കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടക്ക് വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം 69 ശതമാനത്തിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കുടുംബങ്ങളിലെ നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ പോലും വയോധികരെ ഉപേക്ഷിക്കുകയാണ്. 15000 രൂപവരെ കുടുംബപെന്‍ഷന്‍ വാങ്ങുന്നവര്‍ പോലും വൃദ്ധസദനങ്ങളിലുണ്ടത്രെ. പകുതിയിലേറെപേര്‍ക്കും
കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടക്ക് വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം 69 ശതമാനത്തിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കുടുംബങ്ങളിലെ നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ പോലും വയോധികരെ ഉപേക്ഷിക്കുകയാണ്. 15000 രൂപവരെ കുടുംബപെന്‍ഷന്‍ വാങ്ങുന്നവര്‍ പോലും വൃദ്ധസദനങ്ങളിലുണ്ടത്രെ. പകുതിയിലേറെപേര്‍ക്കും ഉറ്റബന്ധുക്കളുണ്ട്. അച്ഛനമ്മമാരെ ഉപേക്ഷിക്കുന്ന മക്കളില്‍നിന്ന് പിഴയും മുതിര്‍ന്ന പൗരന്മാര്‍ക്ക് ജീവിത ചെലവിനുള്ള തുകയും ഈടാക്കാന്‍ നിയമം ഉണ്ടായിട്ടും ഇതാണ് സ്ഥിതി.
മക്കള്‍ ആണും, പെണ്ണുമായി ആറ് പേരുണ്ടെങ്കിലും ഇത്തിരി അന്നമോ, മരുന്നോ നല്‍കാന്‍ ആരുമില്ലാതെ വിശന്ന് തളര്‍ന്ന്, അനാഥരെ സംരക്ഷിക്കുന്ന ഏതെങ്കിലും സ്ഥലമുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ട്, സങ്കടക്കണ്ണീരുമായി ഒരു അമ്മ കണ്ണൂരിലെ അഴീക്കോട് പോലീസ് സ്‌റ്റേഷനില്‍ കയറിച്ചെന്ന ദയനീയ വാര്‍ത്ത മലയാളത്തിലെ ഒരു പ്രമുഖപത്രം ഈയിടെ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ ഭര്‍ത്താവ് 22 വര്‍ഷം മുമ്പ് മരണപ്പെട്ടു. ഈ അമ്മയുടെ ആണ്‍മക്കള്‍ക്കും നല്ല ശമ്പളമുള്ള ജോലിയുണ്ട്. എന്നാല്‍ ആണ്‍മക്കളോ, പെണ്‍മക്കളോ അമ്മയെ പരിചരിക്കാന്‍ സന്നദ്ധമല്ല. ഒരു അകന്ന ബന്ധു ഇടക്ക് എത്തിച്ചുകൊടുക്കുന്ന അല്‍പം അരി വേവിച്ച് കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. നിര്‍ഭാഗ്യവതിയായ ഈ അമ്മയുടെ ദയനീയാവസ്ഥയില്‍ പ്രയാസം തോന്നിയ പോലീസുകാര്‍ അമ്മയുടെ ഒരു മകളുടെ വീട്ടില്‍ ചെന്ന് അമ്മയെ സംരക്ഷിക്കണമെന്ന് പറഞ്ഞുവെങ്കിലും അവര്‍ കൂട്ടാക്കിയില്ല. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ നിയമനടപടിക്ക് സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും വാത്സല്യനിധിയായ ആ അമ്മ നിറകണ്ണുകളോടെ പറഞ്ഞത്. എന്റെ മക്കളെ ജയിലിലിടാന്‍ ഞാന്‍ സമ്മതിക്കില്ല എന്നായിരുന്നു. ഇതാണ് മാതൃഹൃദയം.
വൃദ്ധമാതാവിനോട് സ്വന്തം മകന്‍ കാണിച്ച ക്രൂരത പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ. സ്വന്തം അമ്മയെ തറവാട്ടുവളപ്പില്‍ ഉപേക്ഷിച്ച് മകന്റെ ക്രൂരത. നന്തിബസാറിലെ 20-ാം മൈലിലെ ആളൊഴിഞ്ഞ പ്രദേശത്ത് വൃദ്ധയായ അമ്മയെ കസേരയിലിരുത്തി മകനും ഭാര്യയും കടന്നുകളഞ്ഞു. അമ്മയെ ഉപേക്ഷിച്ച മകനെ പിന്നീട് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു.
