വി.യു അമീറ,
എം.ഇ.എസ് പ്രതിനിധി
ലിംഗ നീതി, ദേശീയോദ്ഗ്രഥനം, ഒരൊറ്റ രാജ്യം ഒരൊറ്റ നിയമാവലി എന്നീ ന്യായങ്ങള്‍ മുന്നോട്ട് വെക്കുമ്പോഴും പൊതു സിവില്‍ കോഡ് വാര്‍ത്തകളില്‍ നിറയുമ്പോള്‍ മുസ്‌ലിം സമുദായത്തിലെ മുത്്വലാഖും ബഹുഭാര്യാത്വവും സ്വത്തവകാശവും ആണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. പൊതു സിവില്‍ കോഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരന്തരം എഴുതുന്നവരും തങ്ങളുടെ ലേഖനത്തിന്റെ മുക്കാല്‍ ഭാഗവും മുത്വലാഖിനെയും ബഹുഭാര്യാത്വത്തെയും എതിര്‍ക്കുവാനാണ് നീക്കിവെക്കുന്നതും. സ്വാഭാവികമായും ഉപരിപ്ലവമായി കാര്യങ്ങളെ വിശകലനം ചെയ്യുന്നവര്‍ രൂപപ്പെടുത്തിയെടുക്കുന്ന ആശയം ലിംഗ നീതി നിഷേധിക്കപ്പെട്ടിരിക്കുന്നത് മുസ്‌ലിം സമുദായത്തിനകത്ത് മാത്രമാണെന്നും പൊതു സിവില്‍ കോഡ് കൊണ്ട് വന്നു മുസ്‌ലിം സമുദായത്തെ സമുദ്ധരിക്കുന്നതിലൂടെ തീരാവുന്ന പ്രശ്‌നങ്ങളേ വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട് ഉള്ളൂവെന്നും എന്നാല്‍ മുസ്‌ലിം സമുദായം ശക്തമായി പ്രതിരോധിക്കുന്നത് കൊണ്ടാണ് ഇന്ത്യയിലെ നാനാജാതി മതസ്ഥരായ ആളുകളെ, വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരെ, വ്യത്യസ്ത ആചാരങ്ങളും സംസ്‌കാരങ്ങളും പിന്തുടരുന്നവരെ ഒരേ നിയമചരടില്‍ കോര്‍ക്കാന്‍ കഴിയാത്തതെന്നുമാണ്. എന്നാല്‍ സെക്കുലര്‍ പാര്‍ട്ടികളായ കോണ്‍ഗ്രസ്സും സി. പി. എമ്മും തുടങ്ങി ദളിത് സംഘടനകളും വിവിധ സാംസ്‌കാരിക സംഘടനകളും വരെ പൊതു സിവില്‍ കോഡിനെതിരെ എതിര്‍പ്പുമായി രംഗത് വന്നിട്ടുണ്ടെന്നതാണ് വാസ്തവം. മുത്വലാഖും പൊതു സിവില്‍ കോഡും രണ്ടായി തന്നെ കാണേണ്ടതുണ്ട്. പൊതു സിവില്‍ കോഡിനെ എതിര്‍ക്കുകയെന്നാല്‍ മുത്വലാഖിനെ പിന്തുണക്കുകയല്ല. മുസ്‌ലിം സമുദായത്തില്‍ അനിസ്‌ലാമികവും ഖുര്‍ആനിക വിരുദ്ധവുമായ ആചാരങ്ങള്‍ നിലനില്‍ക്കുന്നുവെങ്കില്‍ അതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ അത്തരം പരിഷ്‌കരണങ്ങള്‍ വരേണ്ടത് മുസ്‌ലിം സമുദായത്തിനകത്ത് നിന്ന് തന്നെയാണ്. അല്ലാതെ മുത്വലാഖും ബഹുഭാര്യത്വവും മറയാക്കി പൊതു സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുവാനുള്ള നീക്കങ്ങള്‍ സ്വീകാര്യമല്ല. വിവാഹ സമയത്ത് സ്ത്രീയുടെ സമ്മതം നിര്‍ബന്ധമാക്കിയ മതമാണ് ഇസ്‌ലാം. അത് കൊണ്ട് തന്നെ തന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും ബാധിക്കുന്ന ഒരു കാര്യത്തില്‍ അവളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതിരിക്കാനുള്ള ഒരു നിര്‍ദേശവും ഇസ്‌ലാമിക അധ്യാപനങ്ങളില്‍ കടന്നു കൂടുകയില്ല.
പുരുഷനേക്കാള്‍ കുടുബ ഭദ്രതക്ക് മൂല്യം കല്‍പിക്കുന്നവരും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നവരും സ്ത്രീകള്‍ ആണെന്നിരിക്കെ സ്വന്തം കുടുംബത്തെ കുറിച്ചു ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ പുരുഷനെ അനുവദിക്കേണ്ടതുണ്ടോ? ഇസ്‌ലാമിന്റെ തന്നെ കര്‍മശാസ്ത്ര വിധികളനുസരിച്ച് അത്ര ലഘുവല്ലാത്ത നടപടിക്രമമാണ് വിവാഹ മോചനത്തിനുള്ളത്. ദമ്പതികള്‍ പരസ്പരം ഒത്തുപോകാന്‍ വിമുഖരായാല്‍ അധികാരപ്പെട്ടവരുടെ മുന്നില്‍ കാര്യം ബോധിപ്പിക്കുകയും ഇരുവരുടെയും കുടുംബത്തിലെ ഓരോ പ്രതിനിധികള്‍ അടങ്ങുന്ന ഒരു സമിതിക്കു മുന്നില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. പക്ഷെ ദമ്പതികള്‍ സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഭര്‍ത്താവിന് ഭാര്യയെ മൊഴിചൊല്ലാം. പക്ഷെ അവളുടെ ആര്‍ത്തവ ഘട്ടത്തില്‍ അത് ചെയ്തു കൂടാ. മാത്രമല്ല, ഒറ്റയടിക്കുള്ള വേര്‍പിരിയല്‍ അല്ല താനും. പുനഃസമ്പര്‍ക്കത്തിന് അവസരം നല്‍കുന്ന, മൂന്നു ഘട്ടങ്ങളില്‍ ആയുള്ള വിവാഹ മോചനമാണ് ശരീഅത്ത് മുന്നോട്ടുവെക്കുന്നത്.
ഇന്നത്തെ സ്ത്രീകളുടെ സ്വാസ്ഥ്യത്തെ ഭേദിക്കുന്ന ഖഡ്ഗമായി ഉപയോഗിക്കപ്പെടുന്ന മുത്വലാഖ് സമ്പ്രദായം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നടപ്പിലാക്കിയത് സ്ത്രീകളുടെ പരിചയായിട്ടായിരുന്നു. പ്രവാചകന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ മുത്വലാഖ് ചെയ്തവരെ അദ്ദേഹം ശാസിച്ചതായി കാണാന്‍ കഴിയും. എന്നിട്ടും സ്വയം സമ്മതിച്ച ഈ ദുരാചാരത്തെ ഇല്ലായ്മ ചെയ്യാന്‍ മുസ്‌ലിം സമുദായം തയ്യാറാകുന്നില്ലെങ്കില്‍ അത് ആരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാ ണെന്നു വ്യക്തമാണ്. ഒറ്റയടിക്കല്ലാതെ മൊഴിചാല്ലിയാല്‍ ഇദ്ദ കാലയളവില്‍ സ്ത്രീയുടെ സംരക്ഷണം നിര്‍വഹിക്കേണ്ടി വരുമെന്നത് ഭാരമായി കരുതുന്ന പുരുഷന്റെ സാമ്പത്തിക ഭാരം ലഘൂകരിച്ചു കൊടുക്കേണ്ടതുണ്ടല്ലോ. എന്നാല്‍ വിവാഹ മോചന വിഷയത്തില്‍ സ്ത്രീയുടെ ഭാഗം