മലയാളികള്‍ക്ക് അധികം കേട്ടുകേള്‍വിയില്ലാത്ത ഒരു വാക്കാണ് ബുള്‍ബുള്‍. മലയാളികള്‍ക്ക് മാത്രമല്ല, പുതു തലമുറക്ക് ഇതിനെപ്പറ്റി അറിയില്ലെന്ന് തന്നെ പറയാം. ഒരുപാട് വാദ്യോപകരണങ്ങളെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും ബുള്‍ബുള്‍ എന്ന സംഗീത ഉപകരണത്തെപ്പറ്റി അധികം കേട്ടുകേള്‍വി കാണില്ല, ഇതിനു കാരണം ഇന്നത്തെ കാലഘട്ടത്തില്‍ ഇവയില്ലാത്തതുതന്നെയാണ്. ഉത്തരേന്ത്യയിലും പാകിസ്താനിലും പ്രചാരത്തിലുള്ള സംഗീത ഉപകരണമായ ബുള്‍ബുളിന്റെ നാദം നമ്മുടെ കൊച്ചു കേരളത്തിലും മുഴങ്ങുകയാണ്. നല്ല കൈവഴക്കം കൊണ്ടും നിയന്ത്രണം കൊണ്ടും മാത്രം വരുതിയിലാക്കാന്‍ സാധിക്കുന്ന ഈ വാദ്യോപകരണം കൊണ്ട് മാസ്മരികത സംഗീതം തീര്‍ക്കുകയാണ് കോതമംഗലം സ്വദേശിനിയായ ഏഴു വയസ്സുകാരി ഏഞ്ചലന്‍മരിയ ഏബിള്‍ എന്ന കുഞ്ഞു മാലാഖ. ഇതോടെ മലയാളികള്‍ക്ക് ബുള്‍ബുള്‍ എന്ന സംഗീത ഉപകരണവും, ബുള്‍ബുള്‍ നാദവും പരിചിതമാവുകയാണ്.
കോതമംഗലം ചേലാട് സെന്റ്. സ്റ്റീഫന്‍ ബസ് -അനിയാ പബ്ലിക് സ്‌കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് ഏഞ്ചലിന്‍ മരിയ ഏബിള്‍. ദേശീയ ഗാനവും ഭക്തി ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും ഉള്‍പ്പെടെ ബുള്‍ബുളിന്റെ തന്ത്രികളില്‍ സംഗീതമായി ഏഞ്ചലിന്‍ തന്റെ കുഞ്ഞു കൈവിരലുകള്‍ കൊണ്ട് വായിച്ചെടുക്കുമ്പോള്‍ ഭാവിയുടെ ഈ വാഗ്ദാനത്തെ ആരുമൊന്നു ശ്രദ്ധിച്ചുപോകും.
ബുള്‍ബുള്‍ വായന കൂടാതെ മികച്ചൊരു ചിത്രകാരി കൂടിയാണ് ഏഞ്ചലിന്‍. ബുള്‍ബുള്‍ വായനയിലും ചിത്രകലയിലും ഈ മാലാഖയുടെ ഗുരു മുത്തഛനായ സി.കെ അലക്‌സാണ്ടര്‍ ആണ്. മികച്ച അധ്യാപകനുള്ള ദേശീയ, സംസ്ഥാന ബഹുമതികള്‍ നേടിയിട്ടുള്ള അലക്‌സാണ്ടര്‍ കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട. ചിത്രകലാ അധ്യാപകനാണ്. അലക്‌സാണ്ടറിന് ബുള്‍ബുള്‍ സംഗീതത്തോട് തോന്നിയ ഇഷ്ടമാണ് പേരക്കുട്ടി ഏഞ്ചലിനും പകര്‍ന്നുകിട്ടിയിരിക്കുന്നത്.
