പിന്തിരിയില്ല ഞാന്‍.... വെച്ചോളൂ വെടി

പ്രഫ. യാസീന്‍ അശ്‌റഫ് No image

അന്ന് വെള്ളിയാഴ്ചയായിരുന്നു.
2018 ജൂണ്‍ 1. 1439 റമദാന്‍ 16.
ബദ്ര്‍ ഓര്‍മയിലെത്തുന്ന ദിനം.
റസാന്‍ പുലര്‍ച്ചെ തന്നെ എഴുന്നേറ്റ് അത്താഴം കഴിച്ചു.
വെള്ളിയാഴ്ചയായതുകൊണ്ട് സ്വാതന്ത്ര്യ സമരജാഥക്ക് കരുത്ത് ഏറെയുണ്ടാകും. ഇസ്രയേല്‍ ചട്ടമോ മര്യാദയോ നോക്കാതെ ആയുധം പ്രയോഗിക്കുന്നതിനാല്‍ ഇതിനകം തന്നെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
റസാന്‍ നഴ്‌സാണ്. സമരത്തില്‍ പങ്കെടുക്കുന്നവരെ ശുശ്രൂഷിക്കുക എന്നത് ഈ 21-ാം വയസ്സില്‍ സ്വയം ഏറ്റെടുത്ത ദൗത്യമാണ്.
ഇന്ന് വൈകീട്ട് നോമ്പ് തുറക്കുന്നതുപോലും സമരമുഖത്തു വെച്ചാവും. അതാണ് പതിവ്. ലളിതമായ അത്താഴം കഴിച്ച് സുബ്ഹ് നമസ്‌കരിച്ച ശേഷം ഒരുങ്ങി. നഴ്‌സിന്റെ വെള്ള യൂനിഫോം ഇട്ടിരുന്നു. കൈയില്‍ പഞ്ഞിയും ബാന്‍ഡേജും അടക്കം പ്രഥമശുശ്രൂഷക്കുള്ള സാധനങ്ങളുമുണ്ട്. അവള്‍ സലാം പറഞ്ഞ് ഇറങ്ങി.
ഉപ്പ അശ്‌റഫ് നജ്ജാറും ഉമ്മ സബ്രീന നജ്ജാറും പിന്നെ അവളെ കാണുന്നത് സന്ധ്യക്കാണ് -ജീവന്‍ ത്യജിച്ച രക്തസാക്ഷിയായിട്ട്; പത്താഴ്ചയായി നടക്കുന്ന സമാധാനപരമായ ഫലസ്തീനി 'മടക്കജാഥ'ക്കുനേരെ ഇസ്രായേല്‍ പായിച്ച വെടിയുണ്ടകളേറ്റു മരിക്കുന്ന 119-ാമത്തെയാളായിട്ട്.
***     ***     ***     ***
സയണിസ്റ്റ് അധിനിവേശ രാജ്യത്തോടു ചേര്‍ന്നുള്ള ഗസ്സ അതിര്‍ത്തിയിലാണ് ഖുസ ഗ്രാമം. ഖാന്‍ യൂനിസ് പട്ടണത്തിന്റെ കിഴക്കു ഭാഗത്ത് കിടക്കുന്ന ഈ കാര്‍ഷിക ഗ്രാമത്തിലാണ് 44-കാരന്‍ അശ്‌റഫ് നജ്ജാറും കുടുംബവും താമസിക്കുന്നത്.
ഇസ്രായേല്‍ എന്ന സയണിസ്റ്റ് രാഷ്ട്രം സ്ഥാപിക്കപ്പെട്ട ശേഷം ഫലസ്ത്വീനിലെ സ്വന്തം വീടുകളില്‍നിന്ന് കുടിയിറക്കപ്പെട്ട ലക്ഷങ്ങള്‍ അഭയം തേടിയെത്തിയത് ഗസ്സയിലാണ്. അവിടെയാകട്ടെ, പലായനത്തിന്റെ ദുരിതങ്ങള്‍ക്കുമേല്‍ ഇസ്രായേലിന്റെ ഉപരോധവും. വൈദ്യുതിയും കുടിവെള്ളവും വരെ ആവശ്യത്തിന് കിട്ടാത്ത സ്ഥിതി. 19 ലക്ഷം പേര്‍ ചെറിയ പ്രദേശത്ത് ഞെരുങ്ങിക്കഴിയേണ്ടി വരുന്ന 'ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാ'ണല്ലോ അത്.
