അറിഞ്ഞ് പെരുമാറിയില്ലെങ്കില്‍

മുനീറ No image

സമൂഹ ജീവിയായ മനുഷ്യന് പല ആളുകളുമായും പല സന്ദര്‍ഭങ്ങളുമായും ഇടപെടേണ്ടി വരും. ഇത്തരം ഇടപെടലുകളില്‍ മറ്റുള്ളവരില്‍ മടുപ്പും വെറുപ്പും ഉണ്ടണ്ടാകാത്ത സ്വഭാവങ്ങള്‍ നാം ആര്‍ജിച്ചെടുക്കണം. വ്യക്തിയുടെ സാധാരണ (Normal) പെരുമാറ്റം, അസാധാരണ (Abnormal) പെരുമാറ്റം എന്ത് എന്ന് കൃത്യമായി നിര്‍വചിക്കാന്‍ ബുദ്ധിമുട്ടാണ്. അത് സംസ്‌കാരങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. അറബ് നാടുകളില്‍ മക്കള്‍ പിതാക്കളെ പേരെടുത്ത് അഭിസംബോധന ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ നമ്മുടെ സംസ്‌കാരത്തിലാവട്ടെ. അത്തരം രീതി അസാധാരണവും അരോചകവുമാണ്.


ഓരോ സമൂഹവും ചില പ്രത്യേക പെരുമാറ്റങ്ങളും ആചാരങ്ങളും അംഗീകരിക്കുന്നു-അതാവട്ടെ വ്യക്തിയുടെയും സമൂഹത്തിന്റെയും വളര്‍ച്ചക്കും നന്മക്കും ഉതകുന്ന പെരുമാറ്റമായിരിക്കും. അതായിരിക്കും ആ സമൂഹത്തിന്റെ സാധാരണ പെരുമാറ്റം. നമ്മുടെ സാമൂഹിക ചുറ്റുപാടില്‍ നിന്നുകൊണ്ട് നമുക്ക് സാധാരണവും അസാധാരണവും എന്തെന്ന് വിലയിരുത്താവുന്നതാണ്.


ഉയര്‍ന്ന മാനസികാരോഗ്യം ഉള്ള ഒരു വ്യക്തിക്കു മാത്രമേ പൊതു ഇടങ്ങളില്‍ സ്ഥിരതയുള്ളതും മര്യാദയുള്ളതുമായ പെരുമാറ്റം കാഴ്ചവെക്കാന്‍ കഴിയൂ. ഉയര്‍ന്ന മാനസികാരോഗ്യമുള്ള വ്യക്തിത്വത്തിന്റെ സവിശേഷതകളെക്കുറിച്ച് പലരും പല രീതിയിലും വിവരിക്കുന്നു. പ്രമുഖ ബ്രിട്ടീഷ്-ആസ്ട്രിയന്‍ സോഷ്യല്‍ സൈക്കോളജിസ്റ്റായ മേരി ജഹോദ (Jahoda) വിവരിക്കുന്ന ഇത്തരത്തിലുള്ള ഒരു മാനദണ്ഡം നോക്കാം:


അവനവനോടുള്ള മനോഭാവം: നല്ലതും കൃത്യതയുള്ളതുമായ ആത്മസങ്കല്‍പം, ഉയര്‍ന്ന ആത്മാഭിമാനം. വ്യക്തിത്വത്തിന്റെ കഴിവുകള്‍ എത്ര മാത്രം ഉപയോഗിക്കുന്നുവെന്നതും ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇപ്പോഴത്തെ ജീവിതവും വിലയിരുത്തി ആത്മസാക്ഷാത്കാരം തേടാന്‍ കഴിയുക എന്നതാണ് ഓരോരുത്തര്‍ക്കും അവനവനെകുറിച്ചുള്ള മനോഭാവം.


