തൈറോയ്ഡ് രോഗമെന്നാല്‍ ശരാശരി മലയാളിയുടെ ചിന്തയില്‍ ഗോയിറ്റര്‍ അഥവാ തൊണ്ടയില്‍ വരുന്ന ഒരു മുഴയാണ്. എന്നാല്‍ തൈറോയ്ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യജീവിതത്തില്‍ പ്രകടമാകുന്നവയുമാണ്.
തൈറോയ്ഡ് രോഗങ്ങളെ മുമ്പേ കണ്ടെത്തിയാല്‍ ചികിത്സ എളുപ്പമാണ്. താഴെ പറയുന്ന പത്ത് ലക്ഷണങ്ങളെ നിസ്സാരമാക്കരുത്.
ക്ഷീണം
രാവിലെ ഉണരുമ്പോഴേ ക്ഷീണം തുടങ്ങുകയായി. രാത്രി എട്ടു പത്തു മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള ഉന്മേഷം ചോര്‍ന്നുപോകുന്നു. ഇത് തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ള ചിലര്‍ പതിവിലേറെ ഊര്‍ജസ്വലരായി കാണപ്പെടാറുമുണ്ട്.
ഭാരവ്യതിയാനങ്ങള്‍
നന്നായി വ്യായാമം ചെയ്യുന്നുണ്ട്. കൊഴുപ്പും കലോറിയും കുറഞ്ഞ ആഹാരമാണ് കഴിക്കുന്നത് എന്നിട്ടും ഭാരം കുറയുന്നതേയില്ല. ഇത് ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണമാണ്. തൈറോയ്ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ ശരീരഭാരം കുറയും. ഹോര്‍മോണുകള്‍ കുറഞ്ഞാല്‍ ശരീരഭാരം കൂടും. അതിനാല്‍ ഭാരവ്യതിയാനങ്ങള്‍ ഹൈപ്പോ തൈറോയ്ഡിസത്തിന്റെയും ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെയും ലക്ഷണങ്ങളാണ്.
ഉത്കണ്ഠയും വിഷാദവും
മനസ്സ് പെട്ടെന്ന് വിഷാദമൂകമാകുന്നു. വല്ലാത്ത ഉത്കണ്ഠയും. മൂഡ്മാറ്റം എന്നു പറഞ്ഞു തള്ളാന്‍ വരട്ടെ, ഡിപ്രഷനു പിന്നില്‍ ഹൈപ്പോ തൈറോയ്ഡിസമാകാം. തൈറോയ്ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്റി ഡിപ്രസീവുകള്‍ കൊണ്ട് പ്രയോജനമുണ്ടാകില്ല.
കൊളസ്‌ട്രോള്‍
ആഹാരത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന മരുന്നും കഴിക്കുന്നുണ്ട്. എന്നിട്ടും കൊളസ്‌ട്രോള്‍ ലെവല്‍ ഉയരുന്നു. സൂക്ഷിക്കുക. ഇത് ഹൈപ്പോ തൈറോയ്ഡിസമാകാം. കൊളസ്‌ട്രോള്‍ ലെവല്‍ കുറയുന്നുണ്ടെങ്കില്‍ അത് ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണമാകാം. ഹൈപ്പര്‍ തൈറോയ്ഡിസത്തില്‍ ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍ കുറയുകയും ചെയ്യും. ചിലരില്‍ ട്രൈഗ്ലിസറൈഡ് വളരെ ഉയര്‍ന്ന അളവില്‍ കാണപ്പെടാറുണ്ട്. കുടുംബപാരമ്പര്യത്തില്‍ കൊളസ്‌ട്രോള്‍ ഇല്ലാതിരിക്കെ ചെറുപ്രായത്തില്‍ കൊളസ്‌ട്രോള്‍ വര്‍ധന കണ്ടാല്‍ തൈറോയ്ഡ് ഹോര്‍മോണ്‍ പരിശോധന ചെയ്യണം.
കുടുംബ പാരമ്പര്യം
അഛന്‍, അമ്മ, സഹോദരങ്ങള്‍ ഇവരിലാര്‍ക്കെങ്കിലും തൈറോയ്ഡ് രോഗങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്കും വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തൈറോയ്ഡ് രോഗങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരായിരിക്കണം.