ഉപരോധം കാരണം തൊഴിലും വിരളമാണ്. വിദ്യാഭ്യാസ സൗകര്യങ്ങള്‍ നന്നേ കുറവ്.
അശ്‌റഫ് നജ്ജാര്‍ ഒരുവിധം കഴിഞ്ഞുവന്നത്, മോട്ടോര്‍ സൈക്കിള്‍ പാര്‍ട്ടുകളുടെ കച്ചവടം നടത്തിയാണ്. എന്നാല്‍ 2014-ലെ ഇസ്രായേലീ സായുധാക്രമണത്തില്‍ അതാകെ നശിപ്പിക്കപ്പെട്ടു.
കൂനിന്മേല്‍ കുരു. ഉണ്ടായിരുന്ന ഏക ജീവിതമാര്‍ഗം അങ്ങനെ പോയി. പത്‌നിയും ആറു മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ അദ്ദേഹം വല്ലാതെ കഷ്ടപ്പെടുന്നു.
റസാന്‍ അശ്‌റഫ് നജ്ജാര്‍ മൂത്ത മകളാണ്. വീട്ടിലെ പ്രയാസങ്ങളും വിദ്യാഭ്യാസത്തിലെ അസൗകര്യങ്ങളും കാരണം സ്‌കൂളില്‍ ഉയര്‍ന്ന മാര്‍ക്കൊന്നും നേടാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.
രണ്ടു വര്‍ഷം ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റലില്‍ നഴ്‌സായി പരിശീലനം നേടി. ഫലസ്തീന്‍ മെഡിക്കല്‍ റിലീഫ് സൊസൈറ്റി എന്ന എന്‍.ജി.ഒയില്‍ വളന്റിയറായി ചേര്‍ന്നു.
തൊഴിലായിട്ടല്ല, സേവനമായിട്ട്- കഷ്ടപ്പെടുന്നവര്‍ക്കാണല്ലോ ത്യാഗസന്നദ്ധത കൂടുക.
ഗസ്സയിലെ ഓരോ കുഞ്ഞും ജനിച്ചുവീഴുന്നത് അഭിനവ ഫറോവമാരുടെ നിഷ്ഠുര വാഴ്ചയിലേക്കാണ്. സ്വന്തം നാട്ടില്‍നിന്ന് ഓടിക്കപ്പെട്ട, അഭയം നേടിയ സ്ഥലത്ത് പോലും വന്ന് വരിഞ്ഞുമുറുക്കി കൊല്ലുന്ന പൈശാചിക ക്രമത്തിലേക്ക്.
എന്നിട്ടുമവര്‍ പ്രതിഷേധിക്കുന്നത് സമാധാനപരമായിട്ടാണ്.
***     ***     ***     ***
അന്നൊരു വെള്ളിയാഴ്ചയായിരുന്നല്ലോ. പീഡിതന്റെ മനസ്സില്‍ പ്രതീക്ഷയുടെ ഉണങ്ങാത്ത ഉറവ തീര്‍ക്കുന്ന ബദ്ര്‍ ഓര്‍മകളുടെ വേള. സത്യം, സ്വാതന്ത്ര്യം, നീതി എന്നീ മൂല്യങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി നിലകൊണ്ട ഒരു ചെറുസംഘം വലിയൊരു സേനയെ നേരിട്ട് വിജയിച്ചതിന്റെ വാര്‍ഷികത്തലേന്ന്.
