ടു താഴെയുള്ള അനിയത്തിമാരുടെയും വിദ്യാഭ്യാസം മുടങ്ങിയിരുന്നു. ഒരാളുടെ കല്യാണവും കഴിഞ്ഞു. മൂന്നാമത്തെ ആളെ മാത്രമേ എം.എ വരെ പഠിപ്പിക്കാന്‍ സാധിച്ചുള്ളൂ.
1960 മുതല്‍ 1970 വരെയുള്ള പത്തുവര്‍ഷം ഇരുവരുടെയും അമ്മയുടെയും സംരക്ഷണമായിരുന്നു എന്റെ മുന്നിലെ ഏറ്റവും വലിയ പ്രശ്‌നം. അഛനുമായി പലപ്പോഴും ശീതസമരം തന്നെ വേണ്ടിവന്നു. വീട് പുതുക്കിപ്പണിത് മൂന്നാമത്തെ അനിയത്തിയുടെ വിവാഹത്തോടൊപ്പമാണ് ഞാന്‍ വിവാഹിതനാവുന്നത്.
അതിനുശേഷം അനുജത്തിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഞാന്‍ കൂടുതല്‍ പ്രേരിപ്പിച്ചു. അഛന് പറ്റിയ അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ മനഃപൂര്‍വം തന്നെ ആയിരുന്നു അത്.
എന്റെ നിലപാട് ശരിയായി മനസ്സിലാവാന്‍ കൂടപ്പിറപ്പുകള്‍ പ്രയാസപ്പെട്ടു. ഈ പ്രയാസം ഏറെ നീണ്ടുനിന്നെങ്കിലും ക്രമേണ ഇല്ലാതായി. നല്ല കാലത്തിന്, ഇതൊക്കെ കണ്ടാലും ആലോചിച്ചാലും മനസ്സിലാവുന്ന ഒരാളെ എനിക്ക് ജീവിത പങ്കാളിയായി കിട്ടിയതിനാല്‍ പാതി രക്ഷയായി.
ഇപ്പോള്‍, ജീവിത സായാഹ്നത്തില്‍ ഇതൊക്കെ ഒരു തമാശയായാണ് ഞാന്‍ കാണുന്നത്. കര്‍ത്തവ്യമെന്നു തോന്നുന്നത് അവനവന് കഴിവോളം നന്നായി ചെയ്തുപോന്നു. കയ്പുള്ള കഷായം കുടിപ്പിച്ചും ആരോഗ്യം വീണ്ടെടുക്കാതെ പറ്റില്ല എന്നു വരുമ്പോള്‍ ഇഷ്ടവും വാത്സല്യവും നോക്കാന്‍ സാധിക്കില്ലല്ലോ.
സുഖമില്ലാത്ത കാലത്ത് അഛനെ പരിചരിക്കാനും ശുശ്രൂഷിക്കാനും വേണ്ടത്ര അവസരം കിട്ടിയതും ഏറെ ചാരിതാര്‍ഥ്യം തന്നെ.
കൂടപ്പിറപ്പുകളുടെയും സന്തതിപരമ്പരകളുടെയും തുടര്‍ന്നുള്ള യോഗക്ഷേമങ്ങള്‍ക്കായി ഞാന്‍ പ്രാര്‍ഥിച്ചുപോരുന്നു. പ്രാര്‍ഥനയുടെ പരപ്പ് ഏകനീസമായ പ്രപഞ്ചത്തോളം വലുതാകുമ്പോഴും തുടക്കം മാറുന്നില്ല.
എന്റെ മനസ്സും ജീവിതവും എഴുത്തിനും ചിന്തക്കുമായി പാകപ്പെടുത്താന്‍ സഹായിച്ച മുഖ്യമായ ഘടകം ഈ പെങ്ങന്മാരും അഛന്മാരും ചേര്‍ന്ന ലോകവും കുടുംബത്തിന്റെ യോഗക്ഷേമത്തിലെ പരിമിതികളുമാണ്. ഭാരതപ്പുഴ വളഞ്ഞും തിരിഞ്ഞും ഒഴുകി അറബിക്കടലില്‍ എത്തിയത് വഴിയിലെ നിമ്‌നോന്നതികളുടെ വ്യത്യാസം കാരണമാണ്, പുഴയുടെ മിടുക്ക് കൊണ്ടല്ല എന്നു നിരൂപിക്കാവുന്നപോലെ.
'നന്ദി ആരോട് ചൊല്ലേണ്ടൂ' എന്ന അമ്പരപ്പ് എനിക്കില്ല, ഇവരോട് തന്നെ.
'എന്റെ പൊട്ടിപ്രാണികള്‍' എന്നാണ് അമ്മ ഈ മൂന്നാളെയും ഒരുമിച്ച് വിശേഷിപ്പിച്ചിരുന്നത്. ഞങ്ങള്‍ 'ആണ്‍തരികള്‍' ഉലക്കയുടെ കടക്കലും തലക്കലുമുള്ള ഇരുമ്പു ചിറ്റുകളായതിനാല്‍ അത്രവേഗം 'പൊട്ടിപ്പോകി'ല്ലെന്നു കരുതിക്കാണും.
ഈ പൊട്ടിപ്രാണികളെ എനിക്ക് തന്ന അഛനമ്മമാര്‍ക്കും പ്രകൃതിക്കും നന്ദി. ഇവരെന്റെ ജീവിതക്കഞ്ഞിയിലെ ഉപ്പാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media