ഖുര്‍ആനിന്റെ മാസം

സി.ടി സുഹൈബ് No image

''വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍'' (അല്‍ബഖറ 183).
നോമ്പിലൂടെ തഖ്‌വ ആര്‍ജിക്കലാണ് ഉദ്ദേശ്യമെന്ന് ഖുര്‍ആന്‍ പറയുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കാനാരംഭിച്ച മാസം എന്നതാണ് റമദാന്‍ മാസത്തിന്റെ മുഴുവന്‍ ശ്രേഷ്ഠതകളുടെയും അടിസ്ഥാന കാരണം. വിശുദ്ധ ഖുര്‍ആന്‍ നല്‍കിയതിന്റെ കൃതജ്ഞതയായി നോമ്പെടുക്കാനാണ് അല്ലാഹു ആവശ്യപ്പെട്ടത്. ''ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍, അത് ജനങ്ങള്‍ക്ക് നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ വ്രതമനുഷ്ഠിക്കണം'' (അല്‍ബഖറ 185).
ഖുര്‍ആന്‍ നല്‍കിയതിന് നോമ്പനുഷ്ഠിക്കാന്‍ പറയുന്നു. നോമ്പനുഷ്ഠിക്കുന്നത് തഖ്‌വയുള്ളവരാകാനുമാണ്. ഇവിടെ നോമ്പും ഖുര്‍ആനും തഖ്‌വയും തമ്മിലൊരു ബന്ധമുണ്ട്. സൂറത്തുല്‍ ബഖറയുടെ തുടക്കത്തില്‍ അല്ലാഹു പറയുന്നു; ഈ ഗ്രന്ഥം മുത്തഖികള്‍ക്ക് വഴികാട്ടിയാകുന്നു എന്ന്. ജീവിതത്തില്‍ അല്ലാഹുവിനെ മനസ്സിലാക്കാനും അവന് വഴിപ്പെടാനും ഉദ്ദേശിക്കുന്നവര്‍ക്കാണ് ഈ ഗ്രന്ഥം സന്മാര്‍ഗമായി മാറുന്നത്. മനസ്സില്‍ നന്മയും ഭക്തിയുമുള്ളവര്‍ക്കേ ശരിയായ അര്‍ഥത്തില്‍ ഖുര്‍ആന്‍ പ്രയോജനപ്പെടുകയുള്ളൂ. ഖുര്‍ആന്‍ ശരിയായ അര്‍ഥത്തില്‍ പ്രയോജനപ്പെടാന്‍ തഖ്‌വയുള്ളവരാകണം. ആ തഖ്‌വയാണ് നോമ്പിലൂടെ നേടിയെടുക്കേണ്ടത്.
വിശുദ്ധ ഖുര്‍ആനുമായുള്ള നമ്മുടെ ബന്ധത്തെ പുനരാലോചിക്കേണ്ട സന്ദര്‍ഭം കൂടിയാണിത്. എന്റെ ജീവിതത്തെക്കുറിച്ച് അല്ലാഹു എന്നോട് സംസാരിക്കുകയാണ് എന്ന മനസ്സോടെയാവണം ഖുര്‍ആനെ സമീപിക്കേണ്ടത്. എന്റെ സൃഷ്ടിപ്പ്, വളര്‍ച്ച, വിശ്വാസം, അനുഷ്ഠാനങ്ങള്‍, ബന്ധങ്ങള്‍, ശീലങ്ങള്‍, പെരുമാറ്റം, ഇടപാടുകള്‍, നിലപാടുകള്‍ ഇങ്ങനെ തുടങ്ങി ചെറുതും വലുതുമായ സുപ്രധാന കാര്യങ്ങളെ കുറിച്ചെല്ലാം എന്റെ സ്രഷ്ടാവും യജമാനനുമായ അല്ലാഹു സംസാരിച്ച് കൊണ്ടേയിരിക്കുന്നു. എനിക്ക് പ്രയോജനപ്പെടാന്‍ ചരിത്രങ്ങളും കഥകളും ഉപമകളും വിവരിക്കുന്നു. എനിക്കത് കേള്‍ക്കണം, അറിയണം, ജീവിതത്തോട് ചേര്‍ത്തു വെക്കണം. അവന് പറയാനുള്ളത് കേള്‍ക്കാനായില്ലെങ്കില്‍, അവന്‍ പഠിപ്പിക്കുന്നത് അറിയാതെ പോയാല്‍ മറ്റെന്ത് അറിഞ്ഞിട്ടും കേട്ടിട്ടും എന്തു കാര്യം? മറ്റാരുടെ എഴുത്തുകള്‍ വായിക്കുന്നതിനേക്കാളും ഭാഷണം ശ്രദ്ധിക്കുന്നതിനേക്കാളും എനിക്ക് പ്രിയപ്പെട്ടത് എന്റെ നാഥന്റെ സംസാരങ്ങളാണല്ലോ എന്ന മാനസികാവസ്ഥയില്‍ ഖുര്‍ആന്‍ വായിക്കാന്‍ കഴിയുമ്പോള്‍ നാവുകൊണ്ട് മാത്രമല്ല മനസ്സുകൊണ്ടും വായിക്കാന്‍ നമുക്കാകും.