ന്യായീകരിക്കുന്ന, അവളെ സംരക്ഷിക്കുന്ന ഖുല്‍അ്, ഫസ്ഖ്, ഈലാഅ് തുടങ്ങിയ രീതികള്‍ക്ക് വലിയ പ്രചാരം നല്‍കിയതുമില്ല. നാല് മദ്ഹബിലും ത്വലാഖു ബിദ്ഇയ്യ് (ക്രമ വിരുദ്ധമായ വിവാഹ മോചനം) എന്നുവിളിക്കപ്പെടുന്ന വിവാഹ മോചന രീതി ശരീഅത്തിന്റെ താല്‍പര്യങ്ങളെ തന്നെ ഹനിക്കുന്നതാണ്. ഇസ്‌ലാമിന്റെ അന്ത:സത്തയും ശരീഅത്തും സംരക്ഷിക്കാന്‍ എന്ന വ്യാജേന ഈ ദുരാചാരത്തെ മുറുകെ പിടിക്കുന്നവര്‍ പാകിസ്താനും ബംഗ്ലാദേശും തുര്‍ക്കിയും സൈപ്രസും റ്റിയുണീഷ്യയും അള്‍ജീരിയയും ഇറാനും ഉള്‍പ്പെടെയുള്ള ഇരുപത്തി രണ്ടോളം മുസ്ലിം രാജ്യങ്ങള്‍ ഈ സ്ത്രീ വിരുദ്ധ സമ്പ്രദായം വിലക്കുകയോ നിയന്ത്രിക്കുകയോ ചെതിട്ടുണ്ടെന്ന വസ്തുത കാണാത്തതെന്തു കൊണ്ടാണ്? ദാമ്പത്യ ബന്ധം വേഗത്തില്‍ മുറിച്ചു മാറ്റാനല്ല ശരീഅത്ത് വിവാഹ മോചനം അനുവദിച്ചിട്ടുള്ളത്. അത് കൊണ്ടാണ് സിറിയയിലും ഈജിപ്തിലും കുവൈത്തിലും എല്ലാം മൂന്നു തലാഖ് ഒന്നായി മാത്രം പരിഗണിക്കുന്ന നിയമം ആവിഷ്‌കരിച്ചിട്ടുള്ളത്. വിവാഹ മോചനത്തിനുള്ള ഖുര്‍ആനിക വ്യവസ്ഥകള്‍ ഉറപ്പു വരുത്തിക്കൊണ്ട് മുസ്ലിം വ്യക്തി നിയമത്തില്‍ മാറ്റം വരുത്തുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് അങ്ങേയറ്റം സ്ത്രീ വിരുദ്ധവും ഇസ്‌ലാമിക വിരുദ്ധവും ആണ്. മറ്റു മുസ്ലിം രാജ്യങ്ങളിലെ വ്യക്തി നിയമങ്ങളെ മാതൃകയാക്കിയാല്‍ തന്നെ ഇന്ത്യന്‍ മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന ഈ കൊടിയ വിവേചനത്തിന് പരിഹാരമാകും. ഇന്തോനേഷ്യയില്‍ 1947-ലെ റെഗുലേഷന്‍ പ്രകാരം ഭാര്യയെ ഉപേക്ഷിക്കണമെങ്കില്‍ ഭര്‍ത്താവ് പ്രാദേശിക ആപ്പീസറുടെ മുന്‍പാകെ ഹര്‍ജി ബോധിപ്പിക്കുകയും അദ്ദേഹം അനുരഞ്ജനത്തിന്റെ സാധ്യതകള്‍ തേടുകയും വേണം. അത് പരാജയപ്പെടുകയും വിവാഹ മോചനം നടക്കുകയും ചെയ്താല്‍ ഇദ്ദ അവസാനിക്കും മുന്‍പ് ഒരിക്കല്‍ കൂടി അദ്ദേഹം അനുരഞ്ജനശ്രമം നടത്തണം.1964-ലെ മലേഷ്യന്‍ സ്റ്റേറ്റ് പാസാക്കിയ മുസ്‌ലിം നിയമ പ്രകാരം ഖാദി യുക്തമായ അന്വേഷണം നടത്തി അനുരഞ്ജന സാധ്യത തള്ളിക്കളഞ്ഞാലല്ലാതെ വിവാഹ മോചനം നടക്കുകയില്ല. 1967-ലെ ഇറാനിയന്‍ കുടുംബ സംരക്ഷണ നിയമം അനുസരിച്ച് കോടതിയില്‍ ദമ്പതിമാര്‍ ഹര്‍ജി സമര്‍പ്പിച്ച ശേഷം അനുരഞ്ജനത്തിന് ശ്രമിച്ചു നോക്കി പരാജയപ്പെട്ടാല്‍ അത് രേഖപ്പെടുത്തുന്ന ഒരു സര്‍ട്ടിഫിക്കറ്റു കോടതി നല്‍കും, തുടര്‍ന്ന് മൂന്നു മാസത്തിനുള്ളില്‍ വിവാഹ മോചനം രജിസ്റ്റര്‍ ചെയ്യും. പാകിസ്താനിലും ശ്രീലങ്കയിലും മൊറോക്കോയിലും സമാനമായ വിവാഹ മോചന വ്യവസ്ഥകള്‍ ഉണ്ട്. ഇസ്‌ലാമികമായി നിരക്ഷരരായ പുരുഷന്മാരാണ് കുറ്റകരമായ ഈ വിവാഹ മോചനരീതി പിന്തുടരുന്നത്. അതിനെതിരെയുള്ള പ്രവാചക കല്‍പനകള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ട പണ്ഡിതന്മാരാണ് ഇവിടെ അതിനെ ന്യായീകരിക്കുന്നതെങ്കില്‍ അവര്‍ തെറ്റ് തിരുത്തേണ്ടതുണ്ട്. അറിവില്ലായ്മക്കു ഇളവ് കൊടുക്കാം. പക്ഷെ അറിവില്ലാത്തവരെ വഴിതെറ്റിക്കുന്ന രീതിയില്‍ പ്രചാരണം നടത്തി അനീതി ചെയ്യാന്‍ അവര്‍ക്കു കൂട്ട് നില്‍ക്കുന്ന പണ്ഡിത വര്‍ഗ്ഗത്തിന്റെ തെറ്റിനു നേരെ എങ്ങനെ കണ്ണടക്കാനാകും? മുസ്‌ലിം വ്യക്തി നിയമം ദൈവദത്തം എന്ന് പറഞ്ഞു പരിഷകരണങ്ങളെ എതിര്‍ക്കുന്നവര്‍ ഓര്‍ക്കുക, ഇന്ത്യയില്‍ ഇപ്പോള്‍ നില നില്‍ക്കുന്നത് ശരീഅത്തല്ല ആംഗ്ലോ മുഹമ്മദന്‍ ലോ ആണ്. ഡി.എഫ് മുല്ല ക്രോഡീകരിച്ച മുഹമ്മദന്‍ ലോ, ശരീഅത് നിയമങ്ങള്‍ വിശകലനം ചെയ്തു എഴുതിയതല്ല. മുസ്‌ലിംകളുടെ മത നിയമങ്ങളുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് കോടതി വിധികളും അപ്പോഴത്തെ പുരോഹിതന്മാരുടെ ഉപദേശങ്ങളും എല്ലാം ക്രോഡീകരിച്ചു എഴുതപ്പെട്ടതാണ്. അത് കൊണ്ടാണ് മുബാറത് പോലുള്ള വളരെ പുരോഗമനപരമായ വിവാഹമോചന സമ്പ്രദായം ശരീഅത്തിലുണ്ടായിട്ടും വ്യക്തി നിയമത്തില്‍ ഇല്ലാതെ പോയത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ മറ്റൊരു സമുദായത്തിലും ഇല്ലാത്ത വിധം നീതിയും സ്വാതന്ത്യവും സ്ത്രീക്ക് വിവാഹത്തിലും, വിവാഹ മോചനത്തിലും അനുവദിച്ച ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ തകിടം മറിച്ച് മുന്നോട്ട് പോയാല്‍ അത് സമുദായത്തിന് തീരാകളങ്കമാകും. ശരീഅത്തിനെയും സ്ത്രീകളെയും തെറ്റായി വ്യാഖ്യാനം ചെയ്യപ്പെട്ട വ്യക്തി നിയമങ്ങളില്‍നിന്ന് മോചിപ്പിക്കുകയും ഇസ്‌ലാമിക സമ്പ്രദായമല്ലാത്ത സ്ത്രീധനത്തിനെതിരെ ശക്തമായി രംഗത്ത് വരികയും നാമമാത്രമായ മഹ്ര്‍ സമ്പ്രദായത്തെ ദുര്‍ബലപ്പെടുത്തി മഹ്ര്‍ എന്ന ഇസ്‌ലാമിക വിധിയുടെ ശരിയായ അന്തഃസത്ത ഉള്‍കൊള്ളുകയും ചെയ്ത് സ്വയം പരിഷ്‌കരണത്തിന് വിധേയമായി വന്നില്ലെങ്കില്‍ ഭാവിയില്‍ അത് മുസ്ലിം സമുദായത്തെ പ്രതികൂലമായി ബാധിക്കും.
