ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ സ്ത്രീകള്‍ക്ക് സമത്വവും പരമാവധി സ്വാതന്ത്ര്യവും അതിനേക്കാളുപരി സമൂഹത്തില്‍ പൂര്‍ണ സംരക്ഷണവും ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇത് എത്രമാത്രം പ്രയോഗവല്‍ക്കരിക്കപ്പെടുന്നുണ്ട് എന്നാണ് ഇവിടെ പരിശോധനാവിധേയമാക്കുന്നത്.
ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ സ്ത്രീകള്‍ക്ക് സമത്വവും പരമാവധി സ്വാതന്ത്ര്യവും അതിനേക്കാളുപരി സമൂഹത്തില്‍ പൂര്‍ണ സംരക്ഷണവും ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇത് എത്രമാത്രം പ്രയോഗവല്‍ക്കരിക്കപ്പെടുന്നുണ്ട് എന്നാണ് ഇവിടെ പരിശോധനാവിധേയമാക്കുന്നത്.
ശരീഅ: നിയമങ്ങളില്‍ വിവാഹം വളരെ ലളിതവും വിവാഹമോചനം അതീവ സങ്കീര്‍ണവുമാണ്. വിവാഹം ലളിതമായിരിക്കുന്നതും വിവാഹമോചനം സങ്കീര്‍ണമാക്കിയിരിക്കുന്നതും അതിലെ പങ്കാളിയായ സ്ത്രീയുടെ ക്ഷേമവും സംരക്ഷണവും ഉദ്ദേശിച്ചാണ്. എന്നാല്‍ സമകാലിക ഇന്ത്യയില്‍ കശ്മീരും ഗോവയും ഒഴികെയുള്ള പ്രദേശങ്ങള്‍ യഥാര്‍ഥ ഇസ്‌ലാമിന് അന്യമായ ഒരു പുരോഹിതവര്‍ഗം സമുദായത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്തി ശരീഅത്തിന്റെ വക്താക്കളെന്ന നിലയില്‍ യഥാര്‍ഥ ശരീഅത്ത് നിയമങ്ങള്‍ മൂടിവെച്ച് പുരുഷമേധാവിത്വത്തിന്റെ അജണ്ടകള്‍ സമുദായത്തില്‍ നടപ്പാക്കി സ്ത്രീ സമൂഹത്തോട് അനീതി പ്രവര്‍ത്തിക്കുകയും ദൈവികമായ ശരീഅത്ത് നിയമങ്ങള്‍ സമൂഹത്തില്‍ അധിക്ഷേപിക്കപ്പെടാന്‍ ഇടയാക്കുകയും ചെയ്തിരിക്കുകയാണ്. അതിന്റെ ഒരു ഉദാഹരണം മാത്രമാണ് ഇപ്പോള്‍ കോടതി കയറിയിരിക്കുന്ന മുത്വലാക്ക്.
വിവാഹ മോചനവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തില്‍ നടക്കുന്ന അനീതി വിവാഹം മുതല്‍ ആരംഭിക്കുന്നതാണ്. ഇസ്‌ലാമിലെ ഒരു ബലിഷ്ഠമായ കരാറാണ് വിവാഹം. ഏതൊരു കരാറും പോലെ വിവാഹ കരാറിലും പ്രതിഫലം കൈമാറല്‍ ആവശ്യമാണ്. വിവാഹകരാറിലെ പ്രതിഫലമാണ് മഹര്‍.