പല പേരുകളില്‍ ഖുര്‍ആനെ പരിചയപ്പെടുത്തുന്നുണ്ട് അല്ലാഹു. അല്‍കിതാബ്, അല്‍ഹുദാ, അന്നൂര്‍, അശ്ശിഫാ, അദ്ദിക്ര്‍.... ഇതെല്ലാം ഖുര്‍ആനിന്റെ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ കൂടിയാണ്. മനുഷ്യന്‍ അവന്റെ പരിമിതികളില്‍നിന്നുകൊണ്ട് ചിന്തകളെയും ആലോചനകളെയും ചേര്‍ത്തുവെച്ചെഴുതുന്ന ഏതൊരു പുസ്തകത്തേക്കാളും യഥാര്‍ഥവും സത്യവുമായ ഗ്രന്ഥമാണ് ഈ അല്‍കിതാബ്. ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും അറിയാതെ ഉഴറുന്ന മനുഷ്യന് നേര്‍വഴി കാട്ടുന്ന ഹുദായാണ് ഖുര്‍ആന്‍. അന്ധവിശ്വാസങ്ങളും ദൈവനിഷേധവുമെല്ലാം ഇരുള്‍ പടര്‍ത്തിയ മനസ്സുകളില്‍ സത്യത്തിന്റെ വെളിച്ചം വീശുന്ന നൂറാണ് ഖുര്‍ആന്‍. പ്രതിസന്ധികളിലും പ്രയാസങ്ങളിലും പതറിപ്പോകുന്നവര്‍ക്ക് നിര്‍ഭയത്വവും സമാശ്വാസവും പകരുന്ന ശിഫയാണ് ഖുര്‍ആന്‍. ഭൗതികാലങ്കാരങ്ങളില്‍ കണ്ണ് മഞ്ഞളിച്ച് ദൈവത്തെ മറന്ന് മതിമറന്നാഘോഷിക്കുന്നവരെ തട്ടിയുണര്‍ത്തുന്ന ഉദ്‌ബോധനമായ ദിക്ര്‍ ആണ് ഖുര്‍ആന്‍.
അടിസ്ഥാനപരമായ ചില തിരിച്ചറിവുകളാണ് ഖുര്‍ആന്‍ പകര്‍ന്നുതരുന്നത്. അല്ലാഹുവിനെക്കുറിച്ചാണ് അതില്‍ പ്രഥമവും പ്രധാനവും. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും പരിപാലകനുമായ ഏകദൈവത്തെക്കുറിച്ച്, അവന്റെ ഗുണങ്ങളെയും കഴിവുകളെയും കുറിച്ച്, അവന്റെ തീരുമാനങ്ങളെയും താല്‍പര്യങ്ങളെയും കുറിച്ച് സൃഷ്ടിപ്പിന്റെ മഹാത്ഭുതങ്ങളിലേക്ക് ചിന്തകളെ കൊണ്ടുപോകുന്നുണ്ട് പല സൂക്തങ്ങളും. അന്യൂനവും വിസ്മയകരവുമായ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനു പിന്നിലെ യഥാര്‍ഥ ശക്തിയെ അനാവരണം ചെയ്യുകയാണിവിടെ. മനുഷ്യന്റെ ആവശ്യങ്ങളെയും നിസ്സഹായാവസ്ഥകളെയും കുറിച്ച് പറഞ്ഞ് എത്ര സൂക്ഷ്മമായാണ് അവന്‍ നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നത്. എന്റേതെന്ന് കരുതുന്നതൊന്നിലും എനിക്കൊരധികാരവുമില്ല എന്ന തിരിച്ചറിവിലേക്ക് എത്തിക്കുന്നുണ്ട്. എന്നാല്‍ ഞാനൊന്നുമല്ലെന്ന അധമബോധത്തിലേക്ക് അത് നമ്മെ എത്തിക്കുകയല്ല. മറിച്ച്, അല്ലാഹു നമ്മെ ആദരിച്ചിരിക്കുന്നുവെന്നും ഭൂമിയിലുള്ളതെല്ലാം പടച്ചുവെച്ചത് നമുക്കു വേണ്ടിയാണെന്നും പറയുമ്പോള്‍ ആ സ്‌നേഹവും പരിഗണനയും കണ്ട് അവന് തസ്ബീഹ് ചൊല്ലിപ്പോകുന്നു നാം.