അനീതിയും അസ്വാതന്ത്ര്യവും അസത്യവുമാണ് ഫലസ്തീന്‍കാര്‍ക്ക് ഇസ്രായേല്‍ എന്ന മര്‍ദകരാഷ്ട്രം.
അവര്‍ക്കിത്, സ്വാതന്ത്ര്യം തേടിയുള്ള പ്രക്ഷോഭമായ 'മടക്കജാഥ'യുടെ വാര്‍ഷികം കൂടിയാണ്.
പതിവില്‍ കവിഞ്ഞ ആള്‍ബലമുണ്ടായിരുന്നു ആ വെള്ളിയാഴ്ചത്തെ ജാഥക്ക്.
ഇസ്രായേല്‍ കെട്ടിയ അതിര്‍ത്തി വേലിക്ക് സമാന്തരമായാണ് സമരക്കാര്‍ മുന്നോട്ടു പോയിരുന്നത്. പിന്നില്‍ റസാനും മെഡിക്കല്‍ സംഘവുമുണ്ട്. റസാന്‍ അടക്കം എല്ലാവരും വെള്ളക്കുപ്പായമിട്ടിരുന്നു. നഴ്‌സാണെന്ന് വിളംബരം ചെയ്യുന്ന യൂനിഫോം. അവര്‍ക്ക് ആയുധപ്രയോഗത്തില്‍നിന്ന് രക്ഷ നല്‍കേണ്ട വേഷം.
മെഡിക്കല്‍ പ്രവര്‍ത്തകരെ ആക്രമിക്കരുതെന്നത് അന്താരാഷ്ട്ര യുദ്ധനിയമമാണ്. അത് യുദ്ധക്കുറ്റങ്ങളില്‍പെടുമെന്ന് ജനീവ ഉടമ്പടിയും വ്യക്തമാക്കുന്നുണ്ട്.
പക്ഷേ, സയണിസ്റ്റ് രാഷ്ട്രത്തിന് എന്ത് നിയമം? എന്ത് മര്യാദ?
അതറിയാതെയല്ല റസാന്‍ തുടക്കം മുതലേ ജാഥയോടൊപ്പം ചേര്‍ന്നത്.
കുറച്ചുദിവസം മുമ്പാണ് അവള്‍ ഒരു പത്രത്തിന്റെ റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്: 'ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ- ആളുകളുടെ ജീവന്‍ രക്ഷിക്കണം. പരിക്കേറ്റവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ചികിത്സിക്കണം.'
അവള്‍ നിര്‍ത്തിയില്ല; അഹിംസാ സമരത്തോടുള്ള ആഭിമുഖ്യം കൂടി പ്രകടിപ്പിച്ചു: 'ലോകത്തിന് ഒരു സന്ദേശം നല്‍കാനുണ്ട്. ഞങ്ങള്‍ ആയുധമെടുക്കുന്നില്ല. അതിനാല്‍ ഞങ്ങള്‍ക്ക് എന്തും ചെയ്യാം.'
പക്ഷേ, സയണിസ്റ്റ് ഭീരുക്കള്‍ക്ക് ആയുധമില്ലാത്ത പെണ്‍കുട്ടിയെപ്പോലും പേടിയാണ്. ഒരു സമരക്കാരന് പരിക്കേറ്റത് കണ്ട റസാന്‍ അയാളെ പരിചരിക്കാന്‍ മുന്നോട്ട് ഓടിയതായിരുന്നു. അവരവളുടെ നെഞ്ചത്തുതന്നെ വെടിവെച്ചു. നഴ്‌സിന്റെ യൂനിഫോം തുളച്ച ഉണ്ട മറുഭാഗത്തുകൂടി പുറത്തുപോയി.
ധൈര്യമെന്തെന്ന് ഒരു ഇളംപ്രായക്കാരിയില്‍നിന്ന് ഇസ്രായേല്‍ പഠിക്കേണ്ടിവരും. കാരണം അവരുടെ ക്രൂരത അറിഞ്ഞുതന്നെയാണല്ലോ അവള്‍ തോക്കുധരിച്ച ആ ഭീരുക്കള്‍ക്ക് മുന്നിലൂടെ ഓടിയത്.
