പ്രഭാഷണം ഒരു കലയാണ്. പരിശീലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ട കല. ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ജനാഭിപ്രായം തങ്ങളുടെ ആശയങ്ങള്‍ക്കനുസാരമായി രൂപപ്പെടുത്താനും പ്രഭാഷണത്തോളം ഉതകുന്ന ഒരു മാധ്യമം ഇല്ല. ചരിത്രത്തിന്റെ പീഠങ്ങളില്‍നിന്ന് ജനതയെ ഇളക്കിമറിക്കുകയും ചലിപ്പിക്കുകയും ചെയ്ത മികച്ച പ്രഭാഷകരുണ്ട്. ശ്രോതാക്കളെ സ്വാധീനിക്കുകയും ചിന്തിപ്പിക്കുകയുമാണ് പൊതു പ്രഭാഷണങ്ങളുടെ ലക്ഷ്യം. ഗാന്ധിജിയുടെ മരണവാര്‍ത്തയറിഞ്ഞയുടന്‍ നെഹ്‌റുവും ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലും നടത്തിയ പ്രസംഗങ്ങള്‍ ചരിത്രപ്രസിദ്ധമാണ്. സര്‍ഗസിദ്ധിയും പദവിന്യാസവും ആവിഷ്‌കാര ഭംഗിയും സംഗമിച്ചപ്പോള്‍ ലോകം എന്നെന്നും ഓര്‍ത്തുവെക്കുന്ന പ്രഭാഷണങ്ങള്‍ പിറവികൊണ്ടു.
നെഹ്‌റുവിന്റെ പ്രഭാഷണം ആരംഭിച്ചതിങ്ങനെ: ''സുഹൃത്തുക്കളേ, സഖാക്കളേ, നമ്മുടെ ജീവിതത്തിലെ വെളിച്ചം പൊലിഞ്ഞു. എവിടെയും ഇരുട്ടാണ്. നിങ്ങളോട് എന്ത് പറയണമെന്നും എങ്ങനെ പറയണമെന്നും എനിക്ക് അറിഞ്ഞുകൂടാ. ബാപ്പു എന്ന് നാം വിളിക്കുന്ന, രാഷ്ട്രപിതാവായ നമ്മുടെ പ്രിയ നേതാവ് ഇനി നമ്മോടൊപ്പമില്ല. കഴിഞ്ഞ സംവത്സരങ്ങളില്‍ നാം അദ്ദേഹത്തെ കണ്ടതുപോലെ ഇനി കാണാന്‍ ഒക്കില്ല. ഉപദേശം തേടാനും സാന്ത്വനവചസ്സുകള്‍ കേള്‍ക്കാനും അദ്ദേഹത്തിന്റെ സന്നിധാനത്തിലേക്കോടിച്ചെന്ന നമുക്ക്, ശതകോടി ജനങ്ങള്‍ വസിക്കുന്ന നമ്മുടെ രാജ്യത്തിന് മാരക പ്രഹരമാണ് ഏറ്റിട്ടുള്ളത്. ആ വെളിച്ചം നമ്മില്‍നിന്ന് വിട്ടകന്നു. ഈ രാജ്യത്ത് വെളിച്ചം വിതറിയ ദീപം ഇനിയില്ല. അതൊരു സാധാരണ വെളിച്ചമായിരുന്നില്ല. കഴിഞ്ഞ സംവത്സരങ്ങളില്‍ ഈ രാജ്യത്തെ പ്രശോഭിതമാക്കിയ ആ വെളിച്ചം ഇനിയും ഈ രാജ്യത്തെ ദീപ്തിമത്താക്കും. ഒരായിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഈ വെളിച്ചം ഈ രാജ്യത്തെ നയിക്കും.'' ദുഃഖസാന്ദ്രമായ നെഹ്‌റുവിന്റെ പ്രസംഗം രാജ്യത്ത് പരന്ന ഇരുട്ടിന്റെ കരാളതയും കാളിമയും തിരിച്ചറിയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. നെഹ്‌റുവിന്റെ ചിന്തയോടും വികാരത്തോടുമൊപ്പം ഒരു രാജ്യം ചരിച്ച അപൂര്‍വ നിമിഷങ്ങളായിരുന്നു അത്.
രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലെ ""We shall fight them on the beaches...'' എന്നു തുടങ്ങുന്ന വാക്കുകള്‍ അദ്ദേഹത്തെ ചിരസ്മരണീയനാക്കി. ജനങ്ങള്‍ ആവേശഭരിതരായി, ദേശസ്‌നേഹപ്രചോദിതരായി.
