അഷിത നെയ്ത ജീവിതം 

മുസ്ഫിറ കൊടുവള്ളി No image

മലയാളത്തിന്റെ പ്രിയ കഥാകാരിയായിരുന്നു അഷിത. സങ്കീര്‍ണതകള്‍ക്കിടയില്‍ സര്‍ഗാത്മകതകൊണ്ട് ജീവിതം നെയ്ത അതിജീവനത്തിന്റെ ആള്‍രൂപം. തടവറകളില്‍നിന്ന് ആര്‍ജവത്തോടെ പിറവിയെടുത്ത പ്രതിഭ. വര്‍ണിക്കാന്‍ വാക്കുകളില്ലാത്ത ആത്മീയപ്രഭാവം. കഥകള്‍ക്കപ്പുറം ജീവിതത്തിലെ ഒരു യാഥാര്‍ഥ്യമായിരുന്നു അഷിത. സ്വന്തം ജീവിതാനുഭവങ്ങള്‍ കടലാസിലേക്ക് പകര്‍ത്തിവെക്കുകയായിരുന്നു അവര്‍. തന്റെ നിസ്സഹായമായ ബാലകൗമാരങ്ങളും യൗവനവും സ്ത്രീജീവിതത്തിന്റെ വ്യാകുലതകളും കഥകളിലൂടെ തുറന്നുകാട്ടി. അങ്ങനെ വായനക്കാരുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയ മുറിവുകളുടെ എഴുത്തുകാരിയായിത്തീര്‍ന്നു അഷിത. വീടകങ്ങളിലെ ഇരുള്‍നിറഞ്ഞ അന്ധകാരത്തില്‍ നിലകൊണ്ട് ജനാലവഴി പുറംലോകത്തെ ആവാഹിച്ച കഥകളായിരുന്നു അവരുടേത്. അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകള്‍ക്ക് തന്റെ രചനകളിലൂടെ പുതുജീവന്‍ പകര്‍ന്നുകൊടുത്തു.  
കുടുംബത്തിന്റെ അന്തരീക്ഷം അഷിതയില്‍ ഉള്‍ഭയം നിറക്കുന്നതായിരുന്നു. മകള്‍ എഴുത്തുകാരിയാകുന്നത് മഹാപാതകമായി മാതാപിതാക്കള്‍ കണ്ടു. എഴുതാനുള്ള കടലാസിനു പോലും പൊരുതേണ്ടിവന്നു അവര്‍ക്ക്. കരുണയും വാത്സല്യവും തലോടലും അനുഭവിക്കേണ്ട പ്രായത്തില്‍ പീഡനങ്ങളും യാതനകളും ഏകാന്തതയുമാണ് അഷിത അനുഭവിച്ചത്. അഷിതയുടെ കഥകള്‍ മിക്കതും ചെറുതായിപ്പോയത് കടലാസ് കിട്ടാത്തതിനാലാണെന്ന് പറയാറുണ്ട്. എന്നാലും, എതിര്‍പ്പിലൂടെയും പരീക്ഷണങ്ങളിലൂടെയും ജീവിതത്തെ അതിജീവിച്ച സാഹിത്യലോകത്തെ പ്രതിഭയെന്ന സ്ഥാനം അഷിതക്കിന്ന് സ്വന്തമാണ്.
ജീവിതത്തിന്റെ കയ്പ്പുറ്റ അനുഭവങ്ങളാണ്  അഷിതയെ ലോകം അംഗീകരിച്ച കഥാകാരിയാക്കി മാറ്റിയത്. ലിംഗസമത്വത്തിനുവേണ്ടി സംസാരിച്ചുകൊണ്ടാണ് അഷിത ചര്‍ച്ചകളിലും സംവാദങ്ങളിലും ഇടംനേടിയത്. 'ഒരു സ്ത്രീയും പറയാത്തത്', 'വിവാഹം ഒരു സ്ത്രീയോട് ചെയ്യുന്നത്' എന്നിവ സ്ത്രീസമൂഹത്തിന്റെ വിഹ്വലതകള്‍ അനാവരണംചെയ്യുന്ന കൃതികളാണ്. കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ തുറന്നെഴുതാന്‍ സാധിക്കുന്ന സവിശേഷമായ ഭാവന അഷിതക്കുണ്ടായിരുന്നു. 
