ജീവിതത്തിനുമപ്പുറം

ശൈഖ് മുഹമ്മദ് കാരകുന്ന് No image

മനുഷ്യജീവിതത്തിന് അഞ്ച് ഘട്ടങ്ങളുണ്ട്. ഗര്‍ഭധാരണത്തിനു മുമ്പുള്ളതാണ് ആദ്യഘട്ടം. ആയിരമോ രണ്ടായിരമോ കൊല്ലം മുമ്പ് നാം എവിടെയായിരുന്നു, എങ്ങനെയായിരുന്നു, ഏതവസ്ഥയില്‍ ആയിരുന്നു എന്നൊന്നും ആര്‍ക്കും ഒന്നുമറിയില്ല. അതേക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: 'താന്‍ പറയത്തക്ക ഒന്നുമല്ലാതിരുന്ന ഒരു കാലഘട്ടം മനുഷ്യന് കഴിഞ്ഞുപോയിട്ടില്ലേ?' (76:1).


ഗര്‍ഭധാരണം തൊട്ട് ആരംഭിക്കുന്നതാണ് രണ്ടാം ഘട്ടം. അതേക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പല സ്ഥലങ്ങളിലായി വിശദമായിത്തന്നെ വിവരിച്ചിട്ടുണ്ട്. ഇരുപത്തി മൂന്നാം അധ്യായത്തില്‍ ഇങ്ങനെ കാണാം: 'മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ നാം അവനെ ബീജകണമാക്കി ഭദ്രമായ ഒരിടത്ത് സ്ഥാപിച്ചു. അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മറ്റി. പിന്നീട് ഭ്രൂണത്തെ നാം മാംസ കട്ടയാക്കി. അതിനുശേഷം മാംസത്തെ എല്ലുകള്‍ ആക്കി. എല്ലുകളെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് നാം അതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു. ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ' (23:12-14).

'തീര്‍ച്ചയായും  ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ ബീജത്തില്‍നിന്ന്. പിന്നെ ഭ്രൂണത്തില്‍നിന്ന്. പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. നാമിതു വിവരിക്കുന്നത്  നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇഛിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു' (22:5).
വിശുദ്ധ ഖുര്‍ആനിലെ ഇത്തരം വിശദീകരണങ്ങളും ആധുനിക ജനിതകശാസ്ത്രത്തിന്റെ പഠനങ്ങളും ഒത്തുവന്നതുകൊണ്ടുമാത്രം ഇസ്‌ലാം സ്വീകരിച്ച ഒട്ടേറെ ശാസ്ത്രജ്ഞന്മാരും പണ്ഡിതന്മാരുമുണ്ട്. മോറിസ് ബുക്കായി ഇവരില്‍  പ്രമുഖനാണ്.

ഐഹികജീവിതം
മൂന്നാമത്തെ ഘട്ടം    ഭൂമിയിലെ  നമ്മുടെ ഈ ജീവിതമാണ്. ഒരു പരീക്ഷണമായാണ് അല്ലാഹു ഇത് നിശ്ചയിച്ചത്.
ഖുര്‍ആന്‍ പറയുന്നു: 'മനുഷ്യനെ നാം കൂടിക്കലര്‍ന്ന ബീജത്തില്‍നിന്ന് സൃഷ്ടിച്ചു. നമുക്ക് അവനെ പരീക്ഷിക്കാന്‍. അങ്ങനെ നാം അവനെ കേള്‍വിയും കാഴ്ചയും ഉള്ളവനാക്കി' (76:2).
'മരണവും ജീവിതവും സൃഷ്ടിച്ചവനാണവന്‍. കര്‍മനിര്‍വഹണത്തില്‍ നിങ്ങളില്‍ ഏറ്റം മികച്ചവന്‍ ആരാണെന്ന് പരീക്ഷിക്കാനാണത്. അവന്‍ അജയ്യനാണ്. ഏറെ മാപ്പ് ഏകുന്നവനും' (67:2).
ഇവിടെ മനുഷ്യന് ശരീരവും മനസ്സും ആത്മാവും ഉണ്ട്. മനസ്സ് തീരുമാനിക്കുന്നു, ശരീരം നടപ്പാക്കുന്നു. അതിന്റെ നന്മതിന്മകളും  ശരിതെറ്റുകളും നേട്ടകോട്ടങ്ങളും ആത്മാവില്‍ ശേഖരിക്കപ്പെടുന്നു. ആത്മാവില്‍  ആര്‍ജിതമായ ഈ സഞ്ചിത കര്‍മങ്ങള്‍ക്ക് അനുസരിച്ചായിരിക്കും നാലാമത്തെയും അഞ്ചാമത്തെയും ജീവിതം.

