വേര്‍പാടിന്റെ മുറിവുകള്‍

സീനത്ത് ചെറുകോട് No image

ആച്ചുട്ടിത്താളം-22

കാലത്തിന്റെ പൂക്കളില്‍ എത്ര തവണയാണു കായ്കള്‍ വിരിഞ്ഞത്! മഞ്ഞും വെയിലും മഴയും എത്ര തവണയാണ് ജീവിതത്തിന്റെ ഉമ്മറത്തൂടെ കയറിയിറങ്ങിപ്പോയത്! എന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ സുന്ദരം തന്നെയായിരുന്നു. ഉത്തരവാദിത്തങ്ങള്‍ കൂടി. അലച്ചിലും. സ്‌കൂളിലേക്കുള്ള യാത്രാദൂരം ക്ഷീണംകൂട്ടി. എന്നാലും ഉമ്മയുടെ അടുത്തേക്കുള്ള പോക്ക് മുടക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. പബ്ലിക്  ബൂത്തിന്റെ തിരക്കില്‍ അബ്ബക്കും സബൂട്ടിക്കും സെന്തിലിനും വിളിച്ചു. എപ്പൊഴെങ്കിലും ഓടിയെത്തി അവരുടെ കാര്യങ്ങള്‍ തിരക്കുന്ന ധൃതിയിലേക്ക് ജീവിതം മാറി. ആരിലൊക്കെ എന്തൊക്കെ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നു, ആരൊക്കെ നിലയില്ലാ കയത്തിലേക്ക് മുങ്ങിപ്പോകുന്നു, അപ്പോഴും മുഖത്ത് നേര്‍ത്ത ഒരു പുഞ്ചിരിയുമായി നമ്മെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നു, ഒന്നും ഓര്‍ത്തില്ല.
ശനിയാഴ്ചകളിലെ വൈകുന്നേരങ്ങളില്‍ അബ്ബയുടെ ലാന്റ് ഫോണിലേക്കുള്ള വിളികളില്‍ രണ്ടു മൂന്നു പ്രാവശ്യം സബൂട്ടിയെ കിട്ടാതായപ്പോഴാണ് അവനെപ്പറ്റി ചോദിച്ചത്. 
'ഓനെ ഞാന്‍ കണ്ടിരുന്നു മോളേ, ഇപ്പൊ ഇങ്ങോട്ട് വരവ് കുറവാണ്. പ്രത്യേകിച്ചൊന്നുംല്ല.'
മനസ്സിലെവിടെയോ എന്തോ പിടഞ്ഞു. എന്നോട് സംസാരിക്കാതെ, എന്നെക്കാണാതെ അവന്‍, ഇല്ല അതവന് കഴിയില്ല. ഏതോ അപായത്തിന്റെ ചങ്ങലകള്‍ എന്നെ വരിഞ്ഞു മുറുക്കി. ഞായറാഴ്ച രാവിലെ ബസ് കയറുമ്പോള്‍ തണുപ്പിലും ഞാന്‍ വിയര്‍ത്തിരുന്നു. ഏതു തിരക്കിലും അവനുമായി ചേര്‍ത്തു വെച്ച എന്തോ ഒന്ന് ഹൃദയത്തിലുണ്ട്. അത് മുറുകിയാല്‍ അറിയാറുണ്ട്. എന്തോ പ്രശ്‌നം. ഏതോ അജ്ഞാത ഇന്ദ്രിയത്തിന്റെ മുന്നറിയിപ്പ്. ബസ്സിറങ്ങി അബ്ബയുടെ അടുത്തെത്തുമ്പോള്‍ വിജനതയിലേക്ക് കണ്ണുനട്ട് സ്വയം നഷ്ടപ്പെട്ട അബ്ബ. എന്തെങ്കിലും പറയുന്നതിനു മുമ്പ് സെന്തിലിനെ നീട്ടിവിളി. സെന്തില്‍ വലിയ ഗ്ലാസില്‍ നാരങ്ങാവെള്ളവുമായി വന്നു. ഒറ്റവലിക്ക് കുടിച്ചു തീര്‍ക്കാനുള്ള ദാഹം. പതിയെ അകത്തുപോയി ഒരു കവറുമായി വരുമ്പോള്‍ അബ്ബ മുഖത്തേക്കു നോക്കിയതേയില്ല. പുറത്ത് 'ഇത്താത്താക്ക്' എന്ന് അവന്റെ കുനുകുനെയുള്ള കൈയക്ഷരം
'ഇത്താത്ത പൊറുക്കണം. ഈ മതിലുകള്‍ എന്നെ ശ്വാസം മുട്ടിക്കുന്നു. ഞാന്‍ പോയാല്‍ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ വേദനിക്കുന്നത് ഇത്താത്തയായിരിക്കുമെന്ന് എനിക്കറിയാം. അബ്ബയും സെന്തിലും.... അവരുടെ വേദനകള്‍ കുറഞ്ഞില്ലാതാവും. പിന്നെ ആരാണിത്താത്താ എനിക്കു വേണ്ടി വേദനിക്കാന്‍...ഇത്താത്തയോട് യാത്ര പറഞ്ഞ് പോകാനാവുമോ എനിക്ക്? ഇല്ലല്ലോ....അതുകൊണ്ടാണ് ഇത്രയും ദിവസം ഒന്നും മിണ്ടാതിരുന്നത്. ആ ശബ്ദം, അത് മാത്രം ഒരുപക്ഷേ എന്നെ പിന്തിരിപ്പിച്ചേക്കും. അതുകൊണ്ട്.....വേദനയുടെ ഈ കടലു കുടിച്ചു തീര്‍ക്കാന്‍ തന്നിട്ട് ഞാന്‍ പൊയ്‌ക്കോട്ടെ....വരും....