വിവാഹത്തിന്റെ ലക്ഷ്യം ജീവിതത്തില്‍ ഇരുകൂട്ടര്‍ക്കും സുഖവും സമാധാനവുമാണ് (ഖുര്‍ആന്‍ 8:189, 33:21) ആ കരാറിന് മൂല്യം നിശ്ചയിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നിയമം സ്ത്രീക്കാണ് നല്‍കിയിരിക്കുന്നത്. വിശുദ്ധഖുര്‍ആന്‍ വചനങ്ങളായ ശരീഅത്തില്‍ നിര്‍ബന്ധമാക്കപ്പെട്ട സ്ത്രീയുടെ ഈ മൂല്യത്തിന് അര്‍ഹമായ പരിഗണന നല്‍കാതെ വിവാഹം നടത്തുന്നതു മുതല്‍ ആരംഭിക്കുന്നതാണ് ഇന്നാട്ടിലെ സ്ത്രീകളോടുള്ള അനീതി. മാത്രമല്ല അവളെ അപമാനിക്കലുമാണ്. മാന്യമായ മഹര്‍ എന്തു മാത്രമായിരിക്കണമെന്ന് മൂസാ നബിയുടെ ചരിത്രവിവരണത്തിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. എട്ടുവര്‍ഷം ജോലിചെയ്യുന്നതിനുള്ള കൂലിയാണ് കുറഞ്ഞ മഹറായി മൂസാ നബിക്ക് നിശ്ചയിച്ചുകൊടുത്തത് (ഖുര്‍ആന്‍ 28:27).
നിസ്സാര മഹര്‍ നിശ്ചയിച്ച് സ്ത്രീകളെ അപമാനിക്കാതെ മഹര്‍ നിശ്ചയിക്കാതെ വിവാഹിതരായാലും അത് ശരീഅത്ത് നിയമപ്രകാരം മാന്യമായ ഒരു ഇടപാട് ആകുമായിരുന്നു കാരണം വിവാഹത്തിന് മഹര്‍ നിശ്ചയിച്ചില്ലെങ്കില്‍ വിവാഹമോചന സമയത്ത് സ്ത്രീക്ക് നിയമപ്രകാരം മഹറുല്‍മിസല് എന്ന നിലയില്‍ മാന്യമായ ഒരു തുക അവകാശപ്പെട്ട് വാങ്ങാവുന്നതാണ്. വിവാഹമോചനം സംഭവിച്ചാല്‍ അതോടെ മുസ്‌ലിം സ്ത്രീക്ക് ലഭിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സ്വത്താണ് അവളുടെ മഹര്‍.
വിവാഹം അതിന്റെ ലക്ഷ്യമായ സുഖവും സമാധാനവും നല്‍കുന്നില്ലെങ്കില്‍ ഇരു കക്ഷികളുടെയും താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ട് കരാറില്‍ നിന്ന് പിന്‍ന്മാറാന്‍ ഇരുവര്‍ക്കും സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതാണ് ഇസ്‌ലാമിലെ വിവിധ വിവാഹമോചന രീതികള്‍. അവിടെയും ഇടപാടിലെ കഴിവുകുറഞ്ഞ കക്ഷി എന്ന നിലയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കാണ് നിയമത്തില്‍ മുന്‍ഗണന. വിവാഹകരാറില്‍നിന്ന് പിന്മാറാന്‍ താല്‍പര്യപ്പെടുന്നത് സ്ത്രീയുടെ ഭാഗത്തു നിന്നാണെങ്കില്‍ വിവാഹമോചനം വളരെ ലളിതവും അതേസമയം അത് പുരുഷന്റെ ഭാഗത്തുനിന്നാണെങ്കില്‍ അതിന്റെ നടപടിക്രമങ്ങള്‍ ഏറെ സങ്കീര്‍ണവുമാണ്.
സ്ത്രീയാണ് വിവാഹമോചനം നടത്തുന്നതെങ്കില്‍ അവള്‍ക്ക് കൈപ്പറ്റിയ മഹര്‍ തിരികെ കൊടുത്ത് പിരിഞ്ഞുപോകാം. ഇതാണ് ഖുല്‍അ് എന്ന വിവാഹമോചന രീതി. അവര്‍ക്ക് അല്ലാഹിവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉല്‍കണ്ഠ തോന്നിയാല്‍ അവള്‍ വല്ലതും വിട്ടുകൊടുത്ത് കൊണ്ട് സ്വയം മോചനം നേടുന്നതില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. (ഖുര്‍ആന്‍ 2:229) ഇവിടെ മഹര്‍ തിരികെ വാങ്ങി സ്ത്രീയെ അവളുടെ ഇഷ്ടപ്രകാരം തിരിച്ചയക്കുകയല്ലാതെ പുരുഷന് മറ്റ് മാര്‍ഗങ്ങൡ. സ്ത്രീക്ക് മൂന്നുമാസം (ഇദ്ദകാലം) കഴിഞ്ഞു മാത്രമേ പുനര്‍വിവാഹം സാധ്യമാകൂ എന്നതൊഴിച്ചാല്‍ ഇദ്ദയുടെ മറ്റു നിബന്ധനകളൊന്നും പാലിക്കേണ്ടതുമില്ല.
