കൊല്ലം ജില്ലയിലെ കരിക്കോഡില്‍ നിന്ന് നിറം കൊടുത്ത സ്വപ്നങ്ങളെ കാന്‍വാസില്‍ അടക്കിയിരുത്തി കോഴിക്കോടിന്റെ സ്വാദേറിയ മണ്ണിലേക്ക് ഫാത്തിമ ഹകീം വരുമ്പോള്‍ മനസ്സ് ശൂന്യമായ ഒരു കാന്‍വാസായിരുന്നു.
കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ സെപ്തംബര്‍ 21- ന് ആരംഭിച്ച് 25-ന് അവസാനിച്ച 'അറോറ' എന്ന
കൊല്ലം ജില്ലയിലെ കരിക്കോഡില്‍ നിന്ന് നിറം കൊടുത്ത സ്വപ്നങ്ങളെ കാന്‍വാസില്‍ അടക്കിയിരുത്തി കോഴിക്കോടിന്റെ സ്വാദേറിയ മണ്ണിലേക്ക് ഫാത്തിമ ഹകീം വരുമ്പോള്‍ മനസ്സ് ശൂന്യമായ ഒരു കാന്‍വാസായിരുന്നു.
കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ സെപ്തംബര്‍ 21- ന് ആരംഭിച്ച് 25-ന് അവസാനിച്ച 'അറോറ' എന്ന ചിത്ര പ്രദര്‍ശനത്തിലൂടെയാണ് ഫാത്തിമ ഹക്കീം എന്ന ആര്‍ക്കിടെക്റ്റിനെ കോഴിക്കോട് കാണുന്നത്. കൊല്ലം ജില്ലയിലെ കരിക്കോഡില്‍ ഡോ.അബ്ദുല്‍ ഹകീമിന്റെയും ഹനീസ ടീച്ചറുടേയും നാല് മക്കളില്‍ മൂത്ത മകളായി ജനിച്ച ഫാത്തിമ ഇന്ന് നിറങ്ങളുടെ ഉറ്റതോഴിയാണ്. നാലാം വയസ്സു മുതലേ കരിക്കോഡിലെ വീടുമതിലുകള്‍ക്ക് നിറത്തെ പരിചയപ്പെടുത്തിയ ഫാത്തിമ ഇരുപത്തിനാലാം വയസ്സില്‍ നില്‍ക്കുമ്പോഴും നിറത്തെ മറന്നില്ല. ഈ ഭൂമിയില്‍ ജീവിച്ച് സമാന്തര ലോകത്തെ ഭാവനകളെ നിറത്തില്‍ ചാലിച്ച് കാന്‍വാസില്‍ പകര്‍ത്തിയപ്പോള്‍ അവളറിഞ്ഞിരുന്നില്ല ഈ നിറങ്ങള്‍ തന്റെ സ്വപ്നമായിരുന്നെന്ന്. 2015-ല്‍ ആര്‍കിടെക്റ്ററി ഫീല്‍ഡിലേക്ക് കടന്നു വന്ന ഫാത്തിമ ഇന്ന് തന്റെ പ്രൊഫഷനേക്കാള്‍ ഇതിനെ സ്‌നേഹിക്കുന്നു.
സെപ്തംബര്‍ 21-ന് ഗസലിന്റെ തോഴന്‍ ഷഹബാസ് അമന്‍ ഈ ജീവനുള്ള ചിത്ര പ്രദര്‍ശനത്തിന് നാന്ദി കുറിച്ചപ്പോള്‍, ഈ ചിത്രങ്ങള്‍ക്കും ചിത്രകാരിക്കും ഇരട്ടി മധുരമായിരുന്നു. താനൊരു കലാകാരിയല്ല മറിച്ച് ആശയങ്ങളുടെ വിവര്‍ത്തകയെന്ന് സ്വയം കരുതുന്ന ഈ ചിത്രകാരി നിറങ്ങളെ കാന്‍വാസിലേക്ക് പകര്‍ത്തുന്നത് അധികവും കൈയും കാലും ഉപയോഗിച്ചാണ്.