ഹൃദയമുള്ളവരുടെ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന മാതാപിതാക്കളോട് മക്കള്‍ കാണിക്കുന്ന ക്രൂരസമീപനത്തിന്റെ വാര്‍ത്തകള്‍ പലപ്പോഴായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുഖജീവിതത്തിന് തടസ്സമായി മാറുന്ന വൃദ്ധമാതാക്കളെ വൃദ്ധസദനങ്ങളിലോ, വെളിയിലെവിടെയോ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. നാം ഈ ഭൂമിയിലേക്ക് പിറന്നു വീണപ്പോള്‍, ആനന്ദതുന്ദിലരായി കണ്‍മിഴിച്ചത് നമ്മുടെ മാതാപിതാക്കളായിരുന്നു. നമ്മെ താരാട്ട് പാടി ഉറക്കിയതും പ്രസവിച്ച മാതാവായിരുന്നു. നമ്മെ ഉറക്കാന്‍ വേണ്ടി ദീര്‍ഘനാള്‍ ഉറക്കമിളച്ചതും, നമ്മുടെ പശിമാറ്റാന്‍ പട്ടിണികിടന്നതും അവരായിരുന്നില്ലേ. നമ്മുടെ കാലിലൊരു മുള്ള് തറച്ചാല്‍ അവരുടെ നെഞ്ചിലായിരുന്നില്ലേ അതിന്റെ വേദന ചെന്നു തറച്ചിരുന്നത്. കുഞ്ഞിക്കാലുകള്‍ നിലത്തുറപ്പിച്ച്, നാം പിച്ചവെച്ച് നടക്കാന്‍ തുടങ്ങിയപ്പോഴും, പയ്യെ - പയ്യെ തുടര്‍ന്നുള്ള ജീവിതത്തിലെ പടവുകള്‍ ഒന്നിനു പിറകെ മറ്റൊന്നായി ചവിട്ടിക്കയറാന്‍ ശ്രമിച്ചപ്പോഴും, ആനന്ദാശ്രുക്കള്‍ പൊഴിച്ചതും നമ്മുടെ മാതാപിതാക്കളായിരുന്നു.
ഇപ്പോള്‍ വിറയാര്‍ന്നു നില്‍ക്കുന്ന ഈ കൈകളാണ് അന്ന് നമ്മെ കൈപിടിച്ച് നടത്തിയത്. കുണ്ടിലും, കുഴിയിലും വീഴാതെ, നമ്മുടെ ഇംഗിതത്തിനൊത്ത് നമ്മെ ലക്ഷ്യസ്ഥാനത്തേക്ക് വഴിതെളിച്ചതും ഈ വിറക്കുന്ന കൈകള്‍ തന്നെ. സ്‌നേഹനിധികളായ മാതാപിതാക്കള്‍ സഹിച്ച ത്യാഗത്തിന്റെയും, വേദനയുടെയും കഷ്ടപ്പാടിന്റെയും ദുരന്തകഥയിലെ ഒരു ചെറുഅധ്യായം പോലും തെല്ലിട മറിച്ചുനോക്കാന്‍ - ഓര്‍ത്തുനോക്കാന്‍ സന്മനസ്സ് കാണിക്കാത്തവര്‍ എന്തുമാത്രം കൃതഘ്‌നരും, അവിവേകികളുമാണ്.
തങ്ങള്‍ക്കാവശ്യമായതും, തങ്ങളാഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ സ്വയം നിര്‍വഹിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയുടെ ഘട്ടമാണ് വാര്‍ധക്യകാലം. ശാരീരികമായ പലവിധരോഗങ്ങളാലും, അസ്വസ്ഥതകളാലും, മാനസികമായ തളര്‍ച്ചയും, അവശതയും, നിരാശയും വന്നുഭവിക്കുന്ന കാലം. അവഗണിക്കപ്പെടുകയും, പുറംതള്ളപ്പെടുകയും, വെറുക്കപ്പെടുകയും ചെയ്യുന്നു എന്ന നിരാശ വൃദ്ധരെ പിടികൂടുന്നു. പൊയ്‌പോയ നല്ല കാലത്തെക്കുറിച്ച നഷ്ടസ്മൃതികള്‍ അയവിറക്കി അവര്‍ നെടുവീര്‍പ്പിടുന്നു. വല്ലാത്തൊരു അരക്ഷിതബോധം വൃദ്ധമനസ്സുകളെ മഥിക്കുന്നു. ഇന്നലെവരെ തന്റെ മുഴങ്ങുന്ന ശബ്ദത്തിന് കാതോര്‍ത്തവര്‍, തന്നെ കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ തിരിഞ്ഞു നടക്കുന്ന അവസ്ഥ. ഇതിലൊക്കെ ഈ കിളവന്/കിളവിക്ക് എന്ത് കാര്യം? കിട്ടുന്നത് തിന്ന്, നാവടക്കി ഒരിടത്തിരുന്നുകൂടെ എന്ന മട്ടിലാണ് എല്ലാവരുടെയും മട്ടും, ഭാവവും. പണ്ടൊക്കെ തങ്ങളുടെ അഭിപ്രായങ്ങള്‍ക്കും, ഉപദേശങ്ങള്‍ക്കും ഏറെ വിലയും, നിലയും കല്‍പിച്ചിരുന്നവര്‍ കാലത്തിന്റെ കോലം മാറ്റത്തില്‍ തങ്ങളെ അവഗണിക്കുമ്പോള്‍ ആ വൃദ്ധമനസ്സുകള്‍ തപിക്കുന്നു. വിതുമ്പുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തെക്കുറിച്ചും പിരിമുറുക്കത്തെക്കുറിച്ചും ആരോര്‍ക്കാന്‍?