അപ്രകാരം തന്നെയാണ് ഇരുവരും പരസ്പരം സമ്മതപ്രകാരം വേര്‍പിരിയുന്ന മുബാറഅത്ത് എന്ന വിവാഹമോചനത്തിലും. ഒരു സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ പരസ്പരം ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. (ഖുര്‍ആന്‍ 4:128) ഇവിടെ അവകാശ ബാധ്യതകള്‍ പരസ്പരം തീര്‍പ്പാക്കി പരസ്പര സമ്മതപ്രകാരം കരാറുണ്ടാക്കി ഇരുവര്‍ക്കും പിരിഞ്ഞുപോകാവുന്നതാണ്.
ഭര്‍ത്താവ് ഭാര്യയുമായി ശാരീരിക വേഴ്ച നടത്തുകയില്ലെന്ന് ശപഥം ചെയ്തുകൊണ്ട് നാല് മാസക്കാലം ഭാര്യയെ അകറ്റിനിര്‍ത്തിയാല്‍ അത് ഭാര്യക്ക് വിവാഹമോചനമായി കണക്കാക്കാം എന്ന നിയമമാണ് ഈലാഅ്. അതുപോലെ ഭാര്യ തനിക്ക് മാതാവിനെ പോലെയോ സഹോദരിയെ പോലെയോ ആണെന്ന് പറഞ്ഞ് നാല് മാസത്തിലധികം ഭാര്യക്ക് ശാരീരിക ബന്ധം നിഷേധിക്കുന്നത് ളിഹാര്‍ എന്ന വിവാഹമോചനമാണ്. ഇപ്രകാരമൊന്നും വിവാഹമോചനം ലഭിക്കാതെവന്നാല്‍ ന്യായമായ കാരണങ്ങളാല്‍ സ്ത്രീക്ക് കോടതിയെ സമീപിച്ച് വിവാഹം ദുര്‍ബലപ്പെടുത്തി വിധി സമ്പാദിക്കാനും അവകാശമുണ്ട്. ഇപ്രകാരം വിവാഹം ദുര്‍ബ്ബലപ്പെടുത്തി കോടതി നല്‍കുന്ന വിധിക്കാണ് ഫസ്ഖ് എന്നുപറയുന്നത്.
ഇതെല്ലാം സ്ത്രീയുടെ സ്വാതന്ത്ര്യവും അവകാശവുമാണ്. എന്നാല്‍ ശരീഅത്തില്‍ പുരുഷന് വിവാഹമോചനം നടത്താല്‍ അനുവദിക്കുന്ന ഒരേ ഒരു രീതിയാണ് ത്വലാക്ക്. പുരുഷന് സ്ത്രീക്കെതിരില്‍ നല്‍കിയ അവകാശമായതുകൊണ്ട് അതിന്റെ വിധികള്‍ സങ്കീര്‍ണമാക്കുകയും സംശയത്തിനിടയില്ലാത്ത വിധം ഖുര്‍ആനില്‍ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു.
ദമ്പതികള്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ മാത്രം കര്‍ശന നിബന്ധനകള്‍ പാലിച്ചുകൊണ്ട് നടത്തേണ്ടതും സാധാരണ സാഹചര്യങ്ങൡ നടപ്പാകല്‍ തീര്‍ത്തും അസാധ്യവുമായ ഒരു വിവാഹമോചന രീതിയാണ് ത്വലാഖ്. ഖുര്‍ആന്‍ വ്യക്തമായി നിഷ്‌കര്‍ഷിച്ച നിബന്ധനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ത്വലാഖ് സംഭവിക്കുകയുള്ളൂ.