പരലോക ജീവിതത്തെക്കുറിച്ചാണ് ഖുര്‍ആന്‍ നല്‍കുന്ന മറ്റൊരു തിരിച്ചറിവ്. ഈ ലോകത്തെ മനുഷ്യജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും നിര്‍ണയിക്കുന്നതും ക്രമീകരിക്കുന്നതും ഈ ജീവിതത്തിനപ്പുറത്തെ മറ്റൊരു ലോകവും ജീവിതവുമാണെന്ന തിരിച്ചറിവ്. മരണത്തോടെ ജീവിതം അവസാനിക്കുന്നുവെന്ന കുടുസ്സായ ചിന്താഗതിയില്‍നിന്നും മരണാനന്തരമുള്ള മഹത്തരവും വിശാലവുമായൊരു ലോകത്തെ കുറിച്ച കാഴ്ചപ്പാടുകള്‍ ജീവിതത്തെ സുന്ദരവും പ്രതീക്ഷാനിര്‍ഭരവുമാക്കുന്നു.
ദൈവാസ്തിക്യത്തെ അംഗീകരിക്കുന്നവരായിരുന്നു പൊതുവില്‍ മനുഷ്യസമൂഹം അതിനാല്‍ തന്നെ ദൈവമുണ്ടെന്ന് തെളിയിക്കാന്‍ ഖുര്‍ആന്‍ അധികം ശ്രമിക്കുന്നില്ല. വ്യത്യസ്ത ദൈവസങ്കല്‍പങ്ങളെ തിരുത്തി ഏകദൈവത്വം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ പരലോക ജീവിതത്തെയും മരണാനന്തര യാഥാര്‍ഥ്യങ്ങളെയുമൊക്കെ നിഷേധിക്കുന്നവര്‍ എല്ലാ കാലത്തുമുണ്ടായിരുന്നു. മക്കാ മുശ്‌രിക്കുകള്‍ അല്ലാഹുവിനെ അംഗീകരിക്കുന്നവരായിരുന്നെങ്കിലും പരലോകനിഷേധികളായിരുന്നു.
''തന്നെ സൃഷ്ടിച്ച കാര്യമവന്‍ തീരെ മറന്നുകളഞ്ഞു. അവന്‍ ചോദിക്കുന്നു: എല്ലുകള്‍ പറ്റേ ദ്രവിച്ചുകഴിഞ്ഞശേഷം അവയെ ആര് ജീവിപ്പിക്കാനാണ്?'' (സൂറ യാസീന്‍ 78).
പരലോകത്തെ കുറിച്ച് തികച്ചും നിഷേധാത്മക സമീപനം എല്ലാ സമൂഹത്തിലും വ്യാപകമായിരുന്നു. അതിനാല്‍തന്നെ മരണാനന്തര ജീവിതത്തെക്കുറിച്ച യാഥാര്‍ഥ്യങ്ങള്‍ പേര്‍ത്തും പേര്‍ത്തും പറയുന്നുണ്ട് ഖുര്‍ആന്‍. മനുഷ്യജീവിതത്തിന്റെ പൂര്‍ണതക്ക് അനിവാര്യമായ ഒരു യാഥാര്‍ഥ്യമായി അതിനെ അവതരിപ്പിക്കുന്നുണ്ട്. പരലോകബോധത്തെ ധാര്‍മിക മൂല്യവ്യവസ്ഥയുമായി ചേര്‍ത്തുവെക്കുന്നുണ്ട് ഖുര്‍ആന്‍. നന്മയിലും നീതിയിലും ധാര്‍മികതയിലും ഉറച്ചുനില്‍ക്കാന്‍ കരുത്ത് നല്‍കുന്നത് പരലോകബോധമാണ്.
പരലോകത്തെക്കുറിച്ച ഖുര്‍ആനിന്റെ വര്‍ത്തമാനങ്ങള്‍ ഈലോകത്തെക്കുറിച്ചുള്ള യാഥാര്‍ഥ്യങ്ങളിലേക്കു കൂടി നമ്മുടെ ചിന്തകളെ കൊണ്ടുപോകുന്നുണ്ട്. ഭൗതിക ജീവിതം നശ്വരമാണെന്നും ഇവിടത്തെ അലങ്കാരങ്ങളും ആസ്വാദനങ്ങളും നൈമിഷികമാണെന്നും അടിക്കടി സൂചിപ്പിക്കുന്നു.