ആര്‍ത്തവക്രമക്കേടുകളും വന്ധ്യതയും
തുടരെ അമിത രക്തസ്രാവത്തോടു കൂടിയും അസഹ്യ വേദനയോടെയും ആര്‍ത്തവം...ഇവ ആര്‍ത്തവ പ്രശ്‌നങ്ങള്‍ മാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഹൈപ്പോ തൈറോയ്ഡിസമുള്ളവരില്‍ ഈ ലക്ഷണങ്ങള്‍ വരാം. സമയം തെറ്റിവരുന്ന ആര്‍ത്തവം, ശുഷ്‌കമായ ആര്‍ത്തവദിനങ്ങള്‍, നേരിയ രക്തസ്രാവം എന്നിവ ഹൈപ്പര്‍ തൈറോയ്ഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്ഡ് രോഗം വന്ധ്യതക്ക് കാരണമാകാം. തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയാല്‍ ഗര്‍ഭമലസുന്നതിനുള്ള സാധ്യത കൂടുതലാണ്. ഭ്രൂണത്തിനു വളര്‍ച്ചക്കുറവും വരാം.
ഉദര പ്രശ്‌നങ്ങള്‍
നിങ്ങള്‍ക്ക് ദീര്‍ഘകാലമായി നീണ്ടുനില്‍ക്കുന്ന, കടുത്ത മലബന്ധ പ്രശ്‌നമുണ്ടോ? അത് ഹൈപ്പോ തൈറോയ്ഡിസം കൊണ്ടാകാം. വയറിളക്കം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നിവയും ഹൈപ്പര്‍ തൈറോയ്ഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മുടി-ചര്‍മ വ്യതിയാനങ്ങള്‍
മുടിയുടെയും ചര്‍മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ആവശ്യമാണ്. ഹൈപ്പോ തൈറോയ്ഡിസമുള്ളവരില്‍ മുടി കൂടെക്കൂടെ പൊട്ടിപ്പോവുക, വരണ്ടതാകുക എന്നീ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ചര്‍മം കട്ടിയുള്ളതും വരണ്ടതുമാകുന്നു. ഹൈപ്പര്‍ തൈറോയ്ഡിസത്തില്‍ കനത്ത മുടികൊഴിച്ചിലുണ്ടാകുന്നു. ചര്‍മം നേര്‍ത്തു ദുര്‍ബലമാകുന്നു.
കഴുത്തിന്റെ അസ്വാസ്ഥ്യം
കഴുത്തില്‍ നീര്‍ക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോള്‍ അസ്വാസ്ഥ്യം, കാഴ്ചയില്‍ കഴുത്തില്‍ മുഴപോലെ വീര്‍പ്പു കാണുക, അടഞ്ഞ ശബ്ദം എന്നിവയെല്ലാം തൈറോയ്ഡ് പ്രശ്‌നങ്ങളുടെ സൂചനകളാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം.
പേശി-സന്ധിവേദനകള്‍
പേശികള്‍ക്കും സന്ധികള്‍ക്കും വേദന, ബലക്ഷയം- ഇവ തൈറോയ്ഡ് രോഗത്തിന്റെ സൂചനകളാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുന്നതിന്റെയും കുറയുന്നതിന്റെയും ഭാഗമായി ഇവ പ്രത്യക്ഷപ്പെടാം.
തൈറോയ്ഡ് രോഗങ്ങള്‍
ഗോയിറ്റര്‍, ഹൈപ്പര്‍ തൈറോയ്ഡിസം, ഹൈപ്പോ തൈറോയ്ഡിസം, തൈറോയിഡൈറ്റിസ്, തൈറോയ്ഡ് കാന്‍സര്‍ എന്നിവയാണ് പ്രധാന തൈറോയ്ഡ് രോഗങ്ങള്‍.