ത്വലാഖിന്റെ ഒന്നാമത്തെ നിബന്ധന അത് പറയേണ്ടത് സ്ത്രീയുടെ ശുദ്ധികാലത്തായിരിക്കണം എന്നതാണ്. നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരുടെ ശുദ്ധികാലത്ത് വിവാഹമോചനം ചെയ്യുക (ഖുര്‍ആന്‍ 65:1) അതായത് പുരുഷന്‍ ത്വലാഖ് ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അത് പറയേണ്ടത് സ്ത്രീ ദാമ്പത്യസുഖം നല്‍കാന്‍ അനുയോജ്യയായി കഴിയുന്ന വേളകളില്‍ തന്നെയായിരിക്കണം. ആര്‍ത്തവകാലത്ത് ആകാന്‍ പാടില്ല.
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നുമാസമുറകള്‍ കാത്തിരിക്കേണ്ടതാണ്. (ഖുര്‍ആന്‍ 2:228) എന്നതാണ് രണ്ടാമത്തെ നിബന്ധന. ഇദ്ദകാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത.് അവര്‍ പുറത്തുപോവുകയുമരുത്. (ഖുര്‍ആന്‍ 65:1) ആര്‍ത്തവമില്ലാത്തവരുടെ കാര്യത്തില്‍ ഇദ്ദ മൂന്നുമാസമാണ് ഗര്‍ഭവതികളായ സ്ത്രീകളാവട്ടെ അവരുടെ അവധി അവരുടെ ഗര്‍ഭം പ്രസവിക്കലാണ് (ഖുര്‍ആന്‍ 65:4) അതിനകം അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ ഏറ്റവും അര്‍ഹതയുള്ളവരാകുന്നു. (ഖുര്‍ആന്‍ 2:218)
ഭര്‍ത്താവിന് ഭാര്യയെ തിരിച്ചെടുക്കാനുള്ള അവകാശത്തോടും സ്വാതന്ത്ര്യത്തോടും കൂടി അവര്‍ അതുവരെ താമസിച്ചിടത്ത് അതേ സാചര്യത്തില്‍ ഭര്‍ത്താവിനെ തിരിച്ചെടുക്കലിന് പ്രലോഭിപ്പിക്കാന്‍ ഭാര്യക്ക് അവസരങ്ങള്‍ നല്‍കി മൂന്നുമാസക്കാലം ഒരുമിച്ച് താമസിക്കണമെന്നാണ് ത്വലാഖിന്റെ രണ്ടാമത്തെ നിബന്ധന. ഇക്കാലയളവില്‍ ഭര്‍ത്താവ് തിരിച്ചെടുത്തു എന്ന് പറയല്‍ കൊണ്ടോ ശാരീരിക വേഴ്ചയില്‍ ഏര്‍പ്പെടല്‍ കൊണ്ടോ ത്വലാഖ് അസാധുവാകും. അങ്ങനെ ത്വലാഖ് അസാധുവാകുന്നതാണ് റജഅത്ത്. ഇക്കാലയളവിലെല്ലാം അവര്‍ നിയമത്തിനു മുന്നില്‍ ദമ്പതികളാണ്. ഒരാള്‍ മരണപ്പെട്ടാല്‍ മറ്റേയാള്‍ അനന്തരാവകാശിയാകും.