ബ്രഷും മറ്റുപകരണങ്ങളും വിരളമായി മാത്രമേ ഫാത്തിമ ഉപയോഗിക്കാറുള്ളൂ. ബ്രഷും മറ്റുപകരണങ്ങളും, താനും നിറവുമായുള്ള ബന്ധത്തിന് അകല്‍ച്ചയുണ്ടാക്കുമെന്നാണ് ഈ സ്വപ്ന സഞ്ചാരിയുടെ വാദം. അത് തന്നെയാണ് 'അറോറ'യെ വ്യത്യസ്തമാക്കുന്നതും. കലാകാരന്മാര്‍ക്ക് സമൂഹം പതിച്ചു നല്‍കിയ പല വിശേഷണങ്ങള്‍ക്കും അതീതമാണ് ഫാത്തിമ. മനുഷ്യ മനസ്സിനെ സന്തോഷിപ്പിക്കുന്ന പ്രതീകങ്ങളാണ് ഈ ചിത്ര പ്രദര്‍ശനത്തിലധികവും. കരിക്കോഡ്കാരിയാണെങ്കിലും മലപ്പുറത്തേക്ക് പുതുനാരിയായി വന്ന ഫാത്തിമ കുറ്റിപ്പല സ്വദേശി സമീറിന്റെ നല്ലപാതിയായിട്ട് കാലമേറെയൊന്നും ആയിട്ടില്ല. പ്രിയതമനെ ബ്ലാങ്ക്കാന്‍വാസിലെ നിറമെന്ന് വിശേഷിപ്പിച്ച ഫാത്തിമ ഈ ചിത്രപ്രദര്‍ശത്തിന് പ്രധാന കാരണം സമീര്‍തന്നെയെന്ന് സമ്മതിക്കുന്നു. തന്റെ ചിത്രങ്ങള്‍ കാരണം ഒരാള്‍ മനസ്സറിഞ്ഞൊന്ന് ചിരിച്ചാല്‍ താന്‍ വരച്ചതൊക്കെ ഫലവത്തായി എന്ന് കരുതുന്നതോടൊപ്പം മറ്റുള്ളവരുടെ ചിരിയാണ് ചിത്രങ്ങള്‍ക്കുള്ള പ്രതിഫലമെന്നും ചിത്രകാരി പറയുന്നു.
കൊല്ലം ജില്ലയില്‍ നിന്ന് നാനൂറോളം കിലോമീറ്ററുകള്‍ താണ്ടി കോഴിക്കോട്ടേക്ക് വന്നപ്പോള്‍ ഈ കാന്‍വാസുകള്‍ സന്തോഷത്തിലായിരുന്നു. ഇന്നിപ്പോള്‍ ഒരുപാട് ഓഫറുകള്‍ ഈ നിറങ്ങളേയും ഫാത്തിമയേയും കാത്തിരിക്കുന്നു. കോഴിക്കോടെന്ന സ്വാദേറിയ മണ്ണിനെ നെഞ്ചോട് ചേര്‍ത്ത് വെച്ചാണ് അവരിവിടം വിടുന്നത്. തന്റെ മനസ്സിലെ വരികള്‍ക്ക് നിറം കൊടുത്ത്, ആ നിറങ്ങളെ കാണികള്‍ക്ക് വിട്ടുകൊടുക്കുന്നു. തന്റെ ചിത്രങ്ങളില്‍ നിഗൂഢതയും പ്രയാസവും കുറക്കുകയും, പ്രതീക്ഷകളും സ്‌നേഹവും ചാലിച്ച് ഒരുപാട്‌പേര്‍ക്ക് നയന വിരുന്നൊരുക്കി ഈ നിറമുള്ള ആര്‍ക്കിടെക്റ്റ്. കാനഡയില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുന്ന ഭര്‍ത്താവ് സമീറിന്റെ അഭാവം ഈ സന്തോഷത്തിന്റെ മാറ്റല്‍പ്പം കുറക്കുന്നുണ്ട്. നാല് ചുവരിനുള്ളില്‍ ഒതുങ്ങിയ ഈ ചിത്രപ്രദര്‍ശനം ഇനി മണ്ണിനേയും വിണ്ണിനേയും സാക്ഷിയാക്കി ഓപ്പണ്‍ എയറില്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു ഫാത്തിമ.
വരകള്‍ പോലും ഫാസിസത്തെ പേടിക്കുന്ന കാലത്ത് പ്രതീക്ഷ തുളുമ്പുന്ന ചിത്രങ്ങളുമായി മനുഷ്യ മനസ്സിനെ സന്തോഷിപ്പിക്കാന്‍ ഈ ചിത്രകാരിക്ക് കഴിയട്ടെ എന്ന് ഉള്ളറിഞ്ഞ് ആശംസിക്കുന്നു.