പണിയൊന്നുമില്ല,
അടുപ്പിനിപ്പോള്‍...
വോട്ടുകാലത്ത് നേതാക്കള്‍ നാട്ടിയ
ശിലകള്‍ പോലെ
പണിയൊന്നുമില്ല,
അടുപ്പിനിപ്പോള്‍...
വോട്ടുകാലത്ത് നേതാക്കള്‍ നാട്ടിയ
ശിലകള്‍ പോലെ
അടുക്കളയുടെ മൂലക്ക്
വെറുതെ കിടപ്പാണ്...
ഫാസ്റ്റ് ഫുഡ് കഫേകളില്‍
വേട്ടക്കിറങ്ങിയതാണല്ലോ
വീട്ടുകാര്‍.....
പുന്നെല്ല് നിറച്ച
ഒരോട്ടുരുളിയോ
ജീരകക്കഞ്ഞിയോ
പൂളപ്പുഴുക്കോ
സദാ വെന്തുകൊണ്ടിരുന്ന
പോയ പൂക്കാലത്തെയോര്‍ത്ത്
തുല്യദുഖത്തിന്റെ
പനിച്ചൂടില്‍... പാവം,
മൂന്നു കല്ലുകള്‍
മകള്‍
അവള്‍ക്കു ഞാന്‍ വെറും അമ്മയായില്ല,
കൂടെകളിക്കും തോഴിയായി...
ആദ്യാറിവിന്‍ ഗുരുവായി.
എന്നിലെ സ്വപ്നവും മോഹവും അവളായി,
എന്നുടെ പകലും രാവും അവള്‍ക്കായി
ഒരു മൊട്ടു വിരിഞ്ഞു പൂവാകും കൗതുകത്താല്‍
അവളുടെ വളര്‍ച്ച ഞാന്‍ കണ്ടു.
അവളില്‍ നിന്നു ഞാന്‍ പുതിയ പാഠങ്ങള്‍ പഠിക്കവെ,
അവളെ ഞാനെന്‍ ഗുരുവായ് വരിച്ചു.
കൗമാരമവളില്‍ വിരുന്നെത്തവെ,
മാറ്റങ്ങള്‍ വന്നവളുടെ ഭാവത്തിലും..
അവളുടെ ശരികള്‍ എന്നില്‍ തെററുകളാകവെ..
മാറിയോ ഞാനവളുടെ ശത്രുവായി..?
ഒടുവില്‍ ഒരുവന്റെ കൈ പിടിച്ചവള്‍ പടിയിറങ്ങവെ,
നെഞ്ചുരുകും വേദനയാല്‍ ഞാനറിഞ്ഞു,
എനിക്കവളെന്റെ ഹൃദയമായിരുന്നു...
ബുഷ്‌റ മാട്ടര
സ്വീകരണ മുറിയില്‍
അതിരിട്ട ആകാശമുണ്ട്
കുപ്പിയിലടച്ച കടലുണ്ട്
ചട്ടിയിലൊതുക്കിയ കാടുണ്ട്
ഉപ്പിലിട്ട വന്യതകളുണ്ട്
കൂട്ടിലിട്ട പാട്ടുണ്ട്
ഒന്നുമറിയാതെ ഉറങ്ങുന്ന
തൊട്ടിലുമുണ്ട്
പുഴയൊരു പടം
പാടമൊരു ശില്‍പം
സ്വീകരണമുറിയില്‍
പ്രലോഭനങ്ങളുണ്ട്
മേല്‍ക്കൂരയിലെ കൊളുത്ത്
കുരുക്കിട്ട കയര്‍
മൂര്‍ച്ചയില്‍ ഒരു ബ്ലേഡ്
തിരി താഴ്ത്തിവച്ച
ഒരു സ്വപ്നം
ചഷകത്തില്‍ ഒരു തുടം
പ്രണയം,
ഒരു ശവപ്പെട്ടി.
കാല്‍ച്ചുവട്ടില്‍ നിന്നും
ഒലിച്ചുപോകുന്ന
മണ്ണുകൊണ്ടാണിനി
തുലാഭാരം
എനിക്ക് തോല്‍പ്പിക്കേണ്ടത്
എന്നെത്തന്നെ,
പിന്നില്‍നിന്ന്
കുത്തി മലര്‍ത്തണം
ആഴത്തിലേക്ക് തള്ളിയിടണം
പിടയാന്‍ പോലും
ഇട കൊടുക്കാതെ
കഴുത്ത് ഞെരിക്കണം..
അതിനു മുമ്പ്
നിന്നെ ഉറക്കി കിടത്തണം
ശുഭ രാത്രിയുടെ
കറുത്ത ചുംബനത്തിനായ്
ഞാന്‍ കിടപ്പുമുറിയിലെത്തും
നീ ഉണര്‍ന്നു പോകരുത്.
ശിവപ്രസാദ് പാലോട്