ചര്‍ച്ചിലിനെ കുറിച്ചൊരു കഥയുണ്ട്. റേഡിയോ പ്രഭാഷണത്തിന് ലണ്ടനിലെ റേഡിയോ നിലയത്തിലേക്ക് പോവാന്‍ സൈക്കിള്‍ റിക്ഷയില്‍ കയറി. തലേരാത്രി നന്നായി ഗൃഹപാഠം ചെയ്ത് തയാറാക്കിയ ചിന്തോദ്ദീപക പ്രസംഗമാണ്. റിക്ഷയില്‍ കയറിയ ചര്‍ച്ചില്‍ റിക്ഷാക്കാരന്റെ പിറുപിറുക്കലിന് കാതോര്‍ത്തു. റെയില്‍വെ ലെവല്‍ ക്രോസില്‍ റിക്ഷ നിര്‍ത്തിയിടേണ്ടി വന്നതിലെ മനഃപ്രയാസമാണ് അയാളുടെ വാക്കുകളില്‍. തന്റെ പിറകില്‍ ഇരിക്കുന്നത് വിന്‍സ്റ്റണ്‍ ചര്‍ച്ചിലാണെന്നറിയാത്ത റിക്ഷാക്കാരന്‍ രോഷം കൊണ്ടു: 'നേരം കെട്ട നേരത്ത് ഓരോ അലവലാതി കയറിയിരിക്കും വണ്ടിയില്‍. ഇനി എപ്പോഴാണാവോ റെയില്‍വേ ഗേറ്റ് തുറക്കുക? എന്നിട്ട് വേണം വീട്ടില്‍ ചെന്ന് പ്രധാനമന്ത്രി ചര്‍ച്ചിലിന്റെ റേഡിയോ പ്രസംഗം കേള്‍ക്കാന്‍. ഓരോരോ മാരണങ്ങള്‍!' വലിയ വലിയ തത്ത്വങ്ങളും സ്ഥിതിവിവരക്കണക്കുകളും നിരത്തി തയാറാക്കിയ പ്രസംഗത്തിന്റെ കടലാസ് ചീന്തി പുറത്തേക്കെറിഞ്ഞ ചര്‍ച്ചില്‍ ആത്മഗതം ചെയ്തു: 'ഈ റിക്ഷാക്കാരനെ പോലുള്ള സാധാരണക്കാരാണ് എന്റെ ശ്രോതാക്കള്‍. അവര്‍ക്ക് തിരിയുന്ന ഭാഷയില്‍ മനസ്സിലാവുന്ന വിഷയങ്ങളായിരിക്കണം എന്റെ പ്രസംഗം. ഈ റിക്ഷാക്കാരന്റെ തലത്തിലുള്ളവര്‍ക്ക് മനസ്സിലാവാത്ത കാര്യങ്ങള്‍ പറഞ്ഞിട്ടെന്ത് പ്രയോജനം? 'ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്; 'പ്രസംഗവേളയില്‍ റെയില്‍വെ ലെവല്‍ ക്രോസിലെ ആ റിക്ഷാക്കാരനെ ഓര്‍ക്കുക.'
