തീച്ചൂളയില്‍ എരിഞ്ഞെരിഞ്ഞു
പാകത്തിന് വേവുവറ്റിയ ഹൃദയം
ഇനിയും പെയ്തൊഴിയാതെ തലക്കുള്ളില്‍
ഇരമ്പിയാര്‍ക്കുന്ന മഴമേഘങ്ങള്‍
താഴെ ഒരിറ്റുകണ്ണീര്‍ നനവെങ്കിലും
കാതോര്‍ത്തു ഒരു കുഞ്ഞുതൈച്ചെടി
ഇടമുറിഞ്ഞു പോവുന്ന ശബ്ദത്തെ
തിരഞ്ഞു തളര്‍ന്നൊരു ഇളംതെന്നല്‍
എരിവെയിലത്തു പ്രതീക്ഷയോടെയെങ്കിലും
പാഴായിപ്പോവുന്ന മന്ദഹാസം
ഇനിയും വയ്യെന്ന് പറഞ്ഞിട്ടും
കൊട്ടിയടക്കാത്തൊരു വാതില്‍
വിശപ്പ് കത്തിക്കയറുമ്പോഴും നിലാവിനെ
പ്രസവിച്ചുകൂട്ടാന്‍ തിടുക്കപ്പെടുന്ന എട്ടുകാലി
ഉറക്കം ഭാവിച്ചുകിടന്നിട്ടും ഈയാംപാറ്റകളായി
പുറത്തേക്ക് കുതിക്കുന്ന ഉള്ളിലെ ശലഭങ്ങള്‍
എത്ര ശ്രമിച്ചിട്ടും പാകമാവാതെ
കൊഞ്ഞനംകുത്തുന്ന മുഖംമൂടികള്‍
എങ്ങനെയാണിതവര്ക്കെല്ലാം കൃത്യമായി
പാകമായതെന്ന് സന്ദേഹിക്കുന്ന നിഷ്കളങ്കത
ചിറകുകളെല്ലാം താഴിട്ടുപൂട്ടി മൗനംകൊണ്ട്
മുദ്രണംവെച്ച് തിരിഞ്ഞുനോക്കാതെ തിരിച്ചുപോരണം