സമൂഹമണ്ഡലങ്ങളില്‍ സ്ത്രീ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് സംസ്ഥാനത്തിന്റെ ക്രമസമാധാനമേഖലകൂടി പെണ്‍മേധാവിത്വത്തിന് കീഴിലാകുന്നത്.
സമൂഹമണ്ഡലങ്ങളില്‍ സ്ത്രീ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് സംസ്ഥാനത്തിന്റെ ക്രമസമാധാനമേഖലകൂടി പെണ്‍മേധാവിത്വത്തിന് കീഴിലാകുന്നത്. ക്രമസമാധാന മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന പുതിയ നയം സ്ത്രീ ശാക്തീകരണ മികവ് ഉയര്‍ത്തുന്നതോടൊപ്പം കുതിച്ചുയരുന്ന സ്ത്രീ പീഢനങ്ങളുടെ നിരക്ക് താഴ്ത്താനുപകരിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കേരളത്തിലെ സ്ത്രീജനങ്ങള്‍.
പരിഭവങ്ങളും പരാതികളും പ്രയാസങ്ങളും മാത്രം കേള്‍ക്കാറുള്ള, ക്രൂരതയും കുറ്റകൃത്യങ്ങളും മാത്രം കാണാനാകുന്ന ഇടമാണ് പോലീസ് സ്‌റ്റേഷനുകള്‍. ആര്‍ദ്രമായ സ്ത്രീ ഹൃദയത്തിന്റെ ഉള്ളുലക്കുന്ന പോലീസ് സ്‌റ്റേഷന്റെ മേധാവിത്വം കാക്കിയോളം കടുപ്പമേറിയ മനസ്സുള്ളവര്‍ തന്നെ എന്നും വേണമോ എന്ന ചിന്ത അസ്ഥാനത്താക്കിയാണ് കേരളത്തിന്റെ പിന്നോക്ക വിഭാഗത്തില്‍ നിന്നും പ്രഥമ വനിത എസ്.എച്ച്.ഒ (സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍) ആയി ഒരു സ്ത്രീ നിയമിതയാകുന്നത്. കോഴിക്കോട് 1973-ല്‍ സ്ഥാപിതമായ ചെമ്മങ്ങാട് സ്റ്റേഷന്റെ മേധാവിയായി ശ്രീമതി. വി. സീതയാണ് ആ സ്ഥാനത്തേക്കെത്തിയത്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വനിതാ ഉദ്യോഗസ്ഥ, സ്‌റ്റേഷന്‍ മേധാവിയായി എത്തുന്നത് ഉചിതമെന്ന കണ്ടെത്തലാണ് ഈ നിയമന ഉത്തരവിന് പിന്നില്‍.
മലപ്പുറം ജില്ലയിലെ വെളിമുക്ക് പാലക്കല്‍ വീട്ടില്‍ നായ്ടി - കുഞ്ഞാത ദമ്പതികളുടെ നാല് മക്കളില്‍ പെണ്‍കുട്ടിയായ സീത പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ബാല്യകാലാനുഭവത്തിലൂടെയാണ് പിച്ചവെക്കുന്നത്. അന്നത്തെ കുട്ടിക്കാല അനുഭവങ്ങള്‍ വലിയ സ്വപ്‌നങ്ങള്‍ കാണുന്നതില്‍ നിന്നും തടഞ്ഞെങ്കിലും കൗമാരത്തില്‍ ആത്മവിശ്വാസത്തോടെ പ്രതീക്ഷയും പ്രത്യാശയും വെച്ചുപുലര്‍ത്തി. ഒരു സര്‍ക്കാര്‍ ജോലി നേടുമെന്ന ഉറച്ച തീരുമാനത്തിന് മുമ്പില്‍ അവളുടെ പ്രതിസന്ധികള്‍ വഴിമാറിക്കൊടുക്കേണ്ടിവന്നു. പ്രീഡിഗ്രി പഠനത്തിനുശേഷം പോലീസ് വകുപ്പിലേക്ക് നിയമനം നേടി. മലപ്പുറം, താനൂര്‍, തിരൂര്‍, കോട്ടയം, തേഞ്ഞിപ്പലം പോലീസ് ട്രെയിനിംഗ് കോളേജ് തുടങ്ങി വിവിധ സ്‌റ്റേഷനുകളിലായി കാല്‍നൂറ്റാണ്ടിലധികം ആത്മാര്‍ത്ഥ സേവനമനുഷ്ഠിച്ചു. ഏഷ്യയിലെ ആദ്യ വനിതാ സ്‌റ്റേഷനായ കോഴിക്കോട് വനിതാ സ്‌റ്റേഷന്റെ മേധാവിത്വം ഏറ്റെടുത്തപ്പോള്‍ തന്നെ പരാതികളോടുള്ള പക്വമായ ഇടപെടലിലൂടെ ജാഗ്രതയും കാര്യക്ഷമതയുമുള്ള തന്റെ ഔദ്യോഗിക രംഗം തിളക്കമുള്ളതാക്കി മാറ്റാന്‍ സീതക്കു കഴിഞ്ഞു.