പ്രഭാഷണത്തെക്കുറിച്ച് എഴുതിക്കൊണ്ടിരുന്നപ്പോള്‍ ജീവിതത്തിലെ ചില പ്രസംഗ പരാജയങ്ങളെക്കുറിച്ചും ഓര്‍മവന്നു. 1970 ആണ് കാലം. കൊടുങ്ങല്ലൂര്‍ എറിയാട്ട് സമ്മര്‍ വെക്കേഷന്‍ യുവജന ക്യാമ്പില്‍ 'സമുദായ ഐക്യ'ത്തെക്കുറിച്ച് സിമ്പോസിയം. സിമ്പോസിയം മോഡറേറ്ററും ക്യാമ്പ് ഡയറക്ടറും ടി.കെ അബ്ദുല്ലാ സാഹിബ്. സി.എന്‍ അഹ്മദ് മൗലവി, പി.പി ഉമര്‍കോയ, കെ.പി കമാലുദ്ദീന്‍, കെ.എന്‍ അബ്ദുല്ല മൗലവി, കെ.കെ മുഹമ്മദ് സുല്ലമി, പിന്നെ ഈ ലേഖകനും. ഇരുപതുകളുടെ ആദ്യത്തിലാണ് ഞാന്‍. ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ ടി.കെ; 'പ്രസംഗം നന്നായിട്ടുണ്ട്.' അന്ന് കേരളത്തില്‍ കത്തിജ്ജ്വലിച്ചുനിന്ന ടി.കെയുടെ നാവില്‍നിന്ന് നേരിട്ട് അനുമോദന വാക്കുകള്‍ കേട്ടപ്പോള്‍ പുളകം കൊണ്ടു. തെല്ലിട കഴിഞ്ഞ് ടി.കെ: 'എങ്കിലും ആ വാക്ക് അങ്ങനെയാവാമായിരുന്നു, ആ ആശയം ഇങ്ങനെയാവാമായിരുന്നു, ആ പറഞ്ഞ ഉദാഹരണത്തില്‍ വിഷയവുമായി ബന്ധമില്ലെന്ന ഒരു കുറവുണ്ട്.' എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ നേരത്തേയുണ്ടായ സന്തോഷമൊക്കെ എങ്ങോ പോയിമറഞ്ഞു. പ്രഭാഷണ രംഗത്തുനിന്ന് ആട്ടിയോടിക്കാതെ എന്നില്‍ ആത്മവിശ്വാസം അങ്കുരിപ്പിച്ച് സ്‌നേഹപൂര്‍വം തിരുത്തിയ ടി.കെ എന്ന മഹദ് വ്യക്തിത്വത്തെ ഓരോ പ്രസംഗ വേളയിലും ഓര്‍ക്കാറുണ്ട്, നിറഞ്ഞ പ്രാര്‍ഥനയോടെ.
ഇത്തിഹാദുല്‍ ഉലമായുടെ അവാര്‍ഡ്ദാന പരിപാടിയില്‍ അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തിക്കൊണ്ടിരുന്നപ്പോള്‍ മറ്റൊരു സംഭവം. എഴുപതുകളുടെ ആദ്യപാദം. ചന്ദ്രിക ദിനപത്രത്തില്‍ ജോലി ചെയ്യുന്ന കാലം. ഫാറൂഖ് കോളേജില്‍ പ്രസംഗത്തിന് എന്നെ കൂട്ടിക്കൊണ്ടു പോവാന്‍ കോളേജ് യൂനിയന്‍ ഭാരവാഹിയായിരുന്ന അബ്ദുസ്സമദ് സമദാനിയാണ് വന്നത്. സദസ്സില്‍ പ്രഫ. വി. മുഹമ്മദ് സാഹിബ്, പ്രഫ. എം.എ ശുകൂര്‍ സാഹിബ്, പ്രഫ. മൊയ്തീന്‍കുട്ടി സാഹിബ്, മുഹമ്മദ് പൂവഞ്ചേരി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍. വലിയവര്‍ ഇരിക്കുമ്പോള്‍ വലിയ വലിയ കാര്യങ്ങളല്ലേ പറയേണ്ടത് എന്ന ചിന്ത എന്റെ കൊച്ചു ബുദ്ധിയില്‍ ഉദിച്ചു. വായില്‍ ഒതുങ്ങാത്ത, ഇ.വി അബ്ദുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അഖിലാണ്ഡ കടാഹ പ്രസംഗം കഴിഞ്ഞപ്പോള്‍ ഒരു കാര്യം എനിക്ക് ബോധ്യമായി; 'പറഞ്ഞതൊന്നും എനിക്കും തിരിഞ്ഞിട്ടില്ല, സദസ്സിനും തിരിഞ്ഞിട്ടില്ല.' തിരിച്ചുപോരുമ്പോള്‍ പ്രിയപ്പെട്ട സമദാനി: 'സദസ്സ് കണ്ടപ്പോള്‍ വിഷയത്തിന് കട്ടികൂട്ടണം എന്ന് തോന്നിക്കാണും. അത് വേണ്ടായിരുന്നു. സാധാരണ ശൈലി മതിയായിരുന്നു.'
