തുടക്കം വീട്ടില്‍നിന്നാവാം
പി.എ.എം അബ്ദുല്‍ഖാദര്‍, തിരൂര്‍ക്കാട്
ഫെബ്രുവരി 2019
നാട്ടില്‍ ഒരു ഇംഗ്ലീഷ് പ്രഫസര്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ അപേക്ഷാഫോറം പൂരിപ്പിച്ചത് പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ഏജന്റിനെ കൊണ്ടാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ പ്രഗത്ഭനായ ഒരു ഡോക്ടര്‍ ഡ്രൈവിംഗ്
നാട്ടില്‍ ഒരു ഇംഗ്ലീഷ് പ്രഫസര്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ അപേക്ഷാഫോറം പൂരിപ്പിച്ചത് പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ഏജന്റിനെ കൊണ്ടാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ പ്രഗത്ഭനായ ഒരു ഡോക്ടര്‍ ഡ്രൈവിംഗ് സംബന്ധമായ ലൈസന്‍സിനുള്ള അപേക്ഷകള്‍ ശരിയാക്കിയത് പണം കൊടുത്തിട്ടാണെങ്കിലും മറ്റൊരാളിനെ ഉപയോഗപ്പെടുത്തിയായിരുന്നു. അവനവന് സ്വന്തമായി ചെയ്യാന്‍ കഴിയുന്ന എത്ര ചെറിയ കാര്യമാണെങ്കിലും അതിനുവേണ്ടി ഒട്ടും മെനക്കെടാതെ മറ്റുള്ളവരെ ആശ്രയിക്കുന്ന സ്വഭാവം പൊതുവെ എവിടെയും കാണാം. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ചൂഴ്ന്നു നില്‍ക്കുന്ന ഈ പരാശ്രയ മനോഭാവം വിദ്യാഭ്യാസ മേഖലയിലും കടന്നുകയറിയിരിക്കുകയാണ്. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുന്നത്.
മൂന്നര വയസ്സുള്ള കുട്ടിക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അഡ്മിഷന്‍ തേടിയ രക്ഷിതാവ് സ്‌കൂള്‍ തുറന്ന് ഒരാഴ്ച കഴിഞ്ഞ് പ്രധാനാധ്യാപകനെ കണ്ട് പറഞ്ഞതിങ്ങനെയാണ്: 'സര്‍, എന്റെ മകനെ എല്‍.കെ.ജിയില്‍ ചേര്‍ത്തിരിക്കുകയാണ്. ഞാന്‍ നാളെ ഗള്‍ഫിലേക്ക് പോവുകയാണ്. കുട്ടിക്ക് ട്യൂഷന് ഒരു ടീച്ചറെ ഏല്‍പിച്ചിട്ടുണ്ട്. മാസം 500 രൂപയാണ്. ട്യൂഷനെടുക്കുന്ന ടീച്ചറുടെ വീട്ടില്‍ പോയി തിരിച്ചുവരുന്നതിന് ഓട്ടോറിക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിലേക്ക് വരാനും പോകാനും വാഹനം വേറെയും.' ഒട്ടുമിക്ക രക്ഷിതാക്കളും എല്‍.കെ.ജി മുതല്‍ തന്നെ കുട്ടികളെ ട്യൂഷനയക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ ട്യൂഷന്‍ സെന്ററുകള്‍ നാട്ടിലെവിടെയും കൂണ്‍ കണക്കെ പെരുകിക്കൊണ്ടിരിക്കുന്നു. വിദ്യാലയങ്ങള്‍ ഹൈടെക്ക് ആകും തോറും അധ്യാപക പരിശീലന പരിപാടികളും കോഴ്‌സുകളും സര്‍ക്കാര്‍ വളരെ ജാഗ്രതയോടെ നടത്തുമ്പോഴും പഠനത്തിന് ട്യൂഷന്‍ സെന്ററുകളെയും ട്യൂഷന്‍ ടീച്ചറെയും ആശ്രയിക്കേണ്ട ഗതികേട് വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.
കുട്ടികളുടെ ആദ്യവിദ്യാലയം വീടുകളാണെന്നാണ് വിദ്യാഭ്യാസ വിചക്ഷണര്‍ അഭിപ്രായപ്പെടുന്നത്. വീടുകളാണെന്ന് പറയുമ്പോള്‍ അതിന്റെ ചുക്കാന്‍ പിടിക്കുന്നത് രക്ഷിതാക്കളാണെന്നര്‍ഥം. പക്ഷേ, കുട്ടികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും പഠനോപകരണങ്ങളും വാങ്ങിക്കൊടുക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ് മിക്ക രക്ഷിതാക്കളും കരുതുന്നത്. പഠനോപകരണങ്ങള്‍ ഒരുക്കുന്നതിന് മുമ്പുള്ള ചിന്ത ഉചിതമായ സ്‌കൂള്‍ തെരഞ്ഞെടുക്കുക എന്നതാണ്. ഇവിടെയും നല്ല പബ്ലിസിറ്റി ഉള്ള സ്‌കൂളുകള്‍ തെരഞ്ഞെടുക്കുന്നതിനാണ് മുന്തിയ പരിഗണന നല്‍കുന്നത്. ഇവ രണ്ടും നിര്‍വഹിക്കുന്നതിലൂടെ തങ്ങളുടെ ഉത്തരവാദിത്തം പൂര്‍ത്തീകരിച്ചു എന്ന സംതൃപ്തിയിലാണ് ഒട്ടുമിക്ക രക്ഷിതാക്കളും.
