വിജ്ഞാനം കൊണ്ട് ധന്യമാവുന്ന ജീവിതം
                        
                                                        
                                                        
                         
                          
                        
                                                
                                 
                            
                                വര്‍ഷങ്ങള്‍ക്കു മുമ്പ് തട്ടമിട്ടൊരു പെണ്‍കുട്ടിയെ കലാലയ മുറ്റത്ത് കാണണമെങ്കില്‍ തെല്ലൊരു പ്രയാസമായിരുന്നു. പക്ഷേ ഇന്ന് കഥ മാറി
                            
                                                                                        
                                 വര്‍ഷങ്ങള്‍ക്കു മുമ്പ് തട്ടമിട്ടൊരു പെണ്‍കുട്ടിയെ കലാലയ മുറ്റത്ത് കാണണമെങ്കില്‍ തെല്ലൊരു പ്രയാസമായിരുന്നു. പക്ഷേ ഇന്ന് കഥ മാറി. സ്കൂള്‍ കോളെജ് മുറ്റങ്ങള്‍ മുസ്ലിം വിദ്യാര്‍ഥിനി സാന്നിധ്യത്താല്‍ സമ്പന്നമാണ്. ഭാഷയും കണക്കും സയന്‍സും ടെക്നോളജിയും പഠിച്ചെടുത്ത് അവര്‍ മുന്നേറുകയാണ്. പഠനവും പരീക്ഷയും മാത്രമല്ല ചര്‍ച്ചകളും സംവാദങ്ങളും സാമൂഹിക രാഷ്ട്രീയ വിശകലനവുമായി സഭാകമ്പമേതുമില്ലാതെ പൊതുധാരയോട് ഇഴകിച്ചേരുകയാണിന്ന്. മതപാരമ്പര്യവാദികളുടെയും മതേതരവാദികളുടെയും ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയാണ് ഈ മുന്നേറ്റം. മതകീയ നാട്ടുമാമൂലുകളെ ഭേദിക്കാനും മതേതര നാട്യങ്ങളെ തിരിച്ചറിയാനും ഈ പെണ്‍കൂട്ടത്തിന് കെല്‍പ്പുണ്ട്. 
ആവേശകരവും അഭിമാനകരവുമായ ഈ നേട്ടത്തിനിടയിലും ചില ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്;  ഈ പെണ്മികവിനെ ഏതുരൂപേണയാണ് സമുദായം ഉപയോഗപ്പെടുത്തിയത് എന്ന്. പഠനശേഷം ഇവരെങ്ങോട്ടാണ് പോകുന്നത് എന്ന്. ജൈവികമായ ഉത്തരവാദിത്വ നിര്വ്വഹത്തോടൊടൊപ്പം സാമൂഹിക ചലനങ്ങള്‍ നിരീക്ഷിക്കാനും ഇടപെടാനും തയ്യാറാകുന്ന പെണ്‍ശക്തിയെ തടയുന്നത് എന്താണെന്നും നാം ഇനിയെങ്കിലും ചര്‍ച്ചചെയ്യണം. 
സാമൂഹിക തിന്മകളുടെയും സദാചാര ലംഘനങ്ങളുടെയും ഉത്തരവാദിത്തങ്ങള്‍ പലപ്പോഴും സ്ത്രീയില്‍ തന്നെ കെട്ടിയേല്പിക്കാനും അതു പരിഹരിക്കാനുള്ള പോംവഴി അവളെ വീട്ടില്‍ തന്നെ കെട്ടിയിടുകയാണെന്നും തോന്നുന്ന തരത്തിലുള്ള  ആജ്ഞാസ്വരങ്ങള് പലപ്പോഴും ഇതിനൊരു കാരണമാകുന്നുണ്ട് എന്നതു വസ്തുതയാണ്. വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രസരിക്കുന്ന മതലേപലുള്ള താക്കീതുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവുന്നതാണിത്. പഠിപ്പും കഴിവുമുള്ള ധാര്‍മിക മൂല്യബോധമുള്ള പെണ്‍കുട്ടി പുറത്തിറങ്ങുമ്പോള്‍ അവളിലൂടെ പ്രസരിക്കുന്നത് ധാര്‍മിക ചിന്തകളുടെ മേന്മകളാണ്. മാസവരുമാനമുള്ള ജോലിതന്നെ എല്ലാ സ്ത്രീയും നിര്‍ബന്ധമായും ചെയ്യണമെന്നോ പുറം ജോലികളിലേര്പ്പെടാത്ത സ്ത്രീകള്‍ മോശക്കാരെന്നോ അല്ല പറഞ്ഞുവരുന്നത്. മാതൃത്വമെന്ന പദവിയുടെ നിര്‍വ്വഹണവും കുടുംബബാധ്യതകളും എല്ലാറ്റിനെക്കാളും ഉയര്‍ന്നതാണു താനും. എന്നാല്‍ കഴിവും വിദ്യാഭ്യാസവുമുുള്ള സ്ത്രീയെ അവളാഗ്രഹിക്കുന്ന നിര്‍മ്മാണ മേഖലകളിലേക്ക് വഴിതിരിച്ചുവിടണമെന്നാണ്. അത് സമുദായത്തിന് ഉണര്‍വ്വ് മാത്രമേ നല്‍കൂ. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ നിന്നും ഉള്‍വലിയുന്നു എന്ന പഠനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ. ഇത് സമുദായം ഗൗരവത്തിലെടുക്കണം. സാമൂഹിക രംഗത്തു മാത്രമല്ല കുടുംബസംവിധാനത്തിനകത്തു പോലും പലപ്പോഴും പൊട്ടിത്തെറികളുടെ  കാരണങ്ങള്‍ വിദ്യാസമ്പന്നയായ സ്ത്രീയുടെ സാമൂഹികമായ പങ്കാളിത്തത്തിന് എതിരെയുള്ള ഇണയുടെ വിലക്കാണ് എന്നാണ് മനശാസ്ത്രകാരന്മാരും കൗണ്‍സിലര്‍മാരും വിലയിരുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ രംഗത്തെ ഒഴിവുകള്‍  ഉന്നത ബിരുദധാരികളായ ആണ്‍കുട്ടികളില്ലാതെ നികത്താതെ കിടക്കുകയും അതുള്ള പെണ്‍കുട്ടികളെ അതിലേക്ക് അയക്കാതെ വീട്ടിനകത്തു തന്നെ തളച്ചിടുകയും ചെയ്തുകൊണ്ട് എന്താണ് സമുദായം നേടാന്‍ പോകുന്നതു എന്ന ആലോചന കൂട്ടായി ഉണ്ടാവണം.