സ്വാശ്രയം: തന്റെ ആവശ്യങ്ങള്‍ക്ക് യോജിച്ച വിധം പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള പ്രാപ്തി. അവനവനെ കുറിച്ചും ചുറ്റുപാടിനെ കുറിച്ചും വസ്തുനിഷ്ഠമായ വിലയിരുത്തല്‍ നടത്തി യാഥാര്‍ഥ്യത്തെ വിലയിരുത്താനുള്ള കഴിവ്. സ്‌നേഹിക്കാനും ജോലി ചെയ്യാനും കളിക്കാനും മറ്റ് വ്യക്തികളുമായി ബന്ധം സ്ഥാപിക്കാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും പൊരുത്തപ്പെടുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള കഴിവ്. സാഹചര്യങ്ങളുടെ മേല്‍ നിയന്ത്രണം തേടല്‍ എന്നിവയെല്ലാം മാനസികാരോഗ്യമുള്ള വ്യക്തിത്വത്തിന്റെ സവിശേഷതകളാണ്. സ്വന്തം ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റത്തെയും വേണ്ട രീതിയില്‍ നിയന്ത്രിക്കുന്നതിനുള്ള ആത്മനിയന്ത്രണം ഉയര്‍ന്ന മാനസികാരോഗ്യമുള്ള വ്യക്തികളുടെ വലിയ സവിശേഷതയാണ്. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരുമായി ഊഷ്മളമായി ബന്ധം സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള കഴിവുണ്ടായിരിക്കും.


സ്വയം മനസ്സിലാക്കാനുള്ള കഴിവ്: തന്റെ ലക്ഷ്യങ്ങളെയും തോന്നലുകളെയും പെരുമാറ്റത്തെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചയും സ്വയം മനസ്സിലാക്കാനുള്ള കഴിവുമുണ്ടായിരിക്കും. വൈകാരിക സുരക്ഷിതത്വം നേടിയവരായിരിക്കും ഇത്തരക്കാര്‍. ജീവിതത്തെ ഏകീകരിക്കാന്‍ സാധിക്കുന്ന തത്വശാസ്ത്രം കൈമുതലുള്ളവരായിരിക്കും അവര്‍.


സ്വന്തം കഴിവുകള്‍ കണ്ടെത്തുന്നതിനും അവ പരമാവധി ഉപയോഗിക്കുന്നതിനുമുള്ള കഴിവുകള്‍ ഇത്തരം ആളുകള്‍ നേടിയെടുത്തിട്ടുണ്ടായിരിക്കും. ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രയാസങ്ങളെയും സംഘര്‍ഷങ്ങളെയും താങ്ങാനുള്ള കഴിവ് ആര്‍ജിച്ചെടുക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. അതുപോലെ വ്യത്യസ്തമായ ആളുകളോടും ആശയങ്ങളോടും സഹിഷ്ണുതയോടെ പൊരുത്തപ്പെട്ടു പോകാനും ഇവര്‍ക്ക് സാധിക്കും.


കുറഞ്ഞ മാനസികാരോഗ്യമുള്ള ഒരു വ്യക്തിയുടെ പ്രത്യേകത മാനസികാരോഗ്യം സൂചിപ്പിക്കുന്ന വ്യക്തിത്വ സവിശേഷതകളുടെ അഭാവമാണെന്നും പറയാവുന്നതാണ്.


സ്വയം ആത്മനിയന്ത്രണമില്ലായ്മയും സമൂഹത്തില്‍നിന്നും വ്യക്തിയില്‍നിന്നും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ നേരിടാനുള്ള മാനസികമായ കരുത്തില്ലായ്മയും (Ego Strength). പെരുമാറ്റത്തില്‍ അയവി(Flexibility)ല്ലായ്മയും ഇത്തരം ആളുകളില്‍ ഉണ്ടാവും.


മോശമായ ആത്മസങ്കല്‍പം, വ്യക്തിത്വ ഏകീകരണത്തിന്റെ അഭാവം, യാഥാര്‍ഥ്യത്തെ ശരിയായി വിലയിരുത്താനുള്ള കഴിവില്ലായ്മ, സാഹചര്യങ്ങളുടെ മേല്‍ നിയന്ത്രണം കൈവരിക്കാന്‍ കഴിയാതെ വരിക എന്നിവയെല്ലാം നല്ല മാനസികാരോഗ്യത്തിന്റെ അഭാവമാണ്.

