യുവത്വമുളള വാര്‍ധക്യം
ജീവിതത്തിന് പല ഘട്ടങ്ങളും അവസ്ഥകളും ഉണ്ട്. ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും അതും കഴിഞ്ഞ് വാര്‍ധക്യവും. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ താലോലിക്കാനും താരാട്ടുപാടാനും ആ കുഞ്ഞിക്കവിളില്‍ മുത്തം നല്‍കാനും കൈ വളരുന്നോ കാല്‍ വളരുന്നോയെന്ന് നോക്കി പരിപാലിക്കാനും ഏറെ താല്‍പര്യമാണ് എല്ലാവര്‍ക്കും. പിച്ചവെച്ചു വളരുന്തോറും
ജീവിതത്തിന് പല ഘട്ടങ്ങളും അവസ്ഥകളും ഉണ്ട്. ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും അതും കഴിഞ്ഞ് വാര്‍ധക്യവും. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ താലോലിക്കാനും താരാട്ടുപാടാനും ആ കുഞ്ഞിക്കവിളില്‍ മുത്തം നല്‍കാനും കൈ വളരുന്നോ കാല്‍ വളരുന്നോയെന്ന് നോക്കി പരിപാലിക്കാനും ഏറെ താല്‍പര്യമാണ് എല്ലാവര്‍ക്കും. പിച്ചവെച്ചു വളരുന്തോറും ബാല്യ കൗമാരത്തിലേക്ക് കടക്കുന്തോറും കരുതലും പ്രതീക്ഷകളും കൂടും. അങ്ങനെ മക്കള്‍ വളര്‍ന്ന് കൗമാരം പിന്നിട്ട് യുവാക്കളും കരുത്തരും തന്‍കാലില്‍ നില്‍ക്കാനും ആകുന്നതോടെ അതുവരെ അതിനുവേണ്ടി പ്രയത്‌നിച്ച മാതാപിതാക്കള്‍ മെല്ലെ മെല്ലെ വാര്‍ധക്യത്തിലേക്ക് എത്തിയിട്ടുണ്ടാവും. കാലുകള്‍ തളര്‍ന്നിട്ടും കൈകള്‍ ശോഷിച്ചിട്ടുമുണ്ടാകും. കുടുംബത്തിന്റെ ഭാരം താങ്ങിയ ആള്‍ പതിയെ പതിയെ കുടുംബത്തിന് ഭാരമാകുന്ന അവസ്ഥ. ഇത് ഒറ്റപ്പെട്ടതല്ല,
നാം നേടിയ വിദ്യാഭ്യാസത്തിനും ആര്‍ജിച്ചെടുത്ത കാഴ്ചപ്പാടിനും വല്ലാതെ തകരാറുകളുണ്ടെന്നു പറയിപ്പിക്കുന്നതാണ് വര്‍ത്തമാനകാലത്തെ വൃദ്ധരോടുള്ള നമ്മുടെ പെരുമാറ്റം. ആയുരാരോഗ്യം വര്‍ധിക്കുന്നതിനനുസരിച്ച് വൃദ്ധരുടെ പെരുപ്പവും വര്‍ധിക്കുകയാണ്. പക്ഷേ ഇവര്‍ പലപ്പോഴും നിസ്സഹായരാണ്. നിരാലംബരോ നിരക്ഷരരോ ദരിദ്രനോ അല്ല വൃദ്ധസദനങ്ങളിലേക്ക് ഒതുക്കിയ വൃദ്ധര്‍. സമ്പത്തും സന്താനങ്ങളും സ്ഥാനമാനങ്ങള്‍ ഉണ്ടോയിരുന്നവരും കൂടി ഇന്ന് വൃദ്ധസദനങ്ങളുടെ അരികിലിരുന്ന് തേങ്ങുന്നുണ്ട്. കുടുംബത്തിന്റെ സുരക്ഷിത്വത്തിനു വേണ്ടി അധ്വാനിച്ചവന് വൃദ്ധസദനത്തിന്റെ ഏകാന്തതകള്‍ മാത്രം കൂട്ടിനുള്ള അവസ്ഥ ദയനീയം മാത്രമല്ല, പരിഷ്‌കൃത സമൂഹത്തിന് അപമാനം കൂടിയാണ്. ബന്ധുക്കളുടെ സംരക്ഷണയിലും സുരക്ഷിതത്വത്തിലും കഴിയേണ്ട ആശ്രിതരാണ് ഓരോ വൃദ്ധരും എന്ന പാഠം കുഞ്ഞുനാളിലേ നാം മക്കളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ കഥയില്‍ വായിച്ചതുപോലെ അച്ഛനു ഭക്ഷണം വിളമ്പാനായി മാറ്റിവെച്ച പാത്രം അദ്ദേഹത്തിന്റെ കാലശേഷം നശിപ്പിച്ചുകളയാന്‍ ശ്രമിച്ച അയാളുടെ മകനോട് തന്റെ കുട്ടി 'അതു കളയേണ്ട അച്ഛാ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ അച്ഛന് അതു വേണ്ടിവരും' എന്നു പറഞ്ഞ അനുഭവം ഓരോ വീട്ടിലും ഉണ്ടാകും.
വൃദ്ധര്‍ക്കും ഒറ്റപ്പെടലുകള്‍ അനുഭവിക്കുന്നവര്‍ക്കും കൂട്ടം കൂടിയിരിക്കാനും മാനസികോല്ലാസം നല്‍കാനും കഴിയുന്ന ഇടങ്ങളെ വീട്ടിലോ ചുറ്റുവട്ടത്തോ ഉണ്ടാക്കിയെടുക്കാന്‍ കുടംബവും സമൂഹവും ശ്രദ്ധപതിപ്പിക്കണം. അണുകുടുംബം, മക്കള്‍ക്കും മരുമക്കള്‍ക്കും ജോലി എന്നിവ യാഥാര്‍ഥ്യമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് പ്രായമായവരെ വീടിന്റെ അകത്തളങ്ങളില്‍ ഒറ്റക്ക് നിര്‍ത്തുന്നതും നല്ലതല്ല. അതവര്‍ക്കൊരു കാരാഗൃഹമാണ്. സമപ്രായക്കാരും സമാന സ്വഭാവക്കാരുമൊക്കെയായ വൃദ്ധരെ രാവിലെ മുതല്‍ വൈകുന്നേരം വരെ സ്വന്തക്കാരുടെ അസാന്നിദ്ധ്യത്തില്‍ സംരക്ഷിക്കുന്ന പകല്‍വീടുകള്‍ പോലെയുള്ള സംരംഭങ്ങള്‍ ഒരുപരിധിവരെ ഇവര്‍ക്ക് ആശ്വാസമായിരിക്കും. സര്‍ക്കാറിനു കീഴില്‍ ഇത്തരം പദ്ധതികള്‍ക്ക് ചിലയിടങ്ങളിലെങ്കിലും തുടക്കം കുറിച്ചിട്ടുണ്ട്. വൃദ്ധസദനങ്ങളില്‍ തളളുന്നതിനു പകരം മാനസികോല്ലാസം നല്‍കുന്ന ഇത്തരം പകല്‍വീടുകളായിരിക്കും അഭികാമ്യം. അവിടങ്ങളില്‍ സര്‍ഗാത്മകമായ കൂട്ടായ്മകള്‍ കൂടി രൂപപ്പെടുകയാണെങ്കില്‍ വാര്‍ധക്യത്തെ കൂടുതല്‍ ക്രിയാത്മകമാക്കാനാവും.