സാധാരണക്കാരായ നമുക്ക് സങ്കടമൊഴിഞ്ഞ നേരമില്ല. ജീവിതത്തിന്റെ പ്രധാന സംഭാവന സങ്കടമാണെന്ന് പറയാറുള്ളത് ഇതിനാലാണല്ലോ. എന്താണ് നമ്മുടെ ഈ സങ്കടമഹാസാഗരത്തിനു കാരണം? ഇതറിയാന്‍ സ്‌കാനിങ്ങോ ലബോറട്ടറി പരീക്ഷണങ്ങളോ ഒന്നും വേണമെന്നില്ല. സ്വയം ഒരു വിചാരണ നടത്തിയാല്‍ മതി.
സാധാരണക്കാരായ നമുക്ക് സങ്കടമൊഴിഞ്ഞ നേരമില്ല. ജീവിതത്തിന്റെ പ്രധാന സംഭാവന സങ്കടമാണെന്ന് പറയാറുള്ളത് ഇതിനാലാണല്ലോ. എന്താണ് നമ്മുടെ ഈ സങ്കടമഹാസാഗരത്തിനു കാരണം? ഇതറിയാന്‍ സ്‌കാനിങ്ങോ ലബോറട്ടറി പരീക്ഷണങ്ങളോ ഒന്നും വേണമെന്നില്ല. സ്വയം ഒരു വിചാരണ നടത്തിയാല്‍ മതി.
ഉദ്ദേശിച്ചിടത്ത് കാര്യങ്ങള്‍ എത്തുന്നില്ല എന്നതാണ് സങ്കടത്തിന് പൊതുവായ കാരണം. ആരാണ് ഉദ്ദേശിച്ചത്? നാം തന്നെ. ഉദ്ദേശിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഭാവനയുടെ അടിസ്ഥാനത്തില്‍. അപ്പോള്‍ ഭാവനയാണോ കുഴപ്പക്കാരന്‍? ആണെന്നും അല്ലെന്നും പറയാം. സന്തോഷം കണ്ടെത്തണം എന്ന ലക്ഷ്യത്തോടെയാണ് ഭാവന അന്വേഷണം തുടങ്ങുന്നത്. എവിടെയോ വെച്ച് അത് കാടുകയറുകയാണ്. ഭാവനാശാലികള്‍ക്കാണ് സങ്കടം കൂടുതല്‍ വരിക. മാനസികമായ അനാരോഗ്യത്തിലും ആത്മഹത്യയില്‍പോലും ഇപ്പോള്‍ രാജ്യത്ത് ഒന്നാമത് കേരളമായില്ലേ? നാം കൂടുതല്‍ ഭാവനാശേഷി ഉള്ളവരായതു തന്നെ കാരണം. ഉര്‍വശീശാപം ഉപകാരമല്ലേ ആകേണ്ടത്?
എവിടെയാണ് പിഴയ്ക്കുന്നത്? ഒരു സങ്കല്‍പം മെനയുന്നു. ഞാന്‍ എന്തായിത്തീരണം എന്ന സങ്കല്‍പം. അത് എന്തായിരുന്നാലും മറ്റുള്ളവരുടെ കണ്ണില്‍ ഞാന്‍ എന്തായിരിക്കണം എന്ന സങ്കല്‍പം. പിന്നെ ഞാന്‍ എന്തായിക്കൂട എന്ന സങ്കല്‍പവും. ഇങ്ങനെ മൂന്നുതരം സങ്കല്‍പങ്ങള്‍. ഈ മൂന്നില്‍ ഏതെങ്കിലും ഒരിനമെങ്കിലും സ്ഥിരമായി ഇരിക്കുമോ? അതൊട്ടില്ലതാനും. പോരേ പൂരം.
