അസാധാരണ കായബലവും സൗകുമാര്യവും ധീരതയും സ്വഭാവ വൈശിഷ്ഠ്യവും ഒത്തിണങ്ങിയ വനിതയാണ് അക്ബര്‍ ചക്രവര്‍ത്തിയുടെ മൂത്തമകന്‍ ജഹാംഗീറിന്റെ ഭാര്യ നൂര്‍ജഹാന്‍.
അക്ബര്‍ ചക്രവര്‍ത്തിയുടെ കീഴുദ്യോഗസ്ഥനായിരുന്ന മീര്‍സാ ഗിയാസിന്റെയും അസ്മത്ത് ബീഗത്തിന്റെയും മകളായി ക്രി.
അസാധാരണ കായബലവും സൗകുമാര്യവും ധീരതയും സ്വഭാവ വൈശിഷ്ഠ്യവും ഒത്തിണങ്ങിയ വനിതയാണ് അക്ബര്‍ ചക്രവര്‍ത്തിയുടെ മൂത്തമകന്‍ ജഹാംഗീറിന്റെ ഭാര്യ നൂര്‍ജഹാന്‍.
അക്ബര്‍ ചക്രവര്‍ത്തിയുടെ കീഴുദ്യോഗസ്ഥനായിരുന്ന മീര്‍സാ ഗിയാസിന്റെയും അസ്മത്ത് ബീഗത്തിന്റെയും മകളായി ക്രി. 1575-ല്‍ നൂര്‍ജഹാന്‍ ജനിച്ചു. അഫ്ഗാനിസ്താനിലെ കാണ്ഡഹാറില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖൈബര്‍ ചുരം വഴി നടന്നുനീങ്ങവെയാണ് അസ്മത്ത് കുഞ്ഞിന് ജന്മം നല്‍കിയത്. മീര്‍സാ ഗിയാസ് ആ തങ്കക്കുടത്തിന് മെഹറുന്നിസ എന്ന് നാമകരണം ചെയ്തു. മെഹറുന്നിസ എന്നാല്‍ സ്ത്രീകളിലെ രാജകുമാരി, സൂര്യജ്യോതിസ്സ് എന്നൊക്കെയാണ് അര്‍ഥം. ഈ പേര് നല്‍കുമ്പോള്‍ തന്റെ മകള്‍ രാജകുമാരിയാകുമെന്ന് മീര്‍സാ ചിന്തിച്ചുകാണില്ല.
പിതാവ് അക്ബറിന്റെ സാമ്രാജ്യത്തില്‍ ഉദ്യോഗം വരിക്കുന്നത് കൊണ്ട് കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ ആസ്വദിച്ചാണ് മെഹ്‌റുന്നിസ വളര്‍ന്നത്. അക്കാലത്തെ കലാ - കായിക, സാംസ്‌കാരിക വിജ്ഞാനങ്ങള്‍ പരമാവധി അഭ്യസിക്കാന്‍ മെഹ്‌റുന്നിസക്ക് സാധിച്ചു. ഹിന്ദി, അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി. യൗവനം തളിരിടുന്ന 17-ാം വയസ്സില്‍ അക്ബര്‍ ചക്രവര്‍ത്തി മെഹ്‌റുന്നിസയെ ശേര്‍ അഫ്ഗാന്‍ (അഫ്ഗാന്‍ സിംഹം) എന്ന് വിശേഷിപ്പിക്കപ്പെടുന്ന അലിബുലിസ്താന് വിവാഹം ചെയ്തുകൊടുത്തു. രജപുത്രനെ സിംഹത്തിന്റെ വായില്‍നിന്ന് രക്ഷപ്പെടുത്തിയതിന് ഉപഹാരമായി സുന്ദരിയും ധൈര്യശാലിയുമായ മെഹ്‌റുന്നിസയെ ശേര്‍ഖാന് അക്ബര്‍ വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു. സ്‌നേഹത്തിന്റെയും അനുരാഗത്തിന്റെയും മാനസിക പൊരുത്തതിന്റെയും അഭാവംമൂലം ആ ദാമ്പത്യജീവിതം പുഷ്‌കലമായിരുന്നില്ല എന്ന് വേണം കരുതാന്‍. എന്നാല്‍, കുറച്ച് കാലങ്ങള്‍ക്ക് ശേഷം ബംഗാള്‍ ഗവര്‍ണര്‍ ഖുതുബുദ്ദീനുമായുള്ള ഏറ്റുമുട്ടലില്‍ ഷേര്‍ഖാന്‍ ദാരുണമായി വധിക്കപ്പെട്ടു.