പിഞ്ചുകുഞ്ഞായിരുന്നപ്പോള്‍, ഇത്തരമൊരു നിസ്സഹായാവസ്ഥയില്‍ നമ്മുടെ ദൈനംദിന കാര്യങ്ങളില്‍ മാതാപിതാക്കള്‍ കാണിച്ച ശ്രദ്ധക്കും താല്‍പര്യത്തിനും സ്‌നേഹവായ്പിനും, പരിചരണത്തിനും നന്ദിപൂര്‍വമായ ഒരു തിരിച്ചുകൊടുപ്പ് നമ്മുടെ നിര്‍ബന്ധബാധ്യതയാണെന്ന ബോധം നമുക്കുണ്ടാവുന്നുണ്ടോ?
ചെറുപ്പത്തില്‍ ഞങ്ങളെ സ്‌നേഹിച്ചും, ലാളിച്ചും വളര്‍ത്തിയ സ്‌നേഹനിധികളായ മാതാപിതാക്കള്‍ക്ക് നന്മചെയ്യേണമേ എന്ന് മനസ്സ് തുറന്ന് പ്രാര്‍ഥിക്കാനുള്ള വേദോപദേശം നമ്മുടെ ശ്രവണപുടങ്ങളില്‍ അനുരണനം സൃഷ്ടിക്കപ്പെടാതെ പോവുകയാണ്. ഇന്ന് നമ്മുടെ വൃദ്ധമാതാപിതാക്കള്‍ തരണം ചെയ്യുന്ന വാര്‍ധക്യത്തിന്റെയും അവശതയുടെയും നിലവിളികള്‍, നാളെ നമ്മെയും കാത്തിരിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യബോധം ഉണ്ടാവുന്നത് ഓരോ വ്യക്തിക്കും ഗുണം മാത്രമേ ചെയ്യൂ.
ത്യാഗത്തിന്റെ മഹാഭാരം, യാതൊരു വൈമനസ്യവും കൂടാതെ ചുമലിലേറ്റി സ്‌നേഹോഷ്മള പരിചരണത്താല്‍ ശ്വാസംമുട്ടിച്ച പ്രിയ മതാപിതാക്കള്‍ക്ക് അവരുടെ നിസ്സഹായാവസ്ഥയില്‍ ആശ്വാസമരുളാനും, സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശനം നല്‍കാനും താഴ്ചയുടെ ചിറക് വിടര്‍ത്തിക്കൊടുക്കാനും സ്വന്തം മക്കള്‍ക്കായില്ലെങ്കില്‍ ഭൂമിയില്‍ പിന്നെ ആര്‍ക്കാണ് അതിന് സാധിക്കുക? മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ കൊണ്ടാക്കാന്‍ സൗമനസ്യം കാണിച്ച് മാസാമാസം സംരക്ഷണത്തുക അയച്ചുകൊടുക്കുന്ന മക്കളുണ്ടിവിടെ. എന്നാല്‍ ഇത്തരം സദനങ്ങളില്‍ തങ്ങള്‍ക്ക് ജന്മം നല്‍കി, പാലൂട്ടി വളര്‍ത്തിയ മാതാപിതാക്കളെ വര്‍ഷത്തിലൊരിക്കലെങ്കിലും ചെന്ന് കാണാന്‍ സമയം കണ്ടെത്താത്ത മക്കളെ ചൊല്ലി കണ്ണീര്‍വാര്‍ക്കുകയാണവര്‍. ആഹാരം ഒരു നേരം കിട്ടിയില്ലെങ്കിലും, ഉമ്മാ, ഉപ്പാ എന്ന സ്‌നേഹപൂര്‍വമായ ഒരു വിളികേള്‍ക്കാന്‍ കൊതിക്കുകയാണവര്‍. മാതൃപാദങ്ങളിലാണ് സ്വര്‍ഗമെന്നും, ഭൂമിയില്‍ മക്കള്‍ക്ക് ഏറ്റവുമധികം കടപ്പാടുള്ളത് മാതാവിനോടാണെന്നുമുള്ള വേദപാഠങ്ങള്‍ വിസ്മൃതിയില്‍ തള്ളുന്നവരേക്കാള്‍ നിര്‍ഭാഗ്യവാന്മാര്‍ മറ്റാരുമില്ല.