ഞാന്‍ എന്താകണമെന്ന എന്റെ സങ്കല്‍പം കാലന്തോറും മാറിവരും. സ്വന്തം കൂരയില്‍ തലചായ്ക്കുന്നവന്‍ എന്ന സങ്കല്‍പത്തില്‍നിന്ന് ആയിരക്കണക്കിനേക്കറിന്റെ ഉടമസ്ഥന്‍ എന്ന സങ്കല്‍പത്തിലേക്ക് മാറുന്നത് തുടക്കത്തിലേ ഒരു കുടുക്കുമസാലയാണ്. വികൃതിക്കൂട്ടുകാരുടെ ഇടയില്‍ തനിക്കുള്ള പ്രതിച്ഛായയല്ല ഒരു കുട്ടിയും തന്റെ രക്ഷിതാക്കളില്‍ തനിക്ക് ഉണ്ടായിക്കാണാന്‍ ആശിക്കുക. ഒരാള്‍ക്ക് തന്റെ ഭാര്യയുടെ മനസ്സില്‍ തന്നെപ്പറ്റിയുണ്ടാകേണ്ട പ്രതിച്ഛായയല്ല ഒരു കാമുകിയുണ്ടെങ്കില്‍ അവരുടെ മനസ്സില്‍ ഉണ്ടായിക്കാണേണ്ടത് കടം നല്‍കുന്ന ബാങ്കിന്റെ പ്രതിച്ഛായയല്ല തന്നെപ്പറ്റി ഒരു വ്യവസായിക്കും ആദായനികുതി വകുപ്പിനും ഉണ്ടായിക്കിട്ടേണ്ടത്. വാദിയായി ചെല്ലുമ്പോഴുള്ള പ്രതിച്ഛായയല്ല ഞാന്‍ പ്രതിയായി ചെല്ലുമ്പോള്‍ എന്നെപ്പറ്റി ഒരു കോടതിയില്‍ ഉണ്ടായിക്കാണാന്‍ ഞാന്‍ ആശിക്കുന്നത്.
മറ്റുള്ളവര്‍ എന്താകണമെന്ന എന്റെ സ്വപ്‌നവും മഹാഗുലുമാലാണ്. ഭാര്യ എങ്ങനെ ഇരിക്കണമെന്ന് പ്രതിച്ഛായയുമായി അവരുടെ ഇരിപ്പ് ഒരിക്കലും പൊരുത്തപ്പെടണമെന്നില്ല. തിരിച്ചും ഇങ്ങനെതന്നെ. ഏറ്റവും കുഴപ്പം കുട്ടികളെക്കുറിച്ചുള്ള സങ്കല്‍പമാണ്. എന്റെ സങ്കല്‍പത്തിലെ മനുഷ്യരായി എന്റെ കുട്ടികള്‍ വളരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരിക്കലും നടപ്പുള്ള സംഗതിയല്ല ഇത്. കുട്ടികളില്‍ മിക്കവരും ഇതേതരം സങ്കല്‍പരോഗികളായാണല്ലോ ഇക്കാലത്ത് വളരുന്നത്. അവര്‍ അച്ഛന്‍ അവരുടെ സങ്കല്‍പത്തിലെ അച്ഛനായി വളരണമെന്ന് ആശിക്കുന്നു. പിന്നെ പൊടിപൂരം.
ഇത്തരത്തിലുള്ള ഓരോ സങ്കല്‍പവും ഓരോ ഭൂതമാണ്. അത് നമ്മെ ആവേശിക്കുന്നു. ഇവ നമ്മില്‍ വികാരങ്ങള്‍ ജനിപ്പിക്കുന്നു. പ്രതീക്ഷ, ആശ, ഉത്കണ്ഠ, ഉദ്വേഗം, ഭയം, കാമം, ക്രോധം എന്നിങ്ങനെ. ഭൂതാവേശിതരായ നാം ഏതെങ്കിലും ഒരു ഭൂതം ജനിപ്പിക്കുന്ന ഏതെങ്കിലും ശക്തിയായ വികാരത്തിന്റെ പിടിയിലായിരിക്കും, എപ്പോഴും. എല്ലാം ഭൂതങ്ങളും സങ്കടങ്ങളേ തരികയുള്ളൂ. ചിലപ്പോള്‍ ഈ ഭൂതങ്ങള്‍ മഹാ ആപത്കാരികളുമാണ്.