വിദ്യാഭ്യാസ മുന്നേറ്റത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പ്രചോദനത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഉറവിടം വീടുകളാവണമെന്ന അടിസ്ഥാന വശം രക്ഷിതാക്കള്‍ മറന്നുപോകുന്നു. പരീക്ഷയും മാര്‍ക്കും മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന തെറ്റായ ചിന്ത മാറ്റിയെടുക്കേണ്ടതുണ്ട്. നാളെയുടെ പ്രതീക്ഷകളായ കുട്ടികളില്‍ സ്വഭാവ രൂപീകരണവും വ്യക്തിത്വ വികാസവുമാണ് വളരെ ചെറുപ്രായത്തില്‍ തന്നെ വളര്‍ത്തിയെടുക്കേണ്ടത്.
വീടുകള്‍ സ്‌നേഹത്തിന്റെ ഉറവിടങ്ങളായി മാറണം. അഛനും അമ്മയും വീട്ടിലെ മറ്റംഗങ്ങളും സ്‌നേഹത്തിന്റെ നിര്‍ഝരിയില്‍ കുഞ്ഞുങ്ങളെ സ്‌നാനം ചെയ്‌തെടുക്കണം. ഇതില്‍ ഒരിക്കലും പിശുക്ക് കാണിക്കരുത്. പര്‍വതങ്ങളില്‍നിന്ന് നീരൊഴുക്ക് കുറഞ്ഞാല്‍ നദികളും തടാകങ്ങളും വറ്റിവരളുന്നതുപോലെയാണ് മതിയായ സ്‌നേഹത്തിന്റെയും ലാളനയുടെയും അഭാവത്തില്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ച മുരടിക്കുന്നത്. കുട്ടികളോടൊപ്പം കഴിയുന്നത്ര സമയം ചെലവഴിക്കുക, അവര്‍ പറയുന്നത് സശ്രദ്ധം കേള്‍ക്കുകയും കൂടുതല്‍ കൂടുതല്‍ പറയാന്‍ ഉത്തേജനം നല്‍കുകയും ചെയ്യുക, മാതാപിതാക്കള്‍ എപ്പോഴും ഒരു സഹായ ഹസ്തമാണെന്ന തോന്നല്‍ കുട്ടികളില്‍ എപ്പോഴും ഉണ്ടാക്കിയെടുക്കുക - ഇതൊക്കെയാണ് സ്‌നേഹം പകര്‍ന്നൊഴുകേണ്ട കൈവഴികള്‍.
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന്റെ അടിസ്ഥാന ബിന്ദുക്കളാണെന്ന വസ്തുത രക്ഷിതാക്കള്‍ എപ്പോഴും ഓര്‍ക്കണം. വീട്ടില്‍ മുതിര്‍ന്നവര്‍ തമ്മിലുള്ള സംസാരം ഇതില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. സംസാര ശൈലി, ഭാഷാപരമായ സവിശേഷതകള്‍, സംസാരത്തിലൂടെ പ്രകടമാകുന്ന വിനയം, പെരുമാറ്റം ഇവയൊക്കെ വീടാകുന്ന വിദ്യാലയത്തില്‍നിന്ന് കുട്ടികള്‍ ആവാഹിച്ചെടുക്കുന്നവയാണ്. ഇങ്ങനെ തന്നെയാണ് മൂല്യങ്ങളും കുട്ടികളില്‍ കരുപ്പിടിക്കുന്നത്. പരസ്പര സ്‌നേഹം, പരിഗണന, സഹായം, അര്‍പ്പണം തുടങ്ങി എല്ലാ നല്ല ഗുണങ്ങളും വീട്ടില്‍നിന്നാണ് കുട്ടികള്‍ നേടുന്നത്. നിഷേധ ചിന്തകളും പെരുമാറ്റങ്ങളും മനോഭാവങ്ങളും ഒരിക്കലും വീട്ടിലുള്ളവര്‍ തമ്മില്‍ ഉണ്ടാകാന്‍ പാടില്ല. സന്തോഷകരമായ കുടുംബാന്തരീക്ഷവും മൂല്യവത്തായ ജീവിത വ്യവഹാരങ്ങളും വീടുകളില്‍ നിന്ന് ആര്‍ജിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ കുട്ടികള്‍ സ്‌കൂളിലും സമൂഹത്തിലും ഉന്നതവ്യക്തിത്വമായിത്തീരുമെന്നതില്‍ സംശയമില്ല. ഇത് സാധിക്കണമെങ്കില്‍ താനൊരു ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായിത്തീരണമെന്ന ബോധം കുട്ടിയില്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനുള്ള ആദ്യ വിത്താണ് ആത്മവിശ്വാസം.