പൊതുഇടങ്ങളിലെ സംസാരരീതി
സംസാരിക്കാനുള്ള കഴിവ് ദൈവം മനുഷ്യന് നല്‍കിയ സവിശേഷതയാണ്. മനുഷ്യന്റെ ചിന്താ-വിചാര മണ്ഡലങ്ങളെയും വികാരത്തെയും ഏറ്റവും ആഴത്തില്‍ സ്വാധീനിക്കാന്‍ മനുഷ്യന്റെ സംസാരത്തിന് കഴിയുന്നു. ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായാലും ബുദ്ധിപൂര്‍വം സംസാരിക്കാന്‍ കഴിയുന്നവര്‍ക്കാണ് വിജയിക്കാന്‍ കഴിയുക. വിദഗ്ധനായ ഒരു ഡോക്ടറുടെ സംസാരത്തില്‍ തീരെ മര്യാദയില്ലെങ്കില്‍ രോഗികള്‍ ക്രമേണ അയാളില്‍നിന്ന് അകലുന്നു. ഇതുപോലെ ഏതു മേഖലയിലും നയപരമായും ബുദ്ധിപൂര്‍വമായും സംസാരിക്കാന്‍ കഴിയുന്നവര്‍ക്ക് വിജയിക്കാനുള്ള സാധ്യതയും കൂടുതലായിരിക്കും.


ഇങ്ങനെയൊക്കെയാണെങ്കിലും നാം പലപ്പോഴും സംസാരത്തിന്റെ കാര്യത്തില്‍ തീരെ ശ്രദ്ധ പുലര്‍ത്താറില്ല. സംസാരം അനുകരണത്തിലൂടെയാണ് പഠിക്കുന്നത്. മാതാപിതാക്കളും ചെറുപ്പത്തില്‍ കാണുന്ന മാതൃകകളുമാണ് സംസാര രീതിയെ പരിപോഷിപ്പിച്ചെടുക്കുന്നത്. നാം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമ്മുടെ സംസാരരീതി, പെരുമാറ്റം തുടങ്ങിയ എത്രയോ കാര്യങ്ങള്‍ നമ്മുടെ മാതാപിതാക്കളുമായി അല്ലെങ്കില്‍ നാം ചെറുപ്പത്തില്‍ കണ്ട മാതൃകകളുമായി ഒരുപാട് സാമ്യം കാണാം. ഒരു കാര്യത്തില്‍ സത്യം നമ്മുടെ ഭാഗത്താണെങ്കിലും സംസാരത്തിലൂടെ അത് പ്രതിഫലിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ നാം പരാജയപ്പെട്ടുപോകും.

നല്ല സംസാര രീതി
നമുക്കിടയില്‍ നല്ല രീതിയില്‍ സംസാരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുളളത്? അനുമോദന സന്ദേശങ്ങള്‍ (Positive Strokes) കൈമാറാനും സ്വീകരിക്കാനും ഒരു വ്യക്തി പഠിക്കേണ്ടതുണ്ട്. ധാരാളം അനുമോദന സന്ദേശങ്ങള്‍ കുടുംബത്തിലും കുട്ടികള്‍ക്കും ദമ്പതികള്‍ തമ്മിലും കൂട്ടുകാര്‍ തമ്മിലും കൈമാറേണ്ടതുണ്ട്. വിമര്‍ശനങ്ങള്‍ ഒഴിവാക്കി സംസാരിക്കുക എന്നതാണ് നല്ല സംസാര രീതിയുടെ തുടക്കം. വ്യത്യസ്ത ചിന്താഗതിക്കാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുക സ്വാഭാവികം. അപ്പോഴും പ്രതിപക്ഷ ബഹുമാനം കൈവിടാതെ വിയോജിപ്പുള്ള കാര്യങ്ങള്‍ പറയാനും മറ്റുള്ളവരുടേത് കേള്‍ക്കാനും കഴിയുമ്പോഴാണ് ആശയവിനിമയം ഫലപ്രദമാകുന്നത്.