അഷിതയുമായി ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നടത്തിയ ദീര്‍ഘ സംഭാഷണത്തിന്റെ സമാഹാരമാണ് 'മാതൃഭൂമി' പ്രസിദ്ധീകരിച്ച 'അത് ഞാനായിരുന്നു' എന്ന കൃതി. അഷിതയുടെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുന്ന കൃതിയാണത്. കുട്ടിക്കാലത്ത് താന്‍ എന്തായിരുന്നു കൊതിച്ചതെന്ന് അഷിത വെളിപ്പെടുത്തുന്നുണ്ട് സംഭാഷണത്തില്‍: ''കരുണ തേടുന്ന ഒരു കഥാപാത്രം. അതിനെക്കുറിച്ച് ആദ്യം പറയാം. ഈ ജീവിതത്തില്‍, കുട്ടിക്കാലത്ത് പ്രത്യേകിച്ചും കരുണയാണ് എനിക്കേറ്റവും കിട്ടാതെ പോയത്. അതാണ് ഞാന്‍ ഏറ്റവും കൂടുതല്‍ തേടിയിട്ടുണ്ടാവുക. വാട്ട്‌സാപ്പില്‍ ഒരു ഡിസ്‌പ്ലേ പിക്ചര്‍ ഉണ്ടായിരുന്നു; 'കൈന്റ്‌നെസ് ഈസ് വാട്ട് ടേണ്‍സ് മി ഓണ്‍.' അത് എന്നെ സംബന്ധിച്ച് വളരെ ശരിയാണ്. ആ കരുണക്കായിട്ടാണ് ഞാന്‍ ജീവിതം മുഴുവന്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. സത്യംപോലെതന്നെ എനിക്ക് വളരെ പ്രധാനമാണ് കരുണ. സ്‌നേഹത്തേക്കാളധികം ഞാന്‍ മൂല്യം കല്‍പിക്കുന്നത് കരുണക്കാണ്.''
കുടുംബമാണ് എഴുത്ത് നിഷേധിച്ചിരുന്നതെങ്കിലും പിന്നീടുള്ള അഷിതയുടെ ജീവിതയാത്രയില്‍ കടന്നുവന്ന രോഗവും അവരുടെ എഴുത്തിനെ സാരമായി ബാധിച്ചു. എഴുത്ത് നിര്‍ത്തിയും വായന ഉപേക്ഷിച്ചും ഏകാന്തമായ ഒരു ആത്മീയ ജീവിതത്തിലേക്ക് ഒളിച്ചോടാന്‍ അവര്‍ ശ്രമിക്കുകയായിരുന്നു. ശാന്തമായ പുഞ്ചിരിയുടെ മേമ്പൊടിയുള്ള സൗമ്യമായ സ്വരത്തില്‍ ചാലിച്ച മൗനമായ ഒരു ഭാഷയായിരുന്നു അഷിത. ആത്മീയപ്രസരിപ്പോടെ  ജീവിക്കുകയും വേദനയുടെ ആഴക്കടല്‍ കഥകളിലൂടെ അതിജീവിക്കുകയും ചെയ്തു അവര്‍. 
കഥയില്‍ കമലാ സുറയ്യയില്‍നിന്നൊരു തുടര്‍ച്ച അഷിതക്കുണ്ടായിരുന്നു. എങ്കിലും അഷിതയുടെ രചനകള്‍ സുറയ്യയില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. കമലാ സുറയ്യ തന്റെ രചനകളില്‍ പ്രണയത്തെയും സ്‌നേഹത്തെയുമാണ് അന്വേഷിച്ചിരുന്നത്. എന്നാല്‍, അഷിത അന്വേഷിച്ചത് സത്യത്തെയായിരുന്നു. കുടുംബത്തിലായാലും സമൂഹത്തിലായാലും സൗഹൃദത്തിലായാലും സ്വത്വപരമായ ഒരു സത്യത്തെയാണ് അഷിത തന്റെ കഥകളില്‍ തേടുന്നത്. 
ഒരു ജീവിതം മുഴുവന്‍ കഥക്കായി സമര്‍പ്പിച്ചു അഷിത. തന്റെ മുറിവിന്റെ തേങ്ങലുകളാണ് അഷിത കഥകളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. ഒരു സ്ത്രീയും പറയാത്തത്, മേഘവിസ്‌ഫോടനങ്ങള്‍, കല്ലുവെച്ച നുണകള്‍, പൊരുള്‍, ഒത്തുതീര്‍പ്പുകള്‍, അമ്മ എന്നോട് പറഞ്ഞ കഥകള്‍ എന്നിവ ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിക്കപ്പെട്ട കഥകളാണ്. അഷിതയുടെ കഥകള്‍, അഷിതയുടെ നോവലെറ്റുകള്‍, അഷിതയുടെ ഹൈക്കു കവിതകള്‍, അഷിതയുടെ കത്തുകള്‍ എന്നിവ അഷിതയുടെ പ്രധാന സാഹിത്യരചനകളാണ്.  ഇംഗ്ലീഷില്‍ ശ്രദ്ധേയമായ ചില കവിതകളും രചിച്ചു അഷിത. വിശ്വപ്രസിദ്ധമായ ആത്മീയകൃതികള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട് അവര്‍. മലയാളിക്ക് എക്കാലത്തും അഭിമാനിക്കാവുന്ന സാഹിത്യരചനകള്‍ സമ്മാനിച്ചാണ് അഷിത വിടപറഞ്ഞത്.  'സ്വയം മറന്ന് നൃത്തം ചവിട്ടുമ്പോള്‍ നര്‍ത്തകിയെ കാണാതാവുകയും നൃത്തം അവശേഷിക്കുകയും ചെയ്യുന്നതുപോലെ എഴുതിയെഴുതി ഞാന്‍ ഇല്ലാതാവുകയും കഥ അവശേഷിക്കുകയും വേണം' എന്ന് അഷിത തന്നെ തന്റെ കഥകളെക്കുറിച്ച് പറഞ്ഞതുപോലെ ആയിത്തീര്‍ന്നു അവരുടെ കഥകളടക്കമുള്ള രചനകള്‍.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top