എന്നാല്‍ മുത്വലാഖിനുള്ള പ്രതിവിധി പൊതു സിവില്‍ കോഡ് അല്ല. സുപ്രീം കോടതി യൂണിഫോം സിവില്‍ കോഡിന്റെ ആവശ്യകതകള്‍ ചൂണ്ടിക്കാണിച്ച കേസുകള്‍ എല്ലാം തന്നെ ന്യൂനപക്ഷ വ്യക്തി നിയമത്തിന്റെ അപര്യാപ്തതകള്‍ ചൂണ്ടിക്കാണിക്കാന്‍ ആയിരുന്നു. 1985- ഷാബാനു ബീഗം കേസ്, 1995- സരള മുദ്ഗല്‍ കേസ്, 2003- ഫാദര്‍ ജോണ്‍ വള്ളിമറ്റം കേസ് തുടങ്ങിയവയില്‍ ഇത് വ്യക്തം. 2015- ല്‍ അവിവാഹിതയായ ഒരു ക്രിസ്ത്യന്‍ മാതാവിന് തന്റെ കുഞ്ഞിന്റെ മേല്‍ അതിന്റെ അച്ഛന്റെ മുന്‍കൂട്ടിയുള്ള അനുവാദം ഇല്ലാതെ തന്നെ പൂര്‍ണാധികാരം നല്‍കുന്ന ചരിത്ര പ്രാധാന്യമുള്ള വിധി പ്രസ്താവത്തില്‍ നിരുപദ്രവകരം എന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന ഒരു പരാമര്‍ശവും കടന്നു കൂടിയിരുന്നു. 2015-ല്‍ തന്നെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ വശങ്ങള്‍ പരിശോധിക്കുമ്പോഴും മുത്വലാഖും ബഹുഭാര്യാത്വവും അനുവദിച്ചു കൊണ്ട് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്ന മുസ്‌ലിം വ്യക്തിനിയമങ്ങള്‍ വിവേചനപരമാണെന്നും പൊതു സിവില്‍ കോഡിലേക്ക് രാജ്യം എത്തേണ്ടതുണ്ടെന്നും കോടതി പ്രസ്താവിച്ചു. ഹിന്ദു മതസ്ഥര്‍ക്ക് ബാധകമായ നിരവധി കേസുകളില്‍ ഒരിക്കലും ഏക സിവില്‍ കോഡിന്റെ ആവശ്യകത കോടതി ചൂണ്ടിക്കാണിച്ചതുമില്ല. ഹിന്ദു കോഡ് ബില്‍ വന്നതിലൂടെ ഹിന്ദു മതത്തില്‍ പരിപൂര്‍ണ ലിംഗ നീതി നടപ്പില്‍ വന്നുവെന്നും പൗര സമത്വവും ലിംഗ സമത്വവും പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ന്യൂനപക്ഷ വ്യക്തി നിയമങ്ങള്‍ക്ക് മാതൃകയാകാം ഹിന്ദു വ്യക്തി നിയമം എന്നുമുള്ള ഒരു ധാരണ ഇത് ഉണ്ടാക്കിവെച്ചിട്ടുണ്ട്. ഫലത്തില്‍ ഇനി പരിഷ്‌കരിക്കപ്പെടാന്‍ ബാക്കി നില്‍ക്കുന്നത് മുസ്‌ലിം വ്യക്തി നിയമവും ക്രിസ്ത്യന്‍ വ്യക്തി നിയമവും ആണെന്ന് ചുരുക്കം. ന്യൂനപക്ഷ വിരുദ്ധത ജുഡീഷ്യറിയെയും കീഴടക്കുന്നു എന്നും ഫാസിസത്തിന്റെ പ്രതി പുരുഷന്മാരായി നീതിപാലകര്‍ മാറുന്നുവെന്നും എന്ന സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് മോദി ഭരണത്തില്‍ വന്നതിനു ശേഷം മുസ്‌ലിം വ്യക്തി നിയമത്തെ മാത്രം കുറ്റപ്പെടുത്തി പൊതു സിവില്‍ കോഡ് നടപ്പിലാക്കണം എന്ന് കോടതികള്‍ പുറപ്പെടുവിക്കുന്ന തുടര്‍ച്ചയായ നിര്‍ദേശങ്ങള്‍. സരള മുദ്ഗല്‍ കേസില്‍ ഹിന്ദു പുരുഷന്മാര്‍ ആദ്യ ഭാര്യയെ ഉപേക്ഷിക്കാതെ തന്നെ രണ്ടാമത് വിവാഹം കഴിക്കാനായി ഇസ്‌ലാം മതത്തിലേക്ക് മാറുന്നതിനെതിരെ കോടതി വിധി എഴുതുകയുണ്ടായി. ഹിന്ദു കോഡ് ബില്ല് പ്രകാരം ഹിന്ദു പുരുഷന്റെ ആദ്യ വിവാഹം മാത്രമേ സാധുവാകുകയുള്ളൂ. മതംമാറ്റത്തിന് ശേഷം ഉള്ള രണ്ടാം വിവാഹം ആണെങ്കില്‍ പോലും കജഇ 494 പ്രകാരം അത് അസാധുവാകും. ഈ കേസില്‍ മുസ്‌ലിം വ്യക്തി നിയമത്തെ രണ്ടാം വിവാഹം കഴിക്കാന്‍ ഹിന്ദു ഭര്‍ത്താവിനുള്ള തുറന്ന പ്രലോഭനം എന്ന് വിമര്‍ശിച്ച കോടതി, പ്രലോഭനത്തെ പ്രതിരോധിക്കാനായി യൂണിഫോം സിവില്‍ കോഡിനെ അഭിലഷണീയം എന്ന് വിശേഷിപ്പിച്ചു. ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തു മാത്രമാണോ ഹിന്ദു പുരുഷന്മാര്‍ 1955-നു ശേഷം രണ്ടാം ഭാര്യയെ സ്വീകരിച്ചത് എന്നു പഠന വിധേയമാക്കേണ്ടതുണ്ട്. അല്ലാത്തവര്‍ ഇന്ത്യന്‍ ശിക്ഷാ നിയമം - 494 അനുസരിച്ച് ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.
യൂണിഫോം സിവില്‍ കോഡ് മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടിയാണെന്നും മുസ്‌ലിം പുരുഷന്മാരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളെ ഹനിക്കുന്നതാണെന്നും എന്ന തരത്തിലാണ് വാദങ്ങള്‍ ഉയര്‍ന്നു വന്നത്. മുസ്‌ലിം സമുദായത്തിനു മാത്രമല്ല മറ്റു മതങ്ങളെയും ബാധിക്കുന്ന ഒന്നാണ് യൂണിഫോം സിവില്‍ കോഡ് എന്ന സത്യം മറച്ചുവെക്കുകയാണ് ബോധപൂര്‍വം. മുസ്‌ലിം വ്യക്തി നിയമം സ്ത്രീകള്‍ക്ക് എതിരാണെന്ന പ്രചാരണം പൊടിപൊടിക്കുമ്പോള്‍ മറ്റു സമുദായങ്ങളിലെ സ്ത്രീകള്‍ ഒട്ടും കഷ്ടതകള്‍ അനുഭവിക്കുന്നില്ല എന്നൊരു ധ്വനിയുമുണ്ട്. മുസ്ലിം - ക്രൈസ്തവ വിഭാഗങ്ങളുടെ വ്യക്തി നിയമങ്ങളില്‍ ലിംഗനീതി നിഷേധിക്കപ്പെടുന്നു എന്ന് പറയുന്ന പോലെ മാതൃകാപരമായി ചൂണ്ടിക്കാണിക്കുന്ന ഹിന്ദു വ്യക്തി നിയമത്തിലും ലിംഗനീതി നിഷേധത്തിന്റെ ഉദാഹരണങ്ങളുണ്ട്. ബഹുഭാര്യത്വം നിരോധിച്ചതായി അവകാശപ്പെടുമ്പോഴും ഇസ്‌ലാം മതത്തിലേക്ക് ചേക്കേറാതെ തന്നെ ഹിന്ദു പുരുഷന്മാര്‍ക്ക് രണ്ടാം വിവാഹത്തില്‍ ഏര്‍പെടാനുള്ള പഴുത് ഹിന്ദു വ്യക്തി നിയമത്തില്‍ ഉണ്ട്. അതുപ്രകാരം അഗ്‌നി പ്രദക്ഷിണം അഥവാ സപ്തപദി, വിവാഹ ഹോമം തുടങ്ങിയവ ഉണ്ടെങ്കിലേ വിവാഹം നിയമത്തിനു മുന്നില്‍ സാധുവാകൂ. ഉത്തരേന്ത്യയില്‍ ഹിന്ദു വിവാഹങ്ങള്‍ സപ്തപദി ആചാരത്തോടുകൂടിയാണ് നടക്കുന്നത്. ഹോമാഗ്‌നിയുടെ ചുറ്റും ദമ്പതികള്‍ ഏഴു ചുവട് നടന്നാലേ വിവാഹം പൂര്‍ണമാകൂ. ബ്രാഹ്മണ ചടങ്ങുകള്‍ ഇല്ലാതെ തന്നെ വിവാഹങ്ങള്‍ ഹിന്ദുക്കള്‍ക്കിടയില്‍ നടക്കുന്നുണ്ട്. അതിനെ ഹിന്ദു സമൂഹം അംഗീകരിക്കുന്നുമുണ്ട്. എന്നാല്‍ ബ്രാഹ്മണ ചടങ്ങുകള്‍ ഇല്ലാത്ത ഹിന്ദു വിവാഹങ്ങള്‍ നിയമം അംഗീകരിക്കുന്നുമില്ല. നിയമ അംഗീകാരം ഇല്ലാത്ത എന്നാല്‍ സമൂഹം അംഗീകരിക്കുന്ന ഇത്തരം വിവാഹത്തിലൂടെ ഹിന്ദു പുരുഷന്‍ രണ്ടാം ഭാര്യയെ സ്വീകരിക്കുമ്പോള്‍ നിയമം സമ്പൂര്‍ണ ബഹുഭാര്യത്വ നിരോധനം എന്ന ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നു. ഇങ്ങനെ നിയമത്തിലെ പഴുത് ദുരുപയോഗപ്പെടുത്തി ഹിന്ദു പുരുഷന്‍ രണ്ടാം വിവാഹം കഴിക്കുമ്പോള്‍ നിയമത്തിനു ഭര്‍ത്താവിന് ശിക്ഷ വിധിക്കാന്‍ കഴിയില്ല കാരണം നിയമത്തിന്റെ കണ്ണില്‍ ഹിന്ദു ആചാരപ്രകാരമല്ലാതെ നടക്കുന്ന വിവാഹം വിവാഹമല്ല. നടക്കാത്ത വിവാഹത്തിന് എങ്ങനെ കോടതി ബഹുഭാര്യത്വത്തിനുള്ള ശിക്ഷ വിധിക്കും? ചുരുക്കി പറഞ്ഞാല്‍ ആദ്യഭാര്യക്കും രണ്ടാം ഭാര്യക്കും നീതി നിഷേധിക്കപ്പെടുന്നു. ആദ്യ ഭാര്യ തന്നോട് വിശ്വാസ വഞ്ചന കാണിച്ച ഭര്‍ത്താവിനെതിരെ നല്‍കുന്ന കേസും നില നില്‍ക്കില്ല. രണ്ടാം ഭാര്യ നിയമപരമായി ഭാര്യ അല്ലാത്തത് കൊണ്ട് സ്വത്തും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല. ഇവിടെ ലിംഗനീതി നിഷേധം വളരെ പ്രകടമാണ്. ഹോമകുണ്ഡത്തെ വലം വെക്കാതെ ഭര്‍ത്താക്കന്മാര്‍ നടത്തിയ വിവാഹങ്ങള്‍ക്കെതിരെ ആദ്യ ഭാര്യമാര്‍ നല്‍കിയ പരാതികള്‍ കോടതികള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.