ശരീര ഭാഷ (Body Language)
ശരീരം കൊണ്ട് ആശയത്തെ കൂടുതല്‍ സംവേദനക്ഷമമാക്കുന്നതിനെയാണ് ശരീരഭാഷ എന്ന് പറയുന്നത്. പ്രഭാഷണത്തില്‍ ശരീരഭാഷ വളരെ പ്രധാനപ്പെട്ടതാണ്. ഇത് സംസാരിക്കുന്ന ആശയത്തെ കൂടുതല്‍ കാര്യക്ഷമമായി അഭിസംബോധിതരിലേക്ക് കൈമാറ്റം ചെയ്യാനാവുന്നു. അഭിനയത്തിലും വ്യക്തി സംഭാഷണങ്ങളിലുമെല്ലാം ശരീരഭാഷ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.


ശരീരഭാഷ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഏകദേശം ഒരുപോലെയാണ്. ചില സംസ്‌കാരങ്ങള്‍ ഇതിന് അപവാദം ഉണ്ടായേക്കാം. പ്രശസ്ത ശരീരഭാഷാ പണ്ഡിതനായിരുന്ന ആല്‍ബര്‍ട്ട് മെക്കറാബിയന്‍ തന്റെ പഠനങ്ങളില്‍ കണ്ടെത്തിയത് രണ്ട് ലക്ഷത്തി അമ്പതിനായിരത്തോളം മുഖത്തിന്റെ ഭാവവ്യത്യാസങ്ങള്‍ ഉ് എന്നാണ്. മാത്രമല്ല രണ്ടു പേരുടെ മുഖാമുഖ സംഭാഷണത്തില്‍ 35 ശതമാനത്തില്‍ താഴെ മാത്രമേ സംസാരഭാഷക്ക് സ്വാധീനമുള്ളൂ എന്നും 65 ശതമാനത്തിലധികവും ശരീര ഭാഷക്കാണ് സ്വാധീനം എന്നും അദ്ദേഹം കണ്ടെത്തി.
നമ്മുടെ വ്യക്തിത്വത്തിന്റെ അളവുകോലാണ് നമ്മുടെ ശരീര ഭാഷ. വാച്യമല്ലാത്ത സൂചനകള്‍ തിരിച്ചറിയാന്‍ കഴിയുക എന്നത് ഒരു ചെറിയ കാര്യമല്ല. മറ്റൊരു വ്യക്തിയെ മനസ്സിലാക്കാന്‍ കഴിയുന്നതോടൊപ്പം മറ്റാളുകള്‍ക്കു മുമ്പില്‍ നാം എന്തെല്ലാം ചെയ്തുകൂടാ എന്നും ഇത് നമ്മെ പഠിപ്പിക്കും. സത്യസന്ധത, കാപട്യം, സദ്ഗുണങ്ങള്‍, ദുഃസ്വഭാവങ്ങള്‍ തുടങ്ങി പലവിധ സ്വഭാവ സവിശേഷതകളും നാം അറിയാതെ നമ്മുടെ ശരീര ഭാഷയിലൂടെ പുറത്തുവരും. നമ്മുടെ അകവും പുറവും ഒരുപോലെ സുതാര്യമായിരിക്കുക എന്നതാണ് ശരീരഭാഷയും സുതാര്യമാവാനുള്ള ഒരു മാര്‍ഗം.


ഇങ്ങനെ വ്യത്യസ്തമായ കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കുന്നതിലൂടെ പൊതു ഇടങ്ങളിലെ നമ്മുടെ പെരുമാറ്റം, സംസാരരീതി എങ്ങനെ എന്നതിനെക്കുറിച്ച് നമുക്ക് ഒരു കാഴ്ചപ്പാടുണ്ടാക്കിയെടുക്കാന്‍ പറ്റും. അതിനനുസരിച്ച് സ്വയം തന്നെ പല മാറ്റങ്ങളും ഉണ്ടാക്കിയെടുക്കാനും സാധിക്കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top