ഒരു ഉദാഹരണം നോക്കൂ. ജീവിതത്തില്‍ വിജയിച്ച ആള്‍ എന്ന പ്രതിച്ഛായ ഇക്കാലത്ത് പണക്കാര്‍ക്കാണല്ലോ ഉള്ളത്. അതിനാല്‍ അതാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒത്തില്ലെങ്കില്‍ ദുഖമായി. ഇനി അഥവാ അല്‍പം ഒത്താലോ? അപ്പോഴും ദുഃഖം തന്നെ. പത്തുകിട്ടിയാല്‍ പിന്നെ ദുഖം എവ്വിധം വളരുന്നു എന്ന് പൂന്താനം പറഞ്ഞിരിക്കുന്നു. നൂറുണ്ടാക്കാന്‍ തീവ്രപ്രയത്‌നമാണ് പിന്നെ. കൂടുതല്‍ ഉണ്ടാക്കാനുള്ള ബദ്ധപ്പാടില്‍ അരുതാത്തത് ചെയ്യുന്നതുകൊണ്ടുള്ള കുറ്റബോധവും സങ്കടവും ഒരുവക. ഉള്ളതിലേറെ ഉണ്ടെന്നു ഭാവിക്കാനുള്ള ശ്രമത്തിന്റെ ദുരിതം വേറൊരുവക. വാങ്ങിക്കൂട്ടുന്ന കടം തിരികെ കൊടുക്കാനാവാതെ വരുമ്പോള്‍ പരമനരകം. അവസാനം ജപ്തിയാവുമ്പോള്‍ ഞാന്‍ അന്നേവരെ വളര്‍ത്തിയ എന്റെ പ്രതിച്ഛായ എന്നോട് പറയുന്നു. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല.
മിക്ക ആത്മഹത്യയുടെയും കാരണം ഈ പ്രതിച്ഛായയുടെ വിധിയും വിധിന്യായവും ആണ്. മറ്റു പ്രതിച്ഛായകള്‍ ചെറുക്കാതിരിക്കുന്നില്ല. ഈ ചെറുത്തുനില്‍പും ഒട്ടും സന്തോഷകരമല്ല.
ചുരുക്കത്തില്‍ ജീവിതത്തിലെ ഓരോ നിമിഷവും അനേകം പ്രതിച്ഛായാഭൂതങ്ങള്‍ പരസ്പരം പൊരുതുന്ന അങ്കക്കളമാണ് നമ്മുടെ അന്തരംഗം. ആധുനിക മനശാസ്ത്രം ഇപ്പോള്‍ ഈ അവസ്ഥയുടെ ആഴങ്ങള്‍ കണ്ട് അന്തംവിട്ട് നില്‍പാണ്. ഓരോ പ്രതിച്ഛായക്കും ചികിത്സക്ക് ഓരോതരം സ്‌പെഷ്യാലിറ്റി ഉരുത്തിരിയുന്നുമുണ്ട്. പണ്ടേ ഇതിന് ഓരോ കോംപ്ലക്‌സ് എന്നുപേരിടാറുണ്ട്. കൗണ്‍സലിങ് എന്ന മന്ത്രോപദേശവിദ്യയാണ് പ്രധാന പരിഹാരം.
