ത്യാഗനിര്‍വൃതിയും ഹാജറിന്റെ കണ്ണീരും

എച്ച്. നുസ്‌റത്ത്
2016 സെപ്തംബര്‍
ഹജ്ജ്! ഇസ്‌ലാം വിഭാവന ചെയ്യുന്ന ആത്മീയതയുടെ സാരസൗന്ദര്യം പ്രതിഫലിക്കുന്ന അതിമഹത്തായ ആരാധന. മനുഷ്യ ജീവിതത്തിന്റെ സമഗ്ര സംസ്‌കരണം സാധ്യമാക്കാന്‍ അനേകം അകംപൊരുള്‍ ഉള്‍ച്ചേര്‍ത്ത് രൂപകല്‍പന ചെയ്യപ്പെട്ട നിര്‍ബന്ധ അനുഷ്ഠാന കര്‍മം. ഇസ്‌ലാമിലെ ഇതര ആരാധനാ ഭാവങ്ങള്‍ സമസ്ത ചൈതന്യത്തോടെയും സമന്വയിച്ച സവിശേഷ ഇബാദത്ത്.

ഹജ്ജ്! ഇസ്‌ലാം വിഭാവന ചെയ്യുന്ന ആത്മീയതയുടെ സാരസൗന്ദര്യം പ്രതിഫലിക്കുന്ന അതിമഹത്തായ ആരാധന. മനുഷ്യ ജീവിതത്തിന്റെ സമഗ്ര സംസ്‌കരണം സാധ്യമാക്കാന്‍ അനേകം അകംപൊരുള്‍ ഉള്‍ച്ചേര്‍ത്ത് രൂപകല്‍പന ചെയ്യപ്പെട്ട നിര്‍ബന്ധ അനുഷ്ഠാന കര്‍മം. ഇസ്‌ലാമിലെ ഇതര ആരാധനാ ഭാവങ്ങള്‍ സമസ്ത ചൈതന്യത്തോടെയും സമന്വയിച്ച സവിശേഷ ഇബാദത്ത്.

ഖുര്‍ആനിലെ പത്തിലേറെ സ്ഥലങ്ങളിലുണ്ട് ഹജ്ജ് എന്ന പരാമര്‍ശം. മഹത്തായ കാര്യം ഉദ്ദേശിച്ച് ചെല്ലുക, തീര്‍ഥാടനം എന്നൊക്കെയാണതിനര്‍ഥം. ഇബ്‌റാഹീം നബി (അ)യിലാണ് ഹജ്ജ് കര്‍മത്തിന്റെ തുടക്കം. സംഭവബഹുലമായ ജീവിതത്തിനൊടുവില്‍ കഅ്ബാനിര്‍മാണം പൂര്‍ത്തിയാക്കി വിജനതയില്‍ നിന്ന് മഹാപ്രവാചകന്‍ വിളംബരം ചെയ്ത കഅ്ബയിലേക്ക് തീര്‍ഥാടനം ചെയ്യാന്‍ (അല്‍ഹജ്ജ് 27) ജനകോടികളുടെ ഹൃദയാഭിലാഷത്തിന്റെ കേന്ദ്രമായി പരിലസിക്കുന്ന കഅ്ബ, ആ വിളിയാളം കാല-ദേശങ്ങളുടെ അതിരുകള്‍ മായ്ച്ച് പ്രതിധ്വനിക്കുന്ന നിദര്‍ശനമത്രെ!.

'അല്ലാഹു അവര്‍ക്കൊരുക്കിയ അനുഗ്രഹങ്ങള്‍ നേരിലനുഭവിക്കാന്‍...' (അല്‍ഹജ്ജ് 28) എന്ന വാക്യശകലവും കേട്ടറിവ് മാത്രമായിരുന്ന മോഹഭൂമി കാഴ്ചയുടെ, സ്മരണയുടെ, അനുഭൂതിയുടെ, അതിജീവനത്തിന്റെ വിസ്മയ പ്രപഞ്ചം സമ്മാനിക്കുന്ന ദിവ്യാനുഭവം. മുത്ത് റസൂല്‍ (സ) മൊഴിഞ്ഞത് പോലെ ആദിമവിശുദ്ധിയിലേക്ക്, സ്വര്‍ഗ സാഫല്യത്തിലേക്ക് അനര്‍ഘ സുന്ദരമായ ഒരു പരിവര്‍ത്തന പ്രയാണം. ഓരോ തലമുറക്കും, ഓരോ സന്ദര്‍ഭത്തിനും അനുയോജ്യമായ നവംനവങ്ങളായ പാഠങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ കഴിയുന്ന സവിശേഷ അന്തര്‍ധാരയും പശ്ചാത്തലവും.