അങ്ങനെ അവര്‍ അവരുടെ അവധിയില്‍ എത്തിയാല്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ നിലനിര്‍ത്തുകയോ ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ട് നീതിമാന്മാാരെ നിങ്ങള്‍ സാക്ഷിനിര്‍ത്തുകയും അല്ലാഹുവിന് വേണ്ടി അവര്‍ വേണ്ട വിധം സാക്ഷ്യം നിലനിര്‍ത്തുകയും ചയ്യുക (ഖുര്‍ആന്‍ 65:2) ഇതാണ് അവസാനത്തെ നിബന്ധനകള്‍. ഇവിടെ ന്യായമായ നിലയില്‍ വേര്‍പിരിയുക എന്ന് പറഞ്ഞാല്‍ അവളുടെ സ്വത്ത് അവകാശങ്ങളെല്ലാം കൊടുത്ത് കുട്ടികളുണ്ടെങ്കില്‍ അവരുടെ സംരക്ഷണ കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കി മാന്യമായി പറഞ്ഞയക്കണമെന്നും അതിന് നീതിമാന്മാരായ രണ്ട് സാക്ഷികള്‍ വേണമെന്നുമാണ്.
ഖുല്‍അ് ഒഴികെയുള്ള മറ്റെല്ലാ വിവാഹമോചന രീതികളിലും വിവാഹമോചനം പൂര്‍ത്തിയാകുന്നതിന് സ്ത്രീക്ക് അവളുടെ അവകാശങ്ങള്‍ കൊടുത്തുവീട്ടേണ്ടതുണ്ട്. മഹറും ഇതര സ്വത്തുക്കളും മതാഅ് എന്ന പാരിതോഷകവുമാണ് അവരുടെ അവകാശങ്ങള്‍. വിവാഹത്തിന് മഹര്‍ കൊടുത്തില്ലെങ്കില്‍, ഇനി കൊടുത്തത് ദാമ്പത്യ ജീവിതത്തിനിടയില്‍ അവര്‍ ഒരുമിച്ചോ ഭര്‍ത്താവ് തന്നെയോ ചെലവഴിച്ച് പോയാലും വിവാഹമോചന സമയത്ത് ആ സ്വത്ത് സ്ത്രീക്ക് കൊടുക്കണം. വിവാഹത്തിന് സ്ത്രീയുടെ വീട്ടുകാരോ ബന്ധുക്കളോ കൂട്ടുകാരോ ഭര്‍ത്താവ് തന്നെയോ സമ്മാനമായി നല്‍കിയ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും കൂടാതെ ദാമ്പത്യജീവിതത്തിനിടയില്‍ ഭര്‍ത്താവ് നല്‍കിയ ഇഷ്ടദാന സ്വത്തുക്കളും വിവാഹമോചനസമയത്ത് സ്ത്രീക്ക് കൊടുക്കണം. നിങ്ങള്‍ അവള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല (ഖുര്‍ആന്‍ 2:229) എന്നതാണ് വിധി. ഇവ കൂടാതെ മതാഅ് എന്ന മാന്യമായ ഒരു പാരിതോഷികം കൂടി അവള്‍ക്ക് കൊടുക്കണം. വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം ജീവിതവിഭവം (മതാഅ്) നല്‍കേണ്ടത് ഭക്തന്മാരുടെ ബാധ്യതയത്രെ.(ഖുര്‍ആന്‍ 2:241)
ഇതാണ് ഇസ്‌ലാമിക ശരീഅത്തിലെ ഒരു ത്വലാഖ്. ഇപ്രകാരം ഒരു ത്വലാഖ് കഴിഞ്ഞ് പിരിഞ്ഞാലും വീണ്ടും അവര്‍ക്ക് തമ്മില്‍ പുനര്‍വിവാഹം ആകാം. രണ്ടാമതും അവരുടെ പുനര്‍ദാമ്പത്യത്തില്‍ ഇപ്രകാരം ത്വലാഖ് സംഭവിച്ച് പിരിഞ്ഞ് പോയാലും മൂന്നാമതും പുനര്‍വിവാഹം നടത്തി വീണ്ടും അവര്‍ക്ക് ഒരുമിച്ച് ജീവിക്കാം. ഇപ്രകാരം ഒന്നാമതും രണ്ടാമതും സംഭവിക്കുന്ന ത്വലാഖിന് ത്വലാഖ് റജഇ എന്നാണ് പറയുന്നത്. എന്നാല്‍് ദമ്പതികള്‍ക്കിടയില്‍ തുടര്‍ച്ചയായി മൂന്നാമതും ത്വലാഖ് സംഭവിച്ചാല്‍ നാലാമത് അവര്‍ തമ്മില്‍ വിവാഹം നടത്താന്‍ അനുവാദമില്ല. അങ്ങനെ പുനര്‍വിവാഹത്തിന് ത്വലാഖ് ബാഇന്‍ എന്നാണ് പറയുന്നത്. പിന്നീട് അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിച്ച് ആ പുതിയ ഭര്‍ത്താവ് വിവാഹമോചനം ചെയ്‌തെങ്കിലല്ലാതെ ആദ്യഭര്‍ത്താവിന് അവരെ വീണ്ടും വിവാഹം കഴിക്കാന്‍ അനുവാദമില്ല.
