സോഷ്യല്‍ മീഡിയ സോഫ്റ്റ്‌വെയര്‍
ആധുനിക ജീവിതരീതികളോടും സമ്പ്രദായങ്ങളോടും അതിനെ ചലനാത്മകമാക്കുന്ന സംവിധാനങ്ങളോടും പിന്തിരിഞ്ഞു നടക്കാന്‍
ആധുനിക ജീവിതരീതികളോടും സമ്പ്രദായങ്ങളോടും അതിനെ ചലനാത്മകമാക്കുന്ന സംവിധാനങ്ങളോടും പിന്തിരിഞ്ഞു നടക്കാന്‍ കാലത്തോടൊപ്പം സഞ്ചരിക്കുന്ന മനുഷ്യന് സാധ്യമല്ല. നൂതന സംവിധാനങ്ങളായ വാര്‍ത്താവിനിമയോപാധികള്‍ മനുഷ്യന് നല്‍കിയ സൗകര്യവും ഗുണവും ഒരുപക്ഷേ മറ്റൊന്നുകൊണ്ടും കിട്ടിയിട്ടുണ്ടാവില്ല. അത്തരമൊരു സൗകര്യവും ആവശ്യവുമാണ് മൊബൈല്‍ ഫോണും ഫേസ്ബുക്കും ട്വിറ്ററും വാട്‌സ്ആപ്പ് തുടങ്ങി പല പേരില്‍ അറിയപ്പെടുന്ന സാമൂഹിക മാധ്യമങ്ങള്‍. ദൂരങ്ങളെ അടുപ്പിച്ചതും അറ്റുപോയ ബന്ധങ്ങളെ കണ്ടെത്താനും വിളക്കിച്ചേര്‍ക്കാനും വിവരങ്ങള്‍ മിനിറ്റ്‌കൊണ്ട് കൈമാറാനും ആശയങ്ങള്‍ പ്രതിഫലിപ്പിക്കാനും സാധ്യമാകുന്ന ഈ വിനിമയോപാധികളാണ് ലോകത്തെ നിയന്ത്രിക്കുന്നത്. എസ്.ടി.ഡി-ഐ.എസ്.ടി ബൂത്തുകളില്‍ അത്യാവശ്യങ്ങളറിയിക്കാന്‍ കാത്തുനിന്ന കാലം മായ്ച്ചുകളഞ്ഞത് ഈ വിനിമയ വിദ്യകളാണ്. അനന്ത സാധ്യതകളാണ് ഇവ നമുക്കു മുന്നില്‍ പറഞ്ഞുതരുന്നത്. എന്നാല്‍ ഈ സംവിധാനത്തെ ക്രിയാത്മകമായി ഉപയോഗിക്കാത്തതിന്റെ പരിണതിയും നാം അനുഭവിക്കുന്നുണ്ട്.
അനിയന്ത്രിതമായ ഉപയോഗം സാമൂഹിക സദാചാര തലത്തിലും ബന്ധങ്ങളിലും വീഴ്ത്തിയ പരിക്കുകള്‍ അത്ര ചെറുതല്ല. കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരും ഇതിന്റെ സാധ്യതകളെ തന്നെയാണ് ഉപയോഗിക്കുന്നത്. കുട്ടികളുടെ പഠന നിലവാരം താഴുന്നതിനും കൗമാരക്കാരുടെ കുറ്റകൃത്യത്തിനും നല്ല പങ്ക് ചാര്‍ത്തിക്കൊടുക്കുന്നത് സമയചിന്തയില്ലാതെയുള്ള ഇതിന്റെ ദുരുപയോഗം തന്നെയാണ്.
സോഷ്യല്‍ മീഡിയ എവ്വിധം പ്രയോജനപ്പെടുത്തണമെന്നറിയാത്തവരുടെ പോരായ്മയാണിത്. സോഷ്യല്‍ മീഡിയ എന്ന നിലയില്‍നിന്നും സോഷ്യല്‍ സോഫ്റ്റ്‌വെയര്‍ എന്ന നിലയിലാണ് ഇത്തരം സംവിധാനങ്ങള്‍ മാറുന്നത്. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാനുള്ള നല്ലൊരു മാധ്യമമായാണ് ഇത് മാറിക്കൊിരിക്കുന്നത്. വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാത്രമല്ല, നാട്ടില്‍ കലാപവും വര്‍ഗീയതയും അസഹിഷ്ണുതയും വളര്‍ത്തുന്നതില്‍ സാമൂഹിക മാധ്യമങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നത്. എപ്പോഴോ നടന്ന ഏതെങ്കിലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ഇപ്പോള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയങ്ങളുടെ ഭീകര ദൃശ്യമാണെന്ന ലേബലില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും നാട്ടില്‍ അക്രമം വ്യാപിക്കുകയും ചെയ്യുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനുവേണ്ടി ആളും അര്‍ഥവും നല്‍കി വിദ്വേഷം പ്രചരിപ്പിക്കാനുള്ള വ്യവസ്ഥാപിത ലോബിയിംഗ് തന്നെ നടക്കുന്നുണ്ട്. ഇൗ അര്‍ഥത്തിലൊക്കെ വിദ്വേഷപ്രചാരണത്തിന്റെ സോഫ്റ്റ്‌വെയറായി നമ്മുടെ ഉള്ളംകൈയില്‍ ഒതുക്കാവുന്ന നൂതന മാധ്യമം മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് നമ്മുടെ കരുതലുകള്‍ ഉണ്ടാവേണ്ടത്.