മുത്വലാഖ് നിരോധിക്കണം എന്ന് മുറവിളികൂട്ടി അതിന്റെ മറവില്‍ പൊതു സിവില്‍ കോഡ് നടപ്പില്‍ വരുത്താന്‍ ഇറങ്ങി പുറപ്പെട്ടിട്ടുള്ള ബി.ജെ.പി രാഷ്ട്രീയ നേതാക്കന്മാരും മുസ്‌ലിം സ്ത്രീ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം ഇപ്പോഴും എപ്പോഴും സെന്‍സേഷണല്‍ ആക്കി പര്‍വതീകരിക്കുന്ന മാധ്യമങ്ങളും കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്താതെ യൂണിഫോം സിവില്‍ കോഡ് എന്ന് കേള്‍ക്കുമ്പോഴേ സ്വന്തം സമുദായത്തിലെ സ്ത്രീയെ സംരക്ഷിച്ചില്ലെങ്കിലും ബ്രിട്ടീഷുകാര്‍ ക്രോഡീകരിച്ചു തന്ന നിയമങ്ങള്‍ സംരക്ഷിക്കണമെന്ന് ശഠിക്കുന്ന മതമേധാവികളും പഠിക്കാന്‍ മറന്നു പോയ കാര്യം ഷമീം ആരാ vs സ്റ്റേറ്റ് ഓഫ് യുപി (2002) കേസില്‍ ഏകപക്ഷീയമായ മുത്വലാഖ് അസാധുവാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നും ആ വിധിയെ ആധാരമാക്കി മുസ്‌ലിം സ്ത്രീകള്‍ മുത്വലാഖിനെതിരെ കോടതികളില്‍ നിന്ന് അനുകൂല വിധികള്‍ സമ്പാദിക്കുന്നുണ്ടെന്നുമാണ്. ഷമീം ആരാ കേസിലെ വിധി പ്രകാരം ഇ മെയിലായോ ടെക്സ്റ്റ് മെസ്സേജ് ആയോ ഖാസി വഴി നോട്ടീസയച്ചോ ഉള്ള തലാഖ് അനുവദനീയമല്ല. ഒറ്റയിരിപ്പിലുള്ള തലാഖും നിഷിദ്ധമാണ്. മൂന്നാമത്തെ തലാഖ് നല്‍കുന്നതിന് മുന്‍പ് പുനരാലോചനക്കും മധ്യസ്ഥര്‍ വഴിയുള്ള ഒത്തു തീര്‍പ്പിനും അവസരം ഉണ്ടാക്കണം. മധ്യസ്ഥ ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ മാത്രമേ ത്വലാഖ് നല്‍കാനാവൂ. ത്വലാഖ് ചൊല്ലുന്നതിനു സാക്ഷികളും വേണം. മൂന്നു മാസം സമയമെടുത്ത് മൂന്നിരിപ്പിലാണ് ത്വലാഖ് ചൊല്ലേണ്ടത്. ധൃതി പിടിച്ച തീരുമാനത്തില്‍ നിന്നുണ്ടാകുന്ന ത്വലാഖില്‍നിന്നും ദമ്പതികളെ വിലക്കുന്നുണ്ട്. ഈ മൂന്നു മാസം സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാം. സംരക്ഷണ ചെലവും ലഭ്യമാകും. ആ സമയ പരിധിക്കുള്ളില്‍ സഹശയനം നടന്നാല്‍ ത്വലാഖ് അസാധുവാകുകയും ചെയ്യും. സ്ത്രീയുടെ ആര്‍ത്തവ സമയത്തോ ഗര്‍ഭിണിയായിരിക്കുമ്പോഴോ ത്വലാഖ് ചൊല്ലാന്‍ പാടില്ല. ത്വലാഖ് വചനങ്ങള്‍ ഉരുവിടുന്ന സമയത്ത് ഭര്‍ത്താവിന് സുബോധം ഉണ്ടായിരിക്കണം. മദ്യപിച്ച അവസ്ഥയിലോ കോപാകുലനായിരിക്കുമ്പോഴോ ഉള്ള ത്വലാഖ് അസാധുവാകും. മൂന്നാമത്തെ ത്വലാഖ് ചൊല്ലി പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഭര്‍ത്താവ് ഭാര്യയോടുള്ള കടപ്പാട് നിറവേറ്റേണ്ടതുണ്ട്. പ്രത്യേകിച്ചും മഹര്‍ കൈവശം പിടിച്ചു വെച്ചിട്ടുണ്ടെങ്കില്‍ തിരിച്ച് കൊടുക്കണം. അവളുടെ സ്വത്തുക്കള്‍ തിരികെ കൊടുക്കണം. മൂന്നു മാസത്തെ ഇദ്ദ സമയത്തേക്കുള്ള സംരക്ഷണ ചെലവും അവള്‍ അത് വരെ ജീവിച്ചു വന്ന രീതിക്കനുസരിച്ചു ഭാവിയിലും ജീവിക്കാനുള്ള ഒരു തുക കണക്കാക്കി കൊടുക്കണം. ഭര്‍ത്താവ് സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ മുസ്‌ലിം സ്ത്രീ സംരക്ഷണ നിയമം 1986- പ്രകാരം അവള്‍ക്കു കോടതിയെ സമീപിക്കാം. മുസ്‌ലിം വ്യക്തി നിയമ പ്രകാരം സ്ത്രീകള്‍ ദുരിതമനുഭവിക്കുന്നു എന്ന് വിലപിക്കുന്നവര്‍ മറച്ചു പിടിക്കുന്ന സത്യം PWDVA 2005 - പ്രകാരം മുസ്ലിം സ്ത്രീക്കും ഇന്ത്യന്‍ നിയമ പരിരക്ഷ ലഭിക്കുന്നുണ്ട് എന്നാണ്. ഒരു പ്രാദേശിക മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു പരാതി കൊടുത്താല്‍ വക്കീലിന്റെ ആവശ്യം പോലുമില്ലാതെ സ്ത്രീക്ക് സംരക്ഷണ ചെലവും കുട്ടികളുടെ സംരക്ഷണാവകാശവും ഭര്‍തൃവീട്ടില്‍ താമസിക്കാനുള്ള അവകാശവും നഷ്ടപരിഹാരവും ലഭിക്കാന്‍ സ്ത്രീക്ക് അവകാശമുണ്ട്. കോടതി വഴി മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി കിട്ടുമ്പോള്‍ അവിടെ മുസ്‌ലിം വ്യക്തി നിയമത്തിന്റെ പേര് പറഞ്ഞു മുസ്‌ലിം സ്ത്രീകളുടെ അവകാശം നിഷേധിക്കാന്‍ ആരും ഇറങ്ങിപ്പുറപ്പെടുന്നില്ലല്ലോ? അപ്പോള്‍ നിയമപരിഷ്‌കരണങ്ങള്‍ക്ക് തത്വത്തില്‍ മുസ്‌ലിം സമുദായം എതിര് നിന്നിട്ടില്ല എന്നര്‍ഥം. PWDVA 2005- നു പുറമെ 1986- ലെ മുസ്ലിം സ്ത്രീ സംരക്ഷണ നിയമത്തിന്റെ ആനുകൂല്യവും ആയിരക്കണക്കിന് മുസ്‌ലിം സ്ത്രീകള്‍ പ്രയോജനപ്പെടുത്തുമ്പോഴും ഇന്നും പൊതു സിവില്‍ കോഡ് ഇല്ലാതെ തന്നെ ഇത്തരം നിയമനിര്‍മാണങ്ങളിലൂടെ മുസ്ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായിട്ടുണ്ട് എന്ന് ചുരുക്കം. മുത്വലാക്കും ബഹുഭാര്യാത്വവും മറയാക്കി പൊതു സിവില്‍ കോഡിനായുള്ള രാഷ്ട്രീയ നേതാക്കളുടെ ഇടക്കിടെയുള്ള വെടിപൊട്ടിക്കലുകള്‍ കേട്ടാല്‍ തോന്നും ഷാബാനു കേസിനും 1986- ലെ മുസ്ലിം സ്ത്രീ സംരക്ഷണ നിയമത്തിനും ശേഷം സ്ത്രീകള്‍ക്ക് വേണ്ടി ഒരു നിയമ പരിഷ്‌കരണത്തിനും മുസ്‌ലിം സംഘടനകള്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഖാസികളും മഹല്ലുകളും ചേര്‍ന്ന് ഇവിടത്തെ മുസ്‌ലിം സ്ത്രീകളെ അടിച്ചമര്‍ത്തി വെച്ചിരിക്കുകയും ആണെന്ന.് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി. പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നത് ഏകീകൃത സിവില്‍ നിയമം ഉണ്ടാകാത്തിടത്തോളം കാലം ലിംഗനീതി ഉണ്ടാകില്ല എന്നാണ്. എല്ലാ സ്ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഏറ്റവും നല്ല പാരമ്പര്യങ്ങള്‍ ആധുനിക കാലങ്ങളുമായി ബന്ധിപ്പിച്ചു സിവില്‍ നിയമം ക്രോഡീകരിക്കും എന്നും അതില്‍ കൂട്ടിചേര്‍ക്കുന്നു. ഉത്തരേന്ത്യയില്‍ ഖാപ് പഞ്ചായത്തുകള്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് നടത്തുന്ന ഇടപെടലുകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മാര്‍ക്കണ്ഡേയ കട്ജു ഉള്‍പ്പെടെയുള്ള ബെഞ്ച് ആണ് ഖാപ് പഞ്ചായത്തുകള്‍ നിയമ വിരുദ്ധമാണെന്നും അവ നിരോധിക്കണമെന്നും പറഞ്ഞത്. അതേസമയം ഈ കങ്കാരൂ പഞ്ചായത്തുകളെ ഭാരത സംസ്‌കാരത്തിന്റെ സംരക്ഷകര്‍ എന്ന് വിശേഷിപ്പിച്ചത് ബി.ജെ.പി. സര്‍ക്കാരും ആര്‍.എസ്.എസുമാണ്. അവര്‍ തന്നെയാണ് നിയമം ഉണ്ടാക്കുന്നതും നടപ്പാക്കുന്നതും. ഹമുറാബിയുടെ നിയമങ്ങളെ പോലും നാണിപ്പിക്കുന്ന നിയമങ്ങളാണ് അവര്‍ നടപ്പാക്കുന്നത്. ഇതാണ് ഭാരത സംസ്‌കൃതി എങ്കില്‍ പ്രകടന പത്രിക പ്രകാരം മോദി വാഗ്ദാനം ചെയ്യുന്ന ലിംഗനീതിയുടെ സ്വഭാവം ഊഹിക്കാവുന്നതേ ഉള്ളൂ. പൊതുസിവില്‍ കോഡിന് പിന്നിലെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞു ഫാസിസ്റ്റു ഭരണകൂടത്തിന് കീഴിലുള്ള നിയമ ഏകീകരണത്തെ എതിര്‍ക്കാനും മുസ്‌ലിം സ്ത്രീകളുടെ നീതിക്കായുള്ള ആവശ്യത്തെ പിന്താങ്ങുവാനും നവോത്ഥാന സംഘടനകളും ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരേണ്ടതുണ്ട്.