'തായ് ഷഗോട്ടോ' എന്ന ജാപ്പനീസ് സംഗീത ഉപകരണത്തിന്റെ വേറൊരു മുഖമാണ് ബുള്‍ബുള്‍. 1930-കളിലാണ് ബുള്‍ ബുള്‍ ദക്ഷിണേഷ്യയില്‍ വന്നെത്തുന്നത്. പിന്നീട് ഇന്ത്യന്‍ സംഗീതത്തില്‍ അവിഭാജ്യഘടകമായി മാറി. ഇലക്‌ട്രോണിക് സംഗീത ഉപകരണങ്ങളുടെ കടന്നുവരവോടെ ബുള്‍ബുള്‍ കലഹരണപ്പെട്ടു. പിയാനോയിലേതുപോലെ കീകളും ഗിറ്റാറിന്റേതുപോലെ സ്ട്രിംഗുകളുമാണ് ഈ ഉപകരണത്തിനുള്ളത്. സംഗീതം പൊഴിക്കുന്ന ബുള്‍ബുള്‍ എന്ന പക്ഷിയില്‍നിന്നാണ് ഈ വാദ്യോപകരണത്തിനു ഈ പേര് വീണത്. ഇന്ത്യന്‍ ബാന്‍ജോ, ജപ്പാന്‍ ബാന്‍ജോ എന്നീ പേരുകളിലും അറിയപ്പെടും.
40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഞ്ചലിന്റെ മുത്തഛനായ അലക്‌സാണ്ടര്‍ നടത്തിയ അഖിലേന്ത്യ പര്യടനത്തിനിടയില്‍ കൊല്‍ക്കത്തയില്‍നിന്നുമാണ് ഈ ബുള്‍ബുള്‍ അദ്ദേഹം സ്വന്തമാക്കുന്നത്. അതിന്റെ അര്‍ഥം 40 വര്‍ഷം പഴക്കമുള്ള ഈ ബുള്‍ബുളില്‍ നിന്നുമാണ് ഏഞ്ചലിന്‍ എന്ന കൊച്ചു മിടുക്കി സംഗീതമഴ പെയ്യിക്കുന്നതെന്നാണ് അധ്യാപന കാലത്ത് സ്‌കൂളിലും സൗഹൃദ സദസ്സിലും ബുള്‍ബുള്‍ വായിച്ചിരുന്ന അലക്‌സാണ്ടര്‍, അധ്യാപനത്തില്‍നിന്ന് വിരമിച്ചതിനു ശേഷം ബുള്‍ബുള്‍ വായന കുറഞ്ഞു. വീടിന്റെ മച്ചിന്റെ മുകളില്‍ പൊടിപിടിച്ചു തുരുമ്പിച്ചു കിടക്കുകയായിരുന്നു ബുള്‍ബുള്‍. അടുത്തിടെ അത് തപ്പിയെടുത്തു കീകളും സ്ട്രിംഗുകളും എണ്ണ കൊടുത്തു നന്നാക്കിയെടുത്തപ്പോള്‍ 40 വര്‍ഷം മുമ്പ് അലക്‌സാണ്ടറിന്റെ വീട്ടില്‍ മുഴങ്ങിയ ബുള്‍ബുളിന്റെ അതേ സംഗീതം വീണ്ടും താളമിട്ടു. എന്നാല്‍ ഇത്തവണ അത് കൊച്ചുമകള്‍ ഏഞ്ചലിനിലൂടെയെന്നു മാത്രം. അലക്‌സാണ്ടര്‍ തന്നെയാണ് ഏഞ്ചലിനെ ബുള്‍ബുള്‍ പഠിപ്പിക്കുന്നത്. മുന്‍ സ്‌കൂള്‍ യുവജനോത്സവ കലാ പ്രതിഭയും കോതമംഗലം മാര്‍ അത്തനാഷ്യസ് കോളേജ് ബയോ സയന്‍സ് വിഭാഗം ലബോറട്ടറി അസ്സിസ്റ്റന്റുമായ ഏബിള്‍ സി. അലക്‌സിന്റെയും ചേലാട് സെന്റ് സ്റ്റീഫന്‍ സ്‌കൂള്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപിക സ്വപ്‌ന പോളിന്റെയും ഏക മകളാണ് ഏഞ്ചലിന്‍. ചേലാട് ചെങ്ങമനാട്ട് കുടുംബത്തിലെ ഇളമുറക്കാരിയാണ് ഏഞ്ചലിന്‍ എന്ന ഈ കൊച്ചു കലാകാരി.