വീട്ടില്‍ നിന്നും തുടങ്ങാം
ഉലകം ചുറ്റി വര്‍ഷങ്ങള്‍ക്കു ശേഷം അസമയത്ത് വീട്ടിലേക്കു വരുന്ന മകന് ചോറ് വിളമ്പിവെച്ച് കാത്തിരിക്കുന്നതു കണ്ട മകന് ഉമ്മയോട് ചോദിക്കുന്ന ചോദ്യവും അതിനുമ്മ പറഞ്ഞ മറുപടിയും വിശ്വപ്രസിദ്ധ സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ വരികളിലൂടെ കടന്നുപോകുമ്പോള്‍ നാം വായിച്ചിട്ടുണ്ട്. ഓരോ അമ്മയും തന്റെ മക്കള്‍ക്കുവേണ്ടി ഉരുള ചോറും മാറ്റിവെച്ച്
ഉലകം ചുറ്റി വര്‍ഷങ്ങള്‍ക്കു ശേഷം അസമയത്ത് വീട്ടിലേക്കു വരുന്ന മകന് ചോറ് വിളമ്പിവെച്ച് കാത്തിരിക്കുന്നതു കണ്ട മകന് ഉമ്മയോട് ചോദിക്കുന്ന ചോദ്യവും അതിനുമ്മ പറഞ്ഞ മറുപടിയും വിശ്വപ്രസിദ്ധ സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ വരികളിലൂടെ കടന്നുപോകുമ്പോള്‍ നാം വായിച്ചിട്ടുണ്ട്. ഓരോ അമ്മയും തന്റെ മക്കള്‍ക്കുവേണ്ടി ഉരുള ചോറും മാറ്റിവെച്ച് കാത്തിരിക്കുന്നുണ്ട്; ഓരോ അച്ഛനും ആ മക്കള്‍ക്കു വേണ്ടി രാപ്പകലില്ലാതെ പാടുപെടുന്നുമുണ്ട്. അതിനു ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ നിറമല്ല ഉള്ളതും; അമ്മയെന്നും അച്ഛനെന്നും മക്കളെന്നുമുള്ള വികാരം മാത്രമാണ്. ഓരോരോ പ്രതീക്ഷകള്‍ക്കും നിറം വെച്ചുകൊണ്ടാണ് മക്കളെ കരുതി വളര്‍ത്തുന്നതും.
പക്ഷേ ഈ മക്കള്‍ പലപ്പോഴും ആരുടെയൊക്കെയോ ബലിയാടുകളായി അകാലത്തില്‍ പൊലിഞ്ഞില്ലാതാകുന്നത് കാണേണ്ട നിര്‍ഭാഗ്യം പല മാതാപിതാക്കളെയും തേടിയെത്തിയിട്ടുണ്ട്. നാട്ടിന് പുറങ്ങളിലെ കവലകളില്‍ ജീവനില്ലാത്ത മക്കളുടെ ഫോട്ടോകള്‍ തൂങ്ങിനില്‍ക്കുന്നതും നമ്മുടെ പല കാഴ്ചകളില്‍ ഒന്നാണ്. എല്ലാ നിറത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികൊടിയും അതിനുതാഴെ കാണാമെങ്കിലും ഇവയൊന്നില്പോലും നാട്ടാരറിയുന്ന നേതാക്കന്മാരുടെയോ അവരുടെ മക്കളുടെയോ ഫോട്ടോകളൊന്നും ഇല്ലതാനും. തല്ലാനും കൊല്ലാനും സാധാരണക്കാരനും വിജയിക്കാനും നേതാക്കന്മാരാകാനും വേറെയാളും എന്ന ശീലം നമ്മുടെ ജനാധിപത്യത്തിന്റെ ഭാഗമായിട്ടു നാളുകള്‍ കുറെയായി.
ജനാധിപത്യപരിസരത്ത് തുറന്നുകിടക്കുന്ന ആശയസംവാദനത്തിന്റെ മേഖലകള്‍ അടച്ചുകൊണ്ടാണ് വെറുപ്പിന്റെ പ്രത്യയശാസ്ത്രം പല നേതാക്കന്മാരും കൊടിനിറഭേദമില്ലാതെ ഉല്പ്പാദിപ്പിച്ചുവിടുന്നത്.
ഇതിന്റെ ഇരകള്‍ സാധാരണക്കാരന്റെ മക്കളുമാണ്. ഏതൊരു പാര്ട്ടിപതാകകൊണ്ടു പുതപ്പിച്ചാലും അടച്ചുവെക്കാനാവാത്തതാണ് വിരഹത്തിന്റെ വേദനയെന്നു നിസ്സഹായരായ അണികളല്ലാതെ നേതാക്കന്മാരിന്നു വരെ അനുഭവിച്ചറിഞ്ഞിട്ടില്ല. മതത്തില്‍ മാത്രമല്ല, തീവ്രതയുടെ നാമ്പുകള്‍ രാഷ്ട്രീയത്തിന്റെയും കൂടി ഭാഗമാണെന്നു ദിനേനയുള്ള ആരോപണ പ്രത്യാരോപണങ്ങളും രാഷ്ട്രീയ കൊലകളും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഇവിടെ ആര്‍ക്കൊക്കെയോ നേതാവും മന്ത്രിയുമൊക്കെയാവാന്‍ നമ്മുടെ മക്കളെ ബലി നല്‍കില്ലെന്നു പ്രതിജ്ഞയെടുക്കേണ്ടവര് നൊന്തുപെറ്റ മാതാക്കളുടെ മാത്രം കടമയാണന്നു സമീപകാല സംഭവങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. ആര്‍ക്കോ വേണ്ടി ആരാന്റെ ചോര ചിന്തുന്നവനായും ഏതെങ്കിലും കുടുംബത്തെ അനാഥമാക്കുന്നവനായും തന്റെ മക്കള്‍ മാറാതിരിക്കാന്‍ മാതാക്കളും കുടുംബവും മനുഷ്യത്വത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ച് അവര്‍ക്ക് കാവലിരിക്കണം.
തെമ്മാടികളുടെ അവസാനത്തെ അഭയമാണ് രാഷ്ട്രീയമെന്നു പണ്ടാരോ പറഞ്ഞിട്ടുണ്ട്. അത് ചില രാഷ്ട്രീയക്കാര്‍ സ്വപ്രവൃത്തികളിലൂടെ കാണിച്ചുതരുമ്പോള്‍ മക്കള്‍ക്ക് നന്മയുടെ പാഠമോതി തിരുത്തേണ്ട വലിയ ബാധ്യത കുടുംബത്തിനാണ്. പ്രത്യേകിച്ചും മാതാക്കള്‍ക്ക്. അവളിലൂടെയാണല്ലോ ഓരോ ജന്മവും പിറവിയെടുക്കുന്നത്.