ക്രമസമാധാന മേഖലക്ക് അവര്‍ നല്‍കിയ സമര്‍പിത യൗവ്വനം അവരെ കൂടുതല്‍ തേജസ്സാര്‍ന്ന തലങ്ങളിലേക്ക് ഉയര്‍ത്തുന്നതായാണ് പിന്നീട് കാണുന്നത്. സമര്‍പിതവും കാര്യക്ഷമവുമായ കൃത്യനിര്‍വഹണത്തിനുള്ള അംഗീകാരമായിട്ടാണ് സംസ്ഥാനത്തെ ലോക്കല്‍ പോലീസ് സ്‌റ്റേഷന്റെ ചുമതലയെ അവര്‍ കാണുന്നത്. ഈ നിയമനം പിന്നോക്ക വിഭാഗത്തിന് ഒരു ഐതിഹാസിക അധ്യായത്തിന്റെ പൊന്‍തൂവല്‍ നല്‍കി. 43 പോലീസുകാരടങ്ങുന്ന നഗരത്തിലെ സുപ്രധാന സ്റ്റേഷനായ കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്റ്റേഷന്‍ മേധാവിയായി ചുമതലയേറ്റെടുത്ത ശ്രീമതി വി.സീത ക്രമസമാധാനരംഗത്ത് മികച്ച സേവനം അര്‍പ്പിക്കുകയാണ്. സ്ത്രീയെന്ന നിലയില്‍ യാതൊരു പ്രശ്‌നവും പ്രയാസങ്ങളുമില്ലാതെ സുഖകരമായാണ് ഔദ്യോഗിക രംഗം കൈകാര്യം ചെയ്യുന്നതെന്നും വിഷയങ്ങള്‍ ഏറ്റെടുക്കാനും പഠിക്കാനും കഴിഞ്ഞാല്‍ പരിഹരിക്കാനാവുന്നതാണെന്നും ആത്മധൈര്യവും സന്നദ്ധതയുമുണ്ടെങ്കില്‍ പോലീസ് സേനയില്‍ സുരക്ഷിതമായി സ്ത്രീക്ക് ജോലി ചെയ്യാമെന്നും അവര്‍ പറയുന്നു. സ്ത്രീയാണ് സമൂഹത്തിന്റെ നന്മയെന്നും നാമ്പെന്നും സമൂഹം നോട്ടപുള്ളികളാക്കുന്നവരോട് സംവദിക്കുന്ന എസ്.ഐ അഭിപ്രായപ്പെടുന്നു.
നല്ല സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കായി ജീവിതമര്‍പ്പിച്ച ത്യാഗിവര്യന്മാരാണ് നമ്മെ ബോധവല്‍ക്കരിച്ച് മാറ്റങ്ങള്‍ വരുത്തിയത്. ഈയര്‍ഥത്തില്‍ വനിതാ പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളും ഒട്ടേറെ മുന്നേറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. വിദ്യാഭ്യാസത്തിലും വിവരസാങ്കേതിക വിദ്യയിലും മുന്‍പന്തിയിലാണെങ്കിലും വിവേകത്തിലും വകതിരിവിലും നമ്മുടെ പിന്നില്‍ ആരുമില്ലെന്ന ചിത്രമാണ് കേരളത്തെ ഞെട്ടിപ്പിക്കുന്ന സ്ത്രീ കൊലപാതകങ്ങളും പെണ്‍വാണിഭങ്ങളില്‍ ഇരകളായി അഴികള്‍ക്കുള്ളില്‍ വര്‍ഷങ്ങള്‍ ഹോമിക്കപ്പെട്ട സഹോദരിമാരുടെ ദുരന്തകഥകളും നമ്മേ ഓര്‍മിപ്പിക്കുന്നത്, മികച്ച ജീവിതവീക്ഷണവും ദിശാബോധവുമുള്ള ഇത്തരം പോലീസ് സ്‌റ്റേഷന്‍ മേധാവികള്‍ക്ക് കാതലായ മാറ്റങ്ങള്‍ സമൂഹത്തില്‍ അര്‍പിക്കാനും ക്രമസമാധാനമേഖലയിലേക്ക് മെച്ചപ്പെട്ട മാറ്റങ്ങള്‍ വരുത്താനും ആകുമെന്നതില്‍ സംശയമില്ല. സൈനിക സേവനത്തില്‍ നിന്നും വിരമിച്ച് ഇപ്പോള്‍ കോഴിക്കോട് സര്‍വകലാശാലയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ഭര്‍ത്താവ് അപ്പുക്കുട്ടനും രണ്ട് കുട്ടികളും രണ്ടു പേരുടെയും കുടുംബങ്ങളും നല്‍കിയ സ്‌നേഹത്തിന്റെ താങ്ങിലാണ് കുടുംബവും ഔദ്യോഗിക ജീവിതവും മാനസിക സംഘര്‍ഷമില്ലാതെ മുമ്പോട്ട് നയിക്കാനാകുന്നത്. സ്ത്രീകളുടെ ഹൃദയനൊമ്പരങ്ങള്‍ക്ക് കാതും കരളും കൂര്‍പ്പിക്കുമെന്നും പ്രതികള്‍ ഈ കരങ്ങളിലൂടെ രക്ഷപ്പെടില്ലെന്നും സേവനത്തിന്റെ പാതയില്‍ ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ബാക്കിയുള്ള അവര്‍ പറഞ്ഞു.