പിന്നീടാണ് അക്ബര്‍ ചക്രവര്‍ത്തിയുടെ മൂത്തപുത്രനായ ജഹാംഗീര്‍ മെഹ്‌റുന്നിസയെ വിവാഹം കഴിക്കുന്നത്. ജഹാംഗീറിന്റെ രണ്ടാമത്തെ ഭാര്യയായിരുന്നു നൂര്‍ജഹാന്‍. ജഹാംഗീറും നൂര്‍ജഹാനും തമ്മിലുള്ള പ്രേമത്തെക്കുറിച്ച് നിറംപിടിപ്പിച്ച പല കഥകളും ഐതിഹ്യങ്ങളും പ്രചരിച്ചിട്ടുണ്ട്.
അവര്‍ തമ്മിലുള്ള പ്രേമം പ്രമേയമാക്കി ചില ഉര്‍ദു നോവലുകളും പുറത്തിറങ്ങിയിട്ടുണ്ട്. എന്തായാലും ജഹാംഗീര്‍ നൂര്‍ജഹാനെ ജീവനുതുല്യം സ്‌നേഹിച്ചിരുന്നു എന്നത് വസ്തുതയാണ്. നൂര്‍ജഹാന്‍, ജഹാംഗീറിനെയും ആത്മാര്‍ഥമായി സ്‌നേഹിച്ചിരുന്നു. നൂര്‍ജഹാന്റെ തന്റേടവും കാര്യപ്രാപ്തിയും സ്വഭാവമഹിമയും ജഹാംഗീറിനെ അവരിലേക്ക് ആകര്‍ഷിക്കാന്‍ പ്രേരകമായി.അങ്ങനെ കൊട്ടാരത്തിലെ പ്രകാശമായി മെഹ്‌റുന്നിസ ജഹാംഗീറിന്റെ മനസ്സില്‍ ഇടംതേടിയപ്പോള്‍ അവര്‍ നൂര്‍മഹല്‍ (കൊട്ടാര പ്രകാശം) ആയി. പിന്നീട് അവരുടെ പ്രകാശം കൊട്ടാരത്തിന് വെളിയിലേക്ക് കൂടി പ്രസരിച്ചപ്പോള്‍ ജഹാംഗീര്‍ അവരെ നൂര്‍ജഹാനായി (ലോകത്തിന്റെ പ്രകാശം) അവരോധിക്കുകയും ചെയ്തു.
അസാമാന്യമായ ആകാരശൗര്യവും ശക്തിയും ധീരതയും സൗന്ദര്യവും വരദാനമായി ലഭിച്ച നൂര്‍ജഹാന്‍, ജഹാംഗീറിന്റ വലം കൈയായും വിശ്വസ്ത സഹായിയായും നിലകൊണ്ടു. ഇന്ത്യാ ചരിത്രത്തിലെ ശക്തരായ വനിതകളുടെ കൂട്ടത്തില്‍ ഒരാളെന്ന് നൂര്‍ജഹാനെ വിശേഷിപ്പിക്കാം. നൂര്‍ജഹാന്‍ പലപ്പോഴും ജഹാംഗീറിന്റെ കൂടെ വനത്തിലേക്ക് വേട്ടക്ക് പോയിരുന്നു. സ്ത്രീകള്‍ അന്തപുരത്തില്‍ ഒതുങ്ങിക്കൂടുകയാണ് പതിവെങ്കില്‍ നൂര്‍ജഹാന്‍ കൊട്ടാരത്തില്‍ ഒതുങ്ങിക്കഴിയാന്‍ കൂട്ടാക്കിയില്ല.