ആലുവ ജുമുഅത്ത് പള്ളിയങ്കണം. കെ. മൊയ്തു മൗലവി, കെ. അബ്ദുസ്സലാം മൗലവി, കെ.എന്‍ അബ്ദുല്ല മൗലവി, കെ.ടി അബ്ദുര്‍റഹീം, നൂഹ് മൗലവി തുടങ്ങിയവരുടെ പ്രഭാഷണങ്ങള്‍ ഓരോ ദിവസവും. സദസ്സിലുണ്ടായിരുന്ന ക്രിസ്ത്യാനികള്‍, ക്രൈസ്തവരെയും ഈസാ നബിയെയും കുറിച്ച മൊയ്തു മൗലവിയുടെ പ്രസംഗത്തില്‍ പുളകിതരായി പിറ്റേ ദിവസവും മൊയ്തു മൗലവി തന്നെ പ്രസംഗിക്കണം എന്ന് നിര്‍ബന്ധം പിടിച്ചത് ചരിത്രം. ഒരു ദിവസം 'സമുദായോദ്ധാരണത്തിന് ഒരു രൂപരേഖ' എന്ന വിഷയത്തെക്കുറിച്ച് ഞാനാണ് പ്രസംഗിക്കേണ്ടത്. അഞ്ചോ പത്തോ വാചകങ്ങള്‍ പറഞ്ഞു കാണും, പ്രസംഗം മുന്നോട്ടു നീങ്ങുന്നില്ല. നാവ് അനങ്ങുന്നില്ല. ആകെയൊരു വെപ്രാളം. ഇരുപതുകാരനുണ്ടായ സ്വാഭാവിക സഭാകമ്പവും കഴിവുകേടും കണ്ടറിഞ്ഞാവണം ആലുവ ടി.കെ മുഹമ്മദ് സാഹിബ് എന്നെ സ്‌നേഹപൂര്‍വം പിറകിലേക്ക് മാറ്റിനിര്‍ത്തി, ഞാന്‍ അവസാനിപ്പിച്ച വാക്കുകളില്‍ തുടര്‍ന്ന് ആ പ്രസംഗത്തിന്റെ ബാക്കി ഭാഗം തന്റെ ദീര്‍ഘമായ പ്രഭാഷണത്തിലൂടെ പൂര്‍ത്തിയാക്കിയത്. ടി.കെ സദസ്സില്‍ ഉണ്ടായതു കാരണം അന്നത്തെ രാത്രി പ്രഭാഷണം മുടങ്ങിയില്ല, ഭാഗ്യം.
പ്രഭാഷണം മികവുറ്റതാക്കാനുതകുന്ന ചില നിര്‍ദേശങ്ങള്‍:
1. സഭാകമ്പവും സദസ്സിനെ അഭിമുഖീകരിക്കുമ്പോഴുള്ള വിറയലും സാധാരണമാണ്. നന്നായി ഒരുങ്ങുകയും പ്രാക്ടീസ് ചെയ്യുകയും വേണം.
2. നിങ്ങളുടെ ശ്രോതാക്കളെ അറിയുക. നിങ്ങളുടെ പ്രസംഗം അവര്‍ക്കു വേണ്ടിയാണ്, നിങ്ങള്‍ക്കു വേണ്ടിയല്ല.
3. നിങ്ങളുടെ ഉദ്ദേശ്യം സാധിച്ചെടുക്കാന്‍ കഴിയുംവിധം ഏറ്റവും ഫലപ്രദമായ വിധത്തില്‍ പ്രസംഗത്തിന്റെ പൊരുളും പോയന്റുകളും ചിട്ടപ്പെടുത്തുക.
4. ജനങ്ങളുടെ പ്രതികരണം അറിയണം. അത് പിന്നെ പ്രയോജനപ്പെടുത്തുക.
5. നിങ്ങളുടെ വ്യക്തിത്വം മൂക ഭാഷയില്‍ ശ്രോതാക്കളോട് സംവദിക്കുന്നുണ്ട് എന്നറിയണം.
6. നര്‍മം വേണം, കഥപറയണം, കുറിക്ക് കൊള്ളുന്ന ഭാഷ വേണം.
7. നോക്കി വായിക്കുന്നതല്ല പ്രസംഗം. രൂപരേഖ കടലാസില്‍ കുറിച്ചിടാം.
8. ശബ്ദത്തിന്റെയും വാക്കുകളുടെയും കൈകളുടെയും വിന്യാസം ഫലപ്രദമായ വിധത്തില്‍ വേണം.
9. തുടക്കത്തിലേ ശ്രദ്ധ പിടിച്ചുപറ്റണം, ആവേശദായകമായി അവസാനിപ്പിക്കണം.
10. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ ബുദ്ധിപൂര്‍വം ഉപയോഗിക്കുക.
11. സമയനിഷ്ഠ പാലിക്കുക. ലഭിച്ച സമയത്തിനുള്ളില്‍ പറഞ്ഞു തീര്‍ക്കാനുള്ള നൈപുണി ആര്‍ജിക്കേണ്ട ഗുണമാണ്.