അതുല്യ ത്യാഗത്താല്‍ ചരിത്രത്തെ യശോധാവള്യമണിയിച്ച ഖലീലുല്ലാഹി ഇബ്‌റാഹീം (അ)യുടെയും കുടുംബത്തിന്റെയും ഭാവതീവ്രതയാര്‍ന്ന ജീവിത സന്ദര്‍ഭങ്ങളുടെ രംഗവേദിയാണ് മക്ക. ത്യാഗമെന്നാണ് സ്‌നേഹത്തിന്റെ അര്‍ഥമെന്നും, സ്‌നേഹപാരമ്യതയുടെ സര്‍വഭാവങ്ങളും സൃഷ്ടിനാഥന് മാത്രമായി സമര്‍പണം ചെയ്യാനാണ് സത്യവിശ്വാസം - ഈമാന്‍ - എന്നും പരീക്ഷണത്തിന്റെ തീച്ചൂളയിലുരുകി ഇബ്‌റാഹീം കുടുംബം ആ മണല്‍തരികളില്‍ മുദ്രണം ചെയ്തിരിക്കുന്ന സംഭവലോകത്ത് നിന്ന് നിഷ്‌ക്രമിച്ച് കൊണ്ട് പൗരാണികത പുനരാവിഷ്‌കരിക്കലല്ല, സംഭവലോകത്തെ അഭിസംബോധനചെയ്ത് കൊണ്ട് നവനാഗരികത നിര്‍മിക്കലാണ് ആത്മീയതയുടെ സാരസൗന്ദര്യമെന്ന് ഉമ്മുല്‍ഖുറാ (നാട്ടുകളുടെ കേന്ദ്രം) യുടെ രോമാഞ്ചജനകമായ ചരിത്രത്തില്‍ പ്രകാശിക്കുന്നു. ആത്മീയ സമ്പൂര്‍ണതയുടെ സര്‍വകാല പ്രതീകമായ ഇബ്‌റാഹിം നബി (അ) യുടെ കഅ്ബാ നിര്‍മാണ വേളയിലെ മനോഹരമായ പ്രാര്‍ഥനയുടെ ഉള്ളടക്കം സമാധാനവും സമൃദ്ധിയും കളിയാടുന്ന നാട്, സത്യവിശ്വാസത്തിനും സംസ്‌കാരത്തിലും ഇഷ്ടപ്പെട്ട ജനത എന്നതായിരുന്നു (അല്‍ബഖറ 126 -129).

ചിപ്പിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന മുത്ത് പോലെ കാരുണ്യത്തിന്റെ നിധികുംഭങ്ങള്‍ കഠോരമായ അനുഭവങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നുവെന്ന യാഥാര്‍ഥ്യം അനാവരണം ചെയ്യുകയാണ് ഹാജറിന്റെ ഐതിഹാസിക ജീവിതം. തന്റെ ഭവനത്തിന്റെ തണലില്‍ പാര്‍ക്കാന്‍, ഹജ്ജെന്ന അതുല്യ ആരാധനയുടെ ഭാഗമായി അടയാളപ്പെടാന്‍, ഊഷരമായ മക്കാ താഴ്‌വരയില്‍ നവനാഗരികതക്ക് ജന്മം നല്‍കാന്‍ അല്ലാഹു അനുഗ്രഹമൊരുക്കിയത് ഉള്ളുലക്കുന്ന അനുഭവങ്ങളുമായി അന്യദേശത്ത് ഏകാകിനിയായി കഴിയുകയെന്ന വിധിയിലൂടെയായിരുന്നു. ഹാജറിന്റെ കണ്ണീര്‍ കണങ്ങള്‍ താഴ്‌വരയൊഴുകിയെത്തിയ ജലനിര്‍ധരിയുടെ നാന്ദിയായിരുന്നു. അതുവഴി ഒരു സംസ്‌കാര നാഗരികതയുടെ തുടക്കവും.