മനുഷ്യന്റെ മുഴുവന്‍ കര്‍മങ്ങള്‍ക്കും അവനുത്തരവാദിയാണെന്ന യാഥാര്‍ഥ്യം ഖുര്‍ആന്‍ പല രൂപത്തില്‍ പങ്കുവെക്കുന്നുണ്ട്. ചെറുതും വലുതുമായ മുഴുവന്‍ കാര്യങ്ങളും അവന്‍ നന്നായി അറിയുന്നു. അതു മുഴുവന്‍ രേഖപ്പെടുത്തുന്നുമുണ്ട്. കാതും കണ്ണും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവ തന്നെ (അല്‍ ഇസ്‌റാഅ് 36). ഈ ബോധം നഷ്ടപ്പെടുന്നിടത്താണ് കൊള്ളയും കൊലയും അധാര്‍മികതയും വ്യാപകമാകുന്നത്. അക്രമത്തില്‍നിന്നും അനീതിയില്‍നിന്നും മനുഷ്യനെ തടയാന്‍ കഴിയുന്നത് മരണാനന്തര ജീവിതത്തെക്കുറിച്ച ഉറച്ച ബോധ്യങ്ങളാണെന്നതാണ് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന വലിയൊരു പാഠം.
ആത്മീയതയും ഭൗതികതയും വിമോചനവുമെല്ലാം ചേര്‍ത്തുവെച്ച സമഗ്രവും സന്തുലിതവുമായ ഒരു ജീവിത കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്നു എന്നതാണ് വേദഗ്രന്ഥമെന്ന നിലക്ക് ഖുര്‍ആന്റെ വ്യക്തിരിക്തതകളിലൊന്ന്. മതത്തെക്കുറിച്ച പൊതുധാരണകളെയാണ് ഈ കാഴ്ചപ്പാട് തിരുത്തുന്നത്.
ഖുര്‍ആനുമായി ഒരു വിശ്വാസിക്ക് വ്യത്യസ്തമായ ബന്ധങ്ങളുണ്ടാവണം. അതിലൊന്ന് ഖിറാഅത്താണ്. അല്ലാഹുവിന്റെ കലാമാണ് ഖുര്‍ആന്‍ വചനങ്ങളെന്ന നിലക്ക് അതിന്റെ കേവല പാരായണം തന്നെ പ്രതിഫലാര്‍ഹമാണ്.
റസൂല്‍ (സ) പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു: ''അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഒരക്ഷരം ഒരാള്‍ ഓതിയാല്‍ അയാള്‍ക്കതിന് ഒരു നന്മയുണ്ട്. നന്മയാകട്ടെ പത്തിരട്ടിയായി വര്‍ധിക്കുകയും ചെയ്യും. അലിഫ് ലാം മീം എന്നത് ഒരക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. അലിഫും ലാമും മീമും ഓരോന്ന് ഓരോ അക്ഷരങ്ങളാണ്'' (തിര്‍മിദി).
മറ്റൊന്ന് തിലാവത്താണ്. തിലാവത്തെന്നാല്‍ പിന്തുടരുക എന്നര്‍ഥം. വായിക്കുന്ന സൂക്തങ്ങളെ മനസ്സുകൊണ്ടും കര്‍മങ്ങള്‍ കൊണ്ടും പിന്തുടരലാണത്. അത്തരം ഖുര്‍ആന്‍ വായന മനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിക്കും ''അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ ഈമാന്‍ വര്‍ധിക്കും. അവര്‍ എല്ലാം തങ്ങളുടെ നാഥനില്‍ സമര്‍പ്പിക്കും'' (അല്‍അന്‍ഫാല്‍: 2).