                സ്വന്തം,
                സബൂട്ടി'
ഭൂമിയാണോ കറങ്ങിയത് അതോ ഞാനോ? ഒന്നും പറയാനാവാതെ ആ തറയില്‍ ഞാന്‍ എത്ര നേരമാണ് കിടന്നത്. പി.ജിക്ക് ചേര്‍ന്നതേയുള്ളൂ അവന്‍. എവിടേക്ക്? എന്തിന്? അറിയാത്ത സ്ഥലങ്ങളില്‍ എന്തു ജോലി ചെയ്ത് അവന്‍ പുലരും. ഒരു നിമിഷം കൊണ്ട് സ്‌നേഹത്തിന്റെ നിറനദി മരുഭൂമിയുടെ ചുട്ടുപൊള്ളലിലേക്ക് മാറുന്നതറിഞ്ഞു. തലയില്‍ ഒരായിരം കടന്നല്‍ക്കൂട് ഇളകിയ പോലെ.
'അന്നെ ഏല്‍പിച്ചിട്ടല്ലേ മോളേ വല്ലിമ്മ പോയത്.' 
കസവു തട്ടം വലിച്ചുകീറി വല്ലിമ്മ ആര്‍ത്തു കരയുകയാണ്. അവരുടെ മുഖത്തു നോക്കാന്‍ വയ്യ.  
'നല്ലോരു ചെറുക്കനെ കേടു വര്ത്തീട്ട്  അനക്കെന്താടീ കിട്ടീത്....'
ആരൊക്കെയായിരുന്നു ചുറ്റും നിന്ന് എന്നെ കല്ലെറിഞ്ഞത്. ചീറി വരുന്ന കല്ലുകളുടെ എണ്ണം താങ്ങാനാവാതെ ഞാന്‍ പിടഞ്ഞു. കാലം എന്നില്‍ നിന്ന് പിണങ്ങി മാറി. രാത്രിയുടെയും പകലിന്റെയും അതിര്‍വരമ്പുകള്‍ തെന്നിനീങ്ങി. അവനെ കാണാതെ, കേള്‍ക്കാതെ, അവന്‍ എവിടെയെന്നുപോലുമറിയാതെ എന്നിലെ മണിക്കൂറുകള്‍ മരവിച്ചു നിന്നു. 
അവനാരായിരുന്നു എനിക്ക്? അനിയനോ, മകനോ, സുഹൃത്തോ? അതോ ഇതെല്ലാം കൂടിയതോ? ആരായിരുന്നു? യാ റബ്ബ്....അവന്‍ എന്റെ എന്തായിരുന്നു. ഉത്തരത്തിനു വേണ്ടി എന്റെ മനസ്സും കണ്ണും ഉഴറി.
ആച്ചുട്ടി മുന്നില്‍ വന്ന് കരഞ്ഞു. 
'പോര്‌ണോ ന്റെ കുട്ടി? അനക്ക് പറ്റൂല കുട്ട്യേ ഈ ദുനിയാവ്.'
ആച്ചുട്ടിന്റെ കൊളത്തഴിഞ്ഞ അരഞ്ഞാണില്‍ ഒരു കൈകൊണ്ട് മുറുകെ പിടിച്ചു. ദുര്‍ബലമായ എല്ലിച്ച കൈകാലുകള്‍ എന്നെയും കൊണ്ട് പിടഞ്ഞു നീങ്ങി. ശരീരം ഉരഞ്ഞ് പൊട്ടി.
'താനെന്താ ഈ ചെയ്യ്ണ്? മറ്റുള്ളവരും ഇവിടെ ജീവിച്ചിര്ക്കുന്നു എന്നുള്ള ബോധം വേണം.'