ആത്മീയ ജീവിതം
മരണത്തോടെ ആത്മാവ് അതിന്റെ സഞ്ചിത കര്‍മങ്ങളുമായി ശരീരത്തോട് വിടപറയുന്നു. അതോടെ ശരീരം പാഴ്‌വസ്തുവായി മാറുന്നു. അത് ഭൂമിയില്‍ വെച്ചാല്‍ ചീഞ്ഞുനാറാന്‍ തുടങ്ങുന്നു. പുഴുക്കളും പ്രാണികളും തിന്നുന്നു. മറമാടിയാല്‍ മണ്ണായി മാറി മണ്ണിനോട് ചേരുന്നു. അഥവാ മരണത്തോടെ ശരീരത്തിന് പ്രസക്തിയില്ലാതാവുന്നു.
എന്നാല്‍ ആത്മാവ് അതിന്റെ കര്‍മഫലം അനുഭവിക്കാന്‍ തുടങ്ങുന്നു. മൃതശരീരം കഫന്‍ ചെയ്യുകയോ മറമാടുകയോ ചെയ്യുന്നതിനു മുമ്പു തന്നെ ആത്മാവ് രക്ഷാ -ശിക്ഷകള്‍ അനുഭവിച്ചുതുടങ്ങുന്നു. അതുകൊണ്ടുതന്നെ നാലാം ഘട്ടം തീര്‍ത്തും ആത്മീയമാണ്.

മരണത്തോടെ തന്നെ അഞ്ചാമത്തെ ജീവിതത്തില്‍ തനിക്ക് ലഭിക്കുന്നതെന്തെന്ന് ആത്മാവ് തിരിച്ചറിയുന്നു. ഇക്കാര്യം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റവാളികളുടെ മരണത്തെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: 'മലക്കുകള്‍ അവരെ മുഖത്തും മുതുകിലും അടിച്ചു മരിപ്പിക്കുമ്പോള്‍ എന്തായിരിക്കും അവരുടെ അവസ്ഥ? അല്ലാഹുവിന് അനിഷ്ടം ഉണ്ടാക്കുന്നവയെ പിന്‍പറ്റുകയും അവന്റെ തൃപ്തിയെ വെറുക്കുകയും ചെയ്തതിനാല്‍ ആണിത്. അതുകൊുതന്നെ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിയിരിക്കുന്നു' (47:27,28).

'സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങള്‍ ഏതവസ്ഥയിലാണ് ഉണ്ടായിരുന്നത്? അവര്‍ പറയും: ഭൂമിയില്‍ ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു. മലക്കുകള്‍ ചോദിക്കും: ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് നാടുവിട്ട് എവിടെയെങ്കിലും രക്ഷപ്പെടാമായിരുന്നില്ലേ? അവരുടെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം' (4:97).
എല്ലാ മനുഷ്യരും മരണവേളയില്‍ തങ്ങളുടെ ജീവിതത്തിന്റെ നേട്ടകോട്ടങ്ങള്‍ തിരിച്ചറിയും. ഭാവി എന്തായിരിക്കുമെന്നും. അതുകൊണ്ടുതന്നെ ആയുസ്സ് ഇത്തിരിയെങ്കിലും നീട്ടിക്കിട്ടാന്‍ കേണു കൊണ്ടിരിക്കും.
'മരണം വന്നെത്തും മുമ്പ് നിങ്ങളോരോരുത്തരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുക. അപ്പോള്‍ അവര്‍ പറയും: എന്റെ നാഥാ, അടുത്ത ഒരവധി വരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്! എങ്കില്‍ ഞാന്‍ ദാനം നല്‍കാം. സജ്ജനങ്ങളില്‍ ഉള്‍പ്പെട്ടവനാകാം. അവധി ആസന്നമായാല്‍ പിന്നെ ആര്‍ക്കും അല്ലാഹു അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായി അറിയുന്നവനാണ് അല്ലാഹു' (63:10,11).