നോമ്പുതുറക്കാന്‍ ഒരു മണിക്കൂറോളം ബാക്കിയുണ്ട് അപ്പോള്‍. 
ഇസ്രായേലീ വേലിക്ക് നൂറു വാര പോലും അകലമില്ലാതെ പ്രതിഷേധകര്‍ മുദ്രാവാക്യമുയര്‍ത്തി മുന്നോട്ടു നീങ്ങുന്നു. അല്‍പം പിന്നിലായി റസാനും.
ഇസ്രായേലീ പട്ടാളക്കാര്‍ ഒരു കണ്ണീര്‍ വാതക കനിസ്റ്റര്‍ വിടുന്നു. അത് ദേഹത്ത് തട്ടി ഒരു ഫലസ്തീന്‍കാരന് പരിക്കേല്‍ക്കുന്നു.
ഇതു കണ്ടാണ് റസാന്‍ അങ്ങോട്ട് ഓടിയത്. പറഞ്ഞല്ലോ, നഴ്‌സാണെന്ന് യൂനിഫോം കൊണ്ടു തന്നെ വ്യക്തമാണ്. പോരെങ്കില്‍, നിരായുധയാണെന്ന് കാണിക്കാന്‍ രണ്ട് കൈയുമുയര്‍ത്തിയാണ് ഓട്ടം.
ഇസ്രായേലീ സ്വതന്ത്രപത്രമായ 'ഹാരറ്റ്‌സി'നോട് ഒരു സഹ നഴ്‌സ് പിന്നീട് ആ നിമിഷങ്ങള്‍ അനുസ്മരിച്ചു:
'അവളങ്ങനെ ഓടിച്ചെല്ലുമ്പോള്‍ ഞാന്‍ വിളിച്ചു പറഞ്ഞതാണ്, അതപകടമാണെന്ന്. മുറിവേറ്റയാളെ സഹായിക്കാതെ പറ്റില്ലെന്നും മരിക്കാന്‍ പേടിയില്ലെന്നുമായിരുന്നു അവളുടെ മറുപടി.'
സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ നന്നായി ഇതെല്ലാം ചെയ്യാനാവുമെന്ന് മുമ്പൊരിക്കല്‍ റസാന്‍ ഒരു ലേഖകനോടു പറഞ്ഞിരുന്നു.
അവളങ്ങനെ ആ പരിക്കേറ്റയാളുടെ അടുത്ത് ഓടിയെത്തി. ബാന്‍ഡേജെടുത്തു. അപ്പോഴാണ് ആ വെടി. നിരായുധയായ പെണ്‍കുട്ടിയുടെ നെഞ്ചത്തേക്ക് സയണിസ്റ്റ് വെടി.
റസാന്‍ വീണു. വെള്ളക്കുപ്പായമാകെ ചോരയില്‍ കുതിര്‍ന്നു.
ബന്ധു കൂടിയായ ഇബ്‌റാഹീം നജ്ജാറും മറ്റുചിലരും ചേര്‍ന്ന് അവളെ ആംബുലന്‍സിലാക്കി. ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തുന്നത്. ഉടന്‍ ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ഗസ്സ ആശുപത്രിയിലേക്ക് വിട്ടു.
അവിടെ ഓപറേഷന്‍ മുറിയില്‍ വെച്ച് റസാന്‍ രക്തസാക്ഷ്യം പൂകി.
***     ***     ***     ***
വിലാപയാത്രയില്‍ അവളുടെ ഉപ്പ, ചോരപുരണ്ട അവളുടെ ഉടുപ്പും കൈയില്‍ പിടിച്ചിരുന്നു.
പിറ്റേന്ന്, ആ ചോരക്കുപ്പായം മാധ്യമങ്ങള്‍ക്കു മുമ്പാകെ ഉയര്‍ത്തിക്കാട്ടി റസാന്റെ ഉമ്മ പറഞ്ഞു: 'കണ്ടില്ലേ, ഇതാണ് എന്റെ മകള്‍ ധരിച്ച ആയുധം.'