സഫിയ അലി
ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം പ്രസിഡന്റ്
മുസ്‌ലിം സ്ത്രീകള്‍ ശരീഅത്തിനനുസരിച്ച് ജീവിക്കുന്നത് കൊണ്ട് വിവാഹം, വിവാഹ മോചനം തുടങ്ങിയ വിഷയങ്ങളില്‍ വിവേചനമനുഭവിക്കുന്നുണ്ടെന്നും അവരുടെ അന്തസ്സിന് കോട്ടം തട്ടുന്നുണ്ടെന്നും മുത്വലാഖ് എന്ന വിഷയത്തില്‍ പുന:പരിശോധന ആവശ്യമാണെന്നും ഏകസിവില്‍കോഡ് വരുന്നത് ഉത്തമമായിരിക്കുമെന്നാണ് അതിനുവേണ്ടി വാദിക്കുന്നവര്‍ പറയുന്നത്.
ഭരണഘടനയനുസരിച്ച് ഇന്ത്യയിലെ ഓരോ പൗരനും ഏതു മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള അവകാശമുണ്ട്.
ബ്രിട്ടീഷുകാരുടെ കാലത്ത് എല്ലാവര്‍ക്കും ഒരേ നിയമമായിരുന്നു. 1930-ല്‍ പഞ്ചാബിലെ ഒരു മുസ്‌ലിം സ്ത്രീക്ക് പിതാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വത്തില്‍ ഒരവകാശവും നല്‍കാതെ സഹോദരന്‍ പൂര്‍ണമായും എടുത്തപ്പോള്‍ അവര്‍ കോടതിയെ സമീപിച്ചു. പക്ഷേ നാട്ടുനടപ്പനുസരിച്ച് സഹോദരിക്ക് അവകാശമില്ലാത്തതു കൊണ്ട് ഗവണ്‍മെന്റ് അതംഗീകരിച്ചില്ല. അവള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഖുര്‍ആനനുസരിച്ച് പിതാവിന്റെ സ്വത്തില്‍ മൂന്നില്‍ ഒന്ന് അവകാശം പെണ്ണിനുണ്ട്. ഞങ്ങള്‍ മുസ്‌ലിംകളായിരിക്കെ എന്റെ അവകാശം എനിക്ക് ലഭിക്കണം എന്നവള്‍ വാദിച്ചു.
ബ്രിട്ടീഷ് കോടതി അങ്ങനെ ഒരാചാരം നിലവിലില്ലാത്തത് കാരണം കേസ് തള്ളിക്കളഞ്ഞു. അന്നത്തെ മുസ്‌ലിം നേതാക്കളും പ്രസ്ഥാനങ്ങളും വലിയ പ്രക്ഷോഭമുണ്ടാക്കി. മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക നിയമമനുസരിച്ച് ജീവിക്കണമെന്നവര്‍ വാദിച്ചു.1937-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് മുസ്‌ലിം പേഴ്‌സണല്‍ ലോ (ശരീഅത്ത് ആക്റ്റ്) ഉണ്ടാക്കി. അതാണ് ഇപ്പോഴും നിലവിലുള്ളത്.
1937- ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് അനുസരിച്ച് വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, പിതൃത്വം,maintanance, gift വഖഫ് നിയമം നിലവില്‍ വന്നു. ഈ ഏഴു കാര്യങ്ങളില്‍ മുസ്‌ലിംകളില്‍ തര്‍ക്കമുണ്ടായാല്‍ അതില്‍ ശരീഅത്ത് ആക്ട് അനുസരിച്ചായിരിക്കണം കോടതി തീരുമാനിക്കേണ്ടത്. മുസ്‌ലിംകളുടെ പൊതു നിയമമനുസരിച്ചായിരിക്കണം.
ഭരണഘടന മാര്‍ഗനിര്‍ദേശങ്ങള്‍ 44ാം അനുഛേദം ഏകസിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിക്കണം എന്നു പറയുന്നുണ്ട്. 1948-ല്‍ അംബേദ്കര്‍ അവതരിപ്പിച്ച കരട് ഭരണഘടന ചര്‍ച്ച ചെയ്തപ്പോള്‍ ഈ മാര്‍ഗ നിര്‍ദേശക തത്വത്തെക്കുറിച്ച് സഭയിലെ അംഗമായ ബി. പോക്കര്‍ സാഹിബ് അംബേദ്കറോട് ചോദിച്ചു. ''താങ്കള്‍ എന്തിനാണ് മാര്‍ഗനിര്‍ദേശക തത്വമായി ഉള്‍പ്പെടുത്തിയത്? യൂണിഫോം സിവില്‍കോഡ് എന്നത് കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത് എന്താണ്?
അദ്ദേഹം പറഞ്ഞു: ഒരു കാരണവശാലും ഒരു സമുദായത്തിന്റെയും പൂര്‍ണ സമ്മതമില്ലാതെ അത് നടപ്പിലാക്കുകയില്ല. ഒരിക്കലും ആരിലും അത് അടിച്ചേല്‍പിക്കുകയുമില്ല. ഏകസിവില്‍കോഡ് നടപ്പാക്കുമ്പോള്‍ ഏത് സിവില്‍ നിയമമനുസരിച്ചായിരിക്കും, അത് എങ്ങനെയായിരിക്കും എന്ന് ഇതുവരെ മുന്നോട്ടു വെച്ചിട്ടില്ല. കാരണം വിവാഹം, വിവാഹമോചനം, മരണാനന്തര ക്രിയകള്‍, അനന്തരാവകാശം, ദത്തെടുക്കല്‍ മുതലായ ഒന്നും തന്നെ ഒരേ നിയമത്തില്‍ കൊണ്ടുവരാന്‍ പറ്റില്ല. ഹിന്ദുവിനും മുസ്‌ലിമിനും കൃസ്ത്യാനിക്കും വളരെ വ്യത്യസ്തമായ നിയമങ്ങളാണ് ഇതിലുള്ളത്.
മുസ്‌ലിം പേഴ്‌സണല്‍ ലോ ശരീഅത്തിന്റെ തനിപ്പകര്‍പ്പാണ് എന്ന് ആരും വാദിക്കുന്നില്ല. അപാകതകള്‍ ഉണ്ടാകാം. അത് ധാരാളമായി ദുരുപയോഗം ചെയ്തുപോന്നിട്ടുമുണ്ട്. അത് പരിഷ്‌കരിക്കുന്നതില്‍ ആര്‍ക്കും വിയോജിപ്പില്ല. പക്ഷേ അത് ചെയ്യേണ്ടത് ഇസ്‌ലാമിക പണ്ഡിതന്മാരും സംഘടനാ നേതാക്കളുമടങ്ങുന്നവരാണ്. അതിനര്‍ഥം പൂര്‍ണമായും മാറ്റുക എന്നല്ല. പരിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക അധ്യാപനത്തിന്റെയും അടിത്തറയില്‍ നിന്നുകൊണ്ട് വേണം അതിന്റെ പരിഷ്‌കരണം നടത്തേണ്ടത്. ഒരു പരിഷ്‌കരണ പ്രക്രിയ പോലും ഈ ഗവണ്‍മെന്റിനെ ഏല്‍പിക്കാന്‍ ഇതുവരെയുള്ള അനുഭവം വെച്ചുകൊണ്ട് പറ്റുകയില്ല. അതുകൊണ്ടാണ് മുസ്‌ലിം പേഴ്‌സണല്‍ ലോ യില്‍ ഇപ്പോള്‍ ഇടപെടാതെ അതേപടി തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ മുസ്‌ലിം സംഘടനകള്‍ തീരുമാനിക്കാന്‍ കാരണം.