ദമ്പതിമാര്‍ക്കിടയില്‍ ഒന്നോ രണ്ടോ വിവാഹമോചനം മാത്രം നടന്നിരിക്കെ പുരുഷന്‍ അവളെ തന്നെ പുനര്‍വിവാഹം ചെയ്യുന്നതിന് മറ്റുള്ളവര്‍ നിര്‍ബന്ധിക്കുന്നതിന് താന്‍ അവളെ മൂന്ന് വട്ടം ത്വലാഖ് പറഞ്ഞു, അങ്ങനെ ത്വലാക്ക് ചെയ്യല്‍ ആയി എന്ന് വാദിച്ചാല്‍ അയാളെ ആ സ്ത്രീയുമായി പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല. അതിനാല്‍ ഒരുവന്‍ മൂന്ന് ത്വലാഖും ഉദ്ദേശിച്ചാല്‍ അവന് അത് മൂന്നും ആയി എന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും മതവിധി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായതിനാല്‍ അത് നിയമവിരുദ്ധമായ ബിദ്അത്താണ് എന്നാണ് എല്ലാ പണ്ഡിതന്മാരും ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് ശരീഅത്ത് നിയമം എന്ന നിലയില്‍ നടപ്പാക്കപ്പെടുന്നത്. എന്നാല്‍ ആരെങ്കിലും ഇതിനെതിരെ വല്ല ബിദ്അത്തും ചെയ്താല്‍ സുന്നത്ത് ഇതാണെന്ന് പറഞ്ഞ് അവനെ ഉപദേശിക്കാമെന്നല്ലാതെ അതിന് അവനെ നിര്‍ബന്ധിക്കാന്‍ നിവൃത്തിയില്ലാത്തുകൊണ്ടാണ് ബിദ്അത്ത് അനുവദിച്ച് അത്തരക്കാരെ അവരുടെ ഇഷ്ടത്തിന് വിടുന്നത്. ഇതുവരെ വിശദീകരിച്ചത് വിവാഹമോചനത്തിന്റെ ശരീഅ നിയമങ്ങളാണ്.