ആനപ്പുറത്തായിരുന്നു നൂര്‍ജഹാന്‍ വേട്ടക്ക് പോയിരുന്നത്. ഉന്നംപിഴക്കാത്ത ഷൂട്ടിംഗ് വിദഗ്ധയായിരുന്നു നൂര്‍ജഹാന്‍. ഒരുവെടിക്ക് രണ്ട് പക്ഷിയെന്നപോലെ ഒരു ബുള്ളറ്റുകൊണ്ട് രണ്ട് സിംഹങ്ങളെ നൂര്‍ജഹാന്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു. ഈ രംഗത്തിന് ദൃക്‌സാക്ഷിയായ ജഹാംഗീര്‍ സന്തോഷാധിക്യത്താല്‍ നൂര്‍ജഹാന് വിലയേറിയ കോഹിനൂര്‍ (Light Of Mountain) ആഭരണങ്ങള്‍ സമ്മാനിച്ചു.
തൈമൂരി സ്ത്രീകള്‍ അമ്പും വില്ലും ഉപയോഗിച്ചിരുന്നതായും കുതിരസവാരി നടത്തിയിരുന്നതായും സിംഹങ്ങളെ കൊന്നിരുന്നതായും പോളോ കളിച്ചിരുന്നതായും അസ്ത്രവിദ്യ പ്രാക്ട്രീസ് ചെയ്തിരുന്നതായും ബാബര്‍നാമയും ഹുമയൂണ്‍നാമയും തുസ്‌കേ ജഹാംഗീറും പരിശോധിച്ചാല്‍ വ്യക്തമാകും.
കുടുംബപരമായി തൈമൂറിന്റെയോ ബാബറിന്റെയോ വംശപരമ്പരയില്‍ പിറന്നവളായിരുന്നില്ല നൂര്‍ജഹാന്‍. അവരുടെ മരുമകള്‍ മാത്രമായിരുന്നു. പേര്‍ഷ്യയില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ കുടുംബമാണ് നൂര്‍ജഹാന്റെത്. എന്നാല്‍, ആനപ്പുറത്ത് കയറി കാട്ടിലേക്ക് വേട്ടക്ക് പോകുന്നതും സിംഹങ്ങളെ വെടിവെക്കുന്നതും അവര്‍ക്ക് ഹരമായിരുന്നു.
തുസ്‌കേ ജഹാംഗീരില്‍ നൂര്‍ജഹാന്റെ വീര സാഹസിക കഥകള്‍ ജഹാംഗീര്‍ അനുസ്മരിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ഒരിക്കല്‍ അദ്ദേഹം റുസ്തംഖാന്റെയും നൂര്‍ജഹാന്റെയും കൂടെ വേട്ടക്ക് പോയപ്പോള്‍ കാട്ടില്‍ നിന്ന് ഒരു സിംഹം വന്നു. റുസ്തംഖാന്‍ കിടയറ്റ വേട്ടക്കാരനായിട്ടുപോലും അദ്ദേഹത്തിന്റെ ഉന്നംപിഴച്ചു. നൂര്‍ജഹാന്‍ കയറിയ ആന പേടിച്ച് വിറക്കാന്‍ തുടങ്ങി. പേടിച്ചുവിരണ്ട ആനയുടെ അമ്പാരിയിലിരുന്ന് വെടിയുതിര്‍ക്കാന്‍ എത്രമാത്രം ക്ലേശകരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇളകുന്ന ആനപ്പുറത്തിരുന്ന് നൂര്‍ജഹാന്‍ ആ സിംഹത്തെ വീഴ്ത്തി.
ജഹാംഗീറിന്റെ ഉല്ലാസ നിമിഷങ്ങളിലെന്ന പോലെ ഭരണ മേഖലയിലും സജീവ സാന്നിധ്യമായി നൂര്‍ജഹാന്‍ നിറഞ്ഞുനിന്നു. ശത്രുക്കളെ ഒതുക്കുന്നതിലും പട നയിക്കുന്നതിലും നൂര്‍ജഹാന്റെ ഉപദേശങ്ങള്‍ വിലപ്പെട്ടതായിരുന്നു. മുഗള്‍ സാമ്രാജ്യത്തിന്റെ യശസ്സും പ്രതാപവും ഉയര്‍ത്താന്‍ ആവുംവിധം പരിശ്രമിച്ചു. പൊതുസമൂഹത്തെ അഭിവൃദ്ധിപ്പെടുത്താനും, അധാര്‍മികതയും അത്യാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യാനും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി കാലങ്ങളായി ഇന്ത്യയില്‍ നിലനിന്നിരുന്ന സതി നിര്‍ത്താന്‍ ജഹാംഗീറില്‍ സമ്മര്‍ദം ചെലുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. വിധവകളെയും ആലംബഹീനരെയും സാമ്പത്തികമായി സഹായിച്ചു. ഇന്ത്യയിലെ ആബാലവൃദ്ധം ജനങ്ങള്‍ നൂര്‍ജഹാനെ അതിരറ്റ് സ്‌നേഹിച്ചു. നൂര്‍ജഹാനോടുള്ള ബഹുമാനസൂചകമായി ഒരു വശത്ത് തന്റെയും മറുവശത്ത് നൂര്‍ജഹാന്റെയും പേരുകള്‍ കൊത്തിയ നാണയങ്ങള്‍ ജഹാംഗീര്‍ പുറത്തിറക്കി. നാണയങ്ങളില്‍ ചിത്രം മുദ്രണം ചെയ്യപ്പെട്ട ഒരേയൊരു മുഗള്‍ രാജ്ഞി നൂര്‍ജഹാനായിരുന്നു.