ഭൂമിയില്‍ തന്നെ ആത്മീയ അനുഭവങ്ങള്‍  ശാരീരിക അനുഭവത്തേക്കാള്‍ ശക്തവും തീവ്രവുമാണ്. ശാരീരിക പ്രയാസങ്ങള്‍ അനുഭവിച്ച് മറ്റുള്ളവര്‍ക്ക് സേവനം  ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ആത്മനിര്‍വൃതി എല്ലാ ശാരീരിക പ്രയാസങ്ങളെയും മറപ്പിക്കുന്നതായിരിക്കും. കാല് കല്ലില്‍ കുത്തി ഉണ്ടാവുന്ന മുറിവിനേക്കാള്‍ എത്രയോ പ്രയാസകരമായിരിക്കും  ആള്‍ക്കൂട്ടത്തില്‍ വെച്ചുണ്ടാകുന്ന അപമാനം. ശാരീരികമായി ഏറെ പ്രയാസപ്പെട്ട ആരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ അവസരം ലഭിച്ചാല്‍ അത് നല്‍കുന്ന ആനന്ദം ഭൗതികവാദിക്ക് പോലും മരണം വരെ നിലനില്‍ക്കും.


മരണാനന്തരം ഉണ്ടാകുന്ന ആത്മീയാനുഭവങ്ങള്‍ ഭൂമിയിലേതിനേക്കാള്‍ എത്രയോ ശക്തവും തീവ്രവുമായിരിക്കും. അതാണ് ഖബ്ര്‍ ജീവിതം. അല്ലെങ്കില്‍ ബര്‍സഖിയായ ജീവിതം. അനുഭവം ആത്മീയം ആണെങ്കിലും ശാരീരികം പോലെയാണ് തോന്നുക. ഭൂമിയിലും അത് അങ്ങനെ തന്നെയാണല്ലോ. ഉറക്കത്തില്‍ പാമ്പ് കടിക്കുന്നതായോ വാഹനം ഇടിക്കുന്നതായോ സ്വപ്‌നം കണ്ടാല്‍ പൊട്ടിക്കരയുകയോ ബഹളം വെക്കുകയോ അലറുകയോ ചെയ്യും.
ഉയിര്‍ത്തെഴുന്നേല്‍പ്പിനു ശേഷം വിജയമാണോ പരാജയമാണോ ഉണ്ടാവുകയെന്ന് നേരത്തേ അറിയുന്ന ആത്മാവ് അതിന്റെ സന്തോഷമോ ദുഃഖമോ അനുഭവിച്ചുകൊണ്ടേയിരിക്കും. ഇതാണ് ജീവിതത്തിന്റെ നാലാമത്തെ ഘട്ടം.
                     
പരലോകജീവിതം
അഞ്ചാമത്തേതും അവസാനത്തേതുമായ ജീവിതമാണ് പരലോകം. ഓരോ ആത്മാവും ആര്‍ജിച്ച നന്മ-തിന്മകള്‍ക്ക് അനുസരിച്ചായിരിക്കും ഉയിര്‍ത്തെഴുന്നേല്‍പ്പു നാളില്‍ ശരീരം ഉണ്ടാവുക. അതിനാല്‍ ഭൂമിയില്‍ കണ്ണുള്ളവര്‍ ഉള്ളവരായോ ഇല്ലാത്തവര്‍ ഇല്ലാത്തവരായോ അല്ല ഉയിര്‍ത്തെഴുന്നേല്‍ക്കുക. പരലോകത്ത്  വെളുത്തവര്‍ വെളുത്തവരോ കറുത്തവര്‍ കറുത്തവരോ കൈയുള്ളവര്‍ ഉള്ളവരോ ഇല്ലാത്തവര്‍ ഇല്ലാത്തവരോ ആയിരിക്കില്ല.

ആത്മാവ് നേടിയതെന്തോ അതിനനുസരിച്ച ശരീരപ്രകൃതമാണ് ഉണ്ടാവുക. ഇക്കാര്യവും ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു   പറയുന്നു: ''എന്റെ ഉദ്‌ബോധനം അവഗണിക്കുന്നവന് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണുണ്ടാവുക. പുനരുത്ഥാന നാളില്‍ നാം അവനെ കണ്ണുപൊട്ടനായാണ് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക. അപ്പോള്‍ അവന്‍ പറയും: 'എന്റെ നാഥാ, നീ എന്തിനാണ് എന്നെ കണ്ണുപൊട്ടന്‍ ആക്കി ഉയിര്‍ത്തെഴുനേല്‍പ്പിച്ചത്? ഞാന്‍ കാഴ്ച ഉള്ളവനായിരുന്നുവല്ലോ.' അല്ലാഹു പറയും: ശരിയാണ്, നമ്മുടെ പ്രമാണങ്ങള്‍ നിനക്ക് വന്നെത്തിയിരുന്നു. അപ്പോള്‍ നീ അവയെ വിസ്മരിച്ചു. അവ്വിധം ഇന്ന് നീയും വിസ്മരിക്കപ്പെടുകയാണ്'' (20:124-126).