ഇക്കയുടെ സ്വരം ആദ്യമായി കടുക്കുകയാണ്. എന്താ കാണിച്ചതെന്ന് എനിക്കും അറിയില്ല. ആച്ചുട്ടി വിളിച്ചത് അറിയാം. കൂടെപോകാന്‍ ഒരു പിടുത്തത്തിന് കൊളുത്തഴിഞ്ഞ് കിടക്കുന്ന അരഞ്ഞാണേ കിട്ടിയുള്ളൂ.
ശരീരത്തിന്റെ തൊലിയുരഞ്ഞ നീറ്റലിലേക്ക് എന്റെ ബോധമുണര്‍ന്നു. പിടഞ്ഞെണീക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ എന്നെ കൊളുത്തി വലിക്കുന്ന ഓര്‍മകളിലേക്ക് ഞാന്‍ വീണ്ടും വീണ്ടും അമര്‍ന്നു വീണു. മനസ്സിന്റെ പിടി പതുക്കെ അയഞ്ഞുപോകുന്നത് വേദനയോടെ ഞാനറിഞ്ഞു. എന്റെ സ്‌കൂള്‍ മേല്‍വിലാസത്തില്‍ വന്ന സബൂട്ടിയുടെ ഓരോ കത്തും പൊട്ടിക്കുക പോലും ചെയ്യാതെ എന്റെ മേശ വലിപ്പില്‍ ശ്വാസം മുട്ടി കിടന്നു.
ആരെയും സ്‌നേഹിക്കാതിരിക്കാന്‍, എല്ലാവരില്‍നിന്നും അകലം പാലിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇക്കയെ ഇറുകെ പിടിച്ച് പലപ്പോഴും ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ചു. ആരോ എനിക്കു ചുറ്റും അപകടത്തിന്റെ ഏതോ കെണിയൊരുക്കുന്ന പോലെ. എല്ലാവരെയും ഞാന്‍ ഭയപ്പെട്ടു.
ശിഷ്യനായ കൗണ്‍സലറുടെ മുമ്പിലേക്ക് എന്നെ കൊണ്ടുപോകുമ്പോള്‍ അബ്ബയുടെ കൈ ഞാന്‍ മുറുകെ പിടിച്ചിരുന്നു. അബ്ബ എന്റെ മൂര്‍ധാവില്‍ വാത്സല്യത്തോടെ ഉഴുഞ്ഞുകൊണ്ടിരുന്നു.  
'മോളേ, ഒരാള്‍ തളര്‍ന്നാല്‍ ഒരുപാടാളുകള്‍ തളരുന്നുണ്ടെങ്കിലും തളര്‍ന്നിരിക്കാനുള്ളതല്ല തന്റെ ജീവിതം എന്ന തിരിച്ചറിവാണ് അയാള്‍ക്കു വേണ്ടത്.'
ഞാന്‍ അബ്ബയെ വേദനയോടെ നോക്കി.  കണ്‍സള്‍ട്ടിംഗ് റൂമിലെ കസേരയില്‍ ഞാനിരിക്കെ വരാന്തയിലിരിക്കുന്ന അബ്ബയുടെ മുഖം കുനിഞ്ഞിരുന്നു.  ആ കണ്ണുകള്‍ നിറഞ്ഞുവരുന്നതായിരുന്നു എനിക്കു കിട്ടിയ വലിയ തിരിച്ചറിവ്.  കൗണ്‍സലര്‍ ചിരിച്ചുകൊണ്ട് എന്റെ മനസ്സിന്റെ വാതിലുകള്‍ തുറന്നു.  
ഞാന്‍ ചെയ്യുന്ന ഒന്നിനും ആരും ഉത്തരവാദികളാവുന്നത്, സഹനത്തിന്റെ വഴികളില്‍ അവരുടെ ജീവിതവും വേച്ചുപോകുന്നത് ഒരിക്കലും സഹിക്കാനാവാത്ത ഒന്നായിരുന്നു എനിക്ക്. അതുകൊണ്ടാവാം എനിക്കു പിടിച്ചു കയറാന്‍ പറ്റിയത്. പക്ഷേ എന്റെ നിലപാടുകളും ധാരണകളും ഞാന്‍ മൂര്‍ച്ചകൂട്ടി ഒരുക്കി നിര്‍ത്തി. സ്‌നേഹമെന്നത് എപ്പോള്‍ വേണമെങ്കിലും എന്നെ കബളിപ്പിച്ച് എന്നില്‍നിന്ന് ഊര്‍ന്നുപോകുന്ന ഒന്ന് എന്ന എന്റെ ബോധ്യത്തെ മാറ്റാന്‍ എനിക്കു പറ്റിയതേയില്ല. യാഥാര്‍ഥ്യത്തിനും സ്വപ്‌ന ചിന്തകള്‍ക്കുമിടയിലൂടെ ജീവിതം ഉരുണ്ടും മറിഞ്ഞും എണീറ്റും പൊടി തട്ടിയുമൊക്കെ കടന്നങ്ങനെ പോയി.