ഇസ്‌ലാമിക പണ്ഡിതന്മാരും പേഴ്‌സണല്‍ ലോ മെമ്പര്‍മാരും ഖുര്‍ആനിനും സുന്നത്തിനുമനുസരിച്ച് നിലവിലെ വ്യക്തി നിയമം പരിഷ്‌കരിക്കാന്‍ തയ്യാറാകണം.
മാര്‍ഗനിര്‍ദേശക തത്വങ്ങളിലെ മദ്യനിരോധനം, സൗജന്യ വിദ്യാഭ്യാസം, ശൗചാലയം തുടങ്ങിയവയൊന്നും പരിഗണിക്കാതെ മോദി സര്‍ക്കാര്‍ ഏകസിവില്‍കോഡ് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതിന്റെ പിന്നില്‍ വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്താനുള്ള ശ്രമം മാത്രമാണ്. മുത്വലാഖും ബഹുഭാര്യത്വവും പറഞ്ഞ് മുസ്‌ലിം സ്ത്രീകള്‍ക്കു വേണ്ടി മോദി സര്‍ക്കാര്‍ മുതലക്കണ്ണീരൊഴുക്കേണ്ടതില്ല. അവരുടെ കാര്യം മുസ്‌ലിം സമുദായത്തിലെ പണ്ഡിതന്മാര്‍ നോക്കിക്കൊള്ളും. യഥാര്‍ഥത്തില്‍ മുസ്‌ലിം ശരീഅത്ത് അനുസരിച്ച് ജീവിക്കുന്ന മുസ്‌ലിം കുടുംബങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്. അവര്‍ക്ക് സ്രഷ്ടാവ് നല്‍കിയ അധികാരങ്ങളും അവകാശങ്ങളും ഒട്ടും കുറയാതെ ലഭിക്കുന്നുണ്ട്. അവരതില്‍ സന്തുഷ്ടരുമാണ്. മുസ്‌ലിം സമൂഹം അല്ലാഹുവിന്റെ നിയമമനുസരിച്ച് ജീവിക്കാന്‍ തുടങ്ങിയാല്‍ ഈ പറയുന്ന പ്രയാസങ്ങള്‍ ഒന്നും മുസ്‌ലിം സ്ത്രീ അനുഭവിക്കേണ്ടി വരില്ല.
മദ്യത്തിനും വേശ്യാവൃത്തിക്കും ഭ്രൂണഹത്യക്കും എന്തുകൊണ്ട് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നില്ല? ഇന്ത്യയില്‍ 40,000 കോടി വാര്‍ഷിക വരുമാനമുള്ള ബിസിനസ്സാണ് വേശ്യാവൃത്തി. ഒരു സര്‍വേ പ്രകാരം ഇന്ത്യയില്‍ ഒരു ദശലക്ഷത്തോളം ലൈംഗിക തൊഴിലാളികളാണുള്ളത്. ഇന്ത്യയിലെ എച്ച്.ഐ.വി വ്യാപനത്തെക്കുറിച്ച് കടുത്ത മുന്നറിയിപ്പാണ് ഇത് നല്‍കുന്നത്.
ചെന്നൈയിലെ രംഗനാഥന്‍ ക്ലിനിക്കിലെ ഗവേഷണമനുസരിച്ച് ഇന്ത്യയില്‍ 62.5 ദശലക്ഷം മദ്യത്തിന്റെ ഉപഭോക്താക്കളുണ്ടെന്നതാണ്. റോഡ് ആക്‌സിഡന്റ്, കൊലപാതകം, ആത്മഹത്യ, ബലാല്‍സംഗം ഇതിന്റെയെല്ലാം പിന്നില്‍ മദ്യപാനമാണ്. റോഡ് ആക്‌സിഡന്റ് 70% വും മദ്യപിച്ച് വണ്ടിയോടിക്കുന്നതു കൊണ്ടെന്നാണ് കണക്ക്. മൊത്തം സ്ത്രീകളോടാണ് അനുകമ്പ തോന്നേണ്ടത്. മുസ്‌ലിം സ്ത്രീകളോട് മാത്രമല്ല.
ഭരണകൂട ഭീകരത മൂലം കണ്ണീര്‍ കുടിക്കുന്ന സ്ത്രീകള്‍ ഇന്ന് ഇന്ത്യയില്‍ കൂടിവരികയാണ്. ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ടവര്‍, പിതാക്കള്‍ നഷ്ടപ്പെട്ട അനാഥരായ പെണ്‍കുട്ടികള്‍, മക്കള്‍ നഷ്ടപ്പെട്ടവര്‍, ഒരു നേരത്തെ ഭക്ഷണമോ കയറിക്കിടക്കാന്‍ ഒരിടമോ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ മാര്‍ഗമോ ഇല്ലാത്ത നിത്യ ദു:ഖിതര്‍. ഇവരൊന്നും മുത്വലാഖ് കൊണ്ട് കഷ്ടപ്പെട്ടവരല്ല. ആദ്യമായി ഗവണ്‍മെന്റ് ചെയ്യേണ്ടത് ഇവര്‍ക്ക് സുരക്ഷിതത്വവും അതിനുള്ള പരിഹാരവും നല്‍കുകയാണ്. മുത്വലാഖ് എന്ന വിഷയത്തില്‍ ആദ്യമായി പഠിക്കേണ്ടത് ത്വലാഖ് എന്ത്, എങ്ങനെ എന്നതാണ്. ത്വലാഖ് എന്നാല്‍ മോചനം എന്നാണര്‍ഥം. അതായത് കല്യാണം കഴിച്ച് രണ്ട് പേര്‍ക്കും ഒരു വിധത്തിലും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മനസ്സിലായാല്‍ അവര്‍ക്ക് രണ്ട് പേര്‍ക്കും പിരിയാനുള്ള തീരുമാനമെടുക്കാം.
പക്ഷേ ഇതിന് ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഒന്നാമതായി അവര്‍ എത്ര ശ്രമിച്ചിട്ടും ഒന്നിച്ച് പോകാന്‍ പറ്റില്ലെങ്കില്‍ രണ്ട് കുടുംബത്തില്‍ നിന്നും ഓരോ മധ്യസ്ഥനെ വിളിക്കണം. അങ്ങനെ അവരെ യോജിപ്പിക്കാന്‍ മധ്യസ്ഥന്‍ ആവുംവിധം ശ്രമിക്കണം. ഒരിക്കലും യോജിച്ചു പോകാന്‍ കഴിയില്ല എന്ന് മനസ്സിലാവുമ്പോഴാണ് ത്വലാഖ് തുടങ്ങേണ്ടത്. സൂറ: അന്നിസാഅ് 35
ത്വലാഖ് എന്ന് പറയുന്നതോടുകൂടി വിവാഹമോചനം പൂര്‍ത്തിയാകുന്നില്ല. അത് തുടക്കമാണ്. ഇദ്ദ സമയത്തെക്കുറിച്ച് അല്ലാഹു പറയുന്നത് 'നബിയേ, താങ്കള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഇദ്ദ: തുടങ്ങാനുള്ള അവസരത്തില്‍ വിവാഹമോചനം ചെയ്യുക. ഇദ്ദ കാലം നിങ്ങള്‍ കൃത്യമായി കണക്കാക്കുക. നിങ്ങളുടെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കുക. ഇദ്ദവേളയില്‍ നിങ്ങള്‍ അവളെ അവരുടെ വീടുകളില്‍ നിന്ന് പറഞ്ഞയക്കരുത്. അവര്‍ സ്വയം പോവുകയും അരുത്.' (സൂറ: ത്വലാഖ് 1)
ത്വലാഖ് ചൊല്ലേണ്ടത് ശുദ്ധി കാലത്താണ്. ആര്‍ത്തവ കാലത്ത് ത്വലാഖ് ചൊല്ലാന്‍ പാടില്ല. ലൈംഗിക ബന്ധത്തിലേര്‍പ്പെടാത്ത ശുദ്ധികാലത്ത് മാത്രമെ വിവാഹ മോചനം ചെയ്യാന്‍ പാടുള്ളൂ. അബ്ദുല്ലാഹിബ്‌നു ഉമര്‍ ഭാര്യയെ ആര്‍ത്തവ കാലത്ത് വിവാഹമോചനം ചെയ്യുകയുണ്ടായി. ഇതിനെക്കുറിച്ച് നബി (സ) യോട് ഉമര്‍ (റ) അന്വേഷിച്ചപ്പോള്‍ നബി (സ) പറഞ്ഞു അവളെ തിരിച്ചെടുക്കുക. അവളെ അവളുടെ ശുദ്ധി സമയം വരെയും സംരക്ഷിക്കണം. അടുത്ത ആര്‍ത്തവ സമയത്തിനു ശേഷമുള്ള ശുദ്ധി സമയം വരെ കാത്തിരിക്കാനും പറഞ്ഞു. ത്വലാഖ് ചൊല്ലിയതിനു ശേഷം ഭര്‍ത്താവിന്റെ കൂടെ ഇദ്ദ സമയം കഴിയുന്നതു വരെ താമസിക്കണം. ഗര്‍ഭിണികളുടെ ഇദ്ദ പ്രസവം കഴിയുന്നതുവരെയാകുന്നു. അതുവരെ അവരെ സംരക്ഷിക്കേണ്ട ചുമതല ഭര്‍ത്താവിനുണ്ട്. (ത്വലാഖ് - 6)