നൂര്‍ജഹാനോടുള്ള അദമ്യമായ സ്‌നേഹവും ഭരണരംഗത്തുള്ള നൂര്‍ജഹാന്റെ ഇടപെടലിലും അസഹിഷ്ണുത തോന്നിയ മുഹബ്ബത്ത് ഖാന്‍ ജഹാംഗീറിനു നേരെ രഹസ്യമായി കരുക്കള്‍ നീക്കി. ജഹാംഗീറിന്റെ വിശ്വസ്ത സേവകനായിരുന്ന മുഹബ്ബത്ത് ഖാന്‍ കാശ്മീരിലേക്കുള്ള ഒരു യാത്രയില്‍ ജഹാംഗീറിനെ ബന്ധിയാക്കി. തന്ത്രശാലിയായ നൂര്‍ജഹാന്‍ തന്റെ വരുതിയിലുള്ള ഭടന്മാരെ കൂട്ടുപിടിച്ച് മുഹബ്ബത്ത് ഖാനോട് യുദ്ധം ചെയ്തു. ഒരു വെള്ള കുതിരപ്പുറത്ത് കയറി മുന്നില്‍ ഒരു കുട്ടിയെ ഇരുത്തിയാണ് അവര്‍ യുദ്ധം നയിച്ചത്. ഒടുവില്‍ മുഹബ്ബത്ത് ഖാന്റെ ഉപചാപം പൊളിയുകയും ജഹാംഗീര്‍ സിംഹാസനത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. നൂര്‍ജഹാന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് അതിന് വഴിതെളിയിച്ചത്.
ജഹാംഗീറിന്റെ മരണശേഷം രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച നൂര്‍ജഹാന്‍ വീട്ടില്‍ ഒതുങ്ങി സാധാരണ ജീവിതം നയിച്ചു. സാഹിത്യത്തില്‍ തല്‍പരയായിരുന്ന അവര്‍ അജ്ഞാത നാമത്തില്‍ കവിതകള്‍ രചിക്കുകയും ചെയ്തു.
ക്രി. 1646-ല്‍ നൂര്‍ജഹാന്‍ ഈ ലോകത്തോട് വിടപറഞ്ഞു. ജഹാംഗീര്‍ ലാഹോറില്‍ പ്രത്യേകം സജ്ജമാക്കിയ മഖ്ബറയില്‍ നൂര്‍ജഹാന്‍ ഖബറടക്കം ചെയ്യപ്പെട്ടു. പില്‍ക്കാലത്ത് ജഹാംഗീറിന്റെ മകന്‍ ഷാജഹാന്‍ തന്റെ പ്രേയസി മുംതാസിനു വേണ്ടി പണിയിച്ച ലോകാല്‍ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനോളം വരില്ലെങ്കിലും മനോഹരമായ ശവകുടീരം തന്നെയാണ് ഇവരുടേതും. ശാഹ്ദരാബാഗ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ശവകുടീരം രവി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. ശാഹ്ദരാ എന്ന പദത്തിനര്‍ഥം രാജകവാടം എന്നാണ്. 15-ാം നൂറ്റാണ്ടില്‍ മുഗള്‍ സാമ്രാജ്യത്തിലേക്കുള്ള പ്രധാന കവാടമായിരുന്നു ശാഹ്ദരാ.