ഇനി ഇന്ത്യയില്‍ പലവശത്തും യഥാര്‍ഥത്തില്‍ നടക്കുന്നത് എന്താണെന്ന് നോക്കാം. ശരീഅത്തിലെ വിവിധ വിവാഹമോചന രീതികളോ ത്വലാക്കിന്റെ തന്നെ വിധികളോ ഇപ്പോള്‍ സമുദായത്തെ നിയന്ത്രിക്കുന്ന പുരോഹിത വര്‍ഗത്തിന് അറിയില്ല. അവരെ പടച്ചുവിടുന്ന സ്ഥാപനങ്ങളില്‍ ഇതൊന്നും പഠിപ്പിക്കുന്നില്ല. വിവാഹമോചനമെന്നാല്‍ ത്വലാക്ക് എന്ന് മൂന്നുവട്ടം പറയലാണെന്നും അങ്ങനെ മൂന്നും ചൊല്ലി എന്ന് പറഞ്ഞാല്‍ മാത്രമേ വിവാഹമോചനം ആവുകയുള്ളൂ എന്നും പിന്നെ അവര്‍ തമ്മില്‍ പുനര്‍വിവാഹം ഹറാമാണ് എന്നുമാണ് ഇക്കൂട്ടര്‍ എവിടെനിന്നോ പഠിച്ചുവെച്ചിരിക്കുന്നത്. അതിനാല്‍ ദമ്പതികള്‍ വഴക്കുണ്ടാക്കിപിരിയാന്‍ തീരുമാനിച്ചാല്‍ ഇക്കൂട്ടര്‍ മൂന്നു ത്വലാഖും ചൊല്ലിയെന്ന് രേഖയുണ്ടാക്കുകയും എന്നാല്‍ അവര്‍ക്കിടയിലെ കൊടുക്കല്‍ വാങ്ങലുകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ അവര്‍ക്ക് തന്നെ വിടുകയും ചെയ്യും. പിന്നീട് തര്‍ക്കങ്ങളുമായി സ്ത്രീകള്‍ കോടതിയെ സമീപിക്കുമ്പോള്‍ കോടതി അനുരഞ്ജനത്തിലൂടെ അവരെ യോജിപ്പിക്കാന്‍ ശ്രമിച്ചാലോ, അല്ലാതെ തന്നെ ഇരുവര്‍ക്കും യോജിച്ച് ജീവിക്കണമെന്ന് ഉദ്ദേശ്യമുണ്ടായാലോ അവര്‍ മൂന്നും ചൊല്ലപ്പെട്ടവരാണ് ഇനി അവര്‍ ഒരുമിച്ച് ജീവിക്കുന്നത് വ്യഭിചാരമാണ് എന്ന് ഫത്‌വ കൊടുത്ത് ഒരുമിച്ച് ജീവിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
ശരീഅത്തില്‍ ഇല്ലാത്തതും ഇവര്‍ മുത്തലാഖ് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നതുമായ ഇസ്‌ലാമിക വിരുദ്ധമായ ഈ ഏര്‍പാടാണ് ഇപ്പോള്‍ തര്‍ക്ക വിഷയമായിരിക്കുന്നതും അത് അതേപടി നിലനിര്‍ത്തേണ്ടതാണ് എന്ന് ആവശ്യപ്പെട്ട് ഇക്കൂട്ടര്‍ പ്രക്ഷോഭത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതും.
വിവാഹമോചനം ശരീഅത്ത് അനുസരിച്ച് പുരുഷന് വലിയ പണച്ചെലവും ബാധ്യതയും വരുത്തിവക്കുന്ന സംഗതിയാണ്. സ്ത്രീകള്‍ക്കാകട്ടെ അത് സാമാന്യം നല്ല സാമ്പത്തിക ലാഭമുണ്ടാക്കുന്ന സംഗതിയുമാണ്. അതുകൊണ്ട് തന്നെ യഥാര്‍ഥ ഇസ്‌ലാമിക സംവിധാനത്തില്‍ പുരുഷന്‍ അത്രകണ്ട് നിവൃത്തികേട് വന്നാലെ അതിന് മുതിരുകയുള്ളൂ. അതിനാല്‍ ശരീഅത്ത് നിയമം മനസ്സിലാക്കിയ യാതൊരാള്‍ക്കും അത് സ്ത്രീക്ക് നീതി നിഷേധിക്കുന്നതോ വിവേചനമോ ആണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഇസ്‌ലാമിലെ ഈ നീതി നാട്ടില്‍ നടപ്പാകണമെങ്കില്‍ മുസ്‌ലിം സ്ത്രീകള്‍ തങ്ങളുടെ ദീനിലെ അവകാശങ്ങളെക്കുറിച്ച് ബോധവതികളാവുകയും ഇന്നത്തെ പുരോഹിത വര്‍ഗത്തിന്റെ പിടിയില്‍ നിന്ന് സമുദായത്തെ സ്വതന്ത്രമാക്കുകയും ചെയ്യേണ്ടതുണ്ട്