മന്ത്രവാദികളുടെയും മാന്ത്രിക ഏലസ്സുകാരുടെയും വളക്കൂറുള്ള കൃഷിയിടവും ഇങ്ങനെ ഗതികെട്ട മനുഷ്യമനസ്സാണ്. ഉഴിഞ്ഞുവാങ്ങിയോ ഹോമം നടത്തിയോ ഉറുക്കും ഏലസ്സും കെട്ടിയോ ഈ ഭൂതങ്ങളെ അകറ്റാമെന്നാണ് ഇവര്‍ ഉന്നയിക്കുന്ന അവകാശവാദം. അതുന്നയിക്കുമ്പോഴും അവര്‍ക്കൂടി അവരുടെ മനസ്സിലെ ഭൂതങ്ങളെ പരിരക്ഷിക്കാനുള്ള ബദ്ധപ്പാടിലുമാണ്. തൊട്ടപ്പുറത്തെ കടയിലേക്ക് വഴിമാറിപോകാതിരിക്കാന്‍ നടവരമ്പിന്റെ ഭൂപടംവരെ വെച്ച് പരസ്യം ചെയ്യുന്നു.
സത്യാവസ്ഥ സരളമാണ്. ഈ ഭൂതങ്ങളില്‍നിന്നെല്ലാം രക്ഷപ്പെടാനുള്ള ഒരേയൊരു വഴി ആ സത്യാവസ്ഥ അറിയുകയാണ്. നമ്മുടെ ഉള്ളിലുള്ള യഥാര്‍ഥ നാം എന്താണ് എന്ന അറിവാണത്. പ്രപഞ്ചത്തിന്റെ അടിസ്ഥാനബലമായ ഈശ്വരനാണ് നമ്മിലെ യഥാര്‍ത്ഥ നാം. മറ്റുള്ളതെല്ലാം ഓരോ അറിവില്ലായ്മയുടെ ഫലമാണ്. അതായത്, ഓരോ അറിവില്ലായ്മ നീങ്ങുമ്പോഴും ഓരോ ഭൂതം ഒഴിഞ്ഞുപോകും. ആ ഭൂതത്തിന്റെ മുഖത്തുനോക്കി നമുക്കപ്പോള്‍ ചിരിക്കാന്‍ കഴിയും.
ശാരീരിക വേദനപോലും അറിവില്ലായ്മയാണെന്നാണ് യോഗികളുടെ മതം (വേദം=അറിവ്, ന=ഇല്ല, വേദന=അറിവില്ലായ്മ). അനസ്‌തേഷ്യ കൂടാതെ ശസ്ത്രക്രിയ സാധിക്കാമെന്ന് അവര്‍ പറയും. അത് ചെയ്തു കാണിച്ചവരും ഉണ്ട്. അതിരിക്കട്ടെ, അത്രയുമൊന്നും പെട്ടെന്ന് സാധിച്ചെന്നുവരില്ല. സാധാരണക്കാരായ നാം അത്രേടം തത്കാലം ആശിക്കേണ്ട. മനസ്സിലെ വേദന ശമിച്ചുകിട്ടിയാല്‍ മതി. അതിന്, സ്വയം തിരിച്ചറിയുക മാത്രമേ വേണ്ടൂ എന്നറിയുമ്പോഴാണ് ഇത്രയും കാലം നാം സഹിച്ചതൊക്കെ വെറുതെ ആയിരുന്നു എന്നറിയുക. പിന്നെ സുഖം.