തൈറോയ്ഡ് കാന്‍സര്‍
വളരെ ചുരുക്കമായി കാണപ്പെടുന്ന രോഗാവസ്ഥയാണ് തൈറോയ്ഡ് കാന്‍സര്‍. നേരത്തേയുള്ള രോഗനിര്‍ണയത്തിലൂടെ 95 ശതമാനം രോഗികളെയും സുഖപ്പെടുത്താം. സ്ത്രീകളിലാണ് തൈറോയ്ഡ് കാന്‍സര്‍ കൂടുതലായി കാണുന്നത്.
കാരണങ്ങള്‍
ബാല്യകാലത്ത് റേഡിയേഷന്‍ ഏല്‍ക്കുന്നത്, അയഡിന്‍ കുറവുള്ള ആഹാരം, പാരമ്പര്യം, തൈറോയ്ഡ് ഗ്രന്ഥി, വീക്കം എന്നിവ തൈറോയ്ഡ് കാന്‍സറിന്റെ കാരണങ്ങളില്‍ ഉള്‍പ്പെടുന്നു.
സ്ത്രീകള്‍ ശ്രദ്ധിക്കുക
മിക്ക തൈറോയ്ഡ് രോഗങ്ങളും ഓട്ടോ ഇമ്മ്യൂണിറ്റി മൂലമാണ് വരുന്നത്. സ്ത്രീകളില്‍ ഓട്ടോ ഇമ്മ്യൂണിറ്റി മൂലമുള്ള രോഗങ്ങള്‍ പൊതുവെ കൂടുതലാണ്. ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഏകദേശം 11-12 വയസ്സാകുമ്പോഴേക്കും പെണ്‍കുട്ടികളില്‍ തൈറോയ്ഡ് ഗ്രന്ഥി വലുതാകും. ആര്‍ത്തവം കൃത്യമായി വരുന്ന സമയത്ത് അത് സാധാരണ നിലയിലാകും. കൗമാരത്തില്‍ ആര്‍ത്തവ പ്രശ്‌നങ്ങളോ മറ്റു തൈറോയ്ഡ് പ്രശ്‌നങ്ങളോ കണ്ടാല്‍ നിസ്സാരമാക്കരുത്. ആര്‍ത്തവം വൈകിയാലും ശ്രദ്ധിക്കണം. നിര്‍ബന്ധമായും രക്തത്തിലെ ഹോര്‍മോണിന്റെ അളവ് പരിശോധിച്ചറിയണം. വര്‍ഷത്തില്‍ ഒരു തവണ തൈറോയ്ഡ് പരിശോധിക്കണം.
തൈറോക്‌സിന്‍ ഗുളിക കഴിക്കുമ്പോള്‍
ഹൈപ്പോ തൈറോയ്ഡിസം സര്‍വസാധാരണമാണ്. ഇതിനു തൈറോക്‌സിന്‍ ഗുളിക കഴിക്കുമ്പോള്‍ കുറേ കാര്യങ്ങള്‍ ശ്രദ്ധിക്കണം. സാധാരണ 100 ഗുളികകള്‍ അടങ്ങുന്ന കുപ്പിയിലാണ് ഇതു ലഭിക്കുന്നത്. മിക്ക ആളുകള്‍ക്കും മൂന്നു മാസം കൊണ്ടേ ഗുളിക തീരു. ഈര്‍പ്പം, ചൂട്, സൂര്യപ്രകാശം ഇവ ഗുളികയുടെ വീര്യം കുറയ്ക്കും. അതിനാല്‍ ഇരുണ്ട നിറമുള്ള കുപ്പികളില്‍ ഭദ്രമായി അടച്ച് ഇവ സൂക്ഷിക്കണം. ഗുളിക രാവിലെ വെറും വയറ്റില്‍ കഴിക്കണം. സോയ, പാല്‍ ഉല്‍പ്പന്നങ്ങള്‍ ആഹാരം, കാത്സ്യം, അയണ്‍ ഇവ അടങ്ങിയ മരുന്നുകള്‍, ചില അസിഡിറ്റി മരുന്നുകള്‍ എന്നിവ തൈറോക്‌സിന്റെ ആഗിരണം തടസ്സപ്പെടുത്തും. തൈറോക്‌സിന്‍ പതിവായി കഴിച്ചാല്‍ എല്ലുകള്‍ക്കു തേയ്മാനം, ഹൃദയതാളം തെറ്റുക, ശരീരഭാരം കുറയുക, പ്രമേഹം എന്നിവ വരാനിടയുണ്ട്.
