അര്‍ധ വിരാമം 

ആദം അയൂബ് No image

ഷൂട്ടിംഗ് പായ്ക്ക് അപ്പ് ആയാല്‍ (ഒരു ദിവസത്തെ ഷൂട്ടിംഗ് അവസാനിച്ചാല്‍) ആദ്യം സ്ഥലം വിടുന്നത് താരങ്ങളാണ്. പിന്നെ സംവിധായകനും മറ്റു മുതിര്‍ന്ന ടെക്‌നീഷ്യന്മാരും പോകും. ലൈറ്റ് ബോയ്‌സിനും ക്യാമറാ അസിസ്റ്റന്റുമാര്‍ക്കും  പിന്നെയും കുറേ കഴിഞ്ഞേ പോകാന്‍ പറ്റുകയുള്ളു. ക്യാമറ പല ഭാഗങ്ങളായി പിരിച്ച് അഴിച്ചുമാറ്റി, ക്യാമറാ ബോക്‌സില്‍ യഥാസ്ഥാനത്ത് ഭദ്രമായി വെക്കുക, ലെന്‍സുകള്‍ തുടച്ചു വൃത്തിയാക്കി സുരക്ഷിതമായി അവയുടെ ബോക്‌സുകളില്‍ വെക്കുക, എന്നിട്ട് ക്യാമറയും അനുബന്ധ ഉപകരണങ്ങളും ക്യാമറാ ഡിപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചേല്‍പിച്ച് ബന്ധപ്പെട്ട രജിസ്റ്ററില്‍ ഒപ്പിടുക എന്നിവ ക്യാമറാ അസിസ്റ്റന്റുമാരുടെ ഉത്തരവാദിത്തമാണ്.