എന്തുകാര്യത്തിനായാലും വൈകാരികമായ ആവേശം തോന്നുമ്പോള്‍ ഒരു നിമിഷം ആലോചിക്കുക. ഇപ്പോള്‍ എന്നെ മൂക്കുകയറിട്ട് നയിക്കാന്‍ ശ്രമിക്കുന്നത് ഏത് ഭൂതമാണ്? എന്നിലെ യഥാര്‍ഥ ഞാന്‍ ആണല്ലോ അത്? അല്ലെങ്കില്‍ അതിനെ നേര്‍ക്കുനേരെ നിര്‍ത്തി അതിന്റെ മുഖത്തുനോക്കി നന്നായി ചിരിചിരിക്കുക. വേല കൈയിലിരിക്കട്ടെ. ആശാനേ എന്നുതന്നെ അര്‍ഥം വരുന്ന ഒരു ചിരിയായിരിക്കട്ടെ അത്, അല്ല, എന്നില്ല യഥാര്‍ഥമായ ഞാന്‍ തന്നെയാണ് പ്രചോദനമെങ്കില്‍, നല്ല ഉറപ്പുണ്ടെങ്കില്‍ ഏതറ്റംവരെയും പോകാം. പോകണം. ആ പോക്കില്‍ സംഭവിക്കുന്ന ജീവഹാനിപോലും നമുക്ക് സങ്കടകരമാവില്ല. സ്വധര്‍മമാണോ അനുഷ്ഠിക്കാന്‍ പോകുന്നത് എന്നതുതന്നെ പ്രധാന ചോദ്യം. അതെങ്ങനെ അറിയാമെന്നാണെങ്കില്‍ അത് ഉള്ളില്‍നിന്ന് വരുന്നതായിരിക്കും. പ്രപഞ്ചഹിതത്തിന് ഇണങ്ങുന്നതുമായിരിക്കും. ഒരു നേതാവും പറയുന്നതാവില്ല എന്ന സാമാന്യനിയമമേ നിയമകമായി ഉള്ളൂ. ആകെ ഒരു ജീവിതമേ തത്കാലം ഉള്ളൂ എന്ന ധാരണ മുഖ്യരക്ഷാധികാരിയായിരിക്കട്ടെ.
ഒന്നിലും തോല്ക്കാതിരിക്കാന്‍
രചന : സി. രാധാകൃഷ്ണന്‍
്രപസാധനം : മാതൃഭൂമി ബുക്‌സ്
വില : 190
ഓര്‍മയില്‍ ഒരു ദിവ്യ വസന്തം
കെ.സി.കരിങ്ങനാട്
യാതൊരു അടുക്കും ചിട്ടയുമില്ലാത്ത ജീവിതത്തെ സംസ്‌കരിക്കാന്‍ ഒരുപാട് ആത്മീയാനുഭൂതിയും പ്രസരിപ്പുമാണ് ജി.ഐ.ഒ പാലക്കാട് ജില്ലാകമ്മിറ്റി പ്രസാധനം ചെയ്ത 'ഓര്‍മയില്‍ ഒരു വസന്തം' എന്ന പുസ്തകം നല്‍കുന്നത്. ജീവിതത്തിന്റെ വസന്തകാലത്ത് തന്നെ കാലയവനികക്കുള്ളിലേക്ക് പടിയിറങ്ങിപ്പോയ സി.എം.റബീഹയെന്ന ചെറുപ്പക്കാരിയുടെ ഓര്‍മപുസ്തകത്തിലെ ഓരോ വാക്കുകളും പകര്‍ന്നുനല്‍കുന്നത്. വായിക്കുന്തോറും കണ്ണുകളെ ഈറനണിയിച്ചുകൊണ്ടേയിരിക്കും. ഓരോ അനുഭവങ്ങളും അകം പൊള്ളിക്കുമാറ് കാമ്പുള്ള വാക്കുകളും ഓര്‍മകളുമാണ് ഇഴചേര്‍ന്ന് കിടക്കുന്നത്. എല്ലാ അക്ഷരങ്ങളിലും ദൈവസാമീപ്യവും ഉള്‍ക്കടമായ ദിവ്യാനുഭൂതിയും കോരിച്ചൊരിയുന്നുണ്ട് താനും. കുറഞ്ഞ കാലം കൊണ്ട് കൂടുതല്‍ ദൂരം സഞ്ചരിച്ച് ഒരു മനുഷ്യായുസ്സ് മുഴുവന്‍ ചെയ്ത് തീര്‍ക്കേണ്ട കര്‍മങ്ങള്‍ ചെയ്ത് തീര്‍ത്തുവെന്ന് പറയുമ്പോള്‍ അതിലൊട്ടും അതിശയോക്തി പ്രകടിപ്പിക്കാനാവില്ല. പ്രത്യേകിച്ച്, പേരിനെ അന്വര്‍ഥമാക്കിയവരെ കുറിച്ച.