വംശ - ദേശ - ലിംഗ വര്‍ണ്ണ വൈവിധ്യങ്ങള്‍ വിവേചനത്തിനും പാര്‍ശ്വവല്‍ക്കരണത്തിനും നിമിത്തമാകുന്ന പശ്ചാത്തലത്തില്‍ കറുകറുത്ത എത്യോപ്യന്‍ അടിമസ്ത്രീയായ ഹാജറിന് നാഥന്‍ നല്‍കിയ മുന്തിയ പരിഗണന പ്രചോദനത്തിന്റെ ഭൂമികയിലെ ഉറവ വറ്റാത്ത ഊര്‍ജ സ്രോതസ്സാണ്. തന്റെ ഭവനത്തോടൊപ്പം അവളുടെ ഭവനവും പരിക്രമണം ചെയ്യണമെന്നതാണ് അല്ലാഹുവിന്റെ നിശ്ചയം. ദാഹനീരിനായി സഫാ മര്‍വകള്‍ക്കിടയില്‍ പ്രതീക്ഷാപൂര്‍വം ആ മാതാവ് ഓടിനടന്നത്. സഅ്‌യ് (പരിശ്രമം) എന്ന അനുഷ്ഠാനമായി ഹജ്ജിലും ഉംറയിലും പ്രതിഫലിക്കുന്നു. 

ഏകമാനവികതയെന്ന സന്ദേശത്തിന്റെ വിളംബരം ഹജ്ജിലുടനീളം തെളിഞ്ഞ് നില്‍ക്കുന്നു. സ്വയം ദിശയില്ലാതെ, അല്ലാഹുവിലേക്കുള്ള ദിശാ സൂചകമായി ഏകദൈവാരാധനയുടെ ദിശാകേന്ദ്രമായി നിലകൊള്ളുന്ന കഅ്ബ - പേര് സൂചിപ്പിക്കും പോലെ ഘനചതുരത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. മനുഷ്യരുടെ സംഗമസ്ഥാനവും അഭയകേന്ദ്രവും (അല്‍ബഖറ 125), മനുഷ്യര്‍ക്കായി നിര്‍മിക്കപ്പെട്ടത് (ആലുഇംറാന്‍ 96) എന്ന നിലക്കാണ്. കഅ്ബാ സന്ദര്‍ശനത്തിനായി ഇഹ്‌റാം ചെയ്യുന്നതോടെ തങ്ങളെ വ്യത്യസ്തരാക്കുന്ന സര്‍വ ഘടകങ്ങളും അല്ലാഹുവിന്റെ പ്രതിനിധി എന്ന ഒന്നിലേക്ക് വിലയിപ്പിച്ച് ഒരേ മന്ത്രത്തോടെ ഒരേ വേഷത്തോടെ ഒരേ ലക്ഷ്യത്തോടെ ഒന്നായി ചലിക്കുകയാണ് ഹാജിമാര്‍ വൈയക്തികതയല്ല, സാമൂഹികതയാണ് കല്‍പിക്കപ്പെട്ടത് എന്ന ബോധ്യത്തോടെ. ആരാധ്യതയുടെ, ആധിപത്യത്തിന്റെ ഉടമയായ ഏകനാഥന്റെ സംപ്രീതിക്കായി വര്‍ത്തുള പ്രവാഹത്തിലലിഞ്ഞും നീളത്തില്‍ നടന്നും തമ്പിലൊതുങ്ങിയും, മൈതാനത്ത് ദീര്‍ഘമായി നിന്നും പാതയോരത്ത് ഉറങ്ങിയും, പ്രകടനമായി നീങ്ങിയും ബഹുമുഖ വ്യത്യസ്ത ജീവിത സന്ദര്‍ഭങ്ങളില്‍ ദൈവിക പ്രതിനിധിയെന്ന നിലയില്‍ സഹവര്‍ത്തിക്കാനും അതിജീവിക്കാനും കരുത്താര്‍ജിക്കുകയാണ് ഇബ്‌റാഹീമായി, ഹാജറയായി തന്മയീഭവിക്കുന്നതിലൂടെ.


ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media