ഗര്‍ഭിണികള്‍ അറിയേണ്ടത്
ഗര്‍ഭധാരണത്തിനു മുമ്പേ തൈറോയ്ഡ് പ്രവര്‍ത്തനം സാധാരണ നിലയിലാണോ എന്നു പരിശോധിച്ചറിയണം. ഗര്‍ഭസ്ഥ ശിശുവിന് ആദ്യ മൂന്നുനാലു മാസം തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാനുള്ള കഴിവില്ല. ഈ സമയത്ത് അമ്മയില്‍നിന്ന് കിട്ടുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചക്ക് വളരെ അത്യാവശ്യമാണ്. അതിനാല്‍ ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ തൈറോയ്ഡിന്റെ ശരിയായ പ്രവര്‍ത്തനം അത്യാവശ്യമാണ്. ഗര്‍ഭകാലത്തുടനീളം തൈറോയ്ഡ് പരിശോധന തുടരണം. തൈറോയ്ഡ് മരുന്നുകള്‍ ഗര്‍ഭകാലത്ത് മുടങ്ങരുത്. ഹൈപ്പര്‍ തൈറോയ്ഡിസമുള്ളവരില്‍ മരുന്നു മുടങ്ങിയാല്‍ ഗര്‍ഭമലസാം. ഹൈപ്പോ തൈറോയ്ഡിസത്തിനുള്ള ഹോര്‍മോണ്‍ റിപ്ലേസ്‌മെന്റ് തെറാപ്പിയും മറ്റും മുടങ്ങിയാല്‍ കുട്ടിയുടെ ബൗദ്ധിക വളര്‍ച്ച മുരടിച്ച് ക്രെട്ടിനിസം പോലുള്ള രോഗാവസ്ഥകളിലേക്കും വഴിതെളിക്കാം.
അയഡിന്‍
തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമപ്രവര്‍ത്തനത്തിന് അയഡിന്‍ ആവശ്യമാണ്. വിവിധ ആഹാര പദാര്‍ഥങ്ങളിലൂടെ അയഡിന്‍ ലഭിക്കും.
സമൃദ്ധമായ മണ്ണില്‍ വളരുന്ന പച്ചക്കറികള്‍, അയഡിന്‍ അടങ്ങിയ വെള്ളം, അയഡിന്‍ ഉപ്പ് ഇവയിലൂടെ അയഡിന്‍ ലഭിക്കുന്നു. സസ്യഭുക്കുകളിലെ അയഡിന്റെ അഭാവം പച്ചനിറത്തിലുള്ള പച്ചക്കറി കൊണ്ടും ഇലക്കറി കൊണ്ടും പരിഹരിക്കാനാകും.
കടല്‍ വിഭവങ്ങളില്‍ സമൃദ്ധം
അയഡിന്റെ ഏറ്റവും നല്ല ഉറവിടം കടല്‍ വിഭവങ്ങളാണ്. മത്സ്യവും മറ്റു കടല്‍ ജീവികളും കടലിലെ ഉപ്പുവെള്ളത്തില്‍ വളരുകയും അവയുടെ ചര്‍മം ഉപ്പു വലിച്ചെടുത്ത് മാംസത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതാണിതിനു കാരണം. മത്സ്യങ്ങള്‍ സ്വാഭാവികമായി അയഡിന്‍ സമൃദ്ധമാണ്. അയഡിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഒരു വഴിയുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസം കടല്‍ മത്സ്യം ആഹാരത്തിലുള്‍പ്പെടുത്തുക. കെല്‍പ് എന്ന അല്‍ഗ അയഡിന്റെ മികച്ച ഉറവിടമാണ്. ഇത് സലാഡുകളിലും മറ്റും ഉപയോഗിക്കുന്നു. കൊഞ്ച്, ഞണ്ട് എന്നിവയെ കൂടാതെ കാരറ്റ്, പഴങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, സ്‌ട്രോബറി, യോഗര്‍ട്ട്, അരി, പശുവിന്‍പാല്‍ ഇവയിലും അയഡിന്‍ ഉണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഘടകമാണ് സിങ്ക്. ഗോതമ്പ്, ബാര്‍ലി, കടല, ആട്ടിറച്ചി, ഞണ്ട് ഇവയില്‍ സിങ്കുണ്ട്.