് ചിലരങ്ങനെയാണ്, മരിച്ചാലും അനേകായിരം ഹൃദയങ്ങളിലൂടെ ജീവിച്ചുകൊണ്ടേയിരിക്കും. അതിന്റെ മകുടോദാഹരണമാണ് ഈ ചെറുപ്പക്കാരി. ചെറുപ്പം മുതലേ തന്റെ കൂടപ്പിറപ്പായ ഡയറിത്താളുകളില്‍ കോറിയിട്ട വരികളാണ് ഇന്ന് ചിന്തിക്കാന്‍ ഒരുപാട് വകകള്‍ നല്‍കുന്നതായി മാറിയത്. ജീവിച്ച കാലത്തെ തന്മയത്വത്തോടുകൂടി അടയാളപ്പെടുത്താന്‍ റബീഹക്ക് സാധിച്ചിരുന്നുവെന്ന് ഈ പുസ്തകത്തിലെ ഓരോ താളുകളും അനുവാചകരോട് സദാ വിളിച്ചോതിക്കൊണ്ടിരിക്കുന്നു. ഭൗതികതയുടെ മോഹാലസ്യങ്ങളില്‍ അഭിരമിച്ചുപോയ നമ്മുടെ ജീവിതത്തെ പുതുക്കിപ്പണിയാനുള്ള കരുത്ത് എന്തുകൊണ്ടും ഈ ഓര്‍മക്കുറിപ്പുകള്‍ക്കുണ്ട്. മരിക്കാത്ത ഓര്‍മകള്‍ എന്നും കൂടെയുള്ളവര്‍ക്ക് ജീവിതത്തിന്റെ ലക്ഷ്യമെന്തെന്ന് ബോധ്യപ്പെടുത്താന്‍ ഈയൊരു പുസ്തകം തന്നെ ധാരാളം. ഇരുളടഞ്ഞ വഴികളിലെന്നും ദിവ്യത്വത്തിന്റെ പൊന്‍കിരണങ്ങള്‍ തെളിച്ച് നമ്മെ നന്മയിലേക്ക് കൂട്ടികൊണ്ടുപോവുന്ന അനുഭവങ്ങള്‍. വായിച്ചുതീര്‍ന്നാല്‍പോലും ഹൃദയത്തിലെ നീറ്റല്‍ വിട്ടുമാറാത്തതിന്റെ കാരണങ്ങള്‍ പോലും വഴിതെളിക്കുന്നത് അത്തരമൊരു കാര്യത്തിലേക്കാണ്. ജീവിതമെന്താണെന്നും, ജീവിതത്തിന്റെ ലക്ഷ്യമെന്താണെന്നുമറിയാത്ത അലക്ഷ്യമായി അലയുന്നവര്‍ക്ക് ഒരു വഴികാട്ടിയാണീ പുസ്തകം. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെടുമെന്ന് തോന്നുന്നവര്‍ക്കും പ്രതീക്ഷകളറ്റുപോയവര്‍ക്കും ഒരു കൈത്തിരി. കേവലം ഒരോര്‍മപുസ്തകമെന്നതിലുപരി ഇതൊരു കൈപുസ്തകമാക്കുകയാണെങ്കില്‍ റബീഹയുടെ ജീവിതം പോലെ നമ്മുടെ വരും കാലവും നമുക്ക് വസന്തം വിരിയിക്കാനാവും, തീര്‍ച്ച.
ഓര്‍മയില്‍ ഒരു വസന്തം
വിതരണം: വചനം ബുക്‌സ്
പ്രസാധനം : ജി.ഐ.ഒ. പാലക്കാട്
വില : 100
പേജ് : 98