കുട്ടികളില്‍ ആത്മവിശ്വാസം ജനിപ്പിക്കാന്‍ ഉതകുന്ന തരത്തില്‍ രക്ഷിതാക്കള്‍ ജീവിതശൈലി ക്രമീകരിക്കേണ്ടതുണ്ട്; മാതാപിതാക്കളിലെ കലഹപ്രവണത, കുട്ടികളോടു കാട്ടുന്ന അവഗണന, കുത്തുവാക്കുകള്‍, പ്രശംസയും പ്രോത്സാഹനവും നല്‍കാത്ത പ്രതികരണങ്ങള്‍ തുടങ്ങിയവയെല്ലാം ആത്മവിശ്വാസം കെടുത്തിക്കളയുന്ന കാരണങ്ങളാണ്. കുട്ടിയോടൊപ്പം വീട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരെന്ന നിലയില്‍ മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ആത്മവിശ്വാസമുള്ളവര്‍ക്കു മാത്രമേ ജീവിത മേഖലകളില്‍ ഉറച്ച മനസ്സോടെ ഇറങ്ങിത്തിരിക്കാനും പരീക്ഷണങ്ങളെ അതിജീവിക്കാനും കഴിയുകയുള്ളൂ. കുട്ടിയില്‍ കാണുന്ന ദൗര്‍ബല്യങ്ങള്‍ കുട്ടിയുടെ സാന്നിധ്യത്തില്‍ തന്നെ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ശ്രമിക്കുന്ന രക്ഷിതാക്കള്‍ ആദ്യം തന്നെ മനസ്സിലാക്കേണ്ടത് ഇതുമൂലം കുട്ടിയില്‍ ഒരുതരം നിരാശയും ആത്മവിശ്വാസക്കുറവുമാണ് തങ്ങള്‍ കുത്തിവെക്കുന്നതെന്നാണ്.
ജീവിത പരിചയം വഴി അറിവ് നേടാന്‍ കുട്ടികളെ തയാറാക്കേണ്ടത് വീടുകളില്‍നിന്ന് മാതാപിതാക്കളാണ്. അതിനനുസൃതമായ ഗൃഹാന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
ജീവിത യാത്രയില്‍ മുന്നേറാനും ഉന്നതങ്ങളിലെത്തിച്ചേരാനും കുട്ടികളില്‍ തടസ്സം സൃഷ്ടിക്കുന്ന ഘടകമാണ് അപകര്‍ഷബോധം. ഈ അപകര്‍ഷബോധം സൃഷ്ടിക്കുന്നതില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ട്. ഒരു സംഭവം മാത്രം ഉദാഹരണത്തിന് പറയാം. ഒരു വനിതാ കോളേജ് പ്രഫസര്‍, 35 വയസ്സുള്ള അവരുടെ മകള്‍ ഇപ്പോഴും അവിവാഹിതയായി കഴിയുന്നു. കല്യാണാലോചനയുമായി വീട്ടില്‍ ആരു വന്നാലും മകള്‍ പുറത്തേക്കു വരില്ല. കോളേജില്‍ പുതുതായി ചാര്‍ജെടുത്ത മനഃശാസ്ത്ര ലക്ചററോട് പ്രഫസര്‍ മകളുടെ ഈ സ്വഭാവം അവതരിപ്പിച്ചു. മനഃശാസ്ത്രാധ്യാപകന്‍ ഉടന്‍ തന്നെ മറുപടി പറഞ്ഞു: 'നിങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ അവളെ പരിഹസിച്ചിട്ടുണ്ടാകും, ഇല്ലേ?' സംഗതി ശരിയാണ്. വീട്ടില്‍ അതിഥികളാരെങ്കിലും വന്നാല്‍ ഉടന്‍ തന്നെ മകളെ അകത്ത് പോയിരിക്കാന്‍ പറയും. മകളുടെ നിറം അല്‍പം കറുത്തതാണ് കാരണം. ഉയരം അല്‍പം കുറവും. ഈ മകളെ അതിഥികള്‍ കാണുന്നത് അഭിമാനക്കുറവായി അമ്മ കാണുന്നതാണ് ഇതിനു കാരണം. ഇങ്ങനെ കുട്ടിയുടെ മനസ്സില്‍ കടന്നുകൂടിയ അപകര്‍ഷബോധം ആരുടെ മുമ്പിലും ചെന്നുനില്‍ക്കാന്‍ പറ്റാത്ത മാനസികാവസ്ഥയിലെത്തിയതാണ് കല്യാണാലോചനയുമായി വരുന്നവരുടെ മുമ്പില്‍ നില്‍ക്കാന്‍ പെണ്‍കുട്ടിക്ക് മടിയായത്. കുട്ടികളുടെ സ്വഭാവത്തില്‍ കാണുന്ന വൈകല്യങ്ങളെ നിരീക്ഷിച്ചാല്‍ വീടാണ് അവരെ രൂപപ്പെടുത്തിയതെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
സ്‌നേഹ പരിലാളനയും ഉന്നത വ്യക്തിത്വ രൂപീകരണവും സാധിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ പഠനപ്രക്രിയ വീട്ടില്‍നിന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കും.