'അന്ന് ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും. ചിരിക്കുകയും. സന്തോഷപൂര്‍ണങ്ങളും. മറ്റു ചില മുഖങ്ങള്‍ പൊടിപുരണ്ടിരിക്കും. ഇരുള്‍ മുറ്റിയും. അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും' (80:38-42).
'അന്ന് ചില മുഖങ്ങള്‍  പ്രസന്നങ്ങളായിരിക്കും.  തങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് സംതൃപ്തവും' (88:8,9).
'ചില മുഖങ്ങള്‍ അന്ന്  പേടിച്ചരണ്ടവയായിരിക്കും. അധ്വാനിച്ച് തളര്‍ന്നവയും' (88:2,3).

ശരീരത്തിലേക്ക് വന്നുചേര്‍ന്ന ആത്മാവുമായാണ് മനുഷ്യന്‍ ഭൂമിയില്‍ പിറന്നുവീഴുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ശരീരത്തിന് മാറ്റവും  വളര്‍ച്ചയും തളര്‍ച്ചയും മരണവുമൊക്കെ ഉണ്ടായിരിക്കും. എന്നാല്‍ പരലോകത്ത് ആത്മാവിലേക്കു ശരീരം വന്നുചേരുകയാണ്. അത് ശേഖരിച്ചുവെച്ച കര്‍മങ്ങള്‍ക്കനുസൃതമായ ശരീരം. അതിനാല്‍ അവിടെ വാര്‍ധക്യമോ മരണമോ ഇല്ല. പരലോകജീവിതം ശാശ്വതമായിരിക്കും എന്നര്‍ഥം. ശിക്ഷ അനുഭവിച്ച് ആത്മാവിന്റെ പാപം കുറയുന്നതിനനുസരിച്ച് ശരീരം മാറിക്കൊണ്ടിരിക്കും. ശാശ്വത ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഇതു ബാധകമല്ല.

ജാഗ്രത പാലിക്കുക
ഖബ്ര്‍ ജീവിതവും പരലോക ജീവിതവും  ഭൂമിയിലെ മനുഷ്യന്റെ കര്‍മഫലങ്ങള്‍ക്കനുസൃതമായിരിക്കും. ഭൂമി കര്‍മങ്ങളുടെ ഇടമാണ്. കര്‍മഫലം മരണശേഷമാണ്. ജീവിതം ഒരു പരീക്ഷണം ആയതിനാല്‍ പരീക്ഷാഹാളിലെ  വിദ്യാര്‍ഥിയെപ്പോലെ ജാഗ്രത പുലര്‍ത്താന്‍ ഓരോ മനുഷ്യനും ഇവിടെ ബാധ്യസ്ഥനാണ്. മനുഷ്യന്റെ ശരീരവും ശാരീരികാവയവങ്ങളും ജീവനും ജീവിതവും സമയവും സമ്പത്തും ആരോഗ്യവും ആയുസ്സും അല്ലാഹു നല്‍കിയതായതിനാല്‍ അവന്റെ വിധിവിലക്കുകള്‍ക്കു  വിധേയമായി മാത്രമേ അവ ഉപയോഗിക്കാന്‍ പാടുള്ളൂ. ജീവിതത്തിലുടനീളം ദൈവിക നിയമക്രമം പൂര്‍ണമായും പാലിക്കണമെന്നര്‍ഥം. സമയവും അധ്വാനശേഷിയും പാഴാക്കാവതല്ല. ജീവിതത്തെ പരമാവധി ദൈവഹിതത്തിന് അനുസൃതമാക്കി മാറ്റണം. ഓരോ നിമിഷവും പരീക്ഷാഹാളിലെ വിദ്യാര്‍ഥിയെപ്പോലെ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തണം. അപ്പോഴാണ് നാലാമത്തെയും അഞ്ചാമത്തെയും ജീവിതം വിജയകരവും സംതൃപ്തവുമാവുക. സമയവും അധ്വാനശേഷിയും ഉപയോഗിച്ചാല്‍ ലാഭവും ഇല്ലെങ്കില്‍ വലിയ നഷ്ടവും ആയിരിക്കുമെന്ന കാര്യം മറക്കാതിരിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top