അനിര്‍വചനീയമായ ആത്മീയാനുഭൂതിയാണ് റമദാന്‍. അല്ലാഹുവുമായി മുസ്‌ലിം സഹോദരീ-സഹോദന്മാര്‍ കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന കാലമാണത്. ഏതെങ്കിലും നിശ്ചിത അനുഷ്ഠാനത്തിന്റെ പേരല്ല റമദാന്‍.
അനിര്‍വചനീയമായ ആത്മീയാനുഭൂതിയാണ് റമദാന്‍. അല്ലാഹുവുമായി മുസ്‌ലിം സഹോദരീ-സഹോദന്മാര്‍ കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന കാലമാണത്. ഏതെങ്കിലും നിശ്ചിത അനുഷ്ഠാനത്തിന്റെ പേരല്ല റമദാന്‍. ആത്മീയ ഉണര്‍വുകള്‍ക്ക് കാരണമായിത്തീരുന്ന എല്ലാ അനുഷ്ഠാനങ്ങളുടെയും സംഗമസ്ഥലിയാണ് റമദാന്‍.
നോമ്പനുഷ്ഠിക്കുക എന്നുള്ളതാണ് റമദാന്‍ മാസത്തിലെ പ്രത്യേക കര്‍മമെന്നത് ശരിയാണ്. നോമ്പിലേക്ക് പ്രവേശിക്കുന്നതോടുകൂടി മുസ്‌ലിം ആകെ മാറുന്നുവെന്നുള്ളതാണ് റമദാന്‍ അനുഭവം. 'അല്ലാഹുവിനു വേണ്ടി ജീവിക്കുക' എന്ന നിലപാടിലേക്ക് മുസ്‌ലിം സ്ത്രീപുരുഷന്മാര്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരുന്ന ഘട്ടമാണ് റമദാന്‍ മാസം.
എല്ലാമാസവും അല്ലാഹുവിനു വേണ്ടി ജീവിക്കുന്നവര്‍ തന്നെയാണ് മുസ്‌ലിം. അല്ലാഹുവിനു വേണ്ടി ജീവിക്കുക എന്ന ത്യാഗം മുസ്‌ലിമിന്റെ അടിസ്ഥാന സ്വഭാവമാണ്.
അഞ്ചു നേരത്തെ നമസ്‌കാരത്തിനുവേണ്ടി സമയം നീക്കിവെക്കുന്നതിലൂടെ, സമ്പത്തിന്റെ രണ്ടര ശതമാനം മുതല്‍ ഇരുപത് ശതമാനം വരെ സകാത്ത് നല്‍കാന്‍ സന്നദ്ധമാവുന്നതിലൂടെ, ഉംറയും ഹജ്ജും നിര്‍വഹിക്കുന്നതിലൂടെ, അനാഥനും അഗതിക്കും അവശജനങ്ങള്‍ക്കും വേണ്ടി ജീവിക്കുന്നതിലൂടെ.... 'അല്ലാഹുവിന് വേണ്ടി ജീവിക്കുക' എന്ന ത്യാഗമാണ് മുസ്‌ലിം നിര്‍വഹിക്കുന്നത്. ത്യാഗം ദുന്‍യാവിനോടുള്ള സമരമാണ്. ആ ത്യാഗത്തിന്റെ ഏറ്റവും മൂര്‍ത്തമായ വേദിയാണ് നോമ്പ് അനുഷ്ഠിക്കല്‍. ഭക്ഷണം, വെള്ളം, ലൈംഗികഭോഗം തുടങ്ങിയവയില്‍നിന്ന് നിശ്ചിത സമയത്ത് വിടപറയാനുള്ള സന്നദ്ധതയില്‍നിന്നാണ് നോമ്പ് രൂപപ്പെടുന്നത്.
മനുഷ്യന്‍ ജീവിക്കുന്നതു തന്നെ വിശപ്പ്, ദാഹം, കാമം തുടങ്ങിയ വികാരങ്ങള്‍ ശമിപ്പിച്ച് സംതൃപ്തിയും ആനന്ദവും കൈവരിക്കുന്നതിനു വേണ്ടിയാണെന്ന ഭൗതിക ജീവിതദര്‍ശനത്തിന് മേല്‍ക്കൈ ഉള്ള ഈ ലോകത്ത് നോമ്പ് നിസ്സാരമായൊരു ത്യാഗവും സമരവും അല്ല; അടിസ്ഥാന സ്വഭാവമുള്ള ത്യാഗവും സമരവും തന്നെയാണ്. മുസ്‌ലിമിന് മാത്രം സാധിക്കുന്ന സമരം.
'ദുന്‍യാവിലെ സൗകര്യങ്ങള്‍ ഉപേക്ഷിക്കുന്നത്' ഒരു ഉത്സവമാക്കി മാറ്റാന്‍ കഴിയുന്ന മുസ്‌ലിമിന്റെ മാനസിക വളര്‍ച്ച അത്ഭുതാവഹം തന്നെയാണ്. നോമ്പുകാലത്ത് ഇതില്‍ ഒരു മുന്നേറ്റം തന്നെയാണ് സംഭവിക്കുന്നത്. അങ്ങനെയാണ് അഞ്ച് നേരവും പള്ളികള്‍ നിറഞ്ഞു കവിയുന്നത്. കടകള്‍ തുറന്ന് കച്ചവടസാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനേക്കാള്‍ പ്രധാനം കടയടച്ച് പള്ളിയില്‍ പോകലാണെന്ന് മുസ്‌ലിം സ്വയം ഉള്‍ക്കൊള്ളുന്ന ഘട്ടമാണത്.
ദുന്‍യാവില്‍ ഒന്നും തിരിച്ചുകിട്ടാത്ത വലിയ നിക്ഷേപത്തിന് നോമ്പുകാലത്ത് മുസ്‌ലിം സ്വമേധയാ മുന്നോട്ടുവരുന്നത് ദൃശ്യമാണ്. മുസ്‌ലിം സമുദായത്തിന് മാത്രം സാധിക്കുന്ന ഒരു ഭീമന്‍ നിക്ഷേപമാണത്. സകാത്ത്-സ്വദഖ വഴിയുള്ള കോടികളുടെ നിക്ഷേപമാണ് റമദാനില്‍ നടക്കുന്നത്. സ്വര്‍ഗം മാത്രം ലാഭമായി പ്രതീക്ഷിക്കുന്ന മഹാനിക്ഷേപമാണത്. അധ്വാനിച്ച് സ്വന്തമാക്കിയ പണം ഇങ്ങനെ നിക്ഷേപിക്കാന്‍ റമദാന്‍ നല്‍കുന്ന പ്രചോദനം വാക്കുകള്‍കൊണ്ട് വിശദീകരിക്കാന്‍ കഴിയുന്നതിനപ്പുറമാണ്. ചോദിക്കാന്‍ കാത്തുനില്‍ക്കാതെ തന്നെ ദരിദ്രരുടെ വീടുകളിലേക്ക് എത്തിക്കുന്ന സഹായത്തിനും പിന്‍ബലത്തിനും ഒരു ന്യായമേയുള്ളൂ; 'അല്ലാഹുവിന് വേണ്ടി ജീവിക്കുക' എന്ന ന്യായം മാത്രം.
അല്ലാഹുവിന്റെ ഭവനങ്ങളായ മസ്ജിദുകളാണ് നോമ്പുകാരന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം. അവിടെ ഒരുമിച്ചുകൂടുക, നമസ്‌കരിക്കുക, സുന്നത്ത് നമസ്‌കാരങ്ങള്‍ വര്‍ധിപ്പിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക, ദിക്‌റുകളും ദുആകളും വര്‍ധിപ്പിക്കുക, പണം ധാരാളമായി അവിടെ വെച്ച് ദാനം ചെയ്യുക, ഉപദേശങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക, അവിടെവെച്ചു തന്നെ നോമ്പ് തുറക്കുക, രാത്രിയില്‍ അവിടെ തന്നെ കഴിച്ചുകൂട്ടി ദീര്‍ഘമായി നമസ്‌കരിക്കുക..... മസ്ജിദുകളോടുള്ള അനുരാഗാത്മകമായ ഭ്രമം തന്നെയാണ് നോമ്പുകാലം ഉല്‍പാദിപ്പിക്കുന്നത്.
നാവും നോമ്പും
നാവും നോമ്പും തമ്മില്‍ വലിയ ബന്ധമുണ്ട്. മര്‍യം(അ) ജനങ്ങളോട് സംസാരിക്കാതിരുന്നപ്പോള്‍ ''എനിക്ക് 'സൗം' ആണെന്ന്'' അവര്‍ പറഞ്ഞത് സൂറ മര്‍യം 26-ാം വചനത്തില്‍ കാണാം. മൗനം 'സൗം'ന്റെ അവിഭാജ്യഘടകമാണെന്നര്‍ഥം. 'റഖീബിന്റെയും അതീദിന്റെയും സാന്നിധ്യത്തിലല്ലാതെ ആരും ഒന്നും മിണ്ടുന്നില്ലെന്ന്' സൂറ ഖാഫ് 18-ാം സൂക്തത്തിലും കാണാം.
ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഒരുപോലെ അംഗീകരിച്ചിരിക്കുന്ന സ്വഹീഹായ ഹദീസ് ഇപ്രകാരം വായിക്കാം: ''അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: മുഹമ്മദ് നബി (സ) പറഞ്ഞിരിക്കുന്നു: ആരെങ്കിലും അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നുവെങ്കില്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മൗനം പാലിക്കട്ടെ.''
റമദാനിലെ നോമ്പ് സമ്പൂര്‍ണ മൗനം ആവശ്യപ്പെടുന്നില്ല; എന്നാലും മൗനം അധികരിക്കുന്നതും സംസാരം കുറയുന്നതും നോമ്പിനെ കൂടുതല്‍ സമ്പന്നമാക്കും.
ഇബ്‌നു ഉമറി(റ)ല്‍നിന്ന് തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്നു: ''മുഹമ്മദ് നബി(സ) പറഞ്ഞിരിക്കുന്നു: അല്ലാഹുവിനുള്ള ദിക്ര്‍ ആയിട്ടല്ലാതെ നിങ്ങള്‍ സംസാരം അധികരിപ്പിക്കരുത്. ദിക്ര്‍ അല്ലാത്ത അമിത സംസാരം ഹൃദയത്തെ കാഠിന്യമുള്ളതാക്കി മാറ്റും. കഠിനഹൃദയരില്‍നിന്ന് അല്ലാഹു ഏറെ അകലെയാണ്.''
അല്ലാഹുവുമായി ഏറെ അടുക്കലാണ് നോമ്പ്. അതിനാല്‍ അല്ലാഹുവുമായി അകലാന്‍ ഇടയാവുന്ന എല്ലാ സംസാരങ്ങളും നോമ്പുകാലത്ത് നാം ഉപേക്ഷിക്കണം. 'ദിക്ര്‍' അഥവാ 'അല്ലാഹുവിനെ ഓര്‍ക്കല്‍' എന്നതായിരിക്കണം റമദാനില്‍ നാം നാവ് ചലിപ്പിക്കുന്നതിന്റെ പ്രചോദനം.
ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ദരിച്ച മറ്റൊരു ഹദീസ് ഇപ്രകാരമാണ്: മുഹമ്മദ് നബി(സ) പറഞ്ഞിരിക്കുന്നു: ''രണ്ട് താടിയെല്ലുകള്‍ക്കിടയിലുള്ളതും രണ്ട് തുടകള്‍ക്കിടയിലുള്ളതും അല്ലാഹുവിന്റെ ഇഷ്ടപ്രകാരം മാത്രമേ ചലിക്കുകയുള്ളൂവെന്ന് എനിക്ക് ഉറപ്പു നല്‍കുന്നവന് സ്വര്‍ഗം ഞാനും ഉറപ്പു നല്‍കാം.''
മനുഷ്യനെ വഴിതെറ്റിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന രണ്ട് അവയവങ്ങളാണ് നാവും ലിംഗവും. രണ്ടിനെയും നിയന്ത്രിക്കല്‍ നോമ്പിന്റെ പൂര്‍ണതക്ക് അനിവാര്യമാണ്. രണ്ടിനെയും നിയന്ത്രിക്കുന്ന ജീവിതശീലം വളര്‍ത്തിയെടുക്കല്‍ നോമ്പിന്റെ പ്രധാന ലക്ഷ്യവുമാണ്.
കളവ്, പരദൂഷണം, ഏഷണി, പരിഹാസം, കുത്തുവാക്ക്, അര്‍ഥശൂന്യമായ സൊറപറച്ചില്‍.... ഇങ്ങനെ നാവിനാല്‍ ഉണ്ടായിത്തീരുന്ന ഒരുപാട് തിന്മകളില്‍ ഇന്ന് മുസ്‌ലിംകളും അകപ്പെട്ടുപോയിരിക്കുന്നു. റമദാനില്‍ ലഭിക്കുന്ന കൂടിയ ഒഴിവുസമയം വീടുകളിലും പള്ളികളിലും തെരുവുകളിലും ഒത്തുകൂടി 'വര്‍ത്തമാനം പറഞ്ഞ് തീര്‍ക്കുന്ന' ദുശ്ശീലം വ്യാപകമാണ്.
റമദാന്‍ കാലത്ത് നാവിനെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല വഴി ദിക്‌റുകള്‍ വര്‍ധിപ്പിക്കലാണ്. അറബിയില്‍ തന്നെ ഉരുവിടാന്‍ കഴിയുന്ന ധാരാളം ദിക്‌റുകള്‍ നാം പഠിക്കണം. തസ്ബീഹ്, തഹ്മീദ്, തക്ബീര്‍, തഹ്‌ലീല്‍, ഇസ്തിഗ്ഫാര്‍ എന്നിവ നോമ്പുകാലത്ത് നാം ധാരാളമായി വര്‍ധിപ്പിക്കണം.
ഉറങ്ങിത്തീര്‍ക്കാനുള്ളതല്ല നോമ്പ്. രാവും പകലും ഉറക്കം കുറയ്ക്കുന്നവനേ നോമ്പിന്റെ ആത്മാവ് അനുഭവിക്കാന്‍ സാധിക്കുകയുള്ളൂ. ആവശ്യത്തിനുറങ്ങണം, നോമ്പിന് ഉന്മേഷവും ഉല്‍സാഹവും ആര്‍ജിക്കാന്‍ ആവശ്യമായ അളവില്‍ ഉറങ്ങണം. പക്ഷേ, ആലസ്യത്തിന്റെയും ഉറക്കച്ചടവിന്റെയും നോമ്പായി നമ്മുടെ നോമ്പ് മാറിപ്പോകരുത്. രാത്രികാലത്തെ പ്രത്യേക നമസ്‌കാരംകൊണ്ട് നോമ്പുരാവുകളെ നാം സജീവമാക്കണം. വ്യക്തിപരമായും കൂട്ടായും അത് നിര്‍വഹിക്കാം. വീടുകളിലും പള്ളികളിലും അത് നിര്‍വഹിക്കാം. 'തറാവീഹ്' എന്നറിയപ്പെടുന്ന നമസ്‌കാരം നോമ്പിന്റെ എല്ലാ രാവുകളിലും പതിവാക്കാന്‍ സ്ത്രീകളും താല്‍പര്യം കാണിക്കണം. റമദാനില്‍ മാത്രം നമുക്ക് ലഭിക്കുന്ന സവിശേഷ വിഭവമാണ് തറാവീഹിന്റെ മധുരമെന്നത് മറക്കരുത്.
സകാത്ത്
സമ്പത്ത് നമ്മുടേതല്ല; അല്ലാഹുവിന്റേതാണ്. നാം അതിന്റെ സൂക്ഷിപ്പുകാര്‍ മാത്രമാണ്. നമ്മുടെ കൈയിലുള്ള സമ്പത്ത് ശുദ്ധമാവണമെങ്കില്‍ 'സകാത്ത്' കൊടുക്കല്‍ നിര്‍ബന്ധമാണ്. കൃഷി, ശമ്പളം, ആഭരണം, കച്ചവടം, കന്നുകാലികള്‍..... എല്ലാറ്റിനും സകാത്ത് ബാധകമാണ്.
'ആഭരണത്തിന് സകാത്ത് നല്‍കൂ' എന്നൊരു കാമ്പയിന്‍ തന്നെ മുസ്‌ലിം സ്ത്രീകളുടെ സംഘടനകള്‍ ആരംഭിക്കേണ്ടതുണ്ട്. ''സ്വര്‍ണവും വെള്ളിയും സൂക്ഷിച്ചുവെച്ച്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുന്നവര്‍ക്ക് വേദനയുള്ള ശിക്ഷയുണ്ടെന്ന് സുവാര്‍ത്ത അറിയിക്കണം. വെള്ളിയും സ്വര്‍ണവും നരകത്തീയില്‍ പഴുപ്പിച്ച് അത്തരക്കാരുടെ മുതുകുകളും മുഖങ്ങളും പാര്‍ശ്വങ്ങളും പൊള്ളിക്കുന്നതായിരിക്കും. ഇത് നിങ്ങളുടെ നിക്ഷേപമാണ്, ആസ്വദിച്ചോളൂവെന്ന് അവരോട് പരലോകത്തു വെച്ച് പറയുന്നതുമായിരിക്കും'' (തൗബ 34,35).
ഗൗരവമാര്‍ന്ന ഈ താക്കീത് മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായി അറിയിക്കാന്‍ മുസ്‌ലിം പ്രബോധകകളും സംഘടനാ പ്രവര്‍ത്തകകളും മുന്‍കൈയെടുക്കണം.
ദരിദ്രരുടെ പക്ഷം ചേരുന്ന മതമാണ് ഇസ്‌ലാം. മറ്റുള്ളവരുടെ ഭക്ഷണം, പാര്‍പ്പിടം, പാഠപുസ്തകം, ഔഷധം.... എന്നീ ആവശ്യങ്ങള്‍ പൂര്‍ത്തിയാകാത്ത ലോകത്ത് പെണ്ണുങ്ങളുടെ കാതിലും കഴുത്തിലും കൈകളിലും ആഭരണങ്ങള്‍ തൂങ്ങുന്നതിന് എന്ത് ന്യായമാണുള്ളത്? സകാത്ത്-സ്വദഖകള്‍ക്ക് വിധേയമാവാത്ത ആഭരണ കൂമ്പാരങ്ങള്‍ മുസ്‌ലിം സമുദായത്തിന് നാണക്കേടാണ്. അതിനു മുമ്പില്‍ മൗനം പാലിക്കുന്ന മുസ്‌ലിം വനിതാ സംഘടനകള്‍; അവരുടെ മൗനം മാപ്പര്‍ഹിക്കുന്നതല്ലെന്ന് മനസ്സിലാക്കണം. സ്വര്‍ണാഭരണ വിഹിതം സകാത്ത് ഹൗസുകളില്‍ എത്താത്ത, എത്തിക്കാത്ത നോമ്പ് നോമ്പല്ല. സകാത്തിന് നോമ്പിനു മുമ്പാണ് ദീനില്‍ സ്ഥാനമെന്ന മുന്‍ഗണനാക്രമം നാം മറക്കരുത്. സകാത്തിന് ഒരു മാസം നിര്‍ണയിക്കപ്പെട്ടിട്ടില്ലെന്നത് അത് മറക്കാന്‍ ഇടയാക്കരുത്. സകാത്തിന്റെ കൂടി മാസമായിട്ട് നാം റമദാനിനെ പ്രഖ്യാപിക്കേണ്ടതുണ്ട്. സകാത്ത് കൊണ്ടും നോമ്പ് കൊണ്ടും റമദാനില്‍ നാം വിശുദ്ധരാകേണ്ടതുണ്ട്.
പ്രാര്‍ഥന
നോമ്പിനെക്കുറിച്ച് സംസാരിക്കവെ അല്ലാഹു ദുആഇനെക്കുറിച്ചും സംസാരിക്കുന്നുണ്ട്: ''എന്റെ അടിമ എന്നെ കുറിച്ച് ചോദിച്ചാല്‍ ഞാന്‍ അടുത്തുണ്ടെന്ന് പറഞ്ഞേക്കണം. എന്നോടവന്‍ ദുആ ചെയ്താല്‍ അവന്റെ ദുആഇന് ഞാന്‍ ഉത്തരം നല്‍കുന്നതാണ്. അതിനാല്‍ എനിക്കവന്‍ ഉത്തരമേകട്ടെ എന്നില്‍ അവന്‍ വിശ്വസിക്കട്ടെ!! അവന്‍ സന്മാര്‍ഗം പ്രാപിച്ചേക്കാം'' (അല്‍ബഖറ 186).
ദുആ (പ്രാര്‍ഥന) ഇബാദത്തിന്റെ അകക്കാമ്പാണ്. റമദാനും നോമ്പും 'ദുആ' കൊണ്ട് നിറയ്ക്കാന്‍ മുസ്‌ലിം മറക്കാന്‍ പാടില്ല. ഹൃദയഭാഷകൊണ്ട് ദുആ ചെയ്യണം. പലപ്പോഴും 'ദുആ' അലസമായി നിര്‍വഹിക്കുന്ന 'ആമീന്‍' വിളിയായി പരിണമിക്കുകയാണ്.
ഓരോരുത്തരും നോമ്പുകാലത്ത് ആത്മാര്‍ഥമായി അല്ലാഹുവിനോട് ദുആ ചെയ്യണം. അവനവനു വേണ്ടി മാത്രമല്ല മാതാപിതാക്കള്‍, ഇണ, മക്കള്‍, സഹോദരങ്ങള്‍, ഗുരുജനങ്ങള്‍ തുടങ്ങി നമ്മുടെ നാടിനും ലോകത്തിനും വേണ്ടി, സര്‍വോപരി പരലോകമോക്ഷത്തിനു വേണ്ടി ദുആ ഇരക്കുന്ന രാവും പകലുമാക്കി റമദാന്‍ മാസത്തെ നാം സമ്പന്നമാക്കിത്തീര്‍ക്കണം.
ഇഅ്തികാഫ്
നോമ്പിന്റെ പരിസമാപ്തിയില്‍ റമദാനിന്റെ അവസാന രാവുകളില്‍ പ്രവാചക(സ)ന്റെ ശീലമായിരുന്നു അത്. ഹബീബായ അല്ലാഹുവിനെ റസൂലിന് വിട്ടുപിരിയാന്‍ കഴിയാതെ വരുന്ന മാനസിക വളര്‍ച്ചയുടെ, ഹൃദയാനുരാഗ വികാസത്തിന്റെ പ്രകടനമായിരുന്നു ഇഅ്തികാഫ്. അല്ലാഹുവിന്റെ ചാരത്ത് സദാ സമയവും കഴിഞ്ഞുകൂടാനുള്ള മോഹത്തിന്റെ പ്രതീകാത്മക ആരാധനയാണ് ഇഅ്തികാഫ്. അല്ലാഹുവുമായി മുഖാമുഖം ഇരിക്കുന്ന ഇഹ്‌സാനിന്റെ പത്ത് നാളുകളാണ് ഇഅ്തികാഫ്.
'നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്' എന്ന ഇഹ്‌സാനിയായ വിചാരവും വികാരവും മുസ്‌ലിമിന്റെ മനസ്സില്‍ പൂവിടുന്ന വേളയിലാണ് അവന്‍ മസ്ജിദ് വിട്ടുപോവാന്‍ കഴിയാത്ത അനുരാഗത്തിന്റെ തീവ്രാവസ്ഥ പ്രാപിക്കുന്നത്. സ്വലാത്തും തിലാവത്തും ദിക്‌റും ദുആയും ഖുനൂതും.... മുസ്‌ലിം സഹോദരന്റെ/സഹോദരിയുടെ അകം മറ്റെല്ലാറ്റിനെയും പുറംതള്ളുന്ന രാവും പകലുമാണ് ഇഅ്തികാഫിന്റേത്. 'ലൈലത്തുല്‍ ഖദ്ര്‍' എന്ന അപൂര്‍വ അനുഭവവും ഇഅ്തികാഫിന്റെ നേട്ടമാണ്. ആയിരം മാസത്തേക്കാള്‍ പുണ്യപ്പെട്ട ആ രാത്രിയെ ഇബാദത്ത്‌കൊണ്ട് കീഴടക്കാന്‍ ഇഅ്തികാഫ് ഇരിക്കുന്നവനല്ലാതെ ആര്‍ക്ക് സാധ്യവുക!