ടൈറോസിനടങ്ങിയ ആഹാരം
തൈറോയ്ഡ് ഹോര്‍മോണുകള്‍ (തൈറോക്‌സിനും ട്രൈഅയഡോ തൈറോണിനും) അടിസ്ഥാന പരമായി പ്രോട്ടീന്‍ തന്മാത്രകള്‍ ആണ്. തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രധാന ഘടകമാണ് ടൈറോസിന്‍ എന്ന അമിനോ ആസിഡ്. സോയ ഉല്‍പ്പന്നങ്ങള്‍, ചിക്കന്‍, മത്സ്യം, ടര്‍ക്കിക്കോഴിയുടെ മാംസം, നിലക്കടല, പാലും പാലുല്‍പ്പന്നങ്ങളും (പാല്‍ക്കട്ടി, പനീര്‍, തൈര്, മോര്), മത്തക്കുരു, എള്ള് എന്നിവയിലെല്ലാം ടൈറോസിന്‍ സമൃദ്ധമാണ്.
അയഡിന്‍ ഉപ്പ് തൈറോയ്ഡ് രോഗങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. 2000-ാമാണ്ടില്‍ കല്ലുപ്പ് നിരോധിച്ചിട്ട് അയഡിന്‍ ഉപ്പ് കൊണ്ടുവന്നതിനുശേഷം തൈറോയ്ഡ് രോഗം വര്‍ധിക്കുകയാണ് ചെയ്തത്. ഒരു കാലത്ത് സ്ത്രീകളുടെ രോഗമായ തൈറോയ്ഡ് ഇപ്പോള്‍ കുട്ടികളുടെയും പുരുഷന്മാരുടെയും രോഗമായതില്‍ അയഡിന്‍ ഉപ്പ് മികച്ച സംഭാവനയാണ് ചെയ്തത്.
ആരാണ് അയഡിന്റെ ശത്രുക്കള്‍?
തൈറോയ്ഡ് രോഗങ്ങളുള്ളവര്‍ എന്തു കഴിക്കണം, എന്തു കഴിക്കാന്‍ പാടില്ല എന്ന് ആശങ്കപ്പെടാറുണ്ട്. പൊതുവെ ഗോയിറ്റര്‍ ഉള്ളവരാണ് ആഹാരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ചില ആഹാര പദാര്‍ഥങ്ങളും പച്ചക്കറികളും ഇവര്‍ ഒഴിവാക്കണം. കപ്പ അഥവാ മരച്ചീനി, കാബേജ്, കോളിഫഌവര്‍, ബ്രൊക്കോളി എന്നിവയില്‍ അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഗോയിസ്‌ട്രോജനുകള്‍ എന്ന ചില സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാബേജ്, കപ്പ, കോളിഫഌവര്‍ എന്നിവ തുടരെ ഉപയോഗിക്കുമ്പോള്‍ ഈ ഗോയിട്രോജനുകള്‍ അയഡിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. തന്മൂലം തൈറോയ്ഡ് ഗ്രന്ഥി വലുതാകുന്നു. നന്നായി പാകംചെയ്യുമ്പോള്‍ ഇവയുടെ പ്രശ്‌നങ്ങള്‍ കുറയുന്നതായും തെളിഞ്ഞിട്ടുണ്ട്. കടുക്, ചോളം, മധുരക്കിഴങ്ങ് എന്നിവയിലും ഗോയിട്രോജനുകള്‍ ഉണ്ടത്രെ. കപ്പ പതിവായി കഴിക്കുന്നവരില്‍ ഗോയിറ്റര്‍ സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. കപ്പയിലെ തയോസയനേറ്റ് എന്ന ഗോയിട്രോജനാണ് പ്രശ്‌നക്കാരി. കപ്പയും മീനും ഒരുമിച്ചു കഴിക്കുന്നത് പരിഹാരമായേക്കും.