അവരുടെ ഇദ്ദ സമയം അവസാനിക്കുന്നതിനു മുമ്പ് അവര്‍ക്ക് ഒന്നിച്ചു ജീവിക്കണമെങ്കില്‍ യാതൊരു നടപടി ക്രമവും കൂടാതെ അവര്‍ക്ക് ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാം. അഥവാ ഇദ്ദാ സമയം (മൂന്നു മാസം) കഴിഞ്ഞിട്ടും അവളെ അവന്‍ തിരിച്ചെടുക്കുന്നില്ലെങ്കില്‍ ത്വലാഖ് ഒരു പ്രാവശ്യം നടക്കും. കുറച്ച് കാലങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പുതിയ നിക്കാഹിലൂടെ അവര്‍ക്ക് ഒരുമിച്ചു ജീവിക്കാം. ആദ്യ ത്വലാഖിനു ശേഷം അവര്‍ വീണ്ടും ഒന്നിച്ച് ജീവിക്കുകയും കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അങ്ങനെ ത്വലാഖ് ചൊല്ലുകയും ചെയ്താല്‍ രണ്ടാമത്തെ ത്വലാഖിന്റെ ഇദ്ദയിലായിരിക്കും. ഇദ്ദ സമയം (മൂന്ന് മാസം) അവര്‍ക്ക് വേണമെങ്കില്‍ വീണ്ടും ഒന്നിച്ചു ചേരാം. ഇദ്ദ സമയം കഴിഞ്ഞിട്ടും അവര്‍ ഒന്നിച്ചു ജീവിക്കാതെ പിരിയുകയാണെങ്കില്‍ അപ്പോള്‍ രണ്ട് ത്വലാഖ് മാത്രമേ നടക്കുകയുള്ളൂ. ഇദ്ദാ സമയത്ത് അവര്‍ ഒന്നിച്ചു ജീവിച്ചാലും രണ്ട് ത്വലാഖ് കഴിഞ്ഞു. അതിനു ശേഷവും വേണമെങ്കില്‍ പുതിയ നിക്കാഹിലൂടെ ഒന്നിച്ചു ചേരാം. മൂന്നാമത്തെ ത്വലാഖിന് ശേഷം പിന്നെ (രണ്ടു ത്വലാഖുകള്‍ക്കു ശേഷവും ഭര്‍ത്താവ് തന്റെ ഭാര്യയെ മൂന്നാമതു) ത്വലാഖ് കൊടുത്താല്‍ തുടര്‍ന്ന് ഭര്‍ത്താവിന് ആ ഭാര്യ അനുവദനീയമല്ല. അവള്‍ മറ്റൊരു ഭര്‍ത്താവിനെ വിവാഹം കഴിക്കുകയും അയാള്‍ അവളെ വിവാഹ മോചനം ചെയ്യാനിടയാവുകയും ചെയ്താലല്ലാതെ. അങ്ങനെ വന്നാല്‍ അവളും മുന്‍ഭര്‍ത്താവും ദൈവിക നിയമങ്ങള്‍ പാലിക്കണമെന്നും കരുതുന്നുവെങ്കില്‍ പരസ്പരം മടങ്ങുന്നതില്‍ തെറ്റൊന്നുമില്ല ഇത് അല്ലാഹു നിശ്ചയിച്ച പരിധികളാണ്. (അല്‍ബഖറ 230).
മുത്വലാഖിനു ശേഷം ഭാര്യയെ തിരിച്ചു കിട്ടാന്‍ വേണ്ടി കാശു കൊടുത്ത് മറ്റൊരാളെ നിക്കാഹ് ചെയ്യിക്കുകയും പെട്ടെന്ന് വിവാഹമോചനം ചെയ്യിച്ച് ഭാര്യയെ സ്വന്തമാക്കുകയും ചെയ്യുന്ന ചടങ്ങുനിര്‍ത്തല്‍ കല്ല്യാണം-അനുവദനീയമല്ല. ഈ സമ്പ്രദായത്തെ നബി (സ) ശപിച്ചിരിക്കുന്നു. മുത്വലാഖ് ശരീഅത്തല്ല. ബിദ്അത്താണ്. സ്ത്രീക്ക് തന്റെ ഭര്‍ത്താവുമായി ഒരിക്കലും മുന്നോട്ട് പോകാന്‍ കഴിയാതെ വരുമ്പോള്‍ സ്ത്രീകള്‍ മുന്‍കൈ എടുത്ത് വിവാഹമോചനം ചെയ്യുന്നതിന് ഫസ്ഖ് എന്ന് പറയുന്നു. നിബന്ധനകള്‍ പൂര്‍ത്തിയാകണമെന്ന് മാത്രം. അതുപോലെത്തന്നെ ഖുല്‍അ്, ഭാര്യ ഭര്‍ത്താവിന് മഹ്‌റ് തിരിച്ചു നല്‍കി വിവാഹ മോചനം ആവശ്യപ്പെടുന്നതിനാണ് ഖുല്‍അ് എന്നു പറയുന്നത്. ഫസ്ഖും ഖുല്‍ഉം ഇന്ന് വളരെ സങ്കീര്‍ണത നിറഞ്ഞതാണ്. മുസ്‌ലിം പണ്ഡിതന്മാര്‍ സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുന്ന രീതിയില്‍ പരിഷ്‌കരണങ്ങള്‍ വരുത്തേണ്ടതുണ്ട്.
വിവാഹ മോചനം വല്ലാതെ ദുരുപയോഗപ്പെടുത്തി ഒറ്റയിരുപ്പില്‍ മൂന്നും നാലും പ്രാവശ്യം ത്വലാഖ് ചൊല്ലാന്‍ തുടങ്ങിയപ്പോഴാണ് ഖലീഫാ ഉമറിന്റെ അവസാന ഘട്ടത്തില്‍ ത്വലാഖിന് നിയന്ത്രണവും അങ്ങനെ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷയായി മുത്വലാഖ് ചൊല്ലിയാല്‍ മൂന്നായി ഗണിക്കുണമെന്നും പറഞ്ഞത്. ബഹുഭാര്യത്വവും അങ്ങനെത്തന്നെ. ധാരാളം ഭാര്യമാരെ ഒന്നിച്ച് വിവാഹം ചെയ്യുന്ന ഒരു സമ്പ്രദായത്തെ നിയന്ത്രിച്ചതാണ്. അപ്പോഴും ഖുര്‍ആന്‍ പറഞ്ഞു. ''നിങ്ങള്‍ ഭാര്യമാര്‍ക്കിടയില്‍ നീതി പാലിക്കാന്‍ കഴിയില്ല എന്ന് ഭയപ്പെടുകയാണെങ്കില്‍ ഒരു വിവാഹമേ കഴിക്കാവൂ.'' അന്നിസാഅ് 3. അല്ലാഹു അനുവാദം നല്‍കിയിട്ടുണ്ട് നാലു പേരെ വിവാഹം കഴിക്കാന്‍. അതിനു വളരെയധികം നിബന്ധനകളും വെച്ചിട്ടുണ്ട്. ഒരാള്‍ക്ക് രണ്ടാം വിവാഹം ആവശ്യമായി വരുന്ന നിര്‍ബന്ധിതാവസ്ഥയുണ്ടാകുമ്പോള്‍ അനുവാദമില്ല എന്ന ഒറ്റക്കാരണത്താല്‍ അയാള്‍ വഴി തെറ്റാന്‍ ഇടവരരുത്. കല്യാണ സമയത്ത് പെണ്‍കുട്ടി ഭര്‍ത്താവിനോട് കല്യാണം കഴിക്കരുത് എന്ന് നിബന്ധന വെക്കുകയാണെങ്കില്‍ ഭാര്യയുടെ സമ്മതം കൂടാതെ കല്യാണം കഴിക്കാന്‍ പാടില്ല.
അനന്തരാവകാശത്തില്‍ എപ്പോഴും സംശയമുളവാക്കുന്നത് എന്തുകൊണ്ട് പെണ്ണിന് ആണിന്റെ പകുതി എന്നതാണ്. ഒന്നാമതായി പറഞ്ഞാല്‍ എല്ലാ സ്ഥലത്തും അങ്ങനെയല്ല നിയമം. രണ്ടാമതായി പറഞ്ഞാല്‍ സ്ത്രീക്ക് അല്ലാഹു ഒരു ബാധ്യതയും ഏല്‍പിച്ചില്ല എന്നതാണ്. അവളുടെ കൈയില്‍ ഒരു കൂമ്പാരം സമ്പത്തുണ്ടെങ്കിലും അവള്‍ക്ക് ഒരാളുടെയും എന്നല്ല സ്വന്തം സംരക്ഷണത്തിന്റെ പോലും ഉത്തരവാദിത്വമില്ല. അപ്പോഴും പുരുഷനാണ് അവളെയും കുട്ടികളെയും മാതാപിതാക്കളെയും സംരക്ഷിക്കേണ്ടത്. ഇന്നത്തെ അവസ്ഥയില്‍ നമുക്കത് മനസ്സിലാക്കാന്‍ പ്രയാസമാകും. കാരണം ഇന്ന് എത്രയോ സ്ത്രീകള്‍ പുറത്തു പോയി ജോലി ചെയ്ത് കുടുംബത്തെ സംരക്ഷിക്കുന്നു. ഭര്‍ത്താവും മകനും പിതാവും ഉത്തരവാദിത്വം നിറവേറ്റാത്ത എത്രയോ കുടുംബങ്ങളുണ്ട്. അത് ഇസ്‌ലാമിന്റെ കുറ്റമല്ല. മനുഷ്യര്‍ ശരിയായ ഇസ്‌ലാമിനെ അംഗീകരിച്ച് ജീവിക്കാത്തതുകൊണ്ടാണ്.