ഖുര്‍ആനിക ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പാരായണം ചെയ്യുമ്പോഴാണ് ശരിക്കും അത് മനസ്സിനോട് സംവദിക്കുന്നതാകുന്നത്. ഒരിക്കല്‍ റസൂല്‍ (സ) ഇബ്‌നു മസ്ഊദി(റ)നോട് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ആവശ്യപ്പെട്ട് ശ്രദ്ധയോടെ കേട്ടിരുന്ന റസൂല്‍ സൂറത്തുന്നിസാഇലെ 'ഓരോ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരും. ഇക്കൂട്ടര്‍ക്കെതിരെ സാക്ഷിയായി നിന്നെയും കൊണ്ടുവരും. എന്തായിരിക്കും അപ്പോഴത്തെ അവസ്ഥ (4:41) എന്ന ആയത്ത് കേട്ടപ്പോള്‍ ഇന്നിത്ര മതിയെന്ന് പറഞ്ഞു. ഇബ്‌നു മസ്ഊദ് നോക്കിയപ്പോള്‍ റസൂലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ടു. ഇങ്ങനെ നമ്മളെക്കുറിച്ച് പറയുന്ന എത്രയെത്ര ആയത്തുകള്‍ നമ്മള്‍ പാരായണം ചെയ്തുപോയിട്ടുണ്ടാകും; മനസ്സിന്റെ ഒരു കോണില്‍ പോലും ഒരനക്കവും സൃഷ്ടിക്കാതെ...! തീര്‍ച്ചയായും അല്ലാഹു എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്. അതെനിക്ക് മനസ്സിലാക്കാന്‍ കഴിയണമെന്ന ആഗ്രഹത്തോടെ ഖുര്‍ആനിക ആശയങ്ങള്‍ ഗ്രഹിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. 
തഫക്കുര്‍ ആണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്ന മറ്റൊരു കാര്യം. ഈ മഹാപ്രപഞ്ചത്തെയും അതിലെ ചരാചരങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട് ഖുര്‍ആന്‍. നമ്മുടെ ആലോചനകളുടെയും ചിന്തകളുടെയും വിഷയമായി അത് മാറണം. അത്തരം ചിന്തകള്‍ അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തിന്റെ അത്ഭുതങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ''നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ സ്മരിക്കുന്നവരാണവര്‍. ആകാശഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കുന്നവരും'' (ആലുഇംറാന്‍ 191).
ഖുര്‍ആന്‍ 'തദബ്ബുറി'നെക്കുറിച്ച് പറയുന്നുണ്ട്. ഖുര്‍ആനിക സൂക്തങ്ങളെ പറ്റിയുള്ള ആഴത്തിലുള്ള ചിന്തയും പഠനവുമാണ് തദബ്ബുര്‍. ഇത് എല്ലാവര്‍ക്കും കഴിയണമെന്നില്ല. ഖുര്‍ആനിലും സുന്നത്തിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും പണ്ഡിത്യമുള്ളവര്‍ക്കാണ് കുറ്റമറ്റ രീതിയില്‍ ഗഹനമായ ആലോചനകള്‍ നടത്താനാവുക. ഖുര്‍ആന്‍ കാലാതിവര്‍ത്തിയായ വചനങ്ങളാണല്ലോ. ഓരോ കാലഘട്ടത്തിനോടും സംസാരിക്കുന്നുണ്ട് അതിന്റെ ആശയങ്ങള്‍. മാറിവരുന്ന കാലഘട്ടത്തെ അഭിസംബോധന ചെയ്യുന്ന രീതിയില്‍ ഖുര്‍ആനിക ആശയങ്ങള്‍ കൃത്യമായ അടിത്തറകളില്‍നിന്നുകൊണ്ട് വികസിപ്പിക്കാന്‍ പണ്ഡിതന്മാര്‍ക്ക് കഴിയേണ്ടതുണ്ട്.
ഇങ്ങനെ വിശ്വാസിയുടെ ജീവിതത്തില്‍ വിവിധ രീതിയിലുള്ള ബന്ധങ്ങള്‍ ഖുര്‍ആനുമായി ഉണ്ടാകണം. ഖുര്‍ആനുമായി ഒരു ബന്ധവുമില്ലാത്ത ഒരൊറ്റ ദിവസവും നമ്മളില്‍നിന്ന് കഴിഞ്ഞുപോകില്ല എന്ന തീരുമാനമെടുക്കാന്‍ നമുക്കാവണം. എത്ര തിരക്കുകളുണ്ടെങ്കിലും ഒരു അഞ്ച് മിനിറ്റെങ്കിലും ഒരു ദിവസം ഞാന്‍ ഖുര്‍ആനോടൊപ്പമുണ്ടാകും എന്ന് നമ്മള്‍ പ്രതിജ്ഞയെടുക്കണം. അത് ഖിറാഅത്താകാം, ഹിഫഌകാം, തിലാവത്താകാം, തഫക്കുറോ തദബ്ബുറോ ആകാം. നാളെ പരലോകത്ത് ഖുര്‍ആനിന്റെ അഹ്‌ലുകാരെ പരിഗണിക്കുമ്പോള്‍ അക്കൂട്ടത്തില്‍ നമ്മളുണ്ടാകണമെന്ന ആഗ്രഹം മനസ്സില്‍ നിറഞ്ഞുനില്‍ക്കണമെപ്പോഴും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top