ഒരു ദിവസം ഷൂട്ടിംഗ് പായ്ക്ക് അപ്പ് ആയപ്പോള്‍, മാഗസിനില്‍ ബാക്കിയുള്ള ഫിലിമില്‍ ഒരു ടെസ്റ്റ് ഷോട്ട് എടുക്കാന്‍ പത്മനാഭനോട് പറഞ്ഞിട്ട് ക്യാമറാമാന്‍ പോയി. അന്നത്തെ കാലത്ത് സിനിമയുടെ എല്ലാ സാങ്കേതിക പ്രവര്‍ത്തനങ്ങളും മനുഷ്യഹസ്തങ്ങളാല്‍ തന്നെയാണ് ചെയ്തിരുന്നത്. കമ്പ്യൂട്ടര്‍ അന്ന് പ്രചാരത്തില്‍ വന്നിട്ടില്ല. ഷൂട്ട് ചെയ്ത ഫിലിം നെഗറ്റീവ് ഡെവലപ്പ് ചെയ്ത് കഴിഞ്ഞാല്‍പിന്നെ, ഓരോ ഷോട്ടും ഗ്രേഡ് ചെയ്ത് കൃത്യമായ പ്രകാശ-വര്‍ണ സന്തുലിതാവസ്ഥ ഉറപ്പു വരുത്തിയതിനു ശേഷമാണ് ദൃശ്യങ്ങള്‍ പോസിറ്റീവ് ഫിലിമിലേക്ക് പ്രിന്റ് ചെയ്യുന്നത്. ഈ പ്രക്രിയയെയാണ് ഗ്രേഡിംഗ് എന്ന് പറയുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം  അത് കമ്പ്യൂട്ടറില്‍ വളരെ വേഗത്തിലും കൂടുതല്‍ ഫലപ്രദമായും ചെയ്യാന്‍ കഴിയുന്ന വിദ്യ നിലവില്‍ വന്നു. ഇപ്പോള്‍ ഫിലിം പോലും ഉപയോഗിക്കാത്തതുകൊണ്ട് ഈ പ്രവര്‍ത്തനങ്ങളെല്ലാം ഡി.ഐ. സ്റ്റുഡിയോയില്‍ അതിവിദഗ്ധമായി, വളരെ വേഗത്തില്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുന്നു. എന്നാല്‍ നാല്‍പത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സ്ഥിതി അതായിരുന്നില്ല. അന്ന് ഒരു മാഗസിനില്‍ ലോഡ് ചെയ്ത ഫിലിമിന്റെ ആദ്യത്തിലോ അവസാനത്തിലോ ഗ്രേഡ് ചെയ്യാനായി ഒരു ടെസ്റ്റ് ഷോട്ട് എടുക്കാറുണ്ട്. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന അതേ പ്രകാശവിതാനത്തിലാണ് ടെസ്റ്റ് ഷോട്ടും എടുക്കുന്നത്. ആദ്യം ഈ ഷോട്ട് ഗ്രേഡ് ചെയ്തു കഴിഞ്ഞാല്‍, പ്രകാശത്തിന്റെയും വര്‍ണങ്ങളുടെയും അതേ അനുപാതം ഉപയോഗിച്ച് ആ മാഗസിനിലെ മറ്റെല്ലാ ഷോട്ടുകളും ഗ്രേഡ് ചെയ്യാവുന്നതാണ്. മിക്കപ്പോഴും ഏറ്റവും അവസാനത്തെ ഷോട്ടില്‍ അഭിനയിച്ച അഭിനേതാവിനെയാണ് ടെസ്റ്റ് ഷോട്ടിനായി ക്യാമറയുടെ മുന്നില്‍ നിര്‍ത്തുക. എന്നാല്‍ ഇന്ന് അഭിനേതാക്കള്‍ എല്ലാം നേരത്തേ സ്ഥലം വിട്ടതിനാല്‍, പത്മനാഭന്‍ എന്നെ പിടിച്ച് ക്യാമറക്ക് മുന്നില്‍ നിര്‍ത്തി. എന്നിട്ട് ക്യാമറാമാന്‍ ലൈറ്റ് അപ്പ് ചെയ്ത അതേ പ്രകാശവിതാനത്തില്‍ എന്റെ ടെസ്റ്റ് ഷോട്ട് എടുത്തു. ഞാന്‍ വെറുതെ ക്യാമറയിലേക്ക് നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്. എന്നെ സംബന്ധിച്ചേടത്തോളം ആദ്യമായാണ് ക്യാമറയെ അഭിമുഖീകരിക്കുന്നതെങ്കിലും ജോലിയുടെ ഭാഗം എന്ന നിലയില്‍ ഞാന്‍ ഈ സംഭവത്തിന് വലിയ പ്രാധാന്യം ഒന്നും നല്‍കിയില്ല. ചില അവസരങ്ങളില്‍ ക്യാമറയില്‍ ബാക്കിയായ ഫിലിം ഉപയോഗിച്ച്  whizz pan അഥവാ സ്വിഷ് പാന്‍ എടുക്കാന്‍ ക്യാമറാമാന്‍ പറഞ്ഞിട്ട് പോകാറുണ്ട്. ക്യാമറ അതിവേഗത്തില്‍ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ച് ഷോട്ട് എടുക്കുന്നതിനെയാണ് സ്വിഷ് പാന്‍ എന്ന് പറയുന്നത്. ക്യാമറക്ക് മുന്നിലുള്ള ദൃശ്യം ഒന്നും വ്യക്തമാവുകയില്ല. വളരെ വേഗത്തില്‍ അവ്യക്തമായി എന്തോ മറയുന്ന പ്രതീതിയാണ് ഉണ്ടാവുക, രണ്ട് രംഗങ്ങള്‍ക്കിടയിലുള്ള ടൈം ലാപ്‌സ് (ഒരു ചെറിയ കാലാന്തരം) സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇങ്ങനെയുള്ള സ്വിഷ് പാന്‍ ഷോട്ടുകള്‍ എടുക്കാന്‍ എനിക്ക് പലപ്പോഴും അവസരം ലഭിച്ചിട്ടുണ്ട്.


രണ്ട് ബസ്സ് കയറി വീട്ടില്‍ എത്തിയപ്പോഴേക്കും ഞാന്‍ തളര്‍ന്ന്  അവശനായിരുന്നു. എന്നാല്‍ സത്യാ ലോഡ്ജില്‍ താമസിക്കുമ്പോള്‍ മുറിയില്‍ എത്തിയ പാടേ ഞാന്‍ കട്ടിലിലേക്ക് മറിയുകയാണ് പതിവ്. പിന്നെ ക്ഷീണം ഒന്ന് മാറിയതിനു ശേഷമാണ് എഴുന്നേറ്റ് കുളിച്ച് ഭക്ഷണം കഴിക്കാന്‍ പോകുന്നത്. ഇവിടെ അതിനുള്ള സൗകര്യം ഒന്നുമില്ല. രാത്രിയില്‍ ഞാനും സര്‍ദാരും വരാന്തയില്‍ പായ വിരിച്ചാണ് ഉറങ്ങുന്നത്. അതും എല്ലാവരും ഉറങ്ങാന്‍ കിടന്നതിനു ശേഷം മാത്രം. അതിനു മുമ്പ്  കിടക്കാനോ വിശ്രമിക്കാനോ ഒന്നും ഇവിടെ സൗകര്യമില്ല. മൊത്തത്തില്‍ സത്യാ ലോഡ്ജിലെ ഒറ്റക്കുള്ള താമസത്തിന്റെ എല്ലാ സുഖവും സ്വാതന്ത്ര്യവും എനിക്കിവിടെ നഷ്ടമായി. സര്‍ദാരിന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചതുകൊണ്ട്, എന്റെ വ്യക്തിപരമായ പല കൊച്ചു കൊച്ചു സുഖസന്തോഷങ്ങളും സ്വാതന്ത്ര്യങ്ങളും എനിക്ക് ത്യജിക്കേണ്ടി വന്നു. ആകെയുള്ളത് സ്റ്റുഡിയോയില്‍ ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷവും സംതൃപ്തിയുമായിരുന്നു. സ്റ്റുഡിയോയിലെ ജോലി എനിക്ക് അത്രക്ക് ഹരമായിരുന്നു.