ഡോ: ഖദീജ മുംതാസ്
എഴുത്തുകാരി
ക്രൈസ്തവ മതത്തെപ്പോലെ ഇസ്‌ലാമും ഒരു പ്രത്യേക കാലഘട്ടത്തില്‍ ഒരു പ്രത്യേക പ്രദേശത്ത് അതതിടങ്ങളില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ തിരുത്തിയ, ലോകത്തിന് മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തിയ, ആത്മീയതയിലൂന്നിയ പ്രസ്ഥാനങ്ങളായിരുന്നു. അന്നവ തുടങ്ങിവെച്ച പരിഷ്‌കരണ ദൗത്യം വേദഗ്രന്ഥങ്ങളില്‍തന്നെ പരാമര്‍ശിക്കപ്പെടുന്ന വിശ്വമാനവികതയുടെയും തുല്യനീതിയുടെയും ആശയങ്ങളുള്‍ക്കൊണ്ടുതന്നെ കാലാനുസൃതമായി തുടര്‍ന്നുകൊണ്ടുവരേണ്ടവയാണെന്ന് ചിന്താശക്തിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇനി അങ്ങനെയല്ല, വേദഗ്രന്ഥങ്ങള്‍ പറഞ്ഞത് വള്ളിപുള്ളി വിടാതെ അനുസരിക്കലാണ് ഭക്തന്റെ ധര്‍മമെന്ന് വിശ്വസിക്കുന്നുവെങ്കില്‍, മുത്വലാഖിന്റെ കാര്യത്തിലെങ്കിലും അവര്‍ കാണിക്കുന്ന കാപട്യം അത്ഭുതപ്പെടുത്തുന്നതാണ്. ഖുര്‍ആനില്‍ കൃത്യമായി പറയുന്നത് വിവാഹമോചന തീരുമാനമെന്നാല്‍ ഏറെ ആലോചിച്ചും സ്വയം തിരുത്തിയും ഒക്കെ എടുക്കേണ്ട ഒന്നാണെന്നാണ്. ഒരു സ്ത്രീയുമായി ഒന്നിച്ചുകഴിയാനാകില്ലെന്ന് തോന്നിയാല്‍ പുരുഷന് ആദ്യവട്ട തീരുമാനമറിയിക്കാം. അത് ആദ്യത്തെ ത്വലാഖ്. അപ്പോള്‍ കുടുംബക്കാര്‍ ഇടപെടുന്നു. കാരണങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നു. യോജിക്കാനുള്ള മാര്‍ഗങ്ങളുണ്ടോ എന്നാരായുന്നു. പറഞ്ഞുതീര്‍ക്കാവുന്ന തെറ്റിദ്ധാരണകളുടെയും വ്യാജാഭിമാനബോധത്തിന്റെയും പേരില്‍ ഒരു ബന്ധം തകര്‍ത്തുകളയുന്നതിലെ സാമൂഹ്യമായ ആഘാതങ്ങളെപ്പറ്റി കരുതലുള്ളതുകൊണ്ടാണ് അങ്ങനെ. പിരിയാനുള്ള തീരുമാനം ഐച്ഛികമായി വെച്ചുകൊണ്ടുതന്നെ ദമ്പതികളെ വീണ്ടും ഒന്നിച്ചുകഴിയാന്‍ വിടുന്നു. ആ കാലയളവില്‍ ദമ്പതികള്‍ക്കിടയില്‍ ഒരു പുനര്‍വിചിന്തനത്തിന് സാധ്യതകളുണ്ടാകാമല്ലോ. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ ഒത്തുകഴിയലിനുശേഷവും തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ രണ്ടാംവട്ട തലാഖ്. വീണ്ടുമൊരുവട്ടംകൂടി ആലോചനക്ക് അവസരമേകിക്കൊണ്ട് മൂന്നാം ത്വലാഖുവരെ സമയം. മൂന്നാംവട്ട ത്വലാഖോടെ ഒന്നിച്ചൊരുവിധേനയും കഴിയാനാകില്ലെന്ന് തീരുമാനമെടുത്ത ദമ്പതികള്‍ പിരിയുന്നു. ഇനി ആ സ്ത്രീ മറ്റൊരു വിവാഹബന്ധത്തിന്റെ കെട്ടുപാടുകളില്‍നിന്ന് ത്വലാഖിനാലോ ഭര്‍തൃ മരണത്താലോ സ്വതന്ത്രയായിരിക്കുന്ന അവസരത്തിലേ, ആദ്യ ഭര്‍ത്താവിന് അവളെ സ്വീകരിക്കാനാകൂ എന്ന നിബന്ധനവെച്ചത് ഏറെ ആലോചിച്ചുമാത്രം ത്വലാഖ് തീരുമാനമെടുക്കുക എന്ന മുന്നറിയിപ്പായാണ്. ഏറെ ന്യായവും ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കും ത്വലാഖ് ചൊല്ലിയ പുരുഷനും ഭാവിയെപ്പറ്റി തീരുമാനങ്ങളും കരുതലുകളുമെടുക്കാനും ബന്ധുക്കളെ ഉള്‍പ്പെടുത്താനും സാവകാശം നല്‍കുന്ന വിവാഹമോചനരീതി തന്നെയാണിത്. ഈ മനുഷ്യോചിതവും വേദഗ്രന്ഥ കല്‍പ്പിതം തന്നെയുമായ വിവാഹമോചന സമ്പ്രദായത്തെയാണ,് ലഹരിക്കടിമയായിരുന്നുകൊണ്ടു പോലും മൂന്നുവട്ടം ത്വലാഖ് ഒരുമിച്ച് ചൊല്ലിപ്പോയാല്‍ സ്ത്രീ അപമാനിതയും തിരസ്‌കൃതയുമായി ഇറങ്ങിപ്പോരേണ്ടിവരുന്ന മുത്വലാഖ് സമ്പ്രദായമായി ഇന്നാട്ടില്‍ നിലനിര്‍ത്തിപ്പോരുന്നത്. സ്ത്രീയുടെ അഭിമാനസംരക്ഷണത്തിനുകൂടി ഉദ്ദേശിച്ച് കല്‍പിക്കപ്പെട്ട പുനര്‍വിവാഹ നിര്‍ദേശത്തെ പരിഹാസ്യമാക്കി, അവളെ ഒറ്റ ദിവസത്തേക്ക് ഒരു വാടകക്കാരനെക്കൊണ്ട് പേരിന് കെട്ടിച്ച് പിറ്റേന്ന് മൊഴിചൊല്ലിച്ച്, മുത്വലാഖിനുശേഷം ഭൂതോദയമുണ്ടായ പുരുഷന് ഹലാലാക്കിയെടുക്കുന്ന കാടന്‍ രീതിയും കൊണ്ടുവരപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആത്മാഭിമാനാവകാശമുള്ള മുസ്‌ലിം സ്ത്രീ ഇവിടെ വെറുമൊരു മാംസശരീരം മാത്രമായി ഒതുങ്ങിപ്പോകുന്നത് കാണുക.
അതിനുപകരം ഇരുട്ടുകൊണ്ട് ഓട്ടയടക്കലാണ് ചര്‍ച്ചകളിലും നവമാധ്യമ അഭിപ്രായപ്രകടനങ്ങളിലും നിരന്തരം കാണുന്നത്. കണക്ക് കൊണ്ടുള്ള കളികളുമേറെ. വിവാഹമോചനം ഏറ്റവും കുറഞ്ഞ ശതമാനം ഇസ്‌ലാമില്‍, ബഹുഭാര്യത്വം ഏറ്റവും കൂടുതല്‍ ഹിന്ദുസമുദായത്തില്‍, അസാന്മാര്‍ഗിക ബന്ധങ്ങളേറെ അമുസ്‌ലിംകൡ എന്നിങ്ങനെ. സിനിമാതാരങ്ങളായ മഞ്ജുവാര്യരെയും സരിതയെയും ലിസിയെയും വരെ ത്വലാഖ് ചൊല്ലപ്പെട്ട നിസ്സഹായരുടെ പട്ടികയിലേക്ക് അവര്‍ നീക്കിനിര്‍ത്തുന്നു. പരിഹാസ്യമാണ് ഇത്തരം വാദങ്ങള്‍ എന്നുപറയാതെ വയ്യ. അവയൊക്കെ എങ്ങനെയാണ് മുത്വലാഖിന് സമാനമാകുന്നത്? പ്രത്യേകിച്ച് അവയിലധികവും പരസ്പരം ആലോചിച്ചും ജനാധിപത്യപരമായും നടന്നവയായിരിക്കുമ്പോള്‍. വിവാഹമോചനം ഒട്ടും ആഗ്രഹിക്കാത്ത സമൂഹമെങ്കില്‍, ബഹുഭാര്യത്വം ഏറ്റവും കുറച്ചുമാത്രം പ്രാക്ടീസ് ചെയ്യുന്നവരെങ്കില്‍ എന്തിന് നിയമങ്ങള്‍ നിലനിര്‍ത്തണമെന്നുമാത്രം വാശി?
ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്
EDITOR : RUKSANA. P
SENIOR SUB EDITOR : FOUSIA SHAMS
SUB EDITOR : FATHIMA BISHARA
Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com
Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com
Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com
Phone: 8281572448
advtaramam@gmail.com
© Aramam monthly. All Rights Reserved. Powered by: D4media