ഉപാധികളില്ലാതെ സ്‌നേഹിക്കാനാവുമോ? ആവുമെന്ന ധാരണയായിരുന്നു എപ്പോഴും. ഇങ്ങോട്ട് ഒന്നും പ്രതീക്ഷിക്കാതെയുള്ള സ്‌നേഹം. സബൂട്ടിയിലൂടെയാണ് അതറിഞ്ഞത്, കൊടുത്തത്. പക്ഷേ ആ സ്‌നേഹത്തിന് എപ്പോഴും വേദനയുടെ മധുരിക്കുന്ന കയ്പുണ്ടാവും. വേര്‍പാടിന്റെ ഒരിക്കലുമുണങ്ങാത്ത മുറിവുണ്ടാകും. എന്നാലും സ്‌നേഹം അങ്ങനെത്തന്നെയല്ലേ വേണ്ടത്.
അധ്യാപക കോഴ്‌സിനു പഠിക്കുമ്പോള്‍ സ്‌നേഹത്തിന്റെ പ്രളയങ്ങള്‍ കാണാറുണ്ട്. എഴുതിക്കൊടുക്കുന്നതിന്റെയും വരച്ചുകൊടുക്കുന്നതിന്റെയും ബലത്തില്‍ പരസ്പരം സ്‌നേഹിച്ച് അതിന് പ്രണയം എന്നു പേരിടുന്ന കോമാളിത്തരം. അവസാനം കമ്മീഷനു മുമ്പില്‍ സകല സാധനങ്ങളും പ്രദര്‍ശിപ്പിച്ചു കഴിയുമ്പോള്‍ രണ്ടു വഴിക്കു പിരിയുന്ന സ്‌നേഹക്കുമിളകള്‍. കണ്ണടക്കും മുമ്പ് പൊട്ടിയമര്‍ന്ന് ശൂന്യമായിപ്പോകുന്ന പൊള്ളകള്‍. അറപ്പ് തോന്നിയിട്ടുണ്ട് പലപ്പോഴും.
പ്രായോഗികത നോക്കുമ്പോള്‍ രണ്ടാമത്തതു തന്നെ എളുപ്പം. ആദ്യത്തേത് ഉരുകിത്തീരലാണല്ലോ. ഒരിക്കലും കരകയറാനാവാത്ത ഉരുക്കം. മനസ്സിന്റെ താളം തെറ്റിയുള്ള കലക്കം.
ആച്ചുട്ടി ശരിക്കും പ്രണയിച്ചിരിക്കണം. ഉള്ളുരുകി സ്‌നേഹിച്ചിരിക്കണം. അതാണ്  ആച്ചുട്ടിയുടെ താളം  തെറ്റിപ്പോയത്. 
രാത്രി മുഴുവന്‍ തിരി താഴ്ത്തിവെച്ച മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ എത്ര വര്‍ഷമാണ് ആച്ചുട്ടി പ്രിയപ്പെട്ടവനെ കാത്തിരുന്നത്.  നേരിയ കാറ്റില്‍ പോലും തിരി കെട്ടുപോകുമോ എന്ന് ഏതുറക്കിലും അവര്‍ ഞെട്ടിയുണര്‍ന്നു.  താഴെ കവുങ്ങിന്‍തൊടിയിലെ ഉണങ്ങിയ കൂമ്പാളവീഴ്ചകള്‍ തനിക്ക് പ്രിയപ്പെട്ട പദനിസ്വനമെന്നവര്‍ വെറുതെ വിചാരിച്ചു.  ആച്ചുട്ടിയുടെ ജീവിത താളം എന്തായിരുന്നു?  പ്രണയാര്‍ദ്രതയുടെ  കുളിരില്‍ എന്നോ നഷ്ടപ്പെട്ടുപോയ ജീവിതച്ചൂടിന്റെ എരിപൊരി താളമാണോ? അതോ, നിലക്കാത്ത സ്‌നേഹത്തിന്റെ കാരുണ്യതാളമോ? എന്തായാലും അത് നിഷ്‌കളങ്കമാണ്.  ആച്ചുട്ടിത്താളമാണ് ഭൂമിയിലെ പ്രണയതാളം. ശരീരകാമനകളോട് പൊരുതി ജയിച്ച ദിവ്യതാളം. ആകാശവും ഭൂമിയും തേടുന്നത് ഇതുതന്നെയല്ലേ.  അതിനോടപ്പോള്‍ വല്ലാത്ത ഇഷ്ടം തോന്നി.
(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top