രണ്ടു ദിവസം കഴിഞ്ഞ് ഫ്‌ളോറില്‍ മിച്ചല്‍ ക്യാമറ മൗണ്ട് ചെയ്തുകൊണ്ടിരിക്കെ, പത്മനാഭന്‍ വന്നു എന്റെ ചുമലില്‍ തട്ടിയിട്ടു പറഞ്ഞു: 
''ഹേയ്, നീ വളരെ ഫോട്ടോജെനിക് ആണ്. അന്ന് ടെസ്റ്റ് എടുത്ത റഷ് ഞാന്‍ കണ്ടു. നീ ക്യാമറക്ക് പിന്നിലല്ല മുന്നിലാണ് വരേണ്ടത്.''
അന്ന് മനസ്സില്‍ ലഡു പൊട്ടുന്ന വിദ്യ കണ്ടുപിടിച്ചിട്ടില്ലാതിരുന്നതുകൊണ്ട് ഞാന്‍ തല്‍ക്കാലം മനസ്സില്‍ രണ്ടു പൂത്തിരി കത്തിച്ച് സായൂജ്യമടഞ്ഞു. ഡെവലപ്പ് ചെയ്ത നെഗറ്റീവില്‍നിന്നും ആദ്യമായി പ്രിന്റ് ചെയ്യുന്ന പോസിറ്റീവ് ഫിലിമിനെയാണ് റഷ് എന്ന് പറയുന്നത്. എനിക്ക് എന്റെ മുഖം ഒന്ന് സ്‌ക്രീനില്‍ കണ്ടാല്‍ കൊള്ളാം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് നടക്കില്ലെന്നറിയാം. നിര്‍മാതാവ്, സംവിധായകന്‍, ക്യാമറാമാന്‍, എഡിറ്റര്‍ തുടങ്ങിയ പ്രധാനപ്പെട്ട വ്യക്തികള്‍ക്ക് മാത്രമേ ലാബ് തിയേറ്ററില്‍ റഷ് കാണാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. ഏതായാലും പത്മനാഭന്റെ വാക്കുകള്‍ എന്റെ മനസ്സില്‍ ഒരു പുതിയ സ്വപ്‌നത്തിന് തിരികൊളുത്തി. സുന്ദരന്മാരും സുന്ദരികളുമായ അഭിനേതാക്കള്‍, കണ്ണഞ്ചിക്കുന്ന പ്രകാശവിതാനത്തില്‍, ക്യാമറക്ക് മുന്നില്‍ അഭിനയിക്കുന്നതു കാണുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കാറുണ്ട്. അവരില്‍, ചില ചെറിയ വേഷങ്ങള്‍ ചെയ്യുന്ന പുതുമുഖ നടന്മാര്‍ എത്ര ചെയ്തിട്ടും ശരിയാവാതെ സംവിധായകന്റെ ശകാരം ഏറ്റുവാങ്ങുമ്പോള്‍, ഞാനാണെങ്കില്‍ അത് നിഷ്പ്രയാസം ചെയ്‌തേനെ എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. പക്ഷേ അത് വെറും തോന്നല്‍ മാത്രമാണ്. അഭിനയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. പ്രത്യേകിച്ച്, ജീവിതത്തില്‍ ഒരിക്കലും ഒരു നാടകത്തില്‍പോലും അഭിനയിച്ചിട്ടില്ലാത്ത എനിക്ക് അത് കഴിയില്ലെന്ന് ബോധ്യമുണ്ടായിരുന്നു. എങ്കിലും പത്മനാഭന്റെ  വെറും വാക്കുകള്‍ എന്റെ  മനസ്സില്‍ ഒരു പുതിയ മോഹത്തിന് ജന്മം കൊടുത്തു. അതുവരെ സിനിമയില്‍ എന്റെ ലക്ഷ്യങ്ങള്‍ ക്യാമറാമാന്‍ ആവുക, പിന്നെ സംവിധാനം ചെയ്യുക എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനോടൊപ്പം 'നടനാവുക' എന്ന ഒരു ഓപ്ഷന്‍ കൂടി ഞാന്‍ എഴുതിച്ചേര്‍ത്തു. സ്റ്റുഡിയോയിലെ ജോലിയിലൂടെ എനിക്ക് പ്രായോഗികമായ പരിചയം ലഭിക്കുന്നുണ്ടെങ്കിലും പല കാര്യങ്ങളുടെയും പിന്നിലുള്ള ശാസ്ത്രം മനസ്സിലാക്കാന്‍ കഴിയുന്നില്ലായിരുന്നു. അത് പറഞ്ഞു തരാനുള്ള വിവരം പത്മനാഭനും ഇല്ലായിരുന്നു. 


'അതെല്ലാം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചാല്‍ താന്‍ തെരിയും' എന്നാണ് അയാള്‍ പറയുക. ഏതു വിഷയവും ശാസ്ത്രീയമായി അഭ്യസിച്ചാല്‍ മാത്രമേ അതിനെകുറിച്ചുള്ള പരിജ്ഞാനം പൂര്‍ണമാവുകയുള്ളു എന്നാണ് എന്റെ വിശ്വാസം. അങ്ങനെ പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് സിനിമയില്‍ ഡിപ്ലോമ എടുക്കാനുള്ള ആഗ്രഹം വീണ്ടും അങ്കുരിച്ചു. എന്നാല്‍ ഏതു കോഴ്‌സിന് ചേരണം എന്ന കാര്യത്തില്‍ ഇപ്പോള്‍ ആശയക്കുഴപ്പമായി. സിനിമാട്ടോഗ്രഫിയോ സംവിധാനമോ, അതോ അഭിനയമോ? ഏതായാലും ഒരു കാര്യം ഉറപ്പ്. വെറും പ്രീഡിഗ്രിയും കൊണ്ട് ചെന്നാല്‍ പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കയറ്റില്ല. അതിന് ഡിഗ്രി വേണം. വെറും ഒരു പ്രീ ഡിഗ്രിക്കാരന്‍ അഭ്യസ്തവിദ്യനല്ല എന്ന് എനിക്ക് തോന്നി. പഠിച്ച് ഒരു ഡിഗ്രി സമ്പാദിക്കണമെന്ന കലശലായ മോഹം അങ്ങനെയാണ് ഉണ്ടായത്.


കേരളത്തില്‍ ഇപ്പോള്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള കോളേജ് അഡ്മിഷന്‍ തുടങ്ങുന്ന സമയമാണ്. ഇപ്പോള്‍ തന്നെ പോയാല്‍ ഇനിയും ഒരു വര്‍ഷം നഷ്ടപ്പെടുത്താതെ പഠനം തുടരാം. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പിതാവിന് കത്തെഴുതി. ഉടനെ അദ്ദേഹത്തിന്റെ മറുപടിയും വന്നു-  തിരിച്ചു വന്നോളാന്‍!
ഞാന്‍ ജനറല്‍ മാനേജര്‍ ചെട്ടിയാരെ കണ്ട് വിവരം പറഞ്ഞു. ഡിഗ്രി എടുത്തതിനു ശേഷം പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠിക്കാനാണ് ആഗ്രഹം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വളരെ സന്തോഷമായി. തൊഴിലിനോട് ഇത്ര ഡെഡിക്കേഷന്‍ ഉള്ള ക്യാമറാ അസിസ്റ്റന്റുമാര്‍ ഇതിനു മുമ്പ് തന്റെ സ്റ്റുഡിയോയില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും നാള്‍ അവിടെ ജോലി ചെയ്തതിന് അദ്ദേഹം എനിക്ക് ഒരു എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും തന്നു.


സര്‍ദാരിനോടും കുടുംബത്തിനോടും നന്ദി പറഞ്ഞുകൊണ്ടും, മദിരാശി നഗരത്തിനോട് വീണ്ടും കാണാം എന്നു പറഞ്ഞുകൊണ്ടും, തല്‍ക്കാലത്തേക്ക് സിനിമാ ജീവിതത്തിന് ഒരു അര്‍ധവിരാമം നല്‍കിക്കൊണ്ട് ഞാന്‍ നാട്ടിലേക്ക് വണ്ടി കയറി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top