വെടിയേല്‍ക്കുന്ന സമയത്ത് റസാന്റെ പക്കല്‍ പൊട്ടിക്കാത്ത രണ്ട് ബാന്‍ഡേജ് ചുരുളുകള്‍ ഉണ്ടായിരുന്നു. അത് എടുത്തുകാട്ടി ഉമ്മ തുടര്‍ന്നു: 'കണ്ടില്ലേ, ഇതായിരുന്നു അവളുടെ വെടിക്കോപ്പ്.'
പക്ഷേ, ഇസ്രയേല്‍ അങ്ങനെയാണ്. ഡ്യൂട്ടിയിലുള്ള നിരായുധരായ ആരോഗ്യപ്രവര്‍ത്തകരെ വെടിവെക്കാന്‍ അസാമാന്യമായ 'ധൈര്യ'മാണവര്‍ക്ക്. കുറച്ചു ദിവസം മുമ്പാണല്ലോ അവര്‍ മൂസ ജാബിര്‍ അബൂ ഹസനൈന്‍ എന്ന ആരോഗ്യ-രക്ഷാ പ്രവര്‍ത്തകനെയും വധിച്ചത്.
എന്നിട്ടും റസാന്‍ മടിച്ചുനിന്നില്ല. എല്ലാ വെള്ളിയാഴ്ചയും അവള്‍ക്ക് ആവേശമായിരുന്നു. 13 മണിക്കൂറു നേരം രോഗികളെ പരിചരിച്ച ശേഷം അവള്‍ വിശ്രമിക്കാന്‍ വീട്ടിലേക്ക് മടങ്ങുകയല്ല ചെയ്തിരുന്നത്. മറിച്ച്, ആശുപത്രിയില്‍ തന്റെ ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ പോകും- റമദാനിലും.
മുമ്പൊരിക്കല്‍ ഇസ്രായേലികള്‍ വര്‍ഷിച്ച കണ്ണീര്‍വാതകം ശ്വസിച്ച് റസാന് അസുഖം പിടിച്ചു. ഏപ്രില്‍ 13-ന് പരിക്കേറ്റ ഒരാളുടെ അടുത്തേക്ക് ഓടുന്നതിനിടെ വീണ് കൈത്തണ്ട മുറിഞ്ഞു. ആശുപത്രിയില്‍ പോയി ചികിത്സ തേടാന്‍ കൂടെയുള്ളവര്‍ പറഞ്ഞെങ്കിലും അവള്‍ കൂട്ടാക്കിയില്ല. 'ഇവിടെയാണെന്റെ ഡ്യൂട്ടി' എന്നായിരുന്നു മറുപടി.
ഒരുപാട് പേരെ പരിചരിക്കുന്നതിനിടെ റസാന്‍ കുറേയാളുകളുടെ അന്ത്യനിമിഷങ്ങള്‍ക്കും സാക്ഷിയായി. പലര്‍ക്കും 'ശഹാദ' ചൊല്ലിക്കൊടുത്തത് അവളാണ്. ചിലര്‍ക്ക് ഒസ്യത്ത് രേഖപ്പെടുത്താന്‍ അവളാണ് സഹായമായുണ്ടായത്. 'ചിലര്‍ മരണക്കിടക്കയില്‍ വെച്ച് എനിക്ക് സമ്മാനങ്ങള്‍ തന്നു' എന്ന് അവളൊരിക്കല്‍ 'അല്‍ജസീറ'യോട് വെളിപ്പെടുത്തി.
***     ***     ***     ***
കൊല്ലപ്പെടുന്നതിന്റെ തലേന്നാണ് റസാന്‍ ഫേസ്ബുക്കില്‍ തന്നെ അവസാന സന്ദേശമിടുന്നത്. അതിന്റെ ആശയം ഇങ്ങനെ:
'ഞാന്‍ (സമരരംഗത്തേക്ക്) തിരിച്ചുവരിക തന്നെ ചെയ്യും; പുറം തിരിഞ്ഞ് പോകില്ല. വരൂ, ബുള്ളറ്റുകള്‍ വര്‍ഷിക്കൂ; എനിക്ക് ഭയമില്ല. എന്നും നാട്ടുകാര്‍ക്കൊപ്പം മുന്നോട്ട്- സമാധാനപരമായിട്ട്.'
അവള്‍ മുന്നോട്ടു തന്നെ പോയി, അവരുടെ വെടിയുണ്ടകളെ കൂസാതെ.
റസാന്‍ കൊല്ലപ്പെടുമ്പോള്‍ അങ്ങ് ഐക്യരാഷ്ട്രസഭയില്‍ യു.എസ് പ്രതിനിധി നിക്കി ഹേലി, സിവിലിയന്മാരെ കൊല്ലുന്നതില്‍നിന്ന് ഇസ്രായേലിനെ വിലക്കണമെന്ന കുവൈത്തിന്റെ പ്രമേയം വീറ്റോ ചെയ്യുകയായിരുന്നു.
പ്രഫ. കാമില്‍ ഹവ്വാശ് ഇതേപ്പറ്റി നിശിതമായ ഒരു ലേഖനമെഴുതി. അത് അവസാനിച്ചത് ഇങ്ങനെ - ഫലസ്ത്വീന്‍ സ്വാതന്ത്ര്യ മോഹത്തിന്റെ മേല്‍ സ്വജീവന്‍ കൈയൊപ്പാക്കിയ റസാനെ നിക്കി ഹേലിയുമായി താരതമ്യപ്പെടുത്തുകയാണ് അദ്ദേഹം:
2018 ജൂണ്‍ ഒന്നിന് റസാന് ജീവന്‍ നഷ്ടപ്പെട്ടു. നിക്കി ഹേലിക്ക് മനുഷ്യത്വവും.... മനുഷ്യസ്‌നേഹം നിറഞ്ഞ അഭിമാനിയായ ഫലസ്തീനിയായിക്കൊണ്ട് മരണമടഞ്ഞ റസാന്‍ സ്വന്തം പേരില്‍തന്നെ അറിയപ്പെടും. എന്നാല്‍ സിഖ് കുടിയേറ്റക്കാരുടെ കുടുംബത്തില്‍പെട്ട നിമ്രത രണ്‍ധവ മരിക്കുക സ്വന്തം പാരമ്പര്യം മറച്ച് നിക്കി ഹേലി എന്ന കടംകൊണ്ട പേരുമായിട്ടാവും. റസാനെ നിസ്വാര്‍ഥ സമര്‍പ്പണത്തിന്റെ പേരില്‍ ലോകമറിയും; നിക്കി ഹേലിയെ ലോകമറിയുക ഇസ്രായേല്‍ എന്ന ഭീകര, അപ്പാര്‍ത്തെറ്റ് രാഷ്ട്രത്തെ പിന്തുണച്ചതിന്റെ പേരിലായിരിക്കും. വിശുദ്ധ നാട്ടില്‍ സമാധാനം സ്ഥാപിക്കാനുള്ള സ്വാധീനമൊന്നും റസാനുണ്ടായിരുന്നില്ല; എന്നാല്‍ അതിശക്തമായ ഓഫീസിലിരിക്കുന്ന ഹേലിക്ക് ഫലസ്തീന്‍കാര്‍ക്ക് സുരക്ഷയും മേഖലക്ക് സമാധാനവും നല്‍കാനുള്ള ശേഷി ഉണ്ടായിരുന്നു. റസാനായിരുന്നു ആ ഉന്നത സ്ഥാനത്തെങ്കില്‍ ലോകം കുറേക്കൂടി നന്നായേനെ.
വിട, റസാന്‍ അല്‍ നജ്ജാര്‍. ഒരു കോടി നിക്കി ഹേലിമാരുടെ മാറ്റുണ്ട് നിനക്ക്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top