ഏതാണ്ട് അറുപത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വറുതിയുടെ കാലം. ഒന്നര ലിറ്റര്‍ അരിക്ക് 75 നയാപൈസയാണ് വില. ഒരു ചാക്ക് നെല്ലിന് 6 രൂപ. ഒരു ചാക്ക് അരിക്ക് 35 രൂപ. കൂലി ശരാശരി എട്ടണ.
ചുങ്കത്തു നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ബസിന് ഒരണ. പെരിന്തല്‍മണ്ണയിലെ മദ്രാസ് കഫെയില്‍ നിന്ന് ചായകുടിച്ച ശേഷം അയാള്‍ ഹോട്ടലുടമയും കാഷ്യറുമായ ചേലക്കോടന്‍ കുഞ്ഞുമുഹമ്മദിന്റെ അടുത്തെത്തി. കോളേജില്‍ കുട്ടികള്‍ക്ക് ഭക്ഷണത്തിന് നല്‍കാന്‍ ഒരു വകയുമില്ലെന്നും നൂറ് രൂപ തരാമോ എന്നും ചോദിച്ചു. ആരെന്നോ എന്തെന്നോ ചോദിക്കാതെ ഹോട്ടലുടമ കാശ് എടുത്തു കൊടുത്തു. അയാള്‍ പോയി. അന്നേരമാണ് കടയുടമക്ക് ആരെന്ന് വെച്ചാണ് താന്‍ കാശ് എടുത്തു കൊടുത്തതെന്ന ചിന്ത വന്നത്. ഇന്നേവരെ കണ്ട പരിചയം പോലുമില്ല.
അല്‍പം കഴിഞ്ഞപ്പോള്‍ പോയയാള്‍ തിരികെ വന്നു. ചായയുടെ കാശ് തരാന്‍ മറന്നെന്നും തന്റെ പേര് അബുല്‍ ജലാല്‍ എന്നാണെന്നും ശാന്തപുരം കോളേജില്‍നിന്നാണെന്നും പറഞ്ഞു.
ഡോ. എ.എ ഹലീം എഡിറ്റ് ചെയ്ത 'അബുല്‍ ജലാല്‍ മൗലവി, കാലത്തിന് മുന്നില്‍ നടന്ന ബഹുമുഖ പ്രതിഭ' എന്ന പുസ്തകം ഒരു മനുഷ്യന്റെ നന്മലോകത്തേക്കുള്ള കതകാണ് തുറന്നിടുന്നത്. ജീവിതകാലത്ത് ഇത്രയേറെ ചെയ്യാന്‍ സമയമുണ്ടല്ലേ എന്ന് നമ്മള്‍ വിസ്മയിക്കും. ഒന്നിനും സമയമില്ലെന്ന് നാം പറയുന്ന വെറുംവാക്കുകളെല്ലാം തന്നെ നമുക്ക് മനസ്സാക്ഷിക്കുത്ത് നല്‍കും.
എത്രയെത്ര വലിയ വലിയ മനുഷ്യരാണ് ഈ മണ്ണില്‍ സവിനയം നടന്നുപോയത്.
അന്ന് ശാന്തപുരം കോളേജില്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ കാശുണ്ടായിരുന്നില്ല. പകരം റമദാനിന് നാട്ടില്‍ പോകുമ്പോള്‍ സംഭാവന പിരിവിനുള്ള രശീതി ബുക്ക് നല്‍കും. അത് പിരിച്ച് ശമ്പളത്തുക കഴിച്ചുള്ള തുക കോളേജില്‍ അടച്ചാല്‍ മതി!
ശമ്പളമായിരുന്നില്ല, അന്ന് നാട്ടില്‍ പോകാനുള്ള വണ്ടിക്കാശാണ് പലപ്പോഴും അധ്യാപകര്‍ ചോദിച്ചിരുന്നത്.
ഒരിക്കല്‍ അബുല്‍ ജലാല്‍ മൗലവി നാട്ടിലേക്ക് പുറപ്പെടാനായി ബാഗും എടുത്ത് തയാറായിരിക്കെ ഒരു അധ്യാപകന്‍ വരുന്നു. നാട്ടില്‍ പോകാനുള്ള അനുവാദം ചോദിച്ച് വന്നതാണ്. അപ്പോള്‍ മൗലവി സ്വന്തം യാത്രക്കായി കരുതിയ കാശെടുത്ത് അദ്ദേഹത്തിന് നല്‍കി. അങ്ങനെ സ്വന്തം യാത്ര നീട്ടിവെച്ചു!
സ്വുബ്ഹിനു ശേഷം ഓഫീസ് റൂമില്‍ വന്നിരുന്ന് എല്ലാ പ്രസ്ഥാന ഘടകങ്ങള്‍ക്കും അഞ്ചുരൂപയും പത്തുരൂപയുമൊക്കെ ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയ കാലമൊക്കെ പുസ്തകത്തിലൂടെ ഒരുപാടുപേര്‍ അനുസ്മരിക്കുമ്പോള്‍ അകം പിടയും.
ചേകനൂര്‍ മൗലവി ശാന്തപുരത്ത് അധ്യാപകനായിരുന്ന കാലമൊക്കെ പുസ്തകത്തില്‍ പറയുന്നുണ്ട്. അന്ന് അദ്ദേഹം പരീക്ഷക്കിട്ട ഒരു ചോദ്യം ഇങ്ങനെയായിരുന്നു; 'അബൂഹുറയ്‌റ കെട്ടിച്ചമച്ച മൂന്ന് ഹദീസുകള്‍ ഉദ്ധരിക്കുക..!'
പുസ്തകത്തില്‍ വി.കെ ജലീല്‍ പറയുന്ന ഒരു അനുഭവമുണ്ട്:
''ഒരു ദിവസം ഭക്ഷണത്തിനായി ബെല്ലടിച്ചു. കാന്റീനില്‍ പോയി. നമ്പര്‍ ക്രമം അനുസരിച്ച് വേണം സീറ്റില്‍ ഇരിക്കാന്‍. ചോറില്‍ കൈവെച്ചതും കല്ല് കിടുങ്ങി. കല്ലുകളെല്ലാം പെറുക്കിയ ശേഷം കഴിക്കാം എന്ന് കരുതി. ചെറിയ കല്ലുകള്‍ തപ്പിയെടുത്ത് തീരുന്നില്ല. കൂടെയുള്ളവര്‍ ഭക്ഷണം കഴിച്ച് പള്ളിയിലേക്ക് നീങ്ങിത്തുടങ്ങി. മിനിറ്റുകള്‍ക്കകം നമസ്‌കാരം ആരംഭിക്കും. നമസ്‌കാരത്തിന് ഒരു റക്അത്തെങ്കിലും പിന്തിയാല്‍ വിചാരണ ഉറപ്പ്. കത്തുന്ന വിശപ്പ്. നിശ്ശബ്ദമായി കരഞ്ഞു. ഒരുപിടി ചോറ് പോലും കഴിക്കാനായില്ല. എഴുന്നേറ്റ് കണ്ണീരോടെ പള്ളിയിലേക്ക് നടന്നു. നമസ്‌കാരം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നു. പ്രിന്‍സിപ്പല്‍ അബുല്‍ ജലാല്‍ മൗലവി വിളിക്കുന്നുണ്ടെന്നു പറഞ്ഞ് ടോര്‍ച്ച് മിന്നിച്ച് കാന്റീന്‍ മാനേജര്‍ മൂസ സാഹിബ് വന്നു. മുഹമ്മദലിയെയും വിളിച്ചിട്ടുണ്ട്. മുഹമ്മദലിക്ക് കറി ഇഷ്ടപ്പെടാത്തതു കൊണ്ട് അവനും ഭക്ഷണം കഴിച്ചിരുന്നില്ല.
അടുത്തു ചെന്നപ്പോള്‍ അബുല്‍ ജലാല്‍ മൗലവി പറഞ്ഞു: 'നിങ്ങള്‍ രണ്ടുപേരും ആ ചോറ് തിന്നാന്‍ നോക്ക്. നിങ്ങള്‍ക്ക് കഴിക്കാന്‍ പറ്റുന്ന മറ്റൊന്നും ഇവിടെ ഇല്ല.'
മുന്നില്‍ കല്ലില്ലാത്ത ചോറ്. തേങ്ങാപ്പാലില്‍ ഉപ്പ് ചേര്‍ത്ത് കറിയും വെച്ചിരിക്കുന്നു. ഞാന്‍ ചോറില്‍ കല്ല് തപ്പുന്നതും ഭക്ഷണം കഴിക്കാന്‍ കഴിയാതെ ഇറങ്ങിപ്പോകുന്നതുമെല്ലാം മൗലവി കണ്ടിരുന്നു.''
കോളേജ് കെട്ടിടത്തിന്റെ പണി തുടങ്ങിയ കാലത്തെ ഹൃദയസ്പര്‍ശിയായ ഒരു അനുഭവവും പുസ്തകത്തിലുണ്ട്.
കെട്ടിടത്തിന്റെ ചുമര്‍ നാലുഭാഗവും പടുത്തുയര്‍ത്തിയിട്ടുണ്ട്. മഴക്കാലം ശക്തിപ്പെടാനായിട്ടില്ല. അന്ന് രാത്രി ഇശാ കഴിഞ്ഞ് എല്ലാവരും ഉറങ്ങുകയായിരുന്നു. അന്നേരം ശക്തിയായ കാറ്റും മഴയും. ഭീതിപ്പെടുത്തുന്ന അന്തരീക്ഷം. വൈദ്യുതിയില്ലാത്ത കാലമാണല്ലോ. എല്ലായിടത്തും ഇരുട്ടു മാത്രം. എല്ലാവരുടെയും മനസ്സില്‍ ബില്‍ഡിംഗിന് എന്തു സംഭവിച്ചിരിക്കും എന്ന ആധി. പുറത്തു ചെന്ന് നോക്കാന്‍ പറ്റാത്തവിധം ക്ഷോഭത്തിലാണ് പ്രകൃതി. എന്തായാലും നേരം പുലരട്ടെ എന്നു കരുതി എല്ലാവരും. അബുല്‍ ജലാല്‍ മൗലവി പള്ളിയിലാണ് ഉറങ്ങാറ്. സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞ് അദ്ദേഹം നേരെ കെട്ടിടത്തിനടുത്തേക്ക് നടന്നു. വല്ല കേടുപാടും ഉണ്ടോ എന്നു നോക്കി. അല്‍ഹംദു ലില്ലാഹ്... ഒന്നും സംഭവിച്ചിട്ടില്ല. സന്തോഷം കൊണ്ട് അദ്ദേഹം ഒരു കൊച്ചുകുഞ്ഞിനെ പോലെ കരഞ്ഞു.
ഒട്ടേറെ സംഭവങ്ങളിലൂടെ ചടുലമായ അബുല്‍ജലാല്‍ മൗലവിയുടെ ജീവിതകഥകളാണ് ഈ പുസ്തകം നിറയെ. പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഒന്നും ചെയ്യാതെ അലസമായി ജീവിതം പോക്കാന്‍ നാണക്കേട് തോന്നും ആര്‍ക്കും. അന്‍സാര്‍ സ്ഥാപനങ്ങളും മണ്ണാര്‍ക്കാട്ടും ഈരാറ്റുപേട്ടയിലുമുള്ള സ്ഥാപനങ്ങളും സന്മാര്‍ഗം എന്ന പ്രസിദ്ധീകരണം തുടങ്ങിയതുമെല്ലാമായ ഊര്‍ജം പ്രസരിപ്പിക്കുന്ന ചരിത്രം തീര്‍ച്ചയായും നമ്മുടെ ഉള്ള് നിറക്കും. പുസ്തകത്തിന്റെ പ്രസാധനം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ അലുംനി അസോസിയേഷനാണ്. വിതരണം ഐ